Category Archives: Uncategorized

ത്യൂദാസ്

ത്യൂദാസ് (Theudas)

പേരിനർത്ഥം – ദൈവം തന്നു

ജനത്തെ വശീകരിച്ചു റോമിനെതിരെ ലഹള നടത്തിയ ഒരുവനാണ് ത്യൂദാസ്. അപ്പൊസ്തലന്മാരെ വിസ്തരിച്ച ന്യായാധിപസംഘത്തിന്റെ മുമ്പിൽ ഗമാലീയേൽ ചെയ്ത പ്രസംഗത്തിൽ ഈ സംഭവത്തെക്കുറിച്ചു പരാമർശിച്ചു. ത്യൂദാസ് എന്നൊരുവൻ എഴുന്നേറ്റു മഹാനെന്നു നടിച്ചു. ഏകദേശം 400 പേർ അവനോടു ചേർന്നു. എന്നാൽ അവനും അവരും നശിച്ചു. (പ്രവൃ, 5:35-39). താൻ മശീഹയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ത്യൂദാസ് ജനത്തെ വശീകരിച്ചത്. ത്യൂദാസിനെക്കുറിച്ച് ജൊസീഫസ് നല്കുന്ന വിവരണമിതാണ്. ‘ത്യൂദാസ് എന്നു പേരുള്ള ഒരു മാന്ത്രികൻ ജനത്തെ വശീകരിച്ചു താൻ ഒരു പ്രവാചകനാണെന്നും തന്റെ ആജ്ഞയിൽ നദി രണ്ടായി വിഭജിക്കപ്പെടുമെന്നും പ്രയാസമെന്യേ അവർക്കു നദികടക്കാൻ കഴിയുമെന്നും ഉറപ്പുനല്കി അവരെ യോർദ്ദാൻ നദിക്കരയിലേക്കു കൊണ്ടുപോയി. റോമൻ സൈന്യാധിപനായ ഫാദൂസ് (Fadus) കുതിരപ്പടയെ അയച്ച് അവരിൽ അനേകം പേരെ കൊല്ലുകയും അനേകം പേരെ ജീവനോടെ പിടിക്കുകയും ചെയ്തു. ത്യൂദാസിനെ ജീവനോടെ പിടിച്ചു തലവെട്ടിയെടുത്ത് യെരൂശലേമിലേക്കു കൊണ്ടുപോയി.’ ഈ ത്യൂദാസിൻ്റെ കാലം എ.ഡി. 44-46 ആണ്. ഗമാലീയേലിന്റെ പ്രസംഗം അതിനു മുമ്പായിരുന്നു. മാത്രവുമല്ല, പേർവഴി ചാർത്തലിന്റെ കാലത്തുണ്ടായിരുന്ന യൂദയ്ക്കു മുമ്പാണ് ത്യൂദാസ് ജീവിച്ചിരുന്നത്. അതിനാൽ മറ്റൊരു ത്യൂദാസ് ഇതുപോലൊരു വിപ്ലവം നടത്തിയിരുന്നു എന്നു കരുതുകയാണ് യുക്തം.

തേരഹ്

തേരഹ് (Terah)

പേരിനർത്ഥം – കാലഹരണം

അബ്രാഹാമിന്റെ പിതാവും നാഹോരിന്റെ പുത്രനും. (ഉല്പ, 11:24). തേരഹിന്റെ പുത്രന്മാരാണ് അബ്രാഹാം, നാഹോർ, ഹാരാൻ എന്നിവർ. (ഉല്പ, 11:26). ഇവർ കല്ദയദേശമായ ഊരിൽ നിന്നു പുറപ്പെട്ട് ഹാരാനിൽ വന്നു പാർക്കുമ്പോൾ തേരഹ് മരിച്ചു. (ഉല്പ, 11:32). തേരഹ് ഒരു വിഗ്രഹാരാധിയും വിഗ്രഹ നിർമ്മാതാവും ആയിരുന്നു. (യോശു, 24:2). തേരഹ് മരിക്കുമ്പോൾ അവന് 205 വയസ്സായിരുന്നു എന്നു കാണാം. (ഉല്പ, 11:32). എന്നാൽ, ഇത് പരിഭാഷപ്രശ്നമാണ്. 145-ാം വയസ്സിലാണ് തേരഹ് മരിക്കുന്നത്.

കാണുക: തേരഹിൻ്റെ ആയുഷ്ക്കാലം

തെർത്തുല്ലൊസ്

തെർത്തുല്ലൊസ് (Tertullus)

പേരിനർത്ഥം – മൂന്നിരട്ടി കഠിനം

തെർതൊസ് എന്ന പേരിന്റെ അല്പത്വവാചിയാണ് തെർത്തുല്ലാസ്. കൊച്ചു തെർതൊസ് എന്നർത്ഥം. ഫെലിക്സ് ദേശാധിപതിയുടെ മുമ്പിൽ പൗലൊസിനെതിരായി വാദിക്കുവാൻ മഹാപുരോഹിതനായ അനന്യാസും മൂപ്പന്മാരും കൂട്ടിക്കൊണ്ടുവന്ന വ്യവഹാരജ്ഞനാണ് തെർത്തുല്ലൊസ്. (പ്രവൃ, 24:1-2). റോമൻ കോടതികളിൽ കേസു വാദിക്കുന്നതിന് വക്കീലന്മാരുടെ സഹായം പ്രയോജനപ്പെടുത്തുന്നതിന് അനുവാദമുണ്ടായിരുന്നു. തെർത്തുല്ലൊസ് ഒരു റോമാക്കാരൻ ആയിരുന്നിരിക്കണം. ന്യായാധിപസംഘത്തിലെ അംഗങ്ങൾക്കു ലത്തീൻ ഭാഷയും റോമൻ കോടതി നടപടികളും നിശ്ചയമില്ലാത്തതുകൊണ്ട് ഒരു റോമാക്കാരന്റെ സേവനം സ്വീകരിക്കുവാനാണ് കൂടുതൽ സാധ്യതയുള്ളത്. എന്നാൽ കേസു വാദിച്ചപ്പോൾ ‘ഞങ്ങൾ’ എന്ന ഉത്തമപുരുഷ സർവ്വനാമം ഉപയോഗിച്ചതുകൊണ്ട് തെർത്തുല്ലൊസിനെ യെഹൂദനെന്നു കരുതുന്നവരുമുണ്ട്. പൗലൊസിനെതിരെയുള്ള അന്യായം വളരെ ശാസ്ത്രീയമായും സംക്ഷിപ്തമായും അയാൾ അവതരിപ്പിച്ചു.

തെർതൊസ്

തെർതൊസ് (Tertius)

പേരിനർത്ഥം – മൂന്നാമൻ

ഒരു ലത്തീൻനാമമാണ് തെർതൊസ്. പൗലൊസ് തന്റെ ലേഖനങ്ങൾ പറഞ്ഞു കൊടുത്തു മറ്റൊരാളെക്കൊണ്ട് എഴുതിക്കുകയായിരുന്നു പതിവ്. ലേഖനത്തിന്റെ ഒടുവിൽ പൗലൊസ് തന്നെ വന്ദനം എഴുതിച്ചേർത്തു ഒപ്പു വച്ചിരുന്നു എന്നു കരുതപ്പെടുന്നു. (1കൊരി, 16:21; ഗലാ, 6:11; കൊലൊ, 4:18). പൗലൊസിൽ നിന്നും കേട്ട് റോമാലേഖനം എഴുതിയ വ്യക്തി തെർതൊസ് ആണ്. ലേഖനത്തിന്റെ അവസാനഭാഗത്ത് തെർതൊസിന്റെ വന്ദനവും ചേർത്തിട്ടുണ്ട്. (റോമ, 16:22).

തെയോഫിലോസ്

തെയോഫിലോസ് (Theophilus)

പേരിനർത്ഥം – ദൈവത്തിന്റെ സ്നേഹിതൻ

ലൂക്കൊസ് സുവിശേഷം, അപ്പൊസ്തലപ്രവൃത്തികൾ എന്നീ പുസ്തകങ്ങൾ ഒരു തെയോഫിലോസിനെ അഭിസംബോധനം ചെയ്താണ് എഴുതിയിരിക്കുന്നത്. (ലൂക്കൊ, 1:1; പ്രവൃ, 1:1). തെയോഫിലോസ് ആരാണെന്നതിനെക്കുറിച്ച് അഭിപ്രായ ഐക്യമില്ല. ദൈവത്താൽ സ്നേഹിക്കപ്പെടുന്നവൻ എന്ന അർത്ഥത്തിൽ ക്രിസ്ത്യാനികളെ പൊതുവെ സൂചിപ്പിക്കുന്ന ഒന്നായി ഈ പേരിനെ പലരും മനസ്സിലാക്കുന്നു. എന്നാൽ തെയോഫിലൊസ് ഒരു വ്യക്തിനാമം എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. ഏതോ ഒരു മഹാപുരുഷനെയാണ് ഈ പേർ നിർദ്ദേശിക്കുന്നത്. തെയോഫിലോസിന്റെ വിശേഷണമായ ശ്രീമാൻ (ക്രാറ്റി സ്റ്റോസ്) ഉന്നതാധികാരമുള്ള ഉദ്യോഗസ്ഥരെ സംബോധന ചെയ്യുന്ന പദമാണ്. ക്രാറ്റിസ്റ്റോസ് എന്ന ഗ്രീക്കുപദത്തിന് അത്യുത്തമൻ, കുലീനതമൻ എന്നീ അർത്ഥങ്ങളുണ്ട്. മറ്റു സ്ഥാനങ്ങളിൽ പ്രസ്തുത ഗ്രീക്കുപദത്തിനു രാജശ്രീ എന്നാണ് തർജ്ജമ. (പ്രവൃ, 23:26; 24:3; 26:25). പുതിയനിയമകാലത്ത് യെഹൂദരുടെയും ഗ്രേക്കരുടെയും ഇടയിൽ പ്രചാരമുള്ള ഒരു പേരായിരുന്നു ഇത്. സന്ദർഭത്തിൽ നിന്നു റോമിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു തെയോഫിലൊസ് എന്നു കരുതേണ്ടിയിരിക്കുന്നു.

തുഹിക്കൊസ്

തുഹിക്കൊസ് (Tychicus)

പേരിനർത്ഥം – നിയതമായ

പൗലൊസിന്റെ സഹപ്രവർത്തകരിലൊരാൾ. തുഹിക്കൊസ് ആസ്യക്കാരനാണ്. പൗലൊസ് മൂന്നാം മിഷണറിയാത്ര കഴിഞ്ഞു മടങ്ങി വന്നപ്പോൾ ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും മറ്റു ചിലരോടൊപ്പം ആസ്യവരെ അപ്പൊസ്തലനോടു കൂടെ പോയി. (പ്രവൃ, 20:4). ത്രൊഫിമൊസ് പൗലൊസിനോടൊപ്പം യെരൂശലേമിലേക്കു പോയി. (പ്രവൃ, 21:19). എന്നാൽ തുഹിക്കൊസ് ആസ്യയിൽ തന്നെ കഴിഞ്ഞു. (20:15). പൗലൊസിന്റെ ഒന്നാമത്തെ കാരാഗൃഹവാസത്തിൽ ഇയാൾ അപ്പൊസ്തലനോടൊപ്പം ഉണ്ടായിരുന്നു. (കൊലൊ, 4:7-8; എഫെ, 6:21-22). അർത്തമാസിനെയോ തിഹിക്കൊസിനെയോ കേത്തയിലേക്കു അയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്നു തന്നെ കാണുവാൻ പൌലൊസ് തീത്തൊസിനെഴുതി. (തീത്തോ, 3:2). തന്റെ രണ്ടാമത്തെ കാരാഗൃഹവാസത്തിൽ റോമിൽ വച്ചു ‘തിഹിക്കൊസിനെ ഞാൻ എഫെസൊസിലേക്കു അയച്ചിരിക്കുന്നു’ എന്നു പൗലൊസ് തിമൊഥയൊസിനെഴുതി. (2തിമൊ, 4:12). യെരൂശലേമിലെ ദരിദ്ര ക്രിസ്ത്യാനികൾക്കു വേണ്ടിയുളള ദ്രവ്യശേഖരത്തിൽ തീത്തൊസിനെ സഹായിച്ച രണ്ടു സഹോദരന്മാരിലൊരാൾ തുഹിക്കൊസ് ആയിരുന്നിരിക്കണം. (2കൊരി, 8:16-24).

തുറന്നൊസ്

തുറന്നൊസ് (Tyrannus)

പേരിനർത്ഥം – സേച്ഛാധിപതി

എഫെസൊസിൽ താമസിക്കുമ്പോൾ പൗലൊസ് രണ്ടുവർഷം തുറന്നൊസിന്റെ പാഠശാലയിൽ പഠിപ്പിച്ചു. (പ്രവൃ, 19:19). സിനഗോഗ് വിട്ടശേഷമാണ് പൃലൊസ് ഈ പാഠശാലയിൽ പഠിപ്പിച്ചത്. അതിൽനിന്ന് തുറന്നൊസ് യവനനായിരുന്നു എന്നു വിചാരിക്കാം.

തിമോൻ

തിമോൻ (Timon)

പേരിനർത്ഥം – യോഗ്യൻ

മേശയിൽ ശുശ്രൂഷിക്കുന്നതിന് തിരഞ്ഞെടുത്ത ഏഴുപേരിൽ ഒരാൾ. “ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,” (പ്രവൃ, 6:5). ഇയാളെക്കുറിച്ച് മറ്റൊരറിവുമില്ല.

തിമായി

തിമായി (Timaeus)

പേരിനർത്ഥം – വളരെ വിലമതിക്കുന്നു

യേശുക്രിസ്തു യെരീഹോവിൽ വെച്ചു സൗഖ്യമാകിയ ബർത്തിമായി ഏന്ന കുരുടനായ മനുഷ്യൻ്റെ അപ്പൻ. “അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.” (മർക്കൊ, 10:46). ബർത്തിമായി = തിമായിയുടെ പൂത്രൻ.

തിബെര്യാസ് കൈസർ

തിബെര്യാസ് കൈസർ (Tiberius Caesar)

പൂർണ്ണനാമം തിബെര്യാസ് ക്ലൗദ്യൊസ് നെറൊ കൈസർ (Tiberius Claudius Nero Caesar) ആണ്. ഔഗുസ്തൊസ് കൈസറിനുശേഷം റോമിന്റെ ചക്രവർത്തിയായി സ്ഥാനമേറ്റു. ഭരണകാലം എ.ഡി. 14-37. ചക്രവർത്തിയാകുന്നതിനു മുമ്പുതന്നെ പല യുദ്ധങ്ങളിലും ഒരു സമർത്ഥനായ സൈന്യാധിപൻ എന്നു തെളിയിച്ചു കഴിഞ്ഞു. ഒരു നല്ല വാഗ്മിയും ഭരണ നിപുണനും ആയിരുന്നു. എന്നാൽ ഭരണം കൈയേറ്റു കഴിഞ്ഞപ്പോൾ ഒരു വിഭിന്ന വ്യക്തിയായി മാറി. തുടർന്നുള്ള ജീവിതം ഉദാസീനത, നിഷ്ക്രിയത്വം ഭോഗലോലുപത എന്നിവയുടേതായിരുന്നു. ഭരണത്തിൽ ഏകാധിപത്യ പ്രവണതയാണ് കാട്ടിയത്. ക്രൂരനും നിഷ്ഠരനുമായിത്തീർന്ന തിബെര്യാസ് പ്രതികാരദാഹിയായിരുന്നു. ഇരുപത്തിമൂന്നു വർഷത്തെ ഭരണത്തിനു ശേഷം 78-ാമത്തെ വയസ്സിൽ മരിച്ചു. തിബെര്യാസ് കൈസറിൻ്റെ വാഴ്ചയുടെ പതിനഞ്ചാമാണ്ടിലാണ് യോഹന്നാൻ സ്നാപകൻ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 3:1).