ദാവീദിൻ്റെസന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). എന്നാൽ ആ പദവി അവർക്ക് സാക്ഷാത്കരിക്കപ്പെടുന്നത് ഭാവിമശീഹയിലൂടെയാണ്. അതിനാൽ യിസ്രായേൽ അഥവാ മശീഹ/ക്രിസ്തു ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെടുമ്പോൾത്തന്നെ; അവൻ ദാവീദിൻ്റെ കർത്താവാണെന്ന് 110-ാം സങ്കീർത്തനത്തിലൂടെ യേശുക്രിസ്തു യെഹൂദന്മാരോട് വ്യക്തമാക്കി: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ഈ ചോദ്യം ശ്രദ്ധേയമാണ്: “എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു” എന്നാണ്. യേശു ശിഷ്യന്മാരോടും ശമര്യരോടുമല്ലാതെ യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് പറഞ്ഞിരുന്നില്ല. പരീശന്മാരും ശാസ്ത്രിമാരും ക്രിസ്തുവായി അവനെ അംഗീകരിച്ചിരുന്നുമില്ല. അവർക്ക് അറിയാവുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ സന്തതിയായ ക്രിസ്തു അഥവാ യിസ്രായേലാണ്. അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. എന്നാൽ ആത്മീയമായി അത് ഭാവിമശീഹയായ യഹോവയിലാണ് നിവൃത്തിയാകുന്നത്. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പതിനഞ്ച് പ്രാവശ്യമുണ്ട്. (മത്താ, 1:1; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41). (വാഗ്ദത്തസന്തതി (2) എന്ന ലേഖനവും; യിസ്രായേലിൻ്റെ പദവികൾ എന്ന ലേഖനവും കാണുക)
നിത്യദൈവവും (ഉല്പ, 21:33; ആവ, 32:40; സങ്കീ, 90:2; യെശ, 40:28; വിലാ, 5:19) നിത്യരാജാവും (സങ്കീ, 145:13; യിരെ, 10:10) യുഗാന്ത്യരാജാവും (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7; (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51; എബ്രാ, 1:8) യഹോവ അഥവാ യേശുക്രിസ്തുവാണ്. എന്നാൽ പൂർവ്വപിതാക്കന്മാരുടെയും (ഉല്പ, 22:17,18; 26:5; 28:13,14) ദാവീദിൻ്റെയും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15) വാഗ്ദത്ത സന്തതിയായ രാജാവും വിശേഷാൽ ദൈവത്തിൻ്റെ സന്തതിയുമായ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; 2:12; ഹോശേ, 11:1) ഭൂമിയിലെ നിത്യരാജാവ് യിസ്രായേലാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). എന്നാൽ യിസ്രായേലിനു ദൈവം യഥാസ്ഥാനത്താക്കി കൊടുക്കാനുള്ള നിത്യരാജ്യത്തിൽ സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12)
ഒരു നിത്യസിംഹാസനം ദാവീദിനോടുള്ള ഉടമ്പടിയിൽ വാഗ്ദത്തമായുണ്ട്. “നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും.” (2 ശമൂ, 7:16. ഒ.നോ: സങ്കീ, 89:36-37; യെശ, 9:7; യിരെ, 13:13; 17:25; 22:2, 4, 29; 29:16; 36:30; ലൂക്കൊ, 1:31-33). രാജാവ്, സിംഹാസനം, രാജ്യം ഇവ അഭേദ്യങ്ങളാണ്. ഒരു ദൈവാധിപത്യ രാജിതമാണ് പ്രസ്തുതം. വാഴുന്നത് ഇമ്മാനുവേൽ (ദൈവം നമ്മോടു കൂടെ) ആണ്. (യെശ, 7:14). ദൈവപുത്രനും കന്യകാജാതനുമാണ് ആ രാജാവ്. ദാവീദിന്റെ സിംഹാസനത്തിന്റെ യഥാർത്ഥ അവകാശി ഇമ്മാനുവേൽ അത്രേ. (യെശ, 11:1-5; യിരെ, 23:5; യെഹെ, 34:24). ഈ രാജ്യം സ്വഭാവത്തിൽ സ്വർഗ്ഗീയമാണ്.. അത് ഭൂമിയിൽ ദൈവരാജ്യത്തെ അവതരിപ്പിക്കും. ഈ രാജ്യം ഭൂമിയിൽ യെരൂശലേമിനെ കേന്ദ്രീകരിച്ചായിരിക്കും വ്യവസ്ഥാപിതമാകുന്നത്. മടക്കിച്ചേർക്കപ്പെട്ടതും മാനസാന്തരപ്പെട്ടതുമായ യിസ്രായേൽ ഉൾപ്പെടുന്ന മശീഹയുടെ രാജ്യം ജാതികളെയും ഉൾക്കൊള്ളും. (സങ്കീ, 72:11; 86:9; യെശ, 45:6; ദാനീ, 7:13-14; മീഖാ, 4:2; സെഖ, 8:22; ആമോ, 9:12).
യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ദാവീദിനു ഒരു പുരുഷൻ ഇല്ലാതെ വരികയില്ല. (യിരെ, 33:17). ദാവീദിന്റെ ഗൃഹം അഞ്ഞൂറു വർഷം അധികാരത്തിൽ തുടർന്നു. തുടർന്നു ഓരോ തലമുറയിലും ആ സിംഹാസനത്തിന് അവകാശിയായി ഒരുവൻ ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ കാലത്ത് സിംഹാസനത്തിന്റെ യഥാർത്ഥ അവകാശി ക്രിസ്തുവായിരുന്നു. അതിനു ശേഷം സദാകാലത്തേക്കും ദാവീദിനോടുള്ള വാഗ്ദത്തം നിറവേറ്റുന്ന നിത്യരാജാവു ക്രിസ്തുതന്നെയാണ്.
പേര്: ഇടയൻ, യോദ്ധാവ്, സംഗീതജ്ഞൻ, വിശ്വസ്ത സുഹൃത്ത്, സാമ്രാജ്യസ്ഥാപകൻ, പാപി, പരിശുദ്ധൻ, പരാജിതനായ പിതാവ്, മാതൃകാ രാജാവ്, മശീഹയുടെ പ്രതിരൂപം എന്നിങ്ങനെ വിവിധ നിലകളിൽ പ്രകാശിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ദാവീദ്. ദാവീദ് എന്ന പേരിന്റെ ധാതുവും അർത്ഥവും അവ്യക്തമാണ്. പ്രിയപ്പെട്ടവൻ, നായകൻ എന്നീ അർത്ഥങ്ങൾ പറയപ്പെടുന്നു. യിശ്ശായിയുടെ ഏറ്റവും ഇളയമകനും യിസ്രായേലിന്റെ രണ്ടാമത്തെ രാജാവുമാണ്. പഴയനിയമത്തിൽ എണ്ണൂറോളം പ്രാവശ്യം ദാവീദിന്റെ പേർ പറയപ്പെടുന്നുണ്ട്. യേശുക്രിസ്തുവിന്റെ പേർപോലെ തന്നെ ബൈബിളിൽ മറ്റാരും ദാവീദ് എന്ന പേരിൽ അറിയപ്പെടുന്നില്ല. പുതിയ നിയമത്തിൽ ദാവീദിനെക്കുറിച്ചുള്ള 58 പരാമർശങ്ങൾ ഉണ്ട്. യേശുക്രിസ്തുവിന് നല്കിയിട്ടുള്ള ദാവീദുപുത്രൻ എന്ന സ്ഥാനപ്പേരും ഇതിലുൾപ്പെടും. ജഡപ്രകാരം യേശു ദാവീദിന്റെ സന്തതിയാണ്. (റോമ, 1:5). വെളിപ്പാട് പുസ്തകത്തിൽ ‘ഞാൻ ദാവീദിന്റെ വേരും വംശവും’ (22:16) എന്ന് ക്രിസ്തു സ്വയം പരിചയപ്പെടുത്തുന്നു. മത്തായി സുവിശേഷത്തിൽ അബ്രാഹാം മുതൽ ക്രിസ്തുവരെയുള്ള തലമുറകളെ 14 വീതം വിഭജിച്ചാണ് കൊടുത്തിട്ടുളളത്: (1:17). അക്ഷര സംഖ്യാകലനം അനുസരിച്ചു പതിനാല് ദാവീദിന്റെ സംഖ്യയാണ്. ദാലത്ത് = 4; വൌ = 6; ദാലത്ത് = 4; ദാവീദ് = 14. ദാവീദിന്റെ ചരിത്രം 1ശമൂവേൽ 16-ാം അദ്ധ്യായം മുതൽ 1രാജാക്കന്മാർ 2-ാം അദ്ധ്യായം വരെയും 1ദിനവൃത്താന്തം 10 മുതൽ 29 വരെയും ആഖ്യാനം ചെയ്തിട്ടുണ്ട്.
ശൗലിനോടുള്ള ബന്ധം: ദാവീദ് കിന്നരവായനയിൽ നിപുണനും (1ശമൂ, 16:18) ശൂരനുമായിരുന്നു. പിതാവിന്റെ ആടുകളെ ആക്രമിക്കുവാൻ വന്ന കരടിയെയും സിംഹത്തെയും കൊന്നു. (1ശമൂ, 17:34-36). യോസേഫിനെപ്പോലെ സഹോദരന്മാരുടെ അസൂയയ്ക്ക് ദാവീദ് പാത്രമായി. ദൈവം നല്കിയ താലന്തുകളായിരിക്കണം ഈ അസൂയയ്ക്കു കാരണം. (1ശമൂ, 18:28). ദൈവത്തെ അനുസരിക്കാത്തതു കൊണ്ട് ദൈവം ശൗലിനെ ഉപേക്ഷിക്കുകയും ദൈവാത്മാവ് ശൗലിനെ വിട്ടു പോകുകയും ചെയ്തു. വിഷാദരോഗ ബാധിതനായിത്തീർന്ന ശൗൽ ഉന്മാദത്തിന്റെ വക്കോളമെത്തി. അടുത്ത രാജാവാകുവാൻ ദൈവം നിയമിച്ചുകഴിഞ്ഞ ദാവീദ് രാജാവിനെ ശുശ്രൂഷിച്ചു. ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീർന്നു. (1ശമൂ, 16:17-21). ശൗലിനു ദുരാത്മാവു വരുമ്പോൾ ദാവീദ് കിന്നരം വായിക്കുമായിരുന്നു. ശൗലിന്റെ സ്ഥിതി ഭേദപ്പെടുമ്പോൾ ദാവീദ് മടങ്ങി യെരുശലേമിലേക്കു ചെന്ന് പിതാവിൻ്റെ ആടുകളെ മേച്ചു. ദാവീദിന്റെ സഹോദരന്മാർ ശൗലിന്റെ സൈന്യത്തിൽ ഫെലിസ്ത്യർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിന്റെ വെല്ലുവിളിയിൽ ശൗലിന്റെ സൈന്യത്തിനു നേരിട്ട ഭീരുത്വം ദാവീദിനു് ലജ്ജാകരമായി അനുഭവപ്പെട്ടു. ഗൊല്യാത്തിനെ കൊല്ലുന്നവന് ശൗൽ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും അവന്റെ പിതൃഭവനത്തെ കരമൊഴിവാക്കുകയും ചെയ്യും എന്നു വാഗ്ദാനം ചെയ്തു. ഒരിടയന്റെ ആയുധമായ കല്ലും കവിണയും ഉപയോഗിച്ച് ദാവീദ് ഗൊല്യാത്തിനെ കൊന്നു യിസ്രായേലിലെങ്ങും പ്രസിദ്ധനായി. ഗൊല്യാത്തിനെ കൊന്നു മടങ്ങി വന്നപ്പോൾ; ‘ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ’ എന്ന ഗാനപ്രതിഗാനം പാടിയാണ് സ്ത്രീകൾ അവരെ എതിരേറ്റത്. അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി. (1ശമൂ, 18:9). ഏതു വിധേനയും ദാവീദിനെ നശിപ്പിക്കണമെന്ന് നിശ്ചയിച്ച ശൗൽ മീഖളിനു സ്ത്രീധനമായി നുറു ഫെലിസ്ത്യരുടെ അഗ്രചർമ്മം ആവശ്യപ്പെട്ടു. ദാവീദും അവൻ്റെ ആളുകളും ചെന്നു 200 ഫെലിസ്ത്യരെ കൊന്ന് അവരുടെ അഗ്രചർമ്മം ശൗലിന്റെ അടുക്കൽ എത്തിച്ചു. ശൗൽ തന്റെ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു. മീഖൾ ദാവീദിനെ വളരെയധികം സ്നേഹിച്ചു. ശൗൽ ദാവീദിനെ അധികം ഭയപ്പെട്ടു ദാവീദിന്റെ നിത്യശത്രുവായി തീർന്നു. (1ശമൂ, 18:29).
ഓടിപ്പോക്ക്: തുടർന്നുള്ള വർഷങ്ങളിൽ സ്വന്തം ജീവൻ രക്ഷിക്കുവാൻ വേണ്ടി ശൗലിന്റെ ക്രോധത്തിൽ നിന്നു ഒളിച്ചോടേണ്ട സ്ഥിതിയാണ് ദാവീദിനുണ്ടായത്. ശൗൽ തന്റെ മകളായ മീഖളിനെ മറ്റൊരാൾക്കു വിവാഹം ചെയ്തുകൊടുത്തു. ശൗലിന്റെ മരണശേഷമാണ് ദാവീദിനു അവളെ മടക്കിക്കിട്ടിയത്. തന്റെ പ്രഷ്ഠസ്നേഹിതനായ യോനാഥാനെ രഹസ്യമായി മാത്രമാണ് ദാവീദ് കണ്ടിരുന്നത്. ശൗലിന്റെ രണ്ടു മക്കളായ യോനാഥാനും മീഖളുമാണ് സ്വന്തം പിതാവിനെതിരെ ദാവീദിനെ സഹായിച്ചത്. നിഷ്ഠൂരനായ ശൗലിൽ നിന്നും ജീവൻ രക്ഷിക്കുവാൻ വേണ്ടി ദാവീദ് വിവിധ സ്ഥാനങ്ങളിൽ ഓടിയൊളിച്ചു. രാമായിലും നോബിലും പോയി. ഒടുവിൽ ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ഗൊല്യാത്തിന്റെ ഘാതകനായതുകൊണ്ട് ഫെലിസ്ത്യരുടെ കയ്യാൽ മരിക്കാതെ ബുദ്ധിഭ്രമം നടിച്ച് ദാവീദ് അവിടെ നിന്ന് രക്ഷപ്പെട്ടു. (1ശമൂ, 21:10-15). നിയമഭ്രഷ്ടനായ ദാവീദ് അദുല്ലാംഗുഹ കേന്ദ്രമാക്കി നാനൂറുപേരുള്ള ഒരു കൂട്ടത്തെ സംഘടിപ്പിച്ചു. (22:1-2). ഇവർ യിസ്രായേല്യരുടെ കന്നുകാലികളെയും കൃഷികളെയും കൊള്ളക്കാരിൽ നിന്നും ആക്രമണകാരികളിൽ നിന്നും രക്ഷിക്കുകയും അവരുടെ ഔദാര്യത്തിന്മേൽ ജീവിക്കുകയും ചെയ്തുവന്നു. ദാവീദിന് എന്തെങ്കിലും സഹായം നല്കുവാൻ വിസമ്മതിച്ച നാബാലിൻ്റെ ചരിത്രം സുവിദിതമാണ്. ഭാര്യയായ അബീഗയിൽ നാബാലിനുവേണ്ടി ദാവീദിനോടു ക്ഷമായാചനം ചെയ്യുകയും ദാവീദിന്റെ ആൾക്കാർക്ക് വേണ്ടുവോളം ഭക്ഷണം നല്കുകയും ചെയ്തു. കാര്യഗൗരവം കേട്ടപ്പോൾ നാബാൽ നിർജ്ജീവനായി. നാബാലിന്റെ മരണശേഷം അബീഗയിൽ ദാവീദിന്റെ ഭാര്യമാരിൽ ഒരുവളായി. രണ്ടു പ്രാവശ്യം ശൗലിനെ ദാവീദ് നശിപ്പിക്കാതെ വിട്ടു. (1ശമൂ, 24, 26 അ) അലഞ്ഞുതിരിഞ്ഞുള്ള ജീവിതം ദാവീദിനു മടുത്തു. ശൗലിന്റെ വൈരം അടങ്ങാത്ത നിലയിലുമാണ്. ഈ അവസ്ഥയിൽ 600 വീരന്മാരുമായി ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിൻ്റെ അടുക്കലെത്തി. (1ശമൂ, 27:3-4). അതിർത്തി നഗരമായ സീക്ലാഗ് ആഖീശ് ദാവീദിനു നല്കി. ദാവീദ് സീക്ലാഗിന് അകലെയായിരുന്നപ്പോൾ അമാലേക്യർ പട്ടണം തീക്കിരയാക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും പിടിച്ചുകൊണ്ടു പോയി. ദാവീദ് അമാലേക്യരെ തോല്പിച്ച് ധാരാളം കൊള്ള പിടിച്ചെടുത്തു. ഫെലിസ്ത്യർ ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോൾ ദാവീദ് കുടെ ചെല്ലാൻ ഒരുങ്ങി. ദാവീദിന്റെ വിശ്വസ്തതയിൽ സംശയാലുക്കളായ
ഫെലിസ്ത്യ പ്രഭുക്കന്മാർ വിസമ്മതിച്ചതു കൊണ്ട് ദാവീദ് മടങ്ങി. ഗിൽബോവ യുദ്ധത്തിൽ ശൗലും യോനാഥാനും മരിച്ചു (ബി.സി. 1010). അതിന്റെ പേരിൽ ദാവീദ് പാടിയ വിലാപം ഏറ്റവും നല്ല വിലാപകാവ്യങ്ങളിൽ ഒന്നാണ്. (2ശമൂ, 1:19-27)
ഹൈബാനിലെ വാഴ്ച: ശൗൽ രാജാവിന്റെ മരണശേഷം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ദൈവഹിതം ആരാഞ്ഞശേഷം ദാവീദ് യെഹൂദയിലേക്കു മടങ്ങി. യെരുശലേമിന് ഏകദേശം 30 കി.മീറർ തെക്കു പടിഞ്ഞാറുള്ള ഹെബ്രോനിൽ വാസം തുടങ്ങി. യെഹൂദാഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ട ദാവീദ് ഏഴരവർഷം ഹെബ്രോനിൽ ഭരിച്ചു. (2ശമൂ, 2:1-11). ഈ കാലയളവിൽ ആദ്യത്തെ രണ്ടുവർഷം ദാവീദിന്റെ ആളുകളും ശൗലിന്റെ ആളുകളും തമ്മിൽ ആഭ്യന്തരയുദ്ധം നടന്നു. ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ (ബി.സി. 1005) മഹനയീമിൽ രാജാവായി വാഴിച്ചു. ഈശ്-ബോശെത്ത് വെറും പാവയായിരുന്നു. അയാളെ രാജാവാക്കിയത് ശൗലിന്റെ സേനാപതിയായ അബ്നേർ ആയിരുന്നു. ഈശ്-ബോശെത്തും അബ്നേരും കൊല്ലപ്പെട്ടതോടുകൂടി എതിർപ്പുകൾ ഒഴിയുകയും ദാവീദ് യിസ്രായേലിനു മുഴുവൻ രാജാവായി ഹെബ്രോനിൽ വച്ച് അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. (2ശമൂ, 2:8-5:5). യെബൂസ്യരുടെ കയ്യിൽ നിന്ന് യെരൂശലേം പിടിച്ചെടുത്ത് തലസ്ഥാനം യെരുശലേമിലേക്കു മാററി.
ആക്രമണങ്ങൾ: ദാവീദ് യെരുശലേമിൽ 33 വർഷം ഭരിച്ചു. ദാവീദിന്റെ കീഴിൽ ഒന്നായിത്തീർന്ന യിസ്രായേൽ സമീപരാജ്യങ്ങൾക്കു പേടിസ്വപ്നമായി മാറി. ദാവീദിന്റെ കയ്യിൽനിന്നും നിർണ്ണായകമായ പരാജയം ഏറ്റുവാങ്ങിയ ഫെലിസ്ത്യർ ഭയചകിതരായി. ഫെലിസ്ത്യർ, കനാന്യർ, മോവാബ്യർ, അമ്മോന്യർ, അരാമ്യർ, ഏദോമ്യർ, അമാലേക്യർ എന്നിങ്ങനെ ശത്രുക്കളെയെല്ലാം ദാവീദ് വിധേയപ്പെടുത്തി. (2ശമൂ, 8:10; 12:26-31). മിസ്രയിമും മെസൊപ്പൊട്ടേമിയയും ദുർബലമായിരുന്നു. തന്റെ പുത്രനായ ശലോമോനു ഭരിക്കുവാൻ വിശാലമായ ഒരു സാമ്രാജ്യമാണ് ദാവീദ് നേടിയത്. ഈ സാമ്രാജ്യം തെക്ക് എസ്യോൻ-ഗേബെർ മുതൽ വടക്ക ഹമ്മാത്തുവരെ വ്യാപിച്ചിരുന്നു.
ഭരണസംവിധാനം: ദാവീദിന്റെ ഭരണനൈപുണ്യം പരാക്രമം പോലെതന്നെ പ്രശംസനീയമാണ്. ഭരണത്തിന് ഫലപ്രദമായ സംവിധാനം ഉണ്ടാക്കി. ഭാഗികമായി ഈജിപ്ഷ്യൻ മാതൃകയിലാണ് കാര്യാലയങ്ങൾ സംവിധാനം ചെയ്തത്. രാജകീയ കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന രായസക്കാരനും (മസ്കീർ), ശാസ്ത്രിയും (സോഫെർ) ആയിരുന്നു രാജ്യത്തിലെ പ്രധാന ഉദ്യോഗസ്ഥന്മാർ. സെരായാ രായസക്കാരനും യെഹോശാഫാത് മന്ത്രിയും ആയിരുന്നു. മുപ്പതു വീരന്മാരുടെ ഒരു കൗൺസിലുണ്ടായിരുന്നു. (1ദിന, 27:6). സൈന്യത്തെ പ്രയോജനകരമായ രീതിയിൽ സംഘടിപ്പിച്ചു. യോവാബ് ആയിരുന്നു സേനാപതി. (2ശമൂ, 8:16). ക്രേത്യരും പ്ലേത്യരും അടങ്ങുന്ന ഒരു പ്രത്യേക അംഗരക്ഷകസേനയും അദ്ദേഹം ക്രമീകരിച്ചു. ബെനായാവ് ആയിരുന്നു അവർക്കധിപതി. (2ശമൂ, 8:18). അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകനായിരുന്നു. സാദോക്കും അബ്യാഥാരും ആയിരുന്നു പുരോഹിതന്മാർ. (2ശമൂ, 20:25-26). രാജാവിന്റെ സ്വകാര്യ പുരോഹിതനായിരുന്നു ഈര. കൊട്ടാരവുമായി ബന്ധം പുലർത്തിയിരുന്ന പ്രവാചകന്മാരാണ് നാഥാനും ഗാദും. ലേവ്യപട്ടണങ്ങളെ പ്രത്യേകം നിലനിർത്തി. സങ്കേത പട്ടണങ്ങളും ഇവയിലുൾപ്പെട്ടിരുന്നു. അന്യായമായി കുറ്റാരോപണം ചെയ്യപ്പെടുന്നവന് സങ്കേത സ്ഥാനമായിട്ടാണ് സങ്കേതപട്ടണങ്ങൾ ഏർപ്പെടുത്തിയത്. ആറു സങ്കേത പട്ടണങ്ങളും നാല്പത്തെട്ടു ലേവ്യപട്ടണങ്ങളും ദാവീദിന്റെ രാഷ്ട്ര പുനഃസംഘടനയിൽ ഉൾപ്പെട്ടിരുന്നു. വളരെ വിനാശകരമായ ഗോത്രസംഘർഷങ്ങൾക്ക് ഇത് അയവു വരുത്തി. സങ്കേതപട്ടണങ്ങൾ രക്തരൂഷിതമായ മത്സരങ്ങൾ ഒഴിവാക്കി. യോർദ്ദാൻ നദിക്ക് ഇക്കരെയും അക്കരെയും മുമ്മൂന്നു വീതമായിരുന്നു സങ്കേത നഗരങ്ങൾ.
ദാവീദിന്റെ ഭരണത്തിൽ എടുത്തുപറയാവുന്ന മറെറാരു സവിശേഷത യെരുശലേമിനെ ഒരു മതകേന്ദ്രമായി മാറ്റിയതാണ്. കിര്യത്ത്-യെയാരീമിൽ നിന്നും യഹോവയുടെ പെട്ടകത്തെ ദാവീദ് യെരൂശലേമിലേക്കു മാററി. പെട്ടകം കൊണ്ടുവരാനുളള ആദ്യശ്രമം പരാജയപ്പെട്ടു. പെട്ടകം മാറ്റുന്നതിനു മോശെ നല്കിയിരുന്ന ചട്ടങ്ങൾ അനുസരിക്കാത്തതായിരുന്നു കാരണം. (2ശമൂ, 6:11-15; 1ദിന, 15:13; സംഖ്യാ, 4:5, 15, 19). യഹോവയുടെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കൊണ്ടുവന്നത് ഉസ്സയുടെ മരണത്തിനു കാരണമായി. നാലുമാസത്തിനു ശേഷം ദാവീദ് ആഘോഷങ്ങളോടുകൂടി പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നു. (2 ശമൂ, 6:12-15). ആ സമയം ഏഫാദ് ധരിച്ചുകൊണ്ട് ദാവീദ് നൃത്തം ചെയ്തു. മോശെ നിർമ്മിച്ച സമാഗമനകൂടാരത്തിന്റെ മാതൃക അനുസരിച്ചുതന്നെയാണ് ദാവീദ് കൂടാരം നിർമ്മിച്ചത്. മന്ദിരത്തിലെ സംഗീത ശുശ്രൂഷയെ ദാവീദ് ചിട്ടപ്പെടുത്തി. ദൈവാലയ സംഗീതത്തിന്റെ സംവിധായകനും യെഹൂദസംഗീതത്തിൻ്റെ രക്ഷകർത്താവും ദാവീദായിരുന്നു. ദേവദാരുകൊണ്ട് നിർമ്മിച്ച തന്റെ കൊട്ടാരവും തിരശ്ശീലയ്ക്കകത്തിരുന്ന ദൈവത്തിന്റെ പെട്ടകവും തമ്മിൽ താരതമ്യപ്പെടുത്തിയശേഷം പെട്ടകത്തിനുവേണ്ടി ദൈവാലയം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. ഈ ആഗ്രഹം നാഥാൻ പ്രവാചകനെ അറിയിച്ചപ്പോൾ ദൈവത്തോട് ആലോചന ചോദിക്കാതെ തന്നെ പ്രവാചകൻ “നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തു കൊൾക; യഹോവ നിന്നോടു കൂടെ ഉണ്ട് എന്നു പറഞ്ഞു.” (2ശമൂ, 7;3). അന്നുരാത്രി നാഥാൻ പ്രവാചകനു യഹോവയുടെ അരുളപ്പാടു ലഭിച്ചു. ദാവീദ് തനിക്ക് ആലയം പണിയണ്ടെന്നും അവന്റെ പുത്രനായ ശലോമോൻ ദൈവാലയം പണിയുമെന്നും ദൈവം അറിയിച്ചു. എന്നാൽ, ദാവീദിന്റെ ഗൃഹത്തെ ഉറപ്പിക്കും എന്ന വാഗ്ദത്തം യഹോവ നല്കി. അനന്തരം ദൈവാലയം പണിയുവാനാവശ്യമായ സാമഗ്രികൾ ദാവീദ് സംഭരിച്ചു.
മെഫീബോശെത്ത്: യെരൂശലേമിൽ ഉറച്ചുകഴിഞ്ഞപ്പോൾ താൻ യഹോവയുടെ ദയ കാണിക്കേണ്ടതിനു ശൗലിൻ്റെ സന്തതികളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നു ദാവീദ് അന്വേഷിച്ചു. ശൗലിന്റെ ഭൃത്യനായ സീബാ യോനാഥാന്റെ പുത്രനായ മെഫീബോശെത്തിനെക്കുറിച്ചു പറഞ്ഞു. രണ്ടുകാലും മുടന്തനായിരുന്ന മെഫീബോശെത്തിനെ ദാവീദു വരുത്തി ശൗലിന്റെ കുടുംബാവകാശം മുഴുവൻ അവനു നല്കി (ബി.സി. 995). മെഫീബോശെത്ത് യെരൂശലേമിൽ പാർത്തു രാജാവിന്റെ മേശയിൽ ഭക്ഷിച്ചു പോന്നു. (2ശമൂ, 9:13)
ക്ഷാമം: ഈ കാലത്ത് യിസ്രായേലിൽ മൂന്നു വർഷം കഠിനക്ഷാമം ഉണ്ടായി. ക്ഷാമകാരണം ദൈവത്തോടു ചോദിച്ചപ്പോൾ ശൗൽ ഗിബെയോന്യരെ കൊന്നതാണന്നു മറുപടി ലഭിച്ചു. അതിനു താൻ എന്തു പ്രതിശാന്തി ചെയ്യണമെന്നു ദാവീദ് ഗിബെയോന്യരോടു ചോദിച്ചു. അവർ ശൗലിന്റെ മക്കളിൽ ഏഴുപേരെ ആവശ്യപ്പെട്ടു. ശൗലിന്റെ വെപ്പാട്ടിയായ രിസപാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരെയും ശൗലിന്റെ മകളായ മീഖൾ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും ദാവീദ് ഗിബെയോന്യർക്ക് ഏല്പിച്ചു കൊടുത്തു. ഗിബെയോന്യർ അവരെ കൊന്നു തൂക്കിക്കളഞ്ഞു. രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തു നിന്നു മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടാൻ സമ്മതിക്കാതെ കാത്തു സൂക്ഷിച്ചു. ഇതറിഞ്ഞ ദാവീദ് അവരുടെ അസ്ഥികളെയും ശലിന്റെയും യോനാഥാൻ്റെയും അസ്ഥികളെയും യാബേശിൽനിന്നു വരുത്തി ബെന്യാമീൻ ദേശത്തു സേലയിലെ കുടുംബകല്ലറയിൽ അടക്കി. ഈ കാലത്തായിരിക്കണം യോനാഥാനോടുള്ള തന്റെ ഉടമ്പടി നിറവേറ്റുന്നതിന് മെഫീബോശെത്തിനെ കൊട്ടാരത്തിലേക്കു വരുത്തിയത്. (2ശമൂ, 21:1-14).
ബത്ത്-ശേബ: ഭൌതിക സമൃദ്ധിയുടെയും ആദ്ധ്യാത്മിക തീക്ഷണതയുടെയും കാലത്താണ് ദാവീദ് ഏറ്റവും ഹീനമായ പാപത്തിൽ വീണത്. ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് മാളികയിൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതുകണ്ടു. അന്വേഷണത്തിൽ അവൾ ഏലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നറിഞ്ഞു. മറ്റൊരുവന്റെ ഭാര്യയാണെന്നു അറിഞ്ഞു കൊണ്ടുതന്നെ ദാവീദ് ബത്ത്-ശേബയെ വരുത്തി അവളുമായി ലൈംഗികബന്ധം പുലർത്തി. അവൾ ഗർഭിണിയായെന്നറിഞ്ഞ ദാവീദ് ഊരീയാവിനെ തന്ത്രപൂർവ്വം പടയുടെ മുന്നിൽ നിറുത്തി കൊല്ലിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഊരീയാവു പടയിൽ പട്ടു എന്നറിഞ്ഞപ്പോൾ ദാവീദ് ബത്ത്-ശേബയെ ഭാര്യയായി സ്വീകരിച്ചു. വ്യഭിചാരക്കുറ്റം മറച്ചുവയ്ക്കാൻ വേണ്ടി ദാവീദ് കൊലക്കുറ്റവും ചെയ്തു. ബത്ത്-ശേബയെ ഭാര്യയായി എടുത്തതുകൊണ്ട് വാൾ ദാവീദിന്റെ ഗൃഹത്തിൽ നിന്നും വിട്ടു മാറിയില്ല. (2ശമൂ, 12:10) ഈ സംഭവത്തിനു ശേഷമാണ് ദാവീദിന്റെ മൂത്തമകനായ അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തിയതും (ബി.സി. 990), അബ്ശാലോമിന്റെ ഭൃത്യന്മാർ രണ്ടു വർഷത്തിനു ശേഷം അമ്നോനെ വധിച്ചതും (ബി.സി. 988). (2ശമൂ, 11 : 1- 13:29).
അബ്ശാലോമിന്റെ മത്സരം: അമ്നോന്റെ വധത്തിനു ശേഷം അബ്ശാലോം ഗെശൂർ രാജാവായ തല്മായിയുടെ അടുക്കലേക്കു ഓടിപ്പോയി. അബ്ശാലോം മൂന്നുവർഷം അവിടെ താമസിച്ചു. അനന്തരം അബ്ശാലോമിനെ യെരുശലേമിലേക്കു വരുത്തി (ബി.സി. 985). എന്നാൽ, രണ്ടു വർഷം അവൻ രാജാവിന്റെ മുഖം കാണാതെ സ്വന്തംവീട്ടിൽ പാർത്തു. അനന്തരം യോവാബിനെ അയച്ച് അവന്റെ മദ്ധ്യസ്ഥതയിൽ അബ്ശാലോം പിതാവിൻ്റെ അടുക്കൽ വന്ന് സാഷ്ടാംഗം നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു (ബി.സി. 983). ഏറെത്താമസിയാതെ സിംഹാസനം കരസ്ഥമാക്കാനുള്ള ശ്രമം അബ്ശാലോം ആരംഭിച്ചു. അവൻ യിസ്രായേല്യരുടെ ഹൃദയം വശീകരിക്കുവാൻ തുടങ്ങി. ഹെബ്രോനിൽ ചെന്നു ഒരു നേർച്ച കഴിക്കുവാൻ പിതാവിനോടു അനുവാദം വാങ്ങി. അവൻ ഹെബ്രോനിൽ ചെന്ന് രാജാവാകാൻ ഗൂഢശ്രമം നടത്തി. അവന്റെ കൂട്ടുകെട്ടിന് ശക്തി കൂടി വന്നു. ഒരു ദൂതൻ ഓടിവന്നു ദാവീദിനെ വിവരം അറിയിച്ചു. ദാവീദ് യെരൂശലേമിൽനിന്നു ഓടിപ്പോയി. പ്രവാസകാലത്ത് ദാവീദിന്റെ താമസസ്ഥാനം മഹനയീം ആയിരുന്നു. ദാവീദ് സൈന്യത്തെ മൂന്നു സൈന്യാധിപന്മാരുടെ കീഴിൽ കമീകരിച്ചു. യോവാബ്, അബീശായി, ഇത്ഥായി എന്നീ മൂന്നുപേരും ദാവീദിനോടു നിരന്തരം കുറു പുലർത്തിയവരാണ്. അബ്ശാലോമിന്റെ സേനാപതി അമാസ ആയിരുന്നു. (2ശമൂ, 17:25). അവസാനയുദ്ധം എഫ്രയീം വനത്തിലായിരുന്നു. അബ്ശാലോമിനോടു കനിവോടു പെരുമാറണമെന്ന് മൂന്നു സേനാധിപതികളോടും ദാവീദ് കല്പിച്ചിരുന്നു. യിസ്രായേൽ ജനം തോറ്റു. കോവർ കഴുതപ്പുറത്തു ഓടിച്ചു പോകുമ്പോൾ അബ്ശാലോമിന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടു. ഇതറിഞ്ഞ യോവാബ് ഓടിച്ചെന്ന് അബ്ശാലോമിനെ കൊന്നു. (2ശമൂ, 18:1-33). അബ്ശാലോമിന്റെ മത്സരത്തിൽ വടക്കെരാജ്യം ദാവീദിനോടു കൂറുപുലർത്തി. തുടർന്നു ബെന്യാമീന്യനായ ശേബയുടെ നേതൃത്വത്തിൽ ഒരു വിപ്ലവം നടന്നു. യോവാബ് അതിനെ അടിച്ചമർത്തി. അമാസയുടെ വധത്തിനുശേഷം ദേശത്തു സമാധാനം ഉണ്ടായി. (2ശമൂ, 20:1-22).
മൂന്നുദിവസത്തെ മഹാമാരി: ജനസംഖ്യ എടുക്കുന്നതിനു രാജാവു സേനാധിപതിയായ യോവാബിനോടു കല്പിച്ചു. ആദ്യം എതിർത്തെങ്കിലും രാജാവിന്റെ നിർബന്ധം മൂലം യോവാബ് ജനസംഖ്യയെടുത്തു. (2ശമൂ, 24:1-9; 1ദിന, 21:1-7,24). രാജാവിന്റെ കല്പന വെറുപ്പായിരുന്ന കാരണത്താൽ യോവാബ് ലേവിയെയും ബെന്യാമീനെയും എണ്ണിയില്ല. (1ദിന, 21:6). യിസ്രായേലിന്മേൽ യഹോവയുടെ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്ത പുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടില്ല. (1ദിന, 27:23,24). ഇതിന്റെ ശിക്ഷയായി ഗാദ് പ്രവാചകൻ അറിയിച്ചതനുസരിച്ച് യിസ്രായേലിൽ മൂന്നു ദിവസത്തെ മഹാമാരി ഉണ്ടായി. ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു. യഹോവയുടെ ദൂതൻ മഹാസംഹാരവുമായി അരവ്നയുടെ മെതിക്കളത്തിൽ നില്ക്കുകയായിരുന്നു. ആ സ്ഥലം അരവ്നയോടു വിലയ്ക്കുവാങ്ങി അവിടെ യാഗപീഠം പണിതു യാഗം കഴിച്ചു. അതോടുകൂടി ബാധ യിസ്രായേലിനെ വിട്ടുമാറി. ഈ സ്ഥലമാണ് ദൈവാലയത്തിലെ യാഗപീഠമായി മാറിയത്. (2ശമൂ, 24:10-25).
അന്ത്യനാളുകൾ: ദാവീദിന്റെ മൂത്ത പുത്രന്മാരിൽ ഒരുവനായിരുന്നു അദോനീയാവ്. ബത്ത്-ശേബയുടെ പ്രേരണകൊണ്ട് ശലോമോൻ രാജാവായിത്തീരുമെന്നു അദോനീയാവു മനസ്സിലാക്കി സ്വയം രാജാവായി പ്രഖ്യാപിച്ചു. നാഥാൻ പ്രവാചകന്റെയും മറ്റും ഇടപെടലിലൂടെ ദാവീദ് ശലോമോനെ രാജാവാക്കി. വൃദ്ധനായ ദാവീദിന് ശരീരബലം ക്ഷയിച്ചു. രാജാവിന്റെ കുളിർ മാറ്റുവാൻ ശൂനേംകാരിയായ അബീശഗ് എന്ന സുന്ദരിയെ കൊണ്ടുവന്നു. അവൾ രാജാവിനെ ശുശ്രൂഷിച്ചു. മരണകാലം അടുത്തപ്പോൾ ശലോമോൻ ചെയ്യേണ്ടകാര്യങ്ങൾ അവനെ ഓർപ്പിച്ചു. (1രാജാ, 2:1-9). ബി.സി. 970-ൽ തന്റെ എഴുപതാമത്തെ വയസിൽ ദാവീദ് ആയുസ്സും ധനവും മാനവും തികഞ്ഞവനായി മരിച്ചു. ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. (1രാജാ, 2:10,11; 1ദിന, 29:27-28). പ്രവാസത്തിനു ശേഷം മടങ്ങിവന്നപ്പോഴും ദാവീദിൻ്റെ കല്ലറകൾ പ്രത്യേകം ചൂണ്ടിക്കാണിക്കാവുന്ന നിലയിൽ ഉണ്ടായിരുന്നു. (നെഹെ, 3:16).
ദാവീദിന്റെ സ്വഭാവം പരസ്പര വൈരുദ്ധ്യങ്ങളുടെ സംയോജനമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിന്റെ പെരുമാററം തികച്ചും യോഗ്യമായിരുന്നു. ഫെലിസ്ത്യരെ അഭയം പ്രാപിച്ച കാലത്തുപോലും ദാവീദ് ശൗലിനോടു കൂറുപുലർത്തി. തന്റെ ശത്രുവായി മാറിയ ശൗലിനെ കൊല്ലാൻ സന്ദർഭം കിട്ടിയിട്ടും ദാവീദ് അതിനൊരുമ്പെട്ടില്ല. ശൗലിന്റെയും യോനാഥാന്റെയും മരണത്തിൽ ദാവീദ് ആത്മാർത്ഥമായി വിലപിച്ചു. യോനാഥാന്റെ പുത്രനായ മെഫീബോശെത്തിനു കുടുംബാവകാശം നല്കുകയും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കല്പിക്കുകയും ചെയ്തു. ഇവയെല്ലാം ദാവീദിന്റെ സ്വഭാവ വൈശിഷ്ട്യത്തിനു നിദർശനങ്ങളാണ്.
ദാവീദ് ഉത്തമഭക്തനായിരുന്നു. ദൈവത്തോടു അരുളപ്പാടു ചോദിക്കാതെ ഒരു പ്രവൃത്തിയും ചെയ്തിരുന്നില്ല. പുരോഹിതന്മാരും പ്രവാചകന്മാരും പ്രവർത്തന രംഗങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നപ്പോൾ വികാരവിവശനായ രാജാവ് ഏഫോദ് ധരിച്ചു നൃത്തം ചെയ്തു. ബത്ത്-ശേബയുടെ കാര്യത്തിൽ ദാവീദ് ചെയ്ത പാപം നാഥാൻ പ്രവാചകൻ വെളിപ്പെടുത്തിയപ്പോൾ ദാവീദ് അനുതപിച്ചു. ജനസംഖ്യ എടുത്ത പാപത്തിലും ദാവീദ് യഹോവയുടെ കയ്യിൽ വീണു.
ഒരു കവിയും ഗായകനുമായിരുന്നു ദാവീദ്. ശൗലിന്റെയും യോനാഥാൻ്റെയും മരണത്തിൽ ഒരു വിലാപഗാനം എഴുതി. (2ശമൂ, 1:19-27). 2ശമൂ, 22-ലെ ഗീതം പ്രസിദ്ധമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിനെ കൊണ്ടുവന്നതുതന്നെ കിന്നരവായനയിലെ നൈപുണ്യം കൊണ്ടായിരുന്നു. (1ശമൂ, 16:23). ആമോസ് പ്രവാചകൻ്റെ കാലത്തും ദാവീദ് സംഗീതത്തിന്റെ പ്രതീകമായിരുന്നു. (ആമോ, 6:5). യിസ്രായേലിന്റെ മധുരഗായകൻ എന്നു പ്രഖ്യാതി നേടി. (2ശമൂ, 23:1). സങ്കീർത്തനങ്ങളിൽ അധികവും ദാവീദിന്റെ രചനയാണ്. എഴുപത്തിമൂന്ന് സങ്കീർത്തനങ്ങളുടെ ശീർഷകങ്ങളിൽ ദാവീദിന്റെ പേര് ചേർത്തിട്ടുണ്ട്. ദൈവാലയസംഗീതം സംവിധാനം ചെയ്തത് ദാവീദത്രേ. ദാവീദിന്റെ സ്വഭാവത്തിലെ വൈകല്യങ്ങൾ ‘ഉന്നതന്മാരുടെ വീഴ്ച ഭയങ്കരം’ എന്ന സത്യത്തിന്റെ അനാവരണമാണ്. ഭാര്യമാരിലും വെപ്പാട്ടിമാരിലും കൂടി അസംഖ്യം പുത്രന്മാർ ദാവീദിനുണ്ടായിരുന്നു. അവരുടെ ശിക്ഷണത്തിലും പരിപാലനത്തിലും അല്പം പോലും ശ്രദ്ധിക്കുവാൻ ദാവീദിനു കഴിഞ്ഞില്ല. ദാവീദ് ഗൃഹത്തിന്റെ നിലനില്പ് ദൈവിക ഉടമ്പടിയിലും ദൈവത്തിന്റെ നിശ്ചലകൃപകളിലും മാത്രം അധിഷ്ഠിതമാണ്.
ബത്ത്-ശേബയുടെയും ഊരീയാവിന്റെയും സംഭവത്തിൽ ദാവീദ് ചെയ്ത പാപം വളരെ നിന്ദ്യവും നീചവുമാണ്. ദൈവനാമമഹത്വത്തിന് അശ്രാന്തം പ്രയത്നിച്ച ഒരു വ്യക്തിത്വത്തിൽ എത്ര വലിയ കളങ്കമാണ് അത് ചാർത്തി എന്നത് ദൈവജനത്തിന് ഒരു ഭയനിർദ്ദേശമാണ്. ദാവീദിൻ്റെ പല പ്രവൃത്തികളും പുതിയനിയമ വിശ്വാസികൾക്കു അരോചകമാണ്. എങ്കിലും, ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു എന്നാണ് തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നതു. (പ്രവൃ, 13:36). ആ കാലത്ത് ദാവീദ് ദൈവനാമ മഹത്വത്തിനായി എരിഞ്ഞു പ്രകാശിച്ച വിളക്കായിരുന്നു. യിസ്രായേൽ രാജ്യത്തിന്റെ സ്ഥാപകനായി യെഹൂദജനം അഭിമാനത്തോടും സ്നേഹത്തോടും നോക്കുന്നത് ശൗലിനെയല്ല ദാവീദിനെയാണ്. രാജത്വത്തിന്റെ മാതൃകാമുദ്രയാണ് അദ്ദേഹം. വരുവാനിരിക്കുന്ന മശീഹയുടെ പ്രതിരൂപം അവർ ദാവീദിൽ കണ്ടു. സകല ശത്രുക്കളിൽ നിന്നും ജനത്തെ മോചിപ്പിച്ച് ദാവീദിന്റെ സിംഹാസനത്തിൽ മശീഹ എന്നേക്കും വാഴും. ദാവീദിന്റെ സന്തതിയായാണ് ജഡപ്രകാരം മശീഹ ഭൂജാതനായത്. (റോമ, 1:5).
അതിവിശുദ്ധസ്ഥലവും വിശുദ്ധസ്ഥലവും തമ്മിൽ വേർതിരിച്ചിരുന്ന മറയാണ് തിരശ്ശീല. മോശെ മരുഭൂമിയിൽ പണിത സമാഗമനകൂടാരത്തിലും, ശലോമോൻ പണിത ദൈവാലയത്തിലും അതിവിശുദ്ധസ്ഥലവും വിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കാൻ തിരശ്ശീല ഉപയോഗിച്ചിരുന്നു. (പുറ, 26:33; 2ദിന, 3:14). നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടായിരുന്നു തിരശ്ശീലയുടെ നിർമ്മാണം. കെരൂബുകളെ അതിൽ ചിത്രണം ചെയ്തിരുന്നു. (പുറ, 26:31; 36:35; 2ദിന, 3:14). നാലു ഖദിര സ്തംഭങ്ങളിന്മേലായിരുന്നു സമാഗമന കൂടാരത്തിലെ തിരശ്ശീല തൂക്കിയിട്ടിരുന്നത്. (പുറ, 26:32). ലേവ്യ പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും തിരശ്ശീലക്കകത്തു പോകാൻ അനുവാദമില്ല. (സംഖ്യാ, 18:7). തിരശ്ശീലയ്ക്ക് അകത്തുള്ള കൃപാസനത്തിനു മുമ്പിൽ, മഹാപുരോഹിതനു മാത്രം വർഷത്തിലൊരിക്കൽ പാപപരിഹാരദിനത്തിൽ കടന്നുചെല്ലാം. (ലേവ്യ, 16:2). യിസ്രായേൽ പാളയം യാത്രപുറപ്പെടുമ്പോൾ പുരോഹിതന്മാർ തിരശ്ശീല ഇറക്കി സാക്ഷ്യപ്പെട്ടകം മൂടുമായിരുന്നു. (സംഖ്യാ, 4:5).
തിരശ്ശീലയുടെ അളവ്: മിഷ്ണ’യിൽ പറയുന്നത്: ഒരു കൈപ്പത്തിയുടെ (4 ഇഞ്ച്) കനവും, 40 മുഴം (60 അടി) നീളവും, 20 മുഴം (30 അടി) വീതി അഥവാ, ഉയരവും ഉണ്ടായിരുന്നു. നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ട്, വർഷത്തിൽ രണ്ടു തിരശ്ശീല നിർമ്മിച്ചിരുന്നു. തിരശ്ശീല മാറ്റി സ്ഥാപിക്കുവാൻ 300 പുരോഹിതന്മാർ ആവശ്യമായിരുന്നു. 82 യുവകന്യകമാരാണ് തിരശ്ശീല രൂപകല്പന ചെയ്തിരുന്നത്. (Mishnah Sheklim, 8:5). യെഹൂദാ ചരിത്രകാരനായ ജോസീഫസിൻ്റെ അഭിപ്രായത്തിൽ: ‘അന്തർമന്ദിരത്തിന് (അതിപരിശുദ്ധസ്ഥലം) 55 മുഴം (82½ അടി) ഉയരത്തിലും, 16 മുഴം (24 അടി) വീതിയിൽ സ്വർണ്ണവാതിൽ ഉണ്ടായിരുന്നു. അതേ ഉയരത്തിലും വീതിയിലും നീലനുൽ, ധൂമനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് അലങ്കരിച്ച ബാബിലോണിയൻ തിരശ്ശീലയും ഉണ്ടായിരുന്നു. ഈ വർണ്ണ മിശ്രിതം പ്രപഞ്ചത്തിന്റെ ഒരുതരം പ്രതിച്ഛായയായിരുന്നു; നീലനൂൽ വായുവിനെയും, ധൂമ്രനൂൽ കടലിനെയും, ചുവപ്പുനൂൽ തീയെയും, പിരിച്ച പഞ്ഞിനൂൽ ഭൂമിയെയും സൂചിപ്പിക്കുന്നു. (War of the Jews, 5:5.4 Antiquities of the Jews, 3:6.4; 3:7.7; 8:3.3). യെഹൂദാ വിജ്ഞാനകോശം പറയുന്നത്: “ഹെരോദാവ് പുനർനിർമിച്ച ദൈവാലയം ശലോമോന്റെ ആലയത്തിൻ്റെ അതേ അളവുകളായിരുന്നു, അതായത്: 60 മുഴം നീളവും 20 മുഴം വീതിയും 40 മുഴം ഉയരവും. ഈ ഇടം അതിവിശുദ്ധസ്ഥലം വിശുദ്ധസ്ഥലം എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ആദ്യത്തേത് 20 x 20 മുഴം അളന്നു; രണ്ടാമത്തേത്, 20 x 40 മുഴവും. ദൈവാലയത്തിന്റെ പ്രവേശന കവാടത്തിൽ നീലനൂൽ, വെള്ളനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ എന്നിവകൊണ്ട് അലങ്കരിച്ച ഒരു മൂടുപടം തൂക്കിയിരിക്കുന്നു; അതിവിശുദ്ധ സ്ഥലത്തെ വിശുദ്ധസ്ഥലത്തു നിന്ന് സമാനമായ തിരശ്ശീല കൊണ്ട് വേർതിരിക്കപ്പെട്ടു.” (Temple of Herod, jewish encyclopedia). യെഹൂദാ വിജ്ഞാനകോശം പറയുന്ന കണക്ക് ബൈബിളിലെ ശലോമോൻ്റെ ദൈവാലയത്തിൻ്റെ അളവുകളുമായി പൊരുത്തപ്പെടുന്നതാണ്. “ശലോമോൻ രാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു.” (1രാജാ, 6:2). “ആലയത്തിന്റെ അകത്ത് യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിനു അവൻ ഒരു അന്തർമ്മന്ദിരം ചമെച്ചു. അന്തർമ്മന്ദിരത്തിന്റെ അകം ഇരുപത് മുഴം നീളവും; ഇരുപത് മുഴം വീതിയും ഇരുപത് മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ട് പൊതിഞ്ഞു, ദേവദാരുമരം കൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.” (1രാജാ, 6:19;20). മുകളിൽ കണ്ട കണക്കുപ്രകാരം; ദൈവാലയത്തിൻ്റെ തിരശ്ശീലയ്ക്ക്, 30 അടി ഉയരവും, 30 അടി വീതിയും; 4 ഇഞ്ച് കനവും ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ദൈവാലയത്തിലെ ഈ തിരശ്ശീലയാണ് ക്രിസ്തുവിൻ്റെ മരണത്തിങ്കൽ രണ്ടായി കീറിപ്പോയത്. “യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി.” (മത്താ, 27:50-51; മർക്കൊ, 15:37-38; ലൂക്കൊ, 23:45). അതോടുകൂടി യെഹൂദാ പുരോഹിതന്മാർക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ദൈവത്തിൻ്റെ തിരുനിവാസം എന്ന അതിപരിശുദ്ധസ്ഥലം സകലജാതികൾക്കുമായി തുറക്കപ്പെട്ടു. ദൈവം യെഹൂദന്മാരുടെ മദ്ധ്യസ്ഥനായ മഹാപുരോഹിതനെ മാത്രം കൂടിക്കണ്ടിരുന്ന സ്ഥലമാണ് അതിപരിശുദ്ധസ്ഥലം. (പുറ, 30:6). എന്നാൽ, ക്രിസ്തുവിൻ്റെ ക്രൂശുമരണം, യെഹൂദരെയും ജതികളെയും തമ്മിൽ ഭിന്നിപ്പിച്ചിരുന്ന ന്യായപ്രമാണമെന്ന ശത്രുത്വത്തിൻ്റെ നടുച്ചുവർ ഇടിച്ചു കളയുകവഴി, ഇരുപക്ഷത്തിനും ഒരുപോലെ തിരുനിവാസത്തിലേക്ക് പ്രവേശനം സാദ്ധ്യമായി. (എഫെ, 2:14-16). എബ്രായ ലേഖനത്തിൽ യേശുവിന്റെ ദേഹത്തെ തിരശ്ശീലയായി രൂപണം ചെയ്തിട്ടുണ്ട്. “അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി.” (എബ്രാ, 10:20).
തിരുവെഴുത്തുകളുടെ ഒട്ടനവധി പ്രതീകങ്ങൾ ബൈബിളിലുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെക്കൊടുക്കുന്നു.
1. ദീപവും പ്രകാശവും: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (സങ്കീ, 119;130). ഒരു ദൈവപൈതലിനു കല്പന ദീപവും ഉപദേശം വെളിച്ചവുമാണ്. എന്നാൽ പ്രാകൃതമനുഷ്യന്റെ ഹൃദയവും മനസ്സും അന്ധകാര പൂർണ്ണമാണ്. തിരുവെഴുത്തുകൾ ഖണ്ഡിതമായി വെളിപ്പെടുത്തുന്ന വിഷയമാണിത്. പ്രാകൃത മനുഷ്യനെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ച് ദൈവം തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുന്നു. “വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു:” (കൊലൊ, 1:12,13). അന്ധകാരത്തിന്റെ ലോകാധിപതികളുടെ നിയന്ത്രണത്തിലാണ് രക്ഷിക്കപ്പെടാത്ത ഓരോ വ്യക്തിയും. “നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ:” (എഫെ, 6:12). അവരുടെ പ്രവൃത്തികൾ ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളത്രേ: (എഫെ, 5:11). അന്ധകാരം അവരുടെ കണ്ണു കുരുടാക്കിയിരിക്കുക കൊണ്ട് തങ്ങൾ എവിടേക്കു പോകുന്നു എന്ന് അവർ അറിയുന്നില്ല. “സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ട് അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല:” (1യോഹ, 2:11). അവരുടെ പോക്ക് അന്ധകാരത്തിന്റെ രാജ്യത്തിലേക്കാണ്: (വെളി, 16:10).
പ്രകാശവും, ജീവനും, ക്രമവും വ്യവസ്ഥാപനം ചെയ്യുന്നതിനു മുമ്പുണ്ടായിരുന്ന ഭൂമിയുടെ അവസ്ഥയത്രേ മാനസാന്തരപ്പെടാത്ത ഹൃദയത്തിന്റേത്. അവ്യവസ്ഥിതവും അവ്യാകൃതവും അന്ധകാരമയവുമാണ് ആ ഹൃദയം. “ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു;” (2കൊരി, 4:6). പ്രാപഞ്ചിക പ്രകാശത്തിനു പുറത്താക്കാൻ കഴിയാത്ത ആത്മാവിന്റെ അന്ധകാരത്തെ ഉന്മൂലനം ചെയ്വാൻ ദൈവം നൽകിയ പ്രകാശമാണ് തന്റെ വചനം. കിഴക്കുദിച്ച നക്ഷത്രം വിദ്വാന്മാരെ നയിച്ചതുപോലെ പാപികളെ ക്രിസ്തുവിലേക്കു നയിക്കുന്ന പ്രകാശമാണ് തിരുവെഴുത്തുകൾ. ഏഴു കവരമുള്ള നിലവിളക്ക് സമാഗമനകൂടാരത്തിലെ വിശുദ്ധസ്ഥലത്തെ പ്രകാശിപ്പിച്ചതുപോലെ മനുഷ്യന്റെ ദേഹിയെ അഥവാ പ്രാണനെ പ്രകാശിപ്പിക്കുന്ന വിളക്കാണ് ദൈവവചനം. മരുഭൂമിയിൽ അഗ്നിസ്തംഭം യിസ്രായേൽമക്കളുടെ പാതയെ പ്രകാശിപ്പിച്ചതുപോലെ വിശ്വാസിയുടെ മരുഭൂമിയാത്രയിൽ പാതയ്ക്കു പ്രകാശമായിരിക്കയാണത്. “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു:” (2പത്രൊ, 1:19).
2. കണ്ണാടി: ദൈവവചനം കണ്ണാടിക്കു സദൃശമാണ്. അതു നമ്മുടെ സ്വന്തം രൂപത്തെ നമുക്കു കാട്ടിത്തരുന്നു. ഞാൻ എന്തായിരിക്കുമെന്നു ചിന്തിക്കുന്നുവോ ആ രൂപത്തെയല്ല മറിച്ച്, ഞാൻ എന്താണോ അതിനെ കാട്ടിത്തരികയാണ് കണ്ണാടി. ദൈവവചനം എന്ന കണ്ണാടിയിലൂടെ നാം നമ്മുടെ സ്വരൂപത്തെ മനസ്സിലാക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവർ ആയിത്തീർന്നു (റോമ, 3:12) എന്ന സത്യത്തെ തിരുവെഴുത്തുകൾ സ്പഷ്ടമാക്കുന്നു. തന്മൂലം പ്രാകൃതമനുഷ്യൻ അതു നോക്കുവാൻ ഇഷ്ടപ്പെടുന്നില്ല; പിന്മാറ്റക്കാരൻ വചനത്തെ അഭിമുഖീകരിക്കാൻ ധൈര്യപ്പെടുന്നില്ല. തിരുവെഴുത്താകുന്ന ദർപ്പണത്തിലൂടെ നോക്കുന്ന പാപിയും വിശ്വാസിയും ഏകസ്വരത്തിൽ വിളിച്ചുപറയും: “അയ്യോ ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽ നിന്നു എന്നെ ആർ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു: (റോമ, 7:24). “എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടി പോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സുപ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു:” (2കൊരി, 3:18). “ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടുപുറപ്പെട്ടു താൻ ഇന്നരൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു:” (യാക്കോ, 1:23,24).
മനുഷ്യനെക്കുറിച്ച് തിരുവെഴുത്തുകൾ അസന്നിഗ്ദ്ധമായി വെളിപ്പെടുത്തുകയാണ്. “ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പേ തെളിയിച്ചുവല്ലോ:” (റോമ, 3:9). “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു:” (റോമ, 3:23). ‘അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദികാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി:” (റോമ, 1:21,22). ചൈനയിൽ ഒരു മിഷണറി റോമാലേഖനം ഒന്നാം അദ്ധ്യായം ഒരു വലിയ പുരുഷാരത്തെ വായിച്ചു കേൾപ്പിച്ചു; അതു പൂർത്തിയായപ്പോൾ ഒരു ചൈനക്കാരൻ മുന്നോട്ടുവന്നു മിഷണറിയോടു പറഞ്ഞു: “ഇതു ഒട്ടും നന്നല്ല. ഒരു വിദേശപ്പിശാചു (മിഷണറിമാരെ ചൈനക്കാർ വിളിക്കുന്നത് foreign devil എന്നാണ്) ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളുടെ രഹസ്യപാപങ്ങളെ ഒരു പുസ്തകത്തിൽ എഴുതിവെച്ചു പരസ്യമായി വായിക്കുക ഒട്ടും ശരിയല്ല.” എന്തൊരത്ഭുതം! കണ്ണാടിയിലെന്നപോലെ ഓരോ മനുഷ്യനും തന്റെ സ്വരൂപം വചനത്തിൽ കണ്ടെത്തുകയാണ്.
3. കഴുകുവാനുള്ള തൊട്ടി: ഒരുവന്റെ സ്വയം എന്താണെന്നു വെളിപ്പെടുത്തുന്ന അതേ തിരുവെഴുത്തുകൾ തന്നെ അവന്റെ പാപം കഴുകിക്കളയാനുള്ള മാർഗ്ഗവും വെളിപ്പെടുത്തുന്നു. വചനം എന്ന ജലസ്നാനത്താലാണ് ഒരു വ്യക്തി കഴുകപ്പെട്ടു ശുദ്ധീകരണം പ്രാപിക്കുന്നത്: (എഫെ, 5:26). ക്രിസ്തു ശിഷ്യന്മാരോടായി പറഞ്ഞു: ‘ഞാൻ നിങ്ങളോടും സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു:” (യോഹ, 15:3). സമാഗമനകൂടാരത്തിനും ആരാധകനും മദ്ധ്യേയായിരുന്നു തൊട്ടി. ദൈവസന്നിധിയോടടുക്കുവാൻ ആരാധകനെ അയോഗ്യനാക്കിത്തീർക്കുന്ന അഴുക്കും മാലിന്യവും കഴുകിക്കളയുവാനുള്ള മാർഗ്ഗവും മാദ്ധ്യമവുമാണ് ഈതൊട്ടി. “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു:” (സങ്കീ, 119:11). അതിനു യേശു: ‘ആമേൻ ആമേൻ ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല:” (യോഹ, 3:5).
4. ഭക്ഷണം: “ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു:” (ഇയ്യോ, 23:12). ദൈവവചനത്ത ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു എന്നാണ് ഇയ്യോബിന്റെ സാക്ഷ്യം. “ഞാനോ വിശപ്പുകൊണ്ടു നശിച്ചു പോകുന്നു:” (ലൂക്കൊ, 15:17). വചനത്തിന്റെ വിശപ്പുകൊണ്ട് പുരുഷാരങ്ങൾ നശിക്കുകയാണ്. അവർക്കാവശ്യമായ വചനം നൽകേണ്ടത് വിശ്വാസികളുടെ കടമയത്രേ. ഓരോ പ്രായത്തിലുള്ളവർക്കും നൽകേണ്ട ഭക്ഷണം വ്യത്യസ്ത രീതിയിലുള്ളതാണ്.
5. പാൽ: ശിശുക്കൾക്കു നൽകേണ്ടത് പാലാണ്. കട്ടിയായ ഭക്ഷണം അവരുടെ പചനേന്ദ്രിയ വ്യവസ്ഥയ്ക്കനുകൂലമല്ല. ദൈവാത്മാവ് ഈ സത്യം അപ്പൊസ്തലനിലൂടെ വെളിപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്നു. “എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ:” (1കൊരി, 3:1,2). ‘കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെതന്നെ വീണ്ടും ഉപദേശിച്ചു തരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു. പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു:” (എബ്രാ, 5:12-14). കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ എത്രയോ ഭാഗങ്ങളാണ് തിരുവെഴുത്തുകളിലുള്ളത്. ബാല്യം മുതൽ തന്നെ തിരുവെഴുത്തുകളെ പഠിച്ചു നിശ്ചയം പ്രാപിച്ച് അതിൽ നിലനില്ക്കേണ്ടത് വിശ്വാസിക്കാവശ്യമാണ്. കുഞ്ഞുങ്ങളെ വചനം പഠിപ്പിക്കേണ്ട ചുമതല രക്ഷകർത്താക്കൾക്കും സഭയ്ക്കും ആണ്. ‘നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറികയും ചെയ്യുന്നതുകൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്കുക. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തികൾക്കും വക്രപ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു:” (2തിമൊ, 3:14-17). ശിശുക്കൾക്കു വളർച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും പാലിലുണ്ട്. രക്ഷയ്ക്കായി വളരുന്നതിന് വചനമെന്ന മായമില്ലാത്ത പാൽ വേണ്ടുവോളം കുടിക്കേണ്ടതാണ്. “ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാ നുണയും നീക്കിക്കളഞ്ഞു ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ:” (1പത്രൊ, 2:1,2).
6. കട്ടിയായുള്ള ആഹാരം: പ്രായം തികഞ്ഞവർക്ക് കട്ടിയായുള്ള ആഹാരം ആവശ്യമാണ്. ആത്മീയ വളർച്ച പ്രാപിച്ചവർക്കാവശ്യമായ കട്ടിയായ ഭക്ഷണവും ബൈബിളിലുണ്ട്. “അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനം കൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു:” (ആവ, 8:3). “മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു എന്നു എഴുതിയിരിക്കുന്നു (മത്താ, 4:4) എന്നു പരീക്ഷകനായ പിശാചിനു കർത്താവായ യേശുക്രിസ്തു നൽകിയ മറുപടി ശ്രദ്ധിക്കുക. വീണ്ടെടുക്കപ്പെട്ട ഒരു വ്യക്തിയുടെ മുഖ്യമായ ഭക്ഷണം ദൈവവചനമാണ്. തന്മൂലം ആത്മീയവളർച്ചയ്ക്ക് ദൈവവചനത്തിന്റെ നിരന്തരമായ അഭ്യാസം അനുപേക്ഷണീയമത്രേ. ഈ ഭക്ഷണം അപ്പം, വീഞ്ഞ്, പാൽ എന്നിവയെപ്പോലെ ദ്രവ്യവും വിലയും കൂടാതെ വാങ്ങി അനുഭവിപ്പാനാണ് ദൈവം ആഹ്വാനം ചെയ്യുന്നത്. “അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളാരേ, വെള്ളത്തിനു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചുകേട്ടു നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.” (യെശ, 55:1,2).
7. തേൻ: “തിരുവചനം എന്റെ അണ്ണാക്കിൽ എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു:” (സങ്കീ, 119:103). സമ്പുഷ്ടമായ ഭക്ഷണമാണ് തേൻ. അപ്പവും പാലും മാത്രമല്ല, തേനും ദൈവം ഒരുക്കുന്ന മേശയിലെ വിഭവങ്ങളിലുൾപ്പെടുന്നു. ഒരു വിശ്വാസിക്കു വേണ്ടുവോളം മാധുര്യം നുകരാനാവശ്യമായതെല്ലാം തിരുവെഴുത്തുകളിലുണ്ട്. “തേൻ ആസ്വദിക്ക കൊണ്ടു യോനാഥാന്റെ കണ്ണു തെളിഞ്ഞു:” (1ശമൂ, 14:29). ദൈവവചനമാകുന്ന തേൻ ആസ്വദിക്കുന്നവർക്കു മാത്രമേ കണ്ണു തെളിഞ്ഞു സുബോധം വരികയുള്ളൂ. കണ്ണു തുറക്കുന്നവർക്കു മാത്രമേ തിരുവെഴുത്തുകളിലെ അത്ഭുതങ്ങളെ കാണാനാകൂ. അതാണ് സങ്കീർത്തനക്കാരൻ അപേക്ഷിക്കുന്നത്: “നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ:” (സങ്കീ, 119:18).
പ്രതീകാത്മകമായി വചനം ഭക്ഷിച്ച പ്രവാചകന്മാരുണ്ട്. യഹോവ യിരെമ്യാപ്രവാചകന്റെ വായെ തൊട്ടു, വചനങ്ങളെ വായിൽ നൽകി: (യിരെ,1:9). മൂന്നു പ്രവാചകന്മാർ വചനം ഭക്ഷിച്ചതായി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. “ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു” എന്നു യിരെമ്യാപ്രവാചകൻ പറയുന്നു: (15:16). ചുരുൾ തിന്നിട്ടു ചെന്നു യിസായേൽഗൃഹത്തോടു സംസാരിക്കാനാണ് യഹോവ യെഹെക്കേൽ പ്രവാചകനോടു കല്പിച്ചത്: (3:1). “അവൻ എന്നോടു; മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക; ഈ ചുരുൾ തിന്നിട്ടു ചെന്ന് യിസ്രായേൽ ഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു. ഞാൻ വായ് തുറന്നു, അവൻ ആ ചുരുൾ എനിക്കു തിന്മാൻ തന്നു എന്നോടു: മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാൻ അതു തിന്നു; അത് വായിൽ തേൻ പോലെ മധുരമായിരുന്നു:” (യെഹ, 3;1-3). സ്വർഗ്ഗത്തിൽ നിന്നു കേട്ട ശബ്ദം അനുസരിച്ചു യോഹന്നാൻ അപ്പൊസ്തലൻ ദൂതന്റെ കയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങി തിന്നു. “ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻ പോലെ മധുരമായിരുന്നു തിന്നുകഴിഞ്ഞപ്പോൾ എന്റെ വയറു കൈച്ചുപോയി:” (വെളി, 10:9-10).
8. തങ്കം: ദൈവവചനം പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തെക്കവയാണ്: (സങ്കീ, 19:10). ലോകം വലുതായും ശ്രഷ്ഠമായും കരുതുന്ന പലതും ഉപേക്ഷിക്കാൻ ഉപദേശിക്കപ്പെട്ടവരാണ് ദൈവമക്കൾ. ലോകത്തിന്റെ ധനവും സമ്പത്തും അവർക്കു ചപ്പും കുപ്പയുമത്രേ. “നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക. അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും. അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും. ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും:” (ഇയ്യോ, 22:24-27). നിത്യവും അക്ഷയവുമായ സമ്പത്താണ് ദൈവം തന്റെ വചനത്തിൽ നമുക്കു നൽകിയിരിക്കുന്നത്. ഭൂമിയിലെ സമ്പത്തൊന്നും അതിനു പകരമല്ല. അതിനാലാണ് സങ്കീർത്തനക്കാരൻ പ്രസ്താവിക്കുന്നത്: “ആയിരം ആയിരം പൊൻവെള്ളി നാണ്യത്തേക്കാൾ നിന്റെ വായിൽ നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം:” (സങ്കീ, 119:72).
സ്മുർന്നയിലെ സഭയോടു കർത്താവു പറയുകയാണ്: ‘ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും-നീ ധനവാനാകുന്നുതാനും അറിയുന്നു:” (വെളി, 2:9). ഭൗമികമായി കഷ്ടതയും ദാരിദ്ര്യവും അനുഭവിക്കുന്ന അഗതികൾക്കും ദൈവവചനം എന്ന അമൂല്യമായ സമ്പത്തുണ്ട്. അതിനാൽ ദൈവമക്കൾ എല്ലായ്പ്പോഴും സമ്പന്നരാണ്. ക്രിസ്തുയേശുവിലൂടെ ദൈവം കൃപയാൽ വിശ്വാസിക്കു നൽകിയിരിക്കുന്ന ധനങ്ങളെക്കുറിച്ചു പൗലൊസപ്പൊസ്തലൻ എഫെസ്യലേഖനത്തിൽ പരാമർശിക്കുകയാണ്: ദൈവത്തിന്റെ കൃപാധനം (1:8), വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം (1:18; 3:16), കൃപയുടെ അത്യന്ത ധനം (2:6), ക്രിസ്തുവിന്റെ അപ്രമേയധനം (3:8) എന്നിവ. ദൈവം നമുക്കു നൽകുന്ന മറ്റു ധനങ്ങളാണ് ദൈവത്തിന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം (റോമ, 2:4-ധനം എന്നു ഗ്രീക്കിൽ), തേജസ്സിന്റെ ധനം (റോമ, 9:23), ധാരാളം ഔദാര്യം (2കൊരി, 8:2-ഔദാര്യധനം എന്നു ഗ്രീക്കിൽ), മഹിമാധനം (കൊലൊ, 1:27), വിവേകപൂർണ്ണതയുടെ സമ്പത്ത് (കൊലൊ, 2:2), നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽനിന്നുള്ള നിശ്ചയമുള്ള ധനം (1 തിമൊ, 6:17), ക്രിസ്തുവിന്റെ നിന്ദ എന്ന ധനം (എബ്രാ, 11:26) എന്നിവ. എത്ര മഹത്തായ സമ്പത്തുകളാണ് ദൈവം തന്റെ വചനത്തിൽ നമുക്കുവേണ്ടി ഉള്ളടക്കിയിരിക്കുന്നത്. “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തു തരും:” (ഫിലി, 4:19).
9. തീ: ദൈവവചനം അഗ്നിയാണ്. അതു ഉള്ളിൽ കത്തുകയും മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ പ്രേരണ നൽകുകയും ചെയ്യും. അഗ്നിയുടെ ദാഹകസ്വഭാവം വചനത്തിനുമുണ്ട്. എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടുപിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു:” (സങ്കീ, 39:3). ഉള്ളിൽ ചൂടുപിടിച്ചു തീ കത്തുമ്പോൾ നാവെടുത്തു ദൈവവചനം പ്രഘോഷിക്കും. പിന്നീടൊരിക്കലും അടങ്ങിയിരിപ്പാൻ കഴിയുന്നതല്ല. യിരമ്യാവിന്റെ അനുഭവം നോക്കുക: “ഞാൻ ഇനി അവനെ ഓർക്കുകയില്ല അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്ന് പറഞ്ഞാലോ അതു എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചുതകളർന്നു എനിക്കു വഹിയാതെയായി:” (യിരെ, 20:9). “പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ ഒക്കെയും ഇളകുന്നു. യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനപ്പൊലെയും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു: (യിരെ, 239). ഉള്ളിൽ കത്തുന്ന തീയോടും, അധരങ്ങളിൽ അഗ്നിസ്പർശത്തോടും (യെശ, 6:7) കൂടിമാത്രമേ ഫലപ്രദമായി ദൗത്യനിർവ്വഹണം ചെയ്യാനാവൂ.
10. ചുറ്റിക: “എന്റെ വചനം തീപോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്ന് യഹോവടെ അരുഴപ്പാട്:” (യിരെ, 3:29). തിരുവെഴുത്തുകൾ പാറയെ തകർക്കുന്ന ചുറ്റികയ്ക്കു സമാനമാണ്. കഠിനഹൃദയങ്ങളെ ഉടയ്ക്കുന്നതിന് ശക്തിയേറിയ അടി ആവശ്യമാണ്. ദൈവവചനം ഒരുചുറ്റികയെപ്പോലെ ഏതു കഠിനഹൃദയത്തെയും തച്ചുടയ്ക്കും.
11. വാൾ: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമള്ളതായി ഇരുവായ്ത്തലയുള്ള ഏതു വളിനെക്കാളും മർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു:” (എബ്രാ, 4:12). ഇരുവായ്ത്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതാണ് ദൈവവചനം. ഏതു ഹൃദയത്തെയും തുളച്ചുകയറാൻ ശക്തിയുള്ളതും മൂർച്ചയുള്ളതുമായ വാളാണത്. ദൈവവചനം എന്ന ആത്മാവിന്റെ വാൾ കൊൾവാൻ ക്രിസ്തു ഭടനെ ഓർപ്പിക്കുകയാണ് അപ്പൊസ്തലൻ: (എഫെ, 6:17).
12. വിവേചികൻ: ദൈവം തന്റെ വചനത്തിന്റെ പ്രവ്യത്തിയെക്കുറിച്ചു പറയുന്നത് അതു ‘വിവേചിക്കുന്നതു’ എന്നാണ്: (എബാ, 4:2). വിവേചിക്കുന്നത് എന്നതിനു സമാനമായ ക്രിട്ടികൊസ് എന്ന ഗ്രീക്കു പ്രയോഗം ബൈബിളിൽ ഇവിടെ മാത്രമേ ഉള്ളു. വിവേചിക്കുന്നവൻ, ന്യായം വിധിക്കുന്നവൻ എന്നീ അർത്ഥങ്ങളാണിതിനുള്ളത്. മനുഷ്യനെ വിവേചിക്കുവാൻ ദൈവം നൽകിയിരിക്കുന്നതു തന്റെ വചനത്തെയാണ്. മനുഷ്യൻ ദൈവവചനത്തിന്റെ വിമർശകനായിത്തീരുന്നതു വിചിത്രം തന്നെ. ദൈവം തന്റെ വചനം നമുക്കു നൽകിയിരിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമായി മനസ്സിലാക്കിക്കൊണ്ട്, ദൈവവചനത്തെ വിമർശിക്കാനൊരുമ്പെടാതെ അതിന്റെ വിവേചനശക്തിക്കു മുന്നിൽ വിനയാനതനായി സ്വയം വിധേയപ്പെടുത്തുകയാണ് നമുക്കു കരണീയം.
13. വിത്ത്: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു:” (1പത്രൊ, 1:23). കെടാത്ത ബീജത്താലാണ് നാം വീണ്ടും ജനിച്ചത്. നമ്മെ വീണ്ടും ജനിപ്പിച്ചതായ വചനം എന്ന വിത്തു വിതക്കാൻ നാം കടപ്പെട്ടവരാണ്. സമയമോ സാഹചര്യമോ നോക്കാതെ വിത്തുവിതെക്കേണ്ടവരാണ് നാം. അതത്ര കർത്താവ് നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. ഒന്നാമതായി നാം എല്ലായിടത്തും വിതെക്കേണ്ടവരാണ്: “വെള്ളത്തിന്നരികത്തെല്ലാം വിതക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!” (യെശ, 32:20). രണ്ടാമതായി, നാം ഏതുസമയത്തും വിത്തു വിതെക്കേണ്ടവരാണ്: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ:” (സഭാ, 11:6). മൂന്നാമതായി, വിതക്കേണ്ട ഭൂമി നാം മനസ്സൊരുക്കത്തോടെ തയ്യാറാക്കേണ്ടതാണ്: “കണ്ണുനീരോടെ വിതക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു:” (സങ്കീ, 126:5,6).
14. മഴയും മഞ്ഞും: “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നൽകത്തക്കവണ്ണം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതു പോലെ എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കുകയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും:” (യെശ, 55:10,11). ദൈവവചനത്തിന്റെ വർഷം നല്ലവരുടെമേലും ദുഷ്ടന്മാരുടെമേലും ഒരുപോലെ പതിക്കുകയാണ്: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നുവല്ലോ?” (മത്താ, 5:45). ദൈവഹിതം ഭൂമിയിൽ നിറവേറ്റുന്നതിനു വേണ്ടിയാണ് വചനം നൽകപ്പെട്ടിരിക്കുന്നത്. ജീവന്റെ വചനമായ ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന തിരുവെഴുത്തുകൾ ഒരു വിശ്വാസിയുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് ഈ പ്രതിബിംബങ്ങൾ വെളിപ്പെടുത്തുന്നു.
ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനമായ ബൈബിളിൻ്റെ മൗലിക ഉപദേശം ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ്. എന്നാൽ ദൈവം ഏകനല്ല; ത്രിത്വമാണെന്ന് വലിയൊരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. അവരുടെ ദൈവശാസ്ത്രത്തിൽ ത്രിത്വോപദേശത്തിനു അഞ്ച് അടിസ്ഥാന പ്രമേയങ്ങളുണ്ട്. ഈ അഞ്ച് പ്രമേയങ്ങൾക്ക് ബൈബിളുമായി എന്തെങ്കിലും ബന്ധമുണ്ടോ? അല്ലെങ്കിൽ, എത്രത്തോളം ബന്ധമുണ്ട് എന്നാണ് നാം പരിശോധിക്കുന്നത്. പ്രമേയങ്ങൾ ഇവയാണ്:
1. ദൈവം ഏകനാണ്. 2. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്. 3. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്. 4. ത്രിത്വത്തിലെ വിഭിന്ന ആളത്തങ്ങൾ നിത്യമാണ്. 5. ത്രിത്വത്തിലെ ആളത്വങ്ങൾക്കു തമ്മിൽ സത്താസമത്വം ഉണ്ട്. (ദൈവം ത്രിയേകത്വം, വ്യവസ്ഥിത ദൈവശാസ്ത്രം, പേജ് 148-154). ഇനി നമുക്ക് ഓരോന്നും വിശദമായി പരിശോധിക്കാം:
ഒന്നാമത്തെ പ്രമേയം: ദൈവം ഏകനാണ്.
ദൈവത്തിൻ്റെ ഏകത്വം വിവക്ഷിക്കുന്നത്, ദൈവം ഏകനാണെന്നും ദൈവത്തിൻ്റെ പ്രകൃതി അവിഭക്തവും (undivided), അഭാജ്യവും (indivisible) ആണെന്നും അത്രേ. പഴയനിയമവും പുതിയനിയമവും ഒന്നുപോലെ വെളിപ്പെടുത്തുന്ന സത്യമാണിത്. ദൈവശാസ്ത്രത്തിൻ്റെ ഈ ഒന്നാമത്തെ പ്രമേയം കൃത്യമാണ്. അതിന് ഉപോല്‍ബലകമായി ബൈബിളിലെ പന്ത്രണ്ട് വാക്യങ്ങൾ അവർതന്നെ കൊടുത്തിട്ടുണ്ട്:
1. യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല. (ആവ, 4:35) 2. ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ല. (ആവ, 4:39) 3. യിസ്രായേലേ; കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു, യഹോവ ഏകൻ തന്നേ. (ആവ, 6:4). 4. യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്ന് ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിനു. (1രാജാ, 8:59. 5. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. (യെശ, 45:5). 6. യഹോവയിൽ യിസ്രായേൽ സന്തതിയെല്ലാം നീതീകരിക്കപ്പെട്ടു; പുകഴും. (യെശ, 45:25). 7. ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹ, 17:3). 8. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:6). 9. കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്. (എഫെ, 4:5). 10. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ. (1തിമൊ, 2:5. 11. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം, പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. (യാക്കോ, 2:19. 12. നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നേ. (യൂദാ, 1:25).
ഈ ഒന്നാമത്തെ പ്രമേയത്തിനു ഹൃദയസ്പർശിയായ ഒരു ഉപസംഹാരവുമുണ്ട്. ദൈവം ഒരു ദൈവം എന്നല്ല; ഏകദൈവം എന്നത്രേ. അതിനാൽ, ദൈവം നിസ്തുല്യനാണ്. (പുറ, 15:11; സെഖ, 14:9). അനന്തവും സമ്പൂർണ്ണവുമായ സത്ത ഒന്നേ ആകാവൂ. ഒന്നിലധികം സത്തയെക്കുറിച്ചുള്ള ധാരണ സ്വഗതവിരുദ്ധവും അയുക്തികവും ആണ്. ദൈവത്തിന്റെ പ്രകൃതിയെക്കുറിച്ച് ആവർത്തനം 6:4-ൽ വ്യക്തമാക്കിയിട്ടുണ്ട്: യിസ്രായേലേ കേൾക്ക, യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. ദൈവത്തെ വിഭജിക്കാൻ സാദ്ധ്യമല്ല. മനുഷ്യനു ഭൗതികവും അഭൗതികവുമായ അംശങ്ങളുണ്ട്. എന്നാൽ, ദൈവം ആത്മാവാകുന്നു. ഇതുവരെയുള്ള ഭാഗം ദൈവം ഒരുത്തൻ മാത്രമാണെന്ന് വചനം കൊണ്ടും വാക്കുകൊണ്ടും അസന്ദിഗ്ധമായി തെളിയിച്ചുകൊണ്ട് ദൈവശാസ്ത്രം ബൈബിളിനോട് നൂറു ശതമാനം നീതി പുലർത്തിയിട്ടുണ്ട്. ദൈവത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഒന്നാം പ്രമേയത്തിൽ അവർ പറഞ്ഞിട്ടുണ്ട്: 1. ദൈവം ഏകനാണ്. 2. ദൈവത്തിൻ്റെ പ്രകൃതി അവിഭക്തമാണ് അഥവാ, വിഭജിക്കാൻ ആവാത്തതാണ്. 3. ദൈവത്തിൻ്റെ പ്രകൃതി അഭാജ്യമാണ് അഥവാ, പകുത്തുകൂടാത്തതാണ്. (രണ്ടും മൂന്നും പ്രയോഗങ്ങൾ പര്യായങ്ങളാണ്). 4. ദൈവം ഒരു ദൈവം എന്നല്ല; ഏകദൈവം എന്നത്രേ. അതിനാൽ, ദൈവം നിസ്തുല്യനാണ്. അതായത്, ദൈവത്തിനു തുല്യനായി മറ്റാരുമില്ല. 5. ദൈവികസത്ത ഏകമാകയാൽ വിഭജിക്കാൻ കഴിയില്ല. അഥവാ, ദൈവത്തിൻ്റെ സാരാംശത്തെ വിഭജിക്കാൻ കഴിയില്ല. എത്ര മനോഹരമായ വ്യാഖ്യാനമാണ്. ഇനി, താഴോട്ട് പോകുമ്പോൾ അറിയാം; വ്യാഖ്യാനത്തിൻ്റെ ഗുണം.
ഒന്നാം പ്രമേയത്തിൽ ദൈവശാസ്ത്രം പറയുന്ന ഈ സത്യം, എല്ലാ ത്രിത്വപണ്ഡിതന്മാരും അംഗീകരിക്കുന്നു എന്നാണ് വെയ്പ്. താഴോട്ട് ചെല്ലുമ്പോൾ അതെത്രമാത്രം ശരിയാണെന്ന് മനസ്സിലാക്കാം. താഴോട്ടൊന്നും അധികം പോകണ്ട. ഒന്നാം പ്രമേയത്തിൻ്റെ ഒടുവിൽ ഒരു കുഞ്ഞുകാര്യം പറഞ്ഞിട്ടുണ്ട്: “ഏകത്വം എന്നത് ഏകകം അല്ലാത്തതു കൊണ്ട്, ഏകത്വം ത്രിത്വത്തിന്റെ ആശയത്തിനു വിരുദ്ധമല്ല. ദൈവത്തിന്റെ ഏകത്വം ആളത്ത സവിശേഷതകളെ ദൈവിക ഭാവത്തിൽ നിലനില്ക്കുവാൻ അനുവദിക്കുന്നു. ദൈവിക സത്തയ്ക്കുള്ളിലുള്ള സത്തയെ ത്രിത്വത്തിന്റെ മൂന്നു ആളത്തങ്ങളും വേർപെടുത്തുന്നു.”
ഒന്നാമത് അവർ പറയുന്നു: ഏകത്വം എന്നത് ഏകകം അല്ലാത്തതുകൊണ്ട് ഏകത്വം ത്രിത്വത്തിന്റെ ആശയത്തിനു വിരുദ്ധമല്ലെന്നാണ്. ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകസത്യദൈവം എന്നൊക്കെ അല്ലാതെ, ദൈവം ഏകത്വമാണെന്ന് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. ഏകത്വം എന്നാൽ; ഏകത, ഒന്നാണെന്ന അവസ്ഥ, ഒന്നെന്ന സ്ഥിതി, ഒരുമ, ഒരുമിപ്പ്, ഐക്യം എന്നൊക്കെയാണ്. അതായത്, രണ്ടോ അതിലധികമോ ഭാഗങ്ങൾ അടങ്ങിയതാണെങ്കിലും ഏകീകൃതമോ, പൂർണ്ണമോ ആയ വസ്തുത അഥവാ, അവസ്ഥയാണ് ഏകത്വം. അല്ലെങ്കിൽ, പല ഭാഗങ്ങൾ ചേർന്ന് ഒന്നായിരിക്കുന്ന അവസ്ഥക്കാണ് ഏകത്വം എന്ന് പറയുന്നത്. ഏകൻ അഥവാ, ഒരുത്തൻ മാത്രമായ ദൈവത്തെ, ഏകത്വമെന്ന് വ്യാജമായി പറഞ്ഞിട്ട് അത് ത്രിത്വത്തിന്റെ ആശയത്തിന് വിരുദ്ധമല്ല എന്നാണ് ദൈവശാസ്ത്രം പറയുന്നത്. ഇതാണ്, വെടക്കാക്കി തനിക്കാക്കുന്ന പണി. രണ്ടാമത് പറയുന്നു: ദൈവിക സത്തയ്ക്കുള്ളിലുള്ള സത്തയെ ത്രിത്വത്തിന്റെ മൂന്ന് ആളത്തങ്ങളും വേർപെടുത്തുന്നു. എന്താണ് ഈ സത്തയ്ക്കുള്ളിലെ സത്ത? സത്തയെന്നാൽ; കഴമ്പ്, ഉണ്മ, നിലനില്പ്പ്, പൊരുൾ, പ്രകൃതി, സാരാംശം എന്നൊക്കെയാണ്. സത്തയും സാരാംശവും ഒന്നാണ്. അപ്പോൾ, സത്തയ്ക്കുള്ളിലെ സത്ത അഥവാ, സാരാംശത്തിനുള്ളിലെ സാരാംശം എന്ന് പറഞ്ഞാൽ എന്താണ്? സത്തയ്ക്കുള്ളിലെ സത്തയെ മൂന്നാളത്തങ്ങളും വേർപെടുത്തുന്നു എന്ന് പറഞ്ഞാൽ എന്താണർത്ഥം? ഇതു വല്ലതും ബൈബിളിൽ ഉള്ളതാണോ? ഏകദൈവത്തെ ദുർവ്യാഖ്യാനത്താൽ വെടക്കാക്കി, ദുരുപദേശം ഉണ്ടാക്കുക അത്രേയുള്ളു. അതായത്, ദൈവം ഏകനാണെന്ന ഒന്നാമത്തെ പ്രമേയത്തിൻ്റെ തുടക്കം ബൈബിളിനോട് നീതിപുലർത്തുന്നതാണ് എന്ന് പറയാമെങ്കിലും, അതിൻ്റെ ഒടുവിൽ അവർതന്നെ വിഷം കലക്കി വെച്ചിരിക്കയാൽ ഒന്നാമത്തെ പ്രമേയംതന്നെ ബൈബിൾ വിരുദ്ധമാണെന്ന് പറയേണ്ടിവരും.
രണ്ടാമത്തെപ്രമേയം: പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്.
1. പിതാവ് ദൈവമാണ്. പിതാവിന്റെ ദൈവത്വത്തെക്കുറിച്ച് അധികം സംശയത്തിനു ഇടയില്ല. പഴയനിയമത്തിലും പുതിയനിയമത്തിലും വേണ്ടുവോളം തെളിവുകളുണ്ട്. പിതാവായ ഏക ദൈവമേ നമുക്കുള്ളൂ എന്ന് പൗലൊസ് വ്യക്തമായി വെളിപ്പെടുത്തുന്നു. (1കൊരി, 8:6). പിതാവ്, ദൈവം എന്നീ പേരുകളെ ക്രിസ്തു പരസ്പരം മാറ്റി പ്രയോഗിക്കുന്നുണ്ട്. (മത്താ, 626-30-ൽ “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവെന്നു” ഇരുത്താറാം വാക്യത്തിലും, സമാന്തരമായി “വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു” എന്ന് മുപ്പതാം വാക്യത്തിലും പറയുന്നു. തുടർന്ന് “സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം” എന്ന് അറിയുന്നുവല്ലോ എന്ന് മുപ്പത്തിരണ്ടാം വാക്യത്തിലും പറയുന്നു. യേശു, ദൈവം എന്നു പറഞ്ഞിട്ടുള്ള പല സ്ഥാനങ്ങളിലും പിതാവാണ് തന്റെ മനസ്സിൽ നിറഞ്ഞുനിന്നത്. (മത്താ, 19:26; 27:46; മർക്കൊ, 12:17; 24:27). ഇതൊക്കെയാണ് പിതാവിനെക്കുറിച്ചുള്ള ദൈവശാസ്ത്രത്തിൻ്റെ തെളിവുകൾ.
2.യേശു ദൈവമാണ്. യേശുവിന്റെ ദൈവത്വത്തെക്കുറിച്ചുള്ള പ്രത്യക്ഷപരാമർശങ്ങൾ അധികവും പുതിയനിയമത്തിലാണ്. പഴയനിയമത്തിലും ചില സൂചനകളുണ്ട്. പക്ഷേ, അവ പ്രവാചക പുസ്തകങ്ങളിലാണ്. വരാനിരിക്കുന്ന മശീഹയെക്കുറിച്ച് യെശയ്യാവ് പ്രവചിച്ചു. “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവനു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും.” (യെശ, 6:9). മശീഹയെ പ്രവാചകൻ വീരനാം ദൈവം എന്നു വിളിക്കുന്നു. “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ” എന്ന് പൗലൊസ് എഴുതി. (ഫിലി, 2:6). ഇവിടെ രൂപം എന്നതിനു ഗ്രീക്കിൽ മോർഫി എന്നാണ്. ദൈവത്തിന്റെ സകല സാരാംശവും ഉൾക്കൊള്ളുന്നു എന്നാണ് ആ പ്രയോഗത്തിന്റെ ധ്വനി. എബ്രായ ലേഖനത്തിൽ ആദ്യത്തെ മൂന്നു വാക്യങ്ങളിൽ ക്രിസ്തുവിന്റെ ദൈവത്വത്തെ സ്പഷ്ടമായി ചിത്രീകരിച്ചിരിക്കുന്നു. പുത്രൻ അവനെ സകലത്തിനും അവകാശിയാക്കി എന്നും; അവൻ മുഖാന്തരം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നും പറഞ്ഞശേഷം, ക്രിസ്തുവിൻ്റെ ആളത്തത്തെ, അവൻ അവന്റെ തേജസ്സിന്റെ പ്രഭയും; തത്വത്തിന്റെ മുദ്രയും; സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ട്, പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്തു എന്ന് പറഞ്ഞിരിക്കുന്നു. (എബ്രാ,1:1-3). ക്രിസ്തു ദൈവത്തിന്റെ ആളത്തത്തിന്റെ സാക്ഷാൽ പ്രതിരൂപം അഥവാ, മുദ്ര ആണ്. ക്രിസ്തുവിന്റെയും ദൈവത്തിന്റെയും സത്താസമത്വം സംശയത്തിന് ഇട നല്കാതെ ഈ പ്രയോഗം വ്യക്തമാക്കുന്നു. തുടർന്ന്, എട്ടാം വാക്യത്തിൽ പിതാവായ ദൈവം പുത്രനെ ദൈവം എന്നു വിളിക്കുന്നതായി സങ്കീർത്തനം 45:6-ൽ നിന്നും ഉദ്ധരിക്കുന്നു. “ദൈവമേ നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.” തുടർന്ന്, പത്താം വാക്യത്തിൽ ക്രിസ്തുവിനെ ദൈവം, കർത്താവേ എന്നു വിളിക്കുന്നത് തെളിയിക്കുവാൻ സങ്കീർത്തനം 102:25 ഉദ്ധരിക്കുന്നു. യോഹന്നാൻ 1:-ൽ വചനം “ദൈവമായിരുന്നു” എന്ന് പ്രത്യക്ഷമായി പറഞ്ഞിട്ടുണ്ട്. ഈ വാക്യത്തിൽ, വചനത്തിന്റെ നിത്യാസ്തിക്യവും ദൈവിക ആളത്തവും അതായത്, ദൈവത്തോടുള്ള സമത്വവും, വചനത്തിനു ദൈവത്തോടുള്ള അഭേദവും വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 20:28; റോമ, 9ൻ്റെ5; തീത്തൊ, 2:12, 1യോഹ, 5:20). ഇതൊക്കെയാണ് പുത്രൻ ദൈവം ആണെന്നതിൻ്റെ തെളിവുകൾ.
3. പരിശുദ്ധാത്മാവ് ദൈവമാണ്. ക്രിസ്തുവിൻ്റെ ദൈവത്വത്തെ കുറിച്ചുള്ള ഉപദേശം സാന്ദ്രമായ ശേഷമാണ് പരിശുദ്ധാത്മാവിനെ കുറിച്ചുള്ള ഉപദേശം സമർത്ഥിക്കപ്പെട്ടത്. അതായത്, കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൽ വെച്ച് എ.ഡി. 381-ൽ പരിശുദ്ധാത്മാവിൻ്റെ ദൈവത്വം അസന്ദിഗ്ധമായി അവതരിപ്പിച്ചു. കർത്താവും ജീവിപ്പിക്കുന്നവനും പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും പിതാവിനോടു കൂടെ വന്ദിക്കപ്പെടുന്നവനും പ്രവാചകരെക്കൊണ്ട് പറയിച്ചവനുമായ പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പിതാവിൻ്റെയും പുത്രൻ്റെയും ദൈവത്വത്തെക്കുറിച്ച് ഉള്ളിടത്തോളം പരിശുദ്ധാത്മാവിൻ്റെ ദൈവത്വത്തെ കുറിച്ചില്ല. എങ്കിലും, ചില പ്രത്യക്ഷ പരാമർശങ്ങൾ ലഭിക്കുന്നുണ്ട്. (പ്രവൃ, 5:3-4; 1കൊരി, 3:16-17; 6:19-20; 2കൊരി, 3:18; പ്രവൃ, 28:25-27). ഇതൊക്കെയാണ് രണ്ടാം പ്രമേയത്തിൻ്റെ ദൈവശാസ്ത്ര നിഗമനങ്ങൾ,.
ഇനി നമുക്ക് ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം: പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്ന് ബൈബിൾ പറയുന്നുണ്ടോ? പറയുന്നില്ലെന്ന് മാത്രമല്ല, പിതാവാണ് ഏകസത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം; എന്നാണ് ക്രിസ്തു പറയുന്നത്. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളു എന്നാണ് അപ്പൊസ്തലന്മാർ പറയുന്നത്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്ന് പറയുന്ന ത്രിത്വ ദൈവശാസ്ത്രമാണോ, ബൈബിളാണോ വിശ്വസിക്കേണ്ടത്?നമുക്ക് വിശദമായി നോക്കാം: ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ അഥവാ, പിതാവ് മാത്രമാണെന്നും പഴയപുതിയനിയമങ്ങൾ ഒരുപോലെ പറയുന്നു: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു; എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്.” (പുറ, 20-2-3; യെശ, 43-10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു.” (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). “ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു.” (യോഹ, 5:44; 17:3). “ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു.” (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). യഹോവ അഥവാ, പിതാവ് മാത്രമാണ് ദൈവമെന്ന് യഹോവയും പഴയനിയമ ഭക്തന്മാരും ക്രിസ്തുവും അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിരിക്കെ; പുത്രനും പരിശുദ്ധാത്മാവും കൂടി ദൈവമാണെന്ന്; ദൈവശാസ്ത്രത്തിൽ പറഞ്ഞാൽ എങ്ങനെയിരിക്കും?
ഇനിയും പ്രധാനപ്പെട്ട ഒരു തെളിവുണ്ട്: പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ ബാദ്, ബദാദ് എന്ന എബ്രായ പദം 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ആവ, 32:12; 2രാജാ, 19:15;19; സങ്കീ, 4:8). എന്നാൽ, തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ അഥവാ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ 20 പ്രാവശ്യവും മോണോസ് ആണ് കാണുന്നത്. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഇരുപതു പ്രാവശ്യം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ദൈവം മോണോസ് ആണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പതിമൂന്ന് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അഞ്ചുപ്രാവശ്യം ക്രിസ്തുവും, എട്ടുപ്രാവശ്യം അപ്പൊസ്തലന്മാരും മോണോസ് പ്രയോഗിച്ചിട്ടുണ്ട്. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; 1തിമൊ, 1:17; യൂദാ, 1:24). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ച ബൈബിളിൽ ഇരുപതു പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായകൊണ്ട് പതിമൂന്ന് പ്രാവശ്യവും ദൈവം യാഖീദ് അഥവാ, മോണോസ് ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ഈ ബൈബിൾ സത്യങ്ങളൊന്നും ട്രിനിറ്റിക്ക് അറിയാത്തതു കൊണ്ടാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികളാണെന്നും, മൂന്നുപേരും ദൈവമാണെന്നും ദൈവശാസ്ത്രം പഠിപ്പിക്കുന്നത്. തന്മൂലം, ദൈവശാസ്ത്രത്തിൻ്റെ പഠിപ്പിക്കലുകൾ ബൈബിളുമായി യാതൊരു ബന്ധവും ഇല്ലാത്തതാണെന്ന് മനസ്സിലാക്കാം.
മൂന്നാമത്തെ പ്രമേയം; പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്.
ദൈവിക ആളത്തങ്ങൾ വിഭിന്നങ്ങളാണെന്ന് പറയുമ്പോൾ പിതാവ് പുത്രനോ പരിശുദ്ധാത്മാവോ അല്ലെന്നും, പുത്രൻ പിതാവോ പരിശുദ്ധാത്മാവോ അല്ലെന്നും, പരിശുദ്ധാത്മാവ് പുത്രനോ പിതാവോ അല്ലെന്നും വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽനിന്നും വ്യത്യസ്തനാണെന്ന് ക്രിസ്തു തന്നെ വെളിപ്പെടുത്തി. പിതാവും പുത്രനും പരിശുദ്ധാത്മാവിനെ അയക്കുന്നതായി പറഞ്ഞിട്ടുണ്ട്. (യോഹ, 14:16; 17:26; 15:26). “നിങ്ങൾ മക്കൾ ആകകൊണ്ട്; അബ്ബാപിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.” (ഗലാ, 4:6). യേശുവിന്റെ സ്നാനസമയത്ത് ദൈവം സ്വർഗ്ഗത്തിൽ നിന്ന് സംസാരിക്കുന്നു; യേശു സ്നാനപ്പെടുന്നു; പരിശുദ്ധാത്മാവ് പ്രാവ് എന്ന പോലെ ഇറങ്ങിവരുന്നു. (മത്താ, 3:16-17). പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു ശിഷ്യന്മാർക്ക് നിയോഗം നൽകിയത്. (മത്താ, 28:19). അപ്പൊസ്തലിക ആശീർവ്വാദത്തിൽ ദൈവത്തിന്റെ സ്നേഹവും ക്രിസ്തുവിന്റെ കൃപയും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും വേർപെടുത്തി പറഞ്ഞിട്ടുണ്ട്. യോഹന്നാൻ 1:1-ൽ “വചനം ദൈവത്തോടുകൂടെ ആയിരുന്നു” എന്നു പറഞ്ഞിട്ടുണ്ട്. വചനം അഥവാ, ക്രിസ്തുവും ദൈവവും വിഭിന്ന ആളത്തങ്ങൾ ആണെന്ന് സൂചിപ്പിക്കുന്നു. മാത്രവുമല്ല, യോഹന്നാൻ 17:24-ൽ ലോകസ്ഥാപനത്തിനു മുമ്പ് പിതാവിന്റെ സമീപത്തിൽ ക്രിസ്തുവിനുണ്ടായിരുന്ന സ്ഥാനവും പിതാവിനു പുത്രനോടുള്ള സ്നേഹവും ഇരുവരും വ്യത്യസ്തരാണെന്നു തെളിയിക്കുന്നു. “നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട്.” (1യോഹ, 2:1). മാത്രവുമല്ല, ദൈവത്തോട് അടുക്കുന്നവർക്ക് വേണ്ടി പക്ഷവാദം ചെയ്യുവാൻ അവൻ സദാ ജീവിക്കുന്നു. (എബ്രാ, 7:25). ഇതൊക്കെയാണ് മൂന്നാം പ്രമേയത്തിൻ്റെ ദൈവശാസ്ത്ര നിഗമനങ്ങൾ.
ഏകദൈവത്തെക്കുറിച്ച് ഒന്നാം പ്രമേയത്തിൽ അഞ്ചുകാര്യങ്ങൾ പറഞ്ഞിരുന്നു. 1. ദൈവം ഏകനാണ്. 2. ദൈവത്തിൻ്റെ പ്രകൃതി അവിഭക്തമാണ് അഥവാ, വിഭജിക്കാൻ ആവാത്തതാണ്. 3. ദൈവത്തിൻ്റെ പ്രകൃതി അഭാജ്യമാണ് അഥവാ, പകുത്തുകൂടാത്തതാണ്. 4. ദൈവം ഒരു ദൈവം എന്നല്ല. ഏകദൈവം എന്നത്രേ. അതിനാൽ, ദൈവം നിസ്തുല്യനാണ്. അതായത്, ദൈവത്തിനു തുല്യനായി മറ്റാരുമില്ല. 5. ദൈവികസത്ത ഏകമാകയാൽ വിഭജിക്കാൻ കഴിയില്ല. പിന്നെങ്ങനെയാണ് ദൈവം മൂന്ന് വ്യത്യസ്ത ആളത്തങ്ങളായത്? ഇവരുടെ വ്യാഖ്യാനപ്രകാരതന്നെ, പിതാവ് പൂർണ്ണ ദൈവമാണ്; പുത്രൻ പൂർണ്ണ ദൈവമാണ്; പരിശുദ്ധാത്മാവ് പൂർണ്ണദൈവമാണ്. മൂവരും നിത്യരും, സർവ്വജ്ഞരും, സർവ്വവ്യാപകത്വം ഉള്ളവരും, സർവ്വശക്തരുമാണ്. ഒപ്പം മൂവരും വ്യത്യസ്തരുമാണ്. നിത്യത്വവും സർവ്വശക്തിയുമൊന്നും വിഭജിക്കാൻ കഴിയില്ലെന്നും; വിഭജിക്കപ്പെട്ടാൽ മൂവരും ദൈവങ്ങൾ അല്ലാതായി മാറുമെന്നും പറയുന്നു. സാരാംശം വിഭജിക്കപ്പെടാതെ, മൂന്നുപേരും വ്യത്യസ്തരും പുർണ്ണദൈവവും ആകുന്നത് എങ്ങനെയാണ്? അതായത്, ദൈവശാസ്ത്രത്തിൻ്റെ വ്യാഖ്യാനപ്രകാരം, ഒന്നെങ്കിൽ, മൂന്നുപേരും പൂർണ്ണദൈവമല്ല, അല്ലെങ്കിൽ, മൂന്നുപേരും വ്യത്യസ്ത ദൈവങ്ങളാണ്. അപ്പോൾ, ട്രിനിറ്റി മൂന്ന് ദൈവങ്ങളുള്ള ബഹുദൈവവിശ്വാസമാകും. രണ്ടായാലും ദുരുപദേശമാണ്,.
ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകസത്യദൈവം; എന്നിങ്ങനെ 130 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, ദൈവം മൂന്ന് ആളത്തമാണെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ആളത്തം എന്നുപറഞ്ഞാൽ എന്താണ്? ബൈബിളിലെന്നല്ല. നിഘണ്ടുവിൽപ്പോലും ഇല്ലാത്ത പദമാണ് ആളത്തം. ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശം നിവ്വചിക്കാൻ എടുക്കുന്ന; അവതാരം;, ആളത്തം, ത്രിത്വം, ത്രിത്വത്തിൽ ഒന്നാമൻ, ത്രിത്വത്തിൽ രണ്ടാമൻ, ത്രിത്വത്തിൽ മൂന്നാമൻ, ത്രിയേകത്വം, ദൈവത്തിൻ്റെ ഇരുപ്രകൃതി, ദൈവത്തിൻ്റെ ബഹുത്വം, നിത്യപുത്രൻ, സാരാംശത്തിലൊന്ന് തുടങ്ങിയ ഒരു പദവും ബൈബിളുമായി യാതൊരു ബന്ധവും ഉള്ളതല്ല. ആളത്തം, ഇരുപ്രകൃതി, ത്രിയേകത്വം, സാരാംശത്തിലൊന്ന് തുടങ്ങിയ പദങ്ങൾ നിഘണ്ടുവിൽപ്പോലും ഉള്ളതല്ല. തന്മൂലം, ട്രിനിറ്റിയെന്ന ഉപദേശത്തിൻ്റെ വൈകല്യം എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഏകദൈവമേയുള്ളു; ഏകദൈവമല്ലാതെ ദൈവമില്ലെന്ന് അസന്ദിഗ്ധമായി ബൈബിൾ പ്രഖ്യാപിക്കുന്ന കാര്യം, ഒന്നാം പ്രമേയത്തിൽ ദൈവശാസ്ത്രം അംഗീകരിച്ചതാണ്. എന്നിട്ട് രണ്ടാം പ്രമേയത്തിൽ; പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്ന് പറഞ്ഞു. മൂന്നാം പ്രമേയത്തിൽ പറയുന്നു, പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്. ആളത്തം എന്നപദം നിഘണ്ടുവിൽ ഉള്ളതല്ലെന്ന് നാം കണ്ടതാണ്. ത്രിത്വപണ്ഡിതന്മാർ ആളെ ചുറ്റിക്കാൻ വേണ്ടിയാണ് ആളത്തമെന്ന പദം ഉപയോഗിക്കുന്നത്. ആളും വ്യക്തിയും ഒന്നാണ്. ആൾ അഥവാ വ്യക്തിയുടെ വൈശിഷ്ട്യം അഥവാ, വ്യക്തിയുടെ സ്വഭാവ സവിശേഷതകളുടെ ആകെത്തുകയാണ് വ്യക്തിത്വം എന്ന് പറയുന്നത്. വ്യക്തി (person) വ്യക്തിത്വം (personality) എന്നപോലെ, ആൾ, ആളത്തം എന്ന് വേണമെങ്കിൽ മനസ്സിലാക്കാം. അതായത്, വ്യക്തിയുടെ വ്യക്തിത്വം എന്നപോലെ, ആളിൻ്റെ ആളത്തം അഥവാ, പേഴ്സൻ്റെ പേഴ്സണാലിറ്റി എന്ന് മനസ്സിലാക്കാം എന്നേയുള്ളു. അല്ലാതെ, അതിന് തെളിവൊന്നുമില്ല,. അതിൽ ദൈവശാസ്ത്രത്തിൻ്റെ തട്ടിപ്പെന്താണെന്ന് ചോദിച്ചാൽ; ആളത്തം എന്ന നിഘണ്ടുവിൽപ്പോലും ഇല്ലാത്ത പദത്തെ, ചിലപ്പോൾ, വ്യക്തിയായിട്ടും, ചിലപ്പോൾ, വ്യക്തിത്വമായിട്ടും, മറ്റുചിലപ്പോൾ രൂപമായിട്ടും ദൈവശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നതു കാണാം. ദൈവശാസ്ത്രത്തിലെ തെളിവ് നോക്കുക: “ദൈവം ഏകനാണെന്നും ആ ഏകനിൽ മൂന്ന് ആളത്തങ്ങൾ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഉൾക്കൊള്ളുന്നു എന്നും എന്നാൽ ആവ മൂന്നു വിഭിന്ന വ്യക്തികളല്ലെന്നും ത്രിത്വം വ്യക്തമാക്കുന്നു. ദൈവികസത്ത സ്ഥിതിചെയ്യുന്ന മൂന്നു രൂപങ്ങൾ മാത്രമാണത്. ദൈവിക സത്തയ്ക്കുള്ളിലെ ആളത്തപരമായ മൂന്നു വ്യത്യാസങ്ങൾ മാത്രം.” (ത്രിയേകത്വം എന്ന ഉപദേശം, പേജ് 148, വ്യവസ്ഥിത ദൈവശാസ്ത്രം). ഇവിടെ, വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്: പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് വിഭിന്ന വ്യക്തികളല്ല. അതായത്, ആളത്തം എന്നാൽ വ്യക്തിയല്ല. അതിനാൽ, ആളത്തവും വ്യക്തിയും രണ്ടായിട്ടാണ് പറഞ്ഞിരിക്കുന്നത്. ആളത്തം രൂപമാണെന്ന് പറഞ്ഞിട്ടുമുണ്ട്. അടുത്തത് നോക്കാം: “പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്.” (ദൈവം ത്രിയേകത്വം, പേജ് 152, വ്യവസ്ഥിത ദൈവശാസ്ത്രം). ആദ്യം പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; മൂന്ന് രൂപങ്ങൾ ആണെന്ന് പറഞ്ഞു. അതായത്, ആളത്തം എന്നാൽ മൂന്നു രൂപം മാത്രമാണെന്ന് പറഞ്ഞു. ഇപ്പോൾ പറയുന്നു; പിതാവ് പുത്രൻ പരിശുദ്ധാത്മാവ് വിഭിന്ന ആളത്തങ്ങളാണ്. അതായത്, ആളത്തം എന്നാൽ, വ്യക്തിയല്ല; രൂപമാണെന്ന് വ്യക്തമാക്കുന്നു. അടുത്തപേജിൽ: ആളത്തം എന്താണെന്ന് നിർവചിക്കാൻ, ആളത്തം എന്ന തലക്കെട്ടിൽ, person അഥാവാ, വ്യക്തി എന്ന് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നു. (ആളത്തം, പേജ് 156, വ്യവസ്ഥിത ദൈവശാസ്ത്രം). ആദ്യം പറഞ്ഞു: പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് വ്യത്യസ്ത വ്യക്തികളല്ല. വ്യത്യതസ്ത രൂപങ്ങളാണ്. പിന്നെപ്പറഞ്ഞു: വ്യത്യസ്ത ആളത്തങ്ങളാണ്. ഒടുവിൽ പറയുന്നു: ആളത്തം വ്യക്തിയാണ്. ദൈവം മൂന്ന് വ്യക്തിത്വമാണെന്ന് കരുതുന്ന അനേകം പണ്ഡിതന്മാരുണ്ട്. അതായത്, ത്രിത്വമെന്ന ബൈബിൾവിരുദ്ധ ഉപദേശം ഉണ്ടാക്കിയിട്ട് ഇന്നേക്ക് ആയിരത്തി എഴുന്നൂറ് വർഷമായിട്ടും, ദൈവത്തിൽ ഉണ്ടെന്ന് ട്രിനിറ്റി വ്യാജമായി പറയുന്ന മൂന്നുപേർ; വ്യക്തിയാണോ, വ്യക്തിത്വമാണോ, രൂപമാണോ, മായയാണോ, മായാവിയാണോ എന്ന് വ്യക്തമായി പറയാൻ ഈ ഉപദേശക്കാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നൂറു പേരോട് ചോദിച്ചാൽ നൂറുത്തരമാണ് കിട്ടുന്നത്. അതിനാൽ, ബൈബിൾ വിരുദ്ധ ഉപദേശമാണ് ട്രിനിറ്റിയെന്ന് മനസ്സിലാക്കാം.
നാലാമത്തെ പ്രമേയം: ത്രിത്വത്തിലെ വിഭിന്ന ആളത്തങ്ങൾ നിത്യമാണ്.
പിതാവിനോടുകൂടെ നിത്യത മുതൽ ക്രിസ്തുവിന്റെ അസ്തിത്വം സൂചിപ്പിക്കുന്ന ബൈബിൾ ഭാഗങ്ങളാണ്, യോഹ, 1:1; 17:5,24; ഫിലി, 2:6. പരിശുദ്ധാത്മാവിന്റെ നിത്യാസ്തിക്യത്തെ ചൂണ്ടിക്കാണിക്കുന്ന വാക്യങ്ങളാണ്, ഉല്പ, 1;2; എബ്രാ, 9:14. പരിശുദ്ധാത്മാവിനെ നിത്യാത്മാവെന്ന് നാമകരണം ചെയ്യുന്നു. പിതാവിനും പുത്രനും തമ്മിലുള്ള നിത്യബന്ധത്തിന്റെ സ്വഭാവത്തെ, ജനിപ്പിക്കൽ എന്നാണ് പറയുന്നത്. നിത്യജനനം നിത്യമായ പുറപ്പാടിനെ അഥവാ, നിസ്സരണത്തെ കാണിക്കുന്നു. “നീയോ; ബേത്ത്ലേഹേം എഫ്രാത്തേ; നീ യെഹൂദാ സഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിനു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്ക് നിന്നിൽ നിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.” (മീഖാ, 5:2). ഈ നിത്യമായ ബഹിർഗമനത്തെക്കുറിച്ച് ദൈവം പറയുകയാണ്: “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഇന്ന് ദൈവത്തിന്റെ നിത്യമായ ഇന്നാണ്. യേശു പ്രസ്താവിച്ചു: “പിതാവിനു തന്നിൽത്തന്ന ജീവനുള്ളതുപോലെ അവൻ പുത്രനും തന്നിൽത്തന്നെ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.” (യോഹ, 5:26). പിതാവും പുത്രനും തമ്മിലുള്ള ജീവന്റെ നിത്യമായ വിനിമയമാണ് ഇവിടെ വിഷയം. ക്രിസ്തു തന്റെ നിത്യത്വം സ്വന്തം വാക്കുകളിലൂടെ വെളിപ്പെടുത്തി. ക്രിസ്തു യോഹന്നാൻ സ്നാപകനു മുമ്പേ ഉണ്ട്. (യോഹ, 1:15). അബ്രാഹാമിനു മുമ്പേ ഉണ്ട്. (യോഹ, 8:58). ലോകം ഉണ്ടാകും മുമ്പേ അവനുണ്ട്. (യോഹ, 17:5;24). എന്നാൽ അവൻ സർവ്വസൃഷ്ടിക്കും ആദ്യജാതനാണ്. (കൊലൊ, 1:15). ആദിയിൽ അവൻ ഉണ്ട്. (യോഹ, 1:1). പരിശുദ്ധാത്മാവിനു പിതാവിനോടും പുത്രനോടും ഉള്ള നിത്യമായ ബന്ധത്തിന്റെ സ്വഭാവം പുറപ്പാട് എന്നാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പുത്രനോടുള്ള ബന്ധത്തിൽ ഉപയോഗിച്ചിട്ടുള്ള ജനനം എന്ന അതേ ആശയം തന്നെയാണ് പുറപ്പാട് എന്നതിനും. ഒരു വ്യത്യാസം മാത്രം, പരിശുദ്ധാത്മാവ് പുറപ്പെടുന്നതു പിതാവിൽ നിന്നും പുത്രനിൽ നിന്നുമാണ്. (യോഹ, 14:6; 15:26; പ്രവൃ, 2:33; എബ്രാ, 9:14). ഈ സത്യം നിഖ്യാ വിശ്വാസപ്രമാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. “കർത്താവും ജീവിപ്പിക്കുന്നവനും, പിതാവിൽ നിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും, പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെടുന്നവനും, പ്രവാചകരെക്കൊണ്ടു പറയിച്ചവനുമായ പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.” ഇതൊക്കെയാണ് നാലാം പ്രമേയത്തിൻ്റെ ദൈവശാസ്ത്ര നിഗമനങ്ങൾ,.
ഇതിൽ, പുത്രനെക്കുറിച്ച് പറയുന്ന എല്ലാ കാര്യങ്ങളും അബദ്ധമാണ്.ഒന്നാമത്: പുത്രൻ നിത്യനാണെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. രണ്ടാമത്: പുത്രൻ സർവ്വകാലങ്ങൾകുമുമ്പെ പിതാവിൽനിന്ന് ജനിച്ചു എന്ന നിഖ്യാ സുനഹദോസിൻ്റെ പഠിപ്പിക്കലാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. അതിനൊന്നും ബൈബിളിൽ യാതൊരു തെളിവുമില്ല,. പിതാവിൽനിന്ന് ജനിച്ചവനായ പുത്രൾ എങ്ങനെയാണ്, പിതാവിനോട് സമനായ ദൈവം ആകുന്നത്? രണ്ടാം സങ്കീർത്തനം ഏഴാം വാക്യത്തിൽ ദൈവം ജനിപ്പിച്ച പുത്രൻ യഥാർത്ഥത്തിൽ ക്രിസ്തുവല്ല. എന്നാൽ, ആത്മികമായി അത് ക്രിസ്തുവിലൂടെ യഥാർത്ഥ സന്തതിക്ക് നിവൃത്തിയാകുകയാണ് ചെയ്തത്. പൗലൊസ് അത് വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 13:32-33.. മൂന്നാമത്: യോഹന്നാൻ 1:1-ൽ പറയുന്നത്, യഥാർത്ഥത്തിൽ ക്രിസ്തുവിനെ കുറിച്ചല്ല. ദൈവത്തിൻ്റെ വചനത്തെ കുറിച്ച് അഥവാ, വായിലെ വചനത്തെക്കുറിച്ചാണ്. (യെശ, 55:15; 45:23; 59:23; 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72). തൻ്റെ വായിലെ വചനത്താലാണ് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6). ആ വചനം ജഡമായിത്തീർന്ന കാര്യമാണ് യോഹന്നാൻ പറയുന്നത്. (യോഹ, 1:14). വചനം ജഡമായത് അഥവാ, മനുഷ്യനായത് ഒന്നാം വാക്യത്തിലല്ല; പതിനാലാം വാക്യത്തിലാണ്. ദൈവത്തിൻ്റെ വചനം ജഡമായപ്പോഴാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യനായത്. അവൻ വളർന്ന് വലുതായി മുപ്പത് വയസ്സുള്ളപ്പോഴാണ്, ദൂതൻ്റെ പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ക്രിസ്തുവും ദൈവപുത്രനും ആയത്. (ലൂക്കൊ, 1:32,35; 3:22; പ്രവൃ, 10:38). എ.ഡി. ഇരുപത്തൊൻപതിൽ മാത്രം ദൈവപുത്രൻ ആയവൻ, നിത്യപുത്രൻ ആകുന്നത് എങ്ങനെയാണ്?നാലാമത്: പരിശുദ്ധാത്മാവ് പുറപ്പെടുന്നത് പിതാവിൽ നിന്നും പുത്രനിൽ നിന്നുമാണെന്ന ദുരുപദേശം ബൈബിളിൻ്റെയല്ല; കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെയാണ്. പരിശുദ്ധാത്മാവ് ആരാണെന്നുപോലും ദൈവശാസ്ത്രം രചിച്ച പണ്ഡിതന്മാർക്ക് അറിയില്ലെ എന്നതാണ് വസ്തുത.
അഞ്ചാമത്തെ പ്രമേയം: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തമ്മിൽ സത്താസമത്വം ഉണ്ട്.
ഈ സമത്വം പിതാവ് ഒന്നാമൻ, പുത്രൻ രണ്ടാമൻ, പരിശുദ്ധാത്മാവ് മൂന്നാമൻ എന്ന ക്രമത്തെ ഒഴിവാക്കുന്നില്ല. ഈ ക്രമീകരണം ക്രമത്തെ സംബന്ധിക്കുന്നത് മാത്രമാണ്. അത് പദവിയിലോ, മഹത്തത്തിലോ, ശക്തിയിലോ, നിത്യാസ്തിക്യത്തിലോ ഉള്ള വ്യത്യാസത്തെ വിവക്ഷിക്കുന്നില്ല. പിതാവിനു വിധേയരാണെങ്കിലും പരിശുദ്ധാത്മാവും പുത്രനും തുല്യരാണ്. വിധേയത്വമാകട്ടെ സ്വേച്ഛയാ ഉള്ളതാണ്, നിർബന്ധപൂർവ്വം ഉള്ളതല്ല. “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി, തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി; തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവൻ ആയിത്തീർന്നു.” (ഫിലി, 2:6-8). ദൈവത്തിന്റെ പിതൃത്വം നിത്യത മുതല്ക്കുള്ളതാണ്. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണമായത് ദൈവത്തിന്റെ പിതൃത്വമാണ്. അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു. (എഫെ, 3:14-15). വീണ്ടും ജനനം പ്രാപിക്കുന്നവർ ദൈവമക്കളും ദൈവകുടുംബത്തിലെ അംഗങ്ങളുമാണ്. (യോഹ, 3:12; ഗലാ, 4:5-6). അവർ ദൈവത്തിൽ നിന്നത്രേ ജനിച്ചത്. (യോഹ, 1:13). പുത്രൻ ഏകജാതനാണ്. ഈ ഏകജാതത്വം നിസ്തുല്യമാണ്. അത് ഒരിക്കലും ഉത്ഭവത്തെ സൂചിപ്പിക്കുന്നില്ല. ദൈവത്തെ സ്വന്തം പിതാവെന്ന് വിളിച്ച്, പിതാവിനു തുല്യനാക്കിയതു കൊണ്ടാണ് യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചത്. (യോഹ, 5:18). ദൈവപ്രകൃതിയിലെ ആഴങ്ങൾ അറിയുന്ന ഒരേയൊരു വ്യക്തിയായിട്ടാണ് ആത്മാവിനെ വെളിപ്പെടുത്തിയിരിക്കുന്നത്. “നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവ് സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.” (1കൊരി, 2:10). ഇതൊക്കെയാണ് അഞ്ചാം പ്രമേയത്തിൻ്റെ ദൈവശാസ്ത്ര നിഗമനങ്ങൾ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തമ്മിൽ സത്താസമത്വം ഉണ്ടത്രേ. ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നുണ്ടോ? സത്ത അഥവാ, സാരാംശം എന്താണെന്ന് മുകളിൽ പറഞ്ഞായിരുന്നു. നിത്യത്വം, സർവ്വജ്ഞാനം, സർവ്വവ്യാപകത്വം, സർവ്വശക്തി ഇതാണ് സത്ത. സത്താസമത്വം എന്നാൽ, സാരാംശത്തിൽ അവർ തുല്യരാണ്. അപ്പോൾത്തന്നെ വ്യത്യസ്തരുമാണ്. പിതാവല്ല പുത്രൻ, പുത്രനല്ല പരിശുദ്ധാത്മാവ്, പരിശുദ്ധാത്മാവല്ല പിതാവ്. മൂന്നാം പ്രമേയത്തിൽ ഇവർ മറ്റൊരു കാര്യംകൂടി പറഞ്ഞു. സാരാംശം വിഭജിക്കപ്പെടാൻ പാടില്ല. വിഭജിക്കപ്പെട്ടാൽ; ഓരോരുത്തരും ദൈവമല്ലാതാകും. അഞ്ചാം പ്രമേയത്തിൽ പറയുന്നു. സാരാംശത്തിൽ തുല്യരാണ്, അപ്പോൾത്തന്നെ വ്യത്യസ്തരുമാണ്. അതായത്, പിതാവിൻ്റെ നിത്യത്വം, സർവ്വജ്ഞാനം, സർവ്വവ്യാപകത്വം, സർവ്വശക്തി തുടങ്ങയവയല്ല പുത്രനുള്ളത്. പുത്രൻ്റെയല്ല പരിശുദ്ധാത്മാവിനുള്ളത്. തന്മുലം, സാരാംശം വിഭജിക്കപ്പെട്ട് മൂവരും ദൈവം അല്ലാതായി. പ്രത്യുത, മൂവർക്കും സ്വതന്ത്രവും വ്യത്യസ്തവുമായ സാരാംശമാണ് ഉള്ളതെങ്കിൽ, മൂവരും വ്യത്യസ്ത ദൈവങ്ങളായി. രണ്ടായാലും ദുരുപദേശമാണ്.
അടുത്തത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവ് സമത്വമുള്ള മൂന്ന് ദൈവമോ, വ്യക്തികളോ ആണെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? ഇല്ല. “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നാണ് ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിക്കുന്നത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). പിന്നെ, ഏത് വകയിലാണ് പുത്രനു പിതാവിനോട് സമത്വമുള്ളത്? പുത്രൻ പറയുന്നത് കേൾക്കുക: “ആ നാളും നാഴികയും സംബന്ധിച്ചോ, പിതാവല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മർക്കൊ, 13ൻ്റെ32). “എന്നെ നല്ലവൻ എന്നു പറയുന്നതു എന്ത്? ദൈവം ഒരുവനല്ലാതെ നല്ലവനില്ല.” മർക്കൊസ് 10ൻ്റെ18. “പിതാവ് ചെയ്തു കാണുന്നത് അല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.” (യോഹ, 5:19). “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു, ഞാൻ എന്റെ ഇഷ്ടം അല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നത്.'” (യോഹ, 5:30). “പിതാവ് എനിക്ക് ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28). “ഞാൻ ഇന്നത് സംസാരിക്കേണം എന്ന് കല്പന തന്നിരിക്കുന്നു.” (യോഹ, 12:49). “എന്റെ പിതാവ് എല്ലാവരിലും വലിയവൻ.” (യോഹ, 10:29). “പിതാവു എന്നെക്കാൾ വലിയവൻ.” (യോഹ, 14:28). മാത്രമല്ല, പിതാവ് തന്റെ ദൈവമാണെന്ന് പുത്രനും, പിതാവ് പുത്രൻ്റെ ദൈവമാണെന്ന് അപ്പൊസ്തലന്മാരും പറയുന്നു. (യോഹ, 20:17; 2കൊരി, 11:31; എഫെ, 1:3,17). ഈ പുത്രനു പിതാവിനോട് സമത്വമുണ്ടെന്ന് പറയുന്ന ദൈവശാസ്ത്രം ദൈവികമാണോ? ദൈവത്തോട് സമത്വമുള്ള പുത്രൻ്റെ ദൈവമാരാണ്? അപ്പോൾ, മൊത്തത്തിൽ എത്ര ദൈവങ്ങളുണ്ട്? തന്മൂലം, ബൈബിളുമായി ഒരു ബന്ധവുമുള്ള പുസ്തകമല്ല ദൈവശാസ്ത്രമെന്ന് മനസ്സിലാക്കാം.
അടുത്തൊരു കാര്യം പറയുന്നത്: പിതാവിനു വിധേയരാണെങ്കിലും പരിശുദ്ധാത്മാവും പുത്രനും തുല്യരാണ്. എന്തൊരു അബദ്ധമാണ് പറയുന്നത്? ബൈബിൾ വെളിപ്പെടുത്തുന്ന പുത്രൻ പാപമറിയാത്ത മനുഷ്യനും പരിശുദ്ധാത്മാവ് ദൈവവും ആണ്. ദൈവവും മനുഷ്യനും എങ്ങനെ തുല്യരാകും? പുത്രൻ പരിശുദ്ധാത്മാവിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്, സകലപാപവും; ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല,. ആരെങ്കിലും മനുഷ്യപുത്രനു നേരെ ഒരു വാക്കു പറഞ്ഞാൽ അത് അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിനു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ,12:31-32; മർക്കൊ, 3:28-29; ലൂക്കൊ, 12:10). പുത്രനോടുള്ള ദൂഷണം ക്ഷമിക്കും പരിശുദ്ധാത്മാവിനോടുള്ളത് ക്ഷമിക്കില്ലെങ്കിൽ, പുത്രനും പരിശുദ്ധാത്മാവും തുല്യരാണോ? ആത്മാവിനോട് വ്യാജംകാണിച്ച അനന്യാസും സഫീരയും പട്ടുപോയത്; ഇതിനോട് ചേർത്ത് ചിന്തിക്കുക. (പ്രവൃ, 5:1-10),. അപ്പോൾ, ബൈബിൾ തുറന്നുപോലും നോക്കാതെയാണോ ദൈവശാസ്ത്രം ഉണ്ടാക്കിയത്? താൻ ദൈവാത്മാവിനാൽ ഭൂതങ്ങളെ പുറത്താക്കുന്നു എന്നാണ് പുത്രൻ പറഞ്ഞത്. (മത്താ, 12:28). ദൈവാത്മാവിനാൽ അത്ഭുതങ്ങളെ പ്രവർത്തിച്ചവൻ ദൈവാത്മാവിനോട് തുല്യനാണോ? ചുരുക്കത്തിൽ, പുത്രൻ ആരാണെന്നോ, പരിശുദ്ധാത്മാവ് ആരാണെന്നോ ദൈവശാസ്ത്രം ഉണ്ടാക്കിയ പണ്ഡിതന്മാർക്ക് അറിയില്ല. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ട് അവർ മൂഢരായിപ്പോയി. (റോമ, 1:22).
ഇനി, ഇവരുടെ ആളത്തത്തിൻ്റെയും, സാരാംശത്തിൻ്റെയും നിർവ്വചനംകൂടി നോക്കാം. ആളത്തം: “ഒരേ വർഗ്ഗത്തിൽ തന്നെയുള്ള ഒന്നിൽനിന്നും മറ്റൊന്നിനെ വിവേചിക്കുന്നത് എന്താണോ അതാണ് ആളത്തം. അതാണ് വിവേചന തത്വം. ഉദാഹരണം, വാഴപ്പഴവും മാമ്പഴവും. രണ്ടും പഴമാണ്. എന്നാൽ അവയെ വിവേചിക്കുന്നത്, ഒന്ന്; വാഴപ്പഴവും, മറ്റേത്; മാമ്പഴവുമാണ്. ത്രിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണ്. ത്രിത്വത്തെ വിവേചിക്കുന്നത്, പിതാവ് പിതാവാണ്; പുത്രനോ പരിശുദ്ധാത്മാവോ അല്ല. പുത്രൻ പുത്രനാണ്; പിതാവോ പരിശുദ്ധാത്മാവോ അല്ല. പരിശുദ്ധാത്മാവ് പരിശുദ്ധാത്മാവാണ്: പിതാവോ പുത്രനോ അല്ല.”
ദൈവശാസ്ത്രത്തിൻ്റെ ഈ വിവേചന തത്വപ്രകാരം, ഒരേ വർഗ്ഗത്തിലുള്ള അഥവാ, ദൈവവർഗ്ഗത്തിലുള്ള മൂന്ന് ആളത്തങ്ങൾ അഥവാ, വ്യക്തികളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. ഏകനായ അഥവാ, ഒരുത്തൻ മാത്രമായ ദൈവത്തെ, ദൈവത്തെ, ഒരു വർഗ്ഗം എന്ന് പറയുന്നതിൽപരം അബദ്ധമെന്താണ്? മനുഷ്യവർഗ്ഗം, മൃഗവർഗ്ഗം, പക്ഷിവർഗ്ഗം, പഴവർഗ്ഗം, കിഴങ്ങുവർഗ്ഗം എന്നിവയെപ്പോലെ ദൈവവർഗ്ഗത്തിലെ അംഗങ്ങൾ ആണോ, പിതാവും പുത്രനും പരിശുദ്ധാത്മാവും? ദൈവവർഗ്ഗത്തിലെ വ്യത്യസ്ത ആളത്തങ്ങളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന് പറയുകയും ദൈവം ഏകനാണെന്ന് പറയുകയും ചെയ്താൽ എങ്ങനെ ശരിയാകും? നിങ്ങൾ യഥാർത്ഥത്തിൽ ബഹുദൈവ വിശ്വാസികളാണ്. ഇവരുടെ നിർവ്വചന പ്രകാരം, മനുഷ്യവർഗ്ഗത്തെ മുഴുവനും ഏക മനുഷ്യനെന്ന് വിളിക്കാമല്ലോ? ഉദാഹരണം: പത്രൊസും, ഈസ്കര്യോത്താ യൂദായും, പൗലോസും. ഇവരുടെ ഏകത്വം എന്നു പറയുന്നത്. ഇവർ ഒരേ വർഗ്ഗത്തിൽ അഥവാ, മനുഷ്യവർഗ്ഗത്തിൽ പെട്ടവരാണ്. വിവേചനതത്വ പ്രകാരം, പത്രൊസ് പത്രൊസാണ്; യൂദായുമല്ല പൗലൊസുമല്ല. യൂദാ യൂദായാണ്; പത്രൊസുമല്ല പൗലൊസുമല്ല. പൗലൊസ് പൗലോസാണ്; പത്രൊസുമല്ല യൂദായുമല്ല. ഇനിയുമുണ്ട് ഇവരുടെ ആളത്തത്തിൻ്റെ സവിശേഷതകൾ. പത്രൊസ്, യേശുവിനെ തള്ളിപ്പറഞ്ഞുവെങ്കിലും, യഥാസ്ഥാനപ്പെട്ടശേഷം അവനുവേണ്ടി വളരെ അദ്ധ്വാനിക്കുകയും ഒടുവിൽ അവൻ്റെ നാമത്തിനുവേണ്ടി മരിക്കുകയും ചെയ്തു. യൂദാ, യേശുവിൻ്റെ കൂടെനടന്ന് സകല നന്മയും അനുഭവിച്ചശേഷം അവനെ ഒറ്റിക്കൊടുത്ത് മാനസാന്തരപ്പെടാതെ സ്വയം നാശത്തിലേക്ക് കടന്നുപോയി. പൗലൊസ്, ക്രിസ്തുശിഷ്യന്മാർക്ക് വളരെ ദോഷം ചെയ്തവനെങ്കിലും, യേശുവിനാൽ പിടിക്കപ്പെട്ടപ്പോൾ, അവൻ്റെ നാമത്തിനുവേണ്ടി അനേകം കഷ്ടങ്ങൾ സഹിക്കുകയും, അവനുവേണ്ടി പ്രാണാത്യാഗം ചെയ്തവനുമാണ്. ദൈവശാസ്ത്രത്തിൻ്റെ നിർവ്വചന പ്രകാരം, പത്രൊസും യൂദായും പൗലൊസും ഒരേ മനുഷ്യവർഗ്ഗത്തിൽപ്പെട്ടവർ ആയിരിക്കുമ്പോൾത്തന്നെ, എങ്ങനെ വ്യത്യസ്ത വ്യക്തികൾ ആയിരിക്കുന്നുവോ, അങ്ങനെതന്നെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യത്യസ്ത ആളത്തങ്ങൾ അഥവാ, വ്യക്തികൾ ആയിരിക്കുന്നത് എന്നാണ്, ദൈവശാസ്ത്രം പറയുന്നത്. ഇത് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവമാണോ? മൂന്ന് വ്യത്യസ്ത ആളത്തങ്ങൾക്ക് അഥവാ, വ്യക്തികൾക്ക് ഒരു ദൈവം ആയിരിക്കാൻ കഴിയുമെങ്കിൽ, പത്രോസും പൗലൊസും യൂദായും മാത്രമല്ല, ലോകത്തിലെ സകല മനുഷ്യരെയും ചേർത്ത്, ഒരു മനുഷ്യൻ എന്നേ പറയാൻ കഴിയൂ. അതായത്, ത്രിമൂർത്തി ബഹുദൈവ വിശ്വാസത്തെ ഏക ദൈവവിശ്വാസമാക്കാൻ പറ്റില്ല.
സാരാംശം: “ഒരു വർഗ്ഗത്തെ മറ്റൊരു വർഗ്ഗത്തിൽനിന്ന് വിവേചിക്കുന്നത് എന്താണോ അതാണ് സാരാംശം. ഉദാഹരണം, മാമ്പഴവും പ്രാവും. ഇവയിൽ ഒന്നു പഴവും മറ്റേതു പക്ഷിയുമാണ്.” ദൈവത്തിൻ്റെ സാരാംശം എന്ന് പറയുന്നത്; നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം തുടങ്ങിയവയാണ്. ദൈവശാസ്ത്രം സാരാംശത്തെ നിർവ്വചിക്കുമ്പോഴും ദൈവം ഏകനല്ല ഒരു വർഗ്ഗമാണ്. പിതൃപുത്രാത്മാവിലെ സാരാംശം കാണുക: “ത്രിയേകത്വം എന്ന ഉപദേശത്തിൽ കാതലായി നിൽക്കുന്നത് സാരാംശമാണ്. ആളത്തങ്ങളിലെ മൂന്നുപേർക്കും സമ്പൂർണ്ണമായ സാരാംശമുണ്ട്. പിതാവ് സർവ്വവ്യാപിയാണ്, പുത്രൻ സർവ്വവ്യാപിയാണ്, പരിശുദ്ധാത്മാവ് സർവ്വവ്യാപിതാണ്. ഒരേയൊരു സർവ്വവ്യാപകത്വമാണ് പിതാവിനും പുത്രനും പരിശുദ്ധാത്മാവും ഉള്ളത്. പിതാവ് സർവ്വശക്തൻ, പുത്രൻ സർവ്വശക്തൻ, പരിശുദ്ധാത്മാവ് സർവ്വശക്തൻ. മൂന്ന് ആളത്തങ്ങൾക്കും ഉള്ളത് ഒരേയൊരു സർവ്വശക്തിയാണ്. സർവ്വശക്തി മൂന്നുപേർക്കും പ്രത്യേകം വിഭജിക്കപ്പെട്ടാൽ, മൂന്നുപേരും മൂന്ന് ദൈവങ്ങളായി മാറും. മാത്രമല്ല, സർവ്വശക്തൻ സർവ്വശക്തൻ അല്ലാതായി മാറും. സർവ്വശക്തി ഒന്നേയുള്ളൂ, അത് സമ്പൂർണ്ണമാണ്. സർവ്വശക്തി പിതാവിനു അതിൻ്റെ സമ്പൂർണ്ണതയിൽ ഉണ്ട്. അതേ സമ്പൂർണ്ണമായ സർവ്വശക്തി; അതേ കാലത്തിലും വിധത്തിലും പുത്രനും പരിശുദ്ധാത്മാവിനും ഉണ്ട്.” ആളത്തവും സാരാംശവും, പേജ് 154, വ്യവസ്ഥിത ദൈവശാസ്ത്രം,.
ദൈവശാസ്ത്രത്തിൻ്റെ വഞ്ചന മനസ്സിലായോ? ദൈവത്തിൻ്റെ സാരാംശം എന്ന് പറയുന്നത്, നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം ആണന്ന് അവർ പറയുന്നു. അത് വിഭജിക്കാൻ പാടില്ല. വിഭജിച്ചാൽ, നിത്യൻ നിത്യനല്ലാതായി മാറും. സർവ്വജ്ഞാനി സർവ്വജ്ഞാനി അല്ലാതായി മാറും. സർവ്വശക്തൻ സർവ്വശക്തൻ അല്ലാതായി മാറും. സർവ്വവ്യാപി സർവ്വവ്യാപി അല്ലാതായി മാറും. അതായത്, ദൈവത്തിൻ്റെ സാരാംശം എന്ന് അവർ പറയുന്നത് ഈ നാലു ഗുണങ്ങളാണ്. സാരാംശം വിഭജിക്കപ്പെട്ടാൽ മൂന്ന് വ്യത്യസ്ഥ ദൈവങ്ങളായി മാറുമെന്നും അവർ പറയുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ് എന്നതാണ് മൂന്നാം പ്രമയത്തിൻ്റെ വിഷയം. പിതാവല്ല പുത്രൻ, പുത്രനല്ല പരിശുദ്ധാത്മാവ്, പരിശുദ്ധാത്മാവല്ല പിതാവ്. മൂന്നുപേർക്കും നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം തുടങ്ങിയ ഗുണങ്ങൾ അതിൻ്റെ പൂർണ്ണ അളവിൽ ഉണ്ടുതാനും. അതായത്, സാരാംശമായ നാലു ഗുണങ്ങൾ വിഭജിക്കപ്പെടാൻ പാടില്ലെങ്കിൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും എങ്ങനെ വിഭജിക്കപ്പെട്ടു? സാരാംശം വിഭജിക്കപ്പെടാൻ പാടില്ലെങ്കിൽ, അവർ എങ്ങനെ വ്യത്യസ്തരായി? പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരാണെങ്കിൽ, അവരുടെ നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം തുടങ്ങിയ ഗുണങ്ങളും വ്യത്യസ്തമാകുമല്ലോ? സാരാംശം വ്യത്യസ്തമാകാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും എങ്ങനെ വ്യത്യസ്തരാകും? വിഭജിക്കാൻ കഴിയില്ലെന്ന് ദൈവശാസ്ത്രം പറയുന്ന സാരാംശം അഥവാ, നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം തുടങ്ങിയ ഗുണങ്ങൾ, പിതാവിനുള്ളത് തന്നെയാണ് പുത്രനും പരിശുദ്ധാത്മാവിനും ഉള്ളതെങ്കിൽ, ഇവർ വ്യത്യസ്തരാകുന്നത് ഏത് ഗുണങ്ങളിലാണ്? സാരാംശം വിഭജിക്കപ്പെടാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരായാൽ, അവർ സ്വതന്ത്രമായി നിത്യരോ, സർവ്വജ്ഞനോ, സർവ്വശക്തനോ അല്ലാതാകും. ഇനി, ത്രിത്വത്തിലെ വ്യത്യസ്തരായ ഓരോരുത്തരും സർവ്വശക്തരും വ്യത്യസ്തരുമായാൽ, മൂന്ന് ദൈവങ്ങളാണ് ആകുന്നത്. അപ്പോൾ മൊത്തത്തിൽ, പരസ്പരവിരുദ്ധമായ ഒരു പുസ്തകമാണ് ദൈവശാസ്ത്രം എന്ന് മനസ്സിലാക്കാം.
നിത്യത്വം, സർവ്വജ്ഞാനം, സർവ്വശക്തി, സർവ്വവ്യാപകത്വം തുടങ്ങിയ ഗുണങ്ങൾ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഒരുപോലെ ഉണ്ടെന്നാണ് ദൈവശാസ്ത്രം പറയുന്നത്. അതേക്കുറിച്ച് ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം: സർവ്വശക്തൻ എന്ന പ്രയോഗം 48 പ്രാവശ്യം പഴയനിയമത്തിലും, പത്തുപ്രാവശ്യം പുതിയനിയമത്തിലും ഉണ്ട്. എന്നാൽ, സർവ്വശക്തിയുള്ള ദൈവം എന്നല്ലാതെ, സർവ്വശക്തിയുള്ള പിതാവെന്നോ, സർവ്വശക്തിയുള്ള പുത്രനെന്നോ, സർവ്വശക്തിയുള്ള പരിശുദ്ധാത്മാവെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഉദാ: (ഉല്പ, 17:1; 2കൊരി, 6:17). എന്നാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:21; റോമ, 16:26; 1തിമൊ, 1:17; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, പിതാവായ ഏകദൈവം മാത്രമാണ് സർവ്വശക്തനെന്ന് മനസ്സിലാക്കാം. ഇനി, സർവ്വജ്ഞാനി അഥവാ, ജ്ഞാന സമ്പൂർണ്ണൻ എന്ന് ദൈവത്തെ മാത്രം കുറിക്കുന്ന പ്രയോഗമാണ്. (ഇയ്യോ, 37:16). അതും, പിതാവായ ഏകദൈവത്തെ മാത്രം കുറിക്കുന്നതാണ്. സർവ്വവ്യാപി അഥവാ, ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ എന്ന പ്രയോഗവും പിതാവായ ദൈവത്തെ മാത്രം കുറിക്കുന്നതാണ്. (യിരെ, 23:23-24). നിത്യൻ എന്ന പ്രയോഗവും ദൈവത്തെ മാത്രം കുറിക്കുന്നതാണ്. (യെശ, 40:28). നിത്യപുത്രനെന്ന ഒരു പ്രയോഗം ബൈബിളിൽ എവിടെയുമില്ല. എന്നാൽ, നിത്യാത്മാവ് എന്നൊരു പ്രയോഗം എബ്രായരിൽ കാണാം. (9:14). അത് ആത്മാവായ ദൈവത്തെ കുറിക്കുന്ന പ്രയോഗം തന്നെയാണ്. “ദൈവം ആത്മാവാകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കണം.” (യോഹ, 4:24). തന്മൂലം, ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്ന അഞ്ച് അടിസ്ഥാന പ്രമേയങ്ങളിൽ, നാലെണ്ണവും; പരമ അബദ്ധമാണെന്ന് മനസ്സിലാക്കാം.
ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്ന അഞ്ച് അടിസ്ഥാന പ്രമേയങ്ങളിൽ ഒന്നാമത്തെ പ്രമേയം ഒഴികെ, ബാക്കിയെല്ലാം ബൈബിൾ വിരുദ്ധമാണെന്ന് നാം കണ്ടു. ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും നാം കണ്ടതാണ്. ഇനി, അറിയാനുള്ളത്; പരിശുദ്ധാത്മാവ് ആരാണ് എന്നാണ്? പരിശുദ്ധാത്മാവ് ആരാണെന്ന് ചോദിച്ചാൽ; ദൈവം തന്നെയാണ്. അഥവാ, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏക ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ചില തെളിവുകൾ തരാം. 1. താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയും, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പഴയനിയമ ഭക്തന്മാരും, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാരും പറയുന്നു. (പുറ, 20:2-3; യെശ, 44:6,8; 2രാജാ, 19:15,19; നെഹെ, 9:6; യോഹ, 5:44; ലൂക്കൊ, 5:21; റോമ, 16:16; 1തിമൊഥെ, 1:17). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നു വിഭിന്നനായ ദൈവമോ, വ്യക്തിയോ ആണെങ്കിൽ; യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് എങ്ങനെ പറയും? പറഞ്ഞാൽ, പരിശുദ്ധാത്മാവ് ദൈവമല്ലാതായി മാറും. അത് ആത്മാവിനെതിരെയുള്ള ദൂഷണമായി മാറും. പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ക്ഷമിക്കപ്പെടുന്ന പാപമല്ല. (മത്താ, 12:32). 2. പിതാവാണ് ഏക സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും, അവനെമാത്രം ആരാധിക്കണമെന്നും, അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ക്രിസ്തു പറയുന്നു. (മത്താ, 4:10; 24:36; ലൂക്കൊ, 4:8; യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ ആയിരുന്നെങ്കിൽ പിതാവ് മാത്രമാണ് സത്യദൈവമെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ക്രിസ്തു പറയുമായിരുന്നോ? പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ? ക്രിസ്തുവിനെക്കാളും അപ്പൊസ്തലന്മാരെക്കാളും ഞ്ഞാനികളാണോ ത്രിത്വപണ്ഡിതന്മാർ? പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ ക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടെയും വാക്കിനാൽത്തന്നെ പരിശുദ്ധാത്മാവ് ദൈവമല്ലാതായി മാറും. ഇങ്ങനെയൊക്കെ ബൈബിളിൽ ഉള്ളതുകൊണ്ടാണ്, പരിശുദ്ധാത്മാവ് ആരാണെന്ന് അറിയാത്ത മറ്റുചിലർ, പരിശുദ്ധാത്മാവ് കേവലം ശക്തിയാണെന്ന് പറയുന്നത്. 3. സ്നാനസമയത്ത് പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്. “പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ പ്രാവ് എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). എന്നാൽ, പിതാവാണ് തൻ്റെകൂടെ വസിക്കുന്നതെന്ന് ക്രിസ്തു ആവർത്തിച്ചു പറയുന്നതായി കാണാം: “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). അടുത്തവാക്യം. “പിതാവ് എന്നോടുകൂടെ ഉള്ളതുചൊണ്ട് ഞാൻ ഏകനല്ല.” (യോഹ,16:32). ഈ വേദഭാഗത്തൊക്കെ, പിതാവായ ഏകദൈവം തന്നോടുകൂടെ വസിക്കുന്നതുകൊണ്ട്, താൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല എന്നാണ് ഏകമനുഷ്യനായ യേശുക്രിസ്തു പറയുന്നത്. യോഹന്നാൻ 8ൻ്റെ40, റോമർ 5ൻ്റെ15. പരിശുദ്ധാത്മാവ് തൻ്റെമേൽ ആവസിച്ചു, പിതാവാണ് തന്നോടുകൂടെ ഉള്ളതെന്ന് ക്രിസ്തു പറയുന്നു. ട്രിനിറ്റി പഠിപ്പിക്കുന്നതുപോലെ പരിശുദ്ധാത്മാവ് ദൈവപിതാവിൽനിന്ന് വ്യത്യസ്തനായിരുന്നെങ്കിൽ, പരിശുദ്ധാത്മാവ് തൻ്റെകൂടെ ഉള്ളതുകൊണ്ട് താൻ ഏകനല്ല, എന്നല്ലേ പറയേണ്ടത്? അപ്പോൾ, ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ, ദൈവപിതാവും പരിശുദ്ധാത്മാവും ഭിന്നരല്ലെന്ന് തെളിയുന്നു. 4. പിതാവായ ദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവുമായവൻ എന്നിങ്ങനെ യോഹന്നാൻ 6:27-മുതൽ വെളിപ്പാട് 1:6-വരെ, 42 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, പിതാവായ ദൈവമെന്നല്ലാതെ, പരിശുദ്ധാത്മാവായ ദൈവം എന്നൊരു പ്രയോഗം ബൈബിളിൽ കാണാൻ കഴിയില്ല. അടുത്തത്, സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11-13-വരെ ഇരുപത്തഞ്ചുപ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പിതാവെന്നല്ലാതെ, സ്വർഗ്ഗസ്ഥനായ പരിശുദ്ധാത്മാവെന്ന പ്രയോഗം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. എന്തെന്നാൽ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയോ, ദൈവമോ അല്ല; ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, പരിശുദ്ധാത്മാവ് പിതാവിനോടു തുല്യനായ മറ്റൊരു ദൈവമോ, വ്യക്തിയോ ആയിരുന്നെങ്കിൽ, പിതാവായ ദൈവം, സ്വർഗ്ഗസ്ഥനായ പിതാവ് എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നപോലെ, പരിശുദ്ധാത്മാവിനെയും വിശേഷിപ്പിക്കുമായിരുന്നു. സൽഗുണപൂർണ്ണനെന്നും പിതാവിനെ മാത്രമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. (മത്താ, 5:48). ഏകദൈവം ദൃശ്യമായിട്ടും അദൃശ്യമായിട്ടും പ്രത്യക്ഷനാകുമ്പോൾ വേറെ വേറെ ദൈവങ്ങളാകുന്നത് എങ്ങനെയാണ്? അതായത്, ട്രിനിറ്റിയെന്ന ഉപദേശം, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളുടെയും ദൈവശാസ്ത്രത്തിൻ്റെയും ഉല്പന്നമാണ്. അല്ലാതെ, ബൈബിളുമായി എന്തെങ്കിലും ബന്ധമുള്ള ഉപദേശമല്ല. ഇതുപോലെ അനേകം തെളിവുകളുണ്ട്. പരിശുദ്ധാത്മാവിനെ കുറിച്ച് ബൈബിളിലെ മുഴുവൻ തെളിവുകളും കാണാൻ, പരിശുദ്ധാത്മാവ് എന്ന ലേഖനമോ, വീഡിയോയോ കാണുക.
ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും, പരിശുദ്ധാത്മാവ് ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണെന്നും നാം കണ്ടു. ഇനി അറിയാനുള്ളത്, ക്രിസ്തു ആരാണ്? ദൈവമാണോ? അല്ല. യഹോവയ്ക്കോ, പഴയനിയമ ഭക്തന്മാർക്കോ, അപ്പൊസ്തലന്മാർക്കോ ക്രിസ്തു ദൈവമാണെന്ന് അറിയില്ലായിരുന്നു. തന്മൂലം, താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയും പഴയനിയമ ഭക്തന്മാരും പറയുന്നു. എന്തിനേറെ പറയുന്നു; താൻ ദൈവമാണെന്ന് ക്രിസ്തുവിനുപോലും അറിയില്ലായിരുന്നു. തന്മൂലം, താൻ ദൈവമല്ല. മനുഷ്യനാണെന്ന് പുത്രനും, പുത്രൻ ദൈവമല്ല. മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നതായി കാണാം: പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും പുത്രൻ പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). പുത്രൻ മനുഷ്യനാണെന്നും, പുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; 1കൊരി, 15:21; 1തിമൊ, 2:6; റോമ, 5:15; 2കൊരി, 1:3; എഫെ, 1:1,17). പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതായത്, ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെക്കണ്ട യോഹന്നാൻ സ്നാപകനും, യെഹൂദന്മാരും, ശമര്യാസ്ത്രീയും, പിറവിക്കുരുടനും, പരീശന്മാരും, മഹാപുരോഹിതന്മാരും, കയ്യാഫാവും, പീലാത്തോസും, ശതാധിപനും, ന്യായാധിപസംഘവും ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യോഹ, 1:30; 4:29; 8:40; 9:11,16; 10:33; 11:50; ലൂക്കോ, 23:4; മർക്കോ, 15:39; പ്രവൃ, 2:23; 5:28). പിന്നെങ്ങനെയാണ്, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാകുന്നത്? ത്രിത്വമെന്ന ഉപദേശംപോലും പേഗൻ; മതങ്ങളിൽ നിന്ന് കടം കൊണ്ടതാണ്,.
ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാത്തതാണ് ട്രിനിറ്റിയുടെ പ്രശ്നം. ഏകമനുഷ്യൻ എന്നാണ് പൗലൊസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല. ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). യേശുക്രിസ്തുവെന്ന ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. അതായത്, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെ അഥവാ, വിശുദ്ധപ്രജയെ ആണ്. (ലൂക്കൊ, 2:36; 2കൊരി, 5:21). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40;52). അവനു ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (ലൂക്കൊ, 3:22; 4:18-21; പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ഇവൻ എൻ്റെ പ്രിയപുത്രൻ എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്തപ്പോഴാണ് അവൻ ദൈവപുത്രനായത്. (ലൂക്കൊ, 1:32,35; 3:22). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത്. ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (ദാനീ, 2:28). അനന്തരം, മൂന്നര വർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ്. (യോഹ, 8:40). ക്രൂശിൽ മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ്. (1തിമൊ, 2:6; എബ്രാ., 2:9). മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചത് മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 10:40; 1കൊരി, 15:21). അതായത്, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനായിരുന്നു. (1പത്രൊ, 2:24; മത്താ, 26:38) ലൂക്കൊ, 23:46). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാം ദിവസം അവനെ ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത് ദൈവമാണ്. (പ്രവൃ, 2:36; 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂ ഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). അതായത്, യേശുവെന്ന മനുഷ്യൻ കന്യകയായ മറിയയുടെ ഉദരത്തിൽ ഉല്പാദിതമായവൻ അഥവാ, രൂപപ്പെട്ടവനാണ്. അല്ലാതെ, സ്വർഗ്ഗത്തിൽനിന്നു വന്ന് രൂപാന്തരപ്പെട്ടതല്ല. (മത്താ, 1:20; ലൂക്കൊ, 2:21). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. പഴയനിയമത്തിൽ ക്രിസ്തുവിനെക്കുറിച്ച് ഉണ്ടായിരുന്നത് പ്രവചനങ്ങളാണ്. അത് നിവൃത്തിയായത് കാലസമ്പൂർണ്ണതയിലെ ജനനം മുതലാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). തന്മൂലം, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് ട്രിനിറ്റിയുടെ വിശ്വാസംപോലെ, സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല. കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല. എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. ദൈവപുത്രനെ ട്രിനിറ്റിക്ക് ഇതുവരെ അറിയില്ല; അതിനാൽ, ദൈവപിതാവിനെയും ട്രിനിറ്റി അറിയുന്നില്ല. (യോഹ, 8:19).
അപ്പോൾ, ഒരു ചോദ്യം വരും. ക്രിസ്തു കേവലം മനുഷ്യനോ? അല്ല. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണ രഹിതനാണെന്നും;ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്നു. (1തിമൊ, 2:6; 6:16; എബ്രാ, 2:9). എന്നാൽ, മനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം.
“രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ, സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്, മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, മാനിഫെസ്റ്റ് ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20; ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ; മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണ്. (മലാ, 3:6; യാക്കോ, 1:17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35; 2;21, റോമർ 9:5, മീഖാ 5ൻ്റെ2;3. അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).
ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, “യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യെശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:14:16; എബ്രാ, 2:14-15. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).
അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).
അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ് യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32,37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ് താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16,; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് ‘ഞങ്ങൾ’ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവു” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). “ഞാനും പിതാവും ഒന്നാകുന്നു” എന്നു പറഞ്ഞത്. (യോഹ, 10:30). “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം, “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.
ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം, ഏകൻ ആണ്. ത്രിത്വം എന്ന പ്രയോഗമോ, ആശയമോ ബൈബിളിലില്ല. ഇന്നുകാണുന്ന ത്രിത്വം എന്ന ഉപദേശം നാലാം നൂറ്റാണ്ടിൽ മാത്രം ഉണ്ടായതാണ്. ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശത്തെ സംബന്ധിച്ച യഥാർത്ഥ വസ്തുത ദൈവശാസ്ത്രത്തിൽത്തന്നെ പറഞ്ഞിട്ടുണ്ട്. സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. എ.ഡി. 325-ൽ നിഖ്യാസുനഹദോസ് പുത്രനു പിതാവിനോടുള്ള സത്താസമത്വവും, എ.ഡി. 381-ലെ കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് പരിശുദ്ധാത്മാവിൻ്റെ ദൈവത്വവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും, പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു. (ദൈവം ത്രിയേകത്വം, വ്യവസ്ഥിതദൈവശാസ്ത്രം, പേജ് 147). ആദ്യഭാഗത്ത് പറയുന്നത് ശ്രദ്ധിക്കണം; സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് ഉണ്ടാക്കുവാൻ അഥവാ, മെനയുവാൻ തുടങ്ങി എന്നാണ് അർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ പരിഷ്കരിച്ചുവെന്നോ, സ്ഥിരീകരിച്ചുവെന്നോ, എടുത്തുപറഞ്ഞുവെന്നോ അല്ല പറയുന്നത്. ഇല്ലാത്ത ഒരുപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ? അടുത്തഭാഗം; പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും, പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു. ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെ ആയിരിക്കുമല്ലോ. പിന്നെ, സുനഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? അതായത്, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല. പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയോടു ചേർക്കുകയായിരുന്നു.
ഇന്ന് ഉപയോഗിക്കുന്ന ബഹുദൈവവിശ്വാസമായ ത്രിത്വം കൂടാതെ, പല ഉപദേശങ്ങൾ അതിനുമുമ്പെ ഉണ്ടായിരുന്നു. ട്രയാസ് എന്ന ഗ്രീക്കുപദം ആദ്യം ഉപയോഗിച്ചത്; അന്ത്യൊക്യയിലെ ബിഷപ്പായിരുന്ന തെയോഫിലസ് ആണ്. മൂന്നുപേർ അടങ്ങുന്ന ഒരു സംഘം എന്നാണ് ട്രയാസിൻ്റെ അർത്ഥം. എന്നാൽ, ത്രിത്വം എന്ന ഉപദേശം രൂപപ്പെടുത്താൻ ആ പദം ആദ്യമുപയോഗിച്ചത് എ.ഡി. 155-220 കാലത്ത് ജീവിച്ചിരുന്ന തെർത്തുല്യൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ സിദ്ധാന്തം, പുത്രനെ പിതാവ് കീഴ്പ്പെടുത്തി എന്നായിരുന്നു. അടുത്തയാൾ; എ.ഡി. 185-253 കാലത്ത് ജീവിച്ചിരുന്ന അലക്സാണ്ട്രിയയിലെ ഒറിജൻ ആയിരുന്നു. പുള്ളിയുടെ ഉപദേശം, പുത്രൻ പിതാവിനു താഴെയാണെന്നും, പരിശുദ്ധാത്മാവ് പുത്രനും താഴെയാണെന്നും ആയിരുന്നു. ദൈവം ത്രിയേകത്വം, വ്യവസ്ഥിത ദൈവശാസ്ത്രം, പേജ് 147). ഒന്നിൽ പിഴച്ചാൽ മൂന്നെന്നാണല്ലോ. ഈ രണ്ട് ഉപദേശങ്ങൾ കഴിഞ്ഞാണ് ബഹുദൈവ ദുരുപദേശമായ ത്രിത്വം ഉണ്ടായത്.
സഭയെക്കുറിച്ച് പൗലൊസിൻ്റെ ഒരു ആശങ്കയുണ്ടായിരുന്നു: “ഞാൻ നിങ്ങളെക്കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക പുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായി പ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2കൊരി, 11:2-3). പൗലൊസിൻ്റെ ഭയം അസ്ഥാനത്തായിരുന്നില്ല. താൻ കൊരിന്ത്യർക്ക് ലേഖനം എഴുതുന്നത് ഒന്നാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിലാണ്. അതിനും രണ്ടര നൂറ്റാണ്ട് കഴിഞ്ഞപ്പോൾ ഉപായിയായ സർപ്പം കോൺസ്റ്റൻ്റയിൻ ചക്രവർത്തിയിലൂടെ പണിതുടങ്ങി. എ.ഡി. 325-ൽ നിഖ്യായിൽ ചക്രവർത്തി വിളിച്ചുചേർത്ത സുനഹദോസ് ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനെ ദൈവത്തോട് സമത്വമുള്ള മറ്റൊരു വ്യക്തിയും ദൈവവും ആക്കി. എ.ഡി. മുന്നൂറ്റി എൺപത്തൊന്നിൽ ഏക ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനായ മറ്റൊരു വ്യക്തിയും ദൈവവും ആക്കി. അങ്ങനെ, ഉപായിയായ സർപ്പം ജയിച്ചു; സഭ തോറ്റു. ഏകസത്യദൈവത്തിൽ വിശ്വസിച്ചിരുന്നവർ നാലാം നൂറ്റാണ്ടുമുതൽ ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങി. പൗലോസ് അപ്പൊസ്തലൻ്റെ ആശങ്കപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു ദൈവസഭ വഷളായി. അതായത്, ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും, ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലോട്ട് ആനയിക്കാനുമായി, ഉപായിയായ സർപ്പം; സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശത്തിൻ്റെ ഭാഗമാണ് ത്രിത്വവിശ്വാസം. “അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യു” എന്ന് സങ്കീർത്തനക്കാരൻ ചോദിക്കുന്നു. (11:3). അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തും ചെയ്യും. അതിൻ്റെ തെളിവാണ് ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിനെക്കുറിച്ചുള്ള ചരിത്ര വസ്തുതകൾ എല്ലാം പാടേ വിസ്മരിച്ചുകൊണ്ട് പണ്ഡിതശിരോമണികൾ എഴുതിവെച്ച ദൈവശാസ്ത്രം എന്ന അബദ്ധശാസ്ത്രം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.
പശ്ചിമേഷ്യയിലെ ഒരു പ്രധാന നദിയാണു ടൈഗ്രീസ്. എബ്രായയിൽ ഹിദ്ദെക്കൽ, ഗ്രീക്കിൽ ടിഗ്രിസ്, പൗരാണിക പേർഷ്യനിൽ തിഗ്ര, സുമേര്യൻ ഭാഷയിൽ ഇദിഗ്ന. തുർക്കിയിലെ അനട്ടോളിയൻ പ്രദേശത്തിന്റെ കിഴക്കുഭാഗത്തുള്ള പർവ്വതത്തിൽ നിന്നാണു നദി ഉത്ഭവിക്കുന്നത്. അവിടെ നിന്നും തെക്കുകിഴക്കോട്ടൊഴുകി ഇറാഖിൽ വച്ചു യൂഫ്രട്ടീസ് നദിയുമായി ചേരുന്നു. സംഗമസ്ഥലം മുതൽ നദിയെ ‘ഷത്ത് അൽ അറബ്’ എന്നു വിളിക്കുന്നു. നദി പേർഷ്യൻ ഉൾക്കടലിൽ പതിക്കുന്നു. ഇതിന്റെ ദൈർഘ്യം 1900 കി.മീറ്റർ ആണ്. ഏദെൻ തോട്ടത്തിൽ നിന്നുത്ഭവിച്ച നദി നാലു ശാഖയായി പിരിഞ്ഞതിൽ മൂന്നാമത്തേതാണ് ഹിദ്ദേക്കെൽ. അശ്ശൂരിനു കിഴക്കോട്ടാണ് ഇതൊഴുകുന്നത്. (ഉല്പ, 2:14). ഹിദ്ദെക്കെൽ എന്ന മഹാനദീതീരത്തുവച്ചു ദാനീയേൽ പ്രവാചകനു ദർശനം ലഭിച്ചു. (ദാനീ, 10:4). നീനെവേ പട്ടണം സ്ഥിതിചെയ്തിരുന്നതു ടൈഗ്രീസിന്റെ തീരത്താണ്. മെസൊപ്പൊട്ടേമിയയിലെ രണ്ടു പ്രധാന നദികളാണ് ഫ്രാത്തും (യൂഫ്രട്ടീസ്) ഹിദ്ദേക്കെലും (ടൈഗ്രീസ്).
യൂഫ്രട്ടീസ് നദിയുടെ പോഷക നദി. ഗോസാനിലൂടെ തെക്കോട്ടൊഴുകി യൂഫ്രട്ടീസ് നദിയുടെ കിഴക്കെ ശാഖയോടു ചേരുന്നു. ഹോശേയാ രാജാവിന്റെ വാഴ്ചയുടെ ഒമ്പതാമാണ്ടിൽ അശ്ശൂർരാജാവായ ശല്മനേസർ യിസ്രായേല്യരിൽ ചിലരെ ഹാബോർ നദീതീരത്തു പ്രവാസികളായി പാർപ്പിച്ചു. (2രാജാ, 17:6; 18:11; 1ദിന, 5:26). ആധുനികനാമം ‘ഖാബൂർ’ (Khabur) ആണ്.
മോവാബിന്റെയും ഏദോമിന്റെയും അതിരിലൂടെ വടക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്ന താഴ്വരയാണ് സാരേദ്. ഈ താഴ്വരയിലൂടെ ഒഴുകുന്ന തോടാണ് സേരെദ് തോട്. (ആവ, 2:13,14). അത് ചാവുകടലിൽ പതിക്കുന്നു. മരുഭൂമിയിൽ 38 വർഷം നീണ്ടുനിന്ന അലഞ്ഞു തിരിയലിനെ അവസാനിപ്പിച്ചുകൊണ്ട് യിസ്രായേൽമക്കൾ ഈ തോടു കടന്നു. (സംഖ്യാ, 21:12; ആവ, 2:13,14). വാദി എൽ ഹെസ (Wadi el Hesa) ആണിത്. ഏകദേശം 56 കി.മീറ്റർ നീളമുണ്ട്. യെശയ്യാവ് 15:7-ൽ അലരിത്തോടെന്ന് വിളിക്കുന്നു.
ആശേരിന്റെ അതിരിൽ, കർമ്മേലിനു തെക്കുള്ള നദി. “അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെൻ, അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി.” (യോശു, 19:25,26). ആധുനിക നഹ്ർസെർക്ക അഥവാ മുതലത്തോട് ആയിരിക്കണം. സെർക്കയിൽ ഇപ്പോഴും മുതലകളുണ്ട്.