എഫെസൊസ് (Ephesus)
പേരിനർത്ഥം – അഭികാമ്യം
റോമൻ പ്രവിശ്യയായ ആസ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണം. കായിസ്റ്റർ (Cayster) നദീമുഖത്ത് കൊറെസ്സസ് പർവ്വതനിരയ്ക്കും സമുദ്രത്തിനും മദ്ധ്യേ സ്ഥിതിചെയ്യുന്നു. 11 മീറ്റർ വീതിയുള്ള മനോഹരമായ പാത പട്ടണത്തിലൂടെ തുറമുഖത്തിലെത്തിച്ചേർന്നിരുന്നു. ഒരു വലിയ കയറ്റുമതി കേന്ദ്രമായിരുന്നു ഇത്. ഇപ്പോൾ അൾപാർപ്പില്ലാത്ത ആ പട്ടണം അനേക വർഷങ്ങളായി ഉൽഖനനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി തുടരെ എക്കൽമണ്ണു മൂടുക നിമിത്തം കടൽ ഏതാണ്ട് 10 കി.മീറ്റർ ഉള്ളിലാണ്. ബി.സി. രണ്ടാം നൂറ്റാണ്ടുമുതൽ തുറമുഖം വ്യാപകമായ രീതിയിൽ ശുദ്ധീകരണ പ്രക്രിയയ്ക്കു വിധേയമായിക്കൊണ്ടിരുന്നു. അതുകൊണ്ടായിരിക്കണം പൗലൊസിനു മിലേത്തൊസിൽ ഇറങ്ങേണ്ടി വന്നത്. (പ്രവൃ, 20:15). തീയറ്റർ, സ്നാനഘട്ടം, ഗ്രന്ഥശാല, ചന്തസ്ഥലം, കല്ലു പാകിയ തെരുവുകൾ ഇവയോടുകൂടിയ പട്ടണത്തിന്റെ പ്രധാനഭാഗം കൊറെസ്സസ് പർവ്വതനിരയ്ക്കും കായിസ്റ്റർ നദിക്കും ഇടയിൽ ആണ്. എന്നാൽ വളരെ പ്രസിദ്ധമായ അർത്തെമിസ് ദേവിയുടെ ക്ഷേത്രം 2 കി.മീറ്റർ വടക്കുകിഴക്കാണ്. ഈ ദേവിയെ ഗ്രീക്കിൽ അർത്തെമിസ് എന്നും ലത്തീനിൽ ഡയാന എന്നും വിളിക്കുന്നു. സമീപത്തുള്ള കുന്നിൽ ജസ്റ്റീനിയൻ ചക്രവർത്തി വിശുദ്ധ യോഹന്നാന്റെ പേരിൽ ഒരു ദൈവാലയം പണികഴിപ്പിച്ചിട്ടുണ്ട്. അർത്തെമിസ് ദേവിയുടെ ക്ഷേത്രം പ്രാചീന ലോകത്തിലെ സപ്താത്ഭുതങ്ങളിൽ ഒന്നാണ്. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പൗലൊസ് എഫെസൊസ് സന്ദർശിക്കുമ്പോൾ ഉണ്ടായിരുന്ന ക്ഷേത്രം ഒരു അയോണിക്ക് ക്ഷേത്രത്തിന്റെ മാതൃകയിൽ പുതുക്കിപ്പണിതതാണ്.
ചരിത്രം: എഫെസൊസിലെ ആദിമനിവാസികൾ കാര്യരും, ലെലെഗെരും (Carians and Leleges) ആയിരുന്നു. അഥൻസിലെ രാജാവായ കൊഡ്രൂസിന്റെ മകൻ ആൻഡോക്ലൂസ് ആദിമനിവാസികളെ പുറത്താക്കി ഒരു അയോണിയൻ കോളനി സ്ഥാപിച്ചു. ഈ അയോണിയൻ കോളനി സ്ഥാപിക്കുന്നതിനു മുമ്പുതന്നെ അർത്തെമിസ് ദേവിയുടെ ആരാധന എഫെസൊസിൽ നിലവിലുണ്ടായിരുന്നു. കെർസിഫ്രൊൺ എന്ന ശില്പിയായിരുന്നു അർത്തെമിസ് ദേവിയുടെ ആദ്യക്ഷേത്രം പണിതത്. ക്രീസസ് ലുദിയയിലെ രാജാവായ ശേഷം (ബി.സി. 560) അദ്ദേഹത്തിന്റെ ആക്രമണത്തിന് ആദ്യം വിധേയമായത് എഫെസൊസ് നഗരമായിരുന്നു. നഗരനിരോധത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി അവർ നഗരത്തെ അർത്തെമിസിനു സമർപ്പിച്ചു. തുടർന്നു ക്രീസസ് ക്ഷേത്രത്തിനു സ്വർണ്ണകാളകളും സ്തംഭങ്ങളും സംഭാവനചെയ്തു. ബി.സി. 546-ൽ പാർസിരാജാവായ കോരെശ് ക്രീസസിനെ തോല്പിച്ചു. അദ്ദേഹത്തിന്റെ സൈന്യാധിപനായിരുന്ന ഹർപ്പാഗസ് എഫെസൊസ് ഉൾപ്പെടെയുള്ള അയോണിയൻ നഗരങ്ങളെ കീഴടക്കി. അലക്സാണ്ടർ ചക്രവർത്തി ബി.സി. 356-ൽ ജനിച്ചു. അലക്സാണ്ടർ ജനിച്ചനാളിൽ അർത്തമിസ് ദേവിയുടെ ക്ഷേത്രത്തെ ഹെറൊസ്റ്റ്രാറ്റസ് അഗ്നിക്കിരയാക്കി എന്നൊരു പാരമ്പര്യമുണ്ട്. ബി.സി. 334-ൽ അലക്സാണ്ടർ ഗ്രാനിക്കസ് നദീതടത്തിൽവെച്ചു പാർസികളെ തോല്പിച്ചു; എഫെസൊസ് കീഴടക്കി. ഈ കാലത്തു ഡിനോക്രാറ്റിസ് എന്ന വിദഗ്ദ്ധ ശില്പിയുടെ നേതൃത്വത്തിൽ എഫെസ്യർ ക്ഷേത്രം പുനർനിർമ്മാണം ചെയ്യുകയായിരുന്നു. ശിലാലിഖിതത്തിൽ തന്റെ പേർ ചേർക്കാമെങ്കിൽ ക്ഷേത്രത്തിന്റെ പുനർനിർമ്മാണച്ചെലവു മുഴുവനും നല്കാമെന്നു അലക്സാണ്ടർ വാഗ്ദാനം ചെയ്തു. എഫെസ്യർ അതു കൈക്കൊണ്ടില്ല. ഒരു ദേവനായ അലക്സാണ്ടർ മറ്റു ദേവന്മാർക്കു വഴിപാടു നല്കുന്നത് ഉചിതമല്ലല്ലോ എന്ന് വ്യാജസ്തുതിയായി ഒരുവൻ പറഞ്ഞു.
അലക്സാണ്ടറിനുശേഷം ലിസിമാക്കസ് എഫെസൊസിന്റെ അധിപതിയായി. ആധുനിക എഫെസൊസിന്റെ സ്ഥാപകനായി ലിസിമാക്കസിനെ കണക്കാക്കുന്നു. അദ്ദേഹം നഗരമതിലുകൾ പണിയുകയും അന്യദേശങ്ങളിൽ നിന്നും ആളുകളെ കൊണ്ടുവന്നു ഇവിടെ കുടിപാർപ്പിക്കുകയും ചെയ്തു. എഫെസൊസിലെ രണ്ടു പ്രധാന കുന്നുകളത്രേ പനാജിർഡാഗും (Panajir Dagh), ബ്യൂൾബ്യൂൾ ഡാഗും (Bulbil Dagh). ഇവയുടെ മുകളിൽ ലിസിമാക്കസ് പണികഴിപ്പിച്ച കോട്ടയുടെ ശൂന്യശിഷ്ടങ്ങൾ ഇപ്പോഴും കാണാം. ബി.സി. 281-ൽ സെല്യൂക്കസ് ഒന്നാമൻ ലിസിമാക്കസിനെ തോല്പിച്ചു വധിച്ചു. എഫെസൊസ് ഉൾപ്പെട്ട ആസ്യസാമ്രാജ്യം സെല്യൂക്കസ് പുത്രനായ അന്ത്യൊക്കസ് ഒന്നാമനു നല്കി. അന്ത്യൊക്കസ് മുന്നാമനെ തോല്പിച്ച് റോമൻ സൈന്യം എഫെസൊസ് പിടിച്ചടക്കി. ഈ യുദ്ധത്തിൽ പെർഗാമമിലെ രാജാവായ യുമീനിസ് രണ്ടാമൻ (ബി.സി. 197-159) റോമിനെ സഹായിച്ചതിനാൽ എഫെസൊസ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ യുമീനിസിനു കൊടുത്തു. പെർഗാമമിലെ ഒടുവിലത്തെ ഭരണാധിപൻ മരിക്കുമ്പോൾ രാജ്യം റോമാക്കാർക്കു നല്കി. അങ്ങനെ എഫെസൊസ് വീണ്ടും റോമൻ ആധിപത്യത്തിൻ കീഴമർന്നു. ബി.സി. 29-ൽ പുണ്യസ്ഥലം എഫെസ്യർ റോമിന്നും കൈസർക്കുമായി നിവേദിച്ചു. അതോടുകൂടി ആസ്യയിലെ പ്രധാനസ്ഥാനം എഫെസൊസിനു ലഭിച്ചു. റോമിന്റെ കീഴിൽ എഫെസൊസ് മതപരമായ പ്രാമാണ്യവും നിലനിർത്തി. അത് ചക്രവർത്തിപൂജയുടെ കേന്ദ്രമായി മാറി. ആസ്യാധിപന്മാരുടെ ചുമതലതന്നെ ചക്രവർത്തിപുജ പരിപോഷിപ്പിക്കുകയായിരുന്നു. (പ്രവൃ, 19:31). അർത്തെമിസ് ദേവിയെക്കുറിച്ച് ”ആസ്യ മുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളും” എന്നും എഫെസൊസ് പട്ടണത്തെക്കുറിച്ച് ”അർത്തെമിസ് മഹാദേവിക്കും ദ്യോവിൽ നിന്നു വീണ ബിംബത്തിനും ക്ഷേത്രപാലക” എന്നും എഫെസ്യർ കരുതിയിരുന്നു. (പ്രവൃ, 19:27, 35). റോമിനെ ഗോഥുകൾ ആക്രമിച്ചപ്പോൾ അവർ എഫെസൊസ് പട്ടണത്തെയും നശിപ്പിച്ചു. (എ.ഡി. 262).
ക്രിസ്തുമതം: എഫെസൊസിൽ യെഹൂദന്മാരുടെ ഒരു വലിയ കോളനി ഉണ്ടായിരുന്നു. റോമൻ ഭരണകാലത്ത് അവർക്കു പ്രത്യേക ആനുകൂല്യവും പദവിയും ലഭിച്ചിരുന്നു. ഇവിടെ ക്രിസ്തുമതം ആദ്യം പ്രവേശിച്ചത് ഏകദേശം എ.ഡി. 52-ൽ പൗലൊസ് ഒരു ഹ്രസ്വ സന്ദർശനം നടത്തിയതോടു കൂടെയാണ്. അപ്പോൾ പൗലൊസ് അക്വിലാസിനെയും പ്രിസ്കില്ലയെയും അവിടെ വിട്ടേച്ചു പോയി. (പ്രവൃ, 18:18-21). പൗലൊസിന്റെ മൂന്നാമത്തെ മിഷണറി യാത്രയുടെ ലക്ഷ്യം എഫെസൊസ് ആയിരുന്നു. അവിടെ അദ്ദേഹം രണ്ടു വർഷത്തിലധികം താമസിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ദൈവരാജ്യത്തെക്കുറിച്ചു സംവാദിക്കുകയും യെഹൂദന്മാരെക്കൊണ്ടു സമ്മതിപ്പിക്കുകയും ചെയ്തുവന്നു. (പ്രവൃ, 19:8,10). തുടർന്ന് തുറന്നൊസിന്റെ പാഠശാലയിൽ തർക്കിച്ചുവന്നു. ക്രിസ്തുമതത്തിന്റെ വളർച്ച മറ്റു മതങ്ങൾക്കു വലിയ ആഘാതമായിമാറി. അവിടെ വളർന്നുവന്ന മന്ത്രവാദം പോലുള്ള ക്ഷദ്രപ്രയോഗങ്ങളെ മാത്രമല്ല (പ്രവൃ, 19:13), അർത്തെമിസ് പൂജയെപ്പോലും (പ്രവൃ, 19:27) അത് ബാധിച്ചു. എഫെസൊസിന്റെ സമ്പൽസമൃദ്ധിക്ക് അടിസ്ഥാനമായിരുന്ന വിഗ്രഹാദിവസ്തുക്കളുടെ കച്ചവടത്തിനും കോട്ടം വന്നു. (പ്രവൃ, 19:38). തുടർന്ന് പട്ടണത്തിൽ കലഹം പൊട്ടിപുറപ്പെട്ടു. (പ്രവൃ, 19:29-41).
പൗലൊസ് എഫെസൊസിൽ താമസിക്കുന്ന കാലത്തു കൊലൊസ്യയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സുവിശേഷം പ്രചരിപ്പിച്ചു. (കൊലൊ, 1:6,7; 2:1). കൊരിന്ത്യ സഭയിലുണ്ടായ വാദപ്രതിവാദങ്ങളും എഴുത്തുകുത്തുകളും അപ്പൊസ്തലൻ നടത്തിയത് എഫെസൊസ് താവളമാക്കിയായിരുന്നു. (1കൊരി, 16:8). പൗലൊസ് എഫെസൊസിൽ വച്ചു മൃഗയുദ്ധം ചെയ്തതിനെക്കുറിച്ച് പറയുന്നുണ്ട്. (1കൊരി, 15:32). അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുകയാണെങ്കിൽ അത് ഇവിടത്തെ സ്റ്റേഡിയത്തിൽ വന്യമൃഗപ്പോരിനു വേണ്ടി വേർതിരിച്ചിട്ട സ്ഥലത്തുവച്ചായിരിക്കണം. എന്നാൽ ഈ സ്റ്റേഡിയത്തിൽ മൃഗയുദ്ധത്തിനു വേണ്ട ക്രമീകരണം ഉണ്ടായത് പിന്നീടാണെന്നു പറയപ്പെടുന്നു. തന്മൂലം ‘മൃഗയുദ്ധം’ ആൾക്കൂട്ടത്തിന്റെ ആക്രമണത്തെ സൂചിപ്പിക്കുന്ന ആലങ്കാരിക പ്രയോഗമായിരിക്കണം. എഫെസൊസിൽ രണ്ടോമൂന്നോ പ്രാവശ്യം പൗലൊസ് കാരാഗൃഹവാസം അനുഭവിച്ചുവെന്നും കാരാഗൃഹ ലേഖനങ്ങളെല്ലാം തന്നെ എഫെസൊസിൽ വെച്ചാണ് അല്ലാതെ റോമിൽവച്ചല്ല അദ്ദേഹം എഴുതിയെന്നും ചില പണ്ഡിതന്മാർ വാദിക്കുന്നുണ്ട്. എഫെസൊസിൽനിന്ന് പൗലൊസിന്റെ ഒരു ലേഖനശേഖരം കണ്ടെടുത്തിട്ടുമുണ്ട്. എന്നാൽ കാരാഗൃഹലേഖനങ്ങൾ എല്ലാം റോമിൽവച്ചെഴുതിയെന്നു കരുതുകയാണ് യുക്തം.
എഫെസൊസിലെ ഒന്നാമത്തെ ബിഷപ്പ് തിമൊഥയൊസ് ആണ്. പൗലൊസിന്റെ മടങ്ങിവരവിൽ തിമൊഥയൊസിനെ എഫെസൊസിൽ ആക്കി. (1തിമൊ, 1:3). അനന്തരം എഫെസൊസ് യോഹന്നാൻ അപ്പൊസ്തലന്റെ പ്രധാന താവളമായി. വെളിപ്പാടിൽ സംബോധന ചെയ്തിട്ടുള്ള ഏഴുസഭകളും യോഹന്നാന്റെ പരിധിയിലായിരുന്നു. ഈ ഏഴു സഭകളിൽ ആദ്യം എഴുതുന്നത് എഫെസൊസിലെ സഭയ്ക്കാണ്. എഫെസൊസ് പ്രധാനപ്പെട്ട സഭയെന്നു മാത്രമല്ല, പത്മോസിൽ നിന്നു വരുന്ന ദൂതൻ ആദ്യം കരയ്ക്കടുക്കുന്നത് എഫെസൊസിലാണ്. ഈ സഭ വളരെയധികം വളർന്നെങ്കിലും ദുരുപദേഷ്ടാക്കന്മാരുടെ ശല്യം അനുഭവിക്കുകയും ആദ്യസ്നേഹം ത്യജിച്ചുകളയുകയും ചെയ്തു. ജയിക്കുന്നവന്നു ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കുമെന്ന് വാഗ്ദത്തത്തിനും അടിസ്ഥാനമുണ്ട്. അർത്തെമിസ് ദേവിയുടെ വിശുദ്ധ ഈന്തപ്പന കാരണമായിരിക്കണം അത്. സഭയുടെ മൂന്നാമത്തെ സമ്മേളനം എ.ഡി. 431-ൽ എഫെസൊസിൽ കുടി. ഇത് നെസ്റ്റോറിയൻ ക്രിസ്തുവിജ്ഞാനീയത്തെ ഖണ്ഡിക്കുവാനായിരുന്നു.