All posts by roy7

ബാശാൻ പർവ്വതം

ബാശാൻ പർവ്വതം (Mountain of Bashan)

പേരിനർത്ഥം – ഫലഭൂയിഷ്ഠമായ സമതലം 

ട്രാൻസ് യോർദ്ദാൻ്റെ ഉത്തരഭാഗത്തു സ്ഥിതിചെയ്യുന്ന പർവ്വത പ്രദേശം. ബാശാനെക്കുറിച്ച് ഉല്പത്തി മുതൽ അനേക പരാമർശങ്ങളുണ്ട്. ഒരിടത്ത് മാത്രമാണ് പർവ്വതം എന്നു കാണുന്നത്. “ബാശാൻ പർവ്വതം ദൈവത്തിന്റെ പർവ്വതം ആകുന്നു. ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.” (സങ്കീ, 68:15). ഗിലെയാദിനു വടക്കു കിടക്കുന്ന ബാശാൻ കിഴക്കു ജബൽ ഹൗറാൻ (Jebel Hauran) മലമ്പ്രദേശത്താലും പടിഞ്ഞാറു ഗലീലാക്കടലിന്റെ കിഴക്കുകിടക്കുന്ന കുന്നുകളാലും ചുറ്റപ്പെട്ടിരിക്കുന്നു. (ആവ, 3:3-14; യോശു, 12:4,5). ബാശാന്റെ അധികഭാഗവും ശരാശരി 610 മീ. പൊക്കമുള്ള പീഠഭൂമിയാണ്. പൊതുവെ ഭൂമി നിരന്നതാണ്; ഇടയ്ക്കിടെ ചില കുന്നുകൾ ഉണ്ട്. (നോക്കുക: ‘ബൈബിൾ സ്ഥലങ്ങൾ’)

ബാൽ-ഹെർമ്മോൻ

ബാൽ-ഹെർമ്മോൻ പർവ്വതം (Mountain of Ball-Hermon)

പേരിനർത്ഥം – ഹെർമ്മോൻ്റെ നാഥൻ

ലെബാനോനു കിഴക്കുള്ള ഒരു പർവ്വതം. (ന്യായാ, 3:3). ഇവിടെനിന്നും ഹിവ്യരെ ബഹിഷ്ക്കരിക്കുവാൻ യിസ്രായേല്യർക്കു കഴിഞ്ഞില്ല. “ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാൽ ഹെർമ്മോൻ പർവ്വതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോൻ പർവ്വതത്തിൽ പാർത്തിരുന്ന ഹിവ്യരും തന്നേ.” ന്യായാ, 3:3).

ബാലാ മല

ബാലാ മല (Mountain of Baalah)

പേരിനർത്ഥം – പ്രഭ്വി

യെഹൂദയുടെ വടക്കുപടിഞ്ഞാറെ അതിരിലുള്ള ഒരു മല. (യോശു, 15:11). ശിക്രോനും യബ്നേലിനും ഇടയ്ക്കു സ്ഥിതിചെയ്യുന്നു. “പിന്നെ ആ അതിർ വടക്കോട്ടു എക്രോന്റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.” (യോശു, 15:11).

പെയോർ

പെയോർ (Peor)

പേരിനർത്ഥം – പ്രവേശനം

മോവാബിലെ ഒരു മല. യിസ്രായേലിനെ ശപിക്കുവാൻ വേണ്ടി ബാലാക്ക് ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർ മലയുടെ മുകളിൽ കൊണ്ടുപോയി. “അങ്ങനെ ബാലാൿ ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി. “ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു. “ബിലെയാം പറഞ്ഞതുപോലെ ബാലാൿ ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.” (സംഖ്യാ, 23:28-30). കൃത്യമായ – സ്ഥാനം നിർണ്ണയിക്കപ്പെട്ടിട്ടില്ല .

പെറാസീം മല

പെറാസീം മല (Mountain of Perazim)

പേരിനർത്ഥം – പിളർപ്പുകളുള്ള മല 

പെറാസീം മല (യെശ, 28:21) ബാൽ-പെരാസീം (2ശമു, 5:20; 1ദിന, 14:11) ആയിരിക്കണം. ഇവിടെവച്ചാണ് ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചത്. “യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നേ, ചെയ്യേണ്ടതിന്നും തന്റെ ക്രിയയെ, തന്റെ അപൂർവ്വക്രിയയെ തന്നേ നടത്തേണ്ടതിന്നും പെറാസീംമലയിൽ എന്നപോലെ എഴുന്നേൽക്കയും ഗിബെയോൻ താഴ്വരയിൽ എന്നപോലെ കോപിക്കയും ചെയ്യും.” (യെശ, 28:21).

പിസ്ഗ കൊടുമുടി

പിസ്ഗ കൊടുമുടി (Mountain of Pisgah)

പേരിനർത്ഥം – പിളർക്കപ്പെട്ട

നിശ്ചയോപപദത്തോടു കൂടിയാണ് പിസ്ഗ എന്ന പേർ കാണപ്പെടുന്നത്. പിസ്ഗച്ചരിവ് (ആഷ്ദോത്ത് പിസ്ഗാ: ആവ, 3:17; യോശു, 12:3; 13:20), പിസ്ഗ മുകൾ അഥവാ തല (സംഖ്യാ, 21:20; ആവ, 3:27; 34:1) പിസ്ഗ കൊടുമുടി (സംഖ്യാ, 23:14) എന്നിങ്ങനെ വിശേഷണത്തോടു കൂടിയാണു് പിസ്ഗ പ്രയോഗിച്ചിരിക്കുന്നത്. പിസ്ഗച്ചരിവ് ചാവുകടലിനു കിഴക്കുളള മോവാബ്യ പീഠഭൂമിയുടെ മുഴുവനറ്റത്തെയും കുറിക്കുന്നു. (ആവ, 3:17; യോശു, 12:3; 13:20). ട്രാൻസ് യോർദ്ദാൻ പീഠഭൂമിയിലെ ഒന്നോ അധികമോ പർവ്വതങ്ങളെക്കുറിക്കുന്ന സാമാന്യ നാമമായിരിക്കണം പിസ്ഗ.

നെബോ പർവ്വതവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക കൊടുമുടിയെയും പിസ്ഗ എന്നു വിളിക്കുന്നു. യിസ്രായേല്യരുടെ യാത്രാമദ്ധ്യേയുള്ള ഒരു താവളമായിരുന്നു പിസ്ഗ. (സംഖ്യാ, 21:20). പിസ്ഗ കൊടുമുടിയിൽ നിന്നാണ് ബിലെയാം ദൈവജനത്ത ശപിക്കാൻ ഒരുമ്പെട്ടത്. (സംഖ്യാ, 21:20). ഇവ രണ്ടും ചാവുകടലിനു കിഴക്കും വടക്കും മരുഭൂമിക്കടുത്തുള്ള ഒരേ മലനിരയായിരിക്കണം. നെബോ പർവ്വതത്തിലെ പിസ്ഗമുകളിൽ കയറിനിന്നാണ് മരണത്തിനു മുമ്പായി മോശ വാഗ്ദത്തനാടു ദർശിച്ചത്. (ആവ, 3:27; 34:1). നെബോ പർവ്വതത്തിലുള്ള പൊക്കം കുറഞ്ഞ വടക്കെ കൊടുമുടിയാണ് അത്. ആധുനിക നാമം റാസ് എസ് സീയഘാഹ് (Ras es Sivaghah) ആണ്. ഇവിടെ നിന്നു നോക്കിയാൽ വാഗ്ദത്തനാടിൻ്റെ വിശാലമായ ദർശനം ലഭിക്കും.

പാറാൻ പർവ്വതം

പാറാൻ പർവ്വതം (Mountain of Paran)

പേരിനർത്ഥം – അലങ്കാരം, ഭൂഷണം

ബൈബിളിൽ പാരാൻ അഥവാ പാറാൻ മരുഭൂമിയെ കുറിച്ചാണ് അധികവും കാണുന്നത്. യിസ്രായേൽ ജനം സീനായ്മല വിട്ടശേഷം പാളയമിറങ്ങിയ ഒരു മരുഭൂമിയാണത്. (സംഖ്യാ, 10:11,12). രണ്ടു ഭാഗത്ത് പാറാൻ പർവ്വതമെന്നു കാണുന്നു. (ആവ, 33:2, ആമോ, 3:3). അക്കാബ ഉൾക്കടലിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള പർവ്വത നിരകളായിരിക്കണം ഇതെന്ന് കരുതപ്പെടുന്നു. 

നെബോ പർവ്വതം

നെബോ പർവ്വതം (Mountain of Nebo)

പേരിനർത്ഥം – നബുദേവന്റെ പർവ്വതം  

മോവാബ് ദേശത്തിലെ അബാറീം പർവ്വതനിരയിലെ ഒരു ഭാഗമാണ് നെബോ പർവ്വതം. (ആവ, 32:49; 34:1). ഇതിന്റെ ഉയരം 823 മീറ്ററാണ്. നെബോ പർവ്വതത്തിൽ നിന്നാണ് മരണത്തിനു മുമ്പായി മോശെ വാഗ്ദത്തനാടു കണ്ടത്. (ആവ, 32:48-52; 34:54). പിസ്ഗാപർവ്വത നിരയിലെ കൊടുമുടിയാണ് നെബോ. ഇതിന്റെ ആധുനിക നാമം ജെബൽ-എൻ-നെബാ (Jebel-en-Neba) ആണ്. അനേകം ശൃംഗങ്ങൾക്കു നല്കിയിട്ടുള്ള സാമാന്യ നാമമാണ് പിസ്ഗാ.

താബോർ മല

താബോർ മല (Mountain of Tabor)

പേരിനർത്ഥം – ഉന്നതസ്ഥലം 

യിസ്രെയേൽ സമതലത്തിന്റെ വടക്കു കിഴക്കെ മൂലയിലാണ് താബോർ മല. നസറേത്തിനു ഏകദേശം 10 കി.മീ. കിഴക്കു ഭാഗത്തായി കിടക്കുന്നു. താബോർ മലയ്ക്ക് 588 മീറ്റർ ഉയരമുണ്ട്. ഇതിന്റെ ചരിവുകൾ ചെങ്കുത്താണ്. കുന്നിൻ ചരിവിൽ സ്ഥിതി ചെയ്യുന്ന നസറേത്ത് ഗ്രാമത്തിനും താബോർ മലയ്ക്കും മദ്ധ്യേ ഒരു താഴ്വരയുണ്ട്. കനാൻദേശം വിഭജിച്ചപ്പോൾ ഈ പ്രദേശം യിസ്സാഖാർ ഗോത്രത്തിനു ലഭിച്ചു. (യോശു, 19:17, 22). ബാരാക്കും ദെബോരയും സീസെരയോടു യുദ്ധം ചെയ്യാൻ പാളയമിറങ്ങിയതു താബോർ മലയിലായിരുന്നു. (യോശു, 4:6-14). സേബഹും സല്മുന്നയും ഗിദെയോന്റെ സഹോദരന്മാരെ കൊന്നതു് ഇവിടെ വച്ചാണ്. (ന്യായാ, 8:18,19. ഹോശേയാ പ്രവാചകന്റെ കാലത്തു ഇവിടെ ഒരു വിഗ്രഹാരാധനാകേന്ദ്രം ഉണ്ടായിരുന്നു. (ഹോശേ, 5:1). ഇന്നു ഫലസമൃദ്ധങ്ങളായ തോട്ടങ്ങൾ ഇവിടെയുണ്ട്. യേശുക്രിസ്തുവിന്റെ രൂപാന്തരം ഈ മലയിൽ ആയിരുന്നുവെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ അതിനു തെളിവുകളൊന്നുമില്ല. താബോരും ഹെർമ്മോനും യഹോവയുടെ നാമത്തിൽ ആനന്ദിക്കുന്നു. (സങ്കീ, 89:12). യിസ്സാഖാറിനും സെബൂലൂനും നല്കിയ അനുഗ്രഹത്തിൽ ‘അവർ ജാതികളെ പർവ്വതത്തിലേക്കു വിളിക്കും അവിടെ നീതിയാഗങ്ങളെ കഴിക്കും’ എന്നു മോശെ പറഞ്ഞു. ഈ പർവ്വതം താബോർ മലയാണെന്നു കരുതുന്നവരുണ്ട്. (ആവ, 33:19).