ഗെരിസീം മല

ഗെരിസീം മല (Mountain of Gerizim) 

ശെഖേം താഴ്വരയുടെ തെക്കായി സ്ഥിതി ചെയ്യുന്ന ഗെരിസീം മലയ്ക്ക് 853 മീറ്റർ ഉയരമുണ്ട്. ഇന്നത്തെ പേര് ജെബെൽ എത്-തോർ. അനുഗ്രഹത്തിന്റെ മല എന്നറിയപ്പെടുന്നു. യോശുവ 8:30-35-ൽ രേഖപ്പെടുത്തിയിട്ടുള്ളതാ അനുസരിച്ചു അനുഗ്രഹം പ്രസ്താവിക്കേണ്ടത് ഗെരിസീം മലമേൽവെച്ചാണ്. (ആവ, 11:29,30). അനുഗ്രഹം പ്രസ്താവിക്കേണ്ടതിനു ശെരിസീം പർവ്വതത്തിൽ നില്ക്കേണ്ട ഗോത്രങ്ങൾ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ എന്നിവയാണ്. (ആവ, 27:12). 

ഗെരിസീം പർവ്വതത്തിന്റെ (ഹാർ ഗെറിസീം) മദ്ധ്യഭാഗത്തായി യോഥാമിൻറ പ്രസംഗപീഠം എന്ന പേരിൽ ഒരു സ്ഥലമുണ്ട്. (ന്യായാ, 9:7). ന്യായാധിപന്മാരുടെ കാലത്ത് ഗിദെയോൻ പുത്രനായ യോഥാം ശെഖേം പൗരന്മാരെ അഭിസംബോധന ചെയ്തത് ഇവിടെവെച്ചായിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ക്രിസ്തീയ ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ ഗെരിസീം മലയിലുണ്ട്. ജൂപ്പിറ്റർ ദേവന്റെ ഒരു പുരാതനക്ഷേത്രവും അവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. നാബ്ളസിൽ നിന്നു കണ്ടെടുത്ത നാണയങ്ങളിൽ ഈ ക്ഷേത്രത്തിൻറ ചിത്രമുണ്ട്.

ശമര്യൻ പാരമ്പര്യമനുസരിച്ചു ഗെരിസീം മലയും മോരിയാമലയും ഒന്നാണ്. (ഉല്പ, 22:2). ശമര്യരുടെ വിശുദ്ധ പർവ്വതമായ ഗെരിസീമിൽ അവർ തലമുറ തലമുറകളായി ആരാധിച്ചുവരികയും (യോഹ, 4:20), പെസഹയും, പെന്തെക്കൊസ്തും, കൂടാരപ്പെരുന്നാളും ആചരിക്കുവാൻ കൂടിവരികയും ചെയ്തിരുന്നു. യഹോവ തന്റെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുത്ത സ്ഥലം (ആവ, 12:5) ഗെരിസീം മലയാണെന്നു ശമര്യർ വിശ്വസിക്കുന്നു. യെഹൂദന്മാരും ശമര്യരും തമ്മിലുള്ള പിളർപ്പിന്റെ കാലത്തു സൻബെല്ലത്തു ഇവിടെ മന്ദിരം പണിതതായി ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജോൺ ഹിർക്കാനസ് ഏകദേശം ബി.സി. 128-നു ശെഖേം പിടിച്ചപ്പോൾ ഈ ആലയത്തെ നശിപ്പിച്ചു. യാക്കോബിന്റെ കിണർ സ്ഥിതിചെയ്തിരുന്ന സുഖാർ പട്ടണം ഗെരിസീം മലയുടെ താഴ്വരയിലായിരുന്നു. യേശുവും ശമര്യാസ്ത്രീയും സംഭാഷിച്ചതു പ്രസ്തുത കിണറ്റിനടുത്തു വച്ചായിരുന്നു. (യോഹ, 4:5).

Leave a Reply

Your email address will not be published. Required fields are marked *