ഒരു മലയെയും (ഉല്പ, 14:6; യെഹെ, 35:15), ഒരു ദേശത്തെയും (ഉല്പ, 32:3; 36:21; സംഖ്യാ, 24:18), ഒരു ജനതയെയും (യെഹെ, 25:8) കുറിക്കുവാൻ സേയീർ എന്ന നാമം ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്. അരാബാ താഴ്വരയ്ക്കു കിഴക്കായി ചാവുകടലിൽ നിന്നും തെക്കോട്ടു നീണ്ടു കിടക്കുന്ന പർവ്വതനിരയാണ് സേയീർ മല. ഹോര്യരാണ് സേയീർ മലയിൽ പാർത്തിരുന്നത്. ഏശാവിനു അവകാശമായി കൊടുത്തിരിക്കുകയാൽ യിസായേൽ മക്കളെ അവിടെ പ്രവേശിക്കുവാൻ യഹോവ അനുവദിച്ചില്ല. (ആവ, 2:5). യിസ്ഹാക്കിന്റെ മരണശേഷം ഏശാവ് സേയീർമലയിലേക്കു മാറിത്താമസിച്ചു. (ഉല്പ, 35:27-29; 36:1-8).
എഫ്രയീമിലെ ഒരു മല. ഈ മലയുടെ മുകളിൽ നിന്നുകൊണ്ടു യെഹൂദാരാജാവായ അബീയാവു യിസ്രായേൽ രാജാവായ യൊരോബെയാമിനെയും യിസ്രായേലിനെയും കുറ്റപ്പെടുത്തി സംസാരിച്ചു. (2ദിന, 13:4). ഇരട്ടി സൈന്യബലം യൊരോബെയാമിനു ഉണ്ടായിരുന്നെങ്കിലും ദൈവം അബീയാവിനു ജയം നല്കി.
യെരുശലേമിൽ കെദ്രോൻ താഴ്വരയ്ക്കും ടൈറോപൊയിയൊൻ താഴ്വരയ്ക്കും ഇടയ്ക്കുള്ള പർവ്വതത്തിന്റെ തെക്കെ അറ്റമാണ് സീയോൻ. മോരിയാപർവ്വതം എന്നു വിളിക്കപ്പെടുന്ന വടക്കുകിഴക്കുള്ള കുന്നിൽ ദൈവാലയം പണിതതിനുശേഷം പ്രസ്തുത കുന്നിനെയും സീയോൻ എന്നു വിളിച്ചു. അനന്തരകാലത്തു യെരുശലേം നഗരം വളർന്നതോടു കൂടി സീയോൻ വിശുദ്ധനഗരത്തിന്റെ പര്യായമായി: (സങ്കീ, 126:1, യെശ, 1:26,27). ദാവീദ് യെരുശലേം പിടിച്ചടക്കുന്നതിനുമുമ്പു യെബൂസ്യരുടേതായിരുന്നു സീയോൻ കോട്ട. (2ശമൂ, 5:7(. ദാവീദ് ഇതിനു ‘ദാവീദിന്റെ നഗര’മെന്നു പേരിട്ടു. (2ശമൂ, 5:9). അവിടെ അരമന പണിതു. (2ശമൂ, 5:11). യെബുസ്യനായ അരവനയുടെ കളം വാങ്ങി ദാവീദ് ഒരു യാഗപീഠം പണിതു. (2ശമൂ, 24:18(. ശലോമോൻ രാജാവ് ദൈവാലയം പണിതതും ഇവിടെത്തന്നേ. യേശുക്രിസ്തു രാജാവായി വാഴുന്ന സഹസ്രാബ്ദ യുഗത്തിൽ യെരൂശലേം സീയോൻ എന്നറിയപ്പെടും. (യെശ, 1:27; 2:3; 4:1-6; യോവേ, 3:16; സെഖ, 1:16,17; 8:3-8). നിത്യനഗരമായ പുതിയ യെരുശലേമിനും സീയോൻ എന്ന പേരു പുതിയനിയമത്തിൽ കാണാം. (എബ്രാ, 12:22-24). അപ്പൊസ്തലനായ യോഹന്നാൻ കുഞ്ഞാടും അവനോടുകൂടെ 144,000 പേരും സീയോൻ മലയിൽ നില്ക്കുന്നതായി ദർശനത്തിൽ കണ്ടു. (വെളി, 14:1). ഹെർമ്മോൻ പർവ്വതത്തിൻ്റെ അപരനാമവും സീയോൻ എന്നുതന്നേ: “അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേർ മുതൽ ഹെർമ്മോനെന്ന സീയോൻ പർവ്വതംവരെയും.” (ആവ, 4:48, എബ്രാ, 12:22).
സീനായ് പർവ്വതം ബൈബിളിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. ഇതിന്റെ മറുപേരാണ് ഹോരേബ്: (പുറ, 3:2, 12; 19:1,2, 10,11). ചെങ്കടലിനു സമീപമായി സീനായി ഉപദ്വീപിന്റെ തെക്കുഭാഗത്തു മദ്ധ്യത്തായി ഒരു പർവ്വതമുണ്ട്. അതിനു 3 കി.മീ. നീളമുണ്ട്. അതിന്റെ രണ്ടു കൊടുമുടികളാണു് ‘റാസ് എസ് സാഫ് സാഫും’ (1993 മീ. ഉയരം) ‘ജെബൽ മൂസയും’ (2244 മീ.). പാരമ്പര്യമനുസരിച്ച് പൊക്കം കൂടിയ തെക്കൻ കൊടുമുടിയായ ‘ജെബൽ മൂസാ’ അഥവാ മോശയുടെ പർവ്വതം അണു സീനായിപർവ്വതം. സീനായി പർവ്വതത്തിന് അടുത്തുവച്ചാണ് യഹോവ മോശയ്ക്ക് പ്രത്യക്ഷപ്പെട്ടു മിസ്രയീമ്യ അടിമത്തത്തിൽ നിന്ന് യിസ്രായേല്യരെ വീണ്ടെടുക്കുവാൻ മോശയെ നിയോഗിച്ചത്. (പുറ, 3:1-10; അപ്പൊ, 7:30). പാറയെ അടിച്ചു മോശെ യിസ്രായേൽ മക്കൾക്കു ജലം നൽകിയതും, ന്യായപ്രമാണം മോശെയിലൂടെ ലഭിച്ചതും, അഹരോൻ പൊന്നുകൊണ്ടു കാളക്കുട്ടി നിർമ്മിച്ചതും സീനായിൽ വച്ചായിരുന്നു. ജെബൽ മൂസാ പർവ്വതത്തിന്റെ അടിവാരത്തിൽ വിശുദ്ധ കാതറൈൻ സന്യാസിമഠം സ്ഥിതിചെയ്യുന്നു. ബൈബിളിന്റെ പ്രാചീന കൈയെഴുത്തു പ്രതിയായ സീനായിഗ്രന്ഥം ഈ സന്യാസിമഠത്തിൽ നിന്നാണ് ലഭിച്ചത്. സീനായി പർവ്വതത്തെക്കുറിച്ചുള്ള മൂന്നു പുതിയനിയമ സുചനകളുണ്ട്: (പ്രവൃ, 7:30 ?, 38; ഗലാ, 4:21-31; എബ്രാ, 12:19-22).
ശെഖേമിനടുത്തുള്ള ഒരു മല. “ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി. അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോൻ മലയിൽ കയറി; അബീമേലെൿ കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വെച്ചു, തന്റെ പടജ്ജനത്തോടു: ഞാൻ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിൻ എന്നു പറഞ്ഞു.” (ന്യായാ, 9:47,48). സങ്കീർത്തമം 68:14-ലെ ‘സല്മോൻ’ മലയുടെ പേരല്ലെന്നു കരുതുന്നവരുണ്ട്. ‘സമോനിൽ ഹിമം പെയ്യുകയായിരുന്നു’ എന്നതു ഇരുട്ടിൽ പ്രകാശം എന്നതിന്റെ ആലങ്കാരിക പ്രസ്താവം ആയിരിക്കണം.
യിസ്രായേൽ രാജാവായ ഒമ്രി രണ്ടു താലന്തു വെള്ളി കൊടുത്തു ശെമെറിന്റെ കൈയിൽനിന്നും വിലയ്ക്കുവാങ്ങിയ മലയാണ് ശമര്യാമല. വടക്കേ രാജ്യമായ യിസ്രായേലിൻ്റെ തലസ്ഥാന നഗരമായ ശമര്യാപട്ടണം ഈ മലയുടെ മുകളിലാണ് പണിതത്. “പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു.” (രാജാ, 16:24). യിസ്രായേലിൻ്റെ അതിക്രമം നിമിത്തം വരുവാനുള്ള ദൈവത്തിൻ്റെ ശിക്ഷയെക്കുറിച്ചുള്ള ആമോസിൻ്റെ മൂന്നു പ്രഭാഷണങ്ങളിലും (3:1-5; 4:1-13; 5:1-6:14) ശമര്യാ പർവ്വതത്തെക്കുറിച്ച് പരാമർശമുണ്ട്. (3:9; 4:1; 6:1). (നോക്കുക: ‘ബൈബിൾ സ്ഥലങ്ങൾ’).
ഏഷ്യാമൈനറിലെ ടോറസ് (Taurus) പർവ്വതനിരയുടെ തുടർച്ചയായ ലെബാനോൻ പർവ്വതം ഏതാണ്ട് സമാന്തരമായ രണ്ടു പർവ്വതനിരകളാണ്; പടിഞ്ഞാറ് ലെബാനോനും കിഴക്കു ആന്റി ലെബാനോനും. ഈ പർവ്വതനിരയുടെ പ്രാന്തപ്രദേശങ്ങളെയും ലെബാനോൻ എന്നു വിളിച്ചിരുന്നു. (യോശു, 13:5). ഇന്ന് ലെബാനോൻ ഒരു റിപ്പബ്ലിക്കിന്റെയും പേരാണ്. ബി.സി. 18-ാം നൂറ്റാണ്ടു മുതലുള്ള പ്രാചീന രേഖകളിൽ ലെബാനോൻ പർവ്വതം സ്ഥാനം പിടിച്ചിട്ടുണ്ട്. അസ്സീറിയർ ഇതിനെ ‘ലാബ്നാനു’ എന്നും, ഹിത്യർ ‘നിബ്ലാനി’ എന്നും, മിസ്രയീമ്യർ (ഈജിപ്ത്) ‘റ്മ്ന്ന്’ എന്നും വിളിച്ചു വരുന്നു. വെളുത്തത് എന്നാണ് പേരിന്നർത്ഥം. വെളുത്ത ചുണ്ണാമ്പു കല്ലുകളോടുകൂടിയ ഉയരമേറിയ പർവ്വതനിരയും, വർഷത്തിൽ ആറുമാസം കൊടുമുടികളെ മൂടിക്കിടക്കുന്ന മഞ്ഞുമാണ് (യിരെ, 18:14) പേരിന്നടിസ്ഥാനം. ഗലീലയുടെ ഉത്തരഭാഗത്തു നിന്നാണു ലെബാനോൻ പർവ്വതം ആരംഭിക്കുന്നത്. ചെറിയ കുന്നുകളായിട്ടാണ് തുടക്കം. ക്രമേണ പൊക്കം കൂടി തെക്കു പടിഞ്ഞാറായി 160 കി.മീറ്റർ നീളത്തിൽ സിറിയായിലും പലസ്തീനിലുമായി വ്യാപിച്ചു കിടക്കുന്നു. ഏകദേശം 32 കി.മീറ്റർ വീതിയുണ്ട്. പലസ്തീൻ പർവ്വതനിരയുമായി ചേരുന്ന ലെബാനോൻ സൂയസ് ഉൾക്കടലിൽ അവസാനിക്കുന്നു. പർവ്വതത്തിന്റെ ശരാശരി ഉയരം 2550 മീറ്ററാണ്.
ലെബാനോൻ പർവ്വതത്തിൽ അനേകം കൊടുമുടികളുണ്ട്. തെക്കു നിന്ന് വടക്കോട്ടുള്ള പ്രധാന കൊടുമുടികൾ ഇവയാണ്: സീദോനു പുറകിൽ ജെബൽറിഹാൻ, തോമത്, ജെബൽ നിഹാ (1630 മുതൽ 1900 മീറ്റർ വരെ ഉയരം), ബേറുട്ടിനു പിന്നിൽ ജെബൽ ബാറൂക്ക് (2200 മീറ്റർ),, ജെബൽ കുനൈയിസെ (2100 മീറ്റർ), ജെബൽ സന്നിൻ (2600 മീറ്റർ), ട്രിപ്പോളിക്കു തെക്കു കിഴക്കുള്ള ക്വെർനെറ്റ് എസ്-സൗദാ (3000 മീറ്റർ). ഒടുവിൽ പറഞ്ഞ കൊടുമുടിയാണ് ഏറ്റവും ഉയരം കൂടിയത്. പർവ്വതനിരകളിലെ ഉയർന്ന സ്ഥാനങ്ങളിലും തീരപ്രദേശത്തും നല്ല മഴ ലഭിക്കുന്നു. മഴ നിഴൽ പ്രദേശമായ ദമസ്ക്കൊസിലും ബിഖാ താഴ്വരയുടെ ഉത്തരാർദ്ധത്തിലും ലഭിക്കുന്ന മഴ 25 സെന്റിമീറ്ററിൽ കുറവാണ്. ലെബാനോൻ പർവ്വതത്തിന്റെ പശ്ചിമഭാഗം ചരിഞ്ഞ് മെഡിറ്ററേനിയനിൽ അവസാനിക്കുന്നു. അവിടെ അതു ബേറൂട്ടിനു വടക്കായി കനാന്യ താഴ്വരയ്ക്കു രൂപം നല്കുന്നു.
ലെബാനോൻ, ആന്റിലെബാനോൻ പർവ്വതനിരകളെ പരസ്പരം വേർതിരിക്കുന്ന ഫലഭൂയിഷ്ഠമായ താഴ്വരയാണ് ലെബാനോൻ താഴ്വര അഥവാ ബിഖാത്ത്-ഹാ ലബ്നാൻ. (യോശു, 11:17; 12:7). ഈ താഴ്വരയുടെ വീതി 10 മുതൽ 16 വരെ കി.മീറ്റർ ആണ്. പ്രസ്തുത താഴ്വരയിലുടെ ഓറന്റീസ് നദി വടക്കോട്ടും ലിറ്റാനി നദി തെക്കോട്ടും ഒഴുകുന്നു. ആന്റിലെബാനോൻ പർവ്വതം തെക്കു പടിഞ്ഞാറു നിന്നു വടക്കു കിഴക്കായി ഏകദേശം 105 കി.മീറ്റർ നീണ്ടുകിടക്കുന്നു. ആന്റിലെബാനോൻ പർവ്വതത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയാണ് 2750 മീറ്റർ ഉയരമുള്ള ഹെർമ്മോൻ.
ഇടതൂർന്നു വളരുന്ന കാനനങ്ങൾക്കു പ്രസിദ്ധമാണ് ലെബാനോൻ. നവംബർ മുതൽ മാർച്ചു വരെ പെയ്യുന്ന സമൃദ്ധിയായ മഴയും ചുണ്ണാമ്പുകല്ലുകളോടു കൂടിയ കുന്നുകളും അനേകം അരുവികൾക്കും ഉറവകൾക്കും ജന്മം നല്കുന്നു. (ഉത്ത, 4:15; യിരെ, 18:14). ഒലിവു, മുന്തിരി, അത്തി, മൾബറി, ആപ്പിൾ എന്നിവ ബിഖാതാഴ്വരയിലും ഉയരം കുറഞ്ഞ ചരിവുകളിലും വളരുന്നു. കുറേക്കൂടി ഉയർന്ന പ്രദേശങ്ങളിൽ കൊഴുന്തും കോണിഫർ മരങ്ങളും പ്രസിദ്ധമായ ദേവദാരുവൃക്ഷങ്ങളും വളരുന്നു. വനനശീകരണം മൂലം ഇപ്പോൾ ഒന്നോ രണ്ടോ ദേവദാരു തോപ്പുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ലെബാനോന്റെ ഫലപുഷ്ടിയും (സങ്കീ, 72:16; ഉത്ത, 4:11; ഹോശേ, 14:5-7), വന്യമൃഗങ്ങളും (2രാജാ, 14:9; ഉത്ത, 4:8) തിരുവെഴുത്തുകളിൽ പ്രസ്തുതമാണ്.
യിസ്രായേലിനു വാഗ്ദത്തം ചെയ്ത ഭൂമിയുടെ ഒരതിരായാണ് തിരുവെഴുത്തുകളിൽ ആദ്യമായി ലെബാനോൻ പറയപ്പെടുന്നത്. (ആവ, 1:7; 11:24). “നിങ്ങളുടെ അതിർ മരുഭൂമിയിൽ ലെബാനോൻ വരെയും ഫ്രാത്ത് നദി മുതൽ പടിഞ്ഞാറെ കടൽ വരെയും ആകും.” (ആവ, 11:24). ഈ പ്രദേശത്ത് യുദ്ധപ്രിയരായ ചില ജാതികൾ പാർത്തിരുന്നു. അവരെ മേരോം തടാകത്തിന്നരികെവച്ച് യോശുവ തോല്പിച്ചു. (യോശു, 11:2-18). ലെബാനോനിലെ ദേവദാരു വൃക്ഷങ്ങൾ പ്രസിദ്ധമാണ്. ശലോമോന്റെ ദൈവാലയം പണിയുന്നതിനാവശ്യമായ ദേവദാരു ഈ കാടുകളിൽ നിന്നു വെട്ടിയാണ് ഹീരാം കൊടുത്തയച്ചത്. (1രാജാ, 5:9). എസ്രായുടെ കാലത്തു നിർമ്മിച്ച രണ്ടാം ദൈവാലയത്തിന്നാവശ്യമായ തടിയും ഇവിടെനിന്നു തന്നെയായിരുന്നു ലഭിച്ചത്. (എസ്രാ, 3:7). സോരിലെ കപ്പലുകൾക്ക് ആവശ്യമായ സരളമരവും ലെബാനോനിൽ നിന്നും ആന്റിലെബാനോനിൽ (സെനീർ) നിന്നും ആണ് കൊണ്ടുവന്നിരുന്നത്. (യെഹെ, 26:5).
യെഹൂദയുടെ ഉത്തര അതിർത്തിയിലുള്ള ഒരു മല. കെസാലോൻ എന്നും പേരുണ്ട്. ആധുനിക നാമം കെസ്ല (Kesla) എന്നാണ്. യെരുശലേമിനു 17 കി.മീറ്റർ പടിഞ്ഞാറാണ് കെസ്ല. “പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.” (യോശു, 15:10).
യിസ്ഹാക്കിനെ മോരിയാ ദേശത്തുള്ള മലയിൽ കൊണ്ടുപോയി ഹോമയാഗം കഴിക്കുവാൻ ദൈവം അബ്രാഹാമിനോടു കല്പിച്ചു. (ഉല്പ, 22:2). അബ്രാഹാം അന്നു പാർത്തിരുന്ന ബേർ-ശേബയിൽ നിന്നും മൂന്നുദിവസത്തെ വഴിയുണ്ടായിരുന്നു മോരിയാ ദേശത്തേക്ക്. യെഹൂദ്യ പാരമ്പര്യം അനുസരിച്ചു മോരിയ യെരുശലേമും ശമര്യൻ പാരമ്പര്യമനുസരിച്ച് ഗെരിസീം മലയുമാണ്. ശലോമോൻ ദൈവാലയം പണിതത് മോരിയാമലയിലത്രേ. (2ദിന, 3:1). ഇവിടെവെച്ച് ദാവീദിനു ദൈവം പ്രത്യക്ഷപ്പെട്ടു. (1ദിന, 23:15-22:1).