കർപ്പൊസ്

കർപ്പൊസ് (Carpus)

പേരിനർത്ഥം – ഫലം

അപ്പൊസ്തലനായ പൗലൊസ് പുതപ്പും ചർമ്മ ലിഖിതങ്ങളും സൂക്ഷിച്ചത് ത്രോവാസിൽ കർപ്പൊസിന്റെ വീട്ടിലായിരുന്നു. റോമിൽ രക്തസാക്ഷിയാകുന്നതിനു മുമ്പ് ഏഷ്യാമൈനറിലൂടെ കടന്നുപോയപ്പോഴായിരിക്കണം അപ്രകാരം ചെയ്തത്. തിമൊഥയൊസിനോടു അവ എടുത്തുകൊണ്ടു ചെല്ലാൻ പൗലൊസ് ആവശ്യപ്പെട്ടു: (2തിമൊ, 4:13).

കയ്യഫാവ്

കയ്യഫാവ് (Caiaphas)

പേരിനർത്ഥം – മനോഹരമായി

യോസേഫ് കയ്യഫാവിന്റെ ഉപനാമമാണ് കയ്യഫാവ്. എന്നാൽ ഈ ഉപനാമം അയാളുടെ സാധാരണ പേരും ഔദ്യോഗിക പദവിയുമായി മാറി. യേശുക്രിസ്തുവിന്റെ പരസ്യശുശൂഷ ആരംഭിക്കുമ്പോൾ തിബെര്യാസ് കൈസറിന്റെ കാലത്ത് അയാൾ മഹാപുരോഹിതനായിരുന്നു: (ലൂക്കൊ, 3:2). ക്രിസ്തുവിന്റെ ക്രൂശീകരണകാലത്തും കയ്യഫാവ് മഹാപുരോഹിതനായിരുന്നു. പീലാത്തോസിന്റെ പൂർവ്വികനായ വലേറിയൂസ് ഗ്രാത്തൂസ് എ.ഡി. 18-ൽ കയ്യഫാവിനെ മഹാപുരോഹിതനായി നിയമിച്ചു. കയ്യഫാവിന്റെ ഭാര്യയുടെ അപ്പനായിരുന്നു മഹാപുരോഹിതനായ ഹന്നാവ്: (യോഹ, 18:13; ലുക്കൊ, 3:2). കയ്യഫാവിനു മുമ്പ് മഹാപുരോഹിതനായിരുന്ന ഹന്നാവിനു കയ്യഫാവിൻ്റെ കാലത്തും വലിയ സ്വാധീനം ഉണ്ടായിരുന്നു. ലാസറിനെ ഉയിർപ്പിച്ചതോടുകൂടി ജനമെല്ലാം ക്രിസ്തുവിൽ വിശ്വസിക്കുമെന്നു കരുതി, യേശുവിനെ വധിക്കുവാൻ മഹാപുരോഹിതന്മാരും പരീശന്മാരും ഗൂഢാലോചന നടത്തി. അപ്പോൾ കയ്യഫാവ് പറഞ്ഞ വാക്കുകൾ പ്രാവചനികമായി മാറി. “നിങ്ങൾ ഒന്നും അറിയുന്നില്ല; ജനം മുഴുവനും നശിച്ചു പോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കുവേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു:” (യോഹ, 11:49,50). യേശുക്രിസ്തുവിനെ ബന്ധിച്ച് ഹന്നാവിന്റെ മുമ്പിൽ കൊണ്ടുവന്നു: (യോഹ, 18:13). അയാൾ യേശുവിനെ കയ്യഫാവിന്റെ അടുക്കലേക്കയച്ചു: (യോഹ, 18:24). യേശുവിനെ ശിക്ഷിക്കുവാൻ വേണ്ടി കള്ളസാക്ഷികളെ കരുതിക്കൂട്ടി ഹാജരാക്കിയെങ്കിലും ഒന്നും ഒത്തുവന്നില്ല. സാക്ഷികളുടെ മൊഴി ഫലിക്കാതെ വന്നപ്പോൾ യേശുവിനെ വാക്കിൽ കുടുക്കുന്നതിനു യേശുവിനോടു: ‘നീ വന്ദ്യനായിവന്റെ പുത്രനായ ക്രിസ്തുവോ അല്ലയോ?’ എന്നു മഹാപുരോഹിതൻ ചോദിച്ചു. അതേ എന്നു ക്രിസ്തു മറുപടിനല്കി. ഈ മറുപടി അടിസ്ഥാനമാക്കി യേശുവിൽ ദൈവദൂഷണമാരോപിച്ചു പീലാത്തോസിന്റെ അടുക്കലേക്കു അയച്ചു. മരണശിക്ഷ വിധിക്കുവാനുള്ള അധികാരം കയ്യഫാവിന് ഇല്ലാത്തതുകൊണ്ടാണ് യേശുവിനെ പീലാത്തോസിന്റെ അടുക്കൽ വിസ്താരത്തിനയച്ചത്: (മത്താ, 26:3,57; യോഹ, 18:28). സഭയുടെ ആരംഭകാലത്ത് പത്രൊസിന്റെയും യോഹന്നാൻ്റെയും വിസ്താരത്തിലും കയ്യഫാവ് പങ്കെടുത്തു: (പ്രവൃ, 4:6). എ.ഡി. 36-ൽ സുറിയാ ഗവർണ്ണർ കയ്യഫാവിനെ സ്ഥാനഭ്രഷ്ടനാക്കി.

കയീൻ

കയീൻ (Cain)

പേരിനർത്ഥം – കുന്തം

മനുഷ്യവംശത്തിലെ ആദ്യജാതൻ; ആദ്യകൊലപാതകിയും ആദ്യഭാതൃഹന്താവും. ആദാമിൻ്റെയും ഹവ്വയുടെയും മൂത്തമകനാണ് കയീൻ. ‘യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു ഹവ്വ പറഞ്ഞു:’ (ഉല്പ, 4:1). കയീൻ കർഷകനും അനുജനായ ഹാബെൽ ആട്ടിടയനുമായിരുന്നു. ഒരിക്കൽ കയീൻ നിലത്തിലെ അനുഭവത്തിൽ നിന്നും ഹാബെൽ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്നും യഹോവയ്ക്കു വഴിപാട് അർപ്പിച്ചു. ഹാബെലിന്റെ വഴിപാട് ദൈവം അംഗീകരിച്ചു. എന്നാൽ കയീനിലും അവന്റെ വഴിപാടിലും ദൈവം പ്രസാദിച്ചില്ല. അതിൽ കുപിതനായ കയീൻ ഹാബെലിനെ കൊന്നുകളഞ്ഞു. അവന്റെ പ്രവൃത്തിയറിഞ്ഞ ദൈവം അവനോടു സഹോദരനെക്കുറിച്ചു ചോദിച്ചപ്പോൾ, ‘ഞാൻ എന്റെ അനുജന്റെ കാവല്ക്കാരനോ’ എന്നു ദൈവത്തോടു മറുചോദ്യം ചോദിച്ചു. ദൈവം അവനെയും അവൻ കൃഷിചെയ്യുന്ന നിലത്തെയും ശപിച്ചു. ഹാബെലിന്റെ രക്തം ഭൂമിയിൽ നിന്നും ദൈവത്തോടു നിലവിളിക്കുകയായിരുന്നു. കുറ്റബോധം കയീനെ അലട്ടി. മറ്റുള്ളവർ തന്നെ കൊല്ലുമെന്നു ഭയന്ന് കയീൻ ദൈവത്തോടപേക്ഷിച്ചു. ആരും അവനെ കൊല്ലാതിരിക്കുവാൻ ദൈവം അവന് ഒരടയാളം കൊടുത്തു. കയീൻ അലഞ്ഞുതിരിയുന്നവനായി. അവൻ നോദ് ദേശത്തു ചെന്നു പാർത്തു. കയീന്റെ ഭാര്യ ഗർഭം ധരിച്ച് ഹാനോക്കിനെ പ്രസവിച്ചു. ഒരു പട്ടണം പണിത് കയീൻ തന്റെ മകന്റെ പേരു നല്കി. കയീന്റെ സന്തതിയുടെ വംശാവലി ആറുതലമുറവരെ കൊടുത്തിട്ടുണ്ട്. സംഗീതം, കല തുടങ്ങിയവയിൽ അവർ പ്രസിദ്ധിയാർജ്ജിച്ചു. പുതിയനിയമത്തിൽ മുന്നിടത്തു് കയീനെ പറ്റി പരാമർശിക്കുന്നുണ്ട്: 1. വിശ്വാസത്താൽ ഹാബെൽ ദൈവത്തിനു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു: (എബ്രാ, 11:4). 2. കയീൻ ദുഷ്ടനിൽ നിന്നുളളവനായി സഹോദരനെ കൊന്നു: (1യോഹ, 3:12). 3. അവർക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കുകയും: (യൂദാ, 11).

കനാൻ

കനാൻ (Canaan)

പേരിനർത്ഥം – നിമ്നപ്രദേശം

ഹാമിന്റെ നാലാമത്തെ പുത്രനും നോഹയുടെ പൗത്രനും. ഹാമിൻ്റെ ദോഷകരമായ പ്രവൃത്തിമൂലം നോഹ അവൻ്റെ പുത്രനായ കനാനെ ശപിച്ചു: (ഉല്പ, 9:18,22-27(. ഫിനിഷ്യയിൽ പ്രത്യേകിച്ചും സിറിയ-പലസ്തീനിൽ പൊതുവെയും പാർപ്പുറപ്പിച്ച പതിനൊന്നു ജാതികൾ കനാന്റെ സന്തതികളായിരുന്നു: (ഉല്പ, 10:15-19). സീദോൻ, ഹേത്ത്, യെബൂസ്യൻ, അമോര്യൻ, ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ, അർവ്വാദ്യൻ , സെമാര്യൻ, ഹമാത്യൻ എന്നിവരാണ് കനാന്റെ പുത്രന്മാർ.

ഔഗുസ്തൊസ് കൈസർ

ഔഗുസ്തൊസ് കൈസർ (Augustus Caesar)

പേരിനർത്ഥം – അഭിവന്ദ്യൻ

കർത്താവായ യേശുക്രിസ്തു ജനിക്കുന്ന കാലത്ത് റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ഗായസ് ജൂലിയസ് സീസർ ഒക്റ്റാവിയന് ബി.സി. 27 ജനുവരി 16-ന് റോമൻ സെനറ്റ് നല്കിയ ബഹുമതി നാമമാണ് ഔഗുസ്തൊസ്: (ലൂക്കൊ, 2:1). ഈ പേരിനെ സെബസ്റ്റോസ് എന്ന് ഗ്രീക്കിലേക്കു തർജ്ജമ ചെയ്തു. പില്കാല റോമൻ ചക്രവർത്തിമാരും ഈ ബഹുമതി നാമം സ്വീകരിച്ചു. ജൂലിയസ് സീസറിന്റെ അനന്തരവനായ ഇദ്ദേഹം ബി.സി. 63-മാണ്ട് സെപ്റ്റംബർ മാസം 23-ാം തീയതി ജനിച്ചു. ജൂലിയസ് സീസറിന്റെ മരണപ്രതത്തിൽ കൈസറെ നാമകരണം ചെയ്തിരുന്നു. എന്നാൽ ഈ കാര്യം രഹസ്യമായി സൂക്ഷിച്ചു. സീസറിന്റെ വധത്തിനുശേഷം മരണപത്രം വായിച്ചതോടു കൂടി ഈ പേർ അദ്ദേഹം സ്വീകരിച്ചു. ബി.സി. 43-ൽ റോമാനഗരം കൈവശമാക്കി, അദ്ദേഹം കോൺസൽ ആയി തിരഞ്ഞെടുക്കപ്പെട്ടു . അന്റണി, ലെപിഡസ് എന്നിവരെ ചേർത്തു ഒരു ട്രയംവിറൈറ്റ് (ത്രിനായകത്വം) രൂപീകരിച്ചു. തുടർന്നു ജൂലിയസ് സീസറിന്റെ ഘാതകനായ ബ്രൂട്ടസിനെയും സൈന്യത്തെയും തോല്പിച്ചു. ഒക്റ്റാവിയന്റെ സഹോദരിയായ ഒക്റ്റാവിയയെ ആന്റണി വിവാഹം കഴിച്ചു. 

ഈജിപ്റ്റിലെ രാജ്ഞിയായ ക്ലിയോപാട്ര VII-ന്റെ വശീകരണത്തിൽ ആന്റണി വീണു. ബി.സി. 33-ൽ ക്ലിയൊപാട്രയെ ആന്റണി വിവാഹം കഴിക്കുകയും ബി.സി. 32-ൽ ഒക്റ്റാവിയയെ വിവാഹമോചനം ചെയ്യുകയും ചെയ്തു. ബി.സി. 30-ൽ ഒക്റ്റാവിയൻ ഈജിപ്റ്റ് ആക്രമിച്ചു. ആന്റണിയും ക്ലിയോപാട്രയും ആത്മഹത്യചെയ്തു. അതോടുകൂടി ഈജിപ്റ്റ് റോമൻ പ്രവിശ്യയായിത്തീർന്നു. ഔഗുതൊസ് കൈസർ ദീർഘായുഷ്മനായിരുന്നു. അമ്പത്തേഴുവർഷം (ബി.സി. 43-എ.ഡി. 14) റോം ഭരിച്ചു. ഭരണകാലം ഐശ്വര്യപൂർണ്ണവും സമാധാനപരവും ആയിരുന്നു. എ.ഡി. 14: ആഗസ്റ്റ് 19-ന് ഔഗുസ്തൊസ് കൈസർ മരിച്ചു. ഒരുമാസത്തിനുശേഷം റോമൻ സെനറ്റ് അദ്ദേഹത്തെ ദേവനാക്കി.

ഓരേബ്

ഓരേബ് (Oreb)

പേരിനർത്ഥം – കാക്ക

യിസ്രായേലിനെ ആക്രമിച്ച മിദ്യാന്യ പ്രഭുക്കന്മാരിലൊരാൾ. ഗിദെയോൻ മിദ്യാന്യരെ തോല്പിച്ചോടിച്ചു. ഗിദെയോന്റെ ആഹ്വാനം അനുസരിച്ച് എഫ്രയീമ്യർ മിദ്യാന്യരെ പിന്തുടരുകയും അവരുടെ പ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും പിടിച്ചു. ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വച്ച് കൊന്നു. ഇരുവരുടെയും തല അവർ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു: (ന്യായാ, 7:24,25). മിദ്യാന്യരുടെ സംഹാരം ഭയാനകമായിരുന്നു . ചെങ്കടലിൽ വച്ചു നടന്ന മിസ്രയീമ്യ സംഹാരവും അശ്ശൂർ പാളയത്തു വച്ചു നടന്ന സൻഹേരീബിന്റെ സൈന്യസംഹാരവും, മിദ്യാന്യസംഹാരവും തുല്യപ്രാധാന്യത്തോടെയാണ് തിരുവെഴുത്തുകളിൽ പറഞ്ഞിട്ടുള്ളത്: (യെശ, 10:26; സങ്കീ, 83:11).

ഓബേദ്-എദോം

ഓബേദ്-എദോം (Obed-edom)

പേരിനർത്ഥം – ഏദോമിന്റെ ദാസൻ

ദാൻ ഗോത്രത്തിലെ ഗത്ത്-രിമ്മോനിൽ നിന്നുള്ള ഒരുവൻ. ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവരുമ്പോൾ, വഴിയിൽ വച്ചു പെട്ടകം തൊട്ടതുമൂലം ഉസ്സാ മരിച്ചു. അതിനാൽ ദാവീദ് പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ വച്ചു. അവിടെ അതു മൂന്നുമാസം ഇരുന്നു. പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു: (2ശമൂ, 6:10-14; 1ദിന, 13:13,14). അവിടെ നിന്നും ദാവീദ് പെട്ടകത്തെ യെരൂശലേമിലേക്കു കൊണ്ടുവന്നു: (2ശമൂ, 6:12; 1ദിന, 15:25). അലാമോത്ത് രാഗത്തിൽ വീണ ധ്വനിപ്പിക്കാൻ നിയമിക്കപ്പെട്ടവരിൽ ഓബേദ്-എദോമും ഉൾപ്പെട്ടിരുന്നു: (1ദിന, 15:25; 16:5,38). ദാൻ ഗോത്രത്തിലെ ഗത്ത്-രിമ്മോനിൽ നിന്നുള്ളവനാകയാൽ ഓബേദ്-എദോം ഗിത്യൻ എന്നറിയപ്പെട്ടു.

ഓനാൻ

ഓനാൻ (Onan)

പേരിനർത്ഥം – ശക്തൻ

യെഹൂദയുടെ രണ്ടാമത്തെ പുത്രൻ: (ഉല്പ, 38:4; സംഖ്യാ, 26:19; 1ദിന, 2:3). മുത്തസഹോദരനായ ഏർ മരിച്ചപ്പോൾ അയാളുടെ വിധവയായ താമാറിനെ ദേവര വിവാഹം ചെയ്ത് ഏറിനു സന്തതിയെ ജനിപ്പിക്കുവാൻ യെഹൂദ ഓനാനോടു പറഞ്ഞു. എന്നാൽ ആ സന്തതി തന്റേതായിരിക്കയില്ലെ എന്നറികയാൽ ഓനാൻ അവളിൽ സന്തതിയെ ജനിപ്പിക്കുവാൻ വിസമ്മതിച്ചു. അവന്റെ പ്രവൃത്തി യഹോവയ്ക്കു അനിഷ്ടമായി. തന്മൂലം അവൻ മരിച്ചു: (ഉല്പ, 38:8-10).

ഓദേദ്

ഓദേദ് (Oded)

പേരിനർത്ഥം – യഥാസ്ഥാനപ്പെടുത്തൽ

ശമര്യയിലെ ഒരു പ്രവാചകൻ. പേക്കഹ് രാജാവ് യെഹൂദ ആക്രമിച്ചു അനേകം യെഹൂദന്മാരെ ബദ്ധരാക്കി കൊണ്ടുപോയി. രണ്ടു ലക്ഷത്തോളം വരുന്ന ബദ്ധന്മാരും കൊള്ളയുമായി മടങ്ങിപ്പോയ സൈന്യത്തെ ഓദേദ് പ്രവാചകൻ എതിരേറ്റു വന്നു. യഹോവയുടെ ഉഗ്രകോപം തങ്ങളുടെ മേൽ പതിക്കാതിരിക്കുവാൻ ബദ്ധന്മാരെ വിട്ടയക്കുന്നതിന് ഓദേദ് പ്രവാചകൻ ഉപദേശിച്ചു. പ്രവാചകന്റെ ഉപദേശം കേട്ട രാജാവ് ബദ്ധന്മാർക്ക് ആഹാരവും വസ്ത്രവും നല്കി, അവരെ യെരീഹോവിലേക്കു മടക്കി അയച്ചു: (2ദിന, 28:8-15).

ഓഗ്

ഓഗ് (Og)

പേരിനർത്ഥം – നീഴമുള്ള കഴുത്ത്

ബാശാനിലെ അമോര്യരാജാവ്: (സംഖ്യാ, 21:33; 32:33; ആവ, 4147; 31:4). ഓഗിന്റെ രാജ്യത്തിൽ അറുപതു പട്ടണങ്ങളുണ്ടായിരുന്നു: (യോശു, 13:30). അവയിൽ പ്രധാനപ്പെട്ടവ അസ്താരോത്ത്, എദ്രെയി എന്നിവയാണ്. എദ്രെയിൽവെച്ച് ഓഗും പടജനവും മോശയോടു എതിർത്തു. എന്നാൽ അവർ ഒട്ടൊഴിയാതെ സംഹരിക്കപ്പെട്ടു. യിസ്രായേല്യർ ഓഗിന്റെ ദേശം കൈവശമാക്കി: (സംഖ്യാ, 21:35; ആവ, 1:4; 3:4-10). ഓഗിന്റെ രാജ്യം മനശ്ശെയുടെ അർദ്ധഗോത്രത്തിനു നല്കി. രെബായീമ്യ മല്ലന്മാരിൽ അവസാനത്തെ കണ്ണിയായിരുന്നു ഓഗ്. ഓഗിന്റെ ഇരുമ്പുകൊണ്ടുള്ള മഞ്ചം അമ്മാന്യനഗരമായ രബ്ബയിൽ ഉണ്ടെന്നു മോശെ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ആ മഞ്ചത്തിനു ഒമ്പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ട്: (ആവ, 3:11). ഈ മഞ്ചം ശവപേടകത്തെ കുറിക്കുന്നുവെന്ന് കരുതുന്ന പണ്ഡിതന്മാരുണ്ട് .