പേക്കഹ്

പേക്കഹ് (pekah)

പേരിനർത്ഥം — തുറന്ന കണ്ണുള്ളവൻ

വിഭക്ത യിസ്രായേലിലെ പത്തൊമ്പതാമത്തെ രാജാവ്. ഭരണകാലം ബി.സി. 740/39-732/31. യിസ്രായേൽ രാജാവായ പെക്കഹ്യാവിന്റെ അകമ്പടി നായകനായിരുന്നു രെമല്യാവിന്റെ മകനായ പേക്കഹ്. ഗൂഢാലോചനയിലൂടെ പെക്കഹ്യാവിനെ വധിച്ചു് രാജാവായി. (2രാജാ, 15:25). ഗിലെയാദ്യരിൽ അമ്പതുപേർ പേക്കഹിനോടു ഒപ്പമുണ്ടായിരുന്നു. ഇതിൽ നിന്നും പേക്കഹ് ഗിലെയാദ്യനായിരുന്നു എന്നു കരുതപ്പെടുന്നു. ആഭ്യന്തരയുദ്ധങ്ങളും ഉപജാപങ്ങളും നിമിത്തവും അശ്ശൂരിന് ഭാരിച്ച കപ്പം കൊടുക്കേണ്ടിവന്നതു മൂലവും യിസ്രായേൽ ദുർബ്ബലമായിത്തീർന്നു. (2രാജാ, 15:20). പേക്കഹ് യിസ്രായേലിനെ ശക്തമാക്കാനുള്ള ശ്രമം നടത്തി. അതിനു ഒരു വിദേശസഖ്യം ആവശ്യമായിരുന്നു. അരാംരാജാവായ രെസീനുമായി പേക്കഹ് സഖ്യം ചെയ്തു. (2രാജാ, 15:37). ഇരുവരും ചേർന്നു യെഹൂദാരാജാവായ യോഥാമിന്റെ മേൽ സമ്മർദ്ദം ചെലുത്തി. യോഥാമിനോടും അനന്തരഗാമിയായ ആഹാസിനോടും നിഷ്പക്ഷത പാലിക്കുവാൻ യെശയ്യാ പ്രവാചകൻ ഉപദേശിച്ചു. ആഹാസ് ദുർബ്ബലനായിരുന്നു. പേക്കഹ് ഒട്ടും താമസിയാതെ സുശക്തമായ സൈന്യത്തോടുകൂടി യെരൂശലേമിനെ നിരോധിച്ചു. (2രാജാ, 16:5; യെശ, 7-9). പ്രവചനങ്ങളുടെ സന്ദർഭം ഇതായിരുന്നു. ആഹാസിനെ ജയിക്കുവാൻ അവർക്കു കഴിഞ്ഞില്ല. പേക്കഹുമായി സഖ്യത്തിലേർപ്പെട്ടിരുന്ന അരാമ്യർ തെക്കോട്ടു ചെന്നാ ഏലാത്ത് പിടിച്ചു. പേക്കഹിന്റെ സൈന്യം യെരീഹോയിൽ കൊള്ളയും കൂട്ടക്കൊലയും നടത്തി. യെഹൂദ്യരിൽ അനേകം പേരെ ബദ്ധരാക്കി ശമര്യയിലേക്കു കൊണ്ടുപോയി. ഒടുവിൽ ഓദേദ് പ്രവാചകൻ ഇടപെട്ടു അവരെ മോചിപ്പിച്ചു. (2ദിന, 28:5-15). 

യെഹൂദാരാജാവായ ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത് പിലേസർ തൃതീയന്റെ സഹായം അപേക്ഷിച്ചു. ബി.സി. 732-ൽ അശ്ശൂർ ദമ്മേശെക്ക് കീഴടക്കി. യിസ്രായേലിൽ ഗലീലവരെയുളള പ്രദേശങ്ങൾ പിടിച്ചു. (2രാജാ, 15:29). യിസ്രായേലിന്റെ പകുതിയിലധികവും അശ്ശൂരിന്നധീനമായി. ഒരു വർഷത്തിനുശേഷം ഏലാമിന്റെ മകൻ ഹോശേയ പേക്കഹിനെതിരെ ഗൂഢാലോചന നടത്തി പേക്കഹിനെ വധിച്ചു് സിംഹാസനം കരസ്ഥമാക്കി. (2രാജാ, 15:30). അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യൊരോബെയാമിന്റെ പാപങ്ങളെ മുറുകെപ്പിടിച്ചു. (2രാജാ, 15:28).

പെക്കഹ്യാവ്

പെക്കഹ്യാവ് (Pekahiah)

പേരിനർത്ഥം — യഹോവ തുറന്നു

യിസ്രായേലിലെ പതിനെട്ടാമത്തെ രാജാവ് മെനഹേമിന്റെ പുത്രനായ പെക്കഹ്യാവിന്റെ വാഴ്ച ഹ്രസമായിരുന്നു. അവൻ യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ രണ്ടു സംവത്സരം വാണു. (2രാജാ, 15:23). യഹോവയുടെ വഴിയിൽ നടക്കാതെ സ്വന്തം ഇഷ്ടം പ്രവർത്തിക്കുകയും യൊരോബെയാമിന്റെ പാപങ്ങളെ വിട്ടൊഴിയാതിരിക്കുകയും ചെയ്തു. (2രാജാ, 15:24). അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരിൽ അമ്പതുപേരെ തുണകൂട്ടി ശമർയ്യാരാജധാനിയുടെ കോട്ടയിൽവെച്ചു അവനെ അർഗ്ഗോബിനോടും അർയ്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി. (2രാജാ, 15:23-26).

മെനഹേം

മെനഹേം (Menahem)

പേരിനർത്ഥം — ആശ്വാസപ്രദൻ

വിഭക്തയിസ്രായേലിലെ പതിനാറാമത്തെ രാജാവ്. ഭരണകാലം ബി.സി. 752-742/41. ഗാദിയുടെ പുത്രനായ ഇദ്ദേഹം സെഖര്യാരാജാവിന്റെ സൈന്യാധിപന്മാരിൽ ഒരാളായിരുന്നിരിക്കണം. ശല്ലും ഗുഢാലോചനയിലുടെ സെഖര്യാവിനെ കൊന്നു രാജാവായി. ഇതറിഞ്ഞ മെനഹേം തിർസ്സയിൽ നിന്നു ശമര്യയിൽ ചെന്നു ശല്ലുമിനെ വധിച്ചു രാജാവായി. മെനഹേമിനെ രാജാവായി അംഗീകരിക്കാൻ വിസമ്മതിച്ച തിപ്സഹിനെ നശിപ്പിച്ചു. യൊരോബെയാമിന്റെ കാളക്കുട്ടിപുജ തുടരുകയും യിസ്രായേലിനെ പാപം ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇക്കാലത്തു യിസ്രായേലിന്റെ വടക്കുകിഴക്കെ അതിർത്തിയിൽ അശ്ശൂരിന്റെ സൈന്യം പ്രത്യക്ഷപ്പെട്ടു. ജനങ്ങളിൽ നിന്നു കരം പിരിച്ചു ആയിരം താലന്തു വെളളി തിഗ്ലത്ത്-പിലേസർ മൂന്നാമനു നല്കി സിംഹാസനം നഷ്ടപ്പെടാതെ സൂക്ഷിച്ചു. പത്തുവർഷം രാജ്യം ഭരിച്ചു. അവൻ്റെ മരണശേഷം പുത്രനായ പെക്കഹ്യാവു സിംഹാസനാരോഹണം ചെയ്തു. (2രാജാ, 15:14-22).

ശല്ലൂം

ശല്ലൂം (Shallum)

പേരിനർത്ഥം — പ്രതിഫലം

യിസ്രായേലിലെ പതിനഞ്ചാമത്തെ രാജാവ്. യാബേശിന്റെ പുത്രൻ. സെഖര്യാവിനെ വധിച്ചാണു ശല്ലും രാജാവായത്. ഒരു മാസം ഭരിച്ചു കഴിഞ്ഞപ്പോൾ ഗാദിയുടെ മകനായ മെനഹേം അവനെ കൊന്നു പകരം രാജാവായി. (2രാജാ, 15:10-15).

സെഖര്യാവ്

സെഖര്യാവ് (Zechariah)

പേരിനർത്ഥം — യഹോവ ഓർമ്മിക്കുന്നു

യിസ്രായേലിലെ പതിനാലാമത്തെ രാജാവ്. യൊരോബെയാം രണ്ടാമനെത്തുടർന്നു രാജാവായി. (2രാജാ, 14:29). “അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതുചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.” (2രാജാ, 15:9). “യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.” (2രാജാ, 15:10). ആറുമാസം അവൻ ഭരിച്ചു. യഹോവ യേഹൂവിനോട് അരുളിച്ചെയ്ത വചനം അങ്ങനെ നിവർത്തിച്ചു. (2രാജാ, 15:12).

യൊരോബെയാം

യൊരോബെയാം (Jeroboam II)

പേരിനർത്ഥം — ജനങ്ങൾ പോരാടും

യെഹോവാശ് രാജാവിന്റെ പുത്രനും പിൻഗാമിയും; വിഭക്ത യിസ്രായേലിലെ പതിമൂന്നാമത്തെ രാജാവും. യേഹുവിന്റെ രാജവംശത്തിലെ നാലാമത്തെ രാജാവായ യൊരോബെയാം രണ്ടാമൻ യിസ്രായേൽ രാജാക്കന്മാരിൽ ഉന്നതനായിരുന്നു. (2രാജാ, 14:23-29). ഭരണകാലം 793-753 ബി.സി. പരാക്രമിയായ യൊരോബെയാം ആക്രമണത്തിലൂടെ രാജ്യം വടക്കോട്ടു വികസിപ്പിച്ചു. യിസ്രായേലിനെ അരാമ്യനുകത്തിൽ നിന്നു മോചിപ്പിച്ചു. ദമ്മേശെക്കും ഹമാത്തും വീണ്ടെടുത്തു. ലെബാനോൻ മുതൽ ചാവുകടൽ വരെയുള്ള പ്രദേശങ്ങൾ വീണ്ടും സ്വാധീനമാക്കി. (2രാജാ, 14:25,28; ആമോ, 6:14). അമ്മോനും മോവാബും ആക്രമിച്ചു. (ആമോ, 1:13; 2:1-3). ഒമ്രിയുടെ കാലത്തു പണിത ശമര്യയിൽ മന്ദിരങ്ങൾ നിർമ്മിച്ചു. വിദേശാക്രമണത്തിന്റെ അഭാവം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വർദ്ധിപ്പിച്ചു. അമിതമായ സമ്പത്തും ഐശ്വര്യവും മതപരമായ അപചയത്തിനു വഴിതെളിച്ചു. ധനവാന്മാരുടെ ധൂർത്തും ആഡംബരവും ആമോസ് പ്രവാചകന്റെ ഭർത്സനത്തിനു വിധേയമായി. (ആമോ, 6:1-7). അമിതമായ സമ്പത്ത്, ദാരിദ്ര്യം (ആമോ, 2:6-7), നാമമാത്രമായ മതാനുഷ്ഠാനം (ആമോ, 5:21-24; 7:10 – 17), വ്യാജമായ സുരക്ഷിതത്വം (ആമോ, 6:1-8) എന്നിവയായിരുന്നു യൊരോബെയാമിന്റെ ദീർഘമായ ഭരണത്തിന്റെ ഫലങ്ങൾ.

യോവാശ്

യോവാശ് (Joash)

പേരിനർത്ഥം — യഹോവ തന്നു

യിസ്രായേലിലെ പന്ത്രണ്ടാമത്തെ രാജാവ്. യെഹോവാഹാസിന്റെ മകൻ. (2രാജാ, 13:10-25; 14:8-16; 2ദിന, 25:17-24). യേഹുവിന്റെ പൗത്രനായ ഇയാൾ 16 വർഷം രാജ്യഭാരം ചെയ്തു. (798-782 ബി.സി.) എലീശാപ്രവാചകനെ വളരെയധികം ബഹുമാനിച്ചിരുന്നു. രോഗിയായിക്കിടന്ന പ്രവാചകന്റെ അടുക്കൽ ചെന്നിരുന്നു കരഞ്ഞു പറഞ്ഞു. “എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളാവേ.” (2രാജാ, 13:14). അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം യോവാശ് ജയിക്കുമെന്നു അടയാളസഹിതം പ്രവാചകൻ പറഞ്ഞു. തന്റെ പിതാവായ യെഹോവാഹാസിൽ നിന്നു ഹസായേൽ പിടിച്ചെടുത്തിരുന്ന പട്ടണങ്ങളെ ഹസായേലിന്റെ പുത്രനായ ബെൻ-ഹദദിൽ നിന്നു യോവാശ് തിരികെ പിടിച്ചു. അവനെ മൂന്നുപ്രാവശ്യം തോല്പിച്ചു. യെഹൂദാരാജാവായ അമസ്യാവിന്റെ വെല്ലുവിളി മനസ്സില്ലാമനസ്സോടെ സ്വീകരിക്കുകയും അമസ്യാവിനെ തോല്പിച്ചു യെരുശലേമിനെ കൊള്ളയടിച്ചു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്യയിലേക്കു മടങ്ങുകയും ചെയ്തു. യോവാശ് മരിച്ചപ്പോൾ അവനെ ശമര്യയിൽ അടക്കി. (2രാജാ, 14:8-16). “യോവാശ് യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നബാത്തിന്റെ മകനായ യൊരോബെയാമിന്റെ സകല പാപങ്ങളെയും അവൻ വിട്ടുമാറാതെ അവയിൽതന്നെ നടന്നു.” (2രാജാ, 13:11).

യെഹോവാഹാസ്

യെഹോവാഹാസ് (Jehoahaz)

പേരിനർത്ഥം — യഹോവ പിടിച്ചിരിക്കുന്നു

വിഭക്തയിസ്രായേൽ രാജ്യത്തിലെ പതിനൊന്നാമത്തെ രാജാവ്. ഭരണകാലം ബി.സി. 814-798. (2രാജാ, 10:35). പിതാവായ യേഹൂ ഭരണം അവസാനിപ്പിക്കുമ്പോൾ യോർദ്ദാനു കിഴക്കുള്ള ചില ഭാഗങ്ങൾ അരാം രാജാവു പിടിച്ചടക്കിയിരുന്നു. യെഹോവാഹാസിന്റെ കാലത്തു അരാം രാജാവായ ഹസായേലിന്റെ ശക്തി വർദ്ധിക്കുകയും യിസ്രായേൽ ക്ഷയിക്കുകയും ചെയ്തു. അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു. 2രാജാ, 13:2). യഹോവയുടെ കോപം  യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു. (2രാജാ, 13:3). ഒടുവിൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിക്കുകയും; യഹോവ ഒരു രക്ഷകൻ മുഖാന്തരം വിടുവിക്കുകയും ചെയ്തു. (2രാജാ, 13:4,5). അവൻ 17 വർഷം ഭരിച്ചു : 2 രാജാ, 13:1-7). അവൻ്റെ മകനായ യോവാശ് അവനു പകരം രാജാവായി.

യേഹൂ

യേഹൂ (Jehu)

പേരിനർത്ഥം — അവൻ യഹോവയാണ്

വിഭക്തയിസ്രായേലിലെ പത്താമമത്തെ രാജാവും ഏറ്റവും ദീർഘമായ നാലാം രാജവംശത്തിന്റെ സ്ഥാപകനും. ഭരണകാലം 841-814 ബി.സി. നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകനാണു യേഹു. (2രാജാ, 9:2). ചില സ്ഥാനങ്ങളിൽ യേഹുവിനെ നിംശിയുടെ മകൻ എന്നു പറഞ്ഞിട്ടുണ്ട്. (1രാജാ, 19:16). യേഹുവിനെ യിസ്രായേലിലെ രാജാവായി അഭിഷേകം ചെയ്യുവാൻ യഹോവ ഏലീയാ പ്രവാചകനോടു ഹോരേബിൽ വച്ചു കല്പിച്ചു. ഏതോ കാരണത്താൽ അതു സംഭവിച്ചില്ല. (1രാജാ, 19:16,17). അഹസ്യാവിന്റെയും യെഹോരാമിന്റെയും വാഴ്ചക്കാലത്തു യേഹു പ്രശസ്തിയിലേക്കുയർന്നു. രാമോത്ത് – ഗിലെയാദിന്റെ നിരോധനകാലത്തു യേഹൂ സൈന്യാധിപനായി. രാമോത്തിൽ എലീശയുടെ ഒരു ശിഷ്യൻ വന്നു പടത്തലവന്മാരുടെ ഇടയിൽ നിന്നു യേഹുവിനെ സ്വകാര്യ സംഭാഷണത്തിനു വിളിച്ചു. ഇരുവരും ഉൾമുറിക്കകത്തു കടന്നു. പ്രവാചകശിഷ്യൻ തൈലപാതമെടുത്തു യേഹൂവിന്റെ തലയിൽ തൈലം ഒഴിച്ചു അവനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു. ആഹാബ് ഗൃഹത്ത മുഴുവൻ സംഹരിക്കണമെന്നു അറിയിച്ചശേഷം ഭ്രാന്തനെപ്പോലെ വന്ന ആ യുവാവ് വാതിൽ തുറന്നു ഓടിപ്പോയി. ആദ്യം മറച്ചുവയ്ക്കുവാൻ ശ്രമിച്ചു. എങ്കിലും പിന്നീടു ദൈവനിയോഗം യേഹൂ പടനായകന്മാർക്കു വെളിപ്പെടുത്തി. ഉടൻ അവർ തങ്ങളുടെ വസ്ത്രം എടുത്തു അവന്റെ കാല്പൽ വിരിച്ചു കാഹളം ഊതി. അങ്ങനെ യേഹൂ യിസ്രായേലിനു രാജാവായി. (2രാജാ, 9:1:13).

രാജാവായ ഉടൻ രാജ്യത്തെ ഭേദ്രമാക്കുവാൻ യേഹു ശ്രമിച്ചു. രാമോത്ത് – ഗിലെയാദിലെ ആക്രമണം ഉപേക്ഷിച്ചു ബിദ്കാറിനോടൊപ്പം പുറപ്പെട്ടു, ബിദ്കാറിനെ സൈന്യാധിപനാക്കി. യേഹൂ രഥം കയറി യിസ്രായേലിലേക്കു പോയി. യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണാൻ യെഹൂദാരാജാവായ അഹസ്യാവു അവിടെ എത്തിയിരുന്നു. യേഹൂവിന്റെ കൂട്ടം എത്തിയപ്പോൾ രണ്ടു രാജാക്കന്മാരും ബദ്ധപ്പെട്ടു വന്നു യിസ്രയേല്യനായ നാബോത്തിന്റെ നിലത്തിൽ വച്ചു യേഹൂവിനെ എതിരേറ്റു. യേഹുവേ സമാധാനമോ എന്നു യോരാം ചോദിച്ചതിനു “നിന്റെ അമ്മയായ ഇസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം” എന്നുത്തരം പറഞ്ഞു. യേഹൂ വില്ലു കുലച്ചു യോരാമിനെ കൊന്നു. അവനെ എടുത്തു നാബോത്തിന്റെ നിലത്തിലെറിഞ്ഞു കളഞ്ഞു. അഹസ്യാവിനു മാരകമായ മുറിവേറ്റു. കൊട്ടാരത്തിലേക്കു ചെന്നു. ഈസേബെലിനെയും കൊന്നു. ഇസേബെലിന്റെ മാംസം നായ്ക്കൾ തിന്നു. (2രാജാ, 9:30-37). യിസ്രായേൽ പ്രഭുക്കന്മാരും മൂപ്പന്മാരും രാജധാനിവിചാരകനും നഗരാധിപതിയും എല്ലാം യേഹൂവിനു കീഴടങ്ങി. (2രാജാ, 10:1-11). ആഹാബ് ഗൃഹത്തെ മുഴുവൻ നശിപ്പിച്ചു. (2രാജാ, 10:10,11). യെഹൂദാ രാജാവായ അഹസ്യാവിന്റെ നാല്പത്തിരണ്ടു ചാർച്ചക്കാരെ കൊന്നു. (2രാജാ, 10:12-14; 2ദിന, 22:8). 

ശമര്യയിലേക്കു പോകുമ്പോൾ യേഹു രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു. ബാൽ പൂജയെ സമ്പൂർണ്ണമായി നശിപ്പിക്കാനുള്ള തന്റെ ഉദ്ദേശ്യം അവനെ അറിയിച്ചു. യോനാദാബിനെയും രഥത്തിൽ കയറ്റി യേഹൂ ശമര്യയിലെത്തി. ബാലിന്റെ പൂജകന്മാരെ നശിപ്പിക്കുവാൻ ഒരുപായം പ്രയോഗിച്ചു. ബാലിനു ഒരു വിശുദ്ധ സഭായോഗം ഘോഷിച്ചു. ബാലിന്റെ സകല പൂജകന്മാരും ബാലിന്റെ ക്ഷേത്രത്തിൽ നിറഞ്ഞു. ഹോമയാഗം കഴിച്ചുതീർന്നപ്പോൾ യേഹൂ ക്രമീകരിച്ചിരുന്ന 80 പേർ ചാടിവീണു ബാൽ പൂജകരെ മുഴുവൻ കൊന്നൊടുക്കി സ്തംഭവിഗ്രഹങ്ങളെ ചുട്ടു. ക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കി. (2രാജാ, 10:15-28). എന്നാൽ ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെ നശിപ്പിച്ചില്ല. അങ്ങനെ യൊരോബെയാമിന്റെ പാപങ്ങളെ യേഹു വിട്ടുമാറിയില്ല. യേഹുവിന്റെ കീഴിൽ യിസ്രായേൽ അഭിവൃദ്ധി പ്രാപിച്ചില്ല. അരാം രാജാവായ ഹസായേൽ യോർദ്ദാനു കിഴക്കുള്ള പ്രദേശം മുഴുവൻ കടന്നാക്രമിച്ചു. (2രാജാ, 10:32,33). രാജ്യത്തിന്റെ വിസ്താരം ചുരുങ്ങി എങ്കിലും യേഹൂ യഹോവയുടെ ഇഷ്ടം ചെയ്തു എന്നു പറഞ്ഞിരിക്കുന്നു. (2രാജാ, 10:30). എന്നാൽ യഹോവയുടെ ന്യായപ്രമാണം പൂർണ്ണമായി അനുസരിക്കാൻ യേഹൂ ജാഗ്രത കാണിച്ചില്ല. യേഹൂവിന്റെ ഭരണകാലം ഇരുപത്തെട്ടു വർഷമായിരുന്നു. (2രാജാ, 10:36).

യെഹോരാം

യെഹോരാം (Jehoram)

പേരിനർത്ഥം — യഹോവ ഉന്നതൻ

യിസ്രായേലിലെ ഒമ്പതാമത്തെ രാജാവ്. ആഹാബിന്റെയും ഈസേബെലിന്റെയും പുത്രൻ. സഹോദരനായ അഹസ്യാവിന്റെ മരണശേഷം യിസ്രായേലിനു രാജാവായി. അവൻ യഹോവയ്ക്കു അനിഷ്ടമായതു പ്രവർത്തിച്ചു. (2രാജാ, 3:1-3). മോവാബ് രാജാവു യിസ്രായേലിനു കപ്പം കൊടുക്കാതെ എതിർത്തു നിന്നതിനാൽ യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ സഹായത്തോടു കൂടി അവനോടു യുദ്ധത്തിനു പോയി. രാജ്യം കൊള്ളയടിച്ചു എങ്കിലും അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു. (2രാജാ, 3:27). അതിനു ശേഷമുള്ള കാലം സിറിയയുമായുള്ള യുദ്ധത്തിന്റേതായിരുന്നു. രാജ്യത്തു അതികഠിനമായ ക്ഷാമം ഉണ്ടായി എങ്കിലും അരാമ്യർ പാളയം വിട്ടു പോയതിനാൽ ധാരാളം ഭക്ഷണസാധനങ്ങൾ ലഭിച്ചു. (2രാജാ, 7). എലീശായുടെ നിർദ്ദേശപ്രകാരം യേഹു രാജാവായി. അവർ യിസ്രായേലിലേക്കു വന്നു യെഹോരാമിനെ വധിച്ചു. (2രാജാ, 9:22,24). ഇതോടു കൂടി ഒമ്രിയുടെ രാജവംശം അവസാനിച്ചു. പന്ത്രണ്ടുവർഷം രാജ്യം ഭരിച്ച യെഹോരാം മക്കളില്ലാത്തവനായി മരിച്ചു. ഭരണകാലം ബി.സി. 852-841.