അഹരോൻ (Aaron)
പേരിനർത്ഥം – ജ്ഞാനദീപ്തൻ
യിസ്രായേലിന്റെ ആദ്യത്തെ മഹാപുരോഹിതനാണ് അഹരോൻ. ലേവിഗോത്രത്തിൽ കെഹാത്യകുടുംബത്തിൽ അമ്രാമിന്റെയും യോഖേബേദിന്റേയും മുത്തപുത്രൻ: (പുറ, 6:20). സഹോദരിയായ മിര്യാമിന്റെ ഇളയവനായിരിക്കണം. മോശെയെക്കാൾ മൂന്നു വയസ്സ് പ്രായക്കൂടുതലുണ്ട് അഹരോന്: (പുറ, 9:7). മിസ്രയീമ്യ പ്രവാസകാലത്ത് യിസ്രായേല്യർക്കു ജനിക്കുന്ന ആൺകുട്ടികളെ നദിയിലിട്ടു കൊല്ലണമെന്നുള്ള രാജകല്പന പുറപ്പെടുന്നതിനു മുമ്പാണ് അഹരോന്റെ ജനനം. ഭാര്യയായ എലീശേബ യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകളാണ്. എലീശേബയിൽ നാദാബ്, അബീഹൂ, എലെയാസർ, ഈഥാമാർ എന്നീ നാലു പുത്രന്മാർ ജനിച്ചു: (പുറ, 6:23). ഇവരിൽ നാദാബ്, അബീഹു എന്നിവർ യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിക്കുകയാൽ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു: (ലേവ്യ, 10:1-2). എലെയാസർ, ഈഥാമാർ എന്നിവരിൽ നിന്നാണ് തങ്ങളുടെ ഉത്പത്തി എന്ന് രണ്ട് വിരുദ്ധ പുരോഹിതകുടുംബങ്ങൾ അവകാശപ്പെട്ടു: (1ദിന, 24:3).
അഹരോൻ വാഗ്മി ആയിരുന്നു. മോശെയുടെ വക്താവായി സേവനം ചെയ്യുവാൻ യഹോവ അഹരോനെ നിയമിച്ചു: (പുറ, 7:1). ദൈവം മോശെയോടു കല്പിച്ചു: “നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.” (പുറ, 4:16). അഹരോൻ മോശെയോടൊപ്പം ഫറവോനെ എതിർത്തു നില്ക്കുകയും വലിയ അത്ഭുതങ്ങളോടും അടയാള പ്രവൃത്തികളോടും കൂടെ യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് വിടുവിക്കപ്പെടുന്നതു കാണുകയും ചെയ്തു. അഹരോൻ മിസ്രയീമിൽ നിന്നു വന്ന മോശെയെ എതിരേറ്റു. അവർ ഇരുവരും യിസ്രായേൽമൂപ്പന്മാരെ വിളിച്ചു കൂട്ടി യഹോവ കല്പിച്ച വചനങ്ങൾ ഒക്കെയും പറഞ്ഞു കേൾപ്പിച്ചു: (പുറ, 4:30). അഹരോൻ മോശെയോടൊപ്പം ഫറവോന്റെ അടുക്കൽ ചെല്ലുകയും യിസ്രായേൽ മക്കളെ വിടുവിക്കുന്നതിനെക്കുറിച്ചു സംസാരിക്കുകയും മിസ്രയീമിൽ യഹോവയുടെ കല്പനപ്രകാരം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു: (പുറ, 7-10 അ). മരുഭൂമി യാത്രയിൽ മോശെക്കു സഹായിയായി അഹരോൻ പ്രവർത്തിച്ചു. അമാലേക്കുമായി യുദ്ധമുണ്ടായപ്പോൾ യിസ്രായേല്യരുടെ ജയത്തിനു വേണ്ടി മോശെയുടെ കൈ ഉയർത്തിപ്പിടിക്കാൻ അഹരോനും ഹൂരും സഹായിച്ചു: (പുറ, 17:9-13). സീനായിപർവ്വതത്തിൽ ദൈവസന്നിധിയിൽ മോശെയോടൊപ്പം അഹരോനും നാദാബും അബീഹുവും യിസ്രായേൽ മുപ്പന്മാരിൽ എഴുപതു പേരും കയറിച്ചെന്നു: (പുറ, 24:9). മോശെ തനിയെ ദൈവസന്നിധിയിൽ ആയിരുന്നപ്പോൾ ജനത്തിന്റെ നിർബന്ധത്തിനു വഴങ്ങി അഹരോൻ യഹോവയുടെ ദൃശ്യപ്രതീകം എന്ന നിലയിൽ ഒരു കാളക്കുട്ടിയുടെ സ്വർണ്ണവിഗ്രഹം ഉണ്ടാക്കി അതിന്റെ മുമ്പിൽ യാഗപീഠം പണിയുകയും ഉത്സവം ആചരിക്കുകയും ചെയ്തു. (പുറ, 24:12; 32:4). അഹരോൻ ഇതിന് ശിക്ഷിക്കപ്പെട്ടതായി കാണുന്നില്ല. ശക്തിയുടെയും വീര്യത്തിന്റെയും പ്രതീകമാണ് കാള. കൂടാതെ മിസ്രയീമിലെ കാളപൂജയും അവരുടെ ഓർമ്മയിലുണ്ടായിരുന്നു. ഈ രണ്ടു കാരണങ്ങളാലാണ് അവർ കാളക്കുട്ടിയെത്തന്നെ വാർത്തുണ്ടാക്കാൻ അഹരോനെ പ്രേരിപ്പിച്ചത്. ദൈവം പൗരോഹിത്യം സ്ഥാപിച്ചപ്പോൾ അഹരോൻ മഹാപുരോഹിതനായി നിയമിക്കപ്പെട്ടു. അഹരോന്റെ സന്തതികൾ പുരോഹിതന്മാരായിത്തീർന്നു. ലേവിഗോത്രം വിശുദ്ധവംശമായി കണക്കാക്കപ്പെട്ടു. സമാഗമനകൂടാരം പ്രതിഷ്ഠിച്ചു കഴിഞ്ഞപ്പോൾ മോശെ അഹരോനെയും പുത്രന്മാരെയും പൗരോഹിത്യശുശ്രൂഷയ്ക്കു പ്രതിഷ്ഠിച്ചു: (ലേവ്യ, 8:6). മഹാപുരോഹിതന്റെ മഹത്വത്തിനും അലങ്കാരത്തിനും വേണ്ടിയുള്ള വിശുദ്ധ വസ്ത്രത്തെക്കുറിച്ചുള്ള വിശദമായ വിവരണം കാലഗണനാഭ്രമം സംഭവിച്ചതല്ല.
മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം കഴിച്ചതു നിമിത്തവും, യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ എന്ന സംശയം നിമിത്തവും അഹരോനും സഹോദരി മിര്യാമും മോശയ്ക്കു വിരോധമായി പിറുപിറുത്തു. ഇവിടെ മിർയ്യാം മാത്രം ശിക്ഷിക്കപ്പെട്ടു: (സംഖ്യാ, 12). ഈ സംഭവവും അഹരോന്റെ ദൗർബല്യത്തിന് ഉദാഹരണമാണ്. മോശയ്ക്കും അഹരോനും വിരോധമായി ജനം പിറുപിറുത്തപ്പോൾ യഹോവയുടെ കോപം ജനത്തിനെതിരെ ജ്വലിച്ചു. അപ്പോൾ മോശെയുടെ നിർദ്ദേശപ്രകാരം അഹരോൻ ധൂപകലശവുമായി സഭയുടെ മദ്ധ്യേചെന്നു അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുകയും ബാധ മാറിപ്പോകുകയും ചെയ്തു: (സംഖ്യാ, 16:41-48). ജനത്തിനു വേണ്ടിയുള്ള പൗരോഹിത്യ ശുശ്രൂഷയുടെ ദൃഷ്ടാന്തമാണിത്. അഹരോന്റെ വടി തളിർത്തത് അഹരോന്റെ പൗരോഹിത്യപദവിയുടെ അംഗീകരണമാണ്. ലേവ്യനായ കോരഹും ദാഥാൻ, അബീരാം, രൂബേന്യർ എന്നിവരും മോശയ്ക്കും അഹരോനും വിരോധമായി പ്രവർത്തിക്കുകയും മത്സരിക്കുകയും ചെയ്തപ്പോൾ ദൈവം അവരെ സംഹരിച്ചു. ഇതിൽ അഹരോന്യ പൗരോഹിത്യത്തിന്റെ ന്യായീകരണമുണ്ട്: (സംഖ്യാ, 16). അവിശ്വാസംനിമിത്തം അഹരോനു വാഗ്ദത്ത നാട്ടിൽ പ്രവേശിക്കുവാൻ അനുവാദം ലഭിച്ചില്ല: (സംഖ്യാ, 20:12). മെരീബയിൽ മോശെയുടെ പാപത്തിൽ അഹരോനും പങ്കാളിയായതായിരുന്നു കാരണം: (സംഖ്യാ, 20:8-13,24). യഹോവയുടെ അരുളപ്പാടനുസരിച്ച് ഹോർ പർവ്വതത്തിൽ വച്ചു നൂറ്റിഇരുപത്തിമൂന്നാം വയസ്സിൽ അഹരോൻ മരിച്ചു: (സംഖ്യാ, 33:38,39; ആവ, 10:6). യഹോവ കല്പിച്ചതുപോലെ മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസറിനെ ധരിപ്പിച്ചു. അങ്ങനെ പൗരോഹിത്യ പിൻതുടർച്ച എലെയാസറിനു ലഭിച്ചു: (സംഖ്യാ, 20:23-29).
മഹാപുരോഹിതനായ അഹരോൻ നമ്മുടെ നിത്യമഹാപുരോഹിതനായ ക്രിസ്തുവിനു നിഴലാണ്. ക്രിസ്തു മഹാപൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ചത് അഹരോന്റെ ക്രമത്തിലും മാതൃകയിലുമാണ്. ഈ സത്യം എബ്രായർ 9-ൽ വിശദമാക്കിയിട്ടുണ്ട്. ചില പ്രത്യേക അംശങ്ങളിലാണ് ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് അഹരോന്റെ പൗരോഹിത്യം നിഴലായിരിക്കുന്നത്.
1. അഹരോന്റെ യാഗാർപ്പണം: ഇത് ക്രിസ്തുവിന്റെ യാഗാർപ്പണത്തിന് നിഴലാണ്.
2. അഭിഷേകതെലം തലയിൽ ഒഴിച്ചാണ് അഹരോനെ അഭിഷേകം ചെയ്തത്: (പുറ, 29:7; ലേവ്യ, 8:12). ഇത് ക്രിസ്തു പരിശുദ്ധാത്മാവിനാൽ സമൃദ്ധിയായി അഭിഷേകം ചെയ്യപ്പെട്ടതിനെ കാണിക്കുന്നു: (യോഹ, 3:34).
3. മഹാപാപപരിഹാരദിനത്തിൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോൾ യിസ്രായേൽ ഗോത്രങ്ങളെ തന്റെ മാറിലും തോളിലും വഹിച്ചുകൊണ്ടാണ് മഹാപുരോഹിതൻ യിസ്രായേലിനു വേണ്ടി പക്ഷവാദം ചെയ്യുന്നത്: (ലേവ്യ, 16). പിതാവായ ദൈവത്തിന്റെ മുമ്പിൽ കർത്താവായ യേശുക്രിസ്തു നമുക്കുവേണ്ടി നിരന്തരം പക്ഷവാദം ചെയ്യുന്നതിന് നിഴലാണിത്: “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്യാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബാ, 7:25). നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കാണു ക്രിസ്തു പ്രവേശിച്ചത്: (എബ്രാ, 9:24). അഹരോന്റെ പൗരോഹിത്യം സമ്പൂർണ്ണത ഉള്ളതല്ലാത്തതിനാൽ മറ്റൊരു പൗരോഹിത്യം നിത്യമായി ഉണ്ടാകേണ്ടിയിരുന്നു: (എബ്രാ, 7:11). ‘നീ എന്നേക്കും പുരോഹിതൻ” എന്ന് കർത്താവ് സത്യം ചെയ്തനുസരിച്ചു ക്രിസ്തു നിത്യപൗരോഹിത്യം പ്രാപിച്ചു. മരണം മൂലം നീക്കം വരുന്നതായിരുന്നു ലേവ്യപൗരോഹിത്യം. എന്നാൽ മരണംമൂലം മുടക്കം വരാത്തതാണ് ക്രിസ്തുവിന്റെ പൗരോഹിത്യം. വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു നിത്യപുരോഹിതനായി ദൈവസന്നിധിയിൽ നമുക്കു വേണ്ടി ജീവിക്കുന്നു: (എബ്രാ 9:11).