ഫേലിക്സ്

ഫേലിക്സ് (Felix)

പേരിനർത്ഥം – സന്തോഷം

കുമാനുസിന്റെ പിൻഗാമിയായി എ.ഡി 52-60 വരെ യെഹൂദയിലെ ദേശാധിപതിയായിരുന്നു. യെരൂശലേമിൽ പൗലൊസ് ബന്ധനസ്ഥനാകുകയും ഫേലിക്സിന്റെ മുമ്പിൽ വിസ്തരിക്കപ്പെടുകയും ചെയ്തു. നീറോ ചക്രവർത്തി ഫെലിക്സിനെ മടക്കിവിളിച്ചപ്പോൾ പൗലൊസിനെ കാരാഗൃഹത്തിൽ വിട്ടിട്ടു പോയി. (പ്രവൃ, 23:24-24:27).

അന്തോണിയസ് ക്ലൗദ്യൊസ് എന്ന പേരോടു കൂടിയ ഫെലിക്സും സഹോദരനായ പല്ലാസും അടിമകളായിരുന്നു. രാജപ്രീതി നേടിയ ഇവരെ ക്ലൗദ്രൊസ് കൈസർ സ്വതന്ത്രരാക്കി. കുമാനുസിനെ നാടുകടത്തിയപ്പോൾ ഫെലിക്സിനെ യെഹൂദ്യയിലെ ദേശാധിപതിയായി നിയമിച്ചു. ചക്രവർത്തി അയാൾക്കു അനേകം സൈനിക ബഹുമതികൾ കൊടുത്തതായി സ്യൂട്ടോണിയസ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെലിക്സ് മൂന്നു രാജകീയ പ്രഭ്വിമാരെ വിവാഹം കഴിച്ചു എന്നും സ്യൂട്ടോണിയസ് പറയുന്നു. ഫേലിക്സിന്റെ ഒരു ഭാര്യ അഗിപ്പാ രണ്ടാമന്റെ സഹോദരിയായ ദ്രുസില്ലയാണ്. ഭർത്താവായ അസിസൂസിൽ നിന്നും വേർപെടുത്തിയ ശേഷമാണ് ദ്രുസില്ലയെ ഫെലിക്സ് വിവാഹം കഴിച്ചത്. അവർക്കു ജനിച്ച പുത്രന്റെ പേർ അഗ്രിപ്പാ എന്നായിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യ ആന്റണിയുടെയും ക്ലിയോപാട്രയുടെയും ചെറുമകൾ ആയിരുന്നു. മൂന്നാമത്തെ ഭാര്യയെക്കുറിച്ചു വിവരമൊന്നുമില്ല. മനസ്തോഭം കൂടാതെ ഏതു ദുഷ്ടതയും പ്രവർത്തിക്കുവാൻ തനിക്കു കഴിയുമെന്നു ഫെലിക്സ് വിശ്വസിച്ചിരുന്നതായി റോമൻ ചരിത്രകാരനായ താസിറ്റസ് (Tacitus) എഴുതുന്നു. യെഹൂദ്യയിൽ ദേശാധിപതിയായിരുന്ന കാലത്ത് രാജകീയാധികാരം പ്രയോഗിച്ചു അടിമയുടെ മനോഭാവത്തോടുകൂടി സർവ്വ വിധത്തിലുള്ള ക്രൂരതയും വിഷയലമ്പടത്വവും ഫേലിക്സ് കാട്ടി. കട്ടാരക്കാർ എന്നറിയപ്പെടുന്ന കൊള്ളക്കാരെ വശത്താക്കി മഹാപുരോഹിതനായ യോനാഥാനെ കൊലപ്പെടുത്തി. പൗലൊസ് ഫെലിക്സിനോടു സംസാരിക്കുമ്പോൾ ദ്രുസില്ല ഒപ്പമുണ്ടായിരുന്നു. (പ്രവൃ, 24:25). ഫേലിക്സിന്റെ മറ്റൊരു ഭാര്യയായ മറ്റൊരു ദ്രുസില്ലയെക്കുറിച്ചു താസിറ്റസ് പറഞ്ഞിട്ടുണ്ട്.

പൗലൊസിനെ യെരുശലേമിൽ വച്ചു ബന്ധിച്ചശേഷം കൈസര്യയിൽ ഫെലിക്സിന്റെ അടുക്കലേക്കു അയച്ചു. വാദികൾ എത്തുന്നതുവരെ പൗലൊസിനെ അഞ്ചുദിവസം ഹെരോദാവിന്റെ ആസ്ഥാനത്തിൽ സൂക്ഷിച്ചു. അഞ്ചു ദിവസത്തിനു ശേഷം മഹാപുരോഹിതനായ അനന്യാസ് വ്യവഹാരജ്ഞനായ തെർത്തുല്ലൊസിനോടും മൂപ്പന്മാരോടും കൂടെ എത്തി. തെർത്തുല്ലൊസ് ഇപ്രകാരം പറഞ്ഞു: “രാജശീ ഫെലിക്സേ, നീ മുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്കു ഏറിയ ഗുണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ നന്ദിയോടും കൂടെ അംഗീകരിക്കുന്നു.” (അപ്പൊ, 24:3). തുടർന്നു തെർത്തുല്ലൊസ് മൂന്നു കുറ്റങ്ങളാണ് പ്രധാനമായും പൗലൊസിന്റെ മേൽ ആരോപിച്ചത്: 1. പൗലൊസ് ഒരു ബാധയാണ്. 2. നസറായമതത്തിനു മുമ്പനും യെഹൂദന്മാരുടെ ഇടയിൽ കലഹം ഉണ്ടാക്കുന്നവനുമാണ്. 3. ദൈവാലയം തീണ്ടിക്കാൻ അഥവാ അശുദ്ധമാക്കുവാൻ ശ്രമിച്ചു. (പ്രവൃ, 24:5,6). ന്യായപ്രമാണം അനുസരിച്ചു വിസ്തരിക്കപ്പെടേണ്ടതിനു പൗലൊസിനെ തങ്ങളെ ഏല്പിക്കുവാൻ ഫെലിക്സിനെ പ്രേരിപ്പിക്കാൻ കരുതിക്കൂട്ടിയായിരുന്നു ഈ കുറ്റാരോപണം. അപ്രകാരം ഏല്പിച്ചിരുന്നുവെങ്കിൽ പൗലൊസിന്റെ വധം സുസാദ്ധ്യമാകുമായിരുന്നു. തുടർന്നു ഫെലിക്സ് പൗലൊസിനു സംസാരിക്കുവാൻ അനുവാദം കൊടുത്തു. ഈ ജാതിക്കു നീ അനേക സംവത്സരമായി ന്യായാധിപതിയായിരിക്കുന്നു എന്ന മുഖവുരയോടു കൂടി തെർത്തുല്ലൊസിന്റെ വാദമുഖങ്ങളെ ഒന്നൊന്നായി പൗലൊസ് ഖണ്ഡിച്ചു. ഈ മാർഗ്ഗത്തെക്കുറിച്ചു സൂക്ഷ്മമായ അറിവുണ്ടായിരുന്നിട്ടും ലൂസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെകാര്യം തീർച്ചപ്പെടുത്തുമെന്നു പറഞ്ഞു അവധിവച്ചു. പൗലൊസിനെ സൂക്ഷിക്കേണ്ടതിനു ശതാധിപനെ ഏല്പിച്ചു. (പ്രവൃ, 24:10-23). ചില നാളുകൾക്കുശേഷം ഭാര്യ ദ്രുസില്ലയുമായി ഫെലിക്സ് വന്നു. പൗലൊസ് അവരുടെ മുന്നിൽ പ്രസംഗിച്ചു. നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിച്ചപ്പോൾ ഫെലിക്സ് ഭയപരവശനായി. തൽക്കാലം പോകാം എന്നു പറഞ്ഞു ഒരു തീരുമാനമെടുക്കാതെ പൗലൊസിനെ വിട്ടേച്ചു പോയി. മോചനത്തിനുവേണ്ടി പൗലൊസ് ദ്രവ്യം കൊടുക്കുമെന്നു കരുതി പലപ്രാവശ്യം പൗലൊസിനെ വരുത്തി അവനോടു സംസാരിച്ചു. അഭിലാഷം സാധിക്കാത്തതുകൊണ്ടു രണ്ടുവർഷം പൗലൊസിനെ തടവിൽ വച്ചു. (പ്രവൃ, 24:27).

യെഹൂദ്യയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വഷളായി. കൈസര്യയിലെ തെരുവുകളിൽ പ്രക്ഷുബ്ധരംഗങ്ങൾ അരങ്ങേറി. ഫെലിക്സിനെ റോമിലേക്കു മടക്കി വിളിച്ചു. തങ്ങളുടെ കുറ്റാരോപണങ്ങളുമായി യെഹൂദന്മാർ അയാൾക്കു പിന്നാലെ പോയി. സഹോദരനായ പല്ലാസിന്റെ സ്വാധീനം കൊണ്ടു മാത്രമാണ് ശിക്ഷയിൽ നിന്നു ഫേലിക്സ് രക്ഷപെട്ടത്.

ഫെസ്തൊസ്

ഫെസ്തൊസ് (Festus)

പേരിനർത്ഥം – ആഘോഷം

ഫേലിക്സിനുശേഷം യെഹൂദയെ ഭരിച്ച റോമൻ ദേശാധിപതിയാണ് പൊർക്ക്യുസ് ഫെസ്തൊസ്. നീറോ ചക്രവർത്തിയാണ് ഫെസ്തൊസിനെ നിയമിച്ചത്. കൈസര്യയിലെത്തി മൂന്നു ദിവസത്തിനുശേഷം ഫെഹാതൊസ് യെരൂശലേമിലേക്കു ചെന്നു. മഹാപുരോഹിതനും യെഹൂദന്മാരുടെ പ്രമാണിമാരും പൗലൊസിന് എതിരെയുള്ള കുറ്റം ബോധിപ്പിച്ചു. പൗലൊസിനെ യെരൂശലേമിലേക്കു കൊണ്ടുവരുവാൻ (ന്യായാധിപസംഘത്തിന്റെ മുമ്പിൽ വിചാരണ ചെയ്യുവാൻ വേണ്ടിയാകണം) അനുവദിക്കണമെന്നു അവർ ഫെസ്തൊസിനോട് അപേക്ഷിച്ചു. വഴിയിൽ വച്ച് പൗലൊസിനെ വധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഫെസ്തൊസ് അനുവാദം നല്കിയില്ല. കൈസര്യയിൽ വന്നു അന്യായം ബോധിപ്പിക്കുവാൻ ഫെസ്തൊസ് യെഹൂദന്മാരോടു കല്പിച്ചു. എട്ടോ പത്തോ ദിവസത്തിനു ശേഷം പൗലൊസിനെ ഫെസ്തോസിന്റെ മുമ്പിൽ കൊണ്ടുവന്നു. യെരൂശലേമിൽ പോകുവാൻ താൽപര്യം ഉണ്ടോ എന്നു ഫെസ്തൊസ് ചോദിച്ചു. എന്നാൽ അതിനു സമ്മതിക്കാതെ റോമാപൗരൻ എന്ന നിലയിൽ പൗലൊസ് കൈസറെ അഭയം ചൊല്ലി. അതിനാൽ പൗലൊസിനെ റോമയിലേക്കയക്കുവാൻ തീരുമാനിച്ചു. അഗ്രിപ്പാ രാജാവും സഹോദരി ബർന്നീക്കയും കൈസര്യയിൽ സന്ദർശനത്തിനെത്തി. ഫെസ്തൊസ് പൗലൊസിന്റെ കാര്യം അഗ്രിപ്പായെ അറിയിക്കുകയും പൗലൊസിനെ അവരുടെ മുമ്പിൽ കൊണ്ടുവരികയും ചെയ്തു. പൗലൊസ് അവരുടെ മുമ്പിൽ ഒരു പ്രഭാഷണം നടത്തി. പൗലൊസ് നിരപരാധി എന്നു തെളിഞ്ഞു എങ്കിലും കൈസരെ അഭയം ചൊല്ലിയതു നിമിത്തം റോമിലേക്കു അയച്ചു. ഉദ്യോഗത്തിൽ ഇരിക്കുമ്പോൾ തന്നെ രണ്ടു വർഷത്തിനുശേഷം ഫെസ്തൊസ് മരിച്ചു. ഒരു പണ്ഡിതനും നീതിമാനുമായ ഭരണാധികാരിയായിരുന്നു ഫെസ്തൊസ് എന്നു ജൊസീഫസ് പറയുന്നു. (പ്രവൃ, 24:27-26:32).

ഫിനെഹാസ്

ഫീനെഹാസ് (Phinehas)

പേരിനർത്ഥം – പിച്ചളയുടെ വായ

ഇതൊരു മിസയീമ്യനാമമാണ്. അഹരോന്റെ പുത്രനായ എലെയാസാരിനു പൂതിയാലിന്റെ പുത്രിയിൽ ജനിച്ച പുത്രൻ. (പുറ, 6:25). പിതാവിനു ശേഷം ഇയാൾ മഹാപുരോഹിതനായി. യിസ്രായേല്യർ യോർദാനു കിഴക്കുള്ള ശിത്തീമിൽ താമസിക്കുന്ന കാലത്തു മോവാബ്യ സ്ത്രീകളുമായി പരസംഗം ചെയ്യുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തു. യഹോവയുടെ കോപം യിസ്രായേലിന്റെ മേൽ ജ്വലിച്ചു. ദോഷം പ്രവർത്തിക്കുന്നവരെ കൊല്ലുവാൻ യഹോവ കല്പിച്ചു. ഒരു യിസ്രായേല്യൻ ഒരു മിദ്യാന്യസ്ത്രീയെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടു വരുന്നതു ഫീനെഹാസ് കണ്ടു. ഒരു കുന്തം എടുത്തു യിസ്രായേലിന്റെ അന്തഃപുരത്തിലേക്കു ചെന്നു ഫീനെഹാസ് ഇരുവരെയും കുത്തിക്കൊന്നു. ബാധ യിസ്രായേൽ മക്കളെ വിട്ടുപോയി, തൽഫലമായി ഫീനെഹാസിനു നിത്യപൗരോഹിത്യം ദൈവം വാഗ്ദാനം ചെയ്തു. (സംഖ്യാ, 25:1-15). മിദ്യാന്യരെ നശിപ്പിക്കുവാൻ പോയ സൈന്യത്തോടൊപ്പം പുരോഹിതൻ എന്ന നിലയിൽ ഫീനെഹാസും പോയി. (സംഖ്യാ, 31:6). യോർദ്ദാന്റെ കിഴക്കെക്കരയിൽ പാർത്തിരുന്ന രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും സ്വന്തമായി ഒരു യാഗപീഠം പണിതു. ഈ യാഗപീഠം സംബന്ധിച്ചുണ്ടായ തർക്കത്തിൽ മാദ്ധ്യസ്ഥം വഹിച്ചത് ഫീനെഹാസ് ആയിരുന്നു. (യോശു, 22:13-32). ദേശം വിഭാഗിച്ചപ്പോൾ എഫ്രയീം മലയിൽ ഒരു കുന്നു ഫീനെഹാസിനു അവകാശമായി കൊടുത്തു. പിതാവായ എലെയാസരിനെ ഈ കുന്നിൽ അടക്കി. (യോശു, 24:33). ഫീനെഹാസ് കോരഹ്യരുടെ അധിപനായിരുന്നു. (1ദിന, 9:20). എലെയാസരിനു ശേഷം മഹാപുരോഹിതനായി. ബെന്യാമീന്യരുടെ യുദ്ധകാലത്ത് ദൈവഹിതം അറിയിച്ചത് ഫീനെഹാസ് ആയിരുന്നു. (ന്യായാ, 20:28). ഫീനെഹാസിന്റെ ശവകുടീരം നാബ്ലസിനു ആറു കിലോമീറ്റർ തെക്കുകിഴക്കുളള അവെർത്തായിൽ ഉണ്ട്.

ഫീനെഹാസ്

മഹാപുരോഹിതനായ ഏലിയുടെ രണ്ടുപുത്രന്മാരിൽ ഇളയവൻ. (1ശമൂ, 1:3; 2:34; 4:4,11, 17, 19; 14:3). അവർ നീചന്മാരും യഹോവയെ വെറുത്തവരും യാഗത്തെ ആദരിക്കാത്തവരും ആയിരുന്നു. (1ശമൂ, 2:12-17). ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ സഹോദരനോടൊപ്പം ഫീനെഹാസും കൊല്ലപ്പെടുകയും യഹോവയുടെ പെട്ടകം പിടിക്കപ്പെടുകയും ചെയ്തു. (1ശമൂ, 4:11, 19). ഇയാളുടെ ഒരു പൗത്രൻ ശൗലിന്റെ ഭരണകാലത്തു പുരോഹിതനായിരുന്നു. (1ശമൂ, 14:3).

ഫിലൊലൊഗൊസ്

ഫിലൊലൊഗൊസ് (Philologus)

പേരിനർത്ഥം – ഭാഷണപ്രിയൻ

റോമിലെ ഒരു ക്രിസ്ത്യാനി. റോമാലേഖനത്തിൽ പൗലൊസ് ഇയാൾക്കു വന്ദനം പറയുന്നു. ‘ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.” (റോമ, 16:15).

ഫിലേമോൻ

ഫിലേമോൻ (Philemon)

പേരിനർത്ഥം – വത്സലൻ

കൊലൊസ്സ്യസഭയിലെ ഒരു വിശ്വാസി. അപ്പൊസ്തലനായ പൗലൊസ് മുഖേനയായിരിക്കണം ഫിലേമോൻ ക്രിസ്ത്യാനി ആയത്. നീ നിന്നെതന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു (ഫിലേ, 19) എന്ന പ്രസ്താവനയിൽ നിന്നുളള നിഗമനമാണിത്. സമ്പന്നനും ഉദാരനുമായ ഫിലേമോന്റെ അടിമകളിൽ ഒരാളായ ഒനേസിമൊസ് ഒളിച്ചോടി. പൗലൊസുമായി ബന്ധപ്പെട്ട ആ അടിമ ക്രിസ്ത്യാനിയായി. അങ്ങനെ പ്രിയ സഹോദരനായിത്തീർന്ന ഒനേസിമൊസിനെ ചേർത്തുകൊള്ളുവാനുള്ള അപേക്ഷയാണ് ഫിലേമോനു എഴുതിയ ലേഖനം. ഫിലേമോനെ കുട്ടുവേലക്കാരൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഫിലേമോന്റെ സ്നേഹവും വിശ്വാസവും ഔദാര്യവും ദീനാനുകമ്പയും പൗലൊസിന്റെ പ്രശംസയ്ക്ക് പാത്രമാവുന്നു. കൊലൊസ്സ്യയിലെ ബിഷപ്പായിത്തീർന്ന ഫിലേമോൻ രക്തസാക്ഷിയായി മരിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.

ഫിലേത്തൊസ്

ഫിലേത്തൊസ് (Philetus)

പേരിനർത്ഥം – സ്നേഹ യോഗ്യൻ

എഫെസൊസ് സഭയിൽ ദുരുപദേശം പ്രചരിപ്പിച്ചവരായിരുന്നു ഹുമനയോസും ഫിലേത്തൊസും. (2തിമൊ, 2:17,18). പൗലൊസ് തിമൊഥയൊസിനു എഴുതുമ്പോൾ സത്യവിശ്വാസത്തിനു വേണ്ടി പോരാടണമെന്നും അർബ്ബുദ വ്യാധിപോലെ വിനാശകരമായ വിരുദ്ധോപദേശങ്ങളെ സൂക്ഷിച്ചുകൊള്ളണം എന്നും ഉപദേശിക്കുമ്പോഴാണ് ഇവരുടെ പേർ പരാമർശിക്കുന്നത്. പുനരുത്ഥാനം കഴിഞ്ഞു എന്നുപറഞ്ഞു അവർ വിശ്വാസം തെറ്റിക്കുകയായിരുന്നു. മരണം പുനരുത്ഥാനം എന്നിവ കേവലം പ്രതീകങ്ങളാണെന്നും ഒരു വ്യക്തി വീണ്ടും ജനിക്കുമ്പോൾ പുനരുത്ഥാനം നടന്നു കഴിഞ്ഞു എന്നും ആയിരുന്നു അവരുടെ ഉപദേശമെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ പുനരുത്ഥാനം ഗ്രീക്കു ചിന്താഗതിയുമായി പൊരുത്തപ്പെടാത്തതാണ്. റോമിൽ നിന്നും കണ്ടെടുത്ത ചില ഫലകങ്ങളിൽ കൈസറുടെ ഭവനക്കാരുടെ കൂട്ടത്തിൽ വേറെ വേറെയായി ഈ രണ്ടു പേരുകളും കണ്ടെത്തിയിട്ടുണ്ട്.

പ്രൊഖൊരൊസ്

പ്രൊഖൊരൊസ് (Prochorus)

പേരിനവത്ഥം – നൃത്തസംഘനായകൻ

ആദിമസഭയിലെ ഏഴു ഡീഖന്മാരിൽ മൂന്നാമൻ. “ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,” (പ്രവൃ, 6:5). പൊഖൊരൊസിനെക്കുറിച്ചു ഈയൊരു പരാമർശമേ പുതിയനിയമത്തിലുള്ളൂ. വിശുദ്ധ പത്രോസ് പ്രൊഖൊരൊസിനെ നിക്കൊമെഡിയയിലെ ബിഷപ്പായി അവരോധിച്ചു എന്നൊരു പാരമ്പര്യമുണ്ട്.

ഫറവോൻ

ഫറവോൻ (Pharaoh)

മിസ്രയീം (ഈജിപ്റ്റ്) രാജാക്കന്മാരുടെ സ്ഥാനപ്പേണു ഫറവോൻ. ഒരു നാമമായും നാമത്തോടു ചേർത്തു ഔദ്യോഗിക നാമമായും (ഉദാ: ഫറവോൻ നെഖോ) ബൈബിളിൽ പ്രയോഗിച്ചിരിക്കുന്നു. വലിയ വീടു എന്നർത്ഥമുളള ഈജിപ്ഷ്യൻ പ്രയോഗത്തിന്റെ എബ്രായരൂപമാണ് ഫറവോൻ. ആദിയിൽ ഈ പേരു പ്രധാന ഭരണാധികാരികൾക്കു മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പതിനെട്ടാം രാജവംശത്തിന്റെ കാലംമുതൽ ഇത് ഈജിപ്റ്റിലെ രാജാവിന്റെ ഔദ്യോഗിക നാമമായി മാറി. ബി.സി. ഒമ്പതാം നൂറ്റാണ്ടോടുകൂടി രാജാവിന്റെ പൂർവ്വപദമായി ഇതു ചേർത്തു (ഉദാ: ഫറവോൻ ശീശക്).

പേരുകൾ: ഫറവോന്മാരുടെ പേരുകൾക്കു സവിശേഷാർത്ഥമുണ്ട്. ഈ പേരുകളിൽ പലതിനെയും ഒരു പൂർണ്ണവാചകമായി തർജ്ജമ ചെയ്യാവുന്നതാണ്. ഉദാ: റയംസേസ് (സൂര്യദേവനായ) ‘റാ’ ആണ് അവനെ ജനിപ്പിച്ചത്; അമെൻ ഹോട്ടപ്പ് = ആമോൻ (ദേവൻ) സംതൃപ്തനായി. ആദ്യത്തെ പേര് ജനനസമയത്തു നല്കുന്ന വ്യക്തിനാമമാണ്. ഇതു മിക്കവാറും കുടുംബ നാമമായിരിക്കും. പതിനെട്ടാം രാജവംശത്തിൽ അമെൻ ഹോട്ടപ്പ് എന്ന പേരുളള നാലുപേരും തുത്മൊസ് എന്ന പേരുള്ള നാലുപേരും ഉണ്ടായിരുന്നു. പത്തൊമ്പതാം രാജവംശത്തിൽ റയംസേസ് എന്നപേരിൽ രണ്ടു രാജാക്കന്മാരും ഇരുപതാം രാജവംശത്തിൽ അതേപേരിൽ ഒമ്പതുപേരും ഉണ്ടായിരുന്നു. ഈ പേരുകളെല്ലാം മതകീയ സൂചനയുഉളവയാണ്. അമെൻ ഹോട്ടപ്പ് ആമോനോടും തുത്മൊസ് തോത്തിനോടും റയംസേസ് ‘റാ’യോടും ബന്ധപ്പെട്ടിരിക്കുന്നു. ഒരു വിമതനായ ഫറവോൻ മതം മാറിയപ്പോൾ അമെൻ ഹോട്ടപ്പ് എന്ന പേരിനെ അഖ്നാറ്റൻ എന്നു മാറ്റി. കിരീടധാരണ സമയത്തു മതഭക്തിസൂചകമായ നാലു അനുബന്ധ നാമങ്ങൾ കൂടി ഒരു രാജാവിനു ലഭിക്കും.

വിശാലമായി വിഭജിക്കപ്പെട്ടിരുന്ന ഭൂഭാഗങ്ങളെ ഒരുമിച്ചു ചേർത്തു ഒരു സർക്കാരിന്റെ കീഴിൽ ഏകീകരിച്ച ആദ്യത്തെ നാഗരികത ഈജിപ്റ്റിന്റേതാണ്. സാംസ്കാരികമായി ദക്ഷിണ ഈജിപ്റ്റും മദ്ധ്യ ഈജിപ്റ്റും ഉത്തര ഈജിപ്റ്റും പരസ്പര ഭിന്നങ്ങളായിരുന്നു. ദക്ഷിണ ഈജിപ്റ്റിലെ മതവും രാഷ്ട്രീയ ഘടനയും ആഫ്രിക്കൻ രൂപങ്ങളോടു ബന്ധപ്പെട്ടതും ഉത്തര ഈജിപ്റ്റിലേതു ഏഷ്യൻ മെഡിറ്ററേനിയൻ രൂപങ്ങളോടു ബന്ധപ്പെട്ടതുമാണ്. അത്യന്തം ഭിന്നങ്ങളായ ഭൂഭാഗങ്ങളെ ഒന്നിച്ചു നിർത്തുന്നതിനു തങ്ങളുടെ രാജാവു ദേവനാണെന്നു മിസ്രയീമ്യർക്കു ഊന്നിപ്പറയേണ്ടിവന്നു. രാജാധികാരം ദൈവദത്തമാണെന്നും രാജാവിന്റെ വാക്കു തന്നെ കല്പനയാണെന്നും അവർ വിശ്വസിച്ചു. തന്മൂലം നിയമം ക്രോഡീകരിക്കേണ്ട ആവശ്യമില്ല. അഞ്ചാം രാജവംശത്തിന്റെ കാലത്തു മരണത്തിൽ രാജാവ് ഒസിരിസ് ദേവനായി മാറുന്നുവെന്നു പ്രഖ്യാപിച്ചു . മരിക്കുന്നുവെങ്കിലും രാജാവ് മൃതന്മാരുടെ ലോകത്ത് എന്നും ജീവിക്കുകയാണ്. അഞ്ചാം രാജവംശംത്തിന്റെ കാലത്ത് ഓനിലെ ” ‘റാ’ (സൂര്യദേവൻ) രാജാവിന്റെ പിതാവായി പരിഗണിക്കപ്പെട്ടു. പതിനെട്ടാം രാജവംശക്കാലത്ത് ‘ആമോൻ റാ’ രാജകീയ ദേവനായി. ഇക്കാലത്തോടു കൂടി രാഷ്ട്രത്തിന്റെ പ്രധാന വ്യവഹാരങ്ങൾക്കു ദേവന്മാരുടെ വെളിച്ചപ്പാടന്മാരോടു അരുളപ്പാടു ചോദിക്കുന്ന സമ്പ്രദായം നിലവിൽ വന്നു. കർണക് ക്ഷേത്രത്തിലെ ‘ആമോൻ റാ’യുടെ മഹാപുരോഹിതൻ രാഷ്ട്രത്തിലെ മഹാവ്യക്തിയായി മാറി. ഫറവോനു അടുത്തസ്ഥാനം മഹാപുരോഹിതനായിരുന്നു. പ്രധാനമന്ത്രിയും സർവ്വസൈന്യാധിപനും മഹാപുരോഹിതൻ തന്നേ.

അനേകം ഫറവോന്മാരെക്കുറിച്ചു ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇവരിൽ പലരെയും തിരിച്ചറിയുവാൻ നിവൃത്തിയില്ല. 1. അബ്രാഹാമിന്റെ കാലത്തെ ഫറവോൻ. (ഉല്പ, 12:15-20). എബ്രായ പാഠത്തിലെ കാലഗണിതം പിന്തുടരുകയാണെങ്കിൽ അബ്രാഹാമിന്റെ ജനനം ബി.സി. 2161-ലാണ്. ബി.സി. 2086-ൽ അബ്രാഹാം കനാനിൽ പ്രവേശിച്ചു. ഗോത്രപിതാക്കന്മാരുടെ കാലം ഈജിപ്റ്റിലെ പന്ത്രണ്ടാം രാജവംശത്തിന്റെ (ബി.സി. 2000-1780) കാലത്തിനു സമാന്തരമാണ്. ഈ രാജവംശത്തിലെ ഫറവോന്മാരുടെ കാലത്താണ് അബ്രാഹാം ഫറവോനെ സന്ദർശിച്ചത്. 2. യോസേഫിന്റെ കാലത്തെ ഫറവോൻ. (ഉല്പ, 37:36; 39:1; 40 അ). യോസേഫ് പ്രധാനമന്ത്രി ആയത് പന്ത്രണ്ടാം രാജവംശത്തിന്റെ കാലത്താണ്. എന്നാൽ അധികം പണ്ഡിതന്മാരും യോസേഫിന്റെ കാലത്തങ ഈജിപ്റ്റ് ഭരിച്ചിരുന്നതു ഹിക്സൊസ് രാജാക്കന്മാരാണെന്നു കരുതുന്നു. അവാറിസ്-താനിസിൽ വസിച്ചിരുന്ന ഹിക്സൊസ് രാജാക്കന്മാരുടെ കാലം ഏകദേശം 1720- 1550 ആണ്. എന്നാൽ ഈ കാലഗണിതം എബ്രായ പാഠത്തിനു അനുകൂലമല്ല. 3. യിസ്രായേലിനെ പീഡിപ്പിച്ച ഫറവോൻ. പുറപ്പാടിന്റെ കാലം ബി.സി. 1445 എന്നു അംഗീകരിക്കുകയാണെങ്കിൽ തുത്മൊസ് മൂന്നാമൻ (1482-1450 ബി.സി.) ആണ് യിസ്രായേല്യരെ പീഡിപ്പിച്ച ഫറവോൻ. മിദ്യാനിൽ അഭയം പ്രാപിച്ച മോശെ ഈജിപ്റ്റിൽ മടങ്ങിച്ചെന്നതു ഈ ഫറവോന്റെ മരണത്തിനു ശേഷമാണ്. (പുറ, 3:23). എന്നാൽ പുറപ്പാടു പില്ക്കാലത്തെന്നു വാദിക്കുന്നവർ യിസ്രായേല്യരെ പീഡിപ്പിച്ച ഫറവോൻ സേത്തി ഒന്നാമൻ (1319- 1301 ബി.സി) ആണെന്നു കരുതുന്നു. യോസേഫിനെ അറിയാത്ത പുതിയോരു രാജാവായി (പുറ, 1:8) സേത്തി പ്രഥമനാണ് ഹിക്സൊസുകളെ ഓടിച്ചു പുതിയ രാജവംശം സ്ഥാപിച്ചത്. 4. പുറപ്പാടിന്റെ കാലത്തെ ഫറവോൻ. തുത്മൊസ് തൃതീയന്റെ പുത്രനായ അമെൻ ഹോട്ടപ്പ് ദ്വിതീയൻ (1450-1425 ബി.സി.) ആയിരിക്കണം. ഈ ഫറവോന്റെ കാലത്തെ രേഖകളിൽ മിസ്രയീമിനെ പീഡിപ്പിച്ച ബാധകൾ, ചെങ്കടലിലുണ്ടായ മിസ്രയീമ്യ സൈന്യനാശം, എബ്രായരുടെ വിടുതൽ എന്നിവയെക്കുറിച്ചു ഒരു പരാമർശവുമില്ല. പൊതുവെ തങ്ങളുടെ ദുരന്തത്തെക്കുറിച്ചു മിസ്രയീമ്യർ രേഖപ്പെടുത്താറില്ല. പുറപ്പാടിന്റെ കാലത്തു അമെൻ ഹോട്ടപ്പ് ദ്വിതീയൻ ആയിരുന്നു ഫറവോനെങ്കിൽ പത്താമത്തെ ബാധയിൽ അയാളുടെ മകൻ കൊല്ലപ്പെട്ടു. (പുറ, 12:29). രേഖകളനുസരിച്ചു തുത്മൊസ് നാലാമൻ (1425-1412 ബി.സി.) അമെൻ ഹോട്ടപ്പ് ദ്വിതീയന്റെ മൂത്ത പുത്രനായിരുന്നില്ല. അനേകം ചരിത്രകാരന്മാരുടെ ഊഹമനുസരിച്ചു റയംസേസ് രണ്ടാമൻ (1301-1234 ബി.സി.) ആയിരുന്നു പുറപ്പാടിന്റെ കാലത്തെ ഫറവോൻ. 5. യെഹൂദ്യനായി മേരെദിന്റെ ഭാര്യാപിതാവ്. (1ദിന, 4:18). ഈ ഫറവോൻ ആരെന്നു നിർണ്ണയിക്കപ്പെട്ടിട്ടില്ല. 6. ദാവീദിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട ഹദദ് രാജകുമാരനു അഭയം നല്കിയ ഫറവോൻ. (1രാജാ, 11:15-20). ഇയാൾ തന്റെ ഭാര്യാസഹോദരിയെ ഹദദിനു ഭാര്യയായി നല്കി. ഇരുപത്തൊന്നാം രാജവംശത്തിലെ ഒടുവിലത്തെ രാജാക്കന്മാരിൽ ഒരാളായിരിക്കണം ഈ ഫറവോൻ. 7. ശലോമോൻ രാജാവിന്റെ ഭാര്യാപിതാവ്. ഇയാൾ ഗേസെർ പിടിച്ച് ശലോമോനു സ്ത്രീധനമായി നല്കി. (1രാജാ, 3:1; 7:8; 9:16, 24; 11:1). 8. ഫറവോൻ ശീശക്. 22-ാം രാജവംശത്തിൽപ്പെട്ട ശിശക്കിനെ മിസ്രയീമ്യ രേഖകളിൽ ഷെഷോങ്ക് ഒന്നാമൻ എന്നു പറഞ്ഞിരിക്കുന്നു. ശലോമോന്റെ പിൻഗാമിയായ രെഹബെയാമിന്റെ വാഴ്ചക്കാലത്തു ഇയാൾ പലസ്തീൻ ആക്രമിച്ചു. (1രാജാ, 14:25). ശലോമോന്റെ വാഴ്ചയുടെ ഒടുവിൽ യൊരോബെയാം ശീശക്കിന്റെ കൊട്ടാരത്തിൽ അഭയം പ്രാപിച്ചു. (1രാജാ, 11:40). ഈ യൊരോബെയാമാണ് വിഭക്ത യിസ്രായേലിലെ ആദ്യത്തെ രാജാവ്. 9. എത്യോപ്യനായ സേരഹ്. ശീശക്കിന്റെ പിൻഗാമിയായ ഓസൊർ-കോൺ ഒന്നാമൻ ആയിരിക്കണം.ആസയുടെ വാഴ്ചക്കാലത്തു ദക്ഷിണ പലസ്തീനിൽ വച്ചു നടന്ന യുദ്ധത്തിൽ അയാൾ തോറ്റു. (2ദിന, 14:9-15; 16:8). 10. ഫറവോൻ സോ. യിസ്രായേൽ രാജാവായ ഹോശേയയുടെ സമകാലികൻ. സോയുടെ പിന്തുണയോടു കൂടി അശ്ശൂർ രാജാവായ ശല്മനേസരോടു മത്സരിച്ചതു കൊണ്ടു ബന്ധനസ്ഥനായി. (2രാജാ, 17:4). 11. തിർഹാക്ക. ഇരുപത്തഞ്ചാം രാജവംശത്തിൽപ്പെട്ട തിർഹാക്ക സൻഹേരീബിനെതിരെ പടയെടുത്തു. മിസ്രയീമ്യ ചരിത്രത്തിൽ തിർഹർക്ക എന്ന പേരിലാണു ഇയാൾ അറിയപ്പെടുന്നത്. (2രാജാ, 19:9; യെശ, 39:9). 12. ഫറവോൻ-നെഖോ. ഇരുപത്താറാം രാജവംശത്തിലെ രാജാവ്. യെഹൂദാ രാജാവായ യോശീയാവിനെ മെഗിദ്ദോയിൽ വച്ചു കൊന്നു. (2രാജാ, 23:29,30; 2ദിന, 35:20-26). കല്ദയ രാജാവായ നെബുഖദ്നേസർ നെഖോയെ തോല്പിച്ചു. 13. ഫറവോൻ-ഹോഫ്ര. യിരെമ്യാവിന്റെ കാലത്തു ജീവിച്ചിരുന്ന ഇദ്ദേഹം ഇരുപത്താറാം രാജവംശത്തിലെ നാലാം രാജാവാണ്. ഭരണകാലം ബി.സി. 588-569. ശത്രുക്കൾ ഇയാളെ പരാജയപ്പെടുത്തുമെന്നു യിരെമ്യാവു പ്രവചിച്ചിരുന്നു. (യിരെ, 37:5, 7).

പേലെഗ്

പേലെഗ് (Peleg)

പേരിനർത്ഥം – വിഭജനം

ശേമിന്റെ പൗത്രനും ഏബെരിന്റെ പുത്രനും. (ഉല്പ, 11:16, 19; 1ദിന, 1:19,25). പേലെഗിന്റെ സഹോദരനാണ് യൊക്താൻ. പേലെഗിന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞു പോയത്. (ഉല്പ, 10:25). അവന്റെ കാലത്താണ് ഭൂമി വിഭജിക്കപ്പെട്ടത് എന്നാണ് എബ്രായയിൽ.

പോത്തീഫർ

പോത്തീഫർ (Potiphar)

പേരിനർത്ഥം – സൂര്യദേവൻ്റേത്

മിസ്രയീമിൽ ഫറവോന്റെ അകമ്പടി നായകൻ. മിദ്യാന്യ കച്ചവടക്കാർ യോസേഫിനെ പോത്തീഫറിനു അടിമയായി വിറ്റു. യഹോവ യോസേഫിനോടുകൂടെ ഉണ്ടെന്നറിഞ്ഞ പോത്തീഫർ അവനെ തന്റെ ഗൃഹവിചാരകനാക്കി തനിക്കുള്ളതൊക്കെയും അവനെ ഏല്പിച്ചു. പോത്തീഫറിന്റെ ഭാര്യയുടെ ഇംഗീതത്തിനു വഴങ്ങാതിരുന്നതു കൊണ്ടു അവൾ യോസേഫിൽ കുറ്റം ആരോപിച്ചു. പോത്തീഫർ അവനെ തടവിലാക്കി. (ഉല്പ, 37:36; 39:1-20).