All posts by roy7

കെംക്രെയ

കെംക്രെയ (Cenchrea)

പേരിനർത്ഥം – ചാമ, ചോളം

കൊരിന്തിൻ്റെ കിഴക്കെ തുറമുഖം. ഇപ്പോഴത്തെ പേരും കെംക്രെയ തന്നെയാണ്. കൊരിന്തിന് ഏകദേശം 13 കി.മീറ്റർ അകലെ കിടക്കുന്നു. ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ പൗലൊസ് കെംക്രെയയിൽ വച്ച് രോമം കത്രിച്ചു. (പ്രവൃ, 18:18). ഇവിടെ സ്ഥാപിക്കപ്പെട്ട സഭയെക്കുറിച്ചു അപ്പൊസ്തലൻ പറയുന്നുണ്ട്. കെംക്രെയ സഭയിലെ ശുശ്രുഷികയായിരുന്നു ഫേബ. (റോമ, 16:1).

കുറേന

കുറേന (Cyrene)

ഉത്തര ആഫ്രിക്കയിലെ ഒരു പട്ടണം. ക്രേത്താ ദ്വീപിനെതിരെ മെഡിറ്ററേനിയൻ സമുദ്രനിരപ്പിൽ നിന്നും 548 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമിയാണിത്. ഗ്രേക്കരാണാ ഈ പട്ടണം സ്ഥാപിച്ചത്. ബി.സി. മൂന്നാം നൂറ്റാണ്ടിൽ ടോളമിയുടെ രാജ്യത്തിൻ്റെ ഭാഗമായിത്തിരുന്നു. ബി.സി. 96-ൽ റോമിനു കൈമാറി. ബി.സി. 74-ൽ അതൊരു റോമൻ പ്രവിശ്യയായിത്തീർന്നു. യെഹൂദന്മാരുടെ അധിനിവേശത്തെ കുറേന പ്രോത്സാഹിപ്പിച്ചിരുന്നതായി സ്ട്രാബോയെ ഉദ്ധരിച്ച് ജൊസീഫസ് പറയുന്നു. തുടർന്നു യെഹൂദന്മാരുടെ എണ്ണം വർദ്ധിച്ചു. യേശുവിന്റെ ക്രൂശു ചുമന്ന ശിമോൻ കുറേനക്കാരനും യെഹൂദനും ആയിരുന്നു. (മർക്കൊ, 15:21). പെന്തെക്കൊസ്തിനു യെരുശലേമിൽ എത്തിച്ചേർന്നവരിൽ കുറേനയ്ക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിൽ പാർത്തിരുന്നവർ ഉണ്ടായിരുന്നു. (പ്രവൃ, 2:10). യെരൂശലേമിൽ ഇവരുടെതോ ഇവർക്കു പ്രത്യേകബന്ധമുള്ളതോ ആയ ഒരു പള്ളി (സിനഗോഗ്) ഉണ്ടായിരുന്നു. (പ്രവൃ, 6:9). നാലാം നൂറ്റാണ്ടിൽ സാരസന്മാർ കുറേനയെ നശിപ്പിച്ചു.

കുപ്രൊസ്

കുപ്രൊസ് (Cyprus)

225 കി.മീറ്റർ നീളവും 100 കി.മീറ്റർ വീതിയുമുള്ള ഒരു മെഡിറ്ററേനിയൻ ദ്വീപാണ് കുപ്രൊസ്. സിറിയയ്ക്ക് 100 കി.മീറ്റർ പടിഞ്ഞാറും ഏഷ്യാമൈനർ തീരത്തു തുർക്കീതീരത്തു നിന്നു 65 കി.മീറ്റർ അകലെയും ആയി സ്ഥിതിചെയ്യുന്നു. പഴയനിയമത്തിൽ കുപ്രൊസ് അതേ പേരിൽ പറഞ്ഞിട്ടില്ല. എലിശ എന്നു വിളിക്കുന്നത് കുപ്രൊസിനെയാകണം. അനന്തരം കിത്തീം നിവാസികൾ അവിടെ കൂടിപാർത്തു. നവീനശിലായുഗത്തിൽ ആളുകൾ ഈ ദ്വീപിൽ പാർത്തിരുന്നതിനു തെളിവുണ്ട്. ബി.സി. പതിനഞ്ചാം നൂറ്റാണ്ടിൽ ക്രീറ്റിലെ മിനോയൻ സംസ്കാരം കുപ്രൊസിലേക്കും വ്യാപിച്ചു. അടുത്ത നൂറ്റാണ്ടിൽ മൈസനേയർ ഇവിടെ കോളനി സ്ഥാപിച്ചു. ഈ നൂറ്റാണ്ടിലായിരിക്കണം കുപ്രൊസിലെ ചെമ്പുഖനികൾ ആദ്യമായി ഉപയോഗിച്ചു  തുടങ്ങിയത്. ഈ ചെമ്പുഖനികൾ റോമായുഗത്തിൽ ഖ്യാതി നേടുകയും ദ്വീപിനു കുപ്രൊസ് എന്ന പേര് ലഭിക്കുകയും ചെയ്തു. അങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളുടെ രേഖകളിൽ കുപ്രൊസ് സ്ഥാനം പിടിച്ചു. 

ഈജിപ്റ്റിലെ തുത്ത്മൊസ് മൂന്നാമൻ കുപ്രൊസ് ആക്രമിച്ചതായി അവകാശപ്പെടുന്നു. അശ്ശൂർ രാജാക്കന്മാരായ സർഗ്ഗോൻ രണ്ടാമനും, സൻഹേരീബും, ഏസർ-ഹദ്ദോനും കുപ്രൊസിന്റെ നിയന്ത്രണം കൈയിൽ വച്ചിരുന്നു. അശ്ശൂർ രാജ്യത്തിന്റെ തകർച്ചയോടുകൂടി ദ്വീപ് ഈജിപ്റ്റിൻ്റെ നിയന്ത്രണത്തിലായി. കോരെശ് ചക്രവർത്തി ബാബിലോണിനെതിരെ മുന്നേറിയപ്പോൾ കുപ്രൊസ് അദ്ദേഹത്തെ സഹായിച്ചു. തന്മൂലം പേർഷ്യയുടെ പ്രാബല്യകാലത്ത് കുപ്രൊസിനു സ്വന്തം രാജാക്കന്മാർ ഉണ്ടായിരുന്നു. ബി.സി. 333-ൽ കുപ്രൊസ് അലക്സാണ്ടറിനു കീഴടങ്ങി. ബി.സി. 58-ൽ ഒരു റോമൻ പ്രവിശ്യയായിത്തീർന്നു. ബർന്നബാസ് കുപ്രാസ് ദ്വീപുകാരനായിരുന്നു. (പ്രവൃ, 4:36). സ്തെഫാനൊസിന്റെ രക്തസാക്ഷി മരണത്തിനുശേഷം ഉണ്ടായ പീഡനം കാരണമായി ചില ശിഷ്യന്മാർ കുപ്രൊസിലേക്കു പോയി; അവർ അവിടെ സുവിശേഷം പ്രസംഗിച്ചു. (പ്രവൃ, 11:19,20). പൗലൊസും ബർന്നബാസും എ.ഡി. 44-ൽ കുപ്രൊസ് സന്ദർശിച്ചു. പൗലൊസിൻ്റെ ആദ്യ മിഷണറി പ്രവർത്തന രംഗമായിരുന്നു ഇത്. ബർന്നബാസ് മിഷണറി പ്രവർത്തനത്തിനു വേണ്ടി മർക്കൊസിനോടൊപ്പം വീണ്ടും കുപ്രൊസ് സന്ദർശിച്ചു. (പ്രവൃ, 15:38). രണ്ടുപ്രാവശ്യം ദ്വീപിനെ കടന്നു പോയിട്ടും പൗലൊസ് അവിടം സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. (പ്രവൃ, 21:3; 27:4).

കിലിക്യ

കിലിക്യ (Cilicia) 

ഏഷ്യാമൈനറിന്റെ തെക്കുകിഴക്കു ഭാഗമാണ് കിലിക്യ. അതിന്റെ തെക്കു മെഡിറ്ററേനിയൻ സമുദ്രവും പടിഞ്ഞാറു പാംഫീലിയയും വടക്കു ടോറസ് പർവ്വത നിരയും കിഴക്കു അമാനസ് പർവ്വതനിരയും (ടോറസ് പർവ്വതത്തിന്റെ ദക്ഷിണ ശിഖരമാണു് ഇത്) കിടക്കുന്നു. പ്രാചീന ചരിത്രത്തിൽ ഏറിയകൂറും ഇതു തന്നെയായിരുന്നു കിലിക്യയുടെ അതിരുകൾ. ബി.സി. 9-ാംനൂറ്റാണ്ടിലെ ശിലാലിഖിതങ്ങളിൽ കാണുന്ന ഹിലാക്കു (Hilakku) എന്ന അശ്ശൂര്യൻ പദത്തിൽ നിന്നാണ് ഈ പേരു വന്നിരിക്കാൻ ഇടയുള്ളത്. കിലിക്യയെ രണ്ടു പ്രാകൃതിക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്; സിലിഷ്യ ട്രാക്കിയയും (Cilicia Tracheia) സിലിഷ്യ പെഡിയാസും (Cilicia Pedias). അശ്ശൂരും പേർഷ്യയും കിലിക്യ അധീനപ്പെടുത്തിയിരുന്നു. ബി.സി. 333-ൽ മാസിഡോണിയയിലെ അലക്സാണ്ടർ ചകവർത്തിയുടെ സൈന്യം കിലിക്യ കവാടം വഴികടന്ന് ചെന്ന് ഇസൂസ്സ് യുദ്ധത്തിൽ പേർഷ്യൻ സൈന്യത്തെ തോല്പിച്ചു. റോമിന്റെ കീഴിൽ കിലിക്യ ഒരു പ്രവിശ്യയായി സംവിധാനം ചെയ്യപ്പെട്ടില്ല. ബി.സി. 67-ൽ പടിഞ്ഞാറെ കിലിക്യയിലുള്ള കൊള്ളക്കാരെ പോംപി അമർച്ച ചെയ്തതോടുകൂടിയാണു ഇവിടെ ഒരു ശരിയായ ഭരണം ആരംഭിച്ചത്. ബി.സി. 51-ൽ സീസറോ ആയിരുന്നു ഇവിടത്തെ ഗവർണ്ണർ. ബി.സി. 27-ൽ പ്രവിശ്യയെ വിഭജിച്ചു. വെസ്പേഷ്യന്റെ കാലം വരെ പൂർവ്വപശ്ചിമ ഭാഗങ്ങൾ ഒന്നായില്ല. തന്മൂലം അപ്പൊസ്തലികകാലത്ത് കിലിക്യയും അരാമും (സിറിയ) തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. വെസ്പേഷ്യനാണ് ഈ രണ്ടു ഭാഗങ്ങൾളെയും ചേർത്ത് കിലിക്യ പ്രവിശ്യയാക്കിയതാ. കിലിക്യയിലെ പ്രസിദ്ധ പൌരനാണു് പൗലൊസ്. (ഗലാ, 1:21; പ്രവൃ, 15:23, 41). കിലിക്യയുടെ തലസ്ഥാനമായിരുന്ന തർശീശ് ആയിരുന്നു പൗലൊസിന്റെ ജന്മദേശം.

കിന്നെരോത്ത്

കിന്നെരോത്ത് (Cinneroth) 

പേരിനർത്ഥം – കിന്നരം

ഗലീലക്കടലിന്റെ വടക്കുപടിഞ്ഞാറെ തീരത്തുള്ള ഒരു പട്ടണം. (യോശു, 19:35). കിന്നെരോത്തും പില്ക്കാലത്തെ തിബെര്യാസും ഒന്നാണെന്നു വിശുദ്ധ ജെറോം പറഞ്ഞിട്ടുണ്ട്. ആധുനിക തേൽ ഒറെയ്മെഹ് (കിന്നരക്കുന്നു) ആണെന്നു കരുതപ്പെടുന്നു. കിന്നെരോത്തിന്റെ അർത്ഥം കിന്നരം എന്നത്രേ. ഈ പട്ടണം സ്ഥിതിചെയ്തിരുന്ന കുന്നു കിന്നര രൂപത്തിലുള്ളതാണ്. 

കിന്നെരോത്ത് കടൽ: ഗെന്നേസരെത്ത് തടാകം അഥവാ ഗലീലക്കടൽ എന്നു പില്ക്കാലത്തറിയപ്പെട്ട കടൽ. (സംഖ്യാ, 34:11, ആവ, 3:17; യോശു, 11:2; 12:3; 13:27). ഈ കടലും കിന്നര രൂപത്തിലുളളതാണ്. കിന്നെരോത്ത് എന്ന പേരിനെ വ്യത്യസ്തമായാണ് ലിപ്യന്തരണം ചെയ്തിട്ടുള്ളത്. കിന്നേരത്ത് (യോശു, 19:36), കിന്നേരെത്ത് കടൽ (സംഖ്യാ, 34:11), കിന്നെരോത്തു തടാകം (യോശു, 13:27), കിന്നേറെത്ത് (ആവ, 3:17). (കാണുക: ഗലീലക്കടൽ).

കിത്തീം

കിത്തീം (Chittim)

പേരിനർത്ഥം – മല്ലന്മാർ

യാവാൻ്റെ നാലു പുത്രന്മാരിലൊരാളായ കിത്തീമിൻ്റെ സന്തതികളും അവർ പാർത്ത പ്രദേശം ഈ പേരിലറിയപ്പെട്ടു. എബായിലെ കിത്തീം സൈപ്രസിനെയും (കുപ്രൊസ്) മെഡിറ്ററേനിയൻ തീരങ്ങളെയും ദീപുകളെയും കുറിക്കുന്നു. കിത്തീം തീരത്തുനിന്ന് കപ്പലുകൾ വരുമെന്നും അവ അശ്ശൂരിനെയും ഏബെരിനെയും താഴ്ത്തുമെന്നും ബിലെയാം പ്രവചിച്ചു. (സംഖ്യാ, 14:24). സോരിന്റെ പതനത്തെക്കുറിച്ചുള്ള വാർത്ത തർശീശ് കപ്പലുകൾക്കു കിട്ടിയത് കിത്തീം ദേശത്ത് വച്ചാണ്. (യെശ, 23:1). ബലാത്ക്കാരം അനുഭവിച്ച കന്യകയായ സീദോൻ പുത്രിയോടു കിത്തീമിലേക്കു പോകുന്നതിനും എന്നാൽ അവിടെയും സ്വസ്ഥത ലഭിക്കുകയില്ലെന്നും യഹോവ കല്പിച്ചു. (യെശ, 23’12). യെശയ്യാവ് പ്രവചിക്കുന്ന കാലത്തു സൈപ്രസിലെ ഫിനിഷ്യൻ കോളനികളെ സംബന്ധിച്ച് ഇതു വാസ്തവമായിരുന്നു. അശ്ശൂരിൻ്റെ ആക്രമണം ഹേതുവായി സീദോൻജാവായ ലൂലി (Luli) സൈപ്രസിലേക്കു ഓടിയതായി എസർ-ഹദ്ദോന്റെ ശിലാലിഖിതത്തിൽ പറയുന്നു. മാത്രവുമല്ല, നെബുഖദ്നേസറിന്റെ സോർ ഉപരോധകാലത്തു അനേകം ആളുകൾ സൈപ്രസിൽ അഭയം തേടി. കിത്തീമിനെക്കുറിച്ചുള്ള അവസാന പരാമർശം ദാനീയേൽ 11:30-ലാണ്. കിത്തീം കപ്പലുകൾ വടക്കെരാജാവിന്റെ ആക്രമണത്ത വിഫലമാക്കുമെന്നു പ്രവചിക്കുന്നു. ഇവിടെ കിത്തീം റോമാക്കാരെ കുറിക്കുന്നു.

കാൽവറി

കാൽവറി (Calvary)

പേരിനർത്ഥം – തലയോട്

ഗൊല്ഗോഥായുടെ ലത്തീൻ പേരാണ് കാൽവറി (Calvaria). ഗുൽഗോഥാ എന്ന് അരാമ്യപദത്തിന്റെ പരിഭാഷയാണ് ഗ്രീക്കിലെ ക്രാനിയൊനും ലത്തീനിലെ കാൽവറിയും. മത്തായി 27:33-ൽ ഗൊല്ഗോഥാ എന്നു തന്നെ കൊടുത്തിട്ടുണ്ട്. ഈ പദങ്ങളുടെയെല്ലാം അർത്ഥം തലയോട് എന്നത്രേ. പേരിൻ്റെ ഉത്പത്തിക്കു മൂന്നു കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 1. അവിടെ ധാരാളം തലയോടുകളുണ്ട്. 2. അവിടം ഒരു കൊലക്കളമായിരുന്നു. 3. ആ സ്ഥലം തലയോടിൻ്റെ ആകൃതിയിലുള്ളതാണ്. യെഹൂദാ പാരമ്പര്യമനുസരിച്ചു് ആദാമിൻ്റെ തലയോട് സംസ്കരിച്ചതാ ഇവിടെയായിരുന്നു. ഗൊല്ഗോഥായുടെ സ്ഥാനം നിശ്ചിതമായി പറയുക പ്രയാസമാണ്. യെരൂശലേമിനു വെളിയിലായിരുന്നു (യോഹ, 19:17-20; എബ്രാ, 13:12) എന്നു മാത്രമേ തിരുവെഴുത്തുകളിലുള്ളൂ. 

യേശുക്രിസ്തുവിന്റെ ക്രൂശിന്റെയും കല്ലറയുടെയും സ്ഥാനങ്ങളായി രണ്ടു സ്ഥലങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്; വിശുദ്ധ കല്ലറപ്പള്ളിയും, ഗോർഡൻ കാൽവരിയും. കല്ലറപ്പള്ളി സ്ഥിതിചെയ്യുന്നത് വീനസ് ദേവിയുടെ ക്ഷേത്രം ഇരുന്നസ്ഥലത്താണ്. യേശുവിന്റെ കല്ലറയുടെ സ്ഥാനത്താണ് വീനസ് ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതെന്നു മനസ്സിലാക്കിയ കോൺസ്റ്റൻ്റയിൻ ചക്രവർത്തി ക്ഷേത്രത്തെ പൊളിച്ചുമാററി. എ.ഡി. നാലാം നൂറ്റാണ്ടോളം പഴക്കമുള്ള പാരമ്പര്യമാണിത്. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ തീത്തൂസും, രണ്ടാം നൂറ്റാണ്ടിൽ ഹദ്രിയനും ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും സംബന്ധിക്കുന്ന എല്ലാറ്റിനെയും തുടച്ചുമാറ്റാൻ നടത്തിയ ശ്രമങ്ങളെ കണക്കിലെടുക്കുമ്പോൾ ശരിയായ സ്ഥാനനിർണ്ണയം പ്രയാസമെന്നു കാണാവുന്നതാണ്. കല്ലറത്തോട്ടം ഒന്നാമതായി നിർദ്ദേശിക്കപ്പെട്ടതു എ.ഡി. 1849-ൽ ആണ്. അവിടെയുള്ള പാറയ്ക്കു തലയോടിന്റെ ആകൃതിയുണ്ട്. കൂടാതെ പ്രസ്തുതസ്ഥലം ബൈബിളിലെ വിവരണവുമായി വളരെയധികം പൊരുത്തപ്പെടുകയും ചെയ്യുന്നു. എന്നാൽ കല്ലറത്തോട്ടത്തിന്റെ അവകാശവാദത്തിന് അവലംബമായി പാരമ്പര്യമോ മറ്റു തെളിവുകളോ ഇല്ല.

കാനാ

കാനാ (Cana)

പേരിനർത്ഥം – ഞാങ്ങണയുടെ സ്ഥലം

ഗലീലയിലെ ഒരു പട്ടണം. ‘ഗലീലയിലെ കാനാ’യെന്ന സവിശേഷ പ്രയോഗം യോഹന്നാന്റെ സുവിശേഷത്തിൽ നാലിടത്തുണ്ട്. (യോഹ, 2:1, 11; 4:46; 21:2). കഫർന്നഹുമിനൂ അടുക്കലായിരിക്കണം. ഇതിന്റെ യഥാർത്ഥ സ്ഥാനത്തെക്കുറിച്ച് അഭിപ്രായഭേദമുണ്ട്. നസറേത്തിനു വടക്കുള്ള രണ്ടുസ്ഥലങ്ങൾ പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 1. നസറേത്തിനു 8 കി.മീറ്റർ വടക്കുകിഴക്കുള്ള കെഫർ കെന്ന (Kefer kenna). ഇതൊരു ക്രൈസ്തവ ഗ്രാമമാണ്. കുരിശുയുദ്ധങ്ങൾക്ക് മുമ്പ് യഥാർത്ഥസ്ഥാനമായി കരുതപ്പെട്ടിരുന്നതിവിടമാണ്. 2. അതിനും ഏഴു കി.മീറ്റർ വടക്കുള്ള കാനാ എൽ ജലീൽ (Kana el-Jelil). അടയാളങ്ങളുടെ ആരംഭമായി യേശു വെള്ളം വീഞ്ഞാക്കിയത് കാനായിൽ വച്ചായിരുന്നു. (യോഹ, 2:11). ഒരു രാജഭൃത്യന്റെ മകനെ യേശു സൗഖ്യമാക്കി. (യോഹ, 4:46-54). ഇതു രണ്ടാമത്തെ അടയാളമായിരുന്നു. നഥനയേലിൻ്റെ ജന്മസ്ഥലം കാനായാണ്. (യോഹ, 21:2). ആശേരിനു വടക്കുള്ള ഒരു പട്ടണത്തിനും കാനാ എന്നു പേരുണ്ട്. യോശു, 19:28).

കാദേശ്

കാദേശ് (kadesh)

പേരിനർത്ഥം – പ്രതിഷ്ഠിതം

കാദേശ് ബർന്നേയ എന്നാണ് പൂർണ്ണമായ പേര്. ഈജിപ്തിൽ നിന്നും പലസ്തീനിലേക്കുള്ള യാത്രയിൽ യിസ്രായേൽമക്കൾ ഇവിടെ രണ്ടു പ്രാവശ്യം അതായതു പത്തൊമ്പതാമതും മുപ്പത്തേഴാമതും പാളയമിറങ്ങി. കാദേശിന്റെ ആദ്യനാമം രിത്ത്മ ആയിരുന്നിരിക്കണം (സംഖ്യാ, 33:18,19) സമാഗമനകൂടാരം വച്ചപ്പോഴാണ് അവിടം കാദേശായത്. യിസ്രായേൽ മക്കളുടെമേൽ ന്യായവിധി വന്നപ്പോൾ അത് ഏൻ മിശ്പാത്ത് (ന്യായവിധിയുടെ ഉറവ) ആയിമാറി. (ഉല്പ, 14:7). കലഹത്തിൻ്റെയും പിറുപിറുപ്പിന്റെയും സ്ഥലമായപ്പോൾ കാദേശ് മെരിബാ എന്നു വിളിക്കപ്പെട്ടു. 

ഏലാം രാജാവായ കെദൊർലായോമെറിന്റെ ആക്രമണത്തോടുള്ള ബന്ധത്തിലാണ് കാദേശിനെക്കുറിച്ചുള്ള ആദ്യപരാമർശം. ഇതു അബ്രാഹാമിൻറ കാലത്തായിരുന്നു. (ഉല്പ, 14:1-16). സാറായുടെ അടുക്കൽ നിന്നോടിപ്പോയ ഹാഗാർ കാദേശിനും ബേരദിനും മദ്ധ്യേ (ഉല്പ, 16:14) ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്നരികെ വിശ്രമിച്ചു. (ഉല്പ, 16:7). ഹെബ്രാനിൽ നിന്നു പുറപ്പെട്ട അബ്രാഹാം കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു. (ഉല്പ, 20:1). ചിലരുടെ അഭിപ്രായത്തിൽ കോരഹും കൂട്ടരും മത്സരിച്ചതും അവരെ ഭൂമി പിളർന്നു വിഴുങ്ങിയതും കാദേശിൽ വച്ചായിരുന്നു. (സംഖ്യാ, 16:1, 31). മിര്യാം മരിച്ചതും അടക്കപ്പെട്ടതും കാദേശിൽ വച്ചത്രേ. (സംഖ്യാ, 20:1). പാറയോടു കല്പിക്കാൻ പറഞ്ഞപ്പോൾ മോശെ പാറയെ അടിച്ചു. (സംഖ്യാ, 20:2-11). തന്മൂലം മോശെക്കു കനാനിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല.

ഹോരേബിൽ നിന്നു സേയീർപർവ്വതം വഴി കാദേശിലെത്തുവാൻ 11 ദിവസം വേണ്ടിവന്നു. (ആവ, 1:2). യിസ്രായേൽ ജനം കാദേശിൽ ദീർഘകാലം പാർത്തു. (ആവ, 1:46). ഈ കാലം മുഴുവൻ കാദേശ് കേന്ദ്രമാക്കിക്കൊണ്ട് യിസ്രായേൽ മക്കൾ മരുഭൂമിയിലെ താഴ്വരയിലൊക്കെയും ചിതറിപ്പാർക്കുകയും അലഞ്ഞു തിരിയുകയുമായിരുന്നു. യിസായേല്യർ അവിടെ മുപ്പത്തേഴു വർഷം കഴിഞ്ഞു. ഈ ദീർഘമായ കാലയളവിൽ വാഗ്ദത്തനാടു കൈവശമാക്കുന്നതിനു അവർക്കൊരു ചുവടുപോലും മുന്നോട്ടു വയ്ക്കാൻ കഴിഞ്ഞില്ല. ഏദോം രാജാവിനോടും (സംഖ്യാ, 20:14-21), മോവാബു രാജാവിനോടും (ന്യായാ, 11:16,17) അവരുടെ ദേശത്തുകൂടി കടക്കുവാനുള്ള അനുമതിക്കുവേണ്ടി മോശെ ദൂതന്മാരെ കാദേശിൽ നിന്നും അയച്ചു. കനാൻദേശം ഒറ്റുനോക്കുവാൻ വേണ്ടി മോശെ ഒറ്റുകാരെ അയച്ചതും കാദേശ്ബർന്നേയയിൽ നിന്നായിരുന്നു. യഹോവയുടെ ശബ്ദം കാദേശ് മരുവിനെ നടുക്കുന്നു (സങ്കീ, 29:8) എന്നത് വടക്കു പർവ്വതങ്ങളിൽ നിന്നുള്ള കൊടുങ്കാറ്റ് തെക്കു കാദേശിലേക്കു ചീറിയടിക്കുന്നതിന്റെ സൂചനയാകാം. ഹെബ്രോനു 110 കി.മീറ്റർ തെക്കുള്ള ഐൻ കാദൈസ് ആണ് സ്ഥാനം.

കർമ്മേൽ

കർമ്മേൽ (Carmel)

പേരിനർത്ഥം – തോട്ടം, ഉദ്യാനഭൂമി

യെഹൂദ്യയിലെ മലമ്പ്രദേശത്തിലെ ഒരു പട്ടണം. (യോശു, 15:1, 55). ഇന്നത്തെ പേര് കെർമെൽ (Kermel) ആണ്. ഹെബ്രോനു 12 കി.മീറ്റർ തെക്കുകിഴക്കാണ് സ്ഥാനം. അമാലേക്യരെ ജയിച്ചതിൻ്റെ ഒരു ജ്ഞാപകസ്തംഭം ശൗൽ ഇവിടെ നാട്ടി. (1ശമൂ, 15:12). നാബാലും (1ശമൂ, 25:2, 5, 7, 40), ദാവീദിന്റെ ഇഷ്ടഭാര്യയായ അബീഗയിലും (1ശമൂ, 27:3; 1ദിന, 3:1) കർമ്മേല്യരാണ്. ഈ കർമ്മേലിൽ തന്നെയാണ് കൃഷിപ്രിയനായ ഉസ്സീയാ രാജാവിന് മുന്തിരിത്തോട്ടങ്ങൾ ഉണ്ടായിരുന്നത്. (2ദിന, 26:10). ദാവീദിന്റെ വീരന്മാരിൽ ഒവനായ ഹെസ്രോ കർമ്മേല്യനായിരുന്നു. (2ശമൂ, 23:35; 1ദിന, 11:37). ഒരു സാമാന്യ നാമമായും കർമ്മേൽ പ്രയോഗിച്ചു കാണുന്നുണ്ട്. (യെശ, 16:10; 32:15; യിരെ, 2:7; 4:26; 2രാജാ, 19:23). (നോക്കുക: കർമ്മേൽ പർവ്വതം).