ഗിലെയാദ് (Gilead)
പേരിനർത്ഥം – സാക്ഷ്യകൂമ്പാരം
യോർദ്ദാൻ നദിയുടെ കിഴക്കുഭാഗത്തു കിടക്കുന്ന യിസ്രായേലിൻ്റെ പ്രദേശത്തെയാണ് പൊതുവെ ഗിലെയാദ് എന്നു വിളിക്കുന്നത്. ഗലീലാക്കടലിന്റെ തെക്കെ അറ്റം മുതൽ ചാവുകടലിന്റെ വടക്കെ അറ്റം വരെയും കിഴക്കു യോർദ്ദാൻ മുതൽ മരുഭൂമിവരെയും ഗിലെയാദ് വ്യാപിച്ചുകിടക്കുന്നു. ഗിലെയാദിനു വടക്കു ബാശാനും തെക്കു അർണോൻ നദിക്കു വടക്കുള്ള സമതലപ്രദേശവും കിഴക്കു അമ്മോൻ പ്രദേശവും കിടക്കുന്നു. (ആവ, 2:36,37; 3:8-10). ഗിലെയാദിനു രണ്ടു ഭാഗങ്ങളുണ്ട്. സംഖ്യാ 32:40-ൽ ഗിലെയാദ് ദേശമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാൽ ആവർത്തനം 3:13-ൽ മനശ്ശെയുടെ പാതിഗോത്രത്തിനു കൊടുത്തത് ശേഷം ഗിലെയാദ് അഥവാ പാതിഗിലെയാദ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (യോശു, 13:31). മനശ്ശെയുടെ പാതിഗോത്രത്തിന് കൊടുത്തതിനു തെക്കു ഗാദ്യർക്കും രൂബേന്യർക്കും ഉള്ള പ്രദേശത്തെ ഗിലെയാദ് മലനാട്ടിന്റെ പാതി എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. (ആവ, 3:12). സമുദ്ര നിരപ്പിൽ നിന്ന് താഴെ 213 മീറ്റർ മുതൽ (യോർദ്ദാൻ താഴ്വരയിൽ) 1000 മീറ്റർ ഉയരം വരെ കിടക്കുന്ന പ്രദേശമാണ് ഗിലെയാദ്. മഞ്ഞുകാലത്ത് സമൃദ്ധിയായ വർഷപാതവും വേനൽക്കാലത്ത് ധാരാളം മഞ്ഞും ലഭിക്കുന്നു. അനേകം അരുവികളുള്ള ഫലഭൂയിഷ്ഠമായ ഈ പ്രദേശത്തു വനം സമൃദ്ധിയായി വളരുന്നു. ഗിലെയാദിലെ സുഗന്ധതൈലം പ്രസിദ്ധമാണ്. (യിരെ, 8:22; 46:11; 51:8). ഇവിടെയുള്ള പീഠഭൂമി കന്നുകാലി വളർത്തലിനും പയറു കൃഷിക്കും അനുയോജ്യമാണ്. മുന്തിരിത്തോട്ടങ്ങൾ സമൃദ്ധിയായി ഉണ്ട്. (സംഖ്യാ, 21:22; 32:1). യബ്ബോക് തോടിന്റെ ഒരുഭാഗം ഇതിനെ രണ്ടായി വിഭജിക്കുന്നു. ലാബാന്റെ അടുക്കൽനിന്നും ഓടിപ്പോയ യാക്കോബ് ഗിലെയാദിൽ കൂടാരമടിച്ചു. (ഉല്പ, 31:7-43). ഇവിടെവച്ച് യാക്കോബ് ലാബാനുമായി ഉടമ്പടി ചെയ്തു. (ഉല്പ, 31:47). ഉടമ്പടിയെ ഉറപ്പാക്കാൻ കൂട്ടിയ കൽക്കൂമ്പാരമാണ് ഗലേദ്. പില്ക്കാലത്ത് ഗിലെയാദ് മലയും (ഉല്പ, 31:25), ഗിലെയാദ് നാടും (സംഖ്യാ, 32:1) കൂടിചേർന്ന മുഴുവൻ പ്രദേശവും ഗിലെയാദ് എന്നു അറിയപ്പെട്ടു.
യിസ്രായേൽ മക്കൾ കനാനിൽ പ്രവേശിക്കുന്നതിനു മുമ്പ് യബ്ബോക് താഴ്വരയ്ക്കു തെക്കുള്ള ഗിലെയാദ് പ്രദേശം അമോര്യരാജാവായ സീഹോന്റെ കൈവശമായിരുന്നു. തെക്കുഭാഗം ബാശാൻ രാജാവായ ഓഗു ഭരിച്ചിരുന്നു. (യോശു, 12:1-4). മോശെയുടെ നേതൃത്വത്തിൽ യിസ്രായേൽ മക്കൾ രണ്ടുരാജാക്കന്മാരെയും തോല്പിച്ചു. (സംഖ്യാ, 21:21-24, 31-35). രൂബേന്യർക്കും ഗാദ്യർക്കും വളരെയധികം ആടുമാടുകൾ ഉണ്ടായിരുന്നു. ഗിലെയാദ് ദേശം ആടുമാടുകൾ വളർത്തുവാൻ പറ്റിയ സ്ഥലം എന്നു കണ്ട് പ്രസ്തുത പദേശം തങ്ങൾക്കവകാശമായി നല്കണമെന്ന് അവർ മോശെയോടു അപേക്ഷിച്ചു. (സംഖ്യാ, 32:1-5). എന്നാൽ ഈ രണ്ടു ഗോത്രങ്ങളിലെയും യോദ്ധാക്കൾ യോർദ്ദാൻ കടന്നു വാഗ്ദത്തദേശം ആക്രമിക്കുന്നതിനു സഹായിക്കുമെങ്കിൽ മടങ്ങിവന്നു ദേശം അനുഭവിക്കുവാൻ മോശെ അവരോടു പറഞ്ഞു. (സംഖ്യാ, 32:20-24; 28-30). ഗാദ്യരും രൂബേന്യരും അതു സമ്മതിക്കുകയും തങ്ങൾ വിട്ടേച്ചു പോകുന്ന കുടുംബങ്ങൾക്കായി പട്ടണങ്ങൾ പണിയുകയും ചെയ്തു. (സംഖ്യാ, 32:25-27, 31-38). മനശ്ശെയുടെ പകുതി ഗോത്രത്തിനും യോർദ്ദാന്റെ കിഴക്കു അവകാശം ലഭിച്ചു. (സംഖ്യാ, 32:33,39,40).
മോശെ മരിക്കുന്നതിനു മുമ്പ് ഗിലെയാദ് സമതലത്തെ പിസ്ഗാമുകളിൽ നിന്നു കണ്ടു. (ആവ, 34:1). ദേശം കീഴടക്കിയശേഷം രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും യോർദ്ദാൻ കരയിൽ ഒരു യാഗപീഠം പണിതു. (യോശു, 22:10). യിസ്രായേലിനു 22 വർഷം ന്യായപാലനം ചെയ്ത യായീർ ഗിലെയാദ്യനായിരുന്നു. (ന്യായാ, 10:3). മനശ്ശെ ഗോത്രത്തിലുള്ള യിഫ്താഹും ന്യായാധിപനായിരുന്നു. (ന്യായാ, 11:1-3). വേശ്യാപുത്രനാകയാൽ സഹോദരന്മാർ അവനെ ആട്ടിയോടിച്ചു. എന്നാൽ കഷ്ടസ്ഥിതിയിൽ ആയപ്പോൾ ഗിലെയാദിലെ മുപ്പന്മാർ യിഫ്താഹിനെ മടക്കിവിളിച്ചു. യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകുട്ടി എഫ്രയീമ്യരോട് യുദ്ധം ചെയ്തു അവരെ തോല്പിച്ചു. (ന്യായാ, 12:57). പിതാവായ ദാവീദിനോടു മത്സരിച്ചപ്പോൾ അബ്ശാലോം സൈന്യത്തെ ചേർത്തത് ഗിലെയാദിൽ വച്ചായിരുന്നു. ഗിലെയാദിൽ ദാവീദിന്റെ സൈന്യവും അബ്ശാലോമിന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടി. അബ്ശാലോമിന്റെ തോൽവിയോടു കൂടി ദാവീദ് ഗിലെയാദ് വിട്ടു മടങ്ങിപ്പോന്നു. (2ശമൂ, 17:24; 18:6-8). യിസ്രായേൽ രണ്ടായി പിരിഞ്ഞപ്പോൾ അരാമ്യർ ഗിലെയാദ് പ്രദേശങ്ങളെ പിടിച്ചെടുത്തു.
ആഹാബ് രാജാവിന്റെ കാലത്ത് കിഴക്കെ ഗിലെയാദിലുളള ഗാദ്യപട്ടണമായ രാമോത്ത് അരാമ്യരുടെ കൈവശമായിരുന്നു. (1രാജാ, 17:1; 22:3). യേഹുവിന്റെയും യെഹോവാഹാസിൻ്റെയും വാഴ്ചക്കാലത്ത് ഗിലെയാദിന് അധികം പ്രദേശവും നഷ്ടപ്പെട്ടു. അരാമ്യ രാജാക്കന്മാരായ ഹസായേലിൻ്റെയും പുത്രനായ ബെൻ-ഹദദിന്റെയും കാലത്ത് അവർ ഗിലെയാദ് മുഴുവനും കീഴടക്കി. (2രാജാ, 10:32-34; 13:1, 3, 7; ആമോ, 1:3,4). എന്നാൽ യെഹോവാഹാസിന്റെ പുത്രനായ യെഹോവാശ് അരാമ്യരെ മൂന്നു പ്രാവശ്യം തോല്പിക്കുകയും അരാമ്യരുടെ കയ്യിലകപ്പെട്ടു പോയ പട്ടണങ്ങളെ മോചിപ്പിക്കുകയും ചെയ്തു. (2രാജാ, 13:25). യിസ്രായേല്യ രാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂർ രാജാവായ തിഗ്ളത്ത്-പിലേസർ മൂന്നാമൻ ഗിലെയാദ് നിവാസികളെ പ്രവാസത്തിലേക്കു കൊണ്ടുപോയി. (2രാജാ, 15:29). ഈ സന്ദർഭത്തിൽ അമ്മോന്യർ ഗിലെയാദ് കൈവശപ്പെടുത്തിത്തുടങ്ങി. (സങ്കീ, 83:4-8; യിരെ, 49:1-5).