All posts by roy7

ഗെരിസീം മല

ഗെരിസീം മല (Mountain of Gerizim) 

ശെഖേം താഴ്വരയുടെ തെക്കായി സ്ഥിതി ചെയ്യുന്ന ഗെരിസീം മലയ്ക്ക് 853 മീറ്റർ ഉയരമുണ്ട്. ഇന്നത്തെ പേര് ജെബെൽ എത്-തോർ. അനുഗ്രഹത്തിന്റെ മല എന്നറിയപ്പെടുന്നു. യോശുവ 8:30-35-ൽ രേഖപ്പെടുത്തിയിട്ടുള്ളതാ അനുസരിച്ചു അനുഗ്രഹം പ്രസ്താവിക്കേണ്ടത് ഗെരിസീം മലമേൽവെച്ചാണ്. (ആവ, 11:29,30). അനുഗ്രഹം പ്രസ്താവിക്കേണ്ടതിനു ശെരിസീം പർവ്വതത്തിൽ നില്ക്കേണ്ട ഗോത്രങ്ങൾ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ എന്നിവയാണ്. (ആവ, 27:12). 

ഗെരിസീം പർവ്വതത്തിന്റെ (ഹാർ ഗെറിസീം) മദ്ധ്യഭാഗത്തായി യോഥാമിൻറ പ്രസംഗപീഠം എന്ന പേരിൽ ഒരു സ്ഥലമുണ്ട്. (ന്യായാ, 9:7). ന്യായാധിപന്മാരുടെ കാലത്ത് ഗിദെയോൻ പുത്രനായ യോഥാം ശെഖേം പൗരന്മാരെ അഭിസംബോധന ചെയ്തത് ഇവിടെവെച്ചായിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ക്രിസ്തീയ ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ ഗെരിസീം മലയിലുണ്ട്. ജൂപ്പിറ്റർ ദേവന്റെ ഒരു പുരാതനക്ഷേത്രവും അവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. നാബ്ളസിൽ നിന്നു കണ്ടെടുത്ത നാണയങ്ങളിൽ ഈ ക്ഷേത്രത്തിൻറ ചിത്രമുണ്ട്.

ശമര്യൻ പാരമ്പര്യമനുസരിച്ചു ഗെരിസീം മലയും മോരിയാമലയും ഒന്നാണ്. (ഉല്പ, 22:2). ശമര്യരുടെ വിശുദ്ധ പർവ്വതമായ ഗെരിസീമിൽ അവർ തലമുറ തലമുറകളായി ആരാധിച്ചുവരികയും (യോഹ, 4:20), പെസഹയും, പെന്തെക്കൊസ്തും, കൂടാരപ്പെരുന്നാളും ആചരിക്കുവാൻ കൂടിവരികയും ചെയ്തിരുന്നു. യഹോവ തന്റെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുത്ത സ്ഥലം (ആവ, 12:5) ഗെരിസീം മലയാണെന്നു ശമര്യർ വിശ്വസിക്കുന്നു. യെഹൂദന്മാരും ശമര്യരും തമ്മിലുള്ള പിളർപ്പിന്റെ കാലത്തു സൻബെല്ലത്തു ഇവിടെ മന്ദിരം പണിതതായി ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജോൺ ഹിർക്കാനസ് ഏകദേശം ബി.സി. 128-നു ശെഖേം പിടിച്ചപ്പോൾ ഈ ആലയത്തെ നശിപ്പിച്ചു. യാക്കോബിന്റെ കിണർ സ്ഥിതിചെയ്തിരുന്ന സുഖാർ പട്ടണം ഗെരിസീം മലയുടെ താഴ്വരയിലായിരുന്നു. യേശുവും ശമര്യാസ്ത്രീയും സംഭാഷിച്ചതു പ്രസ്തുത കിണറ്റിനടുത്തു വച്ചായിരുന്നു. (യോഹ, 4:5).

ഗിൽബോവ പർവ്വതം

ഗിൽബോവ പർവ്വതം (Mountain of Gilboa)

പേരിനർത്ഥം – വലിയ കുന്ന്

യിസ്സാഖാർ ഗോത്രപ്രദേശത്ത് എസ്ദ്രലെയോൻ സമതലത്തിനു കിഴക്കായി സ്ഥിതിചെയ്യുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുളള പർവ്വതനിര. ഇന്നത്തെ പേര് ജെബെൽ ഫുക്കുവാ (Jebel Fuqua). ഏറ്റവും ഉയരം കൂടിയ ചെങ്കുത്തായ വടക്കുഭാഗത്തിന് 518 മീറ്റർ പൊക്കമുണ്ട്. പടിഞ്ഞാറെ ചരിവിൽ ഗോതമ്പും ബാർലിയും കൃഷിചെയ്യുന്നു. പുൽമേടുകളും അത്തി, ഒലിവ് എന്നീ വൃക്ഷങ്ങളും അവിടവിടെയായി ഉണ്ട്. യോർദ്ദാൻ താഴ്വരയുടെയും കീശോൻ നദിയുടെയും മദ്ധ്യേ യുദ്ധതന്ത്രപ്രധാനമായ സ്ഥാനത്ത് കിടക്കുക മൂലം ഗിൽബോവ പ്രധാന യുദ്ധങ്ങൾക്കു രംഗഭൂമിയായി. ഗിൽബോവയുടെ വടക്കുപടിഞ്ഞാറുള്ള ഹരോദ് ഉറവിന്നരികയായിരുന്നു ഗിദെയോനും സൈന്യവും പാളയമിറങ്ങിയത്. (ന്യായാ, 7:1). ശൗൽ രാജാവിന്റെ പുത്രന്മാർ ഫെലിസ്ത്യരോടു തോറ്റു മരിച്ചു വീണതും, ശൌൽ രാജാവ് ആത്മഹത്യ ചെയ്തതും ഗിൽബോവ പർവ്വതത്തിലായിരുന്നു: (1ശമൂ, 28:4; 31:1-8; 2ശമൂ, 1;4-10, 21; 1ദിന, 10:21).

ഗിലെയാദ് പർവ്വതം

ഗിലെയാദ് പർവ്വതം (Mountain of Gilead)

പേരിനർത്ഥം – സാക്ഷ്യപർവ്വതം

യാക്കോബ് ലാബാനിൽനിന്ന് ഓടിപ്പോയി കൂടാരമടിച്ച പർവ്വതം. (ഉല്പ, 31:20-25). ഇവിടെവെച്ച് യാക്കോബ് ലാബാനുമായി ഉടമ്പടി ചെയ്തു. (ഉല്പ, 31:47). ഉടമ്പടിയെ ഉറപ്പിക്കാൻ കൂട്ടിയ കൽക്കൂമ്പാരമാണ് ഗലീദ്. യോർദ്ദാൻ നദിയുടെ കിഴക്കുഭാഗത്തുള്ള യിസ്രായേലിൻ്റെ പ്രദേശമാണിത്. പിൽക്കാവത്ത് ഗിലെയാദ് പർവ്വതവും (ഉല്പ, 31:21), ഗിലെയാദ് ദേശവും (സംഖ്യാ, 32:1) കൂടിച്ചേർന്ന മുഴുവൻ പ്രദേശവും ഗിലെയാദ് എന്ന് അറിയപ്പെട്ടു. (നോക്കുക: ബൈബിൾ സ്ഥലങ്ങൾ).

ഗായശ് മല

ഗായശ് മല (Mountain of Gaash)

പേരിനർത്ഥം – കമ്പനം 

എഫ്രയീം പർവ്വതത്തിലുള്ള ഒരു കുന്ന്. ഇതിന്റെ വടക്കുഭാഗത്താണ് യോശുവയ്ക്കു നല്കിയ പട്ടണമായ തിമ്നാത്ത്-സേരഹ്. (യോശു, 24:30). യോശുവയെ ഇവിടെയാണ് അടക്കിയത്. (ന്യായാ, 2:19). “അവനെ എഫ്രയീംപർവ്വതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.” (യോശു, 24:30).

കർമ്മേൽ പർവ്വതം

കർമ്മേൽ പർവ്വതം (Mountain of Carmel)

പേരിനർത്ഥം – തോട്ടം, ഉദ്യാനഭൂമി 

ആക്കർ ഉൾക്കടലിന്റെ തെക്കെ തീരത്ത് മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്നും വടക്കു പടിഞ്ഞാറു മുതൽ തെക്കു കിഴക്കോട്ട് ദോഥാൻ സമഭൂമിവരെ ഏകദേശം 50 കി.മീ. നീണ്ടുകിടക്കുന്ന പർവ്വതമാണിത്. ഇന്ന് കർമ്മേൽമല എന്നറിയപ്പെടുന്നത് വടക്കു പടിഞ്ഞാറെ അറ്റത്തുകിടക്കുന്ന 530 മീറ്ററോളം ഉയരമുള്ള കുന്നിനെയാണ്. സമുദ്രത്തിൽ നിന്നും ഏകദേശം 19 കി.മീ. ഉള്ളിൽ സ്ഥിതിചെയ്യുന്നു. ആശർ ഗോത്രത്തിന്റെ അവകാശത്തിന്റെ പടിഞ്ഞാറെ അതിരാണ് കർമ്മേൽ. (യോശു, 19:26). കർമ്മേൽ പർവ്വതത്തിൽ രണ്ടു മലകളുണ്ട്. ഇവയിൽ ഒന്നിലൂടെയാണ് ദോഥാൻ സമഭൂമിയിൽ നിന്നും കർമ്മേലിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മെഗിദ്ദോ താഴ്വരയിലേക്കുള്ള പാത കടന്നു പോകുന്നത്. യിസ്രായേൽ രാജാവായ ആഹാബിന്റെ കാലത്തു ഏലീയാ പ്രവാചകൻ ബാലിന്റെ പ്രവാചകന്മാരുമായി ഏറ്റുമുട്ടിയത് ഈ പർവ്വതത്തിൽ വച്ചായിരുന്നു. ഏലീയാ പ്രവാചകനെ പിടിക്കുവാൻ അഹസ്യാ രാജാവയച്ച അമ്പതുപേരടങ്ങുന്ന രണ്ടുഗണം സൈന്യത്തെ ആകാശത്തുനിന്നു തീ ഇറക്കി നശിപ്പിച്ചതും ഈ മലയിൽ വച്ചായിരിക്കണം. (2രാജാ, 1:9-15).

ഫലസമൃദ്ധിക്ക് ലെബാനോൻ, ശാരോൻ, ബാശാൻ തുടങ്ങിയ പ്രദേശങ്ങളോടൊപ്പം കർമ്മേലും സ്ഥാനം പിടിച്ചു: (യെശ, 35:2; യിരെ, 50:19). യഹോവയുടെ ശിക്ഷാവിധിയുടെ ദോഷഫലമായി ഉണ്ടാകുന്ന നാശത്തെ പ്രവാചകന്മാർ സാദൃശ്യപ്പെടുത്തിയത് കർമ്മേലിലെ സസ്യങ്ങൾ വാടിപ്പോകുന്നതിനോടാണ്: (യെശ, 33:9; ആമോ, 11:2; നഹും, 1:4). ശുലേംകാരിയുടെ തലയുടെ ഉപമാനം കർമ്മേലാണ്. (ഉത്ത, 7:6). അവളുടെ തലമുടിയുടെ സമൃദ്ധിയോ തലയുടെ ആകാരഭംഗിയോ ആകണം വിവക്ഷ. മിസ്രയീം ദേശത്തെ കീഴടക്കുന്നതിനായുള്ള നെബുഖദ്നേസറിന്റെ വരവിനും ഉപമാനം കർമ്മേൽ തന്നെ. അഭയത്തിനായി ശമര്യയിലെ ആളുകൾ ഓടിപ്പോയിരുന്ന സ്ഥലമായിരുന്നു കർമ്മേൽ. വളരെ ഉയരമുള്ളതല്ലെങ്കിലും ജനവാസത്തിന്റെ അഭാവവും നിബിഡമായ സസ്യവിതാനവും പാറക്കെട്ടുകളോടുകൂടിയ ചരിവുകളിലെ ഗുഹകളും അഭയാർത്ഥികൾക്കു സുരക്ഷ നല്കിയിരുന്നു. എന്നാൽ യഹോവയുടെ ന്യായവിധിയിൽ നിന്ന് കർമ്മേലും അഭയം കൊടുക്കുകയില്ലെന്നു ആമോസ് പ്രവചിച്ചു. (ആമോ, 9:3).  

ഒലിവുമല

ഒലിവുമല (Mountain of Olives)

ഒലിവുമല എന്ന പേർ പഴയനിയമത്തിൽ രണ്ടു വാക്യങ്ങളിലായി മൂന്നു തവണ പറഞ്ഞിട്ടുണ്ട്: (2ശമൂ, 15:30; സെഖ, 14:4). ഒലിവുമരങ്ങൾ സമൃദ്ധിയായി വളരുന്നതു കൊണ്ടാണ് മലയ്ക്ക് ഈ പേർ ലഭിച്ചത്: (മത്താ, 21:1; 24:3; 26:30; മർക്കൊ, 11:1; ലൂക്കോ, 19:37; യോഹ, 8:1). യെരൂശലേമിനു എതിരെയുള്ള മല (1രാജ, 11:7), നാശപർവ്വതം (2രാജ, 23:13), മല (നെഹെ, 8:15) തുടങ്ങിയ പേരുകളിലും ഒലിവുമല പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. ശലോമോൻ യെരൂശലേമിനു എതിരേയുള്ള മലയിൽ (ഒലിവുമല) മ്ലേച്ഛവിഗ്രഹങ്ങൾക്കു പൂജാഗിരികൾ പണിതു. (1രാജ, 11:7). ഇന്ന് ഒലിവുമല രണ്ടു പേരുകളിൽ അറിയപ്പെടുന്നു: 1. ജബൽ എത്-തൂർ (Jebel et-Tur)= മല; 2. ജബൽ എത്-സൈതൂൺ (Jebel et zaitun)= ഒലിവുമല. 

മദ്ധ്യദക്ഷിണ പലസ്തീനിലൂടെ വടക്കുതെക്കായി കിടക്കുന്ന പ്രധാന പർവ്വതനിരയുടെ ഒരു ഭാഗമാണു് ഒലിവുമല. യെരൂശലേമിനു് 3 കി.മീ. കിഴക്കുമാറി സ്ഥിതിചെയ്യുന്നു. നാലു ചെറിയ കുന്നുകൾ ചേർന്ന പർവ്വതനിരയാണിത്. ഒലിവു മലയ്ക്ക് 830 മീറ്റർ ഉയരം ഉണ്ട്. ഇതിന്റെ പടിഞ്ഞാറെ ചരിവിലാണ് ഗെത്ത്ശെമന തോട്ടം. കിദ്രോൻ താഴ്വര ഒലിവുമലയ്ക്കും യെരുശലേം കുന്നിനും മദ്ധ്യേ കിടക്കുന്നു. കിദ്രോൻ താഴ്വരയുടെ നടുവിലൂടെ ഒഴുകുകയാണു കിദോൻ തോട്. ഗെത്ത്ശെമന തോട്ടം എന്നു കരുതപ്പെടുന്ന സ്ഥാനത്ത് ഒരു പള്ളിയുണ്ട്. ഒലിവുമലയിൽ ഒലിവുവൃക്ഷങ്ങൾ തിങ്ങിവളർന്നിരുന്നു. റോമൻ ചക്രവർത്തിയായിരുന്ന തീത്തൂസ് ഒലിവുമരങ്ങളെ മുറിപ്പിച്ചു. കർത്താവിന്റെ കാലത്തുണ്ടായിരുന്നവ എന്നു കരുതപ്പെടുന്ന എട്ട് ഒലിവു വൃക്ഷങ്ങൾ ഇന്നുമുണ്ട്. കർത്താവു തന്റെ ശിഷ്യന്മാർക്കു യെരുശലേമിന്റെ നാശത്തെക്കുറിച്ചും തന്റെ പുനരാഗമനത്തെക്കുറിച്ചും പ്രഭാഷണം നൽകിയത് ഒലിവുമലയിൽ വച്ചായിരുന്നു. ഒലിവു മലയിൽ നിന്നാണ് യേശു സ്വർഗ്ഗാരോഹണം ചെയ്തത്. (അപ്പൊ, 1:12). യേശുക്രിസ്തുവിന്റെ പുനരാഗമനവും ഒലിവു മലയിൽ തന്നെയായിരിക്കുമെന്നു “അന്നാളിൽ അവന്റെ കാൽ യെരുശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും” (സെഖ, 14:4) എന്ന പ്രവചനത്തിൽ നിന്നു വ്യക്തമാണ്. അന്ന് ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവെ പിളർന്നു ഒരു പാതി വടക്കോട്ടും മറ്റേ പാതി തെക്കോട്ടും വാങ്ങിപ്പോകും. ക്രൂശീകരണത്തിന്റെ തലേ രാത്രി കർത്താവ് അതിവേദനയോടെ പ്രാർത്ഥിച്ചതും ഒലിവുമലയിൽ തന്നേ. 

2ശമൂവേൽ 15:30-ൽ ദാവീദു കരഞ്ഞുകൊണ്ട് ഒലിവുമല കയറിയതായി കാണുന്നു. ഒലിവുമലമുകളിൽ ഒരു സ്ഥലം ദാവീദിന്റെ കാലത്ത് ആരാധനയ്ക്കായി വേർതിരിച്ചിരുന്നു. (2ശമൂ, 15:32). എബ്രായ പാരമ്പര്യമനുസരിച്ചു വെള്ളം കുറഞ്ഞു എന്നറിയുന്നതിന് നോഹ പുറത്തുവിട്ട പ്രാവ് ഒലിവില കൊണ്ടുവന്നത് ഒലിവുമലയിൽ നിന്നാണ്. (ഉല്പ, 8:1). ലേവ്യ പാരമ്പര്യമനുസരിച്ച് ശുദ്ധീകരണത്തിനുള്ള പശുഭസ്മം തയ്യാറാക്കിയത് ഒലിവുമലയിൽ വച്ചായിരുന്നു. 

യെഹൂദ്യഭക്തന്മാർ യിസ്രായേലിൽ പുനരുത്ഥാനം പ്രാപിക്കുമെന്നു ചിലർ വിശ്വസിക്കുന്നു. വിദൂരദേശത്തു വച്ചു മരിക്കുന്നവർ ഭൂമിക്കടിയിലുള്ള രന്ധ്രങ്ങളിലൂടെ (വിടവ്, ദ്വാരം) ഉരുണ്ടുവന്ന് ഒലിവുമലയിൽ പ്രത്യക്ഷപ്പെടുമെന്നു അവർ കരുതുന്നു. യഹോവയുടെ ഷെഖീനാമഹത്വം പാപം മൂലം യെരൂശലേം ദൈവാലയം വിട്ടുപോയി. തുടർന്നു യിസ്രായേൽ ജനത്തിന്റെ പ്രായശ്ചിത്തം കാത്തുകൊണ്ട് ഒലിവു മലയിൽ 3½ വർഷം കറങ്ങിനിന്നുവെന്നു വിശ്വസിക്കപ്പെടുന്നു. (യെഹെ, 10:18). 

യെരുശലേമിലെ യെഹൂദന്മാർ ബാബിലോണിൽ പാർത്തിരുന്ന യെഹൂദന്മാർക്കു മാസപ്പിറവി അറിയിച്ചിരുന്നത് സ്തംഭദീപ ശൃംഖലയിലൂടെയായിരുന്നു. അതിന്റെ ആരംഭം ഒലിവുമലയിൽ നിന്നായിരുന്നു. ഒരു ദീപസ്തംഭത്തിൽ ദീപം തെളിയുന്നതു കാണുമ്പോൾ അടുത്തതിൽ കത്തിക്കും. ശമര്യർ വ്യാജദീപങ്ങൾ കത്തിക്കാൻ തുടങ്ങിയശേഷം സ്തംഭദീപങ്ങളുടെ സ്ഥാനത്ത് ദൂതന്മാരെ ഏർപ്പെടുത്തി.

ഏബാൽ പർവ്വതം

ഏബാൽ പർവ്വതം (mountain of Ebal)

പേരിനർത്ഥം – കല്ല് 

യിസ്രായേല്യരുടെമേൽ അനുഗ്രഹവും ശാപവും ഉച്ചരിക്കുവാൻ നിയമിക്കപ്പെട്ട രണ്ടു പർവ്വതങ്ങളാണു് ഗെരിസീമും ഏബാലും. ശാപം ഉച്ചരിക്കപ്പെടേണ്ടത് ഏബാൽ മലയിൽ നിന്നായിരുന്നു. (ആവ, 27:1-3). ശെഖേം താഴ്വരയുടെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഈ മലയ്ക്ക് 914 മീറ്റർ ഉയരമുണ്ട്. പർവ്വതത്തിൻറ താഴെയുള്ള ചരിവുകളിൽ മുന്തിരി, ഒലിവു തുടങ്ങിയവ വളരുന്നു. ഉയർന്നഭാഗങ്ങൾ പ്രായേണ ശൂന്യവും പാറക്കെട്ടുകൾ നിറഞ്ഞവയുമാണ്. ഏബാലും ഗെരിസീമും തമ്മിലുള്ള അകലം ഏകദേശം 2.4 കി.മീ. ആണ്. യോർദ്ദാൻ നദിയുടെ പടിഞ്ഞാറാണു ഏബാൽ മലയും ഗെരിസീം മലയും. (ആവ, 11:29-30). ആധുനികനാമം ജെബെൽ എസ്ലാമിയെ (Jebel-Eslamiyeh). ആവർത്തനം 27:4-ൽ ശമര്യൻ പഞ്ചഗ്രന്ഥത്തിൽ ഏബാലിനു പകരം ഗെരിസീം ആണ് കൊടുത്തിട്ടുള്ളത്.

എഫ്രോൻ മല

എഫ്രോൻ മല (Mountain of Ephrin)

പേരിനർത്ഥം – മാൻകുട്ടിപോലെ

യെഹൂദയുടെ വടക്കേ അതിരിലുള്ള ഒരുമല. യെരൂശലേമിനു 10 കി.മീ. വടക്കുകിഴക്കായി കിടക്കുന്നു. (യോശു, 15:9). യെഹൂദാമക്കളുടെ ഗോത്രത്തിനു കുടുംബംകുടുബമായി കിട്ടിയ അവകാശത്തിൽ പെട്ടതാണ് എഫ്രോൻ മല. (യോശു, 15:1-12).

എഫ്രയീം പർവ്വതം

എഫ്രയീം പർവ്വതം (mountain of Ephraim) 

പേരിനർത്ഥം – ഫലപൂർണ്ണം

എഫ്രയീം പർവ്വതം (യോശു, 17:15), യെരുശലേം പ്രദേശം, യിസ്രായേല്യ മലനാട് (യോശു, 11:21), ശമര്യ പർവ്വതങ്ങൾ (യിരെ, 31:5,6; ആമോ, 3:9) എന്നീ പേരുകളിൽ പറയപ്പെട്ടിരിക്കുന്നു. യോശുവയെ അടക്കം ചെയ്തത് ഇവിടെ ഗായശ് മലയുടെ വടക്കുവശത്തുള്ള തിമനാത്ത്-ഹേരെശിൽ ആയിരുന്നു. ശമര്യയിലെ മധ്യപർവ്വതനിരകളുടെ പഴയ പേര് എഫ്രയീം മലനാട് എന്നായിരുന്നു.

അരാരാത്ത് പർവ്വതം

അരാരാത്ത് പർവ്വതം (mountain of Ararat)

ടൈഗ്രീസ് നദിക്കും കാക്കസസ് പർവ്വത നിരകൾക്കും മദ്ധ്യേ കിടക്കുന്ന അർമ്മീനിയ ആണ് അരാരാത്ത്. കാസ്പിയൻ കടലിനും കരിങ്കടലിനും ഏതാണ്ടു മദ്ധ്യത്തിലായി പൂർവ്വ അർമ്മീനിയയിൽ സ്ഥിതിചെയ്യുന്ന പർവ്വതത്തിന്റെയും പേരു അരരാത്തത്രേ. ഇതിന്റെ അസ്സിറിയൻ നാമം ഉറാർട്ടു ആണ്. അരാസ് സമതലത്തിൽ നിന്നും ഏകദേശം 5,200 മീറ്റർ ഉയരമുണ്ട് ഈ പർവ്വതത്തിന്. അരാസ് സമതലമാകട്ടെ സമുദ്രനിരപ്പിൽനിന്ന് സുമാർ 920 മീറ്റർ ഉയരത്തിലാണ്. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള പർവ്വതങ്ങളിൽ വച്ചു ഉയരം കൂടിയതാണിത്. അരാരാത്ത് പർവ്വതത്തെക്കുറിച്ചു നാലു സൂചനക ൾ തിരുവെഴുത്തുകളിലുണ്ട്: (ഉല്പ, 8:4; 2രാജാ, 19:37; യെശ, 37:38; യിരെ, 51:27). ജലപ്രളയത്തിനുശേഷം നോഹയുടെ പെട്ടകം അരരാത്ത് പർവ്വതത്തിലുറച്ചു. (ഉല്പ, 8:4). ഈ പർവ്വതത്തിന്റെ അടിവാരത്തിലുള്ള പട്ടണത്തിനെ നോഹ ഇവിടെ താമസിച്ചു എന്ന അർത്ഥത്തിൽ നാക്സുവാന എന്നുവിളിക്കുന്നു. പാരമ്പര്യമനുസരിച്ച് തുർക്കികൾ അഗ്രിഡാഖ് (ദുരിതപൂർണ്ണമായ മല) എന്നു വിളിക്കുന്ന ഇരട്ടക്കൊടുമുടിയോടു കൂടിയ മലയിലായിരുന്നു നോഹയുടെ പെട്ടകം ഉറച്ചത്. നാട്ടുകാരായ കുർദുകൾ ഈ പർവ്വതത്തെ കുഹി-നൂഹ് (നോഹയുടെ പർവ്വതം) എന്നു വിളിക്കുന്നു. അദ്രമ്മേലെക്കും ശരേസെരും പിതാവായ സൻഹേരീബിനെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയം കൊന്നിട്ടു അഭയത്തിന്നായി ഓടിപ്പോയത് അരാരാത്ത് ദേശത്തേയ്ക്കായിരുന്നു. (2രാജാ, 19:37; യെശ, 37:38). ബാബിലോണിനെ നശിപ്പിക്കുവാൻ മിന്നി, അസ്കെനാസ് എന്നിവയോടൊപ്പം അരാരാത്തിനെയും യിരെമ്യാവു (51:27) തന്റെ പ്രവചനത്തിൽ വിളിച്ചു കൂട്ടുന്നു. യെശയ്യാവിലെ അരാരാത്തിനെ സെപ്റ്റജിന്റ് ബൈബിൾ അർമ്മീനിയ എന്നു തർജ്ജമ ചെയ്തിട്ടുണ്ട്. 1920-ലെ യുദ്ധത്തിൽ അരാരാത്ത് പർവ്വതം ഉൾപ്പെടുന്ന പ്രദേശമെല്ലാം തുർക്കി പിടിച്ചടക്കി.