യെഹൂദൻ

യെഹൂദൻ (Jew) 

യെഹൂദൻ എബ്രായയിൽ ‘യെഹൂദി’ ആണ്; ഗ്രീക്കിൽ ‘യൂഡയൊസും.’ യിരെമ്യാവിന്റെ കാലത്തിനു മുമ്പു പഴയനിയമത്തിൽ യെഹൂദൻ എന്ന പ്രയോഗമില്ല. യെഹൂദൻ എന്ന പദത്തിന്റെ മൗലികമായ അർത്ഥം യെഹൂദാഗോത്രജൻ അഥവാ യെഹൂദാരാജ്യത്തിലെ (ബെന്യാമീൻ, യെഹൂദാ) പ്രജ എന്നത്രേ. (2രാജാ, 16:6; 25:25). പില്ക്കാലത്തു യെഹൂദൻ എന്ന പദത്തിനു അർത്ഥവ്യാപ്തി ലഭിച്ചു. പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയ എബ്രായരെ മുഴുവൻ അതുൾക്കൊണ്ടു. ബാബേൽ പ്രവാസത്തിൽനിന്നും മടങ്ങിവന്നവർ അധികവും യെഹൂദാഗോത്രത്തിൽ നിന്നുള്ളവരായിരുന്നു. മാത്രവുമല്ല, പൗരാണിക യിസ്രായേലിന്റെ ചരിത്രപരമായ പ്രാതിനിധ്യസ്വഭാവം യെഹൂദയ്ക്കുണ്ടായിരുന്നു. അതിനാൽ ലോകമെങ്ങുമുള്ള എബായരെക്കുറിക്കുവാൻ യെഹൂദൻ എന്ന സംജ്ഞ പ്രയുക്തമായി. (എസ്ഥ, 2:5; മത്താ, 2:2). ഹിസ്കീയാ രാജാവിന്റെ കാലം മുതൽ യെഹൂദയിലെ ഭാഷ യെഹൂദാഭാഷ അഥവാ യെഹൂദ്യ ഭാഷ എന്നറിയപ്പെട്ടു. (2രാജാ, 18:26, 28; നെഹെ, 13:24; യെശ, 36:11, 13). സുവിശേഷങ്ങളിൽ യെഹൂദന്മാർ (ബഹുവചനത്തിൽ) യിസ്രായേല്യരാണ്. പുതിയ നിയമത്തിൽ യെഹൂദന്മാരെയും (യിസ്രായേല്യർ) ജാതികളെയും വേർതിരിച്ചു കാണിക്കുന്നുണ്ട്. (മർക്കൊ, 7:3; യോഹ, 2:6; പ്രവൃ, 10:28). യെഹൂദകഥകളെയും (തീത്തൊ, 1:14), യെഹൂദ മതത്തെയുംക്കുറിച്ചു പൗലൊസ് പരാമർശിക്കുന്നുണ്ട്. (ഗലാ, 1:13, 14).

യെശയ്യാപ്രവചനം പുതിയനിയമത്തിൽ

യെശയ്യാപ്രവചനം പുതിയനിയമത്തിൽ

1. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. (മത്താ, 1:22-23) <×> (യെശ, 7:14).

2. കർത്താവിനു വഴി ഒരുക്കുന്നവൻ വരും. (മത്താ, 3:3, മർക്കൊ, 1:2-3) <×> (40:3).

3. ഇരുട്ടിൽ ഇരുന്ന ജനം വലിയൊരു വെളിച്ചം കണ്ടു. (മത്താ, 4:15-16, ലൂക്കോ, 1:79) <×> (9:1-2).

4. അവൻ നമ്മുടെ വ്യാധികളെ എടുത്തു; ബലഹീനതകളെ ചുമന്നു. (മത്താ, 8:17) <×> (53:4).

5. കരുടർ കാണുന്നു; ചെകിടർ കേൾക്കുന്നു; മുടന്തൻ നടക്കുന്നു. (മത്താ, 11:4-5) <×> (35:5-6).

6.ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെയ്ക്കും; അവൻ ജാതികൾക്ക് ന്യായവിധി അറിയിക്കും. (മത്താ, 12:17) <×> (42:1).

7. അവൻ കലഹിക്കുകയില്ല, നിലവിളിക്കയില്ല; തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല. (മത്താ, 12:18) <×>> (42:2).

8. ചതഞ്ഞ ഓട അവൻ ഒടിച്ചുകളയില്ല; പുകയുന്ന തിരി കെടുത്തികളയില്ല. (മത്താ, 12:19) <×> (42:3).

9. അവൻ്റെ നാമത്തിൽ ജാതികൾ പ്രത്യാശ വെയ്ക്കും. (മത്താ, 12:20) <×> (42:4).

10. നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ല; കണ്ണാൽ കാണും ദർശിക്കയില്ലതാനും. (മത്താ, 13:14, മർക്കൊ, 4:12, ലൂക്കോ, 8:10, യോഹ, 12:40, പ്രവൃ, 28:26-27, റോമ, 11:8) <×> (6:9-10).

11. ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; ഹൃദയം ഏന്നെ വിട്ടകന്നിരിക്കുന്നു. (മത്താ, 15:8-9, മർക്കോ, 7:6-7) <×> (29:13).

12. എൻ്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും. (മത്താ, 21:13, മർക്കൊ, 11:17, ലൂക്കോ, 19:46) <×> (56:7).

13. ഗൃഹസ്ഥനായൊരു മനുഷ്യൻ മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. (മത്താ, 21:33, മർക്കൊ, 12:1, ലൂക്കോ, 20:9) <×> (5:1-2).

14. അന്ന് അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കുകരും കൊല്ലുകയും ചെയ്യും. (മത്താ, 24:9,29 മർക്കൊ, 13:24) <×> (13:9-11).

15. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; ഏൻ്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. (മത്താ, 24:35, മർക്കൊ, 13:31) <×> (40:8, 52:16).

16. അവർ അവൻ്റെ മുഖത്തു തുപ്പി; അവനെ മുഷ്ടിചുരുട്ടി കുത്തി; ചിലർ അവനെ കന്നത്തടിച്ചു. (മത്താ, 26:67) <×> (50:6).

17. അവിടെ അവരുടെ പുഴു ചാകുന്നുമില്ല, തീ കെടുന്നതുമില്ല. (മർക്കൊ, 9:48) <×> (66:24).

18. അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി. (മർക്കൊ, 15:28, ലൂക്കൊ, 22:37) <×> (53:12).

19. ജാതികൾക്ക് വെളിപ്പെടുവാനുള്ള പ്രകാശം. (ലൂക്കൊ, 2:30) <×> (42:7).

20. യിസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും എഴുന്നേല്പിനും മറുത്തു പറയുന്ന അടയാളത്തിനും. (ലൂക്കോ, 2:34, 9:33) <×> (8:14-15).

21. ദരിദ്രന്മാരോടു സുവിശേഷം അറിയിക്കാൻ കർത്താവു എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. (ലൂക്കോ, 4:18-19) <×> (60:1-2).

22. ആ കല്ലിന്മേൽ തട്ടിവീഴുന്ന ഏവനും തകർന്നുപോകും. (ലൂക്കോ, 20:18) <×> (8:15).

23. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ. (ലൂക്കോ, 23:29) <×> (54:1).

24. എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവരാകും. (യോഹ, 6:45) <×> (54:13).

25. ദാഹിക്കുന്നവൻ എല്ലാം എൻ്റെ അടുക്കൽ വന്നു കുടിക്കട്ടെ. (യോഹ, 7:37)  (55:1).

26. തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിൻ്റെ നദികൾ ഒഴുകും. (യോഹ, 7:38) <×> (12:3, 58:11).

27. അതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞത്. (യോഹ, 7:39) <×> (44:3).

28. ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു. (യോഹ, 12:34) <×> (9:7).

29. കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു. (യോഹ, 12:38, റോമ, 10:16) <×> (53:1).

30. വീടു പണിയുന്നവർ തള്ളിക്കളഞ്ഞിട്ടു കോണിൻ്റെ മൂലക്കല്ലാത്തീർന്ന കല്ലു ഇവൻ തന്നെ. (പ്രവൃ, 4:11,റോമ, 10:11) <×> ( 28:16).

31. സ്വർഗ്ഗം എനിക്കു സിഹാസനവും ഭൂമി എൻ്റെ പാദപീഠവും ആകുന്നു. (പ്രവൃ, 7:49-50)  <×> (66:1-2).

32. അറുക്കുവാനുള്ള ആടിനെപ്പോലെയും, രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതിരിക്കുന്ന ആടിനെപ്പോലെയും. (പ്രവൃ, 8:33) <×> (53:7).

33. ദാവീദിൻ്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും. (പ്രവൃ, 13:34) <×> (55:3).

34. നീ ഭൂമിയുടെ ആറ്റത്തോളവും രക്ഷ ആകേണ്ടതിനു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു. (പ്രവൃ, 13:47) <×> (49:6).

35. നിങ്ങൾ നിമിത്തം ദൈവത്തിൻ്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കുന്നു. (റോമ, 2:24) <×> (52:5).

36. അവരുടെ കാൽ രക്തം ചൊരിയാൻ ബദ്ധപ്പെടുന്നു….. സമാധാനമാർഗ്ഗം അവർ അറിയുന്നില്ല. (റോമ, 3:15-18) <×> (59:7-8).

37. മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു നീ എന്നെ ഇങ്ങനെ ചമച്ചതു എന്തു എന്നു ചോദിക്കുമോ? (റോമ, 9:20) <×> (45:9).

38. യിസ്രായേൽ ജനം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പടൂ. (റോമ, 9:27-29) <×> (10:22-23).

39. സൈന്യങ്ങളുടെ കർത്താവു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സോദോമെപ്പോലെ ആകുമായിരുന്നു. (റോമ, 9:29) <×> (1:9).

40. നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം. (റോമ, 10:15) <×  (52:7).

41. എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി. (റോമ, 10:20) <×> (65:1).

42. ദൈവം ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു. (റോമ, 11:8) <×> (29:10).

43. വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും. (റോമ, 10:27) <×> (59:20).

44. കർത്താവിൻ്റെ മനസ്സറിഞ്ഞവൻ ആർ? അവനു മന്ത്രിയായിരുന്നവൻ ആർ? (റോമ, 1134-35, 1കൊരി, 2:16) <×> (40:13).

45. നിങ്ങളെത്തന്നെ ബുദ്ധിമാൻ എന്നു വിചാരിക്കരുത്. (റോമ, 12:16) <×> (5:21).

46. എന്നാണ എൻ്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും. (റോമ, 14:11) <×> (45:23).

47. യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും. (റോമ, 15:12, വെളി, 22:16) <×> (11:1,10).

48. അവനെക്കുറിച്ചു അറിവു കിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും. (റോമ, 5:21) <×> (52:15).

49. ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും. (1കൊരി, 1:19) <×> (29:14).

50. ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല. (1കൊരി, 2:9) <×> (64:4).

51. തിന്നുക കുടിക്ക, നാളെ ചാകുമല്ലോ. (1കൊരി, 15:32)  (22:13).

52. മരണം നീങ്ങി ജയം വന്നിരിക്കുന്നു. (1കൊരി, 15:54) <×> (25:8).

53. പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. (2കൊരി, 5:18) <×> (43:18).

54. പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു. (2കൊരി, 6:2) <×> (49:8).

55. അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ. (2കൊരി, 6:17) <×> (52:11).

56. പ്രസവിക്കാത്ത മച്ചിയെ, ആനന്ദിക്ക; നോവുകിട്ടാത്തവളെ, പൊട്ടി ആർക്കുക. (ഗലാ, 4:27) <×> (54:1).

57. അവൻ ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും, സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. (എഫെ, 5:17) <×> (57;19).

58. രക്ഷ എന്ന ശിരസ്ത്രവും, ദൈവവചനം എന്ന ആത്മാവിൻ്റെ വാളും. (എഫെ, 6:17) <×> (59:17).

59. കർത്താവായ യേശു തൻ്റെ വായിലെ ശ്വാസത്താൽ ഒടുക്കി. (2തെസ്സ, 2:8) <×> (11:4).

60. ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും. (എബ്രാ, 2:13) <×> (8:18).

61. എതിരാളികളെ ദഹിപ്പിക്കുന്ന ക്ലോധാഗ്നിയുമേയുള്ളു. (എബ്രാ, 1027) <×> (64:1).

62. ആകയാൽ തളർന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവർത്തുവിൻ. (എബ്രാ, 12:12-13) <×> (35:3).

63. ധനവാനോ പുല്ലിൻ്റെ പൂപോലെ കൊഴിഞ്ഞു പോകുന്നവനാകയാൽ. (യാക്കോ, 1:10) <×  (40:6).

64. അവൻ പാപം ചെയ്തിട്ടില്ല; ആവൻ്റെ വായിൽ വഞ്ചന ഒന്നും ഇല്ലായിരുന്നു. (1പത്രൊ, 2:22) <×> (53:9).

65. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിനു അവൻ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിൽ കയറി. (1പത്രൊ, 2:24) <×> (53:4-5).

66. അവരുടെ ഭീഷണത്താൽ ഭയപ്പെടുകയും കലങ്ങുകയുമരുത്; ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. (1പത്രൊ, 3:14) <×> (8:12-13).

67. നാം അവൻ്റെ വാഗാദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു. (2പത്യൊ, 3:13) <×> (65:17).

68. ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും അവനെ കുത്തിത്തുളെച്ചവരും അവനെ കാണും. (വെളി, 1:7) <×> (40:5).

69. ഞാൻ അല്ഫയും ഒമേഗയും ആകുന്നു. (വെളി, 1:8) <×> (41:4). 

70. അവൻ്റെ വായിൽനിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു. (വെളി, 1:16) <×> (49:2).

71. ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. (വെളി, 1:17) <×> (44:6).

72. ആരും അടെക്കാതെവണ്ണം തുറക്കുകയും ആരും തുറക്കാതെവണ്ണം അടക്കുകയും ചെയ്യുന്നവൻ. (വെളി, 3:7) <×> (22:22).

73. അവർ നിൻ്റെ കാല്ക്കൽ വന്നു നമസ്കരിപ്പാനും. (വെളി, 3:9) <×> (60:14).

74. നാലു ജീവികളും ഓരോന്നിനു ആറാറു ചിറകുള്ളതായിരുന്നു. (വെളി, 4:8) <×> (6:2).

75. ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു. (വെളി, 5:6) <×> (53:7).

76. അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു. (വെളി, 6:13) <×> (34:4).

77. സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു. (വെളി, 6:15-16) <×> (2:9-10).

78. ഇനി അവർക്കു വിശകയില്ല ദാഹിക്കയും ഇല്ല.; വെയിലും യാതൊരു ചൂടും തട്ടുകയില്ല. (വെളീ, 7:16) <×> (49:10).

79. ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. (വെളി, 7:17) <×> (25:8).

80. അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു; സകവജാതികളെയും മേയ്പാനുള്ള ആൺകുട്ടിയെ പ്രസവിച്ചു. (വെളി, 12:2,5) <×> (66:7).

81. അവരുടെ ദണ്ഡനത്തിൻ്റെ പുക എന്നേക്കും പൊങ്ങും. (വെളി, 14:11, 19:3) <×> (34:10).

82. പിന്നെ വെളുത്തോരു മേഘവും മഘത്തിന്മേൽ മനുഷ്യപുത്രനു സദൃശനായവനെയും കണ്ടു. (വെളി, 14:14) <×> (19:1).

83. വീണുപോയി മഹതിയാം ബാബിലോൺ വീണുപോയി. (വെളി, 18:2) <×> (21:9).

84. ദുർഭൂതങ്ങളുടെ പാർപ്പിടവും ….. അറെപ്പുള്ള സകല പക്ഷികളുടെ തടവുമായിത്തീർന്നു. (വെളി, 18:2) <×> (13:21).

85. എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെ വിട്ടുപോരുവിൻ. (വെളി, 18:4) <×> (52:11).

86. അവൾ തന്നെത്താൻ മഹത്വപ്പെടുത്തി … ഞാൻ വിധവയല്ല; ദു:ഖം കാൺകയില്ല. (വെളി, 18:7-9) <×> (47:7-9).

87. വൈണികന്മാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹഴകാർ എന്നിവരുടെ സ്വരം നിന്നിൽ ഇനീ കേൾകയില്ല. (വെളി, 18:22) <×> (24:8).

88. അവൾക്കു ശുദ്ധവു ശുഭ്രവുമായള വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു. (വെളി, 19:8) <×> (61:10).

89. മഹാദൈവത്തിൻ്റെ അത്താഴത്തിനു വന്നു കൂടുവിൻ. (വെളി, 19:18) <×> (34:6).

90. മൃഗത്തെയും കള്ളപ്രവാചകനെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളികളഞ്ഞു. (വെളി, 19;20) <×> (30:33).

91. ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. (വെളി, 21;1) <×> (65:17).

92. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ തുടെച്ചുകളയും; ഇനി മരണം ഉണ്ടാകുകയില്ല. (വെളി, 21:4) <×> (25:8).

93. ദു:ഖവും മുറവിഴിയും കഷ്ടതയും ഇനി ഉണ്ടാകുകയില്ല. (വെളി, 21:5) <×> (65:19).

94. ഇതാ, ഞാൻ സകലവും പുതുതാക്കുന്നു. (വെളി, 21:5) <×> (43:19).

95. ദാഹിക്കുന്നവനു ജീവനീരിറവിൽ നിന്നു സൗജന്യമായി കൊടുക്കും. (വെളി, 21:6, 22:17) <×> (55:1).

96. നഗരമതിലിൻ്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കോന്നു. (വെളി, 21:19) <×> (54:11-12).

97. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു. (വെളി, 21:23, 22:5) <×> (60:19).

98. ജാതികൾ അതിൻ്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും. (വെളി, 21:24) <×> (60:3).

99. ഭോഷ്കു പ്രവർത്തിക്കുന്ന ആരും അതിൽ കടക്കയില്ല. (വെളി, 21:27) <×> (52:1).

100. ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെമേൽ പ്രകാശിക്കും. (വെളി, 22:5) <×> (24:23).

101. ഇതാ, ഞാൻ വേഗം വരുന്നു; ഓരൊരുത്തനു അവനവൻ്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കും. (വെളി, 22:12) <×> (40:10).

102. ഞാൻ അല്ഫയും ഒമേഗയും ഒന്നാമത്തവനും ഒടുക്കത്തവനും ആദിയും അന്തവു ആകുന്നു. (വെളി, 22:13) <×> (44:6).

യിസ്രായേൽ

യിസ്രായേൽ (Israel)

ആധുനിക യിസ്രായേൽ

‘ദൈവത്തിന്റെ പോരാളി’ എന്നർത്ഥം. തിരുവെഴുത്തുകളിൽ ‘യിസ്രായേൽ’ എന്ന നാമത്തിനു നാലു അർത്ഥതലങ്ങളുണ്ട്. 1. യിസ്ഹാക്കിന്റെ പുത്രനായ യാക്കോബ് എന്ന വ്യക്തി. 2. യാക്കോബിന്റെ സന്തതികളായ പന്ത്രണ്ടു ഗോത്രങ്ങൾ. 3. അവിഭക്ത യിസ്രായേൽ. 4. വിഭക്ത യിസ്രായേൽ. 

പെനീയേലിൽ വച്ച് യാക്കോബ് ഒരു രാത്രി ദൈവദൂതനുമായി മല്ലുപിടിച്ചു. അതിൽ യാക്കോബ് ജയിച്ചു. അതിന്റെ ഫലമായി “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” എന്നു യഹോവ പറഞ്ഞു. (ഉല്പ, 32:28). ബേഥേലിൽ വച്ച് യഹോവ വീണ്ടും യാക്കോബിനെ സന്ദർശിച്ചു പറഞ്ഞു; “നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നേ പേരാകേണം എന്നു കല്പിച്ചു അവനു യിസ്രായേൽ എന്നു പേരിട്ടു.” (ഉല്പ, 35:10). അതിനുശേഷം യാക്കോബിനു പകരം യിസ്രായേൽ എന്ന പേര് പഴയനിയമത്തിൽ പ്രചുരമായി പ്രയോഗിച്ചിരിക്കുന്നതു കാണാം. യാക്കോബിന്റെ പ്രന്തണ്ടു പുത്രന്മാരും അക്ഷരാർത്ഥത്തിൽ യിസ്രായേലിന്റെ പുത്രന്മാർ ആണ്. (ഉല്പ, 42:5; 45:21). യാക്കോബിന്റെ പിൻഗാമികൾ യിസ്രായേൽ മക്കൾ (ബെനേ യിസായേൽ) എന്നറിയപ്പെട്ടു. (ഉല്പ, 46:8). യിസ്രായേലിന്റെ പന്ത്രണ്ടു മക്കളിൽ ആരംഭിച്ച ആ രാഷ്ട്രം ‘യിസായേൽ’ (ഉല്പ, 34:7), ‘യിസ്രായേൽ ജനം’ (പുറ, 1:9), ‘യിസ്രായേൽ (12) ഗോത്രങ്ങൾ’ (ഉല്പ, 49:16, 28), ‘യിസ്രായേൽ മക്കൾ’ (ഉല്പ, 32:32) എന്നീ പേരുകളിൽ അറിയിപ്പെട്ടു. ഈജിപ്റ്റിലെ രാജാവായ മെറെൻപ്തായുടെ ലിഖിതമാണ് യിസ്രായേൽ എന്ന രാഷ്ട്രത്തെക്കുറിച്ചു ആദ്യമായി പരാമർശിച്ചിട്ടുള്ള ബാഹ്യരേഖ, ബി.സി. 1230-ലേതാണത്. അടുത്ത പരാമർശം അശ്ശൂർ രാജാവായ ശല്മനേസർ മൂന്നാമന്റെ ലിഖിതത്തിലാണ്. (853 ബി.സി). യിസ്രായേൽ രാജാവായ ആഹാബിനെക്കുറിച്ച് അതിൽ പറഞ്ഞിട്ടുണ്ട്. മറ്റൊരു പ്രശസ്തി ശിലയിൽ (830 ബി.സി) അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്, ‘യിസായേൽ എന്നേക്കുമായി നശിച്ചു.’ 

യിസ്രായേലിന്റെ ആരംഭം: യിസ്രായേലിന്റെ ചരിത്രാരംഭം ഈജിപ്റ്റിൽ നിന്നുള്ള പുറപ്പാടു മുതലാണ്. കനാൻ ദേശത്തു ഭയങ്കരമായ ക്ഷാമം ബാധിച്ചപ്പോൾ ഇടയന്മാരായിരുന്ന അവരുടെ പൂർവ്വപിതാക്കന്മാർ ഭക്ഷണപദാർത്ഥങ്ങൾക്കായി ഈജിപ്റ്റിലേക്കു വരികയും ഗോശെൻ ദേശത്തു പാർപ്പുറപ്പിക്കുകയും ചെയ്തു. ഉദ്ദേശം പത്തു തലമുറകൾ കൊണ്ട് യിസ്രായേൽ മക്കൾ പുരുഷന്മാർ മാത്രം ആറുലക്ഷം ഉൾക്കൊള്ളുന്ന മഹാസമുഹമായി വർദ്ധിച്ചു. (പുറ, 12:37; സംഖ്യാ, 1:46). ഇവരുടെ അമിതമായ വർദ്ധനവു ഭരണാധികാരികളുടെ അസൂയയ്ക്കും ഭയത്തിനും കാരണമായി. അവർ യിസ്രായേല്യരെ വളരെയധികം പീഡിപ്പിക്കുകയും അവരെക്കൊണ്ടു ഊഴിയവേല ചെയ്യിപ്പിക്കുകയും ചെയ്തു. യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു. ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിയമം ഓർത്തു. (പുറ, 2:24-25). ദൈവം കത്തുന്ന മുൾപ്പടർപ്പിൽ മോശെക്കു പ്രത്യക്ഷനായി യിസ്രായേൽ ജനത്തെ മോചിപ്പിക്കുവാൻ മോശെയെ നിയോഗിച്ചു. (പുറ, 3:10). പത്തു ബാധകളിലൊടുവിലത്തേതായ കടിഞ്ഞൂൽ സംഹാരത്തിനു ശേഷമാണു കഠിനഹൃദയനായ ഫറവോൻ യിസ്രായേൽ മക്കളെ വിട്ടയച്ചത്. പുറപ്പാടിന്റെ 480-ാം വർഷത്തിലാണ് ശലോമോൻ ദൈവാലയം പണിയുവാൻ തുടങ്ങിയത്. അത് ബി.സി. 966-ലായിരുന്നു. (1രാജാ, 6:1). ഈ കണക്കനുസരിച്ച് പുറപ്പാട് സു. 1446 ബി.സി.യിലായിരിക്കണം. 

മോശെയുടെ നേതൃത്വത്തിൽ അവർ ഈജിപ്റ്റിൽ നിന്നും വളരെ കഷ്ടതകൾ സഹിച്ച് പദയാത്ര ചെയ്തു വാഗ്ദത്ത നാട്ടിലെത്തി. യാത്രാമദ്ധ്യേ സീനായി പർവ്വതത്തിൽ വച്ച് അവർ യഹോവയുമായി കൂടുതൽ അടുത്തു. അപ്പോൾ യഹോവയെ യിസ്രായേൽ ജനത പൂർണ്ണമായി അംഗീകരിച്ചു. യഹോവ യിസ്രായേലുമായി നിയമം ചെയ്തു. അവർക്കു വാഗ്ദത്തം നല്കി. “ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കുകയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജാതികളിലും വെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിത രാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽ മക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.” (പുറ, 19:5,6). സീനായി പർവ്വത്തിൽ വച്ച് ‘പത്തു കല്പനകൾ’ യിസ്രായേൽ മക്കൾക്കു നല്കി. അന്യദേവന്മാർക്ക് അസ്തിത്വം ഉണ്ടോ ഇല്ലയോ എന്നത് മോശെയുടെയോ അനുയായികളുടെയാ ചിന്തയിൽ സ്ഥാനം പിടിച്ചില്ല. യഹോവയെ പരമോന്നത ദൈവമായി അവർ അംഗീകരിച്ചുകഴിഞ്ഞു. ഇതിനെ ഏകദൈവവിശ്വാസം എന്നു വിളിക്കുന്നു. മോശെ യിസ്രായേലിന്റെ ആദ്യത്തെ നിയമദാതാവു മാത്രമായിരുന്നില്ല. അദ്ദേഹം ഒരു പ്രവാചകനും പുരോഹിതനും രാജാവും ആയിരുന്നു. ജനത്തിന്റെ വ്യവഹാരങ്ങളിൽ മോശെ തീർപ്പു കല്പിച്ചു. മതതത്വങ്ങൾ അവർക്കു വ്യാഖ്യാനിച്ചു മനസ്സിലാക്കിക്കൊടുത്തു. മോശെയുടെ മരണശേഷം അവർ പഴയ അടിമകളെപ്പോലെ ആയിരുന്നില്ല. കനാൻദേശം കീഴടക്കാനും താമസിക്കാനും ശക്തിയാർജ്ജിച്ച ഒരു സൈന്യമായി അവർ മാറിക്കഴിഞ്ഞു. 

യിസ്രായേൽ ജനത കനാൻ ദേശത്ത് എത്തുന്നതിനു മുൻപുതന്നെ അവരുടെ പ്രന്തണ്ടു ഗോത്രങ്ങളും ഒരു സഖ്യത്തിലേർപ്പെട്ടു കഴിഞ്ഞിരുന്നു. അവരുടെ ഉടമ്പടിബദ്ധ ഐക്യത്തിന്റെ അടയാളമാണ് നിയമപെട്ടകം. അവർ ഒരിടത്തു താവളമടിക്കുമ്പോൾ സമാഗമനകൂടാരം പാളയത്തിനു മദ്ധ്യത്തിലായിരിക്കും. നിയമപ്പെട്ടകം സമാഗമനകൂടാരത്തിൽ അതിവിശുദ്ധ സ്ഥലത്തു സൂക്ഷിച്ചിരുന്നു. കേന്യർ, കെനിസ്യർ, യെരഹ്മെല്യർ മുതലായവരുമായി യിസ്രായേല്യർക്ക് ബന്ധം ഉണ്ടായിരുന്നു. പില്ക്കാലത്തു ഇവരെല്ലാം യെഹൂദാഗോത്രവുമായി ഇഴുകിച്ചേർന്നു. യിസ്രായേല്യർ തലമുറ തലമുറകളായി അമാലേക്യരുമായി ശത്രുതയിലാണ്. ഒരിടത്തു സ്ഥിരമായി താമസിച്ചു കൃഷിചെയ്ത് ജീവിക്കുന്ന കനാന്യരോടുള്ള സഖ്യതയും നാടോടികളായ ഇടയന്മാരോടുള്ള സഖ്യതയും തമ്മിൽ വ്യത്യാസമുണ്ട്. കനാന്യരുടെ കാമപൂരിതമായി അനുഷ്ഠാനങ്ങളോടു കൂടിയ പ്രകൃതിപൂജ യഹോവയുടെ ആരാധനയ്ക്ക് എതിരാണ്. 

മരുഭൂമി പ്രയാണകാലത്തു ‘കാദേശ് ബർന്നേയ’ ആയിരുന്നു അവരുടെ കേന്ദ്രം. ആ പ്രദേശം അവരുടെ വിശുദ്ധമന്ദിര സ്ഥാനവും (പേര് അതു വ്യക്തമാക്കുന്നു) പരാതികൾ കേട്ട് വിധി കല്പിക്കുന്ന സ്ഥലവും (അന്യനാമമായ എൻമിഷ്പാത്ത്) ആയിരുന്നു. അവർ കാദേശ് ബർന്നേയയിൽ നിന്നും യാത്ര തിരിച്ചപ്പോൾ അവരിൽ കുറച്ചുപേർ വടക്കു മധ്യനെഗീവീലേക്കു കടന്നു. എന്നാൽ അധികം പേരും ചാവുകടലിന്റെ തെക്കു കിഴക്കു ഭാഗത്തേക്കു ഏദോമ്യർ, അമ്മോന്യർ, മോവാബ്യർ എന്നിവരുടെ അതിരിലൂടെ കടന്നുപോയി. അകലെ വടക്കു അമോര്യ രാജാക്കന്മാരായ സീഹോന്റെയും ഓഗിന്റെയും സാമ്രാജ്യങ്ങൾ സ്ഥിതിചെയ്തിരുന്നു. സീഹോനും ഓഗും യിസ്രായേല്യരെ എതിർത്തു. എന്നാൽ യിസ്രായേല്യർ അവരെ തോല്പിച്ചു അവരുടെ പ്രദേശങ്ങൾ പിടിച്ചെടുത്തു. ഈ പ്രദേശങ്ങൾ പില്ക്കാലത്ത് രൂബേൻ, ഗാദ്, പൂർവ്വ മനശ്ശെ എന്നീ പേരുകളിലറിയപ്പെട്ടു. യോർദ്ദാൻ കടക്കുന്നതിനു മുമ്പുതന്നെ യിസ്രായേല്യ സമൂഹത്തിലൊരു ഭാഗം കർഷകരായി മാറിക്കഴിഞ്ഞു. (സംഖ്യാ, 32). ശേഷിച്ച ഗോത്രങ്ങൾക്കു പശ്ചിമ കനാൻ വിഭജിച്ചു നല്കാനുള്ള ക്രമീകരണം മോശൈ ചെയ്തു. (സംഖ്യാ, 33-34). ഇക്കാലത്ത് യിസ്രായേലിനെ ശപിക്കാൻ ബിലെയാമിനെ കൊണ്ടുവന്നപ്പോൾ ബിലെയാം യിസ്രായേലിനെ അനുഗ്രഹിക്കുകയും മശീഹയുടെ ആഗമനത്തെ മുന്നറിയിക്കുകയും ചെയ്തു. “ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽ നിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽ നിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.” (സംഖ്യാ, 24:17). അനന്തരം മോശെ തന്റെ പിൻഗാമിയായി യോശുവയെ അഭിഷേകം ചെയ്തു. (സംഖ്യാ, 27:33). നെബോ പർവ്വതത്തിൽ പിസ്ഗാ മുകളിൽ കയറി വാഗ്ദത്തദേശം കണ്ടശേഷം മോശെ മരിച്ചു. യഹോവ അവനെ അടക്കി. (ആവ, 34:5,6). 

കനാൻ ആക്രമണം: യിസ്രായേല്യർ യോർദ്ദാൻ കടന്നതിനുശേഷം യെരീഹോ മതിൽ നശിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. അതിനുശേഷം അവർ ആ പ്രദേശത്തിന്റെ ഹൃദയഭാഗത്തേക്കു ചെന്നു. കോട്ടകൾ ഓരോന്നായി അവരുടെ മുമ്പിൽ വീണു. ഈജിപ്റ്റ് കനാന്യരെ സഹായിക്കുവാനുള്ള ഒരു നിലയിലായിരുന്നില്ല. പടിഞ്ഞാറെ തീരത്തുള്ള ഒരു റോഡു മാത്രമെ ഈജിപ്റ്റിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നുള്ളു. മാത്രവുമല്ല, ഫെലിസ്ത്യർ ഈ പ്രദേശത്തു ഈജിപ്ഷ്യൻ ശക്തിയുടെ വളർച്ചയ്ക്ക് വിഘ്നമായി നിലകൊണ്ടു. ദക്ഷിണഭാഗത്ത് ഗിബെയോൻ കീഴടങ്ങുകയും തന്ത്രപൂർവ്വം നാശം ഒഴിവാക്കുകയും ചെയ്തു. (യോശു, 9:15). ഇതിൽ പ്രകോപിതരായ അഞ്ചു രാജാക്കന്മാർ യെരൂശലേം രാജാവിന്റെ നേതൃത്വത്തിൽ യിസ്രായേല്യരുടെ തെക്കു ഭാഗത്തേക്കുള്ള നീക്കത്തെ തടഞ്ഞു. തെക്കുള്ള ഗിബെയോന്യരും ഹിവ്യരും യിസ്രായേല്യർക്കു കീഴടങ്ങിയിരുന്നു. യിസ്രായേല്യർ ഈ അഞ്ചു പേരടങ്ങുന്ന സഖ്യത്തെ ബേത്ത്-ഹോരെനിൽ വച്ചു തോല്പിക്കുകയും തെക്കു ഭാഗത്തേക്കുള്ള പാത ആക്രമണകാരികൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു. കനാന്യരുടെ തേർപ്പട ഇവരെ തടഞ്ഞുവെങ്കിലും അവർ വേഗം മധ്യദക്ഷിണ മലമ്പ്രദേശങ്ങളും ജെസ്രീൽ സമഭൂമിക്കു വടക്കുള്ള ഗലീലാ പ്രദേശങ്ങളും കീഴടക്കി. യിസ്രായേലിൽ മെഡിറ്ററേനിയൻ മുതൽ യോർദ്ദാൻ വരെയുള്ള കോട്ടകൾ വടക്കുഭാഗത്തു താമസിച്ചിരുന്ന യിസായേല്യ ഗോത്രങ്ങളെ മദ്ധ്യ കനാനിലെ ഗോത്രക്കാരിൽ നിന്നും ഒറ്റപ്പെടുത്തിക്കളഞ്ഞു. ഇരുനൂറു വർഷങ്ങളായി കനാന്യരുടെ അധികാരത്തിലിരുന്ന യെഹൂദയെ യെരുശലേം കോട്ട കെട്ടി മധ്യഭാഗത്തുള്ള ഗോത്രക്കാരിൽ നിന്നും അകറ്റി. യിസ്രായേലിലെ പട്ടാള മേധാവികൾക്കെതിരെ വടക്കും മധ്യഭാഗത്തുള്ളതുമായ ഗോത്രക്കാർ തിരിഞ്ഞു. അവിടെ യുദ്ധം ഉണ്ടായി; പെട്ടെന്നു ഒരു കൊടുങ്കാറ്റടിച്ചു ജലം പൊങ്ങിയതു കൊണ്ട് കനാന്യരുടെ രഥപ്പടയ്ക്ക് യുദ്ധം ചെയ്യാനായില്ല. അങ്ങനെ യിസ്രായേല്യർ കീശോൻ യുദ്ധത്തിൽ വിജയം കൈവരിച്ചു. വടക്കും മധ്യഭാഗത്തും ഉള്ള ഗോത്രക്കാർക്ക് വീണ്ടും വെല്ലുവിളികൾ നേരിടേണ്ടതായി വന്നു. എന്നാൽ യെഹൂദ മറ്റുള്ള ഗോത്രങ്ങളിൽ നിന്നും അകന്നു കിടന്നതുകൊണ്ട് അവരെ ഇതൊന്നും ബാധിച്ചില്ല. 

ന്യായാധിപന്മാർ: കനാന്യരെ പൂർണ്ണമായി നീക്കിക്കളയണം എന്നു യഹോവ യിസ്രായേല്യരോടു കല്പിച്ചിരുന്നു. (ആവ, 7:2). അതനുസരിച്ചു യെഹൂദാമക്കൾ യെരുശലേമിനോടു യുദ്ധം ചെയ്ത നഗരം തീയിട്ടു ചുട്ടുകളഞ്ഞു. (ന്യായാ, 1:8). എഫ്രയീമും പശ്ചിമ മനശ്ശെയും ബേഥേലിനെ നശിപ്പിച്ചു. (ന്യായാ, 1:25). യിസ്രായേല്യർ കനാന്യരെ ഒഴിപ്പിക്കാതെ തങ്ങളുടെ ഇടയിൽ പാർക്കാൻ അനുവദിച്ചു. തത്ഫലമായി യിസ്രായേലിനു പരാജയം നേരിട്ടു തുടങ്ങി. ദാന്യരെ അമോര്യർ താഴ്വരയിലേക്കിറങ്ങാൻ സമ്മതിക്കാതെ മലനാട്ടിൽ ഒതുക്കിക്കളഞ്ഞു. (ന്യായാ, 1:27-34). യഹോവയെ വിട്ടകന്നു അന്യദൈവങ്ങളെ സേവിച്ച യിസ്രായേൽ ജനത്തെ ജാതികൾ ഞെരുക്കി; കവർച്ചക്കാർ അവരെ കൊള്ളയടിച്ചു. ഈ ഘട്ടത്തിൽ അവരെ രക്ഷിക്കാൻ ദൈവം ന്യായാധിപന്മാരെ എഴുന്നേല്പിച്ചു. പതിനാലു ന്യായാധിപന്മാരുടെ കാലം (ന്യായാധിപന്മാരിൽ പ്രന്തണ്ടും 1ശമുവേലിൽ ഏലിയും ശമുവേലും) യിസ്രായേലിന്റെ പിന്മാറ്റത്തിന്റെയും പുന:സ്ഥാപനത്തിന്റെയും കാലമായിരുന്നു. 

ന്യായാധിപന്മാരുടെ കാലത്ത് യിസ്രായേലിനെ ഞെരുക്കുകയും പീഡിപ്പിക്കുകയും ചെയ്ത ജാതികൾ അനേകമാണ്. പലസ്തീനു വടക്കുള്ള ഹിത്യരും, തെക്കുള്ള മിസ്രയീമ്യരും യിസ്രായേൽ മക്കളെ കഷ്ടപ്പെടുത്തി. യിസ്രായേലിനുണ്ടായ ആദ്യപീഡനം മെസൊപൊത്താമ്യയിലെ രാജാവായി ‘കുശൻ രിശാഥയീമിൽ’ നിന്നായിരുന്നു. ഒത്നീയേൽ കുശൻ രിശാഥയീമിനെ തോല്പിച്ചു. തുടർന്നു നാല്പതു വർഷം ദേശത്തിനു സ്വസ്ഥത ലഭിച്ചു. (ന്യായാ, 3:8-11). മോവാബു രാജാവായ എഗ്ലോനെ യിസ്രായേല്യർ പതിനെട്ടു വർഷം സേവിച്ചു. ഏഹൂദ് മോവാബ്യരിൽ നിന്നും യിസ്രായേലിനെ മോചിപ്പിച്ചു. തുടർന്നു ദേശത്തിനു എൺപതു വർഷം സ്വസ്ഥത ലഭിച്ചു. (ന്യായാ, 3:12-30). സഞ്ചാരജാതികളായ മിദ്യാന്യരും അമാലേക്യരും യിസ്രായേലിനെ കൊള്ളയടിച്ചു. അവരിൽ നിന്ന് യിസ്രായേലിനെ രക്ഷിച്ചതു ഗിദെയോനായിരുന്നു. (ന്യായാ, 6;1-8:35). ഗിദെയോന്റെ മകനായ അബീമേലെക്കു യിസ്രായേലിൽ രാജാവാകാൻ ശ്രമം നടത്തി. തുടർന്നുണ്ടായ കുഴപ്പത്തിൽ നിന്നു മോചനം നല്കിയതു തോലയും യായീരും ആയിരുന്നു. യിസ്രായേൽമക്കൾ യഹോവയ്ക്കു അനിഷ്ടമായതു പ്രവർത്തിച്ചു. ദൈവം അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു. അമ്മോന്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും ഉള്ളവരായിരുന്നു. യിഫ്താഹ് അമ്മോന്യരിൽ നിന്നും യിസ്രായേലിനെ വിടുവിച്ചു. 

യിസായേല്യ സ്വാതന്ത്യത്തിനു കഠിനമായ എതിർപ്പു നേരിടേണ്ടി വന്നതു പടിഞ്ഞാറുഭാഗത്തു നിന്നായിരുന്നു. യിസ്രായേല്യർ യോർദ്ദാൻ കടന്നു വളരെക്കാലം കഴിയുന്നതിനു മുൻപ് ഏജിയൻ ദ്വീപിൽ നിന്നും തീരദേശത്തു നിന്നും സമുദ്രജനത കൂട്ടമായി കനാന്റെ പടിഞ്ഞാറെ തീരത്ത് താമസമുറപ്പിക്കുകയും അഞ്ച് നഗരരാഷ്ട്രങ്ങൾ രൂപികരിക്കുകയും ചെയ്തു. അവ അസ്തോദ്, അസ്ക്കെലോൻ, എക്രോൻ, ഗസ്സ, ഗത്ത് എന്നിവയായിരുന്നു. ഈ ഫെലിസ്ത്യർ കനാന്യരുമായി വിവാഹത്തിലേർപ്പെടുകയും ഭാഷയിലും മതത്തിലും അവർ പെട്ടെന്നു കനാന്യരാവുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ സൈനിക കാര്യങ്ങളിലും മറ്റും അവർ തങ്ങളുടെ മാതൃരാജ്യത്തിന്റെ നിയമങ്ങളെ പിൻതുടർന്നു. പഞ്ചനഗരത്തിൽ അധികാരം സ്ഥാപിച്ചു കഴിഞ്ഞശേഷം അവർ തങ്ങളുടെ അധികാരം യിസ്രായേലിന്റെ കൈവശത്തുള്ള പ്രദേശത്തു കൂടെ വ്യാപിപ്പിക്കുവാൻ ശ്രമിച്ചു. യിസ്രായേല്യർ സൈനിക ബലത്തിൽ പിന്നോക്കമായിരുന്നു. ഫെലിസ്ത്യർക്ക് ഇരുമ്പായുധങ്ങൾ നിർമ്മിക്കാൻ അറിയാമായിരുന്നു. അത് അവരുടെ കുത്തകയായി നിലനിന്നു. യിസ്രായേല്യർ കൃഷി ചെയ്യുന്നതിനു ഇരുമ്പായുധങ്ങൾ ഉപയോഗിക്കുമ്പോൾ ഫെലിസ്ത്യർ പറയുമായിരുന്നു; “നിങ്ങൾ ഞങ്ങളുടെ കൊല്ലന്മാരുടെ അടുക്കൽ ആയുധങ്ങൾ മൂർച്ച കൂട്ടാനായി വരേണ്ടിവരും.” യിസ്രായേല്യർക്കു ആയുധങ്ങൾ മൂർച്ചകൂട്ടാനറിഞ്ഞുകൂടായിരുന്നു. 

ജെസ്രീൽ മുതൽ യോർദ്ദാൻ വരെ ഫെലിസ്ത്യർ തങ്ങളുടെ സാമാജ്യം വികസിപ്പിച്ചു. അവരുടെ അധികാരം യിസ്രായേല്യരുടെ അസ്തിത്വത്തിനു ഭീഷണിയായില്ലങ്കിലും അവരുടെ ദേശീയതയെ ബാധിച്ചു. എഫ്രയീമിലെ ശീലോവിലായിരുന്നു വിശുദ്ധമന്ദിരം. അവിടെ നിയമപ്പെട്ടകം സൂക്ഷിച്ചിരുന്നു. അഹരോന്റെ വംശാവലിയിൽപ്പെട്ടവർ ഇവിടെ പൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ചിരുന്നു. ഫെലിസ്ത്യരോട് യുദ്ധം ഉണ്ടായപ്പോൾ യിസ്രായേല്യർ വിജയത്തിനായി നിയമപ്പെട്ടകം കൊണ്ടുവന്നു. ഈ യുദ്ധത്തിൽ ഏലിയും പുത്രന്മാരും മരിച്ചു. നിയമപ്പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുക്കുകയും ശീലോവും വിശുദ്ധമന്ദിരവും നശിപ്പിക്കുകയും ചെയ്തു. പൗരോഹിത്യം തുടച്ചു നീക്കപ്പെട്ടു (സു. 1050 ബി.സി). യിസ്രായേൽ ഗോത്രങ്ങളെ ഒരുമിച്ചു നിറുത്തിയിരുന്ന ദൃശ്യബന്ധങ്ങളെല്ലാം അപ്രത്യക്ഷമായി; അതോടൊപ്പം അവരുടെ രാഷ്ട്രീയ ഐക്യവും. എന്നാൽ യിസ്രായേലിന്റെ ഏറ്റവും വലിയ നായകനായ ശമൂവേലിന്റെ ഇടപെടൽ മൂലം അവരുടെ രാഷ്ട്രീയ ഐക്യം കൂടുതൽ കരുത്തുറ്റതായിത്തീർന്നു. മോശയെപ്പോലെ ശമൂവേലും ഒരു പ്രവാചകനും പുരോഹിതനും ന്യായാധിപനുമായിരുന്നു. അദ്ദേഹം യിസ്രായേൽ ജനത്തെ യഹോവയോടടുപ്പിച്ചു. ഏബനേസറിൽ വച്ചു നടന്ന രണ്ടാമത്തെ യുദ്ധത്തിൽ ശമുവേൽ പ്രവാചകൻ ഫെലിസ്ത്യരെ നിശ്ശേഷം പരാജയപ്പെടുത്തി. (1ശമൂ, 7:6-13). അനന്തരം ശമൂവേൽ പ്രവാചകൻ ന്യായാധിപന്റെ അധികാരങ്ങൾ പലതും അഴിമതിക്കാരായ പുത്രന്മാർക്കു നല്കി. (1ശമൂ, 8:3). വീണ്ടും ഫെലിസ്ത്യർ ക്രൂരന്മാരായി രംഗപ്രവേശം ചെയ്തു. അവർ അസംഘടിതരായ യിസ്രായേൽ ജനത്തെ കീഴടക്കാൻ ശ്രമിച്ചു. 

ഐക്യയിസ്രായേൽ: ശമൂവേൽ പ്രവാചകൻ വൃദ്ധനായപ്പോൾ അനന്തരാവകാശിയെ കുറിച്ചുള്ള പ്രശ്നമുയർന്നു. ജനം ഒരു രാജാവിനെ ആവശ്യപ്പെട്ടു. തങ്ങളുടെ യുദ്ധം ചെയ്യേണ്ടതിനു മറ്റു ജാതികൾക്കുള്ളതുപോലെ ഒരു രാജാവിനെ അവർ ആവശ്യപ്പെട്ടു. (1ശമൂ, 8:5, 20). ബെന്യാമീൻ ഗോത്രത്തിലെ ശൗലിനെ രാജാവായി അഭിഷേകം ചെയ്യുവാൻ യഹോവ ശമൂവേലിനെ അധികാരപ്പെടുത്തി. (1ശമൂ, 8:22; 10:10). ശൗലിന്റെ രാജത്വ സ്ഥീരീകരണത്തിനു മൂന്നു ഘട്ടങ്ങളുണ്ടായിരുന്നു. 1. ശമൂവേൽ പ്രവാചകൻ സ്വകാര്യമായി ശൗലിനെ അഭിഷേകം ചെയ്യുകയും ദൈവത്തിന്റെ ആത്മാവു അവന്റെ മേൽ വരികയും ചെയ്തു. (1ശമൂ, 10:10). 2. മിസ്പയിൽ വച്ചു ശൗലിനെ പരസ്യമായി തിരഞ്ഞെടുത്തു. (1ശമൂ, 10:24). 3. അമ്മോന്യരുടെ ആക്രമണത്തിൽ നിന്നും യാബേശ്-ഗിലെയാദിനെ മോചിപ്പിച്ചതിനുശേഷം ഗില്ഗാലിൽ വച്ചു ശൗലിന്റെ രാജത്വം പൊതുജന സമക്ഷം സ്ഥീരീകരിക്കപ്പെട്ടു. (1ശമൂ, 11). ശൗലിന്റെ നാല്പതു വർഷത്തെ ഭരണത്തിൽ പ്രധാനപ്രശ്നം ഫെലിസ്ത്യരായിരുന്നു. ശമൂവേലിന്റെ പാത പിൻതുടർന്നപ്പോൾ ശൗൽ എല്ലായിടത്തും വിജയം വരിച്ചു. ബെന്യാമീനിലെ ഗിബെയയായിരുന്നു തലസ്ഥാനം. അവിടെനിന്നും ശത്രുക്കളെയെല്ലാം തുരത്തി വീരപരാക്രമം കാട്ടി. (1ശമൂ, 14:47,48). യിസ്രായേലിന്റെ അജയ്യ ശത്രുക്കളായിരുന്ന അമാലേക്യരെ നശിപ്പിക്കണമെന്നു കല്പന കൊടുത്തിട്ടും ശൗൽ അനുസരിക്കാതെ അവരുടെ രാജാവിനെയും ദൈവത്തിനു വഴിപാടു അർപ്പിക്കാനെന്ന വ്യാജേന കൊള്ളയിലെ വിശിഷ്ടവസ്തുക്കളെയും കേടു കൂടാതെ സൂക്ഷിച്ചു. ‘അനുസരിക്കുന്നതു യാഗത്തേക്കാളും നല്ലതു’ എന്നു ശമൂവേൽ വ്യക്തമാക്കി. (1ശമൂ, 15:22). അനുസരണക്കേടു മൂലം രാജത്വത്തിൽ നിന്നും ശൗൽ നിഷ്ക്കാസിതനായി. യിശ്ശായീ പുത്രനായ ദാവീദിനെ ശമൂവേൽ പ്രവാചകൻ രഹസ്യമായി യിസ്രായേൽ രാജാവായി അഭിഷേകം ചെയ്തു. (1ശമൂ, 16:13). അഭിഷേകം ചെയ്യപ്പെടുമ്പോൾ ദാവീദിനു പതിനഞ്ചു വയസ്സിനടുത്തു പ്രായമേയുള്ളൂ. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിനെ ജയിച്ചതോടുകൂടി ദാവീദു പരക്കെ അറിയപ്പെട്ടു. ശൗലിന്റെ അസൂയ നിമിത്തം കൊട്ടാരം വിട്ടു പോകേണ്ടിവന്ന ദാവീദ് യുദ്ധങ്ങളിൽ പ്രഖ്യാതനായി. രാജാവിന്റെ വൈരം നിമിത്തം ദാവീദും കൂട്ടരും പ്രവാസികളായി. യെഹൂദയിൽ അവർ നിയമ ഭ്രഷ്ടരായി. ഒടുവിൽ ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ശൗൽ ദാവീദിനെ പിന്തുടരുന്ന കാലത്തു ഫെലിസ്ത്യർ യിസ്രായേലിന്റെ മേൽ മൂന്നാമതു ഒരാക്രമണത്തിനു വട്ടം കൂട്ടുകയായിരുന്നു. ബി.സി. 1010-ൽ ഗിൽബോവാ പർവ്വതത്തിൽ വച്ചു നടന്ന യുദ്ധത്തിൽ ശൗൽ ആത്മഹത്യ ചെയ്തു. 

ശൗലിന്റെ മരണത്തെക്കുറിച്ചറിഞ്ഞ ദാവീദ് ഹെബ്രാനിൽ പോയി. അവിടെവെച്ചു ദാവീദ് യെഹൂദാ ഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. (2ശമൂ, 2:4). എന്നാൽ ശൗലിന്റെ അനുകൂലികൾ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ വടക്കും കിഴക്കുമുള്ള ഗോത്രങ്ങൾക്കു രാജാവാക്കി. തുടർന്നുണ്ടായ ആഭ്യന്തരയുദ്ധത്തിൽ ദാവീദ് വിജയിച്ചു. ഹെബ്രോനിൽവച്ചു ദാവീദിനെ യിസ്രായേൽ ഗോത്രങ്ങളെല്ലാം രാജാവായി അംഗീകരിച്ചു. യിസ്രായേലിൽ നിന്നു ഫെലിസ്ത്യരെ തോല്പിച്ചോടിച്ചതു ദാവീദായിരുന്നു. ദാവീദ് യിസ്രായേലിനു രാജാവായി എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ വന്നു ദാവീദിനെ പിടിപ്പാൻ ശ്രമിച്ചു. ബാൽ-പെരാസീമിൽ വച്ചു ദാവീദ് അവരെ തോല്പിച്ചു. വീണ്ടും ദാവീദ് ഫെലിസ്ത്യരെ തോല്പിക്കുകയും അവരുടെ ഗത്ത് പിടിച്ചെടുക്കുകയും ചെയ്തു. ഭരണത്തിന്റെ ഏഴാം വർഷത്തിൽ ദാവീദ് യെരൂശലേം പിടിച്ചടക്കി തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി. യെരുശലേം ഒരു മതകേന്ദ്രമായി മാറി. പ്രവാസത്തിൽ നിന്നും നിയമപെട്ടകം തിരികെക്കൊണ്ടു വന്നു സീയോൻ മലയിലെ ആലയത്തിൽ സ്ഥാപിച്ചു. 

കനാൻ ദേശത്തു യിസ്രായേലിന്റെ സ്വാതന്ത്ര്യവും അധികാരവും സ്ഥാപിച്ചശേഷം ദാവീദ് പല പ്രദേശങ്ങളും കീഴടക്കി. ദാവീദിന്റെ സാമ്രാജ്യം ഈജിപ്തിന്റെ അതിർത്തി മുതൽ യൂഫ്രട്ടീസ് വരെ വ്യാപിച്ചിരുന്നു. യെരുശലേമിൽ യഹോവയ്ക്ക് ഒരു മന്ദിരം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. അധികം രക്തം ചിന്തിയതു കൊണ്ടു ദൈവാലയം പണിയുവാനുള്ള അധികാരം ദാവീദിനു നല്കിയില്ല. “യഹോവ നിനക്കൊരു ഗൃഹം ഉണ്ടാക്കുമെന്നു” പ്രവാചകൻ ദാവീദിനെ അറിയിച്ചു. (2ശമൂ, 7:11). ദാവീദിന്റെ സന്തതി സ്ഥിരപ്പെടുകയും അവൻ ആലയം പണിയുകയും ചെയ്യുമെന്നു ഉറപ്പു നല്കി. (2ശമൂ, 7:13,14). ദാവീദിന്റെ പില്ക്കാല ജീവിതം ശോഭനമായിരുന്നില്ല. വ്യഭിചാരം, കൊലപാതകം തുടങ്ങിയ പാപങ്ങൾക്കു വിധേയനായ അദ്ദേഹം പുത്രന്മാരെ നിയന്ത്രിച്ചില്ല. ഇവയുടെയൊക്കെയും ഫലം ദാവീദ് അനുഭവിച്ചു. അബ്ശാലോമിന്റെ മത്സരം ഉത്തര യിസ്രായേലും ദക്ഷിണ യെഹൂദയും തമ്മിലുള്ള വൈരം വളർത്തി. (2ശമൂ, 19:41-43). വളരെ വിസ്തൃതമായ സാമ്രാജ്യമാണു ദാവീദ് പുത്രനായ ശലോമോനു കൈമാറിയത്. 

രക്തച്ചൊരിച്ചിലോടു കൂടിയാണ് ശലോമോൻ സിംഹാസനത്തിൽ സ്ഥിരപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ വാഴ്ചക്കാലം സമാധാനപൂർണ്ണവും സംസ്കാരസമ്പന്നവും ആഡംബരഭരവുമായിരുന്നു. നാല്പതു വർഷത്തെ ഭരണത്തിൽ ഒരു യുദ്ധമാണു് ശലോമോനു ചെയ്യേണ്ടിവന്നത്. (2ദിന, 8:3). ഈജിപ്റ്റിലെ ഫറവോനുമായി വിവാഹ ബന്ധത്തിലൂടെ സഖ്യതനേടി. (1രാജാ, 3:1). അനുപമമായ ജ്ഞാനത്തിനു പ്രഖ്യാതി നേടിയ ശലോമോൻ സദൃശവാക്യങ്ങളും സഭാപ്രസംഗിയും ഉത്തമഗീതവും മറ്റനേകം കൃതികളും രചിച്ചു. ദാവീദ് സംഭരിച്ചു വച്ചിരുന്ന വസ്തുക്കളുപയോഗിച്ചു മനോഹരമായ യെരുശലേം ദൈവാലയം പണിതു. ദൈവാലയനിർമ്മാണത്തിനും മറ്റു വികസനപദ്ധതികൾക്കും കൊട്ടാരത്തിലെ നിത്യ ചെലവുകൾക്കുമായി രാജ്യത്തു ഭാരിച്ച നികുതി ചുമത്തുകയും നിർബ്ബന്ധമായ ഊഴിയവേല ഏർപ്പെടുത്തുകയും ചെയ്തു. നികുതിപിരിവിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി സാമ്രാജ്യത്തെ 12 ഭരണപരമായ ജില്ലകളായി തിരിച്ചു. നികുതിഭാരം ജനത്തിനു അസഹ്യമായിത്തീർന്നു. ഭരണകാലത്തിന്റെ ഒടുവിൽ ശലോമോനു കീഴടങ്ങിയിരുന്ന പല രാഷ്ട്രങ്ങളും സ്വത്രന്തമായി. ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ആധിക്യം (700 കുലീന പതികൾ + 300 വെപ്പാട്ടികൾ) ശലോമോന്റെ ആത്മിക തകർച്ചയ്ക്ക് കാരണമായി. കൂടിക്കലർച്ച അരുതെന്നു യഹോവ കല്പിച്ചിരുന്ന പരജാതീയരിൽ നിന്നായിരുന്നു ഇവരിലധികവും. ഇക്കാരണത്താൽ ശലോമോന്റെ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെടുമെന്നു യഹോവ അരുളിച്ചെയ്തു. (1രാജാ, 11:8-12). ബി.സി. 930-ൽ ശലോമോൻ മരിച്ചു. രാജത്വം ഉറപ്പിക്കുവാൻ രെഹബെയാം ശെഖേമിലേക്കു ചെന്നു. ശലോമോന്റെ സേച്ഛാധിപത്യത്തിൽ നിന്നുള്ള വിടുതൽ ജനം ആവശ്യപ്പെട്ടു. രെഹബെയാം അതു നിരസിച്ചപ്പോൾ വടക്കുള്ള പത്തു ഗോത്രങ്ങൾ വേർപെട്ടു എഫ്രയീമ്യനായ യൊരോബെയാമിന്റെ കീഴിൽ യിസ്രായേൽ രാജ്യമായിത്തീർന്നു. (1രാജാ, 12:4). അങ്ങനെ യിസ്രായേൽ തെക്ക് യെഹൂദാ എന്ന പേരിലും വടക്കു യിസ്രായേൽ എന്ന പേരിലും രണ്ടു രാജ്യങ്ങളായി. ദാവീദിന്റെയും ശലോമോന്റെയും പിൻഗാമികൾ യെരുശലേം തലസ്ഥാനമാക്കി യെഹൂദാ ഭരിച്ചു.

വിഭക്തയിസായേൽ: യിസ്രായേലിലെ പത്തു ഗോത്രങ്ങൾ യൊരോബെയാമിന്റെ കീഴിൽ യിസ്രായേൽ എന്നും തെക്കുള്ള രണ്ടു ഗോത്രങ്ങൾ (യെഹൂദയും ബെന്യാമീനും) യെഹൂദയെന്നും അറിയപ്പെട്ടു. യെഹൂദ മൂന്നുറ്റി അമ്പതോളം വർഷം (സു. 931-586 ബി.സി) നിലനിന്നു. ദാവീദിന്റെ വംശമാണു യെഹൂദയെ ഭരിച്ചത്. ഭൂവിസ്തൃതി, ഫലപുഷ്ടി, വിദേശവാണിജ്യ ബന്ധങ്ങൾ എന്നിവകളാൽ അനുഗൃഹീതമായിരുന്നു ഉത്തരയിസ്രായേൽ. എന്നാൽ സമ്പത്തിന്റെ ആധിക്യം അവരെ യഹോവയിൽ നിന്നകറ്റി. ഭരണത്തിന്റെ അസ്ഥിരതയായിരുന്നു യിസ്രായേലിനെ ബാധിച്ച ഏറ്റവും വലിയ പ്രശ്നം. വെറും 210 വർഷം (സു. 931-722 ബി.സി) നിലനിന്ന യിസ്രായേലിനെ ഭരിച്ചതു ഒമ്പതു രാജവംശങ്ങളാണ്. പത്തൊമ്പതു രാജാക്കന്മാർ യിസ്രായേലിനെ ഭരിച്ചപ്പോൾ ഇരുപതു രാജാക്കന്മാരാണ് യെഹൂദയെ ഭരിച്ചത്. ഒരു നല്ല രാജാവിനെ എടുത്തു കാണിക്കുവാൻ യിസ്രായേലിൽ ഇല്ലെന്നു തന്നെ പറയാം. ഏറ്റവുമധികം ദുഷ്ടത പ്രവർത്തിച്ച രാജാവായി ചിരപ്രതിഷ്ഠ നേടിയ നാമം ആഹാബിന്റേതാണ്.  

വിഭക്ത യിസ്രായേലിന്റെ സ്ഥാപകനായ യൊരോബെയാം ദാനിനെയും (വടക്കെ അറ്റം) ബേഥേലിനെയും (യെഹുദയുടെ അതിരിനടുത്ത്) ദേശീയ പ്രാധാന്യമുള്ള വിശുദ്ധമന്ദിര സ്ഥാനങ്ങളാക്കി മാറ്റി. ബേഥേലിലും ദാനിലും യൊരോബെയാം രണ്ടു സ്വർണ്ണ കാളക്കുട്ടികളെ ഉണ്ടാക്കി പ്രതിഷ്ഠിക്കുകയും യഹോവയ്ക്കു പകരം അവയെ ആരാധിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. യഹോവയുടെ അദൃശ്യ സിംഹാസനത്തിന്റെ ദൃശ്യപാദങ്ങളായിട്ടാണു ഈ കാളക്കുട്ടികളെ വിഭാവനം ചെയ്തത്. യെരുശലേം ദൈവാലയത്തിലെ സ്വർണ്ണ കെരൂബുകളുടെ സ്ഥാനമായിരുന്നു ഇവയ്ക്ക്. യൊരോബെയാമിന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിൽ മിസ്രയീമ്യർ ശീശക്കിന്റെ നേതൃത്വത്തിൽ രണ്ടു എബ്രായ സാമ്രാജ്യങ്ങളെയും ആക്രമിച്ചു. തെക്കുഭാഗത്തുള്ള യെഹൂദയാണ് ഏറെ പീഡിപ്പിക്കപ്പെട്ടതാ. അതിനാൽ ദാവീദ് വംശം തങ്ങൾക്കു നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരികെ പിടിച്ചെടുക്കുമെന്നു യിസ്രായേല്യർക്കു ഭയപ്പെടേണ്ട ആവശ്യമില്ലായിരുന്നു. അനന്തരം യൊരോബെയാം രെഹബെയാമിന്റെ പുത്രനായ അബീയാമിനെ ആക്രമിച്ചു. യെഹൂദ്യർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതു കൊണ്ടു ജയം പ്രാപിച്ചു. (2ദിന, 13:18). എന്നാൽ ഉത്തര ഭാഗത്തു നിന്നു ഒരു കഠിനഭീഷണി ഉയർന്നു. ശലോമോന്റെ വാഴ്ചക്കാലത്തു സ്ഥാപിതമായ ദമ്മേശെക്കിലെ അരാമ്യ സാമ്രാജ്യമായിരുന്നു ആ ഭീഷണി. അവർ യിസ്രായേലിന്റെ പ്രദേശങ്ങൾ ആക്രമിക്കാൻ തുടങ്ങി. അരാമും യിസ്രായേലും തമ്മിൽ നൂറുവർഷം നീണ്ടുനിന്ന യുദ്ധത്തിന്റെ തുടക്കം ഇതായിരുന്നു. ഈ യുദ്ധം യിസ്രായേലിനെ നിരാശയിലാഴ്ത്തി. 

രാജവംശത്തിലുണ്ടായ മാറ്റങ്ങളും മറ്റു വിപ്ലവങ്ങളും യിസ്രായേല്യരുടെ സുരക്ഷ വിഷമത്തിലാക്കി. ഒമ്രിയും (880 ബി.സി), യേഹൂവും (841 ബി.സി) സ്ഥാപിച്ച രണ്ടു രാജവംശങ്ങൾ മാത്രമാണ് രണ്ടു തലമുറയിലധികം നിലനിന്നത്. യൊരോബെയാമിന്റെ മകൻ അധികാരം ഏറ്റെടുത്തതിന് അടുത്തവർഷം അദ്ദേഹത്തിന്റെ പട്ടാള മേധാവിയായ ബയെശ നാദാബിനെ വധിച്ചു. ബയെശ ഇരുപതു വർഷം രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ മകനും യൊരോബെയാമിന്റെ മകനെപ്പോലെ മരിച്ചു. തുടർന്നുണ്ടായ ആഭ്യന്തരയുദ്ധത്തിൽ ഒമ്രി വിജയിയായി. 

ഒമ്രി ശമര്യയെ പുതിയ തലസ്ഥാനമാക്കി ഭരണം തുടങ്ങി. ചാവുകടലിനു കിഴക്കുള്ള മോവാബിനെ കീഴടക്കി ഒമ്രി തന്റെ നില ഭദ്രമാക്കി. ഫിനീഷ്യയുമായി സാമ്പത്തിക ബന്ധത്തിലേർപ്പെട്ടു. ഒമ്രിയുടെ മകൻ ആഹാബ് ഫിനീഷ്യൻ രാജകുമാരിയായ ഈസേബലിനെ വിവാഹം കഴിച്ചു. അയാൾ യെഹൂദയുമായി സൗഹൃദം പുലർത്തി. ഒമ്രിയുടെ രാജവംശം നിലനിന്ന കാലം മുഴുവനും അവർക്കു തമ്മിൽ ശത്രുത്വം ഇല്ലാതിരുന്നു. ഫിനീഷ്യയുമായുള്ള ബന്ധം വാണിജ്യപരമായ പല നേട്ടങ്ങൾക്കും കാരണമായി. എന്നാൽ അതു യിസ്രായേലിൽ ബാൽ വിഗ്രഹാരാധന വളർത്തി. അതിനു പ്രധാന പങ്കു വഹിച്ചതാ ആഹാബിന്റെ ഭാര്യയായ ഈസേബൈൽ ആയിരുന്നു. ഇക്കാലത്തു യഹോവയുടെ ആരാധനയ്ക്കു വേണ്ടി ജീവന്മരണപോരാട്ടം നടത്തിയ നേതാവായിരുന്നു ഏലീയാ പ്രവാചകൻ. ഒമ്രിയുടെ രാജവംശത്തിനു വരാനിരുന്ന നാശത്തെക്കുറിച്ചു അദ്ദേഹം മുന്നറിയിപ്പു നല്കി. ഒമ്രിയുടെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും കാലത്തു ദമ്മേശെക്കുമായുള്ള യുദ്ധം തുടർന്നു. അശ്ശൂർ രാജാവായ ശല്മനേസ്സർ മൂന്നാമന്റെ ആക്രമണത്തെ ചെറുത്തുനില്ക്കാനായി ആഹാബിന്റെ കാലത്തു യിസ്രായേലിലെയും ദമ്മേശെക്കിലെയും മറ്റു അയൽ രാജ്യങ്ങളിലെയും രാജാക്കന്മാർ ഒരു സൈനികസഖ്യം രൂപീകരിച്ചു. ഓറന്റീസിലെ കാർക്കാർ എന്ന സ്ഥലത്തു വച്ചുണ്ടായ യുദ്ധത്തിൽ (ബി.സി. 853) അശ്ശൂർ രാജാവിനെ അവർ തോല്പ്പിച്ചു. പിന്നീടു 12 വർഷം അദ്ദേഹം പടിഞ്ഞാറൻ രാജ്യങ്ങളെ ആക്രമിച്ചില്ല. എന്നാൽ അശ്ശൂർ രാജാവു പിന്മാറിയപ്പോൾ ഇവരുടെ സഖ്യം തകരുകയും യിസ്രായേലും ദമ്മേശെക്കും തമ്മിലുള്ള ശത്രുത്വം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. യെഹോശാഫാത്ത് രാജാവു ആഹാബിന്റെ പുത്രിയായ അഥല്യയെ തന്റെ മകനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. ഇതു യഹോവയ്ക്കു പ്രസാദമായിരുന്നില്ല. (1ദിന, 19:2). രാമോത്ത്-ഗിലെയാദിൽ വച്ചു ആഹാബിന്റെ പക്ഷം ചേർന്നുള്ള യുദ്ധത്തിൽ യെഹോശാഫാത്ത് മരിക്കേണ്ടിയിരുന്നു. (1രാജാ, 22:32-35). അഹസ്യാവിനോടു സഖ്യം ചെയ്തതുകൊണ്ടു യെഹോശാഫാത്തിന്റെ കപ്പൽപ്പണികൾ തകർന്നു. (2ദിന, 20:35-37). മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു. (2രാജാ, 1:1). യേഹൂവിന്റെ കാലത്തുണ്ടായ വിപ്ലവത്തിൽ (841 ബി.സി) യേഹൂ ഒമ്രിയുടെ ഭവനക്കാരെയെല്ലാം കൊന്നൊടുക്കി. 

യെഹൂദയിലെ യുവരാജാവായ അഹസ്യാവിനെയും യേഹൂ കൊന്നു. (2രാജാ, 9:27). മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ അഥല്യ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു അധികാരം പിടിച്ചെടുത്തു. (2രാജാ, 11:1). ഒമ്ഷിയുടെ കുടുംബത്തോടു യാതൊരു സ്നേഹവുമില്ലാത്ത പ്രവാചകഗണങ്ങൾ യേഹുവിന്റെ വിപ്ലവത്തെ പിന്താങ്ങി. എന്നാൽ ഈ വിപ്ലവം യിസ്രായേലിനെ ക്ഷയിപ്പിച്ചു. യേഹൂവിന്റെ രാജവംശത്തിന്റെ ഭരണത്തിന്റെ ആദ്യത്തെ നാല്പതു വർഷം യിസ്രായേൽ ജനത വളരെ കഷ്ടതകൾ സഹിച്ചു. അരാമ്യർ യിസ്രായേലിന്റെ യോർദ്ദാനക്കരെയുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തു; വടക്കൻ പ്രദേശങ്ങളും ആക്രമിച്ചു. അവർ യിസ്രായേൽ ആക്രമിക്കുകയും മെഡിറ്ററേനിയൻ സമുദ്രതീരത്തു കൂടി തെക്കുഭാഗത്തു വരെ എത്തുകയും ചെയ്തു. അശ്ശൂർ രാജാവായ അദാദ്-നിരാരി മൂന്നാമൻ സിറിയ ആക്രമിച്ചു ദമ്മേശെക്ക് കൊള്ളയടിച്ചു. ഇതു യിസ്രായേലിനു ആശ്വാസമായി. (2രാജാ, 13:5). ദമ്മേശെക്കിൽ നിന്നും യിസ്രായേലിനു മോചനം കിട്ടിയപ്പോൾ തങ്ങൾക്കു നഷ്ടപ്പെട്ട പല പ്രദേശങ്ങളും യിസ്രായേല്യർ അരാമ്യരിൽ നിന്നും തിരികെ പിടിച്ചു. ഈ കാലമത്രയും യഹോവയിലുള്ള വിശ്വാസത്തിൽ എലീശാപ്രവാചകൻ പതറാതെ നിന്നു. എലീശയുടെ മരണശയ്യയിൽ യിസ്രായേൽ രാജാവു അദ്ദേഹത്തെ സംബോധനം ചെയ്തതു ഇപ്രകാരമായിരുന്നു. “യിസായേലിന്റെ തേരും തേരാളികളുമായുള്ളാവേ.” (2രാജാ, 13:14). അരാമ്യരുടെ മേൽ യിസ്രായേൽ ജനത വിജയം കരസ്ഥമാക്കുമെന്നു പ്രവചിച്ചു കൊണ്ടാണു എലീശാ പ്രവാചകൻ മരിച്ചത്. 

ബി.സി. എട്ടാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ യേഹൂവിന്റെ വംശത്തിലെ നാലാമത്തെ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തു (782-753) യിസ്രായേൽ വീണ്ടും അഭിവൃദ്ധി പ്രാപിച്ചു. ഇക്കാലത്തു യെഹൂദാ ഭരിച്ചിരുന്നതു ഉസ്സീയാവായിരുന്നു. രണ്ടു രാജ്യങ്ങളും മുപ്പതു വർഷം സമാധാനത്തിലും സഹവർത്തിത്വത്തിലും കഴിഞ്ഞു. വിദേശീയാക്രമണത്തിൽ നിന്നും ഇരുരാജ്യങ്ങളും മുക്തമായി. ഇരുപത്തിമൂന്നാം രാജവംശത്തിൻ കീഴിൽ ഈജിപ്റ്റ് നിദ്രാണമായി. അശ്ശൂരിന്റെ ആക്രമണത്തിൽ ക്ഷയിച്ച ദമ്മേശെക്കിനു പുതിയ ആക്രമണങ്ങൾ നടത്താനുള്ള കഴിവു നഷ്ടപ്പെട്ടു. ശക്തമായ നേതൃത്വം നഷ്ടപ്പെട്ട അശ്ശൂരിനു തങ്ങളുടെ അധികാരം അടിച്ചേല്പിക്കാൻ ശക്തി ഇല്ലാതെയായി. ഈ ചുറ്റുപാടിൽ യൊരോബെയാം രണ്ടാമൻ സാമ്രാജ്യം വികസിപ്പിക്കുകയും രാഷ്ട്രസമ്പത്തു വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ സമ്പത്തു കൂടുതലായും കേന്ദ്രീകരിച്ചതു അവിടത്തെ വലിയ വ്യാപാരികളുടെയും ഭൂവുടമകളുടെയും കൈകളിലായിരുന്നു. ആദ്യകാലത്തു തങ്ങളുടെ കൈവശമുണ്ടായിരുന്ന കുറച്ചു ഭൂമി കൃഷി ചെയ്ത് ജീവിച്ചിരുന്നവർക്കു പില്ക്കാലത്തു ഭൂവുടമകളുടെ അടിമകളാകേണ്ടി വന്നു. ഭൂവുടമകളും അടിമകളും തമ്മിലുള്ള വ്യത്യാസം ചോദ്യം ചെയ്തുകൊണ്ടു ആമോസ്, ഹോശേയ എന്നീ പ്രവാചകന്മാർ മുന്നോട്ടു വന്നു. യഹോവയുടെ ദിവസത്തിൽ ആസന്നമായ ന്യായവിധിയെക്കുറിച്ചു ആമോസ് പ്രവചിച്ചു. (5:18). യിസ്രായേല്യർ പ്രവാസികളായി അശ്ശൂരിലേക്കു പോകുമെന്നു ഹോശേയ പ്രവചിച്ചു.  (10:6). എന്നാൽ ഭാവിയിൽ അവർ തിരിഞ്ഞു യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. മശീഹയുടെ വാഴ്ചയെക്കുറിച്ചും അദ്ദേഹം പ്രവചിച്ചു. (ഹോശേ, 2:20; 3:5). 

ബി.സി. 752-ൽ യൊരോബെയാമിന്റെ പുത്രൻ കൊല്ലപ്പെട്ടു. കൊലയും വിപ്ലവവും കാരണം ബി.സി. 745-ൽ യേഹൂവിന്റെ വംശം നശിച്ചു. അതേ വർഷം തിഗ്ലത്ത് പിലേസ്സർ മൂന്നാമൻ (പൂൽ) അശ്ശൂർ രാജാവായി. അദ്ദേഹം പല പ്രദേശങ്ങളും കീഴടക്കി. ബി.സി. 733-ൽ യിസ്രായേലിന്റെ ഉത്തരഗോത്രങ്ങളെ അദ്ദേഹം ബദ്ധരാക്കിക്കൊണ്ടു പോയി. യിസ്രായേൽ രാജാവായ പേക്കഹിന്റെ കാലത്താണു് (740-732) ഇതു സംഭവിച്ചത്. (2രാജാ, 15:29). യിസ്രായേൽ രാജാവായ മെനഹേം തിഗ്ലത്ത്-പിലേസ്സറിനു കപ്പം കൊടുത്തു. എന്നാൽ പേക്കഹ് (736-732 ബി.സി) അശ്ശൂരിനെതിരായ നയമാണു പിന്തുടർന്നത്. ഈ ഉദ്ദേശ്യത്തോടുകൂടി പേക്കഹ് ദമ്മേശെക്കുമായി അടുപ്പത്തിലായി. തിഗ്ലത്ത്-പിലേസ്സർ ദമ്മേശെക്ക് കീഴടക്കുകയും അവിടത്തെ രാജവാഴ്ചയെ ഉന്മൂലനം ചെയ്യുകയും അവരുടെ ദേശം അശ്ശൂർ സാമ്രാജ്യത്തിന്റെ പ്രവിശ്യയാക്കി മാറ്റുകയും ചെയ്തു. യിസ്രായേലിന്റെ ഉത്തരഭാഗവും യോർദ്ദാനക്കരെയുള്ള പ്രദേശങ്ങളും വേർപെടുത്തി അശ്ശൂർ പ്രവിശ്യകളാക്കി. അവിടെയുണ്ടായിരുന്ന ഭൂരിഭാഗം ജനത്തെയും അവിടെനിന്നും മാറ്റുകയും അശ്ശൂരിൽ നിന്നും ജനത്തെ കൊണ്ടുവന്നു ഈ പ്രദേശങ്ങളിൽ പാർപ്പിക്കുകയും ചെയ്തു. യിസ്രായേലിലെ ഒടുവിലത്തെ രാജാവായ ഹോശേയ മിസ്രയീമ്യ പ്രേരണയ്ക്കു വിധേയപ്പെട്ടു കപ്പം നിർത്തലാക്കി. അശ്ശൂർ രാജാവു അയാളെ തടവിലാക്കി. മൂന്നു വർഷത്തെ നിരോധനത്തിനു ശേഷം ബി.സി. 722-ൽ ശമര്യ അശ്ശൂരിനു കീഴടങ്ങി. ശമര്യ ഒരു അശ്ശൂർ പ്രവിശ്യയുടെ തലസ്ഥാനമായി. അശ്ശൂർ രാജാവായ സർഗ്ഗാൻ രണ്ടാമൻ 27290 പേരെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. (2രാജാ, 17:3-7). യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽ രാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചു നടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു. യഹോവ യിസായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയിൽ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാ ഗോത്രമല്ലാതെ ആരും ശേഷിച്ചില്ല. (2രാജാ, 17:8, 18).

ആശേർ

ആശേർ (Asher)

പേരിനർത്ഥം – ഭാഗ്യവാൻ 

യാക്കോബിന്റെ എട്ടാമത്തെ പുത്രൻ. ലേയയുടെ ദാസി സില്പാ പ്രസവിച്ച രണ്ടാമത്തെ പുത്രനാണ് ആശേർ. ആ കുഞ്ഞിനെ തന്റേതായി അംഗീകരിച്ചുകൊണ്ടു ലേയ പറഞ്ഞു “ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതി എന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു.” (ഉല്പ, 30:13). യോസേഫിനെ വില്ക്കുന്നതിൽ ആശേർ മറ്റു സഹോദരന്മാരോടൊപ്പം നിന്നു. (ഉല്പ, 37:27). ക്ഷാമകാലത്തു ധാന്യം വാങ്ങുവാൻ സഹോദരന്മാരോടൊപ്പം മിസ്രയീമിലേക്കു പോയി. (ഉല്പ, 42:3). യാക്കോബിന്റെ കുടുംബം മുഴുവൻ മിസ്രയീമിലേക്കു പോയപ്പോൾ ആശേരിന് നാലു പുത്രന്മാരും ഒരു പുതിയും ഉണ്ടായിരുന്നു. (ഉല്പ, 46:17). യാക്കോബു നല്കിയ അനുഗ്രഹത്തിൽ ആശേരിന്റെ കാർഷികഫലസമൃദ്ധിയെ ഭംഗ്യന്തരേണ ചിത്രീകരിച്ചു. (ഉല്പ, 49:20). 

ആശേർഗോത്രം: ആശേരിൽനിന്നു ആശേർ ഗോത്രം ഉത്ഭവിച്ചു. (ഉല്പ, 46:17; സംഖ്യാ, 26:44-47; 1ദിന, 7:30-40). സംഖ്യാബലത്തിൽ ആശേർ ഒരു വലിയ ഗോത്രമായിരുന്നു. പുറപ്പാടിനുശേഷം ആദ്യം ജനസംഖ്യയെടുത്തപ്പോൾ ആശേരിലെ യോദ്ധാക്കൾ 41,500 ആയിരുന്നു. (സംഖ്യാ, 1:41). രണ്ടാമതു ജനസംഖ്യയെടുത്തപ്പോൾ അത് 53,400 ആയി ഉയർന്നു. (സംഖ്യാ, 26:47). ജനസംഖ്യയിൽ ഗോത്രം ഒമ്പതാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തെത്തി. മരുഭൂമി യാത്രയിൽ സമാഗമനകൂടാരത്തിന്റെ ഉത്തരഭാഗത്ത് ദാനിന്റെയും നഫ്താലിയുടെയും ഇടയ്ക്കായിരുന്നു ആശേരിന്റെ സ്ഥാനം. (സംഖ്യാ, 2:27). കനാൻദേശം വിജിച്ചപ്പോൾ കർമ്മേലിന്റെ അറ്റം മുതൽ സീദോൻ വരെയുള്ള തീരപ്രദേശം ആശേരിന് അവകാശമായി ലഭിച്ചു. (യോശു, 19:24-31). ഏറ്റവും ഫലപുഷ്ടിയുള്ള ഈ പ്രദേശം ഗോതമ്പ്, എണ്ണ, വീഞ്ഞ് എന്നിവയാൽ അനുഗൃഹീതമായിരുന്നു. ഐശ്വര്യവും ഭക്ഷണസമൃദ്ധിയും അനുഭവിക്കുക നിമിത്തം ആശേര്യർ കാലാന്തരത്തിൽ സുഖകാംക്ഷികളായി മാറി. തദ്ദേശ നിവാസികളെ നീക്കിക്കളയുവാൻ അവർക്കു കഴിഞ്ഞില്ല. ദേശനിവാസികളായ കനാന്യരുടെ ഇടയിൽ അവർ പാർത്തു. (ന്യായാ, 1:31-32). സീസെരയ്ക്കെതിരെയുള്ള യുദ്ധോദ്യമത്തിൽ മറ്റു ഗോത്രങ്ങൾ ഒന്നിച്ചപ്പോൾ “ആശേർ സമുദ്രതീരത്തു അനങ്ങാതിരുന്നു, തുറമുഖങ്ങൾക്കകത്തു പാർത്തുകൊണ്ടിരുന്നു” എന്നു ദെബോര കുറ്റപ്പെടുത്തി. (ന്യായാ, 5:17). മിദ്യാന്യരോടുള്ള യുദ്ധത്തിൽ ഗിദെയോന്റെ പിമ്പിൽ അവർ അണിനിരന്നു. (ന്യായാ, 7:23). യിസ്രായേലിന്റെ സിംഹാസനത്തിന്മേൽ ദാവീദിന്റെ അവകാശം ഉറപ്പിക്കുവാനായി ആശേർ ഗോത്രം 40,000 സമർത്ഥരായ യോദ്ധാക്കളെ അയച്ചുകൊടുത്തു. (1ദിന, 12:36). ദാവീദിന്റെ വാഴ്ചക്കാലത്തു ആശർ ഗോത്രത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഗോത്രത്തലവന്മാരുടെ പട്ടികയിൽനിന്നും ആശർഗോത്രം ഒഴിവാക്കപ്പെട്ടു. (1ദിന, 27:16-22). എടുത്തുപറയാവുന്ന ഒരു പരാക്രമിയോ ന്യായാധിപനോ ആശേരിൽ നിന്നുദയം ചെയ്തു കാണുന്നില്ല. ശിശുവായ യേശുവിനെ ദൈവാലയത്തിൽ കൊണ്ടുവന്നപ്പോൾ ദൈവത്തെ സ്തുതിക്കുകയും പ്രവചിക്കുകയും ചെയ്ത ഹന്നാ എന്ന പ്രവാചിക ആശേർ ഗോത്രത്തിൽ ഉള്ളവളായിരുന്നു. (ലൂക്കൊ, 2:36-38). ഭാവിയിൽ രക്ഷയ്ക്കായി മുദ്രയിടപ്പെടുന്നവരിൽ ആ ഗോത്രവും ഉൾപ്പെടുന്നു. (വെളി, 7:36).

എഫ്രയീം

എഫ്രയീം (Ephraim)

പേരിനർത്ഥം – ഫലപൂർണ്ണം

യാക്കോബിന്റെ പുത്രനായ യോസേഫിന്റെയും ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിന്റെയും ഇളയമകൻ. (ഉല്പ, 41:50-52). യോസേഫ് മുന്നറിയിച്ച സപ്തവത്സര സമൃദ്ധിയുടെ കാലത്തായിരുന്നു എഫ്രയീം ജനിച്ചത്. എഫ്രയീമിന്റെ ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ള സംഭവം യാക്കോബിൽനിന്ന് അനുഗ്രഹം പ്രാപിക്കുന്നതാണ്. ജ്യേഷ്ഠൻ മനശ്ശെ ആണങ്കിലും യാക്കോബ് ജ്യേഷ്ഠാവകാശം നല്കിയത് എഫ്രയീമിനാണ്. അങ്ങനെ അനുഗ്രഹത്തിലുടെ ജന്മാവകാശം എഫ്രയീമിനു ലഭിച്ചു. (ഉല്പ, 48:17-19). യാക്കോബിന്റെ ചരിത്രത്തിന്റെ പ്രതിഫലനം ഇവിടെ കാണാൻ കഴിയും. അനുജനായ യാക്കോബ് പിതാവിനെ കബളിപ്പിച്ചാണ് ജ്യേഷ്ഠാവകാശം നേടിയത്. യോസേഫ് മരിക്കുന്നതിനു മുമ്പ് എഫയീമ്യകുടുബം മൂന്നാം തലമുറയിലെത്തിക്കഴിഞ്ഞു. (ഉല്പ, 50:23). എഫയീമിന്റെ സന്തതികൾ ഗത്യരുടെ കന്നുകാലികൾ മോഷ്ടിക്കാൻ പോയി. ഗത്യർ അവരെ കൊന്നു. തന്റെ കുടുംബത്തിനു സംഭവിച്ച അനർത്ഥംത്തിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് അക്കാലത്തു ജനിച്ച തന്റെ പുത്രന് എഫ്രയീം ബെരീയാവു എന്നു പേരിട്ടു. (1ദിന, 7:21-23).

എഫ്രയീം ഗോത്രം: എഫ്രയീമിന്റെ വംശപരമ്പര യിസ്രായേൽ ഗോത്രങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു. യിസായേല്യ ചരിത്രത്തിൽ ഒരു പ്രധാനസ്ഥാനം കരസ്തമാക്കുവാൻ എഫ്രയീമിനു സാധിച്ചു. സീനായി മരുഭൂമിയിൽ വച്ച് ജനസംഖ്യയെടുത്തപ്പോൾ 40,500 പേർ ഉണ്ടായിരുന്നു. ജനസംഖ്യയിൽ പത്താം സ്ഥാനം എഫ്രയീം ഗോത്രത്തിനായിരുന്നു. (സംഖ്യാ, 1:32,33; 2:19). രണ്ടാമത്തെ ജനസംഖ്യയെടുപ്പിൽ എഫ്രയീമ്യരുടെ എണ്ണം 32,500 ആയി കുറഞ്ഞ് പതിനൊന്നാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. (സംഖ്യാ, 26:37). എഫ്രയീമിന്റെ സന്തതി ഒരു ജനസമൂഹമായിതീരുമെന്ന യാക്കോബിന്റെ അനുഗ്രഹം അക്ഷരാർത്ഥത്തിൽ നിറവേറി. (ഉല്പ, 48:19,20). മരുഭൂമി പ്രയാണത്തിൽ യോസേഫിന്റെ പുത്രന്മാരുടെയും ബെന്യാമീന്റെയും സ്ഥാനം സമാഗമന കൂടാരത്തിനു പടിഞ്ഞാറു വശത്തായിരുന്നു. (സംഖ്യാ, 2:18-24). എഫ്രയീമിന്റെ പ്രഭു അമ്മീഹൂദിന്റെ മകൻ എലീശാമാ ആയിരുന്നു. (സംഖ്യാ, 1:10). എഫ്രയീമിന്റെ കൊടി ഒരു സുവർണ്ണ പതാക ആയിരുന്നുവെന്നു റബ്ബിമാർ പറയുന്നു. ഈ പതാകയിൽ ഒരു കാളക്കുട്ടിയുടെ തല ചിത്രണം ചെയ്തിരുന്നു. ദേശം ഒറ്റുനോക്കുവാൻ പോയവരിൽ എഫ്രയീം ഗോത്രത്തിന്റെ പ്രതിനിധി നൂന്റെ മകനായ ഹോശേയ ആയിരുന്നു. ഹോശേയയുടെ പേർ മോശെ യോശുവ എന്നു മാറ്റി. (സംഖ്യാ, 13:). ഈ യോശുവയാണ് കനാൻദേശവിഭജനത്തിനു നേതൃത്വം വഹിച്ചത്. ദേശവിഭജനത്തിൽ എഫ്രയീം ഗോത്രത്തിനു ഒരുനല്ല പ്രദേശം അവകാശമായി ലഭിച്ചു. എഫ്രയീം ഗോത്രത്തിന്റെ അതിരുകൾ യോശുവ 16-ാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഉദ്ദേശം 65 കി.മീ. നീളവും വടക്കുതെക്ക് 10 കി.മീ. മുതൽ 40 കി.മീ. വരെ വിതിയും ഉള്ള പ്രദേശമായിരുന്നു എഫ്രയീമിനു ലഭിച്ചത്. അവരുടെ അവകാശം മെഡിറ്ററേനിയൻ സമുദ്രം മുതൽ യോർദ്ദാൻവരെ വ്യാപിച്ചിരുന്നു. എഫ്രയീമിനു വടക്കു മനശ്ശെയും തെക്കു ബെന്യാമീനും ദാനുമായിരുന്നു. (യോശു, 16:5, 18:7; 1ദിന, 7:28,29). എഫ്രയീമ്യരും മനശ്ശെയരും കിട്ടിയ ഓഹരിയിൽ സംതൃപ്തരായിരുന്നില്ല. ചുറ്റുമുള്ള മലമ്പ്രദേശങ്ങളും വനപ്രദേശങ്ങളും പിടിച്ചടക്കിക്കൊള്ളാൻ യോശുവ അവരോടു പറഞ്ഞു. (യോശു, 17:14-18).

തുടക്കം മുതലേ എഫ്രയീം ഗോത്രത്തിനു ഒരു പ്രധാനസ്ഥാനം ഉണ്ടായിരുന്നു. എഫ്രയീമിലെ ശീലോവിലായിരുന്നു സാമാഗമനകൂടാരം സ്ഥാപിച്ചിരുന്നത്. (യോശു, 18:1). ഇത് എഫ്രയീം ഗോത്രത്തിന്റെ സ്വാധീനം വർദ്ധിക്കുന്നതിനു കാരണമായി. കനാന്യരെ തങ്ങളുടെ പ്രദേശത്തുനിന്നു നീക്കിക്കളയുവാൻ എഫ്രയീമിനു കഴിഞ്ഞില്ല. (ന്യായാ, 1:29). അനന്തരകാലത്ത് സീസെരയെ തോല്പിക്കുന്നതിന് എഫ്രയീമിനുണ്ടായിരുന്ന പങ്കിനെ ദെബോര പുകഴ്ത്തി. (ന്യായാ, 5:14). മിദ്യാന്യരോടു യുദ്ധം ചെയ്യുവാൻ തങ്ങളെ വിളിക്കാത്തതിനെപ്പറ്റി അവർ ഗിദെയോനോടു പരാതിപ്പെട്ടു. ഒരു മുഖസ്തുതികൊണ്ടാണ് ഗിദെയോൻ അവരെ സമാധാനപ്പെടുത്തിയത്, ‘അബീയേരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു?’ (ന്യായാ, 8:2). അമ്മോന്യരോടു യുദ്ധം ചെയ്യാൻ പോയപ്പോൾ തങ്ങളുടെ സഹായം അവശ്യപ്പെടാത്തതുകൊണ്ട് യിഫ്താഹിനോടു അവർ ധൃഷ്ടമായി സംസാരിച്ചു. എന്നാൽ യിഫ്താഹ് അവരെ ആക്രമിച്ച് അനേകം പേരെ കൊന്നു. (ന്യായാ, 12:1-6). ശമൂവേൽപ്രവാചകൻ എഫയീമ്യനായിരുന്നു. (1ശമൂ, 1:1). പ്രാരംഭത്തിൽ ദാവീദിന്റെ അധികാരത്തിന്നു വിധേയപ്പെടുവാൻ എഫയീമ്യർ വിസമ്മതിച്ചു. ശൗലിന്റെ മരണശേഷം ഈശ്-ബോശെത്തിനെ എഫ്രയീം ഉൾപ്പെടെയുള്ള വടക്കൻ ഗോത്രങ്ങൾക്ക് അബ്നേർ രാജാവാക്കി. (2ശമൂ, 2:8,9). ഈശ്-ബോശെത്തിന്റെ മരണശേഷം അവരിൽ അനേകം പേർ ദാവീദിനോടു ചേർന്നു. ഇടയ്ക്കിടെ യെഹൂദയോടുള്ള അവരുടെ ഈർഷ്യ പൊട്ടിപ്പുറപ്പെട്ടിരുന്നു. (1ദിന, 12:30; സങ്കീ, 60:7). 

ദാവീദിന്റെ കാലത്ത് എഫ്രയീമിനു പ്രത്യേക തലവനുണ്ടായിരുന്നു. (1ദിന, 27:20). ശലോമോന്റെ കാലത്ത് രാജഗൃഹത്തിനു ഭോജന പദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കാൻ എഫ്രയീം മലനാട്ടിൽ ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. (1രാജാ, 4:8). ശലോമോന്റെ ഭരണകാലത്ത് തെക്കെരാജ്യം ഐശ്വര്യത്തിന്റെയും പ്രതാപത്തിന്റെയും ഉച്ചകോടിയിലെത്തി. എന്നാൽ വടക്ക് അസംതൃപ്തി വളർന്നു വരികയായിരുന്നു. എഫ്രയീമ്യനായ യൊരോബെയാം ആയിരുന്നു ശലോമോനോടുള്ള എതിർപ്പിനു നേതൃത്വം നല്കിയത്. ശലോമോന്റെ മരണശേഷം യിസ്രായേൽ യെഹൂദാ, യിസ്രായേൽ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. ഉത്തരരാജ്യമായ യിസ്രായേലിന്റെ പ്രധാന അവലംബം എഫ്രയീം ആയിരുന്നു. വടക്കെ രാജ്യം എഫ്രയീം എന്ന പേരിൽത്തന്നെ അറിയപ്പെട്ടു. എഫ്രയീം യെഹൂദയോടു ചേരുന്നത് പ്രവാചകന്മാരുടെ പ്രതീക്ഷയായിരുന്നു. അതിലൂടെ മാത്രമേ യിസ്രായേലിന്റെ മഹത്വം നിറവേറു എന്നവർ കരുതി. (യെശ, 7;2; 11:13; യെഹെ, 37:15-22). പ്രവാസാനന്തരം എഫ്രയീമ്യർ യെരൂശലേമിൽ പാർത്തു. (1ദിന, 9:3).

മനശ്ശെ

മനശ്ശെ (Manasseh)

പേരിനർത്ഥം – മറവി ഉണ്ടാക്കുന്നവൻ

യോസേഫിനു മിസ്രയീമ്യ ഭാര്യയായ ആസ്നത്തിൽ ജനിച്ച മൂത്തമകൻ. (ഉല്പ, 41:51; 46:20). യോസേഫിന്റെ പുത്രന്മാരായ മനശ്ശെയെയും എഫ്രയീമിനെയും മരണാസന്നനായ യാക്കോബ് സ്വപുത്രന്മാരായി സ്വീകരിച്ചു. എന്നാൽ ആദ്യജാതപദവിയും അതിന്റെ അനുഗ്രഹവും ലഭിച്ചത് അനുജനായ എഫ്രയീമിനാണ്. (ഉല്പ, 48:5, 14). മനശ്ശെയുടെ അനന്തര ചരിത്രത്തെക്കുറിച്ച് ഒരറിവുമില്ല. 1ദിനവൃത്താന്തത്തിൽ 7:14-ൽ മനശ്ശെയുടെ വെപ്പാട്ടിയായ അരാമ്യ സ്ത്രീ പ്രസവിച്ച മാഖീരിനെക്കുറിച്ചു പറയുന്നുണ്ട്.

മനശ്ശെഗോത്രം: യോസേഫിന്റെ മൂത്തമകനായ മനശ്ശെയിൽ നിന്നുത്ഭവിച്ച ഗോത്രം. മനശ്ശെയും എഫ്രയീമും തമ്മിലുള്ള ബന്ധം അത്ര ദൃഢമായിരുന്നില്ല. മനശ്ലെക്കു ലഭിക്കേണ്ടിയിരുന്ന ആദ്യജാതപദവി എഫ്രയീമിനാണ് ലഭിച്ചത്. യിസ്രായേല്യരുടെ ദേശീയനേതാവായിരുന്ന യോശുവ എഫ്രയീമ്യനായിരുന്നു. എഫ്രയീമ്യർക്കു ലഭിച്ച ദേശം ഫലഭൂയിഷ്ഠവും ഗതാഗത സൗകര്യങ്ങൾ ഉള്ളതും ആയിരുന്നു. ഏബാൽ, ഗെരിസീം , ശീലോവ്, ശെഖേം, ശമര്യ എന്നിവ എഫ്രയീമിലായിരുന്നു. വിഭജനശേഷം ഉത്തര രാജ്യത്തിന്റെ പ്രധാനഭാഗം എഫ്രയീമായി മാറി. 

മനശ്ശെ ജനസംഖ്യയിൽ വലിയ ഗോത്രമായിരുന്നു. സീനായി മരുഭൂമിയിൽ വച്ചു കണക്കെടുത്തപ്പോൾ മനശ്ശെ ഗോത്രത്തിൽ സൈന്യസേവനത്തിനു പ്രാപ്തിയുള്ള 32,200 പേരുണ്ടായിരുന്നു. (സംഖ്യാ, 1:19, 35; 2:20,21). 40 വർഷത്തിനു ശേഷം മോവാബ് സമഭൂമിയിൽ വച്ച് ജനസംഖ്യ എടുത്തപ്പോൾ അവരുടെ എണ്ണം 52,700 ആയി വർദ്ധിച്ചു. ഹെബ്രോനിൽ ദാവീദ് രാജാവായപ്പോൾ പശ്ചിമ മനശ്ശെഗോത്രം 18,000 പേരെയും, പൂർവ്വ മനശ്ശെഗോത്രം രൂബേൻ, ഗാദ് എന്നിവരോടൊപ്പം 120,000 പേരെയും അയച്ചുകൊടുത്തു. (1ദിന, 12:31, 37). മനശ്ശെഗോത്രത്തിൽ ഒരു വിഭാഗം കർഷകരും മറ്റു വിഭാഗം ഇടയന്മാരും ആയിരുന്നു. മനശ്ശെയുടെ പുത്രനായ മാഖീരിന്റെ സന്തതികൾ ഉത്തരഗിലെയാദും ബാശാനും ആക്രമിച്ചു. അമോര്യരെ ഓടിച്ച് അവർ ദേശം കൈവശമാക്കി. (സംഖ്യാ, 32:29-42). 

മനശ്ശെയുടെ പുത്രന്മാരായ മാഖീരും (യോശു, 17:1), യായീരും (ആവ, 3:14), നോബഹും (സംഖ്യാ, 32:42) വീരപരാക്രമികൾ ആയിരുന്നു. ന്യായാധിപന്മാരിൽ നാലുപേർ മനശ്ശെ ഗോത്രത്തിലുള്ളവരാണ്: ഗിദെയോൻ, അബീമേലെക്, യായീർ, യിഫ്താഹ്. ന്യായാധിപന്മാരിൽ വച്ചു ഏറ്റവും മഹാനായിരുന്നു ഗിദെയോൻ. വിഗ്രഹാരാധനയിൽ അവർ വഴുതിവീണു. (1ദിന, 5:25). ആദ്യം തന്നെ അവർക്കു പ്രവാസികളായി പോകേണ്ടിവന്നു. (1ദിന, 5:25,26). ആസാ രാജാവിന്റെ കാലത്തു നടന്ന മതനവീകരണത്തിൽ മനശ്ശെഗോത്രവും സഹകരിച്ചു. (2ദിന, 15;9-15). യെഹിസ്ക്കീയാ രാജാവിന്റെ കാലത്തു ഭക്തന്മാരായ ചിലർ പെസഹ ആചരിക്കുന്നതിനു യെരുശലേമിലേക്കു പോയി. (2ദിന, 30:10-22).

ബെന്യാമീൻ

ബെന്യാമീൻ (Benjamin)

പേരിനർത്ഥം – വലങ്കയ്യുടെ പുത്രൻ

യാക്കോബിന്റെ ഏറ്റവും ഇളയ മകൻ. യാക്കോബിനു വാഗ്ദത്തദേശമായ കനാനിൽ വച്ചു ജനിച്ച ഏകപുത്രൻ ബെന്യാമീനാണ്. യാക്കോബും കുടുംബവും ബേഥേലിൽ നിന്നു എഫ്രാത്ത അഥവാ ബേത്ലേഹെമിലേക്കു പോകുന്ന വഴിക്കു യാക്കോബിന്റെ പ്രിയതമയായ റാഹേൽ രണ്ടാമതൊരു മകനെ പ്രസവിച്ചു. അവൾ കഠിനവേദന അനുഭവിക്കുകയും പ്രസവാനന്തരം മരിക്കുകയും ചെയ്തു. പ്രസവത്തിൽ അനുഭവിച്ച വേദനയെ അനുസ്മരിച്ചു കൊണ്ടു അവൾ കുഞ്ഞിനു ‘എന്റെ ദു:ഖത്തിന്റെ പുത്രൻ’ എന്ന അർത്ഥത്തിൽ ബൈനോനീ എന്നു പേരിട്ടു. എന്നാൽ ‘വലങ്കയുടെ പുത്രൻ അഥവാ തെക്കിന്റെ പുത്രൻ’ എന്ന അർത്ഥത്തിൽ യാക്കോബ് അവനെ ബെന്യാമിൻ എന്നു വിളിച്ചു. (ഉല്പ, 35:16-20). യോസേഫ് വിട്ടുപോയ ശേഷം യാക്കോബിന്റെ വാത്സല്യം മുഴുവൻ ബെന്യാമീനിൽ ഒതുങ്ങി. ഇവർ ഇരുവരുമായിരുന്നു തന്റെ ഇഷ്ടഭാര്യയായ റാഹേലിന്റെ പുത്രന്മാർ. കനാൻദേശത്തു ക്ഷാമം ഉണ്ടായപ്പോൾ യാക്കോബിന്റെ മക്കൾ മിസ്രയീമിൽ ധാന്യം വാങ്ങുവാൻ പോയി. എന്നാൽ യാക്കോബ് അവരോടൊപ്പം ബെന്യാമീനെ വിട്ടില്ല. ഒടുവിൽ യാക്കോബിനു ബെന്യാമീനെ വിടേണ്ടിവന്നു. യോസേഫ് അവർക്കു സ്വയം വെളിപ്പെടുത്തി അവരെ വികാരാർദ്രമായി സ്വീകരിച്ചു. (ഉല്പ, 42-45). യാക്കോബ് കുടുംബസമേതം മിസ്രയീമിലേക്കു പോയപ്പോൾ ബെന്യാമീനും പോയി. അപ്പോൾ ബെന്യാമീനു പത്തു മക്കളുണ്ടായിരുന്നു. (ഉല്പ, 46:21). തന്റെ മരണശയ്യയിൽ വച്ചു യാക്കോബ് ബെന്യാമീനെ ഇപ്രകാരം അനുഗ്രഹിച്ചു. “ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായി; രാവിലെ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവൻ കവർച്ച പങ്കിടും.” (ഉല്പ, 49:27).

ബെന്യാമീൻ ഗോത്രം: യാക്കോബിന്റെ ഏറ്റവും ഇളയ മകനായ ബെന്യാമീനിൽ നിന്നുത്ഭവിച്ച ഗോത്രം. യാക്കോബിന്റെ കുടുംബം മിസ്രയീമിലേക്കു പോയപ്പോൾ ബെന്യാമീനു പത്തു പുത്രന്മാരുണ്ടായിരുന്നു. (ഉല്പ, 46:21). എന്നാൽ സംഖ്യാപുസ്തകത്തിൽ (26:38-40) ഏഴു പേരുകൾ മാത്രമേ കൊടുത്തിട്ടുള്ളൂ. ബെന്യാമിന്റെ ചില സന്തതികൾ നേരത്തേ മരിക്കുകയോ അപുത്രരായി മരിക്കുകയോ ചെയ്തിരിക്കണം. 1ദിനവൃത്താന്തം 7:6-ൽ ബെന്യാമീൻ ഗോത്രത്തിലെ മൂന്നു കുടുംബങ്ങൾ മാത്രമേ പരാമർശിക്കപ്പെട്ടിട്ടുള്ളൂ. 

മിസ്രയീമിൽ നിന്നുള്ള പുറപ്പാടിന്റെ കാലത്ത് മനശ്ശെ ഗോത്രത്തെ ഒഴിവാക്കിയാൽ ജനസംഖ്യയിൽ ഏറ്റവും ചെറിയ ഗോത്രം ബെന്യാമീൻ ആയിരുന്നു. (സംഖ്യാ, 1:36,37). ഒന്നാമത്തെ ജനസംഖ്യയെടുപ്പിൽ ബെന്യാമീന്യർ മുപ്പത്തയ്യായിരത്തിനാനൂറ്. അടുത്ത ജനസംഖ്യയെടുപ്പിൽ അത് നാല്പത്തയ്യായിരത്തി അറുനൂറായി വർദ്ധിച്ചു. അങ്ങനെ ജനസംഖ്യയിൽ പതിനൊന്നാമത്തേതായിരുന്ന ഗോത്രം ഏഴാമത്തേതായി. ‘ചെറിയ ബെന്യാമീൻ’ എന്ന പ്രയോഗം ശ്രദ്ധേയമാണ്. (സങ്കീ, 68:27). മരുഭൂമിയാത്രയിൽ ബെന്യാമിന്റെ സ്ഥാനം മനശ്ശെ, എഫ്രയീം ഗോത്രങ്ങളോടൊപ്പം സമാഗമനകൂടാരത്തിന്റെ പടിഞ്ഞാറു വശത്തായിരുന്നു. (സംഖ്യാ, 2:18-24). ബെന്യാമീൻ ഗോത്രത്തിന്റെ പ്രഭു അബീദാൻ ആയിരുന്നു. കനാൻദേശം ഒറ്റു നോക്കുവാൻ നിയോഗിക്കപ്പെട്ടവരിൽ ബെന്യാമീൻ ഗോത്രത്തിന്റെ പ്രതിനിധി രാഫൂവിന്റെ മകൻ പൽതി ആയിരുന്നു. (സംഖ്യാ, 13:9). കനാൻ ദേശവിഭജനത്തിൽ സഹായിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ ബെന്യാമീൻ ഗോത്രത്തിന്റെ പ്രഭു കിസ്ലോന്റെ മകൻ എലീദാദ് ആയിരുന്നു. (സംഖ്യാ, 34:2). ബെന്യാമീൻ ഗോത്രപതാകയിൽ ചെന്നായയുടെ അടയാളം ഉണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു. (ഉല്പ, 49:27). എഫയീം ഗോത്രത്തിനു തൊട്ടുതെക്കുള്ള പ്രദേശമാണു ബെന്യാമീൻ ഗോത്രത്തിനു അവകാശമായി കിട്ടിയത്. അതിന്റെ കിഴക്കെ അതിരു യോർദ്ദാൻ നദി ആയിരുന്നു. തെക്ക് യെഹൂദാഗോത്രത്തിനും പടിഞ്ഞാറു ദാൻ ഗോത്രത്തിനും അവകാശം ലഭിച്ചു. 

യിസ്രായേല്യ ഗോത്രങ്ങളിൽ വച്ച് യുദ്ധവാസന മുറ്റിനിന്ന ഗോത്രമായിരുന്നു ബെന്യാമിൻ ഗോത്രം. പ്രവാചകദൃഷ്ടിയോടു കൂടെയാണ് ബെന്യാമീനു യാക്കോബ് അനുഗ്രഹം നല്കിയത്. സീസെരയെ തോല്പിക്കുന്നതിൽ ബെന്യാമീന്യർ പൂർണ്ണമായും ഭാഗഭാക്കുകളായിരുന്നു. സീസെരയുടെ തോൽവിക്കുശേഷം ദെബോരാ ബെന്യാമീൻ ഗോത്രത്തെ സ്മരിച്ചു. (ന്യായാ, 5:14). ബെന്യാമീന്യരെ അമ്മോന്യർ ആക്രമിച്ചു. (ന്യായാ, 10:9). അനന്തരകാലത്തു ബെന്യാമീന്യർ യിസ്രായേലിലെ മറ്റെല്ലാ ഗോത്രങ്ങളെയും പതിനഞ്ചിലൊരു ഭാഗം വരുന്ന സൈന്യം കൊണ്ടു വെല്ലുവിളിക്കുകയും തങ്ങളുടെ 25000 യോദ്ധാക്കൾ മരിച്ചുവെങ്കിലും അവരുടെ 40000 യോദ്ധാക്കളെ കൊല്ലുകയും ചെയ്തു. (ന്യായാ, 20:14, 35). അവരുടെ ഈ കഴിവിനെ “ഈ ജനത്തിലെല്ലാം ഇടതു കയ്യന്മാരായ എഴുനൂറു വിരുതന്മാരുണ്ടായിരുന്നു ; അവർ എല്ലാവരും ഒരു രോമത്തിനു പോലും ഏറു പിഴയ്ക്കാത്ത കവിണക്കാർ ആയിരുന്നു” എന്നു വർണ്ണിക്കുന്നു. ബെന്യാമീന്യരെ സമർത്ഥരായ വില്ലാളികൾ എന്നും പരാക്രമശാലികൾ എന്നും ഒന്നിലധികം പ്രാവശ്യം വർണ്ണിച്ചിട്ടുണ്ട്. (1ദിന, 8:40; 2ദിന, 14:8). 

യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗൽ ബെന്യാമീന്യൻ ആയിരുന്നു. (1ശമൂ, 9:1; 10:20,21). ശൗലിന്റെ മരണശേഷം പുത്രനായ ഈശ്-ബോശെത്തിനോടൊപ്പം അവർ നിന്നു. (2ശമൂ, 2:15). ദാവീദിനു ആവശ്യം വന്നപ്പോൾ ശൗലിന്റെ ഏറ്റവും അടുത്ത മൂവായിരം പേർ ഹെബ്രോനിൽ വച്ച് ദാവീദിനോടു ചേർന്നു. (1ദിന, 12:29). ദാവീദിന്റെ തലവന്മാരിൽ അഹീയേസറും യോവാശും ബെന്യാമീന്യർ ആയിരുന്നു. അവരുടെ കൂട്ടത്തിലുള്ളവരും വില്ലാളികളും വലങ്കൈ കൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാൻ സമർത്ഥരും ആയിരുന്നു. (1ദിന, 12:1-3). യിസ്രായേലിനെ മോവാബ്യരുടെ കയ്യിൽനിന്നു രക്ഷിച്ച ഏഹൂദും (ന്യായാ, 3:15), എസ്ഥേർ രാജ്ഞിയും അമ്മാവനായ മൊർദ്ദെഖായിയും (എസ്ഥേ, 2:5), അപ്പൊസ്തലനായ പൗലൊസും (റോമ, 11:1) ഈ ഗോത്രത്തിലുള്ളവരാണ്. 

ദാവീദിന്റെ കാലത്ത് ബെന്യാമീൻ ഗോത്രം യെഹൂദാ ഗോത്രവുമായി അടുപ്പത്തിലായിരുന്നു. (2ശമൂ, 19:16,17). രാജ്യം വിഭജിക്കപ്പെട്ടപ്പോൾ യെഹൂദാഗോത്രവും ബെന്യാമീൻ ഗോത്രവും ഒന്നിച്ചുനിന്നു. ബാബിലോന്യ പ്രവാസത്തിനു ശേഷമുള്ള യെഹൂദാസമുദായം ഇരുഗോത്രങ്ങളുടെയും സങ്കലനഫലമാണ്. യെരുശലേമിന്റെ വടക്കെ മതിലിലെ ഒരു വാതിലിന് ബെന്യാമീൻ വാതിൽ എന്നായിരുന്നു പേർ. (യിരെ, 33:13; സെഖ, 14:10). യൊരോബെയാമിന്റെ കാലത്ത് കാളക്കുട്ടികളെ ആരാധിക്കുന്ന കേന്ദ്രമായി മാറി എങ്കിലും യാക്കോബിനു ദൈവം പ്രത്യക്ഷപ്പെട്ട ബേഥേൽ ബെന്യാമിന്റെ പ്രവേശനത്തിനുള്ളിലായിരുന്നു. മശീഹയുടെ വാഴ്ചയിൽ പുന:സ്ഥാപിത ദേശത്തു മറ്റു ഗോത്രങ്ങൾക്കു തുല്യമായ ഓഹരി ബെന്യാമീനും ലഭിക്കും. (യെഹെ, 48:23). മഹാപീഡനകാലത്തു ബെന്യാമീൻ ഗോത്രവും രക്ഷയ്ക്കായി മുദ്രയിടപ്പെടും. (വെളി, 7:8).

യോസേഫ്

യോസേഫ് (Joseph)

പേരിനർത്ഥം – അവൻ കൂട്ടിച്ചേർക്കും 

യാക്കോബിന്റെ പതിനൊന്നാമത്തെ പുത്രനാണ് യോസേഫ്; റാഹേലിൽ ജനിച്ച ആദ്യത്തെ പുത്രനും. (ഉല്പ, 30:22). യാക്കോബ് ലാബാനെ സേവിക്കുന്ന കാലത്താണ് യോസേഫ് ജനിച്ചത്. ഉല്പ, 30:22-26). പിന്നീടു യോസേഫിനെക്കുറിച്ചു പറയുന്നതു യാക്കോബിനോടൊപ്പം സ്വദേശത്തേക്കു മടങ്ങുന്ന സമയത്താണ്. (ഉല്പ, 33:2, 7). തുടർന്നു യോസേഫിനു പതിനേഴു വയസ്സാകുന്നതു വരെ അവനെക്കുറിച്ചു യാതൊന്നും പറയുന്നില്ല. യിസ്രായേലിന്റെ വാർദ്ധക്യത്തിലെ മകനെന്നു യോസേഫിനെ വിശേഷിപ്പിച്ചിരിക്കുന്നു. (ഉല്പ, 37:3). യാക്കോബ് യോസേഫിനെ അധികം സ്നേഹിച്ചിരുന്നു. ബിൽഹയുടെയും സില്പയുടെയും പുത്രന്മാരായ തന്റെ സഹോദരന്മാരെക്കുറിച്ചുള്ള ദു:ശുതി യോസേഫ് യാക്കോബിനോടു വന്നുപറഞ്ഞു. ഇതു സഹോദരന്മാർക്കു അവനോടു വെറുപ്പുളവാക്കി. യോസേഫിനോടുള്ള സ്നേഹം നിമിത്തം യാക്കോബ് അവനൊരു നിലയങ്കി ഉണ്ടാക്കിക്കൊടുത്തു. കൂടാതെ താൻ കണ്ട സ്വപ്നങ്ങൾ സഹോദരന്മാരോടു പറഞ്ഞതും അവർക്കു അവനോടു വെറുപ്പിനു കാരണമായി. (ഉല്പ, 37:2-11). 

സഹോദരന്മാരുടെ സുഖവൃത്താന്തം അന്വേഷിച്ചു വരന്നതിനു യോസേഫിനെ ഹെബ്രോൻ താഴ്വരയിൽ നിന്നു ശെഖേമിലേക്കയച്ചു. പക്ഷേ അവർ ശെഖേമിലുണ്ടായിരുന്നില്ല. യോസേഫ് അവരെ ദോഥാനിൽ വച്ചു കണ്ടുമുട്ടി. യോസേഫിനെ ദൂരത്തുനിന്നു കണ്ടപ്പോൾ തന്നെ അവരുടെ കോപം ഇരട്ടിച്ചു. രൂബേനൊഴികെ മറ്റെല്ലാവരും ചേർന്നു അവനെ കൊല്ലാനാലോചിച്ചു. യോസേഫിനെ അവരുടെ കയ്യിൽ നിന്നു വിടുവിച്ചു അപ്പന്റെ അടുക്കൽ കൊണ്ടുപോകണമെന്നു കരുതിക്കൊണ്ടു രൂബേൻ, “നിങ്ങൾ അവന്റെ മേൽ കൈവെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ” എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അങ്ങനെ ചെയ്തു. അവർ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ മിദ്യാന്യ കച്ചവടക്കാരായ യിശ്മായേല്യർ വരുന്നതു കണ്ടു യോസേഫിനെ ഇരുപതു വെള്ളിക്കാശിനു വിറ്റു. ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറഞ്ഞു രക്തം പുരണ്ട യോസേഫിന്റെ അങ്കി പിതാവിനു കാണിച്ചുകൊടുത്തു. യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുടുത്തു ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദു:ഖിച്ചു. (ഉല്, 37:12-36). 

മിദ്യാന്യർ യോസേഫിനെ ഫറവോന്റെ അകമ്പടി നായകനായ പോത്തീഫറിനു വിറ്റു. അങ്ങനെ അവൻ ഒരു മിസ്രയീമ്യ അടിമയായിത്തീർന്നു. യോസേഫ് പോത്തീഫറിനു വിശ്വസ്തനായിരുന്നു. പോത്തീഫർ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചു. യോസേഫ് കോമളനും മനോഹര രൂപിയും ആയിരുന്നതുകൊണ്ടു പോത്തീഫറിന്റെ ഭാര്യ യോസേഫിനോടു അപമര്യാദയായി പെരുമാറിത്തുടങ്ങി; യോസേഫ് അതിൽ നിന്നു ഒഴിഞ്ഞുമാറി. എന്നാൽ ഒരു ദിവസം പോത്തീഫറിന്റെ ഭാര്യ ഭർത്താവിനെ തെറ്റിദ്ധരിപ്പിക്കുകയും യോസേഫിന്റെ മേൽ കുറ്റം ആരോപിക്കുകയും ചെയ്തു. പോത്തീഫർ അവനെ കാരാഗൃഹത്തിലാക്കി. എന്നാൽ യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു. കാരാഗൃഹപമാണിക്കു യോസേഫിനോടു ദയ തോന്നി കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും അവന്റെ കയ്യിൽ ഏല്പിച്ചു. (ഉല്പ, 39:1-23). 

ഫറവോന്റെ അപ്പക്കാരനും പാനപാത്രവാഹകനും കണ്ട സ്വപ്നങ്ങൾ യോസേഫ് വ്യാഖ്യാനിച്ചുകൊടുത്തു. സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതു എന്നു യോസേഫ് അവരോടു പറഞ്ഞു. രണ്ടു വർഷം കഴിഞ്ഞു ഫറവോൻ രണ്ടു സ്വപ്നങ്ങൾ കണ്ടു. ആ സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നതിനായി മിസയീമിലെ സകല ജ്ഞാനികളെയും മന്ത്രവാദികളെയും ആളയച്ചു വരുത്തി. എന്നാൽ ആർക്കും തന്നെ ഫറവോന്റെ സ്വപ്നങ്ങൾ വ്യാഖ്യാനിപ്പാൻ കഴിഞ്ഞില്ല. അപ്പോൾ പാനപാതവാഹകൻ യോസേഫിനെ ഓർത്തു, അവന്റെ കാര്യം ഫറവോനെ അറിയിച്ചു. യോസേഫ് ഫറവോന്റെ സ്വപ്നം ശരിയായി വ്യാഖ്യാനിച്ചു കൊടുത്തു. ഏഴുവർഷം സമൃദ്ധിയും ഏഴുവർഷം മഹാക്ഷാമവും ഉണ്ടാകുമെന്നു യോസേഫ് ഫറവോന്റെ സ്വപ്ന വ്യാഖ്യാനത്തിലൂടെ മുന്നറിയിച്ചു. ഇതു ഫറവോനെയും ഉദ്യോഗസ്ഥന്മാരെയും സന്തുഷ്ടരാക്കി. യോസേഫിനെ അവർ ദൈവാത്മാവുള്ള മനുഷ്യനായി കണക്കാക്കി. ഫറവോൻ യോസേഫിനു സാപ്നത്ത്-പനേഹ് എന്നു പേരിട്ടു. ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവനു ഭാര്യയായി കൊടുത്തു. യോസേഫ് മിസയീംരാജവായ ഫറവോന്റെ മുന്നിൽ നില്ക്കുമ്പോൾ അവനു മുപ്പതു വയസ്സായിരുന്നു. മനശ്ശെ, എഫ്രയീം എന്ന രണ്ടു മക്കൾ യോസേഫിനു ജനിച്ചു. (ഉല്പ, 41:1-52). 

യോസേഫ് മിസ്രയീമിലെ പ്രധാനമന്ത്രിയായി. ക്ഷാമകാലത്തു ജനത്തിനു നല്കാനായി സമൃദ്ധിയുടെ കാലത്തു യോസേഫ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു. ക്ഷാമകാലത്തു യോസേഫിന്റെ സഹോദരന്മാർ (ബെന്യാമീൻ ഒഴികെ) ധാന്യം വാങ്ങാനായി യോസേഫിന്റെ അടുക്കൽ വന്നു. അവർ ഒറ്റുകാരെന്നു സംശയിക്കുന്ന നിലയിൽ യോസേഫ് പെരുമാറി. അടുത്ത പ്രാവശ്യം ബെന്യാമീനെ കൊണ്ടു വരണമെന്നു പറഞ്ഞു. ജാമ്യമായി ശിമയോനെ തടഞ്ഞു വച്ചു. യാക്കോബിനെ സമ്മതിപ്പിച്ചു ബെന്യാമീനുമായി അടുത്ത പ്രാവശ്യം അവർ വന്നു. യോസേഫ് തന്നെത്താൻ വെളിപ്പെടുത്തുകയും യാക്കോബിനെ ഉടനെ തന്നെ മിസ്രയീമിലേക്കു കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. ഫറവോന്റെ സമ്മതത്തോടുകൂടി യാക്കോബിനെയും കുടുംബത്തെയും മിസ്രയീമിലെ ഗോശെൻ ദേശത്തു താമസിപ്പിച്ചു. യാക്കോബ് മിസ്രയീമിൽ 17 വർഷം വസിച്ചു. 147-ാം വയസ്സിൽ അവൻ മരിച്ചു. യാക്കോബ് മരിച്ചപ്പോൾ യോസേഫിന്റെ കല്പനപ്രകാരം അവനു സുഗന്ധവർഗ്ഗം ഇട്ടു. ഫറവോന്റെ കല്പന വാങ്ങി അവനെ കനാനിൽ കൊണ്ടുപോയി മക്പേല ഗുഹയിൽ അടക്കി. (ഉല്പ, 50:13).

യോസേഫും സഹോദരന്മാരും മടങ്ങി മിസ്രയീമിൽ വന്നു. സഹോദരന്മാരോടു വിദ്വേഷം ഇല്ലെന്നും അവരെ തുടർന്നും കരുതികൊള്ളാമെന്നും യോസേഫ് ഉറപ്പു നല്കി. മരിക്കുമ്പോൾ തന്റെ അസ്ഥികൾ സൂക്ഷിക്കുകയും ദൈവം അവരെ സന്ദർശിച്ചു കനാനിലേക്കു മടക്കിക്കൊണ്ടു പോകുമ്പോൾ അവകൂടി കൊണ്ടുപോകുകയും ചെയ്യണമെന്നു യോസേഫ് അവക്കൊണ്ടു സത്യം ചെയ്യിച്ചു. 110 വയസ്സുള്ളപ്പോൾ യോസേഫ് മരിച്ചു. (ഉല്പ, 50:22-26). യിസ്രായേൽ മക്കളെ ദൈവം കനാനിലേക്കു തിരികെ കൊണ്ടുവരുമെന്നു യോസേഫ് ദൃഢമായി വിശ്വസിച്ചു. സൗമ്യത, വിശ്വസ്തത, വിശാലമനസ്കത, ക്ഷമാശീലം എന്നിങ്ങനെ മഹനീയമായ ഗുണങ്ങൾ യോസേഫിൽ കാണാം. യോസേഫിനെ യേശുക്രിസ്തുവിന്റെ നിഴലായി ചിത്രീകരിക്കുന്നുണ്ട്.

ദീനാ

ദീനാ (Dinah)

പേരിനർത്ഥം – ന്യായവിധി

യാക്കോബിന് ലേയയിൽ ജനിച്ച മകൾ. (ഉല്പ, 30:21; 46:15). ഉല്പത്തി 37:35-ൽ യാക്കോബിന്റെ പുത്രിമാർ എന്നു പറയുന്നുണ്ടെങ്കിലും മറ്റു പുത്രിമാരെക്കുറിച്ച് നമുക്കു ഒരറിവുമില്ല. യാക്കോബ് ശെഖേമിൽ പാർക്കുന്ന കാലത്ത് ദീനാ ദേശത്തിലെ കന്യകമാരെ കാണാൻ പോയി. അപ്പോൾ ദീനയ്ക്ക് 13-15 വയസ്സു പ്രായമുണ്ടായിരിക്കണം. ഇത് പൗരസ്ത്യ ദേശങ്ങളിൽ വിവാഹപ്രായമാണ്. ദേശത്തിന്റെ പ്രഭുവായ ശെഖേം അവളോടു കൂടെ ശയിച്ച് അവൾക്കു പോരായ്മ വരുത്തി. ദീനയുടെ സ്വന്തം സഹോദരന്മാരായിരുന്ന ശിമയോനും ലേവിയും അവിടെയുള്ള പുരുഷന്മാരെ ഒക്കെയും കൊന്നു, ദീനയെ വീണ്ടെടുത്തു. ഈ കൂട്ടക്കൊല യാക്കോബിന് ഇഷ്ടമായില്ല. (ഉല്പ, 34:30). പുത്രന്മാരെ അനുഗ്രഹിക്കുന്ന സമയത്ത് ഹൃദയവേദനയോടു കൂടി യാക്കോബ് ഈ സംഭവത്തെ അനുസ്മരിച്ചു. (ഉല്പ, 49:57).

സെബൂലൂൻ

സെബൂലൂൻ (Zebulun)

പേരിനർത്ഥം – വാസം

ലോയയുടെ ആറാമത്തെയും ഒടുവിലത്തെയും പുത്രനും യാക്കോബിന്റെ പത്താമത്തെ പുത്രനും. “ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു; ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂൻ എന്നു പേരിട്ടു.” (ഉല്പ, 30:19,20). സെബൂലുനു കനാൻ ദേശത്തു വച്ച് ‘സേരെദ്, ഏലോൻ, യഹ്ളെയേൽ’ എന്നിങ്ങനെ മൂന്നു പുത്രന്മാർ ജനിച്ചു. (ഉല്പ, 46:14). 

സെബൂലൂൻ ഗോത്രം: ദൈവത്തിന്റെ കല്പനയനുസരിച്ച് സീനായിൽ വച്ചു യോദ്ധാക്കന്മാരുടെ കണക്കെടുത്തപ്പോൾ സെബൂലൂൻ ഗോത്രത്തിൽ 57, 400 പേർ ഉണ്ടായിരുന്നു. (സംഖ്യാ, 1:31). അടുത്ത ജനസംഖ്യ എടുത്തപ്പോൾ അത് 60,500 ആയി വർദ്ധിച്ചു. (സംഖ്യാ, 26:27). മരുഭൂമി പ്രയാണത്തിൽ സെബൂലൂൻ ഗോത്രത്തിനു നല്കിയ സ്ഥാനം സമാഗമന കൂടാരത്തിന്റെ കിഴക്കുഭാഗത്ത് യെഹൂദയുടെ കൊടിക്കീഴിൽ ആയിരുന്നു. (സംഖ്യാ, 2:7). സെബൂലൂന്യരുടെ പ്രദേശത്തിന്റെ കൃത്യമായ അതിരുകൾ അറിയില്ല. ഗലീലക്കടലിനും മെഡിറ്ററേനിയനും ഇടയിലായിരുന്നു അവരുടെ അവകാശം. കനാൻ ആക്രമണത്തിൽ സെബൂലൂന്റെ പ്രദേശം ഗലീലക്കടൽ വരെ വ്യാപിച്ചു. അനന്തരകാലത്ത് വടക്കോട്ടു ഫൊയ്നീക്യയുടെ അതിർത്തി വരെ സെബൂലൂൻ ഗോത്രം എത്തി. ക്രിസ്തുവിന്റെ ശുശ്രൂഷയ്ക്ക് സെബൂലൂന്റെ അതിരുകൾ സാക്ഷ്യം വഹിക്കുകയും അങ്ങനെ യെശയ്യാപ്രവാചകന്റെ പ്രവചനം നിറവേറുകയും ചെയ്തു. (യെശ, 9:1-2, മത്താ, 4:12-16). സീസെരയുമായുള്ള യുദ്ധത്തിൽ സെബൂലൂൻ ഗോത്രം പ്രാണനെപ്പോലും ത്യജിച്ചു. (ന്യായാ, 5:18). മിദ്യാന്യരെ വെട്ടാൻ ഗിദെയോൻ നിയോഗിക്കപ്പെട്ടപ്പോൾ അവന്റെ അഭ്യർത്ഥന സെബൂലൂൻ കൈക്കൊണ്ടു. (ന്യായാ, 6:35). രാജ്യം നേടാനായി ഹൈബാനിൽ വച്ച് അമ്പതിനായിരം സെബൂലൂന്യ യോദ്ധാക്കൾ ദാവീദിനോടു ചേർന്നു. (1ദിന, 12:33).