Category Archives: Uncategorized

അർത്തെമാസ്

അർത്തെമാസ് (Artemas)

പേരിനർത്ഥം – അർത്തെമിസിന്റെ ദാനം

നിക്കൊപ്പൊലിസിൽ പൗലൊസിന്റെ സഹപ്രവർത്തകനായിരുന്നു. ക്രേത്തയിൽ തീത്തൊസിന്റെ അടുക്കൽ അർത്തെമാസിനെയോ തിഹിക്കൊസിനെയോ അയയ്ക്കുമ്പോൾ തീത്തോസിനോടു നിക്കൊപ്പൊലിസിൽ വന്നു തന്നോടു ചേരുവാൻ പൗലൊസ് എഴുതി: (തീത്തൊ, 3:12). ലുസ്ത്രയിലെ ബിഷപ്പായിരുന്നു അർത്തെമാസ് എന്നു പാരമ്പര്യം.

അർക്കെലെയൊസ്

ഹെരോദാ അർക്കെലെയൊസ് (Herod Archelaus) 

ഭരണകാലം ബി.സി. 4–എ.ഡി. 6. മഹാനായ ഹെരോദാവിനു തന്റെ ശമര്യക്കാരി ഭാര്യ മാല്തെക്കെയിൽ ജനിച്ച് പുത്രൻ. ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച മൂന്നു പുത്രന്മാരിൽ ഏറ്റവും മൂത്തവനാണു അർക്കെലയൊസ്. പിതാവിന്റെ മരണപ്പത്രം അനുസരിച്ചു അർക്കെലയൊസ് രാജാവാകേണ്ടിയിരുന്നു. അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിയോടപേക്ഷിച്ചു. റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. ഹെരോദാവിന്റെ മരണപ്പത്രം വായിച്ചു നോക്കിയ ഔഗുതൊസ് കൈസർ അർക്കെലയൊസിന് എതിരെയുള്ള എതിർപ്പു കണക്കിലെടുത്തു രാജസ്ഥാനം നല്കിയില്ല. പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. അതിൽ ശമര്യ, യെഹൂദ്യ, ഇദൂമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. രാജപദവി നിഷേധിക്കപ്പെട്ടു എങ്കിലും രാജാധികാരത്തോടു കൂടിയാണു അയാൾ ഭരിച്ചത്. ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനും ആയിരുന്നു ഇയാൾ. ഒരു പെസഹാ പെരുന്നാളിന്റെ സമയത്തു മൂവായിരം യെഹൂദന്മാരെ കൊന്നു എന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം ദുസ്സഹമായി തീർന്നപ്പോൾ യെഹൂദന്മാരുടെയും ശമര്യരുടെയും പ്രതിനിധികൾ റോമിൽ ചെന്നു ചക്രവർത്തിയോടു പരാതിപ്പെട്ടു. ചക്രവർത്തി അയാളെ സിംഹാസനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. എ.ഡി. 6-ൽ ഗാളിലേക്കു നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെ വച്ചു മരിച്ചു. തുടർന്നു അയാളുടെ പ്രദേശം ഒരു റോമൻ പ്രവിശ്യയായി. അർക്കെലയൊസ് യെഹൂദന്മാർക്ക് എതിരായിരുന്നതുകൊണ്ടു യോസേഫ് കുടുംബവുമായി യെഹൂദ്യയിലേക്കു പോകുവാൻ ഭയപ്പെട്ടു ഗലീലയിൽ താമസിച്ചു. (മത്താ, 2:22).

അർക്കിപ്പൊസ്

അർക്കിപ്പൊസ്, അർഹിപ്പൊസ് (Archippus)

പേരിനർത്ഥം – കുതിരകളുടെ അധികാരി 

സഹഭടനായ അർഹിപ്പൊസ് എന്നു പൗലൊസ് ഇയാളെക്കുറിച്ചു പറഞ്ഞിരിക്കുന്നു: (ഫിലേ, 2). ഫിലേമോന്റെ വീട്ടിലെ സഭയിൽ ഒരു പ്രധാനിയും പൗലൊസിനോടൊപ്പം സുവിശേഷഘോഷണത്തിൽ ഒരു പോരാളിയുമാണ്. പാരമ്പര്യപ്രകാരം അർഹിപ്പൊസ് ക്രിസ്തുവിന്റെ എഴുപതു ശിഷ്യന്മാരിൽ ഒരാളായിരുന്നു. ലവോദിക്യയ്ക്കടുത്തുള്ള ഖോണേയിൽ വച്ചു രക്തസാക്ഷിയായി എന്നു വിശ്വസിക്കപ്പെടുന്നു. കൊലൊസ്യ ലേഖനത്തിന്റെ അവസാനഭാഗത്ത് ആ ലേഖനം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കുകയും ലവുദിക്യയിൽ നിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്വിൻ എന്നു നിർദ്ദേശിച്ചശേഷം, ‘അർഹിപ്പൊസിനോടു’ കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ എന്ന പ്രബോധനം കാണുന്നു: (കൊലൊ, 4:17). അതുകൊണ്ടു കൊലൊസ്യസഭയിലെ ഒരു സഹശുശ്രഷകനായിരുന്നു അദ്ദേഹമെന്നു അഭിപ്രായപ്പെടുന്നവരുണ്ട്. ഫിലേമോൻ, അപ്പിയ എന്നിവരോടൊപ്പം അർക്കിപ്പൊസിനെക്കൂടി പറഞ്ഞിരിക്കുന്നതുകൊണ്ട് അയാൾ ഫിലേമോന്റെ കുടുംബാംഗം ആയിരുന്നു എന്നു അനുമാനിക്കുന്നതിൽ തെറ്റില്ല. (ഫിലേ, 2).

അരിസ്തൊബൂലൊസ്

അരിസ്തൊബൂലൊസ് (Aristobulus)

പേരിനർത്ഥം – നല്ല ഉപദേഷ്ടാവ്  

റോമാലേഖനത്തിൽ പൗലൊസ് അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുന്നു: റോമ, 16:10). ബർന്നബാസിന്റെ സഹോദരനായിരുന്നുവെന്നും, ബിഷപ്പായി അഭിഷേകം പ്രാപിച്ചുവെന്നും ബ്രിട്ടനിൽ സുവിശേഷം പ്രസംഗിച്ച് അവിടെവെച്ച് മരിച്ചു എന്നും ഒരു പാരമ്പര്യമുണ്ട്. മഹാനായ ഹെരോദാവിന്റെ ഒരു മകനായിരുന്നു അരിസ്തൊബൂലൊസ് എന്നും കുടുംബക്കാർ അദ്ദേഹത്തിന്റെ അടിമകളായിരുന്നു എന്നും ഒരു ചിന്താഗതി പ്രാബല്യത്തിലുണ്ട്.

അരിസ്തർഹൊസ്

അരിസ്തർഹൊസ് (Aristarchus)

പേരിനർത്ഥം – നല്ല ഭരണകർത്താവ് 

തെസ്സലൊനീക്യ സ്വദേശിയായ അരിസ്തർഹൊസ് അപ്പൊസ്തലനായ പൗലൊസിന്റെ സഹപ്രവർത്തകനും സഹചാരിയും ആയിരുന്നു. മൂന്നാം മിഷണറിയാത്രയിൽ പൗലൊസിനോടൊപ്പം ഉണ്ടായിരുന്നു. എഫെസൊസിൽ ദെമേത്രിയൊസ് എന്ന തട്ടാന്റെ നേതൃത്വത്തിൽ ഉണ്ടായ കലഹം നിമിത്തം ജനം അരിസ്തർഹൊസിനെയും ഗായോസിനെയും പിടിച്ചു രംഗസ്ഥലത്തു കൊണ്ടുവന്നു. ജനമെല്ലാം അവർക്കെതിരെ ഇളകി അർത്തെമിസ് ദേവിയുടെ പേരിൽ ആർത്തുവിളിച്ചുകൊണ്ടിരുന്നു. പൗലൊസിനെ ജനസമൂഹത്തിൽ വരാൻ ശിഷ്യന്മാർ സമ്മതിച്ചില്ല: (പ്രവൃ, 19:29,30). പട്ടണമേനോൻ കലഹം ശമിപ്പിക്കുകയാൽ അവർ രക്ഷപ്പെട്ടു. അനന്തരം അരിസ്തർഹൊസ് പൗലൊസിനോടൊപ്പം മക്കദോന്യവഴി യവനദേശത്തെത്തി, അതിനുശേഷം ആസ്യയിൽ വന്നു: (പ്രവൃ, 20:4). തുടർന്നു പൗലൊസിനോടുകൂടി റോമിലേക്കു പോയി: (പ്രവൃ, 27:2). പൗലൊസിന്റെ കാരാഗൃഹവാസത്തിൽ സഹായി ആയിരുന്നു. കൊലൊസ്സ്യലേഖനം എഴുതുമ്പോൾ അരിസ്തർഹൊസ് പൗലൊസിന്റെ സഹബദ്ധനായിരുന്നു: (കൊലൊ, 4:10). ഫിലേമോന്റെ ലേഖനത്തിൽ കൂട്ടുവേലക്കാരൻ എന്നു പൗലൊസ് പറഞ്ഞിട്ടുണ്ട്. (ഫിലേ, 24). പാരമ്പര്യമനുസരിച്ചു നീറോയുടെ കാലത്തു രക്തസാക്ഷിയായി.

അരവ്നാ

അരവ്നാ (Araunah) 

പേരിനർത്ഥം – യഹോവ ബലവാൻ

മോരിയാമലയിൽ ഒരു മെതിക്കളം സ്വന്തമായുണ്ടായിരുന്ന യെബൂസ്യൻ: (2ശമൂ, 24:16). യഹോവയ്ക്ക് യാഗപീഠം നിർമ്മിക്കാനായി ദാവീദ് അതിനെ വിലയ്ക്കുവാങ്ങി. ജനസംഖ്യ എടുത്തതിനു ദാവീദിനെ ശിക്ഷിക്കാനായി ദൈവം അയച്ച ദൂതൻ അരവ്നായുടെ കളത്തിനടുത്തെത്തിയപ്പോഴാണ് സംഹാരം മതിയാക്കിയത്. ദാവീദ് ഈ കളം വാങ്ങാനാഗ്രഹിച്ചപ്പോൾ സൗജന്യമായി നല്കാമെന്ന് അരവ്നാ പറഞ്ഞു. എന്നാൽ യാഗപീഠം നിർമ്മിക്കുന്നതിന് കളം വിലയ്ക്കേ വാങ്ങു എന്നു ദാവീദ് ശഠിച്ചപ്പോൾ വിലവാങ്ങി കളം നല്കി. 2ശമൂവേൽ 24:24-ൽ അമ്പതുശേക്കെൽ വെള്ളി കൊടുത്തു എന്നും, 1ദിനവൃത്താന്തം 21:25-ൽ 600 ശേക്കെൽ പൊന്നു കൊടുത്തു എന്നും കാണുന്നു. ഈ വിലയിൽ കാണുന്ന വൈരുദ്ധ്യം ഒഴിവാക്കാൻ ചില വ്യാഖ്യാതാക്കൾ ശ്രമിച്ചിട്ടുണ്ട്. കാളകൾക്കു അമ്പതു ശേക്കെൽ വെള്ളിയും കളത്തിനു 600 ശേക്കെൽ പൊന്നും നല്കിയെന്നതാണൊരു വ്യാഖ്യാനം. കാളകൾക്കും കളത്തിനുമായി 50 ശേക്കെൽ വെള്ളിയും അധികസ്ഥലത്തിനു 600 ശേക്കെൽ സ്വർണ്ണവും നല്കിയെന്നു മറ്റൊരു വ്യാഖ്യാനവും ഉണ്ട്. ഈ പ്രദേശമാണ് പിൽക്കാലത്ത് യെരൂശലേം ദൈവാലയത്തിൻ്റെ സ്ഥാനമായത്: (2ദിന,3:1). 1ദിനവൃത്താന്തം 21:18-ൽ അരവ്നായെ ഒർന്നാൻ എന്നും വിളിക്കുന്നു.

അമ്രാം

അമ്രാം (Amram)

പേരിനർത്ഥം – ഉന്നതജനം

മോശെയുടെ അപ്പൻ: (പുറ, 6:20; സംഖ്യാ, 26:59; 1ദിന, 6:3; 23:13). ലേവിയുടെ പുത്രനായി കെഹാത്തിന്റെ പുത്രൻ: (പുറ, 6:18). അമ്രാം പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു. മിര്യാം, അഹരോൻ, മോശെ എന്നിവരാണ് മക്കൾ: (സംഖ്യാ, 3:19; 1ദിന, 6:2). അമ്രാം 137 സംവത്സരം ജീവിച്ചിരുന്നു.

അമ്മീനാദാബ്

അമ്മീനാദാബ് (Amminadab)

പേരിനർത്ഥം – ഉദാരശീലരായ ജനം

ആരാമിന്റെ പുത്രനും നഹശോന്റെ പിതാവും: (മത്താ, 1:4; ലൂക്കൊ, 3:32). ആദ്യം യിസ്രായേൽ;ജനത്തിന്റെ എണ്ണമെടുക്കുമ്പോൾ നഹശോൻ (അമ്മീനാദാബിന്റെ മകൻ) യെഹൂദാ ഗോത്രത്തിലെ പ്രഭു ആയിരുന്നു: (സംഖ്യാ, 1:7; 2:3). ദാവീദിൽ നിന്ന് മേലോട്ടു ആറു തലമുറയും, യെഹൂദയിൽനിന്നു താഴോട്ട് നാലുതലമുറയും അമ്മീനാദാബിന് ഉണ്ട്. അങ്ങനെ യേശുക്രിസ്തുവിന്റെ പൂർവ്വികനാണ് അമ്മീനാദാബ്: (രൂത്ത്, 4:19,20; 1ദിന, 2:10; മത്താ, 1:4; ലൂക്കൊ, 3:33(. അഹരോന്റെ ഭാര്യയായ എലീശേബയുടെ പിതാവായ അമ്മീനാദാബും ഈ അമ്മീനാദാബും ഒരാളായിരിക്കണം: (പുറ, 6:23).

അമ്നോൻ

അമ്നോൻ (Ananon)

പേരിനർത്ഥം – വിശ്വസ്തൻ

ദാവീദിന്റെ ആദ്യജാതൻ. ഹെബ്രാനിൽ വെച്ചായിരുന്നു ജനനം. മാതാവ് യിസ്രയേല്ക്കാരത്തിയായ അഹീനോവം: (2ശമൂ, 3:2; 1ദിന, 3:1). യോനാദാബിന്റെ ഉപദേശത്താലും സഹായത്താലും അവൻ അബ്ശാലോമിന്റെ സഹോദരിയും തന്റെ അർദ്ധസഹോദരിയുമായ താമാറിനെ മാനഭംഗപ്പെടുത്തി. അതിനു പ്രതികാരമായി രണ്ടു വർഷത്തിനുശേഷം അബ്ശാലോം ബാല്യക്കാരെക്കൊണ്ട് അമ്നോനെ കൊല്ലിച്ചു: (2ശമൂ, 13:2).

അമാസ

അമാസ (Amasa)

പേരിനർത്ഥം – ഭാരം

ദാവീദിന്റെ സഹോദരിയായ അബീഗയിലിന്റെ പുത്രൻ. 2ശമൂവേൽ 17:25-ൽ അമാസയുടെ അപ്പൻ യിശ്മായേല്യനായ യേഥെർ അഥവാ യിത്രാ എന്നു പറഞ്ഞിരിക്കുന്നു: (2ശമൂ, 17:25; 1രാജാ, 2:5,32; 1ദിന, 2:17). അബ്ശാലോം ദാവീദിനെതിരായി തിരിഞ്ഞപ്പോൾ അമാസയായിരുന്നു അബ്ശാലോമിന്റെ സേനാപതി: (2ശമൂ, 17:25). അബ്ശാലോം തോൽക്കുകയും കൊല്ലപ്പെടുകയും ചെയ്തശേഷം ദാവീദ് അമാസയോടു ക്ഷമിച്ച് തന്റെ സേനാപതിയാക്കി: (2ശമൂ, 19:13). എന്നാൽ ബിക്രിയുടെ മകനായ ശേബയുടെ എതിർപ്പിനെ ഒതുക്കുവാൻ അമാസ താമസം വരുത്തി. പിന്നാലെ സൈന്യസമേതനായി ചെന്ന യോവാബ് അമാസയെ വഴിയിൽ വച്ചു ചതിവിൽ കുത്തിക്കൊന്നു: (2ശമൂ, 20:10). ഇങ്ങനെ യോവാബ് തൻ്റെ പ്രധാന പ്രതിയോഗിയെ രംഗത്തുനിന്നും നിഷ്ക്കാസനം ചെയ്തു.