Category Archives: Uncategorized

ആദ്യജാതൻ

ആദ്യജാതൻ (firstborn)

മനുഷ്യരിലെ ആദ്യജാതനെയും മൃഗങ്ങളിലെ കടിഞ്ഞൂലിനെയും വ്യവഹരിക്കുവാൻ ഉപയോഗിക്കുന്ന എബ്രായ പദമാണ് ‘ബെഖോർ’ (bekore). ആദ്യജാതന്റെ അവകാശങ്ങളും ചുമതലകളും ഉൾക്കൊള്ളുന്ന പ്രയോഗമാണ് ജ്യേഷ്ഠാവകാശം. ബഹുഭാര്യാത്വ വ്യവസ്ഥിതിയിൽ പിതാവിന്റെ ആദ്യജാതനെയും മാതാവിന്റെ ആദ്യജാതനെയും വേർതിരിച്ചു മനസ്സിലാക്കേണ്ടതാണ്. ആദ്യജാതൻ പിതാവിന്റെ ശക്തിയുടെ ആദ്യഫലമാണ് അഥവാ ബലത്തിന്റെ ആരംഭമാണ്. “രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വിര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ:” (ഉല്പ, 49:3. ഒ.നോ: ആവ, 21:17). ആദ്യജാതൻ കടിഞ്ഞൂലാണ്; അഥവാ, ആദ്യത്തെ ഗർഭം. കുടുംബത്തിൽ പിതാവിന് അടുത്തസ്ഥാനമാണ് ആദ്യജാതനുള്ളത്. യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നും വീണ്ടെടുക്കുന്നതിനു യഹോവ മിസ്രയീമിന്മേൽ പത്തുബാധ വരുത്തി. പത്താമത്തെ ബാധയായിരുന്നു കടിഞ്ഞൂൽ സംഹാരം. ഫറവോന്റെ ആദ്യജാതൻ മുതൽ ദാസിയുടെ ആദ്യജാതൻ വരെയും മൃഗങ്ങളുടെ കടിഞ്ഞൂലും എല്ലാം സംഹരിക്കപ്പെട്ടു. ഈ കടിഞ്ഞൂൽ സംഹാരത്തിൽ നിന്നും യിസ്രായേല്യ കടിഞ്ഞൂലുകളെ ഒക്കെയും യഹോവ സംരക്ഷിച്ചു. അതിന്റെ സ്മരണയ്ക്കായി യിസ്രായേലിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലായ ആണൊക്കെയും യഹോവയ്ക്ക് വിശുദ്ധീകരിക്കപ്പെട്ടു. “ഫറവോൻ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോൾ യഹോവ മിസ്രയീം ദേശത്തു മനുഷ്യന്റെ കടിഞ്ഞൂൽ മുതൽ മൃഗത്തിന്റെ കടിഞ്ഞൂൽ വരെയുള്ള കടിഞ്ഞൂൽ പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാൻ യഹോവെക്കു യാഗം അർപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു:” (പുറ, 13:15).

ആദ്യജാതന്റെ വിശുദ്ധീകരണം: മിസ്രയീമിൽ നിന്നുള്ള യിസ്രായേലിന്റെ വിടുതലുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. ഈ വിടുതലിന്റെ ലക്ഷ്യം അവരുടെ വിശുദ്ധീകരണം ആയിരുന്നു. യിസ്രായേലിലെ ആദ്യജാതനെ യഹോവ വിടുവിച്ചതുകൊണ്ട് അവൻ യഹോവയ്ക്ക് വിശുദ്ധമായിരിക്കണം. ആദ്യജാതന്റെ പ്രാതിനിധ്യ സ്വഭാവമാണ് വിശുദ്ധീകരണത്തിന്റെ അടിസ്ഥാന ഘടകം. ആദ്യജാതൻ എല്ലാ സന്തതിക്കും പകരമാണ്. ആദ്യജാതൻ പുരുഷവീര്യത്തിനു് പ്രാതിനിധ്യം വഹിക്കുന്നു: (ഉല്പ, 49:3; സങ്കീ, 78:51). ഉടമ്പടി ബന്ധത്തിൽ ദൈവത്തിന്റെ ആദ്യജാതരായ യിസ്രായേല്യർ വീണ്ടെടുക്കപ്പെട്ട സഭയുടെ ദേശീയ പ്രതിനിധികളും പുരോഹിതരാജ്യവും ആകുന്നു: (പുറ, 4:22,23; 19:6).

ആദ്യജാതന്റെ വീണ്ടെടുപ്പ്: ആദ്യജാതൻ കുടുംബത്തിന്റെ മുഴുവൻ പുരോഹിതനായിരുന്നു. ദൈവത്തിന്റെ കല്പനപ്രകാരം പൗരോഹിത്യം രൂബേൻ ഗോത്രത്തിൽനിന്നും ലേവി ഗോത്രത്തിലേക്കു മാറ്റി: (സംഖ്യാ, 3:12-18; 8:18). ആദ്യജാതൻ എന്ന നിലയ്ക്ക് പൗരോഹിത്യം രൂബേൻ ഗോത്രത്തിന്റെ അവകാശമാണ്. പുരോഹിതന്മാരായി ദൈവത്തെ സേവിക്കുവാൻ ദൈവം ലേവ്യരെ തിരഞ്ഞെടുത്തതിന്റെ ഫലമായി മറ്റുഗോത്രങ്ങളിലെ ആദ്യജാതന്മാർ വീണ്ടെടുക്കപ്പെട്ടു. ഒരു മാസം പ്രായമാകുമ്പോൾ അവരെ ദൈവത്തിനു സമർപ്പിക്കുകയും 5 ശേക്കെൽ കൊടുത്തു വീണ്ടെടുക്കുകയും ചെയ്യണം: (സംഖ്യാ, 18:16). യിസ്രായേലിലെ ആദ്യജാതരെ എണ്ണുമ്പോൾ അവർക്കുപകരമായി ലേവ്യരെ മാറ്റി നിറുത്തും. ഒരു വയസ്സും അതിൽ കൂടുതലുമുള്ള 22,273 ആദ്യജാതർ പന്ത്രണ്ടു ഗോത്രങ്ങളിലുമായി ഉണ്ടായിരുന്നു. ഇതിൽ 22,000 ലേവ്യർക്കായി 22,000 പേരെ മാറ്റി നിർത്തി. ശേഷിച്ച 273 പേരെ വീണ്ടെടുക്കേണ്ടതാണ്. ഇവരുടെ മോചനദ്രവ്യമായ 1,365 ശേക്കെൽ അഹരോനും അവന്റെ പുത്രന്മാർക്കും കൊടുക്കേണ്ടതാണ്: (സംഖ്യാ, 3:40-48). ദിവസം തികയുന്നതിനു മുമ്പു മരിക്കുകയാണെങ്കിൽ പിതാവ് മോചനദ്രവ്യം നൽകേണ്ടതില്ല എന്നു ധർമ്മോപദേഷ്ടാക്കന്മാർ പറയുന്നു. കുഞ്ഞ് രോഗിയോ, മററു കുഞ്ഞുങ്ങളെപ്പോലെ ശരിയായ വളർച്ചയില്ലാത്തതോ ആണെങ്കിൽ 5 ശേക്കെലിൽ കുറഞ്ഞ വീണ്ടെടുപ്പു പണം കൊടുത്താൽ മതിയാകും. മാതാപിതാക്കൾ ദരിദ്രരാണെങ്കിൽ വീണ്ടെടുപ്പു കർമ്മത്തിനു ശേഷം പണം തിരികെ കൊടുക്കും. അമ്മയുടെ ശുദ്ധീകരണകാലം തികയുമ്പോൾ പരസ്യമായി ദൈവത്തിനു സമർപ്പിക്കുന്നതിനായി കുഞ്ഞിനെ അമ്മ പുരോഹിതന്റെ അടുക്കലേക്കു കൊണ്ടുവരും: (ലൂക്കൊ, 2:22). ആദ്യത്തെ ആൺകുഞ്ഞിന് 30 ദിവസം തികയുന്ന ദിവസം ഈ വീണ്ടെടുപ്പു നിർവ്വഹിക്കുകയും പിറെറദിവസം സുഹൃത്തുക്കളെയും ഒരു പുരോഹിതനെയും ക്ഷണിച്ചു വിരുന്നു നടത്തുകയും ചെയ്യും. കുഞ്ഞിനു 13 വയസ്സു തികയുമ്പോൾ ,മിസ്രയിമിൽ വച്ചു ആദ്യജാതന സംരക്ഷിച്ചതിന്റെ സ്മരണയ്ക്കായി പെസഹായുടെ മുമ്പിലത്തെ ദിവസം അവൻ ഉപവസിക്കും.

മൃഗങ്ങളിലെ കടിഞ്ഞുലിന്റെ വീണ്ടെടുപ്പ്: മൃഗങ്ങളുടെ ആദ്യത്തെ ആൺകുഞ്ഞ് ദൈവത്തിനു സമർപ്പിക്കണം. ശുദ്ധിയുള്ള മൃഗമാണെങ്കിൽ അതിനെ യാഗം കഴിക്കണം. ജനിച്ച് എട്ടു ദിവസത്തിനുശേഷം ഒരു വർഷം തികയുന്നതിനു മുമ്പ് അതിനെ യാഗം കഴി ക്കണം: യാഗപീഠത്തിന്മേൽ അതിന്റെ രക്തം തളിക്കണം; കൊഴുപ്പ് കത്തിച്ചു കളയണം; ബാക്കി മാംസം പുരോഹിതനുള്ളതാകുന്നു: (സംഖ്യാ, 18:17. ഒ.നോ: പുറം, 13:13; 22:30; 34:20; നെഹൈ, 10:36). ഊനമുള്ള മൃഗമാണെങ്കിൽ ഉടമസ്ഥൻ അതിനെ ഭവനത്തിൽ വച്ചു ഭക്ഷിക്കും. യഹോവയ്ക്കുള്ളതായതിനാൽ യാഗത്തിനു മുമ്പ് ആ മൃഗത്തെക്കൊണ്ടു ജോലി ചെയ്യിപ്പിക്കുവാൻ പാടില്ല: (ആവ, 15:19). പുരോഹിതൻ നിശ്ചയിക്കുന്ന വില അനുസരിച്ചു അശുദ്ധിയുള്ള മൃഗങ്ങളിലെ കടിഞ്ഞൂലിനെ അഞ്ചിലൊന്നു കൂട്ടിക്കൊടുത്തു വീണ്ടെടുക്കും. മതിപ്പു വിലയ്ക്ക് അതിനെ വില്ക്കുകയാണെങ്കിൽ ഇങ്ങനെ ചെയ്യുകയില്ല. കഴുതയെ ആട്ടിൻ കുട്ടിയെക്കൊണ്ടു വീണ്ടെടുത്തില്ല എങ്കിൽ കൊന്നു കളയേണം. “എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ഒക്കെയും ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളണം; അതിനെ വീണ്ടുകൊള്ളുന്നില്ല എങ്കിൽ അതിന്റെ കഴുത്തു ഒടിച്ചുകളയേണം.നിന്റെ പുത്രന്മാരിൽ ആദ്യജാതന ഒക്കെയും നീ വീണ്ടുകൊള്ളണം:” (പുറ, 13:13; 34:20). യഹോവയ്ക്ക് അർപ്പിക്കുന്നവ അതിവിശുദ്ധമായതിനാൽ അവയെ മനുഷ്യർ വില്ക്കുകയോ വീണ്ടെടുക്കുകയോ ചെയ്യുവാൻ പാടില്ല. “എന്നാൽ ഒരുത്തൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവെക്കു കൊടുക്കുന്ന യാതൊരു ശപഥാർപ്പിതവും വില്ക്കയോ വീണ്ടെടുകയോ ചെയ്തുകൂടാ; ശപഥാർപ്പിതം ഒക്കെയും യഹോവെക്കു അതിവിശുദ്ധം ആകുന്നു. മനുഷ്യവർഗ്ഗത്തിൽനിന്നു ശപഥാർപ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.” (ലേവ്യ, 27:28,29). ഈ നിയമം ഭൂമിയിലെ വിളവുകൾക്കും ബാധകമാണ്: (പുറ, 23:19: ആവ, 18:4).

ജ്യേഷ്ഠാവകാശം: യിസ്രായേലിലെ ആദ്യജാതന്മാരുടെ പ്രത്യേക ആനുകൂല്യങ്ങൾ, ഉത്തരവാദിത്വം എന്നിവയെയാണ് ജ്യേഷ്ഠാവകാശം സൂചിപ്പിക്കുന്നത്. ആദ്യജാതൻ മാതാപിതാക്കളുടെ പ്രത്യേകസ്നേഹത്തിനു പാത്രമാകുകയും പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും നേടുകയും ചെയ്യുന്നു. കുഞ്ഞുങ്ങളുള്ള ഒരു വിധവയെ ഒരാൾ വിവാഹം കഴിക്കുകയാണെങ്കിൽ ഈ വിവാഹത്തിലുള്ള ആദ്യ കുഞ്ഞിനെയാണ് ആദ്യജാതനായി കണക്കാക്കുന്നത്. മോശെയുടെ കാലത്തിനു മുമ്പ് പിതാവ് ജ്യേഷ്ഠാവകാശം ഇളയ കുഞ്ഞിനു നല്കുന്ന പതിവുണ്ടായിരുന്നു. ഈ രീതി പലപ്പോഴും വെറുപ്പിനും കലഹത്തിനും കാരണമായിത്തീർന്നു: (ഉല്പ, 25:31,32). തന്മൂലം ഈ നിയമത്തെ റദ്ദാക്കുന്ന മറ്റൊരു നിയമം കൊണ്ടുവന്നു: (ആവ, 21:15-17). ആദ്യജാതന്റെ ആനുകൂല്യങ്ങളും അവകാശങ്ങളും ഇവയാണ്. 1. മറ്റുള്ളവരേക്കാൾ ഇരട്ടി സ്വത്ത് ആദ്യജാതനു നല്കുന്നു. ഉദാഹരണമായി, നാല് കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ സ്വത്തു അഞ്ചായി വിഭാഗിക്കും. ഇതിൽ മൂത്തമകനു ⅖ ഭാഗം ലഭിക്കും; ബാക്കിയുള്ളവർക്കു ⅕ ഭാഗം വീതവും. ഇഷ്ടയും അനിഷ്ടയും ആയ വണ്ടു ഭാര്യമാർ ഒരാൾക്കു ഉണ്ടെങ്കിൽ അനിഷ്ടയുടെ മകനാണ് ആദ്യജാതനെങ്കിൽ സ്വത്തിന്റെ രണ്ടു പങ്ക് അവനു കൊടുക്കണം: (ആവ, 21:15-17). വഷളത്തം നിമിത്തം യാക്കോബ് രൂബേനിൽ നിന്നും ജ്യേഷ്ഠാവകാശം എടുത്തുകളകയും (ഉല്പ, 49:4) യോസേഫിന്റെ ണ്ടു പുത്രന്മാരെ ദത്തെടുത്തു കൊണ്ട് ഈ അവകാശം യോസേഫിനു നല്കുകയും ചെയ്തു: (ഉല്പ, 48:20-22; 1ദിന, 5:1). 2. ആദ്യജാതൻ കുടുംബത്തിന്റെ തലവനാണ്. ആദ്യജാതനെന്ന നിലയ്ക്ക് പൌരോഹിത്യം രൂബേൻ ഗോത്രത്തിനായിരുന്നു. എന്നാൽ ഇതു ലേവിഗോത്രത്തിലേക്കു മാറ്റി: (സംഖ്യാ, 3:12-18; 18:18). പിതാവിന്റെ അധികാരം പോലെ ആദ്യജാതനു ഇളയവരുടെമേൽ അധികാരം ഉണ്ട്: (ഉല്പ, 35:23; 2ദിന, 21:3). കുടുംബത്തലവൻ എന്ന നിലയിൽ അവൻ അമ്മയെ മരണം വരെയും വിവാഹിതരാകാത്ത സഹോദരികളെ വിവാഹം വരെയും സംരക്ഷിക്കേണ്ടതാണ്.

പുതിയനിയമത്തിൽ: ആദ്യജാതനെക്കുറിക്കുന്ന പുതിയനിയമപദം പ്രൊട്ടൊടൊക്കൊസ് (prototokos) ആണ്. ആകെയുള്ള ഒൻപത് പരാമർശങ്ങളിൽ ഏഴെണ്ണവും ക്രിസ്തുവിനെ സൂചിപ്പിക്കുന്നു: (മത്താ, 1:25; ലൂക്കൊ, 2:7; റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:8). അടുത്ത രണ്ടെണ്ണമുള്ളത് എബ്രായ ലേഖനത്തിലാണ്. (11:28; 12:23). മിസ്രയീമ്യരുടെമേൽ ദൈവം അയച്ച പത്ത് ബാധകളിൽ അവസാനത്തെ ബാധയായ കടിഞ്ഞൂൽ സംഹാരകൻ അവരെ തൊടാതിരിക്കാൻ ചോരത്തളി ആചരിച്ചതിനെക്കുറിച്ച് പറയുന്നിടത്താണ് ആദ്യത്തേത്: “വിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരിപ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു.” (11:28). രണ്ടാമത്തത്: ക്രിസ്തുവിൽ മരിക്കുന്നവർ എല്ലാം ആദ്യജാതന്മാരാണ്. ആദ്യജാതനുള്ള അവകാശങ്ങൾ ക്രിസ്തുവിലൂടെ ദൈവമക്കൾക്കു ലഭിക്കുന്നു. സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭ എന്നാണ് വിശ്വാസികളുടെ സമൂഹമായ സഭയെ വിളിക്കുന്നത്: (12:23). യിസ്രായേല്യർക്ക് കനാൻദേശം അവകാശമായി നൽകിയതുപോലെ പുതിയനിയമ വിശ്വാസികൾക്ക് അനേകം വാഗ്ദത്തങ്ങൾ നൽകിയിട്ടുണ്ട്: (എബ്രാ, 6:12). ദൈവരാജ്യം ( മത്താ . 25:34 ; 1കൊരി, 6:9,10; 15:50; ഗലാ, 5:21; എഫെ,5:5; യാക്കോ, 2:5), രക്ഷ (എബാ 1:14), അനുഗ്രഹങ്ങൾ (1പത്രൊ, 3:9), തേജസ്സ് (റോമ, 8:17,18), അദ്രവത്വം (1കൊരി, 15:50) തുടങ്ങിയവ ഓരോ വിശ്വാസിയുടെയും അവകാശമാണ്. എന്നാൽ യിസ്രായേലിനു വാഗ്ദത്തനിവൃത്തി പ്രാപിക്കുവാൻ കഴിഞ്ഞില്ല. “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെകൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിനു ദൈവം നമുക്കുവേണ്ടി ഏററവും നല്ലതൊന്നു മുൻകരു തിയിരുന്നു:” (എബ്രാ, 11:39,40). ആദ്യജാതനായ ക്രിസ്തു സ്വന്തരക്തം ചൊരിഞ്ഞ് പുതിയനിയമം സ്ഥാപിച്ചതിലൂടെയാണ് ഈ അവകാശങ്ങളെല്ലാം ലഭ്യമായത്: (എബ്രാ, 9:15-17). ആദ്യജാതന്മാർക്കുള്ള അവകാശങ്ങളുടെ ഉറപ്പും മുദ്രയും പരിശുദ്ധാത്മാവാണ്: (റോമ, 8:16,17; എഫെ, 1:14).

ആദ്യജാതനായ ക്രിസ്തു: ക്രിസ്തുവിനെ ഏഴുപ്രാവശ്യം ആദ്യജാതനെന്ന് പുതിയനിയമത്തിൽ വിളിച്ചിട്ടുണ്ട്. ക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടി പുത്രനാണെന്നും, അല്ല, നിത്യപുത്രനാണെന്നും കരുതുന്നവരുണ്ട്. ജഡത്തിൽ വെളിപ്പെട്ട ദൈവത്തിൻ്റെ (1തിമൊ, 3:16) സ്ഥാനപ്പേര് മാത്രമാണ് ‘ആദ്യജാതൻ.’ ക്രിസ്തുവിനെ രണ്ടുനിലകളിൽ (അക്ഷരികം, ആത്മീകം) ആദ്യജാതനെന്ന് വിളിച്ചിട്ടുള്ളതായി കാണാം. ഒന്നാമത്; അക്ഷരികമായും ക്രിസ്തു മറിയയുടെ ആദ്യജാതനാണ്: (മത്താ, 1:25; ലൂക്കൊ, 2:7). മറിയയ്ക്കു യേശുവിനെ കൂടാതെ മറ്റുമക്കളും ഉണ്ടായിരുന്നു: (മത്താ, 12:40; 13:55,56; മർക്കൊ, 6:3). ആദ്യജാതനായതുകൊണ്ട് യേശുവിനെ കർത്താവിന് അർപ്പിക്കുവാൻ മറിയയും യോസേഫും യേശുവിനെ ദൈവാലയത്തിൽ കൊണ്ടുപോയി: (ലൂക്കൊ, 2:22-24). മൂത്തമകനെന്ന നിലയിൽ മരണസമ്മയത്ത് തൻ്റെ അമ്മയോടുള്ള കടമ യേശു നിറവേറ്റി: (യോഹ, 19:26,27). തന്നിൽ വിശ്വസിക്കാത്ത സ്വന്ത സഹോദരങ്ങളെക്കാൾ (യോഹ, 7:5) പ്രിയശിഷ്യൻ അമ്മയെ കരുതുമെന്ന് യേശുവനറിയാമായിരുന്നു. അതുകൊണ്ടാണ് യോഹന്നാന് ഏല്പിച്ചുകൊടുത്തത്.

രണ്ടാമത്; ആത്മീകമായി ക്രിസ്തു സ്വർഗ്ഗീയ പിതാവിന്റെയും ആദ്യജാതനാണ്: (റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:8). 1. ക്രിസ്തു വീണ്ടുംജനിച്ചവർക്കെല്ലാം ആദ്യജാതനാണ്. അഥവാ, ആദ്യജാതനായ ക്രിസ്തു ദൈവമക്കളായ എല്ലാവരുടെയും ജ്യേഷ്ഠസഹോദരനാണ്: “ക്രിസ്തു മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). 2. യേശു സർവ്വസൃഷ്ടിക്കും ആദ്യജാതനാണ്: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു:” (കൊലൊ, 1:15). സർവ്വ സൃഷ്ടികളുടെയും ആദ്യനും സ്രഷ്ടാവും പരിപാലകനും മാത്രമല്ല, സർവ്വവും തനിക്കായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്: (കൊലൊ, 1:16,17). 3. ക്രിസ്തു സഭയ്ക്കും ആദ്യജാതനാണ്: ക്രിസ്തു ആദ്യഫലമായി മരിച്ചവരിൽനിന്ന് ഉയിർത്തതുകൊണ്ട് അവൻ ആദ്യജാതനും കർത്താവും നാഥനും സഭയുടെ ശിരസ്സും ആയിമാറി: (1കൊരി, 15:20-23). “ക്രിസ്തു സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു:” (കൊലൊ, 1:18). 4. മഹത്വത്തിലും ക്രിസ്തു ആദ്യജാതനാണ്: “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). 5. മരിച്ചവരിലും ആദ്യജാതനാണ്: ക്രിസ്തുവിൻ്റെ മരണത്തിനു മുമ്പും പിമ്പും അനേകർ ഉയിർത്തെഴുന്നേറ്റിട്ടുണ്ട്. അവരൊക്കെ മരണത്തിലേക്കു തന്നെയാണ് ഉയിർത്തത്. അഥവാ, അവരൊക്കെ വീണ്ടും മരണത്തിനു കീഴടങ്ങി. ക്രിസ്തു മാത്രമാണ് എന്നേക്കും ജീവനിലേക്ക് ഉയിർത്തെഴുന്നേറ്റത്. അങ്ങനെയവൻ മരിച്ചുയർത്തവരിലും ആദ്യജാതനായി: “വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:5).

‘ഏകജാതൻ’ കാണുക

“നീ കുരുടനാകുന്നു”

“നീ കുരുടനാകുന്നു”

യേശുക്രിസ്തു തന്റെ ഇഹലോകജീവിതത്തിൽ കാഴ്ചയുണ്ടായിരുന്നവരെ കുരുടന്മാരെന്നു വിളിച്ചിട്ടുണ്ട്. അവർക്കു കാഴ്ചയുണ്ടായിരുന്നിട്ടും കാണേണ്ടത് കാണേണ്ടതുപോലെ കാണുവാൻ കഴിയാതിരുന്നതുകൊണ്ടാണ് അവരെ കുരുടന്മാരെന്നു വിളിച്ചത്. ഉയിർത്തെഴുന്നേറ്റ കർത്താവ് ലവൊദിക്ക്യയിലെ സഭയെക്കുറിച്ചുള്ള തന്റെ പരാമർശങ്ങളിൽ ‘നീ കുരുടനാകുന്നു’ എന്ന് അരുളിച്ചെയ്തതു ശ്രദ്ധേയമാണ്. എന്തെന്നാൽ, ‘അന്ധത’ എന്നു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ടുഫ്ളോസ് എന്ന ഗ്രീക്കുപദം കണ്ണിന്റെയും കാതിന്റെയും മനസ്സിന്റെയും അന്ധതയെ അഥവാ പ്രവർത്തനരാഹിത്യത്തെ വിവക്ഷിക്കുന്നതാണ്. പ്രാചീന ലോകത്ത് നേത്രചികിത്സയ്ക്കും നേത്രലേപനങ്ങൾക്കും പ്രസിദ്ധിയാർജ്ജിച്ചിരുന്ന ലവൊദിക്ക്യയിലെ സഭ, അതിന്റെ ധനത്തിലും സമ്പന്നതയിലും ഊറ്റംകൊണ്ട് തങ്ങൾക്ക് ഒന്നിനും മുട്ടില്ലെന്നു പറഞ്ഞിരുന്നതായി കർത്താവ് അരുളിച്ചെയ്യുന്നു. (വെളി, 3:17). എന്നാൽ, “നീ ഉഷ്ണവാനും അല്ല, ശീതവാനും അല്ല” എന്നാണ് കർത്താവ് അവനെക്കുറിച്ച് അരുളിച്ചെയ്യുന്നത്. അതായത്, അവന്റെ ധനവും സമ്പന്നതയും നിലനിർത്തുവാൻ എന്തു വിട്ടുവീഴ്ചയ്ക്കും ഒത്തുതീർപ്പിനും തയ്യാറാകുന്ന അവൻ, നിർഭാഗ്യവാനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനുമാണെന്ന് കർത്താവ് വെളിപ്പെടുത്തുന്നു. ധനത്തിന്റെ അഹന്തയിൽ കണ്ണും കാതും മനസ്സും ധനസമ്പാദനത്തിനായി ഏകാഗ്രമാക്കി മുമ്പോട്ടു പോകുന്നവർക്ക് മറ്റെന്തെങ്കിലും ശ്രദ്ധിക്കുവാനോ മനസ്സിലാക്കുവാനോ കഴിയുകയില്ല. അവർ നിർഭാഗ്യവാന്മാരും അരിഷ്ടരും നഗ്നരുമാണെന്നു മനസ്സിലാക്കിയ കർത്താവ് മാനസാന്തരപ്പെടുവാൻ അവരെ ഉദ്ബോധിപ്പിക്കുന്നു. കാലഘട്ടത്തിന് അനുസരണമായ മാറ്റങ്ങൾ ഉണ്ടാക്കുവാനാണെന്ന വ്യാജേന സർവ്വശക്തനായ ദൈവം കല്പിച്ചിട്ടുള്ള അടിസ്ഥാനപ്രമാണങ്ങൾ മറന്നു വിട്ടുവീഴ്ചകൾക്കും ഒത്തുതീർപ്പുകൾക്കും കൂട്ടുനിൽക്കുന്ന ക്രൈസ്തവ സഹോദരങ്ങളോടും സമൂഹങ്ങളോടും സഭകളാടും ഉയിർത്തെഴുന്നേറ്റ യേശുവിന് പറയുവാനുള്ളത്; ‘നീ കുരുടനാകുന്നു’ എന്നത്രേ. ഭൗതികമായ ധനത്തിലും സ്ഥാനമാനങ്ങളിലും ഊറ്റംകൊള്ളുന്ന ഈ കുരുടന്മാർ കർത്താവിന്റെ ദൃഷ്ടിയിൽ നിർഭാഗ്യവാന്മാരും അരിഷ്ടന്മാരും നഗ്നരുമാണെന്ന് ലവൊദിക്ക്യസഭയിലൂടെ കർത്താവ് നമ്മെ ചൂണ്ടിക്കാണിക്കുന്നു. കേൾക്കുവാൻ, ചെവിയുള്ളവൻ കേൾക്കട്ടെ!

പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുക

പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുക

ക്രൈസ്തവ സഹോദരങ്ങൾ പ്രാർത്ഥനകൾക്ക് വളരെയേറെ പ്രാധാന്യം കല്പിക്കാറുണ്ട്. ദൈവാലയ ആരാധനകളിലെ പ്രാർത്ഥന, കൂട്ടായ്മ പ്രാർത്ഥന, ഭവന പ്രാർത്ഥന, കുടുംബ പ്രാർത്ഥന തുടങ്ങിയ പ്രാർത്ഥനകളെല്ലാം മണ്മയനായ മനുഷ്യനെ സർവ്വശക്തനായ ദൈവവുമായി ബന്ധിപ്പിക്കുവാനുള്ള മുഖാന്തരങ്ങളാണ്. എന്നാൽ ദൈവസന്നിധിയിലുള്ള നമ്മുടെ പ്രാർത്ഥനകൾ പരിശുദ്ധാത്മാവിൽ ആയിരിക്കണം എന്ന് അപ്പൊസ്തലനായ യൂദാ നമ്മെ ഉദ്ബോധിപ്പിക്കുന്നു: “നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.” (യുദാ: 20,21). നാം എന്തു പ്രാർത്ഥിക്കണം എന്നോ ഏതു രീതിയിൽ പ്രാർത്ഥിക്കണമെന്നോ അറിയാതിരിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മുടെ ബലഹീനതകൾക്കു തുണനിന്ന് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നുവെന്ന് പൗലൊസ് റോമിലെ വിശ്വാസികളെ ഉപദേശിക്കുന്നു. (റോമ, 8:26). അങ്ങനെ പരിശുദ്ധാത്മാവ് നമ്മുടെ പ്രാർത്ഥനകളിലെ അവിഭാജ്യ ഘടകമായിത്തീരുമ്പോഴാണ് അവ ദൈവത്തിന്റെ സന്നിധിയിൽ പ്രാഗല്ഭ്യമുള്ളതായിത്തീരുന്നത്. യാന്ത്രികമായി ഉരുവിടുന്ന പ്രാർത്ഥനകളുടെ ദൈർഘ്യങ്ങളെക്കാളും അവയുടെ ആവർത്തനങ്ങളെക്കാളും ഉപരി പരിശുദ്ധാത്മനിറവിൽ എത്രമാത്രം പ്രാർത്ഥിക്കുവാൻ കഴിയുന്നുവെന്നതിനെ ആശ്രയിച്ചാണ് സർവ്വശക്തനായ ദൈവത്തിന്റെ കരങ്ങൾ നമ്മെ തൻ്റെ വേലയ്ക്ക് അധികമധികമായി ഉപയോഗിക്കുവാൻ മുഖാന്തരമൊരുക്കുന്നത്. അങ്ങനെ പ്രാർത്ഥിക്കുവാൻ കഴിയണമെങ്കിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുന്ന ദൈവത്തിന്റെ മന്ദിരങ്ങളാണ് നാമെന്ന് ഓരോരുത്തരും തിരിച്ചറിയണം.

സ്നേഹത്തിന്റെ ഭാഷ്യം

സ്നേഹത്തിന്റെ ഭാഷ്യം

“ദൈവം സ്നേഹം ആകുന്നു” (1യോഹ, 4:8) എന്ന് സ്നേഹത്തിന്റെ അപ്പൊസ്തലനായ യോഹന്നാൻ ആവർത്തിച്ച് പ്രഖ്യാപിച്ചു. താൻ തന്റെ ശിഷ്യന്മാരെ സ്നേഹിച്ചതുപോലെ അവരും പരസ്പരം സ്നേഹിക്കണമെന്ന് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. പരസ്പരം സ്നേഹിക്കുമെങ്കിൽ തന്റെ ശിഷ്യന്മാരാകും (യോഹ, 13:35) എന്ന് അവരോടു അരുളിച്ചെയ്ത അരുമനാഥൻ ഈ ലോകത്തിൽ താൻ അവരോടൊപ്പം കഴിച്ച അന്ത്യഅത്താഴത്തിൽ അതു പ്രവൃത്തിയിലൂടെ പ്രകടമാക്കി. യേശു അവരുടെ കാലുകൾ കഴുകി. സ്നേഹത്തിന്റെ അടിസ്ഥാന ഭാവങ്ങളായ സൗമ്യതയുടെയും വിനയത്തിന്റെയും എളിമയുടെയും പ്രകടനം വാക്കുകളിലൂടെയല്ല പിന്നെയോ, പ്രവൃത്തിയിലൂടെ അവർക്ക് അനുഭവമാക്കിക്കൊടുത്തു. എന്നാൽ ആത്മീയ ജീവിതത്തിൽ സ്നേഹം എന്ന പദത്തിനുള്ള അത്യഗാധമായ അർത്ഥം വെളിപ്പെടുത്തേണ്ടതിന് ‘അഗപ്പെ’ എന്ന ഗ്രീക്കുപദം പൗലൊസ് തിരുവചനത്തിലെ ‘സ്നേഹത്തിന്റെ അദ്ധ്യായം’ എന്നു വിളിക്കപ്പെടുന്ന 1കൊരിന്ത്യർ 13-ാം അദ്ധ്യായത്തിൽ ഉപയോഗിച്ചിരിക്കുന്നു. മാതാപിതാക്കന്മാരോടും സഹോദരങ്ങളോടും മറ്റുമുള്ള രക്തബന്ധത്തിൽ അധിഷ്ഠിതമായ സ്നേഹത്തെ വിശേഷിപ്പിക്കുന്ന ‘സ്റ്റോർഗേ’ (Storge) എന്ന പദമോ, ലൈംഗികബന്ധത്തിൽ അധിഷ്ഠിതമായ സ്നേഹത്തെ വർണ്ണിക്കുന്ന ‘എറോസ്’ (Eros) എന്ന പദമോ, സ്നേഹിതരും മറ്റും പൊതുവായി പങ്കിടുന്ന സ്നേഹത്തെ വിശേഷിപ്പിക്കുന്ന ‘ഫീലിയോ’ (Phileo) എന്ന പദമോ അല്ല ദൈവത്തിന്റെ സ്നേഹത്തെയും ദൈവവുമായുള്ള ബന്ധത്തിൽ മനുഷ്യനുണ്ടായിരിക്കേണ്ട സ്നേഹത്തെയും വർണ്ണിക്കുവാൻ ഉപയോഗിച്ചിരിക്കുന്നത്. അതിനായി ഉപയോഗിച്ചിരിക്കുന്ന ‘അഗപ്പെ’ എന്ന ഗ്രീക്കുപദം എല്ലാം ക്ഷമിക്കുന്നതും വഹിക്കുന്നതും പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി യത്നിക്കുന്നതും ത്യാഗം സഹിക്കുന്നതുമായ സ്നേഹത്തെ വർണ്ണിക്കുന്നു. അതുകൊണ്ടാണ് ഒരുവൻ ദൈവിക കൃപകളുടെ ശ്രീഭണ്ഡാരമാണെങ്കിലും അഗപ്പെ അഥവാ ഈ ദിവ്യമായ സ്നേഹം ഇല്ലെങ്കിൽ ഏതുമില്ല എന്ന് അപ്പൊസ്തലൻ ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നത്. ദൈവസ്നേഹം അഥവാ അഗപ്പെ ജീവിതത്തിലില്ലാതെ സർവ്വശക്തനായ ദൈവത്തിന്റെ കൃപകൾ ഉപയുക്തമാക്കുവാൻ കഴിയുകയില്ലെന്ന് അപ്പൊസ്തലൻ കൊരിന്തിലെ സഭയെ ഉദ്ബോധിപ്പിക്കുന്നു. എന്തെന്നാൽ ദൈവത്തിന്റെ കൃപകൾ വളരെയേറെയുണ്ടെന്ന് അഭിമാനിച്ചിരുന്ന കൊരിന്ത്യസഭ അസൂയയാലും ശത്രുതയാലും ഉണ്ടായ അന്തശ്ഛിദ്രങ്ങളാൽ ജീർണ്ണിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് അഗപ്പെ എന്ന ദിവ്യമായ സ്നേഹത്തിന്റെ ഭാവതലങ്ങൾ എന്തെന്ന് അപ്പൊസ്തലൻ അവരെ ഉപദേശിക്കുന്നത്.

ദൈവമക്കളെ വീഴ്ത്താനുള്ള സാത്താന്യതന്ത്രം

ദൈവമക്കളെ വീഴ്ത്താനുള്ള സാത്താന്യതന്ത്രം

ആദിമാതാപിതാക്കളെ ദൈവസന്നിധിയിൽനിന്നു പുറത്താക്കിയതുമുതൽ ഇന്നുവരെയും ദൈവജനത്തെ തകർക്കുവാൻ സാത്താൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾ അഥവാ ആയുധങ്ങൾ ഒന്നുതന്നെയാണെന്ന് യോഹന്നാൻ ദൈവമക്കൾക്ക് മുന്നറിയിപ്പു നൽകുന്നു. “ജഡത്തിന്റെ ദുരാഗ്രഹം, കണ്ണുകളുടെ ദുരാഗ്രഹം, ജീവിതത്തിന്റെ അഹന്ത എന്നിങ്ങനെ ലോകത്തിലുള്ളതെല്ലാം പിതാവിൽ നിന്നല്ല, ലോകത്തിൽ നിന്നത്ര ആകുന്നു” (1യോഹ, 2:16) എന്നു ചൂണ്ടിക്കാണിക്കുന്ന യോഹന്നാൻ, ദൈവമക്കളെ പാപത്തിലേക്കു വീഴ്ത്തുവാൻ സാത്താൻ ഉപയോഗിക്കുന്ന തന്ത്രങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങളാണ് വെളിപ്പെടുത്തുന്നത്. സാത്താൻ യേശുക്രിസ്തുവിനെ പരീക്ഷിച്ചതും ഇതേ തന്തങ്ങളുപയോഗിച്ചായിരുന്നു. ശാരീരിക സംതൃപ്തിക്കായുള്ള ക്രിയകൾ ചെയ്യുവാൻ സാത്താൻ നൽകുന്ന പ്രേരണയാണ് ജഡത്തിന്റെ ദുരാഗ്രഹം. വൃക്ഷഫലം ഭക്ഷിക്കുവാൻ നല്ലതാണെന്ന (ഉല്പ, 3:6) പ്രേരണ ഹവ്വായിൽ സൃഷ്ടിക്കുവാൻ പിശാചിനു കഴിഞ്ഞു. നാല്പതു ദിന ഉപവാസത്തിന്റെ അന്ത്യത്തിൽ വിശപ്പുണ്ടായ കർത്താവിനോടാണ് പിശാച് അഭ്യുദയകാംക്ഷിയെപ്പോലെ, “ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്കുക” (ലൂക്കൊ, 4:3) എന്നു പറയുന്നത്. ഇങ്ങനെ ശാരീരിക സുഖത്തിനും ശ്രദ്ധയ്ക്കുമായുള്ളതും നിർദ്ദോഷമെന്നു തോന്നിക്കുന്നതുമായ ക്രിയകളിലൂടെ സാത്താൻ ദൈവമക്കളെ വീഴ്ത്തുവാൻ ശ്രമിക്കുന്നു. രണ്ടാമതായി, പിശാച് വിദഗ്ദ്ധമായി ദൈവമകളെ വീഴ്ത്തുവാൻ ശ്രമിക്കുന്നത് കണ്ണുകളുടെ ദുരാഗ്രഹത്തിലൂടെയാണെന്ന് യോഹന്നാൻ ചൂണ്ടിക്കാണിക്കുന്നു. വൃക്ഷഫലം ഭക്ഷിക്കുന്നതിനായി ഹവ്വായ്ക്കു പ്രേരണ നൽകുന്നതിന് സാത്താൻ ഉപയോഗിച്ച ഒരു ഘടകം ആ വൃക്ഷഫലത്തിന്റെ കാണുവാനുള്ള ഭംഗിയായിരുന്നു. (ഉല്പ, 3:6). കർത്താവിനെ പിശാച് ഏറ്റവും ഉയർന്നൊരു മലമേൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളും ക്ഷണനേരത്തിൽ കാണിച്ചു. (മത്താ, 4:8-11). കർത്താവിനെ അങ്ങനെ ആകർഷിച്ചു തകർക്കാമെന്നു കരുതിയെങ്കിലും കർത്താവ് അവന്റെ തന്ത്രങ്ങളെ തകർത്തു. ദൈവമക്കളെ ആകർഷണങ്ങളിലൂടെ കീഴ്പ്പെടുത്തുവാൻ സാത്താൻ ശ്രമിക്കും എന്നതിന് ഇവ ദൃഷ്ടാന്തമാകുന്നു. അവസാനമായി, ജീവിതത്തിന്റെ പ്രതാപത്തിനായുള്ള അഭിവാഞ്ഛയാൽ അഹന്ത സൃഷ്ടിച്ച് ദൈവജനത്തെ പാപത്തിലേക്കു വീഴ്ത്തുവാൻ സാത്താൻ ശ്രമിക്കുമെന്ന് യോഹന്നാൻ മുന്നറിയിപ്പു നൽകുന്നു. വൃക്ഷഫലം ഭക്ഷിക്കുന്ന നാളിൽ ദൈവത്തെപ്പോലെ ആകും (ഉല്പ, 3:5) എന്ന് സാത്താൻ ഹവ്വായോടു പറഞ്ഞപ്പോൾ അത്യുന്നതനായ ദൈവത്തിന്റെ പദവി കരസ്ഥമാക്കുവാനുള്ള അഹന്ത അവളിൽ ഉടലെടുത്തു. ദൈവത്തെപ്പോലെ സർവ്വശക്തിയുടെയും മഹിമയുടെയും മഹത്ത്വത്തിന്റെയും ഉറവിടമായിത്തീരുവാനുള്ള അഹന്ത സൃഷ്ടിച്ച് പ്രതാപത്തിനായുള്ള അത്യാഗ്രഹത്താൽ സാത്താൻ അവളെ വീഴ്ത്തി. പിശാച് യേശുവിനെ തറനിരപ്പിൽനിന്ന് ഏതാണ്ട് 450 അടി ഉയരമുള്ള യെരുശലേം ദൈവാലയത്തിന്റെ അഗ്രത്തിൽ നിർത്തിയിട്ട് അവിടെനിന്നു താഴേക്കു ചാടിയാൽ ദൈവത്തിന്റെ ദൂതന്മാർ കാത്തുകൊള്ളുമെന്ന് തിരുവചനശകലംതന്നെ വളച്ചൊടിച്ചുദ്ധരിച്ചുകൊണ്ട് സമർത്ഥിച്ചു. യെരുശലേം ദൈവാലയത്തിൽ കൂടിവരുന്ന നൂറുകണക്കിനാളുകൾ പരുക്കൊന്നും കൂടാതെ താഴെ വരുന്ന യേശുവിൽ വിശ്വസിക്കുവാനും അങ്ങനെ യേശുവിന് പ്രസിദ്ധനായിത്തീരുവാനും കഴിയുമെന്നുള്ള മോഹവലയത്തിൽ യേശുവിനെ കുടുക്കാമെന്നു ധരിച്ച സാത്താനെ യേശു തോല്പിച്ചു. ജീവിതത്തിന്റെ അഹന്തയാൽ പേരും പെരുമയും നേടുവാൻ കാംക്ഷിക്കുന്നവരെ പ്രലോഭനങ്ങൾകൊണ്ട്, പിശാച് വീഴ്ത്തും എന്ന് യോഹന്നാൻ അപ്പൊസ്തലൻ മുന്നറിയിപ്പ് നൽകുന്നു.

നാവ് എന്ന തീ

നാവ് എന്ന തീ

ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്ന ദൈവജനത്തെ തകർക്കുവാൻ അവരുടെ സ്വന്തം നാവിനെത്തന്നെ പിശാച് എടുത്തുപയോഗിക്കുമെന്ന് യാക്കോബ് മുന്നറിയിപ്പ് നൽകുന്നു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സഹോദരങ്ങൾപോലും വീണു പോകുവാൻ ഇടയാകുന്നത് ചില ദുർബ്ബല നിമിഷങ്ങളിൽ അവരിൽനിന്നു പുറപ്പെടുന്ന വാക്കുകളിലൂടെയാണെന്ന യാഥാർത്ഥ്യം അധികമാരും ശ്രദ്ധിക്കാറില്ല. ഒരു ചെറിയ അവയവം മാത്രമായ നാവ് ഒരു തീ ആണെന്നും അതിനു ശരീരത്തെ മുഴുവൻ ദഹിപ്പിച്ചുകളയുവാൻ കഴിയുമെന്നും അതു മരണകരമായ വിഷം നിറഞ്ഞതാണെന്നും യാക്കോബ് മുന്നറിയിപ്പു നൽകുന്നു. (യാക്കോ, 3:1-12). ദൈവത്തെ സ്തുതിക്കുന്ന അതേ നാവു കൊണ്ടുതന്നെ മനുഷ്യനെ ശപിക്കുകയും ചെയ്യുന്നവർ, തങ്ങളുടെ ദൈവകൃപ നഷ്ടപ്പെടുത്തുന്നവരും, അവരുടെ വാക്കുകളോടു പ്രതികരിക്കുന്നവരുടെ കൃപകൾ നഷ്ടപ്പെടുത്തുന്നവരുമാണെന്ന് അവർ അറിയുന്നില്ല. തങ്ങളുടെ നാവുകൾ മൂർച്ചയുള്ള വാളുകളായി മറ്റുള്ളവരെ കീറിമുറിക്കുവാൻ ഉപയോഗിക്കുന്നവർക്ക് യേശുവിന്റെ സ്നേഹവും സാന്ത്വനവും സമാധാനവും മറ്റുള്ളവർക്കു പകർന്നു കൊടുക്കുവാൻ കഴിയുകയില്ല. എന്തെന്നാൽ സൗമ്യതയും സഹിഷ്ണുതയും സ്നേഹവും ക്ഷമയും ത്യാഗവും വിശുദ്ധിയും വ്യക്തിജീവിതങ്ങളിൽ നഷ്ടപ്പെടുമ്പോഴാണ്, അവരിലൂടെ പിശാച് വാഗ്വാദങ്ങളും വെല്ലുവിളികളും സൃഷ്ടിച്ച് അവരുടെയും മറ്റനേകരുടെയും ആത്മീയ ജീവിതങ്ങൾ തകർത്തുകളയുന്നത്. അവഹേളനങ്ങളും ആക്ഷേപങ്ങളും അസത്യങ്ങളും അർദ്ധസത്യങ്ങളും ആരോപണങ്ങളും അഗ്നിജ്വാലകളായി മറ്റുള്ളവരുടെ നാവുകളിൽനിന്നു പുറത്തുവരുമ്പോൾ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവർ പ്രകോപിതരായി പ്രതികരിക്കരുതെന്ന്, “നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ” (കൊലൊ, 4:6) എന്ന് പൗലൊസിന്റെ വചസ്സുകൾ ഉദ്ബോധിപ്പിക്കുന്നു.

വിശ്വാസം പ്രവൃത്തിയാൽ പ്രകടമാക്കണം

വിശ്വാസം പ്രവൃത്തിയാൽ പ്രകടമാകണം

അബ്രാഹാമിന്റെ വിശ്വാസം മാതൃകയാക്കുവാൻ തിരുവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. (റോമ, 4; ഗലാ, 3; എബ്രാ, 11; യാക്കോ, 2). ദൈവത്തിന്റെ ന്യായപ്രമാണവും ദൈവാലയങ്ങളും, ദൈവത്തെക്കുറിച്ച് അറിയുവാനും വിശ്വസിക്കുവാനും യാതൊരു മുഖാന്തരവും, ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് അബ്രാം ദൈവത്തിന്റെ വിളിയെ അനുസരിച്ച്, എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചത്. തുടർന്ന് ദൈവത്തിന്റെ വാഗ്ദത്തം വിശ്വസിച്ച് ഇരുപത്തഞ്ചു വർഷം കാത്തിരുന്നശേഷം തനിക്കു ലഭിച്ച മകനെ യാഗമായി അർപ്പിക്കുവാൻ ദൈവം കല്പ്പിച്ചപ്പോൾ, യാതൊരു ഉപാധിയും കൂടാതെ അത് അനുസരിക്കുവാൻ അവൻ തയ്യാറായി. ഇതത്രേ അബ്രാഹാമിന്റെ വിശ്വാസത്തിന്റെ മഹത്ത്വവും മനോഹരത്വവും. അബ്രാഹാമിന്റെ പ്രവൃത്തിയാൽ അവന്റെ വിശ്വാസം പൂർണ്ണമായി എന്ന് യാക്കോബ് സാക്ഷ്യപ്പെടുത്തുന്നു. (യാക്കോ, 2:22). ദൈവത്തിൽ വിശ്വാസമുളവാക്കുവാൻ ഇന്ന് തിരുവചനവും സഭകളും ദൈവാലയങ്ങളും ദൈവത്തിന്റെ അഭിഷിക്തന്മാരും മഹത്തായ ഒരു ക്രൈസ്തവ പാരമ്പര്യവും മറ്റും ഉണ്ടെങ്കിലും, ദൈവത്തിലുള്ള നമ്മുടെ വിശ്വാസം എപ്രകാരം ഉള്ളതാണെന്ന് പ്രകടമാക്കേണ്ടത് നമ്മുടെ പ്രവൃത്തികളാലാണ്. ദൈവത്തിന്റെ ശബ്ദം കേട്ട് ലാഭമായതൊക്കെയും ചേതമെന്ന് എണ്ണിക്കൊണ്ട്, ദൈവത്തെ അനുസരിക്കുവാൻ നമുക്ക് കഴിയണം. ദൈവത്തിനുവേണ്ടി ഏതു സാഹചര്യത്തിലും എന്തും പ്രവർത്തിക്കുവാൻ മടിക്കാത്ത വിശ്വാസമാണ് ദൈവത്തിന് ആവശ്യം. അവർക്കു മാത്രമേ ദൈവിക ദൗത്യങ്ങൾ ദൈവഹിതപ്രകാരം പൂർത്തീകരിക്കുവാൻ കഴിയൂ!

വിവാഹം വിശുദ്ധമായ ഭാര്യാഭർതൃബന്ധം

വിവാഹം വിശുദ്ധമായ ഭാര്യാഭർതൃബന്ധം

ദൈവം താൻ സൃഷ്ടിച്ചവയെല്ലാം നല്ലതെന്നു കണ്ടു. എന്നാൽ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ച മനുഷ്യൻ ഏകാകിയായിരിക്കുന്നതു മാത്രം നല്ലതല്ലെന്ന് അരുളിച്ചെയ്തു. മനുഷ്യന്റെ സന്തോഷപൂർണ്ണതയ്ക്കാവശ്യമായ ഒരു തുണയെ പക്ഷിമൃഗാദികളിൽ അവൻ അനേഷിച്ചുവെങ്കിലും കണ്ടുകിട്ടിയില്ല. ആകയാൽ ദൈവം അവന്റെ വാരിയെല്ലുകളിൽ ഒന്നെടുത്ത് അവന് അനുയോജ്യമായ തുണയായി സ്ത്രീയെ സൃഷ്ടിച്ചു. അവൾ അവന്റെ ശരിര മനസ്സുകളുടെ ഭാഗമാണ്. ഭാര്യയെയും ഭർത്താവിനെയും ഒരു ശരീരത്തിന്റെ രണ്ടു ഭാഗങ്ങളായിട്ടാണ് ദൈവം സൃഷ്ടിച്ചത്. ഒരു ദേഹമായിത്തീരേണ്ട രണ്ടു ഭാഗങ്ങൾ . ഭാര്യയുടെ വാക്കുകേട്ട് പാപം ചെയ്ത് ദൈവത്താൽ ശിക്ഷിക്കപ്പെടുമ്പോഴും ദൈവം അവരുടെ ഭാര്യാഭർതൃബന്ധത്തെ തകർക്കുകയല്ല, പ്രത്യുത ഉറപ്പിക്കുകയാണ് ചെയ്യുന്നത്. “നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടാകും; അവൻ നിന്നെ ഭരിക്കും?” (ഉല്പ, 3:16). ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവണതയേറിവന്നപ്പോൾ കർത്താവ് അവരോട്: “ദൈവം യോജിപ്പിച്ച്തിനെ മനുഷ്യൻ വേർപിരിക്കരുത്” എന്നു കല്പിച്ചു. (മത്താ, 19:6). ഭാര്യാഭർത്താക്കന്മാർ ഒരു ശരീരമായിത്തീരണമെങ്കിൽ അവർക്ക് ജീവിതവിശുദ്ധി ഉണ്ടായിരിക്കണം. വിവാഹജീവിതത്തിൽ വിശുദ്ധമായ ഭാര്യാഭർതൃബന്ധം ഉറപ്പുവരുത്തുവാൻ പത്തു കല്പനകളിൽ രണ്ടെണ്ണത്തെ ദൈവം അതിനോടു ബന്ധിപ്പിച്ചിരിക്കുന്നു. വ്യഭിചാരം ചെയ്യരുത്, അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്. എന്തെന്നാൽ വ്യഭിചാരത്തിൽ ഏർപ്പെടുന്ന അഥവാ അവിഹിതബന്ധമുള്ള ഒരു ഭാര്യക്കോ ഭർത്താവിനോ തന്റെ ഇണയുമായി ഏക ദേഹിയായിത്തീരുവാൻ കഴിയുകയില്ല. കുടുംബജീവിതത്തിൽ ഭാര്യാഭർതൃബന്ധം തകരുന്നത്, വിവാഹമോചനങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്, ലൈംഗിക അരാജകത്വത്താൽ ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ജീവിതവിശുദ്ധി നഷ്ടമാക്കുന്നതിനാലാണ്. വിവാഹത്തിനു മുമ്പുള്ള ലൈംഗികവേഴ്ചയും വിവാഹജീവിതത്തിന്റെ വിശുദ്ധിയെയും പരിപാവനതയെയും നശിപ്പിക്കുന്നു. അതുകൊണ്ടാണ് “വിവാഹം എല്ലാവർക്കും മാന്യവും വിവാഹശയ്യ വിശുദ്ധവും ആയിരിക്കട്ടെ” (എബ്രാ, 13:4) എന്ന് അപ്പൊസ്തലനായ പൗലൊസ് ഉദ്ബോധിപ്പിക്കുന്നത്. വിവാഹജീവിതം ശിഥിലമായിത്തീർന്ന് കുടുംബബന്ധങ്ങൾ തകരാതിരിക്കണമെങ്കിൽ ഭാര്യാഭർത്താക്കന്മാർ ഒരു ശരീരമായിത്തീരണം. അതിന് സമ്പൂർണമായ ജീവിതവിശുദ്ധി അത്യന്താപേക്ഷിതമാണ്.

വീട്ടിലെ സഭ

വീട്ടിലെ സഭ

യേശുവിൽ വിശ്വസിക്കുന്നവർക്കും യേശുവിനെ അനുഗമിക്കുന്നവർക്കും സഭ എന്ന സങ്കല്പത്തിൽ പരസ്യമായി ഒരുമിച്ച് ആരാധന നടത്തുവാൻ കഴിയാതിരുന്ന ആദ്യനൂറ്റാണ്ടുകളിൽ വിശ്വാസികൾ തങ്ങളുടെ ഭവനങ്ങളിൽ ഒരുമിച്ചുകൂടി ആരാധനകൾ നടത്തുകയായിരുന്നു പതിവ്. ഇങ്ങനെ വീടുകളിൽ പതിവായി നടത്തിയിരുന്ന ആരാധനകൾ അറിയപ്പെട്ടിരുന്നത് ആ വീടുകളിലെ സഭകളായിട്ടായിരുന്നു. (ഫിലേ, 1,2). ഈ കൊച്ചുകൊച്ചു കൂട്ടങ്ങളായിരുന്നു ആദിമസഭയിൽ പരിശുദ്ധാത്മശക്തി വിളംബരം ചെയ്യുന്ന ദീപസ്തംഭങ്ങളായി പ്രകാശിച്ചിരുന്നത്. ഫിലേമോനും അക്വിലായും പ്രിസ്കില്ലയും ലുദിയായും തങ്ങളുടെ ഭവനങ്ങളെ സഭകളാക്കി മാറ്റിയവരിൽ ഉൾപ്പെടുന്നു. ഇന്ന് അതിമനോഹരങ്ങളായ ദൈവാലയങ്ങൾ ഉണ്ടായിരുന്നിട്ടും ആരാധിക്കുവാൻ പൂർണ്ണസ്വാതന്ത്യം ഉണ്ടായിരുന്നിട്ടും ഭൗതിക സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ശക്തിയുണ്ടായിരുന്നിട്ടും ലക്ഷങ്ങളുടെ അംഗബലമുള്ള ആധുനിക സഭകൾക്ക് ആദിമ നൂറ്റാണ്ടുകളിലെ ‘വീട്ടിലെ സഭകളെ’പ്പോലെ പരിശുദ്ധാത്മാവിന്റെ പ്രഭാപൂരം ചൊരിയുവാൻ കഴിയുന്നില്ല. എന്തെന്നാൽ, വീട്ടിലെ സഭകൾ രൂപംകൊണ്ടത് വ്യക്തികൾ തങ്ങളുടെ ഭവനങ്ങൾ കർത്താവിന്റെ വേലയ്ക്കായി തുറന്നു കൊടുത്തപ്പോഴായിരുന്നു. ഒരുവൻ തന്റെ ഭവനം പൊതു ആരാധനയ്ക്കായി ഉപയോഗിക്കുമ്പോൾ അനേകർ കയറി ഇറങ്ങുന്നതു നിമിത്തം ആ ഭവനത്തിനുണ്ടാകുന്ന കേടുപാടുകളും ഭവനനിവാസികൾക്കുണ്ടാകുന്ന അസൗകര്യങ്ങളും അധികമാരും ചിന്തിക്കാറില്ല. അതോടൊപ്പം സമയാസമയങ്ങളിൽ അവിടെ വരുന്നവരെ ശുശ്രൂഷിക്കുവാനും സൽക്കരിക്കുവാനും ഗൃഹനാഥൻ കഷ്ടങ്ങളും നഷ്ടങ്ങളും സഹിക്കേണ്ടതുണ്ട്. ഇപ്രകാരം രഹസ്യമായോ പരസ്യമായോ ആരാധനകൾ നടത്തുന്നവർ അന്നത്തെ കാലത്ത് അധികാരികളുടെ നോട്ടപ്പുള്ളികൾ ആയിരുന്നുവെന്നതു മറ്റൊരു പ്രധാനകാര്യമാണ്. ഭയാനകമായ ഭവിഷ്യത്തുകൾ ഭയപ്പെടാതെ യേശുവിനോടുള്ള സ്നേഹത്താൽ വീടുകളിൽ അനേകർ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചപ്പോൾ ദൈവസ്നേഹത്തിൽ അവരുടെ മനസ്സും ഹൃദയവും ഒന്നായിത്തീർന്നു. അവരുടെ പ്രാർത്ഥനകളിൽ കണ്ണുനീർച്ചാലുകൾ ഒഴുകിയിരുന്നു. അപ്പോൾ കർത്താവ് അവരെ പരിശുദ്ധാത്മശക്തിയാൽ നിറച്ച് തനിക്കായി ഉപയോഗിച്ചു. ആദിമ സഭയിലെ വീട്ടിലെ സഭകളെ അനുകരിച്ച് ആധുനിക സഭകളും വീടുകളിൽ പ്രാർത്ഥനകൾ നടത്താറുണ്ട്. നിർബ്ബന്ധത്തിനും സമ്മർദ്ദത്തിനും വിധേയമായി ഭവനങ്ങളിൽ നടത്തപ്പെടുന്ന ഈ പ്രാർത്ഥനകൾ വെറും ചടങ്ങുകളായി അവസാനിക്കുന്നു. എന്തെന്നാൽ ദൈവത്തോടുള്ള സ്നേഹമോ, ദൈവത്തിനുവേണ്ടിയുള്ള തീക്ഷ്ണതയോ പരസ്പരസ്നേഹമോ അവിടെയില്ല. അതുകൊണ്ടുതന്നെ പരിശുദ്ധാത്മാവ് വെറും കേട്ടറിവ് മാത്രയി മാറിയിരിക്കുന്നു.

മുതിർന്നവരെ മാതൃകയാക്കിയ മകൻ

മുതിർന്നവരെ മാതൃകയാക്കിയ മകൻ

മക്കളുടെ വഴിപിഴച്ച ജീവിതത്തെക്കുറിച്ചു പ്രലപിക്കുന്ന മാതാപിതാക്കൾ ഏറെയാണ്. വലിയ പ്രതീക്ഷകളോടെ വളർത്തിക്കൊണ്ടുവരുന്ന തങ്ങളുടെ മക്കൾ വഷളത്തത്തിൽ വീണുപോകുമ്പോൾ ഇന്നത്തെ സാമൂഹ്യസാംസ്കാരിക വ്യവസ്ഥിതികളെയാണ് പല മാതാപിതാക്കളും പഴിചാരുന്നത്. തങ്ങളുടെ കണ്മണികളെ ദുർമ്മാർഗ്ഗത്തിൽനിന്ന് സന്മാർഗ്ഗത്തിലേക്കും ദൈവഭയത്തിലേക്കും കൊണ്ടുവരുവാനായി മാതാപിതാക്കൾ നേർച്ചകാഴ്ചകളും ഉപവാസ പ്രാർത്ഥനകളുമൊക്കെ നടത്താറുണ്ട്. എന്നാൽ മക്കളെ ദൈവസന്നിധിയിലേക്കു തിരിക്കുവാനുള്ള പ്രയത്നം ആരംഭിക്കേണ്ടത് തങ്ങളുടെ മക്കളുടെ കൗമാരത്തിലല്ല, പിന്നെയോ അവരുടെ ശൈശവംമുതൽ ആയിരിക്കണമെന്ന് പൗലൊസ് തന്റെ ആത്മീയ മകനായ തിമൊഥയൊസിനെക്കുറിച്ചുള്ള പരാമർശത്തിലൂടെ വ്യക്തമാക്കുന്നു. അവനിലുള്ള ആത്മാർത്ഥവിശ്വാസം ആദ്യം അവന്റെ വലിയമ്മയായ ലോവീസിലും അവന്റെ അമ്മയായ യുനീക്കയിലും ഉണ്ടായിരുന്നതായി പൗലൊസ് ചുണ്ടിക്കാണിക്കുന്നത് ശ്രദ്ധേയമാണ്. (2തിമൊ, 1:5). എന്തെന്നാൽ, ദൈവസന്നിധിയിൽ ലോവീസിനുണ്ടായിരുന്ന ഭക്തിയും വിശ്വാസവും അവളുടെ മകളായ യുനീക്കയെ ദൈവഭയത്തിലും ഭക്തിയിലും വളർത്തിയെടുക്കുവാൻ മുഖാന്തരമൊരുക്കി. ശൈശവംമുതൽ അവന്റെ അമ്മയിലും വലിയമ്മയിലും വിളങ്ങിയിരുന്ന ദൈവഭയവും ഭക്തിയും തിമൊഥയൊസിനെ ഒരു ദൈവപൈതലാക്കി മാറ്റുവാനും യേശുക്രിസ്തുവിനെ കണ്ടെത്തുവാനും മുഖാന്തരമൊരുക്കി. എന്നാൽ ഇന്ന് മക്കൾക്ക് സമുന്നതമായ ഒരു ഭാവി കെട്ടിപ്പടുക്കുവാനുള്ള വ്യഗ്രതയിൽ സദാസമയം അവർ പഠിച്ചുകൊണ്ടിരിക്കുവാൻ മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തുന്നതിനാൽ, ട്യൂഷനുകളും കോച്ചിംഗ് ക്ലാസ്സുകളും ഒന്നൊന്നായി ക്രമീകരിക്കുമ്പോൾ അവർക്ക് ആത്മീയ ശുശ്രൂഷകളിൽ പങ്കെടുക്കുവാനോ അവരിൽ ആത്മീയ അഭിരുചി വളർത്തിയെടുക്കുവാനോ സാധിക്കുന്നില്ല. തദ്ഫലമായി ഇങ്ങനെ വളരുന്ന കുട്ടികൾ ദൈവത്തെ അറിയുവാനോ ആശ്രയിക്കുവാനോ മാതൃകയില്ലാതെ, തരംകിട്ടുമ്പോൾ വഷളത്തത്തിലേക്കു വഴുതിവീഴുന്നു. അപ്പോൾ മക്കളോട് ദൈവത്തെക്കുറിച്ച് പറയുകയും അവർക്കുവേണ്ടി ദൈവസന്നിധിയിൽ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുവാൻ മാതാപിതാക്കൾ തത്രപ്പെടുന്നു. അവരാകട്ടെ ശൈശവംമുതൽ തങ്ങൾ കാണുകയും കേൾക്കുകയും ചെയ്യാത്ത കാര്യങ്ങൾ പൊടുന്നനവേ ഉൾക്കൊള്ളുവാൻ കഴിയാത്തവരായി നാശത്തിന്റെ അഗാധതയിലേക്കു താഴ്ന്നുപോകുന്നു. “ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; വാർദ്ധക്യത്തിലും അവൻ അതിൽനിന്നു വിട്ടുമാറുകയില്ല.” (സദൃ, 22:6) എന്ന തിരുവചനം പ്രാവർത്തികമാക്കി, ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്ന മാതാപിതാക്കൾക്കു മാത്രമേ ലോവീസിനെയും യുനീക്കയെയുംപോലെ ദൈവസന്നിധിയിൽ ആഹ്ലാദിക്കുവാൻ കഴിയൂ.