Category Archives: Uncategorized

മാർത്ത

മാർത്ത (Martha)

പേരിനർത്ഥം — മാന്യവനിത

യേശുവിന്റെ സ്നേഹിതനായ ലാസറിൻ്റെയും, യേശുവിനെ തൈലം പൂശിയ മറിയയുടെയും സഹോദരി. (ലൂക്കോ, 10:38-42, യോഹ, 11:1-39, 12:1-8). ഒരു ആരാമ്യ ധാതുവിൽനിന്ന് നിഷ്പന്നമായ നാമമാണ് മാർത്ത. ലാസറും സഹോദരിമാരും, ഇവർ മൂന്നുപേരും ഒരു വീട്ടിലാണ് പാർത്തിരുന്നത്. മാർത്ത ആയിരിക്കണം ഗൃഹനാഥ രണ്ടു സഹോദരികളും അവിവാഹിതകൾ ആയിരുന്നവെന്ന് കരുതപ്പെടുന്നു. ഈ കുടുംബവുമായി യേശുവിനു ഹൃദ്യമായ ബന്ധം ഉണ്ടായിരുന്നു. യേശു മാർത്തയുടെ വീട്ടിൽ വന്നപ്പോൾ യേശുവിനെയും ശിഷ്യന്മാരെയും സൽക്കരിക്കുന്ന തിരക്കിലായിരുന്നു മാർത്ത. മറിയ യേശുവിന്റെ കാല്ക്കൽ ഇരുന്നു വചനം കേൾക്കുകയായിരുന്നു. മറിയയുടെ ഉദാസീനതയിൽ പ്രകോപിതയായ മാർത്ത യേശുവിനോടു പരാതിപ്പെട്ടു. “കർത്താവേ, എൻ്റെ സഹോദരി ശുശ്രൂഷയ്ക്ക് എന്നെ തനിച്ചു വിട്ടിരിക്കുന്നിതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിക്കാൻ അവളോടു കൽപ്പിച്ചാലും” (ലൂക്കൊ, 10:40) എന്നു പറഞ്ഞു. ‘മറിയ നല്ല അംശം തിരഞ്ഞെടുത്തു’ എന്നു യേശു മറിയയെ ശ്ലാഘിക്കുകയാണു ചെയ്തത്. ലാസർ ദീനമായി കിടന്നപ്പോൾ വിവരം യേശുവിനെ അറിയിച്ചു. യേശു ബേഥാന്യയിൽ എത്തിയപ്പോൾ ലാസർ മരിച്ചു നാലുദിവസം കഴിഞ്ഞിരുന്നു. യേശു വരുന്നു എന്നു കേട്ടപ്പോൾ മാർത്ത ചെന്നു അവനെ എതിരേറ്റു. യേശു അവിടെ ഉണ്ടായിരുന്നു എങ്കിൽ ലാസർ മരിക്കയില്ലായിരുന്നുവെന്നു അവൾ പറഞ്ഞു. ലാസറിനെ യേശു ഉയിർപ്പിക്കുമെന്നു മാർത്തയ്ക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ലാസറിന്റെ വീട്ടിൽ വച്ചു നടന്ന വിരുന്നിൽ ‘മാർത്ത ശുശ്രൂഷ ചെയ്തു’ എന്ന പ്രസ്താവനയോടെ അവളുടെ ചരിത്രം പൂർണ്ണമാവുന്നു. (യോഹ, 12:2).

ആകെ സൂചനകൾ (12) — ലൂക്കോ, 10:38, 10:40, 10:41, യോഹ, 11:1, 11:5, 11:19, 11:20, 11:21, 11:24, 11:30, 11:39, 12:2.

പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം

പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം

കൃപായുഗത്തിൽ പരിശുദ്ധാത്മാവിന്റെ പ്രധാന പ്രവർത്തനമണ്ഡലം രക്ഷയുടേതാണ്. ഒരു വ്യക്തിയിൽ മാനസാന്തരത്തിനായി പാപബോധം ഉളവാക്കുന്നതു മുതൽ വിശ്വാസിയെ സ്വർഗ്ഗത്തിൽ എത്തിക്കുന്നതുവരെയുള്ള പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം പരിശുദ്ധാത്മാവിനാണ്. പരിശുദ്ധാത്മാവാണ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും വ്യക്തികൾക്ക് ബോധം വരുത്തുന്നത്. (യോഹ, 16:8-11,13). യേശുക്രിസ്തുവിന്റെ മരണപുനരുദ്ധാന സ്വർഗ്ഗാരോഹണങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവ്. (യോഹ 7:37-39, പ്രവൃ, 1:4). തന്മൂലം, വ്യക്തികളോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തികച്ചും യുക്തമാണ്. ഒന്നാമതായി; പരിശുദ്ധാത്മാവ് വ്യക്തിയുടെ പാപാവസ്ഥ ബോധ്യപ്പെടുത്തുന്നു. രണ്ടാമതായി; ആ പാപത്തിൽനിന്ന് അവനെ രക്ഷിക്കുവാൻ കഴിയുന്ന രക്ഷകന്റെ തെളിവു നൽകുന്നു. മൂന്നാമതായി; രക്ഷകനെ സ്വീകരിച്ചില്ലെങ്കിൽ അഭിമുഖീകരിക്കേണ്ട ശിക്ഷാവിധിയെക്കുറിച്ച് അവനെ ബോധവാനാക്കുന്നു. (യോഹ, 16:8). തുടർന്നു ഈ രക്ഷകനെ വിശ്വസിക്കുവാൻ കൃപ നല്കുകയും ( എഫെ, 2;8), വീണ്ടുംജനനം നല്കി (യോഹ, 3:5,6), എന്നേക്കും കൂടെയിരുന്നുകൊണ്ട് (യോഹ, 14:16), ദൈവസഭയോടു ചേർത്തു പണിതുകൊണ്ടും (എഫെ, 2:21-22), ബലഹീനതയിൽ തുണ നിന്നുകൊണ്ടും (റോമ, 8:26), സകലവും ഉപദേശിച്ചുകൊണ്ടും (യോഹ, 14:26), പക്ഷവാദം ചെയ്തുകൊണ്ടും (റോമ, 8:27), ശുദ്ധീകരണവും, നീതീകരണവും നല്കിക്കൊണ്ടും (1കൊരി, 6:11), പ്രത്യാശയെ വർദ്ധിപ്പിച്ചുകൊണ്ടും (റോമ, 15:13), കൃപാവരങ്ങൾ നല്കിക്കൊണ്ടും (1കൊരി, 12:11), ആത്മീകഫലം പുറപ്പെടുവിക്കുവാൻ സഹായിച്ചുകൊണ്ടും (ഗലാ, 5:22-23), സത്യത്തിൽ വഴിനടത്തിയും (യോഹ, 16:13), അധർമ്മത്തിന്റെ മർമ്മത്തെ തടുത്തുകൊണ്ടും (2തെസ്സ, 2:7), മർത്യശരീരത്തെ ഉയിർപ്പിച്ചുകൊണ്ടോ (റോമ, 8:11), രൂപാന്തരം വരുത്തിക്കൊണ്ടോ (2കൊരി, 3:18) ഉൽപ്രാപണംവരെ വിശ്വാസിയുടെ ഉള്ളിൽ വസിക്കും. 

രക്ഷയോടുള്ള ബന്ധത്തിൽ വ്യക്തിയിൽ ഉള്ളിൽ സംഭവിക്കുന്ന ദൈവപ്രവൃത്തികൾ അഥവാ ആത്മാവിന്റെ പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്. 

1. ആത്മസ്നാനം: “യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.” (1കൊരി, 12:13). മാനസാന്തര സമയത്താണ് ആത്മസ്നാനം നടക്കുന്നത്. അഥവാ, ആത്മസ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. അല്ലാതെ, വീണ്ടുംജനിച്ചശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നല്ല ആത്മസ്നാനം. ആത്മസ്നാനം ദൃശ്യമായ ഒരു പ്രക്രിയയല്ലെന്ന് യേശുക്രിസ്തു വ്യക്തമാക്കിയിട്ടുമുണ്ട്. (യോഹ, 3:8). തന്മൂലം, പ്രത്യക്ഷമായ അടയാളങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. മാത്രമല്ല, ആത്മസ്നാനത്താലാണ് ഒരുവൻ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നത്. (1കൊരി, 12:13). ശരീരം മുമ്പേയുള്ളതുകൊണ്ടാണല്ലോ അവയവത്തിന് ശരീരത്തോട് ചേരാൻ കഴിയുന്നത്. തന്മൂലം, ആത്മസ്നാനമെന്ന ആത്മീയ ചരിത്രപ്രക്രിയ ക്രിസ്തുവിന്റെ സഭയുടെ (ശരീരം) ജനനമായിരുന്നു എന്നു മനസ്സിലാക്കാം. മറ്റൊരർത്ഥത്തിൽ, “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്താ, 16:18) എന്ന യേശുക്രിസ്തുവിന്റെ അവകാശ പ്രഖ്യാപനത്തിന്റെ നിവൃത്തിയാണ് പെന്തെക്കൊസ്തിലെ ആത്മസ്താനം. “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. (പ്രവൃ, 1:8; ലൂക്കൊ, 24:47). യെരുശലേമിൽ തന്നെ സഭ ജനിക്കണമെന്നത് ദൈവേഷ്ടമായിരുന്നു. പ്രവൃത്തികളൾ രണ്ടാമദ്ധ്യായത്തിൽ ക്രൈസ്തവസഭ ജനിക്കുന്നു. എട്ടാമദ്ധ്യായത്തിൽ ശമര്യരും, പത്താമദ്ധ്യായത്തിൽ ജാതികളും ക്രൈസ്തവസഭയിൽ അംഗങ്ങളാകുന്നു. ആത്മസ്നാനദാതാവ് പരിശുദ്ധാത്മാവല്ല; ക്രിസ്തുവാണ്. “അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്ഥാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). രക്ഷാകര പ്രവർത്തനത്തോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവിന്റെ പ്രവൃത്തികളെല്ലാം ചരിത്രത്തിൽ ഒരിക്കലായി നിറവേറിയതാണ്. ക്രിസ്തുവിന്റെ കന്യകാജനനം, നിമജ്ജനസ്നാനം, പരസ്യശുശ്രൂഷ, കഷ്ടാനുഭവം, ക്രൂശുമരണം, അടക്കം ഉയിർത്തെഴുന്നേല്പ്, സ്വർഗ്ഗാരോഹണം, ഇവയൊന്നും വീണ്ടും ആവർത്തിക്കപ്പെടാവുന്നവയല്ല. അതുപോലെ യേശുക്രിസ്തു നിവർത്തിച്ച ആത്മസ്നാനവും ചരിത്രത്തിൽ ഒരിക്കലായി നിറവേറിയതാണ്. എബ്രായ ലേഖനകർത്താവ് വ്യക്തമാക്കുന്നു “ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:14). (രക്ഷിക്കപ്പെടുന്ന ഓരോരുത്തർക്കും വേണ്ടി ക്രിസ്തു വീണ്ടും വീണ്ടും മരിക്കേണ്ട ആവശ്യമില്ല. സദാകാലത്തേക്കും: ഭൂതം, വർത്തമാനം, ഭാവി) ഏകയാഗം ധാരാളമാണ്. അതുപോലെ പരിശുദ്ധാത്മസ്നാനവും ഏകമാണ്. (ആത്മസ്താനത്തെക്കുറിച്ചു കൂടുതലറിയാൻ ‘ആത്മസ്നാനം ഒരു വിഹഗവീക്ഷണം’ എന്ന പുസ്തകം കാണുക). 

2. ആത്മദാനം: “നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.” (ഗലാ, 4:6). ആത്മദാനത്താലാണ് ഒരുവൻ രക്ഷ കരഗതമാക്കുന്നത്. രക്ഷിക്കപ്പെടുന്ന സമയത്തുതന്നെ ദൈവം പരിശുദ്ധാത്മാവിനെ ദാനമായി നൽകുന്നു. (പ്രവൃ, 2:38; 8:20; 10:46; 11:17). “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (റോമ, 8:23). ഇവിടെത്തെ ‘പുത്രത്വം’ രക്ഷാപൂർത്തിയാണ്. ആത്മാവെന്ന ആദ്യദാനം ലഭിക്കാത്തവർക്ക് അഥവാ, ആത്മാവിനാൽ വീണ്ടുംജനനം നടക്കാത്തവർക്ക് രക്ഷാപൂർത്തിയും ഉണ്ടാകില്ല. ദൈവത്തിന്റെ ഈ ദാനത്തിനായി വ്യക്തികളുടെ പണമോ, പ്രവൃത്തിയോ, വിശുദ്ധിയോ സ്വീകാര്യമല്ല; ദൈവപുത്രനിലുള്ള വിശ്വാസം മാത്രംമതി. അതിനൊരു തെളിവാണ് ശമര്യയിലെ സംഭവം. (പ്രവൃ, 8 : 18-21). ന്യായപ്രമാണത്തിന്റെ ദാസ്യത്തിൽനിന്ന് വിടുവിക്കപ്പെട്ട് ദൈവപുത്രത്വം പ്രാപിച്ചതും (ഗലാ, 4:5), നീതീകരണവും വിശുദ്ധീകരണവും പ്രാപിച്ചതും ആത്മദാനത്താലാണ്. (1കൊരി, 6:11). 

3. ആത്മാധിവാസം: “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (യോഹ, 14:16). “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (കൊരി, 3:16). “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). “ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചു കൊൾക.” (2തിമൊ, 1:14). ഇവിടെപ്പറയുന്ന ഉപനിധി അഥവാ, നിക്ഷേപം രക്ഷയാണ്. നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിനാൽ ആ രക്ഷയിൽ നാം വിശ്വസ്തരായിരിക്കണം. “ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടി വന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.” (1പത്രൊ, 4:14).. രക്ഷാനുഭവം ലഭിക്കുന്ന സമയം മുതൽ വിശ്വാസിയിൽ വാസം ചെയ്യുന്ന പരിശുദ്ധാത്മാവ് വീണ്ടെടുപ്പിൻ നാൾവരെ വിട്ടുപോകാതെ വ്യക്തിയിൽ വസിക്കുന്നു. (എഫെ, 4:30). 

4. ആത്മാഭിഷേകം: “ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.” (2കൊരി, 1:21). അഭിഷേകം എന്ന പ്രയോഗം പുതിയ നിയമത്തിൽ എട്ടു വാക്യങ്ങളിലായി ഒൻപത് പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. അവയിൽ അഞ്ചു വാക്യങ്ങളും ക്രിസ്തുവിനെ പരാമർശിച്ചുള്ളതാണ്. ദൈവം തന്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്ന ഏകവ്യക്തി കർത്താവായ യേശുക്രിസ്തു മാത്രമാണ്. (ലൂക്കൊ, 4:18; പ്രവൃ, 4:26; 27; 10:38, എബ്രാ, 1:9). ക്രിസ്തുവാണ് സഭയുടെ നാഥൻ അഥവാ, ശിരസ്സ്. അഭിഷേകതൈലം ശിരസ്സിലാണ് ഒഴിക്കുന്നത്. (പുറ, 29:7; ലേവ്യ, 8:12; 21:10; 1ശമൂ, 10:1; സങ്കീ, 23:5; 133:2). പുതിയനിയമത്തിൽ സഭയുടെ അഭിഷേകത്തെക്കുറിച്ച് പറയുന്നത് നാല് പ്രാവശ്യമാണ്: ‘നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ’ (2കൊരി, 1:20), ‘അഭിഷേകം പ്രപിച്ചു സകലവും അറിയുന്നു’ (1യോഹ, 2:20), ‘അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു’ (1യോഹ, 2:27), ‘അവന്റെ അഭിഷേകം നിങ്ങൾക്ക് സകലവും ഉപദേശിച്ചുതരും’ (1യോഹ,  2:27). ഇവിടെ അഭിഷേകം പ്രാപിച്ചു, അറിയുന്നു, വസിക്കുന്നു, ഉപദേശിച്ചുതരും എന്നിങ്ങനെ ഭൂതകാലത്തിലാണ് പറഞ്ഞുരിക്കുന്നത്. തന്മൂലം ദൈവത്തിന്റെ അഭിഷേകം സിദ്ധമായി എന്നും, അതിനുവേണ്ടി ആരുമിനി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാണ്. ക്രിസ്തുവിന്റെ സഭയായ ശരീരത്തോട് ചേർന്നിരിക്കുന്ന അവയവങ്ങൾക്കെല്ലാം ക്രിസ്തുവിലുള്ള അതേ അഭിഷേകമുണ്ട്. തന്മൂലം, തലയായ ക്രിസ്തുവിനെ അഭിഷേകം ചെയ്തിട്ട് അവന്റെ ശരീരത്തിലെ അവയവങ്ങളെ (വിശ്വാസികളെ) പ്രത്യേകംപ്രത്യേകം അഭിഷേകം ചെയ്യേണ്ട ആവശ്യമില്ലെന്നർത്ഥം. “ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.” (2കൊരി, 1:21). ഇവിടെ ‘ഉറപ്പിക്കുക’ എന്നു വർത്തമാന കാലത്തിൽ പറഞ്ഞിരിക്കുന്നത് പ്രസ്തത അനുഭവത്തിന്റെ തുടർച്ചയെ കാണിക്കുന്നു. എന്നാൽ ‘അഭിഷ കം ചെയ്തു’ എന്നു ഭൂതകാലത്തിൽ പറഞ്ഞിട്ടുള്ളത് പ്രസ്തുത കർമ്മം സിദ്ധമായി എന്നും ഇനി അത് ആവർത്തിക്കപ്പെടുന്നില്ലെന്നും വ്യക്തമാക്കുന്നു. 1യോഹന്നാൻ 2:20-ലും, 27-ലും അഭിഷേകം പ്രാപിച്ചുകഴിഞ്ഞു എന്നാണ് പറഞ്ഞിരിക്കുന്നത്. ആത്മാഭിഷേകത്തിലൂടെയാണ് പ്രവാചകശുശ്രൂഷയും (1പത്രൊ,2:9), പൗരോഹിത്യശുശ്രൂഷയും (1പത്രൊ, 2:5, 9), രാജത്വവും വിശ്വാസികൾക്ക് ലഭ്യമാകുന്നത്. യോഹന്നാൻ പറയുന്നു: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു?” (1യോഹ, 2:22). “ക്രിസ്തു’ എന്ന യവന പദത്തിനും ‘മശീഹ’ എന്ന എബ്രായ പദത്തിനും ‘അഭിഷിക്തൻ’ എന്നാണർത്ഥം. ഇപ്പോൾ ഒരുകാര്യം വ്യക്തമായില്ലേ? യേശുക്രിസ്തുവെന്ന അഭിഷിക്തൻ ഉള്ളിൽ വസിക്കുന്ന ദൈവമക്കളാരും വേറൊരു അഭിഷേകത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. അല്ലാതുള്ളവർ ക്രിസ്തുവിനെ നിഷേധിക്കുന്നവനും കള്ളനുമാണ്. 

5. ആത്മമുദ്ര: “അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:22). വ്യക്തിക്ക് ക്രിസ്തുവിലൂടെ ലഭിച്ചിരിക്കുന്ന രക്ഷയുടെ ഭദ്രതയെ ഉറപ്പിക്കുന്നതാണ് ആത്മമുദ്ര. വ്യക്തി ക്രിസ്തുവിൽ വിശ്വസിക്കുന്ന സമയത്താണ് പരിശുദ്ധാത്മമുദ്ര ലഭിക്കുന്നത്. (എഫെ, 1:13,14). വീണ്ടെടുപ്പുനാളിലേക്കാണ് ഈ മുദ്രയിടുന്നത്. (എഫെ, 4:30). ഇവിടെ വീണ്ടെടുപ്പ് ശരീരത്തിന്റെ തേജസ്കരണത്തെ കുറിക്കുന്നു. (റോമ, 8:33). *റോമാ സാമ്രാജ്യത്തിൽ യഥേഷ്ടം വിഹരിച്ചിരുന്ന ഒരു മാനിനെപ്പറ്റി സ്പർജന്റെ സങ്കീർത്തന വ്യാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്. ആ മാൻ കൊട്ടാരത്തിലും അന്തപ്പുരത്തിലും രാജവീഥികളിലും മറ്റെവിടെയും യഥേഷ്ടം സഞ്ചരിച്ചിരുന്നു. അതിനെ ആരും അപഹരിക്കുകയോ അപായപ്പെടുത്തുകയോ ചെയ്തില്ല. കാരണം, ‘ഞാൻ സീസറിന്റെ വകയാണു’ എന്നൊരു ലേബൽ ആ മാനിന്റെ കഴുത്തിൽ തൂങ്ങിയിരുന്നു.* അങ്ങനെയെങ്കിൽ, സ്വർഗ്ഗീയ ദൈവത്തിന്റെ പരിശുദ്ധാത്മ മുദ്രയുള്ള വിശ്വാസിയെ അപഹരിക്കുവാൻ ആർക്കു കഴിയും? 

6. ആത്മാച്ചാരം: “അവൻ നമ്മ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:22; 5:5; എഫൈ, 1:14). വരുവാനുള്ള ലോകത്തിന്റെ മുൻരുചിയും (എബ്രാ, 6:19), ഭാവിയിൽ ലഭിപ്പാനുള്ള അവ കാശമെന്ന പൂർണ്ണരക്ഷയുടെ ഉറപ്പുമാണ് ആത്മാച്ചാരം. വ്യാപാര സംബന്ധമായ ഒരു പദമാണ് അച്ചാരം. അതായത്, ഒരു കച്ചവടമുറപ്പിക്കുമ്പോൾ മുൻകൂറായി നൽകുന്ന തുകയ്ക്കാണ് അച്ചാരം (ടോക്കൻ) എന്നു പറയുന്നത്. ഭൂമിയിലെ ഏതൊരു കച്ചവടത്തിലും അച്ചാരമുപേക്ഷിച്ച് കക്ഷിക്ക് പിൻമാറാവുന്നതാണ്. പക്ഷെ, സ്വർഗ്ഗീയ ദൈവത്തിന് വിശ്വാസിയുടെ ഉള്ളിൽ നൽകിയിരിക്കുന്ന പരിശുദ്ധാത്മാവെന്ന അച്ചാരത്തെ ഏതൊരു കാരണം ചൊല്ലിയും ഉപേക്ഷിക്കുവാൻ സാധ്യമല്ല. തന്മൂലം, ഏതുവിധേനയും വീണ്ടും ജനിച്ചവർ രക്ഷപ്രാപിക്കുകതന്നെ ചെയ്യും. മേൽവിവരിച്ച പരിശുദ്ധാത്മാവിലൂടെയുള്ള ആറ് അനുഗ്രഹങ്ങളും പിതാവും പുത്രനും പരിശുദ്ധാത്മാവുമാം ഏകദിവത്തിൻ്റെ ദൈവത്തിൻ്റെ കൃപയാൽ സൗജന്യമായി വ്യക്തികൾക്ക് ലഭിക്കുന്നതാണ്. ഇതിനാണ് രക്ഷ കൃപയാലാണെന്ന് പറയുന്നത്. അതുകൊണ്ട് ഇത് വിലയില്ലാത്തതാണെന്ന് ധരിക്കരുത്. ഇതിന്റെ വില മുഴുവൻ പൊന്നുതമ്പുരാൻ കാൽവരിയിൽ കൊടുത്തു തീർത്തതാണ്. ഇതിൽ ഏതെങ്കിലുമൊന്ന് താൻ കാത്തിരുന്നിട്ടോ, പ്രാർത്ഥിച്ചിട്ടോ , ഉപവസിച്ചിട്ടോ, വിലമുടക്കിയോ, യഗ്നിച്ചോ സമ്പാദിച്ചതാണെന്നു വന്നാൽ രക്ഷയ്ക്ക് കൃപ മാത്രം പോര; പ്രവൃത്തിയും ആവശ്യമാണെന്നുവരും. “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6). വേറൊരർത്ഥത്തിൽ പറഞ്ഞാൽ, യേശുവിന്റെ രക്ഷണ്യവേല അപൂർണ്ണമാണെന്നുവരും. ആത്മസ്നാനം, ആത്മദാനം, ആത്മാധിവാസം, ആത്മാഭിഷേകം, ആത്മമുദ്ര, ആത്മാച്ചാരം ഇവയൊക്കെ വ്യത്യസ്ഥ വിഷയങ്ങളായി ദൈവവചനം പഠിപ്പിക്കുന്നു എങ്കിലും, ഇവയൊക്കെയും പരസ്പര പൂരകങ്ങളാണ്. വിശ്വാസിയിൽ ഇവയെ തമ്മിൽ വേർതിരിക്കുവാനോ, വേർപിരിക്കുവാനോ കഴിയില്ല. അഥവാ, പ്രത്യേകംപ്രത്യേകം വ്യത്യസ്ഥ സമയങ്ങളിൽ ലഭിക്കുന്നതല്ലിത്; വീണ്ടും ജനിക്കുമ്പോൾ തന്നെ ഒരിക്കലായി ലഭിക്കുന്നതാണ്. 

7. ആത്മനിറവ്: “ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും”‘ (എഫെ, 5:18,19). ആത്മനിറവ് ആവർത്തന സ്വഭാവമുള്ളതാണ്. പെന്തക്കൊസ്തിലെ ആത്മസ്നാനാനന്തരം ആത്മനിറവ് പ്രാപിച്ച അപ്പൊസ്തലന്മാർ (2:4), നാലാം അദ്ധ്യായത്തിൽ വീണ്ടും ആത്മാവിൽ നിറയുന്നുണ്ട്. (4:31). കൂടാതെ ആത്മാവു നിറഞ്ഞ അനവധി സംഭവങ്ങൾ ദൈവവചനത്തിലുണ്ട്. (പ്രവൃ, 6:3, 5, 8; 7:55; 11:24; 13:19; 52). തന്മൂലം, ആത്മനിറവ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലാക്കാം. സുവിശേഷ ഘോഷണത്തിന് തടസ്സം നേരിടുമ്പോഴും (പ്രവൃ, 4:31), ശുശ്രൂഷയ്ക്ക് വിഘ്നം വരുമ്പോഴും (പ്രവൃ, 13:9), ജീവിതത്തിൽ പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും ആത്മനിറവ് അനിവാര്യമാണ്. വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടും വീണ്ടും ആത്മാവിൽ നിറയേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. വിജയകരമായ ക്രിസ്തീയ ജീവിതത്തിന് ആത്മനിറവ് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. ഇതിനാണ് വിശ്വാസി വാഞ്ഛിക്കേണ്ടതും വില മുടക്കേണ്ടതും. തന്മൂലം, എല്ലാവരും ആത്മാവിൽ നിറയപ്പെടണമെന്ന ഉപദേശം ദൈവവചനത്തിന് എതിരല്ല. ചിലരാകട്ടെ രക്ഷണ്യവേലയിൽ പരിശുദ്ധാത്മാവിന്റെ പ്രവൃത്തികളെ അഥവാ, കൃപയാലുള്ള ദാനത്തെ (ആത്മസ്നാനം, ആത്മദാനം, ആത്മാധിവാസം, ആത്മാഭിഷേകം, ആത്മമുദ്ര, ആത്മാച്ചാരം) വിലകൊടുത്ത് മേടിക്കണമെന്ന് പഠിപ്പിക്കുന്നു; അഥവാ, സ്വപ്രയഗ്നത്താൽ പ്രാപിക്കേണ്ടതാണെന്ന് വിചാരിക്കുന്നു. മറ്റു ചിലർ ഇത് ദൈവദാനമാണെന്ന് അറിയുന്നുവെങ്കിലും; പരിശുദ്ധാത്മാവിലും ദൈവവചനത്തിലും ആശ്രയിച്ചു കൊണ്ട് വിശ്വാസി ആർജ്ജിച്ചെടുക്കേണ്ട ആത്മനിറവിനെക്കുറിച്ച് മിണ്ടുന്നുപോലുമില്ല. ഫലത്തിൽ രണ്ടും വിശ്വാസികൾക്ക് ദോഷമായി ഭവിക്കുന്നു. ആത്മനിറവ് കൂടാതെ ഫലപ്രദമായാരു ക്രിസ്തീയജീവിതം നയിക്കാൻ ആർക്കും കഴിയില്ല. ദൈവവചനവുമായി ഒത്തുനോക്കി ബോധ്യപ്പെട്ടാൽ മാത്രം വിശ്വസിക്കുക.

പരിച്ഛേദന

പരിച്ഛേദന (circumcision)

പുരുഷലിംഗത്തിന്റെ അറ്റത്തുള്ള തൊലി മുറിച്ചുകളയുന്നതാണു പരിഛേദനം. മൂർച്ചയുള്ള കത്തിയാണ് പരിച്ഛേദനത്തിനു ഉപയോഗിച്ചിരുന്നത്. മൂർച്ചയുള്ള കല്ലുകളും കത്തിക്കു പകരം ഉപയോഗിച്ചിരുന്നു. (പുറ, 4:25; യോശു, 5:2). പിതാവാണ് പരിച്ഛേദനം ചെയ്തു വന്നതെങ്കിലും ചില സന്ദർഭങ്ങളിൽ സ്ത്രീകളും തങ്ങളുടെ പുരുഷപ്രജയെ പരിച്ഛേദനം ചെയ്തിട്ടുണ്ട്. (പുറ, 4:25). യെഹൂദേതരനെകൊണ്ടു പരിച്ഛേദനം ചെയ്യിച്ചിരുന്നില്ല. അനന്തരകാലത്ത് പ്രായമായവരെ പരിച്ഛേദനം ചെയ്തത് വൈദ്യൻമാരായിരുന്നു. പ്രത്യേകം നിയമിക്കപ്പെട്ട ‘മൊഹെൽ’ എന്ന വ്യക്തിയാണ് ഇക്കാലത്തു് പരിച്ഛേദനം ചെയ്യുന്നത്. പുതിയനിയമകാലത്ത് പരിച്ഛേദനവും നാമകരണവും ഒരുമിച്ചായിരുന്നു.

അബ്രാഹാമിനോടു ഉടമ്പടി ചെയ്തപ്പോൾ പ്രസ്തുത ഉടമ്പടിയുടെ അടയാളമായി എല്ലാ പുരുഷൻമാരും പരിച്ഛേദനം ചെയ്യണമെന്ന് ദൈവം കൽപിച്ചു. അബ്രാഹാമിന്റെ സന്തതിമാത്രമല്ല, വീട്ടിൽ ജനിച്ചവരും വിലയ്ക്കുവാങ്ങിയവരും ആയ ദാസൻമാരും എട്ടാം നാളിൽ പരിച്ഛേദനം സ്വീകരിക്കേണ്ടതാണ്. പരിച്ഛേദനം ഏല്ക്കാത്തവനെ ദൈവത്തോടുള്ള നിയമം ലംഘിച്ചിരിക്കുകയാൽ ജനത്തിൽനിന്നു ചേദിച്ചുകളയേണ്ടതാണ്. (ഉല്പ, 17:10-14). മോശെ ഇതിനെ ഒരു നിയമമാക്കിമാറ്റി. (ലേവ്യ, 12:3; യോഹ, 7:22,23). യിസ്രായേല്യർക്കും അടിമകൾക്കും യിസ്രായേൽ പൗരത്വം ആഗ്രഹിക്കുന്ന വിദേശികൾക്കും ഈ നിയമം ബാധകമാണ്. പെസഹ ആചരിക്കുന്നവരെല്ലാം പരിച്ഛേദനത്തിന് വിധേയരായിരിക്കണം. (പുറ, 12:48). മരുഭൂമി പ്രയാണത്തിൽ യിസ്രായേല്യർ ഈ കർമ്മം അനുഷ്ഠിച്ചില്ല. അനുസരണക്കേടിനുള്ള ദൈവികശിക്ഷയുടെ ഫലമായി അവർ അലഞ്ഞു തിരിയുകയായിരുന്നു. താത്ക്കാലികമായി ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട അവർ നിയമത്തിന്റെ അടയാളമായ പരിച്ഛേദനം സ്വീകരിക്കുവാൻ പാടില്ലായിരുന്നു. ന്യായപ്രമാണം വിശ്വസ്തതയോടെ പാലിക്കുമെങ്കിൽ മാത്രമേ ദൈവത്തിന്റെ സഹായം ലഭിക്കുകയുള്ളൂ. അതിനാൽ കനാനിൽ പ്രവേശിക്കുമ്പോൾ മരുഭൂമിയിൽ വച്ചു ജനിച്ച തലമുറയെ മുഴുവൻ പരിച്ഛേദനം ചെയ്യേണ്ടത് യോശുവയുടെ കർത്തവ്യമായിരുന്നു. മരുഭൂമി പ്രയാണത്തിൽ ജനിച്ച എല്ലാ ആൺകുട്ടികളെയും യോർദ്ദാൻ കടന്നയുടൻ ഗില്ഗാലിലോ, ഗില്ഗാലിനടുത്തുവച്ചോ യോശുവ പരിച്ഛേദനം ചെയ്തു. (യോശു, 5:2). അനന്തരം പരിച്ഛേദനം യിസായേല്യർക്ക് അഭിമാനത്തിന്റെ ചിഹ്നമായിമാറി. അഗ്രചർമ്മികളെ അവർ വെറുപ്പോടെ വീക്ഷിച്ചു. (ന്യായാ, 14:3; 15:18; 1ശമൂ, 14:6; യെശ, 52:). അവരുമായുള്ള വിവാഹബന്ധം നിഷിദ്ധമായി കരുതി. (ന്യായാ, 14:3). യഥാസ്ഥാനപ്പെട്ടു കഴിയുമ്പോൾ വിശുദ്ധനഗരമായ യെരൂശലേമിൽ അഗ്രചർമ്മിയും അശുദ്ധനും കടന്നുവരില്ലെന്ന് യെശയ്യാവ് പ്രവചിച്ചു. (52:1).

ഏദോമ്യരും, മോവാബ്യരും, അമ്മോന്യരും, മിസ്രയീമ്യരും അഗ്രചർമ്മം ചേദിച്ചിരുന്നു. മിസ്രയീമിലാകട്ടെ പുരോഹിതൻമാരും വിശുദ്ധമർമ്മങ്ങൾ അഭ്യസിക്കുന്നവരും മാത്രമേ അഗ്രചർമ്മം ചേദിച്ചിരുന്നുള്ളൂ. എത്യോപ്യർ, കോംഗോയിലെ നീഗ്രോകൾ, ആഫിക്കയുടെ ഉൾഭാഗത്തുള്ള ആദിവാസികൾ, ഫ്യുജി ദ്വീപുവാസികൾ തുടങ്ങിയവർ ഇതു് ആചരിക്കുന്നുണ്ട്.

പ്രാധാന്യം: പരിച്ഛേദനം ലിംഗാരാധനയിൽ നിന്നാണ് ഉടലെടുത്തതെന്ന് കരുതപ്പെടുന്നു. അതു ശരിയാണെങ്കിൽ യിസ്രായേല്യരുടെ പരിച്ഛേദനവുമായി അതിനൊരു ബന്ധവുമില്ല. യഹോവ തന്റെ ജനമായ യിസ്രായേൽ മക്കളോടു ചെയ്ത നിയമത്തിന്റെ അടയാളമാണ് പരിച്ഛേദനം. ആരോഗ്യസംബന്ധമായ ചില ഗുണങ്ങൾ കൊണ്ടാണ് (ശരീരത്തിന്റെ ശുദ്ധിക്കും ആരോഗ്യത്തിനും പ്രത്യുൽപാദന വീര്യവർദ്ധനവിനും) പരിച്ഛേദനം ചെയ്യുന്നതെന്ന് വാദിക്കുന്നവരുണ്ട്. ഈ വിശദീകരണവും സ്വീകാര്യമല്ല; അഗ്രചർമ്മം ഛേദിക്കാത്തവരിലും ആരോഗ്യവും പ്രത്യുൽപാദനക്ഷമതയും കുറഞ്ഞു കാണുന്നില്ല. അതിനു യാഗമായി ബന്ധമില്ല. ശരീരം പൂർണ്ണമായും സമർപ്പിക്കുന്നതിനു പകരം ഒരവയവം സമർപ്പിക്കുന്നു എന്ന ധാരണയാണ് അതിനു പിന്നിലുള്ളത്. ഈശ്വര മഹത്വത്തിനുവേണ്ടി സ്വയം ഷണ്ഡനായിത്തീരുക എന്ന ആചാരം ലുപ്തമായി അഗ്രചർമ്മത്തിൽ എത്തിയതാകാം എന്ന അഭിപ്രായവും ഉണ്ട്. ലൈംഗിക ജീവിതത്തിൽ അമിതശക്തിയോടാണ് പാപത്തിന്റെ ദുഷീകരണം വെളിപ്പെടുന്നത്. ജീവൻ പുനരുൽപാദിപ്പിക്കുന്ന അവയവത്തിന്റെ ശുദ്ധീകരണത്തിലൂടെ ജീവന്റെ വിശുദ്ധീകരണത്തെ പ്രതീകവൽകരിക്കുകയാണിത്. തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ആത്മീയവിശുദ്ധിയാണ് ദൈവം ആവശ്യപ്പെടുന്നത്. പ്രസ്തുത ആത്മീയവിശുദ്ധിയുടെ അടയാളമാണ് പരിച്ഛേദനം. പരിച്ഛേദനം ചെയ്യപ്പെടുന്ന വ്യക്തി ഉടമ്പടിയിലെ എല്ലാ അവകാശങ്ങൾക്കും ഉടമയായിതീരുന്നു.

എട്ടാം ദിവസം പരിച്ഛേദനം കഴിക്കുന്നതിന് സംഖ്യാപരമായ പ്രതീകാത്മകത്വമുണ്ട്. ഏഴുദിവസം കൊണ്ടു് ഒരാഴ്ച പൂർത്തിയാകുന്നു. എട്ടാം ദിവസം ഒരു പുതിയ ആഴ്ച ആരംഭിക്കുന്നു. ഒരു പുതിയ ജീവിതത്തെ ചൂണ്ടിക്കാണിക്കുന്ന എട്ടാം ദിവസമാണു് ഒരു കുഞ്ഞ് ദൈവവുമായുള്ള നിയമബന്ധത്തിൽ പ്രവേശിക്കുന്നത്. ഹൃദയ പരിശുദ്ധിയുടെ അടയാളമാണ് പരിച്ഛേദനം. ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദനം ചെയ്യുക എന്നത് ഹൃദയശുദ്ധിയെ കാണിക്കുന്നു. (ആവ, 10:16; 30:6; യിരെ, 4:4; യെഹെ, 44:7). കേട്ടനുസരിക്കുവാനുള്ള ഒരുക്കമാണ് ചെവിയുടെ പരിച്ഛേദനം. (യിരെ, 6:10).

ക്രിസ്തീയപരിച്ഛേദനം: ക്രിസ്ത്യാനികൾ ക്രിസ്തുവിൽ പരിച്ഛേദനം ഏറ്റവരാണ്. (കൊലൊ, 2:11). ഈ പരിച്ഛേദനം കൈകൊണ്ടുള്ളതല്ല. ദൈവജനത്തിനു വിശുദ്ധനായ ദൈവത്തോടുള്ള ഉടമ്പടി ബന്ധത്തിന്റെ അടയാളമായി ജഡശരീരത്തിന്റെ ഒരംശം ഉപേക്ഷിക്കുന്നതാണ് ശാരീരികമായ പരിച്ഛേദനം. അധമപ്രകൃതിയാൽ നിയന്ത്രിക്കപ്പെടുന്ന ഭൗതികശരീമാണ് ജഡശരീരം. രക്ഷിക്കപ്പെട്ടവർക്കും അല്ലാത്തവർക്കും ഈ ശരീരമുണ്ട്. ജഡശരീരം മുഴുവൻ ഉരിഞ്ഞുകളയുന്നതാണ് ക്രിസ്തീയ പരിച്ഛേദനം. പരിശുദ്ധാത്മ സ്നാനത്താൽ ഒരു വിശ്വാസി ക്രിസ്തുവിനോടു ചേർന്നുകഴിയുമ്പോൾ ജഡശരീരം ഉരിഞ്ഞുകളയപ്പെടുന്നു. ആത്മീയപരിച്ഛേദനത്തെ പ്രായോഗികമാക്കുന്നത് പരിശുദ്ധാത്മ സ്നാനമാണ്. (1കൊരി, 12:13; റോമ, 6:3,4; കൊലൊ, 2:12). ക്രിസ്തീയ വിശ്വാസത്തിലേക്കുവന്ന വിജാതീയർ പരിച്ഛേദനം ഏല്ക്കണമെന്നും അല്ലെങ്കിൽ അവർക്കു രക്ഷ ലഭിക്കുകയില്ലെന്നും വാദിച്ച ഒരു കൂട്ടം യെഹൂദ ക്രിസ്ത്യാനികൾ ആദിമസഭയിലുണ്ടായിരുന്നു. (പ്രവൃ, 15:1). ഇവർ പരിച്ഛേദനക്കാർ എന്നറിയപ്പെട്ടു. (പ്രവൃ, 10:45; 11:2; ഗലാ, 2:12; കൊലൊ, 4:11; തീത്തൊ, 1:10). അപ്പൊസ്തലൻ അവർക്കു ഉചിതമായ മറുപടി നൽകി: “പരിച്ഛേദനയല്ല, അഗ്രചർമ്മവുമല്ല പുതിയസൃഷ്ടിയതേ കാര്യം.” (ഗലാ, 6:15).

പരദീസ, പറുദീസ

പരദീസ, പറുദീസ (paradise)

കെട്ടിയടച്ച തോട്ടം എന്നാണ് പരദീസയുടെ അർത്ഥം. പാരഡൈസോസ് എന്ന ഗ്രീക്കുപദം ആദ്യം പ്രയോഗിച്ചതു ‘ക്സെനൊഫൊൻ’ ആണ്. പേർഷ്യൻ രാജാക്കൻമാരുടെ ഉദ്യാനങ്ങളെ കുറിക്കുവാനാണ് പരദീസ എന്നപദം ക്സെനൊഫൊൻ പ്രയോഗിച്ചത്. പാർദേസ് എന്നപദം പഴയനിയമത്തിൽ നെഹ, 2:8 (രാജാവിന്റെ വനം), സഭാ, 2:5 (ഉദ്യാനം), ഉത്ത, 4:13 (തോട്ടം) എന്നീ വാക്യങ്ങളിലുണ്ട്. ഏദെൻ തോട്ടത്തിലെ സൗഭാഗ്യാവസ്ഥ ഭാവിയിൽ മശീഹായുടെ വാഴ്ചയിൽ ലഭിക്കുമെന്ന പ്രത്യാശ യെഹൂദന്മാർക്കുണ്ട്. തങ്ങളുടെ കാലത്ത് പരദീസ ഉണ്ടെന്നും എന്നാലതു മറയ്ക്കപ്പെട്ടിരിക്കുകയാണെന്നും അവർ വിശ്വസിച്ചു. പിതാക്കൻമാരുടെയും നീതിമാൻമാരുടെയും ആത്മാക്കൾ മരണാനന്തരം പരദീസയിൽ എത്തിച്ചേരുമെന്നവർ കരുതി. പുതിയനിയമത്തിൽ മുന്നുപ്രാവശ്യം മാത്രമാണ് പരദീസ പരാമൃഷ്ടമായിരിക്കുന്നത്. (ലുക്കൊ, 23:43; 2കൊരി, 12:3; വെളി, 2:7). മരണാനന്തരം ആത്മാവ് എത്തിച്ചേരുന്ന സ്ഥാനമായി പരദീസ പറയപ്പെട്ടിരിക്കുന്നു. (ലൂക്കൊ, 23:43; 16:19-31). 2 കൊരിന്ത്യർ 12:2-4-ൽ പരദീസയിൽ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചു പ്രഥമപുരുഷനിൽ അപ്പൊസ്തലനായ പൗലൊസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരദീസ മൂന്നാം സർഗ്ഗമാണ്. വെളിപ്പാട് 2:7-ൽ ജയിക്കുന്നവനു ലഭിക്കുന്ന പ്രതിഫലമായി പരദീസയെ ക്രിസ്തു വെളിപ്പെടുത്തി. എല്ലാറ്റിന്റെയും പരിസമാപ്തിയിൽ പരദീസ പൂർണ്ണമഹത്വത്തിൽ പ്രത്യക്ഷമാവും എന്നു വെളിപ്പാട് 22 വ്യക്തമാക്കുന്നു.

മറിയ (റോമാ സഭയിലെ)

മറിയ (റോമാ സഭയിലെ)

റോമാ സഭയിൽ ‘വളരെ അദ്ധ്വാനിച്ച’ ഒരംഗമാണ് മറിയ. “നിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവാൻ” (റോമർ, 16:6) പൗലൊസ് റോമാ സഭയ്ക്കെഴുതി. 

മറിയ (മർക്കൊസിൻ്റെ അമ്മ)

മറിയ (മർക്കൊസിൻ്റെ അമ്മ)

മർക്കൊസ് എന്നു മറുപേരുളള യോഹന്നാന്റെ അമ്മ. (അപ്പൊ, 12:12). ബർന്നബാസിന്റെ മച്ചുനനാണ് മർക്കൊസ്. (കൊലൊ, 4:10). മറിയയ്ക്കും ബർന്നബാസിനും തമ്മിലുളള ബന്ധം വ്യക്തമല്ല. യേശു ‘കർത്താവിന്റെ അത്താഴം’ അനുഷ്ഠിച്ച മാളികമുറി അവളുടെ വീട്ടിലായിരുന്നുവെന്നു കരുതപ്പെടുന്നു. മറിയ സ്വന്തഭവനം സഭയ്ക്കു വേണ്ടി തുറന്നുകൊടുത്തു. സാമ്പത്തികമായി മെച്ചപ്പെട്ട ഭവനമായിരുന്നു മറിയയുടേതു. അവളുടെ വീട്ടിൽ ഒരു വേലക്കാരിയെങ്കിലും ഉണ്ടായിരുന്നു – രോദാ. (അപ്പൊ, 12:13). കാരാഗൃഹമുക്തനായ പത്രോസ് നേരെ പോയത് മറിയയുയുടെ വീട്ടിലേക്കായിരുന്നു. (പ്രവൃ, 12:12). പത്രൊസ് മർക്കൊസിനെക്കുറിച്ചു ‘എനിക്കും മകനായ’ എന്നു എഴുതി. (1പത്രൊ, 5:13). പത്രാസിനു മറിയയുടെ കുടുംബവുമായുള്ള ഉറ്റ ബന്ധം ഈ പ്രസ്താവനയിൽ നിഴലിക്കുന്നുണ്ടു. 

മറിയ (ക്ലെയോപ്പാവിൻ്റെ ഭാര്യ)

മറിയ (ക്ലെയോപ്പാവിൻ്റെ ഭാര്യ) 

യേശു ക്രൂശിൽ കിടക്കുന്ന സമയത്തു മാത്രമാണ് ഈ പേര് പരാമർശിച്ചു കാണുന്നത്; “യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.” (യോഹ, 19:25). ഇവൾ ക്ലെയോപ്പാവിൻ്റെ ഭാര്യയെന്നതിൽ കവിഞ്ഞ് മറ്റൊരു വിവരവും ബൈബിളിൽ ലഭ്യമല്ല.

മറിയ (യാക്കോബിൻ്റെയും യോസെയുടെയും അമ്മ)

മറിയ (യാക്കോബിൻ്റെയും യോസെയുടെയും അമ്മ)

പന്ത്രണ്ട് അപ്പെസ്തലന്മാരിൽപ്പെട്ട  ചെറിയ യാക്കോബിൻ്റെ അമ്മയും, അല്ഫായിയുടെ ഭാര്യയുമാണ് ഈ മറിയ. യോസെ എന്ന മറ്റൊരു മകനും ഇവർക്കുണ്ട്. (മത്താ, 10:3, 27:56, മർക്കൊ, 15:40, ലൂക്കോ, 6:15,16). യേശുവിന്റെ ക്രൂശീകരണത്തിനു ശേഷമാണ് ഈ മറിയയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 27:56). അവനെ കല്ലറയിൽ വെയ്ക്കുമ്പോഴും (മത്താ, 27:60-61, മർക്കൊ, 15:47), പുനരുത്ഥാന ദിവസം കല്ലറയിൽ ചെല്ലുന്ന സ്ത്രീകളുടെ കുട്ടത്തിലും (മത്താ, 28:1), ദൂതനുമായി സംസാരിച്ചവരുടെ കൂട്ടത്തിലും (ലൂക്കോ, 24:10), യേശുവിനെ കാൽ പിടിച്ചു നമസ്കരിച്ചവരുടെ കൂട്ടത്തിലും ഈ മറിയ ഉണ്ടായിരുന്നു. (മത്താ, 28:8-9). യേശുവിന്റെ അമ്മയായ മറിയയുടെ സഹോദരിയും, ക്ലെയോപ്പാവിൻ്റെ ഭാര്യയായ മറിയയും ഇതുതന്നെയാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ യോഹന്നാൻ; യേശുവിൻ്റെ അമ്മയായ മറിയയുടെ സഹോദരിയെയും ക്ലെയോപ്പാവിൻ്റെ ഭാര്യയായ മറിയെയും വേർതിരിച്ചു പറഞ്ഞിട്ടുണ്ട്: “യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.” (19:25). ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം അങ്കുശം അഥവാ, കോമായിട്ട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു:”യേശുവിന്‍റെ ക്രൂശിന്‍റെ അടുക്കല്‍ തന്‍റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ലേയോപ്പായുടെ മറിയാമും, മറിയം മാഗ്ദലൈത്തായും നിന്നിരുന്നു.” (19:25). ഇവിടെ, യേശുവിന്റെ അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിൻ്റെ ഭാര്യയും വ്യതിരിക്തരാണെന്ന് മനസ്സിലാക്കാം. ഈ വേദഭാഗത്തിൻ്റെ സമാന്തര ഭാഗങ്ങളും ചേർത്ത് പരിശോധിച്ചാൽ ചില കാര്യങ്ങൾ വ്യക്തമാകും. “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.” (മത്താ, 27:56). അടുത്ത വാക്യം: “സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.” (മർക്കൊ, 15:40). ഒന്നാമത്, യോഹന്നാനിൽ പറയുന്ന ക്ലെയോപ്പാവിൻ്റെ ഭാര്യ മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ഒന്നാണെന്ന് മനസ്സിലാക്കാം. രണ്ടാമത്, ശലോമ എന്നത് സെബദിപുത്രന്മാരുടെ അമ്മയാണെന്നും മനസ്സിലാക്കാം.

ചെറിയ യാക്കോബിൻ്റെയും യോസെയുടെയും അമ്മയായ മറിയയെ മരണശേഷമാണ് ബൈബിളിൽ കാണുന്നത്; പുനരുത്ഥാന ശേഷവും അവിടെ ഉണ്ടായിരുന്നു. (മത്താ, 27:61, 28:1, മർക്കൊ, 15:47, ലൂക്കോ, 24:10).

ആകെ സൂചനകൾ (7) — മത്താ, 27:56, 27:61, 28:1, മർക്കൊ, 15:40, 15:47, 16:1, ലൂക്കോ, 24:10.

മറിയ (ലാസറിൻ്റെ സഹോദരി)

 മറിയ (ലാസറിൻ്റെ സഹോദരി)

യേശുവിന്റെ സ്നേഹിതനായ ലാസറിന്റെ സഹോദരിമാരിൽ ഒരുവൾ. യെരുശലേമിനു 3 കി.മീ. തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ബേഥാന്യ എന്ന ഗ്രാമത്തിലായിരുന്നു മറിയയുടെ വീട്. (യോഹ, 11:1). യേശു ഒരിക്കൽ ഭവനത്തിൽ ചെന്നപ്പോൾ മറിയ യേശുവിന്റെ കാല്ക്കൽ ഇരുന്നു വചനം കേട്ടുകൊണ്ടിരുന്നു. അവളുടെ സഹോദരി മാർത്ത യേശുവിനെ ശുശ്രൂഷിക്കുന്നതിനു ബദ്ധപ്പെട്ടു. അവൾ സഹോദരിയെക്കുറിച്ചു യേശുവിനോടു പരാതിപ്പെട്ടു. യേശു മറിയയി ശ്ലാഘിച്ചു പറഞ്ഞു; “അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.” (ലൂക്കൊ, 10:38-42). ലാസർ മരിച്ചതിനുശേഷം യേശു അവിടെ വന്നപ്പോൾ മറിയ അവനെ എതിരേറ്റു. യേശു ലാസറിനെ ഉയിർപ്പിച്ചു. (യോഹ, 11:11-45). പെസഹയ്ക്ക് ആറു ദിവസം മുൻപ് യേശു ബേഥാന്യയിൽ വന്നപ്പോൾ നല്കിയ വിരുന്നിൽ മറിയ വിലയേറിയ സ്വച്ഛജടാമാംസി തൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടി കൊണ്ടു കാൽ തുവർത്തി. (യോഹ, 12:1-8). മറിയയുടെ അനന്തര ചരിത്രം ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല.

ആകെ സൂചനകൾ (11) — ലൂക്കോ, 10:38, 10:42, യോഹ, 11:1, 11:2, 11:19, 11:20, 11:28, 11:31, 11:32, 11:45, 12:3.

മഗദലക്കാരത്തി മറിയ

മഗദലക്കാരത്തി മറിയ ((Mary Magdalene)

മഗ്ദലക്കാരി എന്ന വിശേഷണത്തിനു നാലു വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. ഒന്ന്; ഗലീലക്കടലിന്റെ പശ്ചിതതീരത്തുളള മഗ്ദല പട്ടണവാസിയാണ്. രണ്ട്;  തലമൂദുകാരന്മാർ ഒരു മറിയം മെഗാദ്ദെലെയെക്കുറിച്ചു (=പിന്നിയ തലമുടിയുളള മറിയം) പറയുന്നു. പാപിനിയായ മറിയ ഇവളാണെന്ന് ദൈവശാസ്തജ്ഞനായ ജെ.ബി. ലൈറ്റ്ഫുട്ട് (1828-1889) അവകാശപ്പെടുന്നു. (ലൂക്കൊ, 7:37). മൂന്ന്; ബൈബിൾ പണ്ഡിതനായ ജെറോം (347-420) മിഗ്ദായുമായി (=വീക്ഷാ ഗോപുരം) ബന്ധിപ്പിക്കുന്നു. ഇതു മറിയയുടെ വിശ്വാസത്തിന്റെ സ്ഥിരതയെക്കുറിക്കുന്നതായി വ്യാഖ്യാനിക്കുന്നു. നാല്; വലുതാകുക എന്നർത്ഥമുള്ള ഗദാലിനോടാണ് ചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ഓറിജൻ (185-254) ഈ പേരിനെ ബന്ധിപ്പിക്കുന്നത്. യേശു അപ്പൊസ്തലന്മാർക്കൊപ്പം

സുവിശേഷം അറിയിച്ചുകൊണ്ട് സഞ്ചരിച്ച സമയത്ത് അവർക്ക് ശുശ്രൂഷ ചെയ്തുപോന്ന സ്തീകളുടെ കൂട്ടത്തിലാണ് ‘ഏഴു ഭൂതങ്ങൾ വിട്ടുപോയ’ മഗ്ദലക്കാരത്തി മറിയയെ ആദ്യമായി കാണുന്നത്. (ലൂക്കോ, 8:1-3). ക്രിസ്തുവിൽ നിന്നും ലഭിച്ച വിവിധ നന്മകൾക്കു വിശിഷ്യാ ഭൂതവിമുക്തിക്ക് നന്ദിയായാണ് ഇവൾ യേശുവിനെ ശുശ്രൂഷിച്ചത്. യേശുവിന്റെ അമ്മ, ശലോമ തുടങ്ങി പലരുമായി പരിചയപ്പെടുവാൻ ഈ സഹകരണം അവളെ സഹായിച്ചു. ക്രൂശീകരണസമയത്ത് അവർ നോക്കിക്കൊണ്ടു ദൂരത്തുനിന്നു. (ലൂക്കൊ, 23:49). യേശുവിന്റെ ശവസംസ്കാരവിധവും അവനെ വച്ച വിധവും അവൾ നോക്കിക്കണ്ടു. (മത്താ, 27:61, മർക്കൊ, 15:47, ലൂക്കൊ, 23:55). മഗ്ദലക്കാരി മറിയയും മറ്റു ചിലരും സുഗന്ധവർഗ്ഗം വാങ്ങി കല്ലറയ്ക്കൽ അതിരാവിലെ എത്തുകയും കല്ലറ തുറന്നിരിക്കുന്നതു കാണുകയും ചെയ്തു. (മത്താ, 28:5, മർക്കൊ, 16:5). അവൾ ചെന്നു പത്രാസിനോടും യോഹന്നാനോടും വിവരം പറഞ്ഞു. (യോഹ, 20:2, ലൂക്കൊ, 24:9-10). അവർ വന്നു കല്ലറ കണ്ടു മടങ്ങിയശേഷവും മറിയ കല്ലറയ്ക്കൽ പുറത്തു കരഞ്ഞുകൊണ്ടുനിന്നു. അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി ദൂതന്മാരെ കണ്ടു. അവളുടെ കരച്ചിലിന്റെ കാരണം അന്വേഷിച്ച ദൂതനോടു; “എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെവച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.” അവൾ പിന്നോക്കം തിരിഞ്ഞപ്പോൾ യേശു നില്ക്കുന്നതു കണ്ടു; എന്നാൽ യേശു എന്നു തിരിച്ചറിഞ്ഞില്ല. യേശു അവളെ മറിയയേ എന്നു വിളിച്ചു. മറിയ തിരിഞ്ഞു റബ്ബൂനി എന്നു പറഞ്ഞു. യേശുവിന്റെ നിയോഗം അനുസരിച്ചു അവൾ ക്രിസ്തുവിനെ കണ്ട കാര്യം ശിഷ്യന്മാരെ അറിയിച്ചു. യോഹ, 20:11-18). ഈ വിവരണത്തോടു കൂടി തിരുവെഴുത്തുകളിൽ മഗദ്ലനമറിയയുടെ ചരിത്രം പൂർണ്ണമാവുന്നു. 

മഗ്ദലനമറിയയും പാപിനിയായ മറിയയും ഒരാളാണെന്നും, പശ്ചാത്താപാർത്തയായ അവൾ യേശുവിനെ തൈലാഭിഷകം ചെയ്തു എന്നും ഒരു സാമാന്യധാരണയുണ്ട്. മറിയയുടെ പാപം ദുർന്നടപ്പാണെന്നു ഇങ്ങനെയുള്ളവർ കരുതുന്നു. മഗ്ദലമറിയ വ്യഭിചാരിണി ആയിരുന്നു എന്നതിനു ബൈബിളിൽ തെളിവൊന്നുമില്ല. പരിമളതൈലം പൂശിയ പാപിനിയുടെ വിവരണത്തിനുശേഷം (ലൂക്കൊ, 7:36-39) മഗ്ദലനമറിയം പരാമൃഷ്ടയായതാണ് (8:2) ഈ തെറ്റിദ്ധാരണയ്ക്കടിസ്ഥാനം. മൂന്നു  സ്ത്രീകൾ മൂന്നു സന്ദർഭങ്ങളിൽ യേശുവിനെ പരിമളതൈലം പൂശിയതായി കാണാം. ഒന്ന്; യേശുവിന്റെ ഗലീലയിലെ ശുശ്രൂഷാകാലത്ത് പാപിനിയായ ഒരജ്ഞാത സ്തീ. (ലൂക്കൊ, 7:36-38). രണ്ട്; ബേഥാന്യയിലെ ലാസറിന്റെ സഹോദരി. (യോഹ, 12:1-8). മൂന്ന്; പെസഹയ്ക്ക് രണ്ടുദിവസം മുമ്പ് കുഷ്ഠരോഗിയായ ശീമോൻ്റെ വീട്ടിൽവെച്ച് പേർ പറയപ്പെടാത്ത സ്ത്രീ. (മത്താ, 26:6-13, മർക്കൊ, 14:3-9). മൂന്നു തൈലം പൂശലുകളുമായി മഗ്ദലക്കാരി മറിയയ്ക്ക് ബന്ധമില്ല. ബേഥാന്യയിലെ മറിയയും മഗ്ദലനമറിയയും ഒരാളല്ല. മറ്റു മറിയമാരിൽ നിന്നും വിവേചിക്കുവാനാണു മഗ്ദലക്കാരി എന്ന വിശേഷണം ഇവൾക്കു നല്കിയിട്ടുളളത്. മഗ്ദലക്കാരിയുടെ പേർ ആദ്യം പറയുന്നിടത്ത് (ലൂക്കൊ, 8:2) പൂർവ്വസംഭവവുമായി (ലൂക്കൊ, 7:37-48) അവളെ ബന്ധിപ്പിക്കുന്ന ഒരു സൂചനയും ഇല്ല.

ആകെ സൂചനകൾ (12) — മത്താ, 27:56, 27:61, 28:1, മർക്കൊ, 15:40, 15:47, 16:1, 16:9, ലൂക്കോ, 8:2, 24:10, യോഹ, 19:25, 20:1, 20:18.