ബാരൂക്

ബാരൂക് (Baruch)

പേരിനർത്ഥം – അനുഗൃഹീതൻ

നേര്യാവിന്റെ പുത്രനും സെരായാവിന്റെ സഹോദരനുമായ ബാരൂക് സിദെക്കീയാ രാജാവിന്റെ കൊട്ടാരത്തിൽ മാന്യമായ സ്ഥാനം അലങ്കരിച്ചിരുന്നു. (യിരെ, 36:14; 51:59). യിരെമ്യാപ്രവാചകന്റെ വിശ്വസ്ത മിത്രവും എഴുത്തുകാരനുമായിരുന്നു. യെഹോയാക്കീം രാജാവിന്റെ നാലാം വർഷത്തിൽ യിരെമ്യാവിന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തി ജനത്തെ വായിച്ചു കേൾപ്പിക്കുവാൻ ബാരുക് നിയോഗിക്കപ്പെട്ടു. ആ വർഷവും അടുത്ത വർഷവും ബാരൂക് അതു ചെയ്തു. (യിരെ, 36:4,14,15, 32). അനന്തരം പ്രഭുക്കന്മാരെയും അതു സ്വകാര്യമായി വായിച്ചു കേൾപ്പിച്ചു. യിരെമ്യാപ്രവാചകനിൽ നിന്നു കേട്ടതാണെന്നു ബാരൂക് പ്രഭുക്കന്മാരോടു പറഞ്ഞു. ആ ചുരുൾ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ അദ്ദേഹം അതിനെ കത്തി കൊണ്ടു മുറിച്ചു നെരിപ്പോടിലെ തീയിലിട്ടു ചുട്ടുകളഞ്ഞു. (യിരെ, 36 : 21-25). യിരെമ്യാവിനെയും ബാരൂക്കിനെയും തടവിലാക്കുവാൻ രാജാവു കല്പന കൊടുത്തു. യിരെമ്യാവു പറഞ്ഞതനുസരിച്ച് ബാരൂക് പിന്നെയും ഒരു ചുരുൾ എഴുതി. ഈ ചുരുളിൽ ആദ്യത്തെ ചുരുളിൽ ഉണ്ടായിരുന്നതിൽ കൂടുതലായി യെഹോയാക്കീമിന്റെയും കുടുംബത്തിന്റെയും നാശത്തെ സംബന്ധിക്കുന്ന പ്രവചനവും രേഖപ്പെടുത്തി. യെഹൂദയ്ക്ക് നേരിടുവാൻ പോകുന്ന നാശത്തിൽ നിന്നു ബാരൂക്കിനെ ഒഴിവാക്കുമെന്നു യഹോവ അവനു ഉറപ്പു നല്കി. (യിരെ, 45:1-5). യെരുശലേം നിരോധനകാലത്തു യിരെമ്യാവു തന്റെ ഇളയപ്പന്റെ മകനായ ഹനമെയേലിനോടു അനാഥോത്തിലെ നിലം വാങ്ങി അതിന്റെ ആധാരം സൂക്ഷിക്കുവാൻ ബാരൂക്കിനെ ഏല്പിച്ചു. (യിരെ, 32:1-16). കല്ദയർക്കനുകൂലമായി യിരെമ്യാവിനെ സ്വാധീനിക്കുന്നുവെന്നു ബാരൂക്കിനെ കുറ്റപ്പെടുത്തി. (യിരെ, 43:3). പ്രവാചകനോടൊപ്പം ബാരൂക്കിനെയും കാരാഗൃഹത്തിലടച്ചു. യെരുശലേമിന്റെ പതനം വരെ കാരാഗ്യഹത്തിൽ കഴിഞ്ഞു. നെബുഖദ്നേസരിന്റെ അനുവാദത്തോടു കൂടി യിരെമ്യാവിനോടൊപ്പം ബാരൂക് മിസ്പയിൽ വസിച്ചു. യിരെമ്യാവിനെയും ബാരൂക്കിനെയും ശത്രുക്കൾ മിസയീമിലേക്കു കൊണ്ടുപോയി. (യിരെ, 43:1-7). ബാരൂക്കിന്റെ അന്ത്യനാളുകളെക്കുറിച്ചു വ്യക്തമായ അറിവില്ല. യിരെമ്യാവിന്റെ മരണശേഷം ബാരൂക് ബാബിലോനിൽ പോയി എന്നും യെരൂശലേം നാശത്തിന്റെ പന്ത്രണ്ടാം വർഷം മരിച്ചു എന്നും ഒരു പാരമ്പര്യമുണ്ട്. ഒരു കുലീനനാണ് ബാരൂക് എന്നു ജൊസീഫസ് പറഞ്ഞിട്ടുണ്ട്. ബാരൂക്കിന്റെ പേരിൽ ചില അപ്പൊക്രിഫാ പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്.

ബറബ്ബാസ്

ബറബ്ബാസ് (Barabbas)

പേരിനർത്ഥം – പിതാവിന്റെ പുത്രൻ

ഒരു കലഹത്തിൽ കൊല ചെയ്തവനായ കവർച്ചക്കാരൻ. (മർക്കൊ, 15:7; ലൂക്കൊ, 23:18, 19). യേശു പീലാത്തോസിന്റെ മുമ്പിൽ വിസ്തരിക്കപ്പെടുമ്പോൾ ബറബ്ബാസ് കാരാഗൃഹത്തിൽ കിടക്കുകയായിരുന്നു. പെസഹയ്ക്ക് ഒരു തടവുപുള്ളിയെ വിട്ടു കൊടുക്കുക പതിവായിരുന്നു. യേശുവിനെ രക്ഷിക്കുവാനുളള താൽപര്യത്തിൽ യേശുവിനെ അവർക്കു വിട്ടുകൊടുക്കാമെന്നു പീലാത്തോസ് പറഞ്ഞു. എന്നാൽ ജനം ബറബ്ബാസിനെ ആവശ്യപ്പെട്ടു. നഗരത്തിൽ ഉണ്ടായ കലഹവും കൊലയും ഹേതുവായി അവൻ തടവിലായിരുന്നു. (ലൂക്കൊ, 23:19). ഒരു കലഹത്തിൽ കൊലചെയ്തവരായ കലഹക്കാരോടു കൂടെ ബറബ്ബാസിനെ ബന്ധിച്ചിരുന്നു വെന്നു മർക്കൊസ് (15:7) വിവരിക്കുന്നു. റോമൻ നിയമമനുസരിച്ചും യെഹൂദനിയമമനുസരിച്ചും ശിക്ഷാർഹനാണ് ബർബ്ബാസ്. എന്നാൽ യേശുവിന്റെ മരണത്തിനു നിലവിളിച്ച യെഹൂദന്മാർ ബറബ്ബാസിന്റെ മോചനമാണ് ആവശ്യപ്പെട്ടത്. (മത്താ, 27:20, 22; മർക്കൊ, 15:10-15; ലൂക്കൊ, 23:17,18; യോഹ, 18:39,40). “പീലാത്തോസ് പുരുഷാരത്തിനു തൃപ്തി വരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാൻ എല്പ്പിച്ചു.” (മർക്കൊ, 15:15).

ബർയേശു

ബർയേശു (Barjesus)

പേരിനർത്ഥം – യേശുവിന്റെ മകൻ

കുപ്ര (സൈപ്രസ്) ദ്വീപിലെ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടൊപ്പം ഉണ്ടായിരുന്ന ഒരു കള്ളപ്രവാചകൻ. ഇവൻ ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു. പൗലൊസ് അവനെ ശപിക്കുകയും അവൻ കുരുടനായിത്തീരുകയും ചെയ്തു. (പ്രവൃ, 13:4-12). എന്നാൽ എലീമാസ് എന്ന വിദ്വാൻ – ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം. (പ്രവൃ, 13:8).

ബർയോനാ

ബർയോനാ (Barjona)

പേരിനർത്ഥം – യോനായുടെ മകൻ

അപ്പൊസ്തലനായ പത്രോസിന്റെ കുടുംബനാമം. (മത്താ, 16:17). യേശു പത്രൊസിനെ ബർയോനാ ശിമോനെ എന്നു വിളിച്ചു. എന്നാൽ യോഹന്നാൻ 1:42-ൽ യോഹന്നാന്റെ പുത്രനായ ശിമോൻ എന്നാണ് കാണുന്നത്. “നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.” യോഹന്നാൻ എന്ന പേരിന്റെ സങ്കുചിത രൂപമായിരിക്കണം യോനാ.

ബർശബാ

ബർശബാ (Barsaba)

പേരിനർത്ഥം – ശബാസിന്റെ മകൻ

യൂദാ ഒഴിഞ്ഞുപോയ സ്ഥാനത്തേക്കു ഒരാളെ തിരഞ്ഞെടുക്കുന്നതിനു നിറുത്തിയ സ്ഥാനാർത്ഥികളിൽ ഒരാൾ. (പ്രവൃ, 1:23). ചീട്ടു വീണത് മത്ഥിയാസിനാണ്. ബർശബായുടെ യഥാർത്ഥ നാമം യോസേഫാണ്. യുസ്തൊസ് എന്ന മറുപേരിലും ഇയാൾ അറിയപ്പെട്ടിരുന്നു.

ബർശബാസ്

ബർശബാസ് (Barsabas)

പേരിനർത്ഥം – ശബാസിന്റെ മകൻ

യെരുശലേം സമ്മേളനത്തിന്റെ തീരുമാനം അന്ത്യാക്കാസഭയെ അറിയിക്കുവാൻ തിരഞ്ഞെടുത്തവരിൽ ഒരാളാണ് ബർശബാസ് എന്ന യൂദാ. മറ്റൊരാൾ ശീലാസായിരുന്നു. (പ്രവൃ, 15:22). അയാൾ പൗലൊസിനോടും ബർന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിൽ ചെന്നു അവരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു. യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു.” (പ്രവൃ, 15:32).

ബർസില്ലായി

ബർസില്ലായി (Barzillai)

പേരിനർത്ഥം – ഉരുക്കു മനുഷ്യൻ

രോഗെലീമിൽ പാർത്തിരുന്ന ഒരു ഗിലെയാദ്യൻ. ബർസില്ലായി വൃദ്ധനും സമ്പന്നനുമായിരുന്നു. അബ്ശാലോമിനെ ഭയന്ന് യെരൂശലേം വിട്ടോടിപ്പോയ ദാവീദ് യോർദ്ദാൻ കടന്ന് മഹനയീമിൽ എത്തി. അവിടെവച്ച് ബർസില്ലായിയും കൂട്ടരും ദാവീദിനു ആവശ്യമായ വിഭവങ്ങൾ നല്കി സഹായിച്ചു. (2ശമൂ, 17:27,28). രാജാവു മടങ്ങിവന്നപ്പോൾ ബർസില്ലായി യോർദ്ദാൻ കടവുവരെ രാജാവിനെ പിന്തുടർന്നു. യെരൂശലേമിലേക്കു വരുവാൻ ദാവീദ് ക്ഷണിച്ചെങ്കിലും പ്രായാധിക്യം നിമിത്തം ബർസില്ലായി ക്ഷണം സ്വീകരിച്ചില്ല. (2ശമൂ, 19:31-40). അപ്പോൾ ബർസില്ലായിക്ക് എൺപതു വയസ്സ് പ്രായമുണ്ടായിരുന്നു. രാജാവിന്റെ ദയ ലഭിക്കേണ്ടതിനു ബർസില്ലായി പുത്രനായ കിംഹാമിനെ ശുപാർശ ചെയ്തു. ബർസില്ലായിയുടെ മക്കളോടു കരുണ കാണിക്കണമെന്ന് ദാവീദ് തന്റെ മരണശയ്യയിൽ ശലോമോനോടു ആവശ്യപ്പെട്ടു. (1രാജാ, 2:7).

ബർത്തിമായി

ബർത്തിമായി (Bartimaeus)

പേരിനർത്ഥം – തിമായിയുടെ പുത്രൻ

യെരീഹോ പട്ടണത്തിനു പുറത്തു വഴിയരികിൽ ഇരുന്ന ഒരു കുരുടൻ. (മർക്കൊ, 10:46-52). നസറായനായ യേശു കടന്നു പോകുന്നതറിഞ്ഞ് ‘ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ’ എന്നു നിലവിളിച്ചു. യേശു അവനു അത്ഭുതസൗഖ്യം നല്കി. കാഴ്ച പ്രാപിച്ച അവൻ യേശുവിനെ അനുഗമിച്ചു. യെരുശലേമിലേക്കുളള ഒടുക്കത്തെ യാത്രയിൽ യേശു യെരീഹോ വിടുമ്പോഴാണ് ഈ സംഭവം നടന്നത്. വ്യത്യാസങ്ങളോടെ മറ്റു സമവീക്ഷണ സുവിശേഷങ്ങളിലും ഈ സംഭവം ആഖ്യാനം ചെയ്തിട്ടുണ്ട്. മത്തായി സുവിശേഷത്തിൽ (20:29-34) രണ്ടു കുരുടന്മാരുണ്ട്. യേശു യെരീഹോ പട്ടണത്തിനു സമീപിച്ചപ്പോഴാണ് ഈ അത്ഭുതം ചെയ്തതെന്ന് ലുക്കൊസ് (18:35-43) രേഖപ്പെടുത്തുന്നു. മത്തായിയും മർക്കൊസും പഴയ യെരീഹോവിനെയും ലൂക്കൊസ് പുതിയ യെരീഹോവിനെയും ആയിരിക്കണം പരാമർശിക്കുന്നത്. പഴയ യെരീഹോവിനു തെക്കാണ് പുതിയ യെരീഹോ. മർക്കൊസ് മാത്രമേ കുരുടന്റെ പേർ പറയുന്നുള്ളൂ.

ഫ്ളെഗോൻ

ഫ്ളെഗോൻ (Phlegon)

പേരിനർത്ഥം – ദഹനം

റോമിലെ ഒരു ക്രിസ്ത്യാനി. പൗലൊസ് ഇയാൾക്കും വന്ദനം ചൊല്ലി. “അസുംക്രിതൊസിന്നും പ്ളെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.” (റോമ, 16:14). എഴുപതു ശിഷ്യന്മാരിലൊരാളായിരുന്ന ഫ്ളെഗോൻ മാരത്തോണിലെ ബിഷപ്പായിരുന്നു എന്നു പ്സ്യൂഡോ-ഹിപ്പോലിറ്റസ് (Pseudo-Hippolytus) പറയുന്നുണ്ട്.

ഫൊർത്തുനാതൊസ്

ഫൊർത്തുനാതൊസ് (Fortunatus)

പേരിനർത്ഥം – ഭാഗ്യവാൻ

കൊരിന്ത് സഭയിലെ ഒരംഗം. കൊരിന്തിൽ നിന്നും സ്തെഫനാസ്, ഫൊർത്തുനാതൊസ്, അഖായിക്കൊസ് എന്നിവർ എഫെസൊസിൽ ചെന്നു പൗലൊസിനെ സന്ദർശിച്ചു. അവരുടെ സന്ദർശനം പൗലൊസിനെ സന്തോഷിപ്പിച്ചു. (1കൊരി, 16:17). സ്തെഫനാസിന്റെ ഭവനക്കാരെ പൗലൊസ് സ്നാനപ്പെടുത്തിയതായി പറയുന്നു. (1കൊരി, 1:16). പ്രസ്തുത കുടുംബത്തിൽ ഉൾപ്പെട്ടവരായിരുന്നിരിക്കണം ഫൊർത്തുനാതൊസും അഖായിക്കൊസും. കൊരിന്ത്യർക്കു ക്ലെമന്റെഴുതിയ ഒന്നാം ലേഖനത്തിന്റെ ഒടുവിലുള്ള ഫൊർത്തുനാതൊസും ഇയാളും ഒരാളായിക്കൂടെന്നില്ല.