ഉസ്സീയാവ്

ഉസ്സീയാവ് (അസര്യാവ്) (Uzziah)

പേരിനർത്ഥം — യഹോവ എൻ്റെ ബലം

യെഹൂദയിലെ പത്താമത്തെ രാജാവ്. ഭരണകാലം ബി.സി. 792-740. ചിലഭാഗങ്ങളിൽ ഈപേര് അസര്യാവ് എന്നു ദീർഘരൂപത്തിൽ കാണുന്നു. (2രാജാ, 14:21; 15:1, 6-8; 1ദിന, 3:12). ഇത് പകർപ്പെഴുത്തിൽ പറ്റിയ പിഴയായി കരുതപ്പെടുന്നു. അമസ്യാവിന്റെ വധശേഷം പുത്രനായ ഉസ്സീയാവിനെ ജനങ്ങൾ രാജാവായി തിരഞ്ഞെടുത്തു. (2രാജാ, 14:21). രാജാവായ ഉസ്സീയാവിനു 16 വയസ്സായിരുന്നു; 52 വർഷം രാജ്യം ഭരിച്ചു. ഉസ്സീയാവിന്റെ ഭരണകാലം സാമ്പത്തിക അഭിവൃദ്ധിയുടെയും സാമ്രാജ്യ വികസനത്തിന്റെയും കാലമായിരുന്നു. യൊരോബെയാമിന്റെ ഭരണത്തിൽ യിസായേലും പ്രാബല്യം പ്രാപിച്ചു. രണ്ടു രാജ്യങ്ങൾക്കും മദ്ധ്യേ സമാധാനം നിലനിന്നിരുന്നതു കൊണ്ടു യിസ്രായേൽ വടക്കോട്ടും കിഴക്കോട്ടും യെഹൂദാ തെക്കോട്ടും പടിഞ്ഞാറോട്ടും രാജ്യം വിശാലമാക്കി. രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ് ദാവീദ് ഭരിച്ചിരുന്ന പ്രദേശം മുഴുവൻ ഇരുരാജ്യങ്ങളും കൂടി കൈവശപ്പെടുത്തി. ഭരണം ഏറ്റെടുത്ത ഉടൻതന്നെ ഏദോമ്യരെ യുദ്ധത്തിൽ പരാജയപ്പെടുത്തി; ഏലാത്ത് പിടിച്ചെടുത്തു. തെക്കോട്ടു മെയൂന്യരെയും ഗൂർ-ബാലിലെ അരാബ്യരെയും കീഴടക്കി. പടിഞ്ഞാറ് ഫെലിസ്ത്യരോടു യുദ്ധം ചെയ്ത് ഗത്തിന്റെയും യാബ്നെയുടെയും അസ്തോദിന്റെയും മതിലുകൾ ഇടിച്ചുകളഞ്ഞു. ഫെലിസ്ത്യരുടെ ഇടയിൽ പുതിയ പട്ടണങ്ങൾ പണിതു. (2ദിന, 26:6-7). 

ഉസ്സീയാവ് യെരൂശലേമിന്റെ മതിലുകൾ പണിതുറപ്പിച്ചു; ഗോപുരങ്ങൾ നിർമ്മിച്ചു. അദ്ദേഹം കൃഷിപ്രിയനായിരുന്നു. താഴ്വീതിയിലും സമഭുമിയിലും വളരെയധികം കന്നുകാലികൾ ഉണ്ടായിരുന്നു. യഹോവയ്ക്കു പ്രസാദമായതു ചെയ്തു. ദൈവഭയത്തിൽ മുന്നോട്ടു പോകുന്നതിന് സെഖര്യാപ്രവാചകൻ രാജാവിനു ഉപദേശം നല്കിവന്നു. (2ദിന, 26:5). ഉസ്സീയാവിന്റെ കാലത്ത് ഒരു വലിയ ഭൂകമ്പം ഉണ്ടായി. (ആമോ, 1:1; സെഖ, 14:35).

ഉസ്സീയാവു പ്രബലനായപ്പോൾ അവന്റെ ഹൃദയം നിഗളിച്ചു. മഹാപുരോഹിതനായ അസര്യാവും എൺപതു പുരോഹിതന്മാരും എതിർത്തിട്ടും വകവയ്ക്കാതെ ദൈവാലയത്തിൽ കടന്നു ധൂപകാട്ടി. ഉടൻതന്നെ രാജാവു കുഷ്ഠരോഗിയായി. (2ദിന, 26:16-21). ഉസ്സീയാവു അവിഹിതമായി ദൈവാലയത്തിൽ പ്രവേശിച്ചു ധൂപം കാട്ടിയപ്പോഴാണ് ഭൂകമ്പം ഉണ്ടായതെന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബൈബിൾ രേഖ അതിനെക്കുറിച്ചൊന്നും മിണ്ടുന്നില്ല. കുഷ്ഠരോഗിയായ രാജാവ് ഒരു പ്രത്യേകശാലയിൽ താമസിച്ചു. ഉസ്സീയാവു രാജാവായി തുടർന്നു എങ്കിലും പുത്രനായ യോഥാം രാജധാനിയുടെ വിചാരകത്വം വഹിച്ച് ന്യായപാലനം നടത്തിവന്നു. ഉസ്സീയാവിനെ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അടക്കം ചെയ്തു. (2ദിന, 26:23). എ.ഡി. 1931-ൽ ഒരു ശില ഒലിവുമലയിൽ നിന്നും കണ്ടെടുത്തു. അതിൽ “യെഹൂദാ രാജാവായ ഉസ്സീയാവിന്റെ അസ്ഥികൾ ഇവിടെ കൊണ്ടു വന്നു-തുറക്കരുത്” എന്ന് അരാമ്യഭാഷയിൽ എബ്രായ ലിപിയിൽ എഴുതിയിട്ടുണ്ട്. ബി.സി. ഒന്നാം നൂറ്റാണ്ടിൽ ഹെരോദാവ് യെരൂശലേം വികസിപ്പിച്ചപ്പോൾ എഴുതിയതാണെന്നു കരുതപ്പെടുന്നു.

ഉസ്സാ

ഉസ്സാ (Uzzah)

പേരിനർത്ഥം – ബലം

കിര്യത്ത്-യെയാരീമിലെ അബീനാദാബിന്റെ മക്കളിലൊരാൾ. അബീനാദാബിന്റെ വീട്ടിൽനിന്നും ദൈവത്തിന്റെ പെട്ടകത്തെ യെരുശലേമിലേക്കു കൊണ്ടുവരികയായിരുന്നു. അബീനാദാബിന്റെ മക്കളായ അഹ്യോയും ഉസ്സായും പെട്ടകത്തെ പിന്തുടർന്നു. നാഖോന്റെ കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടു. പെട്ടകം വീഴാതിരിക്കുവാൻ ഉസ്സാ കൈനീട്ടി പെട്ടകത്തെ പിടിച്ചു. അവിവേകം നിമിത്തം ഉസ്സാ ഉടൻ മരിച്ചു. ആ സ്ഥലത്തിനാ ദാവീദ് പേരെസ്സ്-ഉസ്സാ എന്നു പേർ വിളിച്ചു. ഈ സംഭവത്തിൽ ചകിതചിത്തനായ ദാവീദ് പെട്ടകം ഓബേദ് എദോമിന്റെ വീട്ടിൽ വെച്ചു: (2ശമൂ, 6:3-18; 1ദിന, 13:7-118. ലേവ്യർക്കു മാത്രമേ നിയമപെട്ടകം ചുമക്കാൻ അനുവാദമുള്ളൂ. പെട്ടകം കെഹാത്യർ തോളിൽ ചുമക്കേണ്ടതാണ്. എന്നാൽ അവർക്കുപോലും പെട്ടകം തൊടാൻ അനുവാദമില്ല: (സംഖ്യാ, 4:1-15). ഈ കല്പനകളൊന്നും ഗണ്യമാക്കാതെയാണ് പെട്ടകം പുതിയ വണ്ടിയിലാക്കി ഉസ്സയും അഹ്യോവും വണ്ടിതെളിച്ചത്.

ഉർബ്ബാനൊസ്

ഉർബ്ബാനൊസ് (Urbane)

പേരിനർത്ഥം – സൗമ്യൻ

റോമിലെ ഒരു ക്രിസ്ത്യാനി. ‘ഞങ്ങളുടെ കൂട്ടുവേലക്കാരൻ’ എന്നാണ് പൗലൊസ് ഉർബ്ബാസിനെക്കുറിച്ച് പറയുന്നത്. (റോമ, 16:9). പ്രവർത്തനങ്ങളിൽ ഇയാൾ വ്യക്തിപരമായി പൗലൊസുമായി ബന്ധപ്പെട്ടിരിക്കാനിടയില്ല. ഒരുമിച്ചു പ്രവർത്തിച്ചിരുന്നവരെക്കൂറിച്ച് ‘എൻ്റെ കൂട്ടുവേലക്കാർ’ എന്നാണ് പൗലൊസ് പൊതുവെ പറഞ്ഞിട്ടുള്ളത്. (16:3, 21).

ഈശ്-ബോശെത്ത്

ഈശ്-ബോശെത്ത് (Ish-bosheth) 

പേരിനർത്ഥം – ലജ്ജാപുരുഷൻ

ശൗലിന്റെ നാലാമത്തെ പുത്രൻ: (2ശമൂ, 2:8; 1ദിന, 8:33; 9:39).എശ്-ബാൽ (ബാലിന്റെ പുരുഷൻ) എന്നായിരുന്നു ആദ്യനാമം: (1ദിന, 8:33; 9:39). അന്യദേവന്മാരോടുള്ള വെറുപ്പു വ്യക്തമാക്കാൻ വേണ്ടി പേരുകളിൽ ബാലിന്റെ സ്ഥാനത്ത് ബോശെത്ത് (ലജ്ജ) ചേർത്തു. അങ്ങനെയാണ് എശ്-ബാൽ ഈശ്-ബോശെത്ത് ആയത്. ശൗലും മൂന്നു പുത്രന്മാരും ഗിൽബോവാ യുദ്ധത്തിൽ മരിച്ചു. ഇനി സിംഹാസനത്തിന് അവകാശി ഈശ്-ബോശെത്ത് ആണ്. രാജ്യം വമ്പിച്ച തകർച്ചയെ നേരിടുകയായിരുന്നു. യോർദ്ദാനു പടിഞ്ഞാറുള്ള ഒരു പട്ടണവും ശൗലിന്റെ കുടുംബത്തിന്റെ വാഴ്ചയെ അംഗീകരിക്കുവാൻ തയ്യാറായിരുന്നില്ല. തന്മൂലം സേനാപതിയായ അബ്നേർ ഈശ്-ബോശെത്തിനെ മഹനയീമിൽ കൊണ്ടുവന്ന് അവിടെവച്ച് അവനെ രാജാവാക്കി: (2ശമൂ, 2:8-10). രാജാവായപ്പോൾ ഈശ്-ബോശെത്തിനു നാല്പതുവയസ്സായിരുന്നു. അവൻ രണ്ടുവർഷം ഭരിച്ചു. ഈശ്-ബോശെത്തും അപ്പോൾ ഹെബ്രാനിൽ രാജാവായിരുന്ന ദാവീദും തമ്മിൽ യുദ്ധമുണ്ടായി. അബ്നേരും ശൗലിന്റെ വെപ്പാട്ടി രിസ്പയും തമ്മിലുള്ള ബന്ധം ഈശ്-ബോശെത്ത് ചോദ്യം ചെയ്തതുകൊണ്ട് അബ്നേർ ദാവീദിന്റെ പക്ഷം ചേർന്നു: (2ശമൂ, 3:7-12. എന്നാൽ സഹോദരനായ അസാഹേലിനെ കൊന്നതിനു രക്തപ്രതികാരമായി യോവാബ് അബ്നേരെ കൊന്നു. ഈശ്-ബോശെത്തിന്റെ ശക്തി ക്ഷയിച്ചു: (2ശമൂ, 4:1). പടനായകന്മാരായ രേഖാബും ബാനയും ശയനഗൃഹത്തിൽ വച്ച് ഈശ്-ബോശെത്തിനെ വധിച്ചു, തല ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. ദാവീദ് ശിക്ഷയായി അവരെ കൊന്നുകളഞ്ഞു. ഈശ്-ബോശെത്തിന്റെ തലയെ ഹെബ്രാനിൽ അബ്ദനേരിന്റെ ശവക്കുഴിയിൽ അടക്കം ചെയ്തു: (2ശമൂ, 4;5-12).

ഈഥാമാർ

ഈഥാമാർ (Ithamar)

പേരിനർത്ഥം – ഈന്തപ്പനകളുടെ തീരം

അഹരോന്റെ ഏറ്റവും ഇളയപുത്രൻ: (പുറ, 6:23; സംഖ്യാ, 3:2; 1ദിന, 6:3). പിതാവിനോടും സഹോദരന്മാരോടും ഒപ്പം പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു: (പുറ, 28:1-4; 38:21). നാദാബും അബീഹുവും മക്കളില്ലാതെ മരിച്ചപ്പോൾ ഈഥാമാറും എലെയാസറും അവരുടെ സ്ഥാനത്ത് പൗരോഹിത്യത്തിന് നിയമിക്കപ്പെട്ടു: (ലേവ്യ, 10:6,12; സംഖ്യാ, 3:4; 1ദിന, 24:2). സമാഗമന കൂടാരത്തിന്റെ വസ്തുക്കളായ പലക, അന്താഴം, തൂൺ തുടങ്ങിയവയും ഉപകരണങ്ങളും ഈഥാമാറിന്റെ സൂക്ഷിപ്പിലായിരുന്നു: (പുറ, 38:21). ഗെർശോന്യരും മെരാര്യരും അവ കൊണ്ടുപോകുമ്പോൾ ഈഥാമാർ മേൽനോട്ടം വഹിച്ചു: (സംഖ്യാ, 4:28,33). പുരോഹിതനായ ഏലി ഈഥാമാരിന്റെ വംശപാരമ്പര്യത്തിൽ പെട്ടവനായിരുന്നു: (1ദിന, 24:3). ഈഥാമാരിന്റെ സന്തതിപരമ്പരയിലുൾപ്പെട്ട ഒരു ദാനീയേൽ ബാബിലോന്യ പ്രവാസത്തിൽ നിന്നും മടങ്ങിവന്നു: (എസാ, 8:2).

ഈഖാബോദ്

ഈഖാബോദ് (Ichabod)

പേരിനർത്ഥം – മഹത്വം പൊയ്പോയി

പുരോഹിതനായ ഏലിയുടെ ചെറുമകനും ഫീനെഹാസിന്റെ മകനും. ഭർത്താവ് യുദ്ധത്തിൽ മരിക്കുകയും, യഹോവയുടെ പെട്ടകം പിടിക്കപ്പെടുകയും, അമ്മായപ്പൻ കഴുത്തൊടിഞ്ഞ് മരിക്കുകയും ചെയ്തപ്പോൾ ഫീനെഹാസിന്റെ ഭാര്യയ്ക്ക് പ്രസവവേദനയുണ്ടാകുകയും അവൾ ഒരു മകനെ പ്രസവിക്കുകയും ചെയ്തു. ‘മഹത്വം യിസ്രായേലിൽ നിന്നും പൊയ്തുപോയി’ എന്നു പറഞ്ഞു കുട്ടിക്കു ഈഖാബോദ് എന്നു പേരിട്ടു: (1ശമൂ, 4:21). ഈഖാബോദിന്റെ സഹോദരനായ അഹീതുബിന്റെ മകൻ അഹീയാവ് ശൗലിന്റെ കാലത്ത് മഹാപുരോഹിതനായിരുന്നു: (1ശമൂ, 14:3).

ഇയ്യോബ്

ഇയ്യോബ് (Job)

പേരിനർത്ഥം –  പീഡിതൻ

ഇയ്യോബിന്റെ പുസ്തകത്തിലെ പ്രധാന കഥാപാത്രമാണ് ഇയ്യോബ്. യെഹെസ്ക്കേൽ14:14,20; യാക്കോബ് 5:11 എന്നീ വാക്യങ്ങളിൽ ഇയ്യോബിനെക്കുറിച്ചു പറയുന്നുണ്ട്. പേരിന്റെ അർത്ഥവും നിഷ്പത്തിയും അവ്യക്തമാണ്. ശത്രുത, വിദ്വേഷം എന്നീ ആശയങ്ങളുള്ള ഒരു ധാതുവിൽനിന്നാണ് ഇയ്യോബെന്ന പേർ വന്നതെന്നു പൊതുവെ കരുതപ്പെടുന്നു. പീഡിതൻ എന്ന അർത്ഥവും പറയപ്പെടുന്നുണ്ട്. സമാനമായ ഒരു അറബി ധാതുവിന് അനുതപിക്കുന്നവനെന്നു അർത്ഥമുണ്ട്. ഈജിപ്റ്റിലെ ശാപഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന പലസ്തീനിലെ ഒരു തലവന്റെ പേർ ‘അയ്യാവും’ എന്നാണ്. അമർണ എഴുത്തുകളിലൊന്നിൽ ബാശാനിലെ അസ്തേരോത്തിലെ ഒരു പ്രഭുവിന്റെ പേരും അയ്യാവ് ആണ്. 

ഇയ്യോബിന്റെ ജന്മദേശം ഊസ് ആയിരുന്നു: (1:1). ഈ ദേശത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. ഏദോമിന്റെ അതിരിലായിരുന്നു ഊസെന്ന് പൊതുവെ കരുതപ്പെടുന്നു. യിരെമ്യാ പ്രവചനത്തിൽ ദൈവത്തിന്റെ ക്രോധമദ്യം നിറഞ്ഞ പാനപാത്രം കുടിക്കുന്നതിന് ആഹ്വാനം ചെയ്യപ്പെടുന്ന ജനതകളിൽ ഊസ് ദേശവും ഉൾപ്പെടുന്നു. (യിരെ, 25:15,20). 

ഇയ്യോബ് മഹാധനികനും ഭക്തനുമായിരുന്നു. അവൻ നിഷ്ക്കളങ്കനും, നേരുള്ളവനും, ദൈവഭക്തനും, ദോഷം വിട്ടകലുന്നവനും ആയിരുന്നു. അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. (1:2). ഒരു ദിവസം സ്വർഗ്ഗത്തിൽ യഹോവയുടെ സന്നിധിയിൽ സാത്താൻ ചെന്നു. ഇയ്യോബിന്റെ ഭക്തിയെക്കുറിച്ച് യഹോവ പറയുകയും അവന്റെമേൽ ദൃഷ്ടിവച്ചുവോ എന്നു അവനോട് ചോദിക്കുകയും ചെയ്തു. ദൈവത്തിൽനിന്നു ലഭിക്കുന്ന നന്മകൾക്കുവേണ്ടിയുള്ള നന്ദിയും ഭക്തിയും മാത്രമാണു ഇയ്യോബിനുള്ളതെന്നു സാത്താൻ പ്രതിവചിച്ചു. സാത്താന്റെ ധാരണ തെറ്റെന്നു തെളിയിക്കുവാൻ തീരുമാനിച്ചുകൊണ്ട് ഇയ്യോബിന്റെ പത്തുമക്കളെയും സമ്പത്തിനെയും ആരോഗ്യത്തെയും യഹോവ സാത്താനേല്പിച്ചു കൊടുത്തു. ആകയാൽ, ഇയ്യോബിൻ്റെ മക്കളും, ദാസീദാസന്മാരും, സമ്പത്തും നശിച്ചുപോയി. (1:13-19). കാരണം കൂടാതെ അവനെ നശിപ്പിക്കേണ്ടതിന് ദൈവം സാത്താനെ അനുവദിച്ചു. (2:3). അങ്ങനെ ഇയ്യോബ് രോഗബാധിതനുമായി. (2:7) ഇയ്യോബിനെ ബാധിച്ച രോഗം മന്ത്, മസൂരി ഇവയിലേതെങ്കിലും ഒന്നായിരിക്കാം. രോഗലക്ഷണം കാവ്യാത്മകമായി വർണ്ണിച്ചിരിക്കുകകൊണ്ട് ഏതു രോഗമാണെന്നു തിരിച്ചറിയുവാൻ നിവൃത്തിയില്ല. ഉള്ളങ്കാൽ മുതൽ നെറുകവരെ വല്ലാത്ത പരുക്കൾ ബാധിച്ചു. ഓട്ടിൻ കഷണം ഉപയോഗിച്ച് തന്നെത്താൻ ചുരണ്ടിക്കൊണ്ട് ഇയ്യോബ് ചാരത്തിലിരുന്നു. ദൈവത്തെ ത്യജിച്ചു പറഞ്ഞ് മരിക്കാൻ ഭാര്യ ഉപദേശിച്ചു. ഭാര്യയെ ഇയ്യോബ് ശകാരിച്ചു. 

എലീഫസ്, ബിൽദാദ്, സോഫർ എന്നീ സുഹൃത്തുക്കൾ ഇയ്യോബിനെ സന്ദർശിച്ചു. ഇയ്യോബിന്റെ അവസ്ഥകണ്ട് വേദനയോടുകൂടെ ഒരു വാക്കും ഉരിയാടാതെ അവർ ഏഴു ദിവസം ഇയ്യോബിനോടൊപ്പം നിലത്തിരുന്നു. ഇയ്യോബിന്റെ വിലാപം ദീർഘമായ ചർച്ചയ്ക്കു കാരണമായി. മൗനം ഭേദിച്ചുകൊണ്ടു് ഇയ്യോബ് വായ്തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു. ഈ ആത്മഗതം അവസാനിക്കുന്നത്; “ഞാൻ പേടിച്ചതു തന്നെ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു” എന്ന വാക്കുകളോടെയാണ്. (3:25). ഇയ്യോബിനു നേരിട്ട് നഷ്ടത്തിനും കഷ്ടത്തിനും കാരണം അവന്റെ പ്രവൃത്തി ദോഷമാണെന്ന വിശ്വാസമാണ് സുഹൃത്തുക്കൾക്കുണ്ടായിരുന്നത്. അതു കൊണ്ട് സ്വന്തം നിഷ്ക്കളങ്കത തെളിയിക്കുവാൻ ശ്രമിക്കാതെ പാപം ഏറ്റുപറയുകയാണ് നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു. അവരുടെ ആശ്വാസവചനങ്ങൾ ഗുണദോഷത്തിലാരംഭിച്ചുവെങ്കിലും ഉഗ്രവാദത്തിലവസാനിച്ചു. സഹതപിക്കുന്ന സുഹൃത്തുക്കളുടെ നിലപാടു മാറ്റി കുറ്റം തെളിയിക്കുന്ന അഭിഭാഷകന്റെ നിലയിലവർ സംസാരിച്ചു. മൂന്നുവട്ടം വാദപ്രതിവാദം നടന്നു. എലീഹുവിന്റെ വാദത്തോടെ അതവസാനിച്ചു. യഹോവ ചുഴലിക്കാറ്റിൽ ഇയ്യോബിനു പ്രത്യക്ഷപ്പെട്ടു. (38:1). ദൈവത്തിന്റെ ശക്തി എന്താണെന്ന് ഇയ്യോബ് മനസ്സിലാക്കി. യഹോവ അവന്റെ സ്ഥിതിക്കു വ്യത്യാസം വരുത്തുകയും എല്ലാം ഇരട്ടിയായി നല്കുകയും ചെയ്തു. ഇയ്യോബ് 140 വർഷം ജീവിച്ചിരുന്നു; വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു. (42:16,17). പുതിയനിയമത്തിൽ ഇയോബിന്റെ സഹിഷ്ണുത പ്രശംസിക്കപ്പെടുന്നു. (യാക്കോ, 5:11). ഇയ്യോബ് സഹിഷ്ണു തയെക്കുറിച്ചു പറയുന്നതിങ്ങനെയാണ്. “ഞാൻ കാത്തിരിക്കേണ്ടതിനു എന്റെ ശക്തി എന്നുള്ളൂ? ദീർഘക്ഷമ കാണിക്കേണ്ടതിനു എന്റെ അന്തം എന്ത്?” (6:11). അർഹിക്കാത്ത കഷ്ടത നേരിടുമ്പോൾ സഹിഷ്ണുതയോടെ ഉറച്ചുനിന്നു അതിനെ തരണം ചെയ്യാൻ ഇയ്യോബ് നമുക്കു മാതൃകയാണ്.

ഇയ്യോബിൻ്റെ പുസ്തകം

ഇമ്മാനൂവേൽ

ഇമ്മാനൂവേൽ (Emmanuel)

ഇമ്മാനുവേൽ എന്ന വാക്കിന് ‘ദൈവം നമ്മോടുകുടെ’ എന്നർത്ഥം. ആഹാസ് രാജാവിന് അടയാളമായി കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കുമെന്നും അവന്റെ പേർ ഇമ്മാനുവേൽ ആയിരിക്കുമെന്നും യെശയ്യാവു പ്രവചിച്ചു. ഇമ്മാനുവേൽ എന്ന പേർ ബൈബിളിൽ മൂന്നു ഭാഗളിലുണ്ട്. (യെശ, 7:14; 8:8; മത്താ, 1:23). പേരിന്റെ സൂചന യെശയ്യാവ് 8:10-ലും. ഈ പ്രവചനത്തിന്റെ കാലത്ത് (ബി.സി. 735) അരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പശ്ചിമേഷ്യ മുഴുവനും കീഴടക്കാൻ അശ്ശൂർ രാജാവായ തിഗത്ത്-പിലേസർ ശ്രമിച്ചു. അശ്ശൂരിനെതിരെ അരാമും യിസ്രായേലും സൈനികസഖ്യം ശക്തിപ്പെടുത്താൻ ശ്രമിച്ചു. കർത്താവിലാശ്രയിച്ച് ഉറപ്പോടുകൂടിയിരിക്കണമെന്നും അശ്ശൂരിനോട് സഹായം അപേക്ഷിക്കരുതെന്നും പ്രവാചകൻ ആഹാസിനോടു പറഞ്ഞു. ആഹാസിന് വിശ്വാസം വരേണ്ടതിനായി താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഉള്ള ഒരടയാളം ചോദിക്കുവാൻ പ്രവാചകൻ ആവശ്യപ്പെട്ടു. എന്നാൽ രാജാവതു വിസമ്മതിച്ചു. അവിശ്വാസത്തിന് രാജാവിനെ കുറ്റപ്പെടുത്തിയശേഷം പ്രവാചകൻ തന്നെ ആഹാസിന് ഒരടയാളം നല്കി. ആ അടയാളമാണ് ഇമ്മാനുവേൽ. 

ഇമ്മാനുവേലിന്റെ ജനനം ഒരടയാളമാണ്. അടയാളം ഒരത്ഭുതം ആയിരിക്കണമെന്നില്ല. എന്നാൽ ഈ സന്ദർഭത്തിൽ അടയാളം അത്ഭുതം ആയിരിക്കണമെന്നു ചിന്തിക്കുന്നതിൽ ന്യായീകരണമുണ്ട്. ഇമ്മാനുവേലിന്റെ അമ്മ ഒരവിവാഹിതയാണ്. അവിവാഹിതയ്ക്കു പ്രവാചകൻ ഉപയോഗിക്കുന്ന പദം ‘അല്മാ’യാണ്, ‘ബെഥുലാ’ അല്ല. കന്യകാജനനം പ്രവാചകൻ ഉദ്ദേശിച്ചുവെങ്കിൽ ബൈഥുലാ എന്ന പദം പ്രയോഗിച്ചിരുന്നേനെ എന്നു കരുതുന്നവരുണ്ട്. പ്രസ്തുത ധാരണ തെറ്റാണ്. കന്യകാത്വസൂചന സ്പഷ്ടമായുള്ള ഒരു പ്രയോഗമല്ല ബെഥേലാ. കന്യകാത്വം വിവ ക്ഷിക്കുന്നിടത്ത് ‘പുരുഷൻ തൊടാത്ത കന്യക’ എന്നു വിശദീകരണം നല്കുന്നുണ്ട്. (ഉല്പ, 24:16). വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീയെയും (ആവ, 22:23), വിവാഹിതയെയും (യോവേ, 1:8) കുറിക്കുന്നതിന് ബെഥുലാ പ്രയോഗിച്ചിട്ടുണ്ട്. അവിവാഹിതയ്ക്ക് ഉപയോഗിക്കുന്ന സവിശേഷപദം അല്മായാണ്. വിവാഹപ്രായമെത്തിയ യുവതിയാണ് അല്മാ. എന്നാലീപദം വിരളമായേ പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ളൂ. (ഉല്പ, 24:43; പുറ, 2:8; സങ്കീ, 68:25; സദൃ, 30:19; ഉത്ത, 1:3; 6:8; യെശ, 7:14). ഈ സ്ഥാനങ്ങളിലെല്ലാം കന്യാത്വത്തിന്റെ സൂചനയുണ്ട്. അവിവാഹിത ദുർന്നടത്തക്കാരിയാകാം. ദുർന്നടത്തക്കാരിയാണ് കന്യകയെങ്കിൽ കുഞ്ഞിന്റെ ജനനത്തിൽ അടയാളമില്ല. തന്മൂലം സ്ത്രീ നല്ലവളും അവിവാഹിതയും കുഞ്ഞിന്റെ ജനനം പ്രകൃത്യതീതവും എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രവാചകന്റെ വാക്കിന് വ്യത്യസ്ത വ്യാഖ്യാനങ്ങൾ നല്കിക്കാണുന്നുണ്ട്. പ്രവചനത്തിലെ പ്രയോഗങ്ങളുടെ അവ്യക്തതയും സമീപകാല ചരിത്രത്തിൽ ഇപ്രകാരമൊരു പ്രവചന നിറവേറലിനെക്കുറിച്ചുള്ള ചരിത്രരേഖയുടെ അഭാവവുമാണ് കാരണം. 

ക്രൈസ്തവ വ്യാഖ്യാനമനുസരിച്ച് ഇമ്മാനുവേലിന്റെ കന്യകാജനനത്തിനാണ് പ്രാധാന്യം നല്കേണ്ടത്. യേശുവിന്റെ ജനനത്തെക്കുറിച്ച് രേഖപ്പെടത്തുമ്പോൾ മത്തായി (1:22,23) ഈ പ്രവചനം ഉദ്ധരിക്കുന്നുണ്ട്. അല്മാ എന്ന എബ്രായപദത്തെ സെപ്റ്റ്വജിന്റിൽ ‘കന്യക’ എന്നു നിർണ്ണീതാർത്ഥമുള്ള ‘ഹീ പാർഥെനൊസ്’ എന്നു തർജ്ജമ ചെയ്തിരിക്കുന്നു. സമീപ ഭാവിയിൽ ഒരത്ഭുതം നടക്കുമെന്നു പ്രതീക്ഷിച്ച ആഹാസിനു ഏഴു നൂറ്റാണ്ടുകൾക്കുശേഷമുണ്ടായ ക്രിസ്തുവിന്റെ ജനനം ഒരടയാളമായിരിക്കുവാൻ സാദ്ധ്യമല്ല. കുഞ്ഞിന്റെ ജനനം ആഹാസിനു ഒരടയാളം മാത്രമായിരുന്നെന്നും അതിൽ കൂടുതലൊന്നും വിവക്ഷിച്ചിട്ടില്ലെന്നുമാണ് മറ്റൊരഭിപ്രായം. അരാമ്യ എഫ്രയീമ്യ സഖ്യത്തിൽ നിന്നും യെഹൂദ വിടുവിക്കപ്പെട്ട ഉടൻ ആൺകുട്ടികളെ പ്രസവിച്ച യുവതികൾ അവരെ ഇമ്മാനുവേൽ എന്ന് വിളിക്കും. ഈ പേരോടുകൂടിയ കുഞ്ഞുങ്ങൾ ന്യായവിധിയെയും മോചനത്തെയും സംബന്ധിച്ചുള്ള യെശയ്യാവിന്റെ പ്രവചനത്തിന്റെ സത്യതയ്ക്ക് അടയാളമായിരിക്കും. ഒരു പ്രത്യേക കുഞ്ഞു നിർദ്ദിഷ്ടമല്ലെങ്കിൽ അടയാളം തിരിച്ചറിയുവാൻ സാദ്ധ്യമല്ല. അതിനാൽ ഈ അഭിപ്രായം സ്വീകാര്യമല്ല. ക്രൈസ്തവ വ്യാഖ്യാനത്തിന് കടകവിരുദ്ധമായിട്ടാണ് യെഹൂദന്മാർ ഈ ഭാഗം വ്യാഖ്യാനിക്കുന്നത്. അക്വിലാസ്, സിമ്മാക്കസ് തുടങ്ങിവരുടെ ഗ്രീക്കുപരിഭാഷയിൽ പാർഥെനാസിന്റെ സ്ഥാനത്താ നെയാനിസ് (യുവതി) എന്ന പദം പ്രയോഗിച്ചു. ആഹാസ് രാജാവിന്റെ ആദ്യജാതനായ ഹിസ്കീയാവിനെ അവർ ഇമ്മാനുവേലായിക്കണ്ടു. എന്നാൽ ഈ വ്യാഖ്യാനം ചരിതസംബന്ധമായ മഹാബദ്ധമായിരുന്നു. ആഹാസ് പതിനാറുവർഷം രാജ്യം ഭരിച്ചു. (2രാജാ, 16:2). ഹിസ്കീയാവ് ഇരുപത്തഞ്ചാം വയസ്സിൽ രാജാവായി. (2രാജാ, 18:2). ഇതിൽനിന്നും ഇമ്മാനുവേലിനെ കുറിച്ചുള്ള പ്രവചനം നല്കിയപ്പോൾ ഹിസ്കീയാവിനു ഒൻപതു വയസ്സു പ്രായമുണ്ടായിരിക്കണം. ഈ വൈരുദ്ധ്യം ഒഴിവാക്കുവാൻ വേണ്ടി മദ്ധ്യയുഗത്തിലെ യെഹൂദ പണ്ഡിതന്മാർ യെശയ്യാവിന്റെ ഭാര്യയോ ആഹാസിന്റെ മറ്റൊരു ഭാര്യയോ ആയിരിക്കണം അല്മായെന്നു വാദിച്ചു. ഈ വാദത്തിനും പോരായ്മകളുണ്ട്. യെശയ്യാവു തന്റെ ഭാര്യയെ അന്യത്ര പ്രവാചകി എന്നാണു പറയുന്നതാ (യെശ, 8:3). ഒരു കുഞ്ഞിനെ (ശെയാർ-യാശൂബ്) പ്രസവിച്ചു കഴിഞ്ഞതുകൊണ്ട് അവളെ അല്മാ എന്നു വിളിക്കാനും നിവൃത്തിയില്ല.

യെശയ്യാ പ്രവാചകന്റെ മനസ്സിൽ ഉണ്ടായിരുന്നതു മശീഹയാണ്. രാജാവിന്റെ ഭീരുത്വത്തെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ യഥാർത്ഥ രാജാവിന്റെ വെളിപ്പാടു പ്രവാചകൻ നല്കി. ഈ രാജാവ് തന്റെ ജനത്തിന്റെ കഷ്ടതയും ദാരിദ്ര്യവും പങ്കിട്ടനുഭവിക്കും. സ്വഭാവത്തിലൂടെയും പ്രവൃത്തിയിലൂടെയും താൻ അത്ഭുതമന്തിയും വീരനാം ദൈവവും നിത്യപിതാവും സമാധാനപ്രഭുവും എന്ന് അദ്ദേഹം തെളിയിക്കും. (യെശ, 9:6). യിസ്രായേലിന്റെ വീണ്ടെടുപ്പുകാരൻ അവനാണ്. ആധിപത്യം അവന്റെ തോളിൽ ഇരിക്കും. ഈ കാലയളവിൽ മശീഹയെക്കുറിച്ചുള്ള പ്രതീക്ഷ യെഹൂദയിൽ നിലനിന്നിരുന്നു. (മീഖാ, 5:3). ആ കുഞ്ഞു തന്നെയാണ് ഇമ്മാനൂവേൽ. അവന്റെ ജനനത്തിൽ ദൈവത്തിന്റെ സാന്നിദ്ധ്യം വെളിപ്പെടും. ഒരു ശിശുവിൽ ദൈവം തന്റെ ജനത്തിന്റെ അടുക്കലേക്കു വന്നിരിക്കുകയാണ്. ഈ ശിശുവിനെ യെശയ്യാപ്രവാചകൻ വീരനാം ദൈവം എന്നു വിളിച്ചു. ജനത്തിനു സഹായം വരേണ്ടതു ദൈവത്തിൽനിന്നാണ്; അശ്ശൂർ രാജാവിൽ നിന്നല്ല. ഔത്തരാഹ ശത്രുക്കളിൽ (യിസായേലും, സിറിയയും) നിന്നുള്ള മോചനത്തിനു നല്കപ്പെട്ടിരിക്കുന്ന കാലം കുഞ്ഞിന്റെ ശൈശവകാലമാണ്. “തിന്മതള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മതള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകും മുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:15,16). എന്നാൽ ആഹാസ് രാജാവ് ഇമ്മാനുവേലിന്റെ അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം ആഹാസ് രാജാവിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമായി. പ്രവാചകന്റെ വാക്കുകൾ വിശ്വസിച്ചാ അശ്ശൂരിനെ ആശ്രയിക്കാതെ ധൈര്യമായി ഇരുന്നുവെങ്കിൽ ഇമ്മാനുവേലിന്റെ അടയാളം രാജാവിനു നിറവേറുമായിരുന്നു. പ്രസ്തുത പ്രവചനത്തിന്റെ ഏതത്ക്കാല നിവൃത്തി ബാധിക്കപ്പെട്ടു. എന്നാൽ യെഹൂദയിലെ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം അവർ ഇമ്മാനുവേലിൽ രക്ഷയും വിടുതലും കണ്ടെത്തി. ക്രിസ്തു തന്നെയാണ് ഇമ്മാനുവേൽ.

ഇദ്ദോ

ഇദ്ദോ (Iddo)

പേരിനർത്ഥം – അവൻ്റെ സാക്ഷ്യം

യൊരോബെയാം, രെഹബെയാം എന്നിവർക്കെതിരായി പ്രവചിച്ച ഒരു പ്രവാചകൻ. അദ്ദേഹത്തിന്റെ എഴുത്തുകളെപ്പറ്റി ദിനവൃത്താന്ത പുസ്തകത്തിൽ സൂചനയുണ്ടെങ്കിലും അവ നമുക്കു ലഭിച്ചിട്ടില്ല: (2ദിന, 9:29; 12:15; 13:22).

ഇത്ഥായി

ഇത്ഥായി (Ittai)

പേരിനർത്ഥം – എനിക്കൊപ്പം

ഗത്തിൽനിന്നും ദാവീദിന്റെ അടുക്കൽ വന്ന ഫെലിസ്ത്യൻ. ഇത്ഥായിയോടുകൂടെ അറുനൂറുപടയാളികൾ ഉണ്ടായിരുന്നു: (2ശമൂ, 15:18). അബ്ശാലോം നിമിത്തം ദാവീദ് യെരൂശലേം വിട്ടു ഓടിയപ്പോൾ ഗിത്യരും ഇത്ഥായിയും രാജാവിനോടൊപ്പം ചെന്നു. തന്നോടൊപ്പം നാശത്തെ അഭിമുഖീകരിക്കണ്ട എന്നു കരുതി ഇത്ഥായിയോടു മടങ്ങിപ്പോകുവാൻ ദാവീദ് ആവശ്യപ്പെട്ടു. ഇത്ഥായി ഒരു പരദേശിയും സ്വദേശഭ്രഷ്ടനും തലേദിവസം തന്നോടൊപ്പം വന്നു ചേർന്നവനുമല്ലോ എന്നു ദാവീദ് ഓർപ്പിച്ചു. എന്നാൽ മരണമോ ജീവനോ എന്തുവന്നാലും ദാവീദിനോടുകൂടെ ചെല്ലുമെന്ന് അവൻ ഉറപ്പായി പറഞ്ഞു. ദാവീദ് സമ്മതംകൊടുത്തു. അങ്ങനെ അവർ ദാവീദിനോടൊപ്പം കിദ്രോൻതോടു കടന്നുപോയി. മഹനയീമിൽവച്ച് ദാവീദ് സൈന്യത്തെ എണ്ണി ക്രമീകരിച്ചു. സൈന്യത്തിന്റെ മൂന്നിലൊന്ന് ഇത്ഥായിയുടെ കീഴിലാക്കി. അങ്ങനെ യോവാബ്, അബീശായി എന്നിവരുടെ തുല്യപദവി ഇത്ഥായിക്കു ലഭിച്ചു: (2ശമൂ, 18:12). ഇത്ഥായിയെക്കുറിച്ച് മറ്റൊരു വിവരവും ലഭ്യമല്ല.