All posts by roy7

വീട്ടിലെ സഭ

വീട്ടിലെ സഭ

യേശുവിൽ വിശ്വസിക്കുന്നവർക്കും യേശുവിനെ അനുഗമിക്കുന്നവർക്കും സഭ എന്ന സങ്കല്പത്തിൽ പരസ്യമായി ഒരുമിച്ച് ആരാധന നടത്തുവാൻ കഴിയാതിരുന്ന ആദ്യനൂറ്റാണ്ടുകളിൽ വിശ്വാസികൾ തങ്ങളുടെ ഭവനങ്ങളിൽ ഒരുമിച്ചുകൂടി ആരാധനകൾ നടത്തുകയായിരുന്നു പതിവ്. ഇങ്ങനെ വീടുകളിൽ പതിവായി നടത്തിയിരുന്ന ആരാധനകൾ അറിയപ്പെട്ടിരുന്നത് ആ വീടുകളിലെ സഭകളായിട്ടായിരുന്നു. (ഫിലേ, 1,2). ഈ കൊച്ചുകൊച്ചു കൂട്ടങ്ങളായിരുന്നു ആദിമസഭയിൽ പരിശുദ്ധാത്മശക്തി വിളംബരം ചെയ്യുന്ന ദീപസ്തംഭങ്ങളായി പ്രകാശിച്ചിരുന്നത്. ഫിലേമോനും അക്വിലായും പ്രിസ്കില്ലയും ലുദിയായും തങ്ങളുടെ ഭവനങ്ങളെ സഭകളാക്കി മാറ്റിയവരിൽ ഉൾപ്പെടുന്നു. ഇന്ന് അതിമനോഹരങ്ങളായ ദൈവാലയങ്ങൾ ഉണ്ടായിരുന്നിട്ടും ആരാധിക്കുവാൻ പൂർണ്ണസ്വാതന്ത്യം ഉണ്ടായിരുന്നിട്ടും ഭൗതിക സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ശക്തിയുണ്ടായിരുന്നിട്ടും ലക്ഷങ്ങളുടെ അംഗബലമുള്ള ആധുനിക സഭകൾക്ക് ആദിമ നൂറ്റാണ്ടുകളിലെ ‘വീട്ടിലെ സഭകളെ’പ്പോലെ പരിശുദ്ധാത്മാവിന്റെ പ്രഭാപൂരം ചൊരിയുവാൻ കഴിയുന്നില്ല. എന്തെന്നാൽ, വീട്ടിലെ സഭകൾ രൂപംകൊണ്ടത് വ്യക്തികൾ തങ്ങളുടെ ഭവനങ്ങൾ കർത്താവിന്റെ വേലയ്ക്കായി തുറന്നു കൊടുത്തപ്പോഴായിരുന്നു. ഒരുവൻ തന്റെ ഭവനം പൊതു ആരാധനയ്ക്കായി ഉപയോഗിക്കുമ്പോൾ അനേകർ കയറി ഇറങ്ങുന്നതു നിമിത്തം ആ ഭവനത്തിനുണ്ടാകുന്ന കേടുപാടുകളും ഭവനനിവാസികൾക്കുണ്ടാകുന്ന അസൗകര്യങ്ങളും അധികമാരും ചിന്തിക്കാറില്ല. അതോടൊപ്പം സമയാസമയങ്ങളിൽ അവിടെ വരുന്നവരെ ശുശ്രൂഷിക്കുവാനും സൽക്കരിക്കുവാനും ഗൃഹനാഥൻ കഷ്ടങ്ങളും നഷ്ടങ്ങളും സഹിക്കേണ്ടതുണ്ട്. ഇപ്രകാരം രഹസ്യമായോ പരസ്യമായോ ആരാധനകൾ നടത്തുന്നവർ അന്നത്തെ കാലത്ത് അധികാരികളുടെ നോട്ടപ്പുള്ളികൾ ആയിരുന്നുവെന്നതു മറ്റൊരു പ്രധാനകാര്യമാണ്. ഭയാനകമായ ഭവിഷ്യത്തുകൾ ഭയപ്പെടാതെ യേശുവിനോടുള്ള സ്നേഹത്താൽ വീടുകളിൽ അനേകർ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചപ്പോൾ ദൈവസ്നേഹത്തിൽ അവരുടെ മനസ്സും ഹൃദയവും ഒന്നായിത്തീർന്നു. അവരുടെ പ്രാർത്ഥനകളിൽ കണ്ണുനീർച്ചാലുകൾ ഒഴുകിയിരുന്നു. അപ്പോൾ കർത്താവ് അവരെ പരിശുദ്ധാത്മശക്തിയാൽ നിറച്ച് തനിക്കായി ഉപയോഗിച്ചു. ആദിമ സഭയിലെ വീട്ടിലെ സഭകളെ അനുകരിച്ച് ആധുനിക സഭകളും വീടുകളിൽ പ്രാർത്ഥനകൾ നടത്താറുണ്ട്. നിർബ്ബന്ധത്തിനും സമ്മർദ്ദത്തിനും വിധേയമായി ഭവനങ്ങളിൽ നടത്തപ്പെടുന്ന ഈ പ്രാർത്ഥനകൾ വെറും ചടങ്ങുകളായി അവസാനിക്കുന്നു. എന്തെന്നാൽ ദൈവത്തോടുള്ള സ്നേഹമോ, ദൈവത്തിനുവേണ്ടിയുള്ള തീക്ഷ്ണതയോ പരസ്പരസ്നേഹമോ അവിടെയില്ല. അതുകൊണ്ടുതന്നെ പരിശുദ്ധാത്മാവ് വെറും കേട്ടറിവ് മാത്രയി മാറിയിരിക്കുന്നു.

മുതിർന്നവരെ മാതൃകയാക്കിയ മകൻ

മുതിർന്നവരെ മാതൃകയാക്കിയ മകൻ

മക്കളുടെ വഴിപിഴച്ച ജീവിതത്തെക്കുറിച്ചു പ്രലപിക്കുന്ന മാതാപിതാക്കൾ ഏറെയാണ്. വലിയ പ്രതീക്ഷകളോടെ വളർത്തിക്കൊണ്ടുവരുന്ന തങ്ങളുടെ മക്കൾ വഷളത്തത്തിൽ വീണുപോകുമ്പോൾ ഇന്നത്തെ സാമൂഹ്യസാംസ്കാരിക വ്യവസ്ഥിതികളെയാണ് പല മാതാപിതാക്കളും പഴിചാരുന്നത്. തങ്ങളുടെ കണ്മണികളെ ദുർമ്മാർഗ്ഗത്തിൽനിന്ന് സന്മാർഗ്ഗത്തിലേക്കും ദൈവഭയത്തിലേക്കും കൊണ്ടുവരുവാനായി മാതാപിതാക്കൾ നേർച്ചകാഴ്ചകളും ഉപവാസ പ്രാർത്ഥനകളുമൊക്കെ നടത്താറുണ്ട്. എന്നാൽ മക്കളെ ദൈവസന്നിധിയിലേക്കു തിരിക്കുവാനുള്ള പ്രയത്നം ആരംഭിക്കേണ്ടത് തങ്ങളുടെ മക്കളുടെ കൗമാരത്തിലല്ല, പിന്നെയോ അവരുടെ ശൈശവംമുതൽ ആയിരിക്കണമെന്ന് പൗലൊസ് തന്റെ ആത്മീയ മകനായ തിമൊഥയൊസിനെക്കുറിച്ചുള്ള പരാമർശത്തിലൂടെ വ്യക്തമാക്കുന്നു. അവനിലുള്ള ആത്മാർത്ഥവിശ്വാസം ആദ്യം അവന്റെ വലിയമ്മയായ ലോവീസിലും അവന്റെ അമ്മയായ യുനീക്കയിലും ഉണ്ടായിരുന്നതായി പൗലൊസ് ചുണ്ടിക്കാണിക്കുന്നത് ശ്രദ്ധേയമാണ്. (2തിമൊ, 1:5). എന്തെന്നാൽ, ദൈവസന്നിധിയിൽ ലോവീസിനുണ്ടായിരുന്ന ഭക്തിയും വിശ്വാസവും അവളുടെ മകളായ യുനീക്കയെ ദൈവഭയത്തിലും ഭക്തിയിലും വളർത്തിയെടുക്കുവാൻ മുഖാന്തരമൊരുക്കി. ശൈശവംമുതൽ അവന്റെ അമ്മയിലും വലിയമ്മയിലും വിളങ്ങിയിരുന്ന ദൈവഭയവും ഭക്തിയും തിമൊഥയൊസിനെ ഒരു ദൈവപൈതലാക്കി മാറ്റുവാനും യേശുക്രിസ്തുവിനെ കണ്ടെത്തുവാനും മുഖാന്തരമൊരുക്കി. എന്നാൽ ഇന്ന് മക്കൾക്ക് സമുന്നതമായ ഒരു ഭാവി കെട്ടിപ്പടുക്കുവാനുള്ള വ്യഗ്രതയിൽ സദാസമയം അവർ പഠിച്ചുകൊണ്ടിരിക്കുവാൻ മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തുന്നതിനാൽ, ട്യൂഷനുകളും കോച്ചിംഗ് ക്ലാസ്സുകളും ഒന്നൊന്നായി ക്രമീകരിക്കുമ്പോൾ അവർക്ക് ആത്മീയ ശുശ്രൂഷകളിൽ പങ്കെടുക്കുവാനോ അവരിൽ ആത്മീയ അഭിരുചി വളർത്തിയെടുക്കുവാനോ സാധിക്കുന്നില്ല. തദ്ഫലമായി ഇങ്ങനെ വളരുന്ന കുട്ടികൾ ദൈവത്തെ അറിയുവാനോ ആശ്രയിക്കുവാനോ മാതൃകയില്ലാതെ, തരംകിട്ടുമ്പോൾ വഷളത്തത്തിലേക്കു വഴുതിവീഴുന്നു. അപ്പോൾ മക്കളോട് ദൈവത്തെക്കുറിച്ച് പറയുകയും അവർക്കുവേണ്ടി ദൈവസന്നിധിയിൽ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുവാൻ മാതാപിതാക്കൾ തത്രപ്പെടുന്നു. അവരാകട്ടെ ശൈശവംമുതൽ തങ്ങൾ കാണുകയും കേൾക്കുകയും ചെയ്യാത്ത കാര്യങ്ങൾ പൊടുന്നനവേ ഉൾക്കൊള്ളുവാൻ കഴിയാത്തവരായി നാശത്തിന്റെ അഗാധതയിലേക്കു താഴ്ന്നുപോകുന്നു. “ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; വാർദ്ധക്യത്തിലും അവൻ അതിൽനിന്നു വിട്ടുമാറുകയില്ല.” (സദൃ, 22:6) എന്ന തിരുവചനം പ്രാവർത്തികമാക്കി, ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്ന മാതാപിതാക്കൾക്കു മാത്രമേ ലോവീസിനെയും യുനീക്കയെയുംപോലെ ദൈവസന്നിധിയിൽ ആഹ്ലാദിക്കുവാൻ കഴിയൂ.

ധനവാന്മാരുടെ അടിസ്ഥാനം

ധനവാന്മാരുടെ അടിസ്ഥാനം

അനേകം ധനവാന്മാർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ശുശ്രൂഷകളിൽ പങ്കെടുക്കാറുണ്ട്. എന്നാൽ ദൈവത്തിന്റെ ശക്തിയും സവിശേഷതയും പകർന്നു കൊടുക്കുന്ന ശുശ്രൂഷയെ അവർ കാണുന്നത് തങ്ങളുടെ ധനവും മാനവും നിലനിർത്തുന്നതിനുള്ള ഉപാധിയായിട്ടു മാത്രമാണ്. അപ്രകാരമുള്ളവരോട് അവരുടെ ധനം നിമിത്തം ഉന്നതഭാവം പ്രകടമാക്കരുതെന്ന് പൗലൊസ് ഉദ്ബോധിപ്പിക്കുന്നു. എന്തെന്നാൽ തങ്ങളുടെ ധനംകൊണ്ടുമാത്രം സമൂഹമദ്ധ്യ അവർ നേടിയിരിക്കുന്ന പേരും പെരുമയും അവരിൽ സൃഷ്ടിക്കുന്ന ഉന്നതഭാവം, ദൈവത്തിന്റെ ശുശ്രൂഷകളിലും പേരും പ്രശസ്തിയും നേടുവാൻ അവരിൽ പ്രതീക്ഷകളുണർത്തും എന്നുള്ളത് സ്വാഭാവികമാണ്. ആത്മീയമായി അന്തർദാഹം ഉണ്ടെങ്കിലും, ധനം ജീവിതത്തിലെ ആശയും ആവേശവുമായി മാറുമ്പോൾ ധനംകൊണ്ട് എന്തും നേടിയെടുക്കാമെന്നുള്ള വ്യാമോഹം വ്യക്തികളിൽ വളരുന്നു. ദൈവത്തിന് തങ്ങളുടെ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുവാനോ ദൈവത്തിനുവേണ്ടി ലാഭമായതു ചേതമെന്നെണ്ണുവാനോ ഇങ്ങനെയുള്ള ധനവാന്മാർക്കു കഴിയാറില്ല. അതുകൊണ്ടാണ് കർത്താവ് തന്നെ അനുഗമിക്കുവാനായി ആവേശത്തോടെ ഓടിവന്ന ധനികനായ ചെറുപ്പക്കാരനോട് അവനുള്ളതു വിറ്റ് ദരിദ്രർക്കു വിഭജിച്ചുകൊടുത്തശേഷം തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലതും ധാരാളമായിത്തരുന്ന ദൈവത്തിൽ ആശവയ്ക്കുവാൻ ധനവാന്മാരോട് ആജ്ഞാപിക്കുവാൻ പൗലൊസ് തന്റെ ആത്മീയ മകനായ തിമൊഥയൊസിനോട് ആവശ്യപ്പെടുന്നത്. (1തിമൊ, 6:17). അതോടൊപ്പം ധനവാന്മാർക്ക് സാക്ഷാൽ ജീവനെ നേടുവാൻ കഴിയണമെങ്കിൽ അവർ സൽപ്രവൃത്തികളിൽ സമ്പന്നന്മാരായിത്തീർന്ന് ദാനശിലരും ഔദാര്യമുള്ളവരും ആയിത്തീരണമെന്ന് അവരെ ഉപദേശിക്കുവാനും പൗലൊസ് ആവശ്യപ്പെടുന്നു. അത് ഭാവിയിലേക്കുള്ള അവരുടെ നിക്ഷേപമായിരിക്കും എന്ന് ഓർമ്മിപ്പിക്കുന്ന പൗലൊസ് ദൈവരാജ്യത്തിലേക്കുള്ള പ്രയാണത്തിൽ ധനം വരുത്തിവയ്ക്കുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് ദൈവജനത്തിനു വ്യക്തമായ മുന്നറിയിപ്പു നൽകുന്നു.

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ!

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ!

യേശുവിന്റെ സാക്ഷികളായി സുവിശേഷം ഘോഷിക്കുന്നതു നിമിത്തം പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരുടെ വാർത്തകൾ നാം കേൾക്കാറുണ്ട്. ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ ദൈവജനം സഹതപിക്കാറുണ്ട്. ദൈവജനത്തിന്റെ അധികാരം പേറുന്ന നായകന്മാർ പ്രസ്താവനകൾ ഇറക്കുകയും പ്രതിഷേധപ്രകടനങ്ങൾ നടത്തുകയും നിവേദനങ്ങൾ വിതരണം ചെയ്യുകയും ചെയ്യാറുണ്ട്. അതോടെ പ്രതിഷേധത്തിന്റെ തീനാളങ്ങൾ അണഞ്ഞുപോകുന്നു. കർത്താവിനുവേണ്ടി കുരുതികഴിക്കപ്പെട്ടത് തങ്ങളുടെ സഭയിൽ ഉൾപ്പെടാത്തവർ ആയതുകൊണ്ട് മൗനം അവലംബിക്കുന്നവരും പ്രതിഷേധത്തിന്റെ മുഖംമൂടി അണിയുന്നവരും മുതലക്കണ്ണീർ പൊഴിക്കുന്നവരും അനേകരാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ദൈവജനം ചെയ്യേണ്ടത് എന്താണെന്ന് അപ്പൊസ്തലനായ പൗലൊസ് സംശയാതീതമായി വ്യക്തമാക്കുന്നു. “കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എന്നപോലെ അതിവേഗം പ്രചരിക്കുവാനും മഹത്ത്വപ്പെടുവാനുമായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. വക്രതയുള്ളവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കൈയിൽനിന്ന് ഞങ്ങൾ വിടുവിക്കപ്പെടുവാനും പ്രാർത്ഥിക്കുവിൻ.” (2തെസ്സ, 3:1,2). ക്രൈസ്തവർ, ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് “വക്രതയുള്ളവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കൈയിൽനിന്ന് വിടുവിക്കപ്പെടുവാനായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ” എന്ന് തെസ്സലൊനീക്യയിലെ വിശ്വാസികളോട് പൗലൊസ് അപേക്ഷിച്ചത്. ഇന്നത്തെ ക്രൈസ്ഥവസഭകളും സമൂഹങ്ങളും ഈ ശബ്ദം ചെവിക്കൊള്ളേണ്ടിയിരിക്കുന്നു. സഭാവ്യത്യാസമില്ലാതെ, ദേശത്തിന്റെയോ ഭാഷകളുടെയോ അതിരുകളില്ലാതെ, കർത്താവിന്റെ സുവിശേഷം ലോകത്തിന്റെ അറ്റങ്ങളോളം എത്തിക്കുവാൻ ജീവൻ പണയംവച്ചു പ്രവർത്തിക്കുന്ന സഹോദരങ്ങളെ വക്രതയുള്ളവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കൈയിൽനിന്നു രക്ഷിക്കുവാനായി പ്രാർത്ഥിക്കുക എന്നതാണ് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഓരോ ദൈവപൈതലിന്റെയും ഉത്തരവാദിത്വം. എന്തെന്നാൽ പരിഹാരത്തിനായി മണ്മയനായ മനുഷ്യനെ ആശ്രയിക്കുന്നവർക്കു ദൈവത്തിൽനിന്നുള്ള മറുപടി ലഭിക്കുകയില്ല.

ഇടവിടാതെ പ്രാർത്ഥിക്കുവിൻ!

ഇടവിടാതെ പ്രാർത്ഥിക്കുവിൻ!

ക്രൈസ്തവ ലോകത്തുളള ഏറിയകൂറും സഹോദരങ്ങൾ പ്രാർത്ഥിക്കുന്നവരാണ്. എന്നാൽ പ്രാർത്ഥിക്കുന്നതു കൊണ്ടുമാത്രം സ്വർഗ്ഗീയ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ കഴിയുകയില്ല. കാരണം, പ്രാർത്ഥിക്കുന്നു എന്നതിലുപരിയായി എങ്ങനെ പ്രാർത്ഥിക്കുന്നുവെന്ന് ദൈവം ശ്രദ്ധിക്കുന്നു. അത്യുന്നതനായ ദൈവത്തോടുള്ള മനുഷ്യന്റെ കൊച്ചുകൊച്ചു മർമ്മരങ്ങൾപോലും സ്നേഹവാനായ ദൈവം ശ്രദ്ധവച്ചു കേൾക്കുന്നു. മനുഷ്യനിൽ നിന്നുയരുന്ന പ്രാർത്ഥനകളുടെ ആത്മാർത്ഥതയും പരമാർത്ഥതയും സർവ്വശക്തനായ ദൈവം സൂക്ഷ്മതയോടെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുവെന്ന് പ്രാർത്ഥിക്കുന്നവർ പോലും ഓർക്കാറില്ല. “ഈ ജനം അടുത്തുവന്ന് വായകൊണ്ടും അധരം, കൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയം അവർ എന്നിൽനിന്നു ദൂരത്തു വച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി മനഃപാഠമാക്കിയ മാനുഷകല്പനയാകുന്നു” (യെശ, 29:13) എന്ന് യിസ്രായേലിനെക്കുറിച്ച് ദൈവം അരുളിച്ചെയ്യുന്നതിൽനിന്ന് മനുഷ്യനിൽ നിന്നുയരുന്ന പ്രാർത്ഥനകൾ ദൈവം വിവേചിക്കുന്നുവെന്നും വിലയിരുത്തുന്നുവെന്നും വ്യക്തമാകുന്നു. അവർ ആരാധനകളും അമാവാസികളും പെരുന്നാളുകളുമൊക്കെ മോശെയുടെ ന്യായപ്രമാണം അനുസരിച്ച് മനഃപാഠപ്രാർത്ഥനകളോടെ നടത്തുന്നവരായിരുന്നു. അവയിൽ പാപങ്ങളെക്കുറിച്ചുള്ള അനുതാപമോ പുതിയ സൃഷ്ടികളായിത്തീരുവാനുള്ള ആവേശമോ ദൈവത്തോടുള്ള സ്നേഹമോ ഇല്ലായിരുന്നു. എന്നാൽ ദമസ്കൊസിൽ നേർവീഥി എന്ന തെരുവിൽ യൂദായുടെ വീട്ടിൽ പാർക്കുന്ന തർസൊസുകാരനായ ശൗൽ എന്നു പേരുള്ളവനെ അന്വേഷിക്കുവാൻ കർത്താവ് തന്റെ ശിഷ്യനായ അനന്യാസിനോടു കല്പിക്കുന്നു. അതിന്റെ കാരണവും കർത്താവ് വ്യക്തമാക്കുന്നു. “അവൻ പ്രാർത്ഥിക്കുന്നു.” (പ്രവൃ, 9:11). മാത്രമല്ല, അന്ധനായിത്തീർന്ന അവൻ കാഴ്ച പ്രാപിക്കുന്നതിനായി അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ തലയിൽ കൈ വയ്ക്കുന്നത് അവൻ കണ്ടിരിക്കുന്നു എന്നുകൂടി കർത്താവ് പറയുന്നതിൽ നിന്ന്, ആ മനുഷ്യൻ ഏതു നാട്ടുകാരനാണെന്നും അവൻ പാർക്കുന്നത് എവിടെയാണെന്നും അവന്റെ അവസ്ഥ എന്താണെന്നും മനസ്സിലാക്കുവാൻ അവന്റെ പ്രാർത്ഥന മുഖാന്തരമൊരുക്കി. അങ്ങനെ തന്റെ പ്രാർത്ഥനകൊണ്ട് സ്വർഗ്ഗത്തിന്റെ വാതായനങ്ങൾ തുറന്ന ശൗൽ എന്ന പൗലൊസാണ് തന്റെ ആത്മീയമക്കളോട് “ഇടവിടാതെ പ്രാർത്ഥിക്കുവിൻ” (1തെസ്സ, 5:17) എന്ന് ആഹ്വാനം ചെയ്യുന്നത്. പരമാർത്ഥത നിറഞ്ഞ പ്രാർത്ഥനകൾ നമ്മിൽനിന്ന് ഇടവിടാതെ ഉയരുമ്പോൾ, നാം ദൈവസന്നിധിയിൽ വിലയം പ്രാപിക്കുകയും ദൈവത്തിന്റെ പരിശുദ്ധാത്മാവ് സദാ നമ്മിൽ വസിച്ച് നമ്മെ വഴിനടത്തുവാൻ അതു മുഖാന്തരമൊരുക്കുകയും ചെയ്യുന്നു. ലോകത്തിന്റെ മോഹങ്ങളിലേക്കോ പാപത്തിന്റെ പെരുവഴികളിലേക്കോ ശ്രദ്ധതിരിക്കുവാൻ ഇടയാകാതെ ദൈവസന്നിധിയിൽ ഉയരുവാനും വളരുവാനും ഇടവിടാതെയുള്ള നമ്മുടെ പ്രാർത്ഥനകൾ സഹായിക്കുന്നു. ആ പ്രാർത്ഥനകൾ, ശബ്ദകോലാഹലങ്ങളോ മനഃപാഠശകലങ്ങളാ സാഹിത്യം കുത്തിത്തിരുകിയ പ്രസ്താവനകളോ അല്ല; പിന്നെയോ, കരുണാമയനായ ദൈവത്തിന്റെ സന്നിധിയിലേക്ക് ഇടവിടാതെ മനസ്സു പകരുന്ന അതിവിശുദ്ധമായ അവസ്ഥയാണ്. അതുകൊണ്ട് ഒരു ദൈവപൈതലിന് ഏതു സമയത്തും ഏതു സാഹചര്യത്തിലും ഏതവസ്ഥയിലും ഇടവിടാതെ പ്രാർത്ഥിക്കുവാൻ കഴിയണം.

ഭാര്യയെ സ്നേഹിക്കുക

ഭാര്യയെ സ്നേഹിക്കുക

ഭർത്താവ് ഭാര്യയുടെ തലയാകുന്നുവെന്നും ഭാര്യ ഭർത്താവിനോട് ആദരവോടെ പെരുമാറണമെന്നും സർവ്വത്തിലും കീഴടങ്ങണമെന്നും നിർബ്ബന്ധമായി നിർദ്ദേശിക്കുന്ന അപ്പൊസ്തലനായ പൗലൊസ്, ഭാര്യ അവയെല്ലാം പ്രാവർത്തികമാക്കുവാൻ ഭർത്താവ് ഭാര്യയെ നേഹിക്കണമെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. (കൊലൊ, 3:18,19). കുടുംബ നാഥനെന്നനിലയിൽ കുടുംബത്തെ പോറ്റിപ്പുലർത്തുവാൻ അത്യദ്ധ്വാനം ചെയ്യുന്നത് ഭാര്യയെ സ്നേഹിക്കുന്നതുകൊണ്ടല്ലേ എന്നു ചോദിക്കുന്ന ഭർത്താക്കന്മാർ ഏറെയാണ്. അവരെ സംബന്ധിച്ച് ഭാര്യമാർ കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തുവാനും ഭക്ഷണം പാകം ചെയ്യുവാനും ഭവനം സൂക്ഷിക്കുവാനുമുള്ള ‘അനുയോജ്യമായ തുണ’കളാണ്. ഇങ്ങനെയുള്ള സ്നേഹമല്ല ക്രിസ്തീയ കുടുംബജീവിതത്തിൽ ഭർത്താവിൽനിന്ന് ഉണ്ടാകേണ്ടതെന്ന് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. ഒന്നാമതായി, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം (എഫെ, 5:25). സഭയ്ക്കായി തന്റെ ജീവനെ നൽകിയ ക്രിസ്തുവിന്റെ ത്യാഗനിർഭരമായ സ്നേഹം ഭർത്താക്കന്മാരിൽ ഉരുവാകണം. രണ്ടാമതായി, ഭാര്യമാരെ തങ്ങളുടെ ശരീരങ്ങളെപ്പോലെ ഭർത്താക്കന്മാർ സ്നേഹിക്കണമെന്ന് പൗലൊസ് ഉപദേശിക്കുന്നു. (എഫെ, 5:28). സ്വന്തം ശരീരങ്ങൾക്കു നൽകുന്നതുപോലെയുള്ള കരുതലും ശ്രദ്ധയും സൂക്ഷ്മതയും ഭാര്യയ്ക്കു നൽകി സ്നേഹം പ്രാവർത്തികമാക്കുന്ന ഭർത്താവ് തന്നെത്തന്നെ സ്നേഹിക്കുന്നുവെന്നു കൂട്ടിച്ചേർക്കുന്ന അപ്പൊസ്തലൻ, ഭർത്താവ് ഇങ്ങനെ സ്നേഹിക്കുമ്പോൾ ഭാര്യയിൽനിന്ന് അവനിലേക്ക് അനർഗ്ഗളമായി ഒഴുകുന്ന സ്നേഹത്തെയും ശുശ്രൂഷയെയുമാണ് വരച്ചുകാട്ടുന്നത്. സ്ത്രീകൾ ബലഹീനപാതം എന്നും അവർ ജീവന്റെ കൂട്ടവകാശികൾ എന്നും ഓർത്ത് അവർക്ക് ബഹുമാനം കൊടുക്കുവാൻ (1പത്രൊ, 3:7) ഭർത്താക്കന്മാരെ ഉദ്ബോധിപ്പിക്കുന്ന പത്രൊസ്, ഭർത്താവ് ഭാര്യയ്ക്ക് നൽകേണ്ട സ്നേഹത്തെയും കരുതലിനെയും ചുണ്ടിക്കാണിക്കുന്നു. അതിനു കഴിയുന്നില്ലെങ്കിൽ തങ്ങളുടെ പ്രാർത്ഥനയ്ക്കു മുടക്കം വരുമെന്നുള്ള താക്കീത് ദൈവഭക്തിയിൽ ജീവിക്കുകയും ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ ഭർത്താക്കന്മാർക്കും മാർഗ്ഗദീപമാകണം.

സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം

സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം

സമാധാനത്തിനുവേണ്ടി മനുഷ്യൻ പരക്കം പായുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സമാധാനത്തിനു വേണ്ടി മദ്യപിക്കുന്നവരുടെയും മയക്കുമരുന്നുകളെ ആശ്രയിക്കുന്നവരുടെയും പുകവലിക്കുന്നവരുടെയും എണ്ണം അനുനിമിഷം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ധനം വാരിക്കൂട്ടുവാൻ അദ്ധ്വാനിക്കുന്നവർ, സ്ഥാനമാനങ്ങൾ പിടിച്ചു പറ്റുവാൻ ശ്രമിക്കുന്നവർ, ഉന്നത വിദ്യാഭ്യാസത്തിനായി അക്ഷീണം പരിശ്രമിക്കുന്നവർ തുടങ്ങി എല്ലാവരും സമാധാനത്തിനുവേണ്ടിയുള്ള പ്രയാണം അസമാധാനത്തോടെ തുടരുന്നവരാണ്. എന്നാൽ കഷ്ടതയിലൂടെയും പീഡനത്തിലൂടെയും അസമാധാനത്തോടെയും കടന്നുപോയ ഫിലിപ്പിയിലെ വിശ്വാസികളോട് സമാധാനം നേടുവാൻ അവർ ചെയ്യേണ്ടതെന്തെന്ന് പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. അവർ ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ അവരുടെ എല്ലാ ആവശ്യങ്ങളും പ്രാർത്ഥനയാലും അപേക്ഷയാലും സ്തോത്രത്തോടെ ദൈവത്തെ അറിയിക്കുകയാണു വേണ്ടതെന്ന് പൗലൊസ് അവരെ ഉദ്ബോധിപ്പിക്കുന്നു. (ഫിലി, 4:6). പ്രയാസങ്ങളുടെയും പ്രതിബന്ധങ്ങളുടെയും മുമ്പിൽ അടിപതറാതെ ആവശ്യങ്ങൾ എന്തുതന്നെയായിരുന്നാലും അവ ദൈവസന്നിധിയിൽ സമർപ്പിച്ച് സ്തോത്രത്തോടെ പ്രാർത്ഥിക്കണമെന്ന് അപ്പൊസ്തലൻ നിഷ്കർഷിക്കുന്നു. കാരണം പർവ്വതസമാനമായ പ്രശ്നങ്ങൾ കടന്നുവരുമ്പോൾ അനേകർ പ്രാർത്ഥിക്കുമെങ്കിലും സ്തോത്രത്തോടെ പ്രാർത്ഥിക്കുവാൻ പലർക്കും കഴിയാറില്ല. സ്തോത്രത്തോടെ പ്രാർത്ഥിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സ്തോത്രം എന്ന പദം ആവർത്തിച്ച് ഉച്ചരിക്കുക എന്നതല്ല. പിന്നെയോ, ജീവിതത്തിന്റെ കഴിഞ്ഞുപോയ നാളുകളിൽ ദൈവം ചെയ്ത അത്ഭുതങ്ങൾ ഓർത്ത്, ദൈവം ചൊരിഞ്ഞ സ്നേഹത്തെ ഓർത്ത് ഹൃദയത്തിന്റെ അഗാധതയിൽനിന്ന് ദൈവത്തിന് സ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ട് നമ്മുടെ പ്രശ്നങ്ങൾക്കുവേണ്ടി ദൈവത്തോടു യാചിക്കണം. അപ്പോൾ നമ്മുടെ ആകുലങ്ങളെ ആട്ടിപ്പായിച്ചു കൊണ്ട് സകല ബുദ്ധിക്കും അതീതമായ ദൈവത്തിന്റെ സമാധാനത്താൽ ദൈവം നമ്മ സംരക്ഷിക്കും. (ഫിലി, 4:7). ലോകത്തിന് ആ സമാധാനം തരുവാനോ മനസ്സിലാക്കുവാനോ കഴിയുകയില്ല. എന്തെന്നാൽ അത്, “എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെയല്ല” (യോഹ, 14:27) എന്ന് അരുളിച്ചെയ്ത യേശു തരുന്ന സമാധാനമാണ് – സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം.

കർത്താവിനെന്നപോലെ ഭർത്താവിനു കീഴടങ്ങുക

കർത്താവിനെന്നപോലെ ഭർത്താവിനു കീഴടങ്ങുക

മൂന്നാം സഹസ്രാബ്ദത്തിലെ മാനവരാശിയുടെ സാമൂഹ്യഘടനയിൽ സ്ത്രീകളുടെ പ്രാധാന്യം അത്യധികം വർദ്ധിച്ചിരിക്കുന്നു. പുരുഷന്മാർ ചെയ്യുന്ന ജോലികളൊക്കെയും തങ്ങൾക്കും ചെയ്യുവാൻ കഴിയുമെന്ന് രാഷ്ട്രങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും ബഹിരാകാശപേടകങ്ങളെയും നിയന്ത്രിച്ചുകൊണ്ട് സ്ത്രീകൾ തെളിയിച്ചുകഴിഞ്ഞു. ആത്മീയ ലോകത്ത് പൗരോഹിത്യപദവിയിലേക്ക് സ്ത്രീകൾ ഉയർത്തപ്പെട്ടതോടെ പരമ്പരാഗതമായി പുരുഷന്റേതുമാത്രമായിരുന്ന ആ അധികാരം പേറുവാനും തങ്ങൾക്കു കഴിയുമെന്ന് അവർ തെളിയിച്ചിരിക്കുകയാണ്. അങ്ങനെ സമത്വത്തിനുവേണ്ടിയും വിമോചനത്തിനു വേണ്ടിയും സ്വാതന്ത്ര്യത്തിനുവേണ്ടിയും ശബ്ദമുയർത്തുമ്പോഴും അവൾ ഒരു ഭാര്യയാണ് എന്നുള്ള യാഥാർത്ഥ്യം അവശേഷിക്കുന്നു. പരിശുദ്ധാത്മനിറവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആദിമസഭയിൽ പരിശുദ്ധാത്മാവിൽ ഭാര്യാഭർത്താക്കന്മാർ വളരുവാനും അവരുടെ കുടുംബജീവിതം ദൈവത്തിനു പ്രസാദകരമായിത്തീരുവാനും ഭാര്യാഭർത്താക്കന്മാർ അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് തന്റെ ലേഖനങ്ങളിലൂടെ ആവർത്തിച്ച് ഉദ്ബോധിപ്പിച്ചിരുന്നു. ഭാര്യമാർ കർത്താവിന് എന്നപോലെ സ്വന്തം ഭർത്താക്കന്മാർക്കു കീഴടങ്ങണമെന്ന് പൗലൊസ് പ്രബോധിപ്പിക്കുന്നു. (എഫെ, 5:22). മാത്രമല്ല, ക്രിസ്തു സഭയുടെ തലയായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ തലയാകുന്നു. (എഫെ, 5:23). തന്റെ തലയാകുന്ന ഭർത്താവിനോട് ഭാര്യ ഭക്ത്യാദരവുകളോടെ വർത്തിക്കണം. (എഫെ, 5:33). അപ്പൊസ്തലനായ പത്രൊസും ആദിമസഭയിലെ വിശ്വാസികളെ ഉപദേശിക്കുന്നത് ഇതുതന്നെയാണ്. “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ;”(1പത്രൊ, 3:1). ‘കീഴടങ്ങുക’ എന്നു പറയുമ്പോൾ യുദ്ധത്തിൽ ഒരു സൈന്യം പ്രബലമായ മറ്റൊരു സൈന്യത്തിനു കീഴടങ്ങുന്നതുപോലെയുള്ള അവസ്ഥയല്ല വിവക്ഷിക്കുന്നത്; പ്രത്യുത, ഭർത്താവ് തന്റെ തലയാകുന്നുവെന്ന് സമ്പൂർണ്ണമായി അംഗീകരിച്ചുകൊണ്ട്, ആ തലയില്ലെങ്കിൽ ഉടലായ തനിക്ക് യാതൊരു നിലയും വിലയുമില്ലെന്ന ബോധ്യത്തോടുകൂടെ ഭാര്യ ഭർത്താവിനെ അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നാണ് അപ്പൊസ്തലന്മാർ ഉദ്ബോധിപ്പിക്കുന്നത്. കുടുംബജീവിതത്തിൽ ഭാര്യമാർക്ക് ഈ ഗുണഗണങ്ങൾ പ്രാവർത്തികമാക്കുവാൻ കഴിയാത്തതുകൊണ്ടാണ് കുടുംബജീവിതങ്ങൾ തകർന്ന് വിവാഹമോചനം അനുദിനം പെരുകി തലമുറകളുടെ ഭാവി തകർന്നുടയുന്നത്.

പുതിയ സൃഷ്ടിയത്രേ കാര്യം

പുതിയ സൃഷ്ടിയത്രേ കാര്യം

ബാഹ്യമായ ആചാരാനുഷ്ഠാനങ്ങൾക്ക് മനുഷ്യൻ എന്നും പ്രാധാന്യം കല്പിക്കുന്നുണ്ട്. എന്നാൽ അവയുടെ അന്തഃസത്ത ഉൾക്കൊണ്ട് ആന്തരികമായ പരിവർത്തനത്തിനു വിധേയനാകുവാൻ അവൻ തയ്യാറാകുന്നില്ല. അത്യുന്നതനായ ദൈവം തനിക്കായി ഒരു ജനതയെ വാർത്തെടുക്കുവാൻ അബ്രാഹാമിനെ വിളിച്ചു വേർതിരിച്ചു. ദൈവവുമായുള്ള ഉടമ്പടിയുടെ അടയാളമായി തൊണ്ണൂറ്റൊമ്പതു വയസ്സുകാരനായ അബ്രാഹാമും അവന്റെ വീട്ടിലുണ്ടായിരുന്ന പുരുഷന്മാരൊക്കെയും പരിച്ഛേദനയേറ്റു. മാത്രമല്ല, ദൈവത്തിന്റെ ഉടമ്പടി അവരുടെ ശരിരത്തിൽ നിത്യ ഉടമ്പടിയായിരിക്കേണ്ടതിന് തലമുറതലമുറയായി അവരുടെ എല്ലാ ആൺകുഞ്ഞുങ്ങളും എട്ടു ദിവസം പ്രായമാകുമ്പോൾ പരിച്ഛേദനയേല്ക്കണമെന്ന് ദൈവം കല്പിച്ചു. (ഉല്പ, 17:12,13). ആ ഉടമ്പടി അവർ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കി ദൈവജനത്തിന്റെ അടയാളം പേറുന്നവരെങ്കിലും, അവർ ആ അടയാളം പേറിക്കൊണ്ടു തന്നെ അന്യദൈവങ്ങളെ ആരാധിച്ചു. ദൈവം അവരെ ശിക്ഷകളിലൂടെയും ശിക്ഷണങ്ങളിലുടെയും നടത്തിയപ്പോഴും പരിച്ഛേദനയുടെ ഉടമ്പടി അഭംഗുരം പാലിക്കപ്പെട്ടു. പെന്തെക്കോസ്തു പെരുന്നാളിനുശേഷം പരിശുദ്ധാത്മനിറവിലും ശക്തിയിലും ശിഷ്യന്മാർ പ്രവർത്തിക്കുവാൻ തുടങ്ങിയപ്പോൾ വിജാതീയരായ അനേകർ യേശുവിൽ വിശ്വസിച്ചു. അവർ പരിച്ഛേദനയേല്ക്കണമെന്ന വാദമുഖം ശിഷ്യന്മാരുടെ ഇടയിൽത്തന്നെ ഉണ്ടായി. അതു കൊണ്ടാണ്, “പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം” (ഗലാ, 6:15) എന്ന് അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കുന്നത്. ബാഹ്യമായ ചടങ്ങുകളെക്കാളും അടയാളങ്ങളെക്കാളും ആന്തരികമായ പരിവർത്തനമാണ് ആവശ്യമായിരിക്കുന്നതെന്ന് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവ് വരുത്തുന്ന ആന്തരിക പരിവർത്തനമാണ് ഒരു വ്യക്തിയെ പുതിയ സ്യഷ്ടിയാക്കുന്നത്. പരിശുദ്ധാത്മാവ് നയിക്കുന്ന പുതിയ സൃഷ്ടിയെ തിരിച്ചറിയുന്നത് പ്രത്യേകമായ അനുഷ്ഠാനങ്ങൾകൊണ്ടോ ശബ്ദകോലാഹലങ്ങൾകൊണ്ടോ അല്ല; പിന്നെയോ യേശുവിന്റെ സ്നേഹവും സാന്ത്വനവും സമാധാനവും സൗമ്യതയും സഹിഷ്ണുതയും ശക്തിയും പരിശുദ്ധാത്മനിറവിൽ ആ വ്യക്തിയിലൂടെ അനേകരിലേക്ക് അനർഗ്ഗളമായി പ്രവഹിക്കുമ്പോഴാണ്.

മാംസരക്തങ്ങളോടു ആലോചിക്കാത്തവർ

മാംസരക്തങ്ങളോടു ആലോചിക്കാത്തവർ

യേശുവിന്റെ സ്നേഹനിർഭരമായ വിളി അനേകർ കേൾക്കാറുണ്ട്. ആ വിളികേട്ട് യേശുവിന്റെ സന്നിധിയിലേക്കു വന്ന് യേശുവിനുവേണ്ടി പ്രവർത്തിക്കണമെന്ന് അവരിൽ ഒരു വലിയ വിഭാഗം ആഗ്രഹിക്കാറുമുണ്ട്. എന്നാൽ യേശുവിന്റെ വിളി അനുസരിക്കുവാനുള്ള തങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ആലോചിക്കുമ്പോൾ യേശുവിന്റെ വിളി അവഗണിക്കുവാൻ പലപ്പോഴും നിർബന്ധിതരായിത്തീരും. എന്തെന്നാൽ വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾ, ഭാര്യ അഥവാ ഭർത്താവ്, മക്കൾ, സ്നേഹിതർ തുടങ്ങിയവർ സൃഷ്ടിക്കുന്ന കടമകളുടെയും കടപ്പാടുകളുടെയും സ്നേഹബന്ധങ്ങളുടെയും ചോദ്യശരങ്ങൾക്കു മുമ്പിൽ യേശുവിന്റെ വിളി അവർക്കു തിരസ്കരിക്കേണ്ടിവരുന്നു. എന്നാൽ ദൈവത്തിന്റെ വിളി കേൾക്കുമ്പോൾ, മാംസരക്തങ്ങളായ മനുഷ്യരോട് ആലോചിക്കാതെ (ഗലാ, 1:16) ദൈവത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നവരെയാണ് ദൈവം എടുത്തുപയോഗിക്കുന്നതെന്ന് പൗലൊസിന്റെ അനുഭവം തെളിയിക്കുന്നു. എന്തെന്നാൽ തന്നെ വിളിക്കുന്ന നീതിമാനും സ്നേഹവാനുമായ ദൈവം തന്റെ പ്രിയപ്പെട്ടവരെക്കാളുപരി തന്നെ കരുതുവാൻ മതിയായവനാണെന്ന് വിശ്വസിക്കുന്നവനു മാത്രമേ ആരോടും ചോദിക്കാതെ ദൈവത്തിന്റെ വിളി കേൾക്കുന്ന നിമിഷത്തിൽത്തന്നെ ദൈവത്തിനായി മുമ്പോട്ട് എടുത്തു ചാടുവാൻ കഴിയുകയുള്ളു. അതോടൊപ്പം, യേശുവിനോടുകൂടെ ഉണ്ടായിരുന്ന അപ്പൊസ്തലന്മാർ യെരുശലേമിൽ ഉണ്ടായിരുന്നുവെങ്കിലും അവരുടെ അടുത്തേക്ക് പോകാതെ അറേബ്യയിലേക്കാണ് താൻ പോയതെന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു. കാരണം, ദമസ്കൊസിലേക്കുള്ള പ്രയാണത്തിൽ വച്ച് യേശു അവനെ വിളിച്ചപ്പോൾ, “നീ എഴുന്നേറ്റ് പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടതെന്തെന്ന് അവിടെവച്ച് നിന്നോടു പറയും” (പ്രവൃ, 9:6) എന്നാണ് അരുളിച്ചെയ്തത്. ഗമാലീയേലിന്റെ പാദപീഠത്തിലിരുന്നു പഠിച്ചവനും പരീശനുമായ ശൗൽ യേശുവിന്റെ വിളി കേൾക്കുക മാത്രമല്ല, യേശുവിനെ അനുസരിച്ച് മൂന്നുവർഷം ആരാലും അറിയപ്പെടാത്തവനായി കഷ്ടതകൾ സഹിച്ച് അറേബ്യാമരുഭൂമിയിൽ യേശുവിന്റെ ശിക്ഷണത്തിൽ ചെലവഴിച്ചു, എന്ന യാഥാർത്ഥ്യം യേശുവിന്റെ വിളികേട്ട് ഇറങ്ങിത്തിരിക്കുന്ന ഓരോരുത്തർക്കും മാർഗ്ഗദീപമാകണം. യേശുവിൻ്റെ വിളികേട്ട് മാംസരക്തങ്ങളോട് ആലോചിക്കാതെ ഇറങ്ങിത്തിരിക്കുന്നതോടൊപ്പം താൻ കല്പിക്കുന്നതെന്തും സമ്പൂർണ്ണമായി അനുസരിക്കുകകൂടി ചെയ്യുന്നവരെയാണ് യേശുവിന് ആവശ്യമായിട്ടുള്ളത്. അവരെയാണ് യേശു മനുഷ്യരെ പിടിക്കുന്നവരാക്കിത്തീക്കുന്നതെന്ന് പൗലൊസിന്റെ അനുഭവം പഠിപ്പിക്കുന്നു.