Category Archives: Uncategorized

സുഖാർ

സുഖാർ (Sychar)

ശമര്യയിൽ ഏബാൽ മലയുടെ കിഴക്കെ ചരിവിലുള്ള ഒരു നഗരം. ‘യാക്കോബിന്റെ കിണറി’ൽ നിന്ന് ഏകദേശം ഒരു കി.മീറ്റർ അകലെയുള്ള അസ്ക്കാർ ഗ്രാമമാണ് പഴയ സുഖാർ. യേശു ശമരിയക്കാരി സ്ത്രീയുമായി സംവാദം നടത്തി സ്ഥലമാണ് യാക്കോബിന്റെ കിണർ. ആ സ്തീ സുഖാറിൽ നിന്ന് വെള്ളം കോരാൻ വന്നതാണ്. (യോഹ . 4:8). ഓൾ ബ്രൈറ്റിൻ്റെ അഭിപ്രായത്തിൽ പ്രാചീന ശെഖേം ആണ് സുഖാർ.

സുക്കോത്ത്

സുക്കോത്ത് (Succoth)

പേരിനർത്ഥം — കുടാരങ്ങൾ

ഗാദിലെ ഒരു പട്ടണം. സാരെഥാനു സമീപം യോർദ്ദാൻ താഴ്വരയിലാണ് സുക്കോത്ത്. (1രാജാ, 7:46). പദ്ദൻ-അരാമിൽ നിന്നും മടങ്ങിവന്ന യാക്കോബ് സുക്കോത്തിൽ തനിക്കു ഒരു വീടും കാലിക്കുട്ടത്തിനു തൊഴുത്തുകളും കെട്ടി. (ഉല്പ, 33:17). അതുകൊണ്ട് ആ സ്ഥലം സുക്കോത്ത് എന്നറിയപ്പെട്ടു. സീഹോന്റെ രാജ്യത്തിന്റെ ഭാഗമായിരുന്ന സുക്കോത്ത് ഗാദ്യർക്കു നല്കി. (യോശു, 13:27). ഗിദെയോൻ മിദ്യാന്യ രാജാക്കന്മാരായ സേബഹിനെയും സല്മുന്നയെയും പിന്തുടർന്നപ്പോൾ പട്ടിണികൊണ്ടു വലഞ്ഞ സൈന്യത്തിനു ഭക്ഷണം കൊടുക്കുവാൻ സുക്കോത്തിലുള്ളവരോട് ആവശ്യപ്പെട്ടു. സുക്കോത്തിലെ പ്രഭുക്കന്മാർ ധിക്കാരത്തോടെ മറുപടി പറഞ്ഞു. വിജയിയായി മടങ്ങി വന്ന ഗിദയോൻ അവരെ ശിക്ഷിച്ചു. (ന്യായാ, 8:5-16). സുക്കോത്തിന്നരികെവച്ചു ശലോമോൻ ദൈവാലയത്തിന് ആവശ്യമായ താമ്രോപകരണങ്ങൾ വാർപ്പിച്ചു. (1രാജാ, 7:46; 2ദിന, 4:17). നീതിമാന്മാരുടെ അവകാശമായി സുക്കോത്തിനെക്കുറിച്ചു രണ്ടു പ്രാവശ്യം സങ്കീർത്തനങ്ങളിൽ പറയുന്നു. (60:6; 108:7). 

റയംസേസിൽ നിന്നു പുറപ്പെട്ട യിസ്രായേൽ മക്കൾ ആദ്യം താവളമടിച്ച സ്ഥലത്തിനും സുക്കോത്ത് എന്നാണ് പേര്. (പുറ, 12:37; 13:20; സംഖ്യാ, 33:5).

സീയോൻ

സീയോൻ (Zion)  

യെരൂശലേമിൽ കിദ്രോൻ താഴ്വരയ്ക്കും ടൈറോപൊയിയൊൻ താഴ്വരയ്ക്കും ഇടയ്ക്കുള്ള പർവ്വതത്തിന്റെ തെക്കെ അറ്റമാണ് സീയോൻ. മോരിയാപർവ്വതം എന്നു വിളിക്കപ്പെടുന്ന വടക്കുകിഴക്കുള്ള കുന്നിൽ ദൈവാലയം പണിതതിനുശേഷം പ്രസ്തുത കുന്നിനെയും സീയോൻ എന്നു വിളിച്ചു. അനന്തരകാലത്തു യെരുശലേം നഗരം വളർന്നതോടു കൂടി സീയോൻ വിശുദ്ധനഗരത്തിന്റെ പര്യായമായി. (സങ്കീ, 126:1; യെശ, 1:26,27). ദാവീദ് യെരൂശലേം പിടിച്ചടക്കുന്നതിനുമുമ്പു യെബൂസ്യരുടേതായിരുന്നു സീയോൻ കോട്ട. (2ശമൂ, 5:7). ദാവീദ് ഇതിന് ‘ദാവീദിന്റെ നഗരം’ എന്നു പേരിട്ടു. (2ശമൂ, 5:9). അവിടെ അരമന പണിതു. (2ശമൂ, 5:11). യെബൂസ്യനായ അരവ്നയുടെ കളം വാങ്ങി ദാവീദ് ഒരു യാഗപീഠം പണിതു. (2ശമൂ, 24:18). ശലോമോൻ രാജാവ് ദൈവാലയം പണിതതും ഇവിടെത്തന്നേ. യേശുക്രിസ്തു രാജാവായി വാഴുന്ന സഹസാബ്ദയുഗത്തിൽ യെരുശലേം സീയോൻ എന്നറിയപ്പെടും. (യെശ, 1:27; 2:3; 4:1-6; യോവേ, 3:16; സെഖ, 1:16,17; 8:3-8). നിത്യനഗരമായ പുതിയ യെരുശലേമിനും സീയോൻ എന്ന പേരു പുതിയനിയമത്തിൽ കാണാം. (എബ്രാ, 12:22-24). അപ്പൊസ്തലനായ യോഹന്നാൻ കുഞ്ഞാടും അവനോടുകൂടെ 144000 പേരും സീയോൻ മലയിൽ നില്ക്കുന്നതായി ദർശനത്തിൽ കണ്ടു. (വെളി, 14:1).

സീനായി

സീനായി (Sinai)

അക്കാബാ ഉൾക്കടലിനും സൂയസിനും ഇടയ്ക്കു പാരാൻ മരുഭൂമിക്കു തെക്കായി കിടക്കുന്ന ഉപദ്വീപാണ് സീനായി. ത്രികോണാകൃതിയായ ഈ ഉപദ്വീപിനു 240 കി.മീറ്റർ വീതിയും 400 കി.മീറ്റർ നീളവുമുണ്ട്. ഈ പ്രദേശം മുഴുവൻ മരുഭൂമിയും മലമ്പ്രദേശവുമാണ്. മിസ്രയീമ്യർ ഇവിടെ വന്നു ഇന്ദ്രനീലക്കല്ല്, ഇരുമ്പ്, ചെമ്പ് മുതലായവ ഖനനം ചെയ്തിരുന്നു. മിസ്രയീമിൽ നിന്നും പുറപ്പെട്ട യിസ്രായേല്യർ മൂന്നാം മാസം സീനായിൽ എത്തി. (പുറ, 19:1).

സീനായി പർവ്വതം ബൈബിളിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. ഇതിന്റെ മറുപേരാണ് ഹോരേബ്. (പുറ, 3:2, 12; 19:1,2, 10,11). ചെങ്കടലിനു സമീപമായി സീനായി ഉപദ്വീപിന്റെ തെക്കുഭാഗത്തു മദ്ധ്യത്തായി ഒരു പർവ്വതമുണ്ട്. അതിനു 3 കി.മീറ്റർ നീളമുണ്ട്. അതിന്റെ രണ്ടു കൊടുമുടികളാണ് റാസ് എസ് സാഫ് സാഫും (1993 മീറ്റർ ഉയരം) ജെബൽ മൂസയും (2244 മീ). പാരമ്പര്യമനുസരിച്ച് പൊക്കം കൂടിയ തെക്കൻ കൊടുമുടിയായ ജെബൽ മൂസാ അഥവാ മോശയുടെ പർവ്വതം അണ് സീനായിപർവ്വതം. സീനായി പർവ്വതത്തിനടുത്തുവച്ചാണ് യഹോവ മോശയ്ക്കു പ്രത്യക്ഷപ്പെട്ടു മിസ്രയീമ്യ അടിമത്തത്തിൽ നിന്ന് യിസ്രായേല്യരെ വീണ്ടെടുക്കുവാൻ മോശയെ നിയോഗിച്ചത്. (പുറ, 3:1-10; അപ്പൊ, 7:30). പാറയെ അടിച്ചു മോശെ യിസ്രായേൽ മക്കൾക്കു ജലം നൽകിയതും, ന്യായപ്രമാണം മോശെയിലൂടെ ലഭിച്ചതും, അഹരോൻ പൊന്നുകൊണ്ടു കാളക്കുട്ടി നിർമ്മിച്ചതും സീനായിൽ വച്ചായിരുന്നു. ജെബൽ മൂസാ പർവ്വതത്തിന്റെ അടിവാരത്തിൽ വിശുദ്ധ കാതറൈൻ സന്യാസിമഠം സ്ഥിതിചെയ്യുന്നു. ബൈബിളിന്റെ പ്രാചീന കൈയെഴുത്തു പ്രതിയായ സീനായിഗന്ഥം ഈ സന്യാസിമഠത്തിൽ നിന്നാണ് ലഭിച്ചത്. സീനായി പർവ്വതത്തെക്കുറിച്ചുള്ള മൂന്നു പുതിയനിയമ സുചനകൾ. (പ്രവൃ, 7 : 30, 38; ഗലാ, 4:21-31; എബ്രാ, 12:19-22).

സീൻ

സീൻ മരുഭൂമി (wilderness of Sin)

ഏലീമിനും സീനായിക്കും മദ്ധ്യേയുള്ള മരുഭൂമി: (പുറ, 16:1; 17:1; സംഖ്യാ, 33:11,12). ചെങ്കടലിന്റെ കിഴക്കെ തീരത്തു കിടക്കുന്ന സമഭൂമിയാണിത്. മരുഭൂമി പ്രയാണത്തിൽ യിസ്രായേൽ മക്കൾ സീൻ മരുഭൂമിയിൽ വച്ച് പിറുപിറുത്തു. യഹോവ അവർക്കു കാടപ്പക്ഷിയും മന്നയും അത്ഭുതകരമായി നല്കി. (പുറ, 16:1; 17:1; സംഖ്യാ, 33:11,12). 

പലസ്തീന്റെ തെക്കുഭാഗത്തുള്ള സീൻ മരുഭൂമി: (സംഖ്യാ, 13:21; 20:1; 27:14; 33:36; 34:3; ആവ, 32:51; യോശു, 15:1). കനാനിലേക്കുള്ള പ്രയാണത്തിൽ യിസ്രായേല്യർ സീൻ മരുഭൂമി കടന്നു. (സംഖ്യാ, 13:21). മിര്യാം മരിച്ചതും അടക്കപ്പെട്ടതും ഇവിടെവെച്ചാണ്. (സംഖ്യാ, 20:1). കാദേശ് ബർന്നെയ സീൻ മരുഭൂമിയുടെ അതിരുകൾക്കുള്ളിലാണ്. (സംഖ്യാ, 20:1; 27:14; 33:36). ഇതിനു കിഴക്കു ഏദോമും തെക്കുകിഴക്കു യെഹൂദയും (യോശു, 15:1-3) തെക്ക് പാരാൻ മരുഭൂമിയുമാണ്.

ഈജിപ്റ്റിലെ ഒരു പട്ടണം (Zin): ഗ്രീക്കുകാർ ഇതിനെ പെലൂസിയം എന്നു വിളിച്ചു. യുദ്ധതന്ത്രപ്രാധാന്യമുള്ള ഈ പട്ടണം പിടിച്ചാൽ മാത്രമേ ഈജിപ്റ്റിനകത്തു പ്രവേശിക്കാനാവൂ. സീനിനെ മിസ്രയീമിന്റെ കോട്ട എന്നു യെഹെക്കേൽ പ്രവാചകൻ പ്രസ്താവിച്ചു. (30:15,16).

സീദോൻ

സീദോൻ (Sidon)

സോരിനും (Tyre) ബെയ്തട്ടിനും (Beirut) ഇടയ്ക്കുള്ള ഫിനിഷ്യൻ പട്ടണം. പഴയനിയമകാലത്ത് ഫിനിഷ്യയിലെ പ്രധാന പട്ടണമായിരുന്നു. ഇന്നു സയ്ദ (Saida) എന്നറിയപ്പെടുന്നു. സോരിനു 40 കി.മീറ്റർ വടക്കായി മെഡിറ്ററേനിയൻ സമുദ്രത്തിലേക്കു തള്ളി നിൽക്കുന്ന ചെറിയ കുന്നിൽ സീദോൻ സ്ഥിതിചെയ്തിരുന്നു. പട്ടണത്തിനു പിന്നിലായി ഫലഭൂയിഷ്ഠമായ സമതലമാണ്. ഇന്നവിടെ ഓറഞ്ചും നാരകവും വളരുന്നു. പട്ടണത്തെ സംരക്ഷിക്കുന്നതിനു ഒരു മതിൽ പണിതിട്ടുണ്ട്. തെക്കും വടക്കും ഓരോ തുറമുഖമുണ്ട്. ചില ചെറിയ ദ്വീപുകൾ ശക്തമായ തിരമാലകളെ തടഞ്ഞു നിർത്തുന്നു. സീദോന്യരുടെ പ്രധാനതൊഴിൽ കൃഷിയും മീൻപിടിത്തവും കച്ചവടവും ആണ്. സോർ, ബിബ്ളൊസ് എന്നിവയെപ്പോലെ ഒരു പൗരാണിക നഗരമാണ് സീദോൻ. ബി.സി. 14-ാം നൂറ്റാണ്ടിലെ അമർണാ എഴുത്തുകളിൽ സീദോൻ രാജാവായ സിമ്രെദാ (Zimreda) അമോര്യ രാജാവിനോടു കൂറു പുലർത്തിയിരുന്നതായി പറയുന്നു. ഈജിപ്റ്റിനു സീദോനുമേലുള്ള പിടി അയഞ്ഞപ്പോൾ ഹിത്യർ, ഹപിരു, വടക്കുള്ള തീരവാസികൾ എന്നിവർ സീദോനെ കീഴടക്കാൻ ശ്രമിച്ചു. എങ്കിലും സീദോൻ സ്വാതന്ത്ര്യം കാത്തു സൂക്ഷിച്ചു. 

കനാന്റെ ആദ്യജാതനാണ് സീദോൻ. (ഉല്പ, 10:15; 1ദിന, 1:13). കനാന്യരുടെ വടക്കെ അതിരിലായിരുന്നു സീദോൻ. (ഉല്പ, 10:15; 49:13; 2ശമൂ, 24:6). യോശുവ 11:8-ലും 19:28-ലും സീദോനെ മഹാനഗരമെന്നു വിളിക്കുന്നു. ആശേർ ഗോത്രത്തിന്റെ അതിരിന്നടുത്തായിരുന്നെങ്കിലും (ന്യായാ, 1:31) അതൊരിക്കലും യിസ്രായേൽ ദേശത്തിലുൾപ്പെട്ടിരുന്നില്ല. ഫിനിഷ്യ, ഫിനിഷ്യർ എന്ന വിവക്ഷയോടുകുടി സീദോൻ, സീദോന്യർ എന്നീ പദങ്ങൾ അനേകം പ്രാവശ്യം തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. (ആവ, 3:9; ന്യായാ, 3:3; 10:6, 12; 18:7; 1രാജാ, 5:6; 11:1, 5, 33; 16:31; 2രാജാ, 23:13). സോരിലെ രാജാവായ എത്ത്-ബാലിനെയാണ് 1രാജാക്കന്മാർ 16:31-ൽ സീദോന്യ രാജാവെന്നു പറയുന്നത്. ആഹാബിന്റെ കാലത്തു സീദോൻ പ്രബലമായിരുന്നില്ല. സീദോനും സോരും അഷുർനസിർപാൾ II (ബി.സി. 876), ശല്മനേസർ III (858-824), തിഗ്ലത്ത്-പിലേസർ III (744-727) ശല്മനേസർ V (727-722) എന്നീ അശ്ശൂർ രാജാക്കന്മാർക്കു കപ്പം കൊടുത്തു. അശ്ശൂര്യർ സോരിന്നെതിരെ സീദോനെ സഹായിക്കുവാൻ താൽപര്യം കാണിച്ചിരുന്നു. യിസ്രായേൽ പ്രവാചകന്മാർ ഈ പട്ടണങ്ങളുടെ നാശം പ്രവചിച്ചു. (യെശ, 23; യിരെ, 25:22; 27:3-6; 47:4; യെഹെ, 28:20-23; യോവേ, 3:4). യെഹെസ്ക്കേൽ പ്രവാചകന്റെ കാലത്ത് സോർ പബലപ്പെട്ടിരുന്നു. 

സീദോന്യർ സോര്യർക്കു തണ്ടേലന്മാരായി വർത്തിച്ചു. (യെഹെ, 27:8). ബി.സി. 705-ൽ സീദോൻ രാജാവായ ലുലി (Luli) സഖികളോടൊത്തു അശ്ശൂര്യൻ ആധിപത്യത്ത എതിർത്തു. ബി.സി. 701-ൽ സൻഹേരീബ് എതിർപ്പിനെ നിശ്ശേഷം തകർത്തു. ലുലി സൈപ്രസിലേക്കു പലായനം ചെയ്തു. സൻഹേരീബ് എത്ത്-ബാലിനെ അനന്തരഗാമിയായി നിയമിച്ചു. എത്ത്-ബാലിന്റെ പുത്രനും അശ്ശൂരിനെ എതിർത്തു. അന്നു അശ്ശൂർ രാജാവായിരുന്ന ഏസെർ-ഹദ്ദോൻ നഗരത്തെ നശിപ്പിച്ചശേഷം സീദോന്റെ പരിസരത്തു ഒരു പുതിയ പട്ടണം പണിയാൻ ശ്രമിച്ചു. പക്ഷേ സീദോൻ വീണ്ടും വളർന്നു. അല്പകാലത്തേക്കു (609-593) സീദോൻ ഈജിപ്റ്റിനു അധീനമായിരുന്നു. തുടർന്ന് നെബൂഖദ്നേസറിന്റെ ആധിപത്യത്തിൻ കീഴിലായ സീദോൻ അനന്തരം പേർഷ്യൻ ഭരണത്തിലായി. ബി.സി. 333-ൽ ഒരു യുദ്ധം കൂടാതെ തന്നെ സീദോൻ അലക്സാണ്ടർ ചക്രവർത്തിക്കു കീഴടങ്ങി. സൈലുക്യരുടെ കാലത്തു സീദോനു ഒരു സ്വതന്ത്രപദവി ലഭിച്ചു. ബി.സി. 64-ൽ പോംപി ഫിനിഷ്യയിൽ റോമൻ ഭരണം സ്ഥാപിച്ചപ്പോൾ ഈ സ്ഥിതി മാറി. എന്നിട്ടും ഒരു സമ്പന്ന നഗരമായി സീദോൻ തുടർന്നു. റോമൻ ഭരണകാലത്ത് സീദോന്റെ വാണിജ്യം തകർന്നു. ഫിനിഷ്യരുടെ കുത്തകയായിരുന്ന രക്താംബര വ്യവസായം നശിച്ചു; ഒപ്പം ദേവദാരു വ്യവസായവും. (1ദിന, 22:4; എസ്രാ, 3:7). 

പുതിയനിയമത്തിൽ സീദോനും സീദോന്യരും ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്നുണ്ട്. (മത്താ, 11:21,22; ലൂക്കൊ, 4:26; 10:13,14; പ്രവൃ, 12:20). യേശു സീദോനിൽ പോയി അവിടെ പ്രസംഗിച്ചു. (മത്താ, 15:21; മർക്കൊ, 7:24, 31; 3:8; ലൂക്കൊ, 6:17). റോമിലേക്കുള്ള വഴിയിൽ പൗലൊസ് സീദോൻ സന്ദർശിച്ചു. (പ്രവൃ, 27:3).

സലമീസ്

സലമീസ് (Salamis)

പേരിനർത്ഥം — സമാധാനം

സൈപ്രസ് ദ്വീപിലെ ഒരു പ്രധാന പട്ടണം. സെലൂക്യ വിട്ടശേഷം പൗലൊസും ബർന്നബാസും ആദ്യം സന്ദർശിച്ചു സുവിശേഷം പ്രസംഗിച്ച സ്ഥലം. (പ്രവൃ, 13:5). വളരെയധികം യെഹൂദന്മാർ അവിടെ പാർത്തിരുന്നു. ഫാമഗുസ്ത എന്ന അധുനിക നഗരത്തിനു സമീപം സലമീസിൻ്റെ അവശിഷ്ടങ്ങൾ കാണാം.

സർദ്ദിസ്

സർദ്ദിസ് (Sardis)

പശ്ചിമ ഏഷ്യാമൈനറിലെ ഒരു പട്ടണം. സ്മുർന്നയ്ക്ക് 25 കി.മീറ്റർ കിഴക്കാണ് സ്ഥാനം. പ്രാചീന ലുദിയയുടെ തലസ്ഥാനമായിരുന്നു. വെളിപ്പാട് പുസ്തകത്തിലെ ഏഴു സഭകളിൽ അഞ്ചാമത്തതു സർദ്ദിസ് സഭയാണ്. (1:11, 3:1, 4). മനോഹരമായ കാലാവസ്ഥയും സമ്പൽസമൃദ്ധിയും ഈ പട്ടണത്തെ പ്രാചീനകാലത്ത് എല്ലാവരുടെയും ശ്രദ്ധകേന്ദ്രമാക്കിയിരുന്നു. ബി.സി. 546-ൽ പാർസി രാജാവായ കോരെശ് സർദ്ദിസിനെ കീഴടക്കി. ബി.സി. 189-ൽ റോമിനു വിധേയമായതോടു കൂടിയാണ് സർദ്ദിസ് പ്രാധാന്യത്തിലേക്കു വന്നത്. ഇന്ന് സാർട്ട് (Sart) എന്ന പേരിലറിയപ്പെടുന്ന ഒരു കൊച്ചു ഗ്രാമമാണ് സർദ്ദിസ്. സമ്പന്നരായ സർദ്ദിസിലെ ജനത സൈബലയുടെ മാർമ്മികമതം പിന്തുടർന്നിരുന്നു. ഈ നഗരത്തിന്റെ നഷ്ടശിഷ്ടങ്ങളിൽ നിന്നും ബി.സി. 4-ാം നൂറ്റാണ്ടിൽ നിർമ്മിച്ച അർത്തെമീസ് ദേവീക്ഷേത്രത്തിന്റെ ഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്. എ.ഡി. 4-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഒരു ക്രൈസ്തവ ദൈവാലയത്തിന്റെയും ഭാഗങ്ങൾ കിട്ടിയിട്ടുണ്ട്.

സമൊത്രാക്കെ

സമൊത്രാക്കെ (Samothrace)

ഈജിയൻ കടലിന്റെ വടക്കുകിഴക്കുള്ള ചെറിയ ദ്വീപ്. ആധുനികനാമം സാമൊത്രാകീ. പർവ്വതപ്രദേശമാണ്. ഇതിന്റെ ഒരു കൊടുമുടിക്കു ഏകദേശം 1650 മീറ്റർ ഉയരമുണ്ട്. നവപൊലിക്കു പോയപ്പോൾ പൗലൊസ് ഇവിടം സന്ദർശിച്ചു. (പ്രവൃ, 16:11). ത്രോവാസിലേക്കു മടങ്ങി വന്നപ്പോഴും അപ്പൊസ്തലൻ ഇവിടം സന്ദർശിച്ചിരിക്കണം. (പ്രവൃ, 20:16). തുറമുഖത്തിന്റെ അറ്റത്തു ഒരു പ്രാചീന ക്രൈസ്തവ ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ 1938-ൽ കണ്ടെടുക്കുകയുണ്ടായി.

ശെഖേം

ശെഖേം (Shechem)

പേരിനർത്ഥം — തോൾ

പലസ്തീനിലെ ഒരു പ്രധാന പട്ടണം. എഫ്രയീം മലനാട്ടിൽ സ്ഥിതിചെയ്യുന്നു. ശെഖേമിൽ (ഉല്പ, 33:19) നിന്നു പട്ടണത്തിനോ പട്ടണത്തിൽ നിന്നു ശെഖേമിനോ പേർ കിട്ടിയതെന്നു നിശ്ചയമില്ല. മലയുടെ പാർശ്വത്തിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് തോൾ അഥവാ ചരിവു എന്ന് അർത്ഥത്തിലുള്ള ശെഖേം പട്ടണത്തിന്റെ ഭൂമിശാസ്ത്ര സ്വഭാവത്തെ വെളിപ്പെടുത്തുന്നു. (യോശു, 20:7; 1രാജാ, 12:25; ന്യായാ, 9:6). ശെഖേമിൽ വച്ചു യഹോവ അബ്രാഹാമിനു പ്രത്യക്ഷപ്പെട്ടു; അവന്റെ സന്തതിക്കു ദേശം കൊടുക്കുമെന്നു വാഗ്ദാനം ചെയ്തു. അബ്രാഹാം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു. (ഉല്പ, 12:6,7). പദ്ദൻ-അരാമിൽ നിന്നു മടങ്ങിവന്ന യാക്കോബ് ശെഖേമിൽ പാർപ്പുറപ്പിച്ചു, ഹമോരിന്റെ പുത്രന്മാരിൽ നിന്നും നിലം വാങ്ങി. (ഉല്പ, 33:18-19; യോശു, 24:32). പട്ടണത്തിനും പട്ടണത്തിന്റെ പ്രഭുവിനും ശെഖേം എന്നു പറയുന്നതായി ഉല്പത്തി 33-34-ൽ കാണാം. യാക്കോബ് ശെഖേമിലായിരുന്നപ്പോഴാണ് ദേശത്തിന്റെ പ്രഭുവായ ശെഖേം യാക്കോബിന്റെ പുത്രി ദീനയോട് വഷളത്തം പ്രവർത്തിച്ചത്. അവളുടെ സഹോദരന്മാരായ ശിമെയോനും ലേവിയും പട്ടണത്തോടു പ്രതികാരം ചെയ്ത് അതിനെ നശിപ്പിച്ചു. (ഉല്പ, 34). യോസേഫിന്റെ സഹോദരന്മാർ ശെഖേമിൽ ആടു മേച്ചിരുന്നു. അവരുടെ സുഖവർത്തമാനം അറിയുന്നതിനു വേണ്ടി യോസേഫ് പോയി. (ഉല്പ, 37:12-14)

കനാൻ ദേശം വിഭാഗിച്ചപ്പോൾ ശെഖേം എഫ്രയീം ഗോത്രത്തിന്നു ലഭിച്ചു. (യോശു, 17:7). യോശുവ ശെഖേമിനെ സങ്കേതനഗരമായി തിരഞ്ഞെടുത്തു. (യോശു, 20:7; 21:21; 1ദിന, 6:67). മരണത്തിനു മുമ്പു യോശുവ യിസ്രായേൽ മക്കളെ അഭിസംബോധന ചെയ്തതു ശെഖേമിൽ വച്ചായിരുന്നു. (യോശു, 24:1). യാക്കോബ് ഹമോരിന്റെ മക്കളോടു വിലയ്ക്കു വാങ്ങിയിരുന്ന സ്ഥലത്തു യോസേഫിന്റെ അസ്ഥികളെ അടക്കം ചെയ്തു. (യോശു, 24:32). ഗിദെയോന്റെ പുത്രനായ അബീമേലെക് രാജാവായത് ശെഖേമിലാണ്. ശെഖേം നിവാസികൾക്കും അബീമേലെക്കിനും തമ്മിൽ ഇടർച്ചയുണ്ടായി. തുടർന്നുണ്ടായ യുദ്ധത്തിൽ അബീമേലെക്ക് പട്ടണം പിടിച്ചു അതിനെ നശിപ്പിച്ചു. (ന്യായാ, 9:46-49). ശലോമോൻ മരിച്ചശേഷം പുത്രനായ രെഹബെയാം ശെഖേമിൽ പോയി എല്ലാ യിസ്രായേലിനും രാജാവായി. (1രാജാ, 12:1; 2ദിന, 10:1). യിസ്രായേൽ രാജ്യം പിളർന്നപ്പോൾ യൊരോബെയാം പത്തുഗോത്രങ്ങളുടെ രാജാവായി. അവൻ എഫ്രയീമിലെ മലനാടായ ശെഖേമിനെ പണിതു തലസ്ഥാനനഗരമാക്കി. (1രാജാ, 12:25). സങ്കീർത്തനങ്ങളിലും (60:6; 108:7), പ്രവചനങ്ങളിലും (ഹോശേ, 6:9) ശെഖേമിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. യെരുശലേം നശിപ്പിക്കപ്പെട്ടപ്പോൾ ശെഖേമിലും മറ്റു പട്ടണങ്ങളിലുമുളളവർ ഗെദല്യാവിന്റെ സംരക്ഷണം ലഭിക്കുവാനായി മിസ്പയിലേക്കു വന്നു. (യിരെ, 44:5). ഇതിനുശേഷം ശെഖേം പ്രത്യക്ഷമായി പരാമർശിക്കപ്പെടുന്നില്ല. 

യേശുവും ശമര്യാസ്ത്രിയും തമ്മിലുളള സംഭാഷണം ശൈഖമിന്റെ പരിസരത്തുവെച്ചാണ് നടന്നത്. (യോഹ, 4). യോഹന്നാൻ 4:5-ലെ സുഖാറിനെ ശെഖേം എന്നാണ് വായിക്കേണ്ടതെന്നു പലരും അഭിപ്രായപ്പെടുന്നുണ്ട്. എ.ഡി. 72-ൽ പട്ടണത്തെ ഫ്ളാവിയ നെയപൊലിസ് എന്ന പേരിൽ പുതുക്കിപ്പണിതു. ഇതിൽ നിന്നാണ് ആധുനിക ഗ്രാമമായ നാബ്ളസിന്റെ പേർ വന്നത്. ഗെരിസീം മലയിലെ ശമര്യ ദൈവാലയത്തെ വെപേഷ്യൻ ചക്രവർത്തി നശിപ്പിച്ചശേഷം പുതിയ നഗരമായ നവപ്പൊലി സ്ഥാപിച്ചു. പഴയനഗരം ശുന്യമായി ശേഷിച്ചു. നാബ്ളസിന്റെ സ്ഥാനത്തിലല്ല മറിച്ചു ‘തേൽ-ബാലാത്ത’യിലാണ് (Tell Balatah) പ്രാചീന ശെഖേമെന്നു ഉൽഖനനങ്ങൾ തെളിയിക്കുന്നു. ബി.സി. 2000-നും 1800-നും ഇടയ്ക്കും, പിന്നീടു ബി.സി. 1400-നും 1200-നും ഇടയ്ക്കും പ്രാചീന നഗരമായ ശെഖേം ഐശ്വര്യ പൂർണ്ണമായിരുന്നു എന്നു ഉൽഖനനങ്ങൾ വ്യക്തമാക്കി. ബി.സി. 14-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഒരു ക്ഷേത്രം ഇവിടെ നിന്നും കണ്ടെടുത്തു. അക്കാദിയൻ ഭാഷയിൽ ആലേഖനം ചെയ്തിട്ടുള്ള കളിമൺ ഫലകങ്ങൾ ലഭിച്ചിട്ടുണ്ട്. ഈജിപ്റ്റിലെ സെനുസൈറത് (Senusert) പിടിച്ചടക്കിയ പട്ടണങ്ങളിലൊന്നായി ശെഖേമിനെ പറഞ്ഞിട്ടുണ്ട്. അമർണാ എഴുത്തുകളിൽ ശെഖേമിന്റെ ഭരണാധിപനായ ലെബായുവും (Labayu) പുത്രന്മാരും ഈജിപ്റ്റിനെതിരെ മത്സരിക്കുന്നതായി കാണാം.