ദമസ്കൊസ് (Damascus)
സിറിയയുടെ (അരാം) തലസ്ഥാന നഗരിയാണ് ദമസ്കൊസ് അഥവാ ദെമ്മേശെക്ക്. ഭരണകൂടങ്ങൾ മാറിക്കൊണ്ടിരുന്നെങ്കിലും കഴിഞ്ഞ നാലായിരം വർഷമായി അതു തലസ്ഥാന നഗരിയായി തുടരുന്നു. “ലോകം ദമസ്കൊസിൽ ആരംഭിച്ചു, ലോകം അവിടെ അവസാനിക്കും” എന്നാണ് ദമസ്കൊസിന്റെ അവകാശവാദം. ആന്റിലെബാനോൻ പവ്വതത്തിനു കിഴക്കും സിറിയൻ അറേബ്യൻ മരുഭൂമിക്കു പടിഞ്ഞാറുമാണ് ദമസ്കൊസിന്റെ കിടപ്പ്. ആന്റിലെബാനോൻ പർവ്വത നിരയുടെ തെക്കെ അറ്റത്തുള്ള ഹിമാവൃതമായ ഹെർമ്മോൻ പർവ്വതം ഏകദേശം 2740 മീറ്റർ ഉയരത്തിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി നിലകൊളളുന്നു. ഫലവൃക്ഷത്തോപ്പുകൾക്കും പൂങ്കാവുകൾക്കും പ്രസിദ്ധിയാർജ്ജിച്ച ദമസ്കൊസിനെ നനയ്ക്കുന്ന നദികളാണ് അബാനയും (ഇന്നത്തെ ബെരാദാ) പർപ്പരും. (2രാജാ, 5:12). അറേബ്യ, ഈജിപ്റ്റ്, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിൽ നിന്നുള്ള വാണിജ്യമാർഗ്ഗങ്ങൾ ദമസ്കൊസിൽ വന്നുചേരുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ ഉയരമുള്ള പീഠഭൂമിയിലാണ് ദമസ്കൊസ് സ്ഥിതിചെയ്യുന്നത്. സുഖപ്രദമായ കാലാവസ്ഥയാണിവിടെ. ഒലിവ്, അത്തി, ആപ്രിക്കോട്ട് തുടങ്ങിയവ വളരുന്ന ഫലവൃക്ഷത്തോട്ടങ്ങളും ധാന്യനിലങ്ങളും സമൃദ്ധമായുണ്ട്. നഗരത്തിൻ്റെ സമൃദ്ധിക്കു നിദാനം വാണിജ്യമാണ്. അതിനാലാണ് യെഹെസ്ക്കേൽ പ്രവാചകൻ; ‘സോരിന്റെ വ്യാപാരി’ എന്ന് ദമസ്ക്കൊസിനെ വിശേഷിപ്പിച്ചത്. (27:16).
ചരിത്രാതീത കാലംമുതൽ അറിയപ്പെടുന്ന ഒരു നഗരമാണ് ദമസ്ക്കൊസ്. ബി.സി. രണ്ടാം സഹസ്രാബ്ദത്തിൽ അബ്രാഹാം രാജാക്കന്മാരുടെ സഖ്യത്തെ പരാജയപ്പെടുത്തിയത് ദമ്മേശെക്കിനടുത്തു വച്ചായിരുന്നു. (ഉല്പ, 14:15). അബ്രാഹാമിന്റെ ദാസനായ എല്യേസർ ദമ്മേശെക്കുകാരനായിരുന്നു. (ഉല്പ, 15:2). സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ സൈന്യം അയച്ച ദമ്മേശെക്കിനെ ദാവീദു തോല്പിച്ചു. (2ശമൂ, 8:5; 1ദിന, 18:15). ഈ യുദ്ധത്തിൽ യജമാനനായ ഹദദേസെരിനെ വിട്ടു ഓടിപ്പോയ രെസോൻ ആളുകളെ ചേർത്തു ദമസ്ക്കൊസിൽ ചെന്നു അവിടെ വാണു. (1രാജാ, 11:24). രെസോന്റെ പിൻഗാമിയായി; ഹെസ്യോൻ്റെയും അവന്റെ പുത്രനായ തബ്രിമ്മോന്റെയും കാലത്തു ദമസ്ക്കൊസിന്റെ പ്രാധാന്യം വർദ്ധിച്ചു. തബ്രിമ്മോന്റെ പുത്രനായ ബെൻ-ഹദദ് ഒന്നാമന്റെ കാലത്തു, യിസ്രായേൽ രാജാവായ ബയെശായുടെ ഞെരുക്കലിന്നെതിരെ യെഹൂദാരാജാവായ ആസ ഉണ്ടാക്കിയ സഖ്യത്തിലെ പ്രധാന പങ്കാളി ദമസ്ക്കൊസ് ആയിരുന്നു. (2ദിന, 16:2). ബെൻ-ഹദദ് ആഹാബു രാജാവിനോടു ഉടമ്പടി ചെയ്തു. (1രാജാ, 20:34). ആഹാബിന്റെ മരണത്തിനിടയാക്കിയ യുദ്ധത്തിലെ പേരു പറയാത്ത അരാം രാജാവു ബെൻ-ഹദദ് ആയിരിക്കണം. (1രാജാ, 22:29-36).
ദമസ്ക്കൊസിലെ ഒരു പ്രഭുവായ ഹസായേലിനെ അരാമിനു (syria) രാജാവായി അഭിഷേകം ചെയ്യാൻ യഹോവ ഏലീയാ പ്രവാചകനോട് അരുളിച്ചെയ്തു. (1രാജാ, 19:15). നയമാനെ സൗഖ്യമാക്കിയ എലീശാ പ്രവാചകനോടു തൻ്റെ ദീനത്തെക്കുറിച്ചു ചോദിക്കുവാൻ ബെൻ-ഹദദ് ഹസായേലിനോട് ആവശ്യപ്പെട്ടു. (2രാജാ, 8:7). ബി.സി. 84-ൽ അശ്ശൂർ രാജാവായ ശല്മനേസ്സർ മൂന്നാമൻ ഹസായേലിനെ ആക്രമിച്ചു. ബി.സി. 797-ലെ ‘അദാദ് നിരാരി’യുടെ (അശ്ശൂർ) ആക്രമണം ദമസ്ക്കൊസിന്റെ ശക്തി ക്ഷയിപ്പിച്ചു. തന്മൂലം യിസ്രായേൽ രാജാവായ യെഹോവാശിനു നഷ്ടപ്പെട്ട പട്ടണങ്ങളെ ബെൻ-ഹദദിന്റെ കയ്യിൽ നിന്നു തിരികെ പിടിക്കുവാൻ കഴിഞ്ഞു. മൂന്നുപ്രാവശ്യം യോവാശ് അവനെ തോല്പിച്ചു. (2രാജാ, 13:3, 22-25). യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമൻ ദമസ്ക്കൊസ് വീണ്ടെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. (2രാജാ, 14:28).
ദമസ്ക്കൊസിലെ രാജാവായ രെസീനും യിസ്രായേൽ രാജാവായ പേക്കഹും യെരൂശലേമിനെ നിരോധിച്ചു; (2രാജാ, 16:5) എങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. രെസീൻ ഏലാത്ത് വീണ്ടെടുത്തു അരാമിനോടു ചേർത്തു. യെഹൂദാ രാജാവായ ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത് പിലേസരിനോടു സഹായമഭ്യർത്ഥിച്ചു. (2രാജാ, 16:7,8). യെശയ്യാവും (17:1), ആമോസും (1:4,5) പ്രവചിച്ചതു പോലെ അശ്ശൂർ രാജാവ് ചെന്ന് ദമസ്ക്കൊസിനെ പിടിച്ചു രെസീനെ വധിച്ചു നിവാസികളെ കീരിലേക്കു ബദ്ധരാക്കി കൊണ്ടു പോയി. (2രാജാ, 16:9). ഇതിനു കപ്പം കൊടുക്കാൻ ആഹാസ് രാജാവു ദമസ്ക്കൊസിൽ അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ചെന്നു, അവിടെ കണ്ട ബലിപീഠത്തിന്റെ പ്രതിമ കൊണ്ടുവന്നു. (2രാജാ, 16:10-12). യെരുശലേം ദൈവാലയത്തിൽ അരാം രാജാക്കന്മാരുടെ ദേവന്മാർക്കു ആഹാസ് ബലികഴിക്കാൻ തുടങ്ങി. (2ദിന, 28:23). ഏറെത്താമസിയാതെ ദമസ്ക്കൊസ് വീണ്ടും പ്രാബല്യത്തിൽ വന്നു. ബി.സി. 85-ൽ ദമസ്ക്കൊസ് അരേതാ രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. (2കൊരി, 11:32). ബി.സി. 64 മുതൽ എ.ഡി. 33 വരെ ദമസ്ക്കൊസ് ഒരു റോമൻ നഗരമായിരുന്നു. പൗലൊസിന്റെ മാനസാന്തരകാലത്ത് ദമസ്ക്കൊസിൽ അനേകം യെഹൂദാ പളളികളുണ്ടായിരുന്നു. (പ്രവൃ, 9:2). ദമസ്ക്കൊസിനു സമീപത്തു വച്ചാണ് പൗലൊസിനു ക്രിസ്തുവിന്റെ ദർശനം ലഭിച്ചത്. പൗലൊസ് ദമസ്ക്കൊസിലെ പള്ളികളിൽ പ്രസംഗിച്ചു. എതിർപ്പു വർദ്ധിച്ചപ്പോൾ അദ്ദേഹം ദമസ്ക്കൊസ് വിട്ടുപോയി. (പ്രവൃ, 9:19-27). അറേബ്യയിൽ കുറച്ചുകാലം ചെലവഴിച്ചശേഷം പൗലൊസ് ദമസ്ക്കൊസിലേക്കു മടങ്ങിവന്നു. (ഗലാ, 1:17).