All posts by roy7

ചുങ്കക്കാരൻ

ചുങ്കക്കാരൻ (a publican)

റോമാസാമ്രാജ്യത്തിനു വേണ്ടി നികുതി പിരിച്ചിരുന്നവരെയാണ് ചുങ്കക്കാരൻ എന്നു വിളിച്ചിരുന്നത്. ബി.സി. 212 മുതൽതന്നെ നികുതി പിരിക്കുവാനുള്ള അവകാശം ലേലംചെയ്ത് കൊടുത്തിരുന്നു. പുതിയനിയമകാലത്ത് യിസ്രായേൽ റോമൻ ഭരണത്തിൻ കീഴിലായിരുന്നു. റോമൻ അധികാരികൾ യിസ്രായേലിൽ വർദ്ധിച്ച നികുതി ചുമത്തുകയും അതു നിർദ്ദയമായും, വ്യവസ്ഥാപിതമായും പിരിച്ചെടുക്കുകയും ചെയ്തിരുന്നു. തലവരി, ഭൂനികുതി എന്നിങ്ങനെയുള്ള സാധാരണ നികുതികൾ പലസ്തീനിലെ റോമൻ അധികാരികൾ നേരിട്ടു പിരിച്ചെടുത്തു. പാലത്തിനു ചുങ്കം, റോഡിനു ചുങ്കം, പട്ടണങ്ങളിൽ ക്രയവിക്രയ സാധനങ്ങൾക്കു ചുങ്കം, കയറ്റുമതികൾക്കും ഇറക്കുമതികൾക്കും ചുങ്കം എന്നിങ്ങനെ ഒട്ടേറെ ചുങ്കങ്ങൾ ഏർപ്പെടുത്തി. ചുങ്കം പിരിവ് സമ്പന്നരായ കോൺട്രാക്ടർമാർക്കു നല്കി. ഒരു പ്രദേശത്തു നിന്നും ചുങ്കം പിരിക്കുന്നതിനുള്ള അവകാശത്തിന് ഒരു നിശ്ചിതതുക അവർ മുൻകൂറായി ഭണ്ഡാരത്തിൽ അടച്ചിരുന്നു. കോൺട്രാക്ടർമാർ തദ്ദേശവാസികൾ ആയിരുന്നില്ല. അവർ തങ്ങളുടെ കീഴിൽ തദ്ദേശവാസികളായ ചുങ്കക്കാരെ നിയമിച്ചിരുന്നു. സക്കായി ചുങ്കക്കാരിൽ പ്രമാണി (ആർക്കി ടെലോനീസ്) ആയിരുന്നു. (ലൂക്കൊ, 19:2). യെരീഹോവിലെ ചുങ്കം മുഴുവൻ പിരിച്ചെടുത്തിരുന്നതു സക്കായി ആയിരുന്നു എന്നും അയാളുടെ കീഴിൽ ചുങ്കക്കാർ ഉണ്ടായിരുന്നു എന്നും സക്കായിയുടെ വിശേഷണം വ്യക്തമാക്കുന്നു. ചുങ്കം ശേഖരിക്കുന്നവർ അതാതു ദേശത്തു നിന്നുള്ളവരാണ്. നാട്ടുകാരെ ശരിക്കു മനസ്സിലാക്കി കബളിപ്പിക്കപ്പെടാതെ ചുങ്കം പിരിച്ചെടുക്കുകയായിരുന്നു അതിൻ്റെ ലക്ഷ്യം. സക്കായിയുടെ വാക്കുകൾ അമിതമായ നികുതി പിരിവിനെ അംഗീകരിക്കുന്നു. (ലൂക്കൊ, 19:8(. സ്നാനം ഏൽക്കുവാൻ വന്ന ചുങ്കക്കാർക്ക് കല്പിച്ചതിൽ അധികം പിരിക്കരുത് എന്ന ഉപദേശമാണ് യോഹന്നാൻ സ്നാപകൻ നൽകിയത്. (ലൂക്കൊ, 3:13). ഇതു കല്പിച്ചതിലധികം അവർ നിയമേന പിരിച്ചുവെന്ന് വെളിപ്പെടുത്തുന്നു. ഇങ്ങനെ നിന്ദ്യരും വെറുക്കപ്പെട്ടവരും ആയ ഒരു കൂട്ടരായിരുന്നു ചുങ്കക്കാർ. സ്വാർത്ഥതയുടെ ഉദാഹരണമായി ക്രിസ്തു ചൂണ്ടിക്കാട്ടിയത് ചുങ്കക്കാരെയാണ്. (മത്താ, 5:48).

ഒരു യഥാർത്ഥ യെഹൂദന് ചുങ്കക്കാരൻ അറപ്പായിരുന്നു. കാർമ്മികമായി അശുദ്ധനാണ് ചുങ്കക്കാര. എല്ലായ്പോഴും വിജാതീയരുമായി അവൻ ഇടപഴകുന്നതാണു പ്രധാനകാരണം. മാത്രവുമല്ല, ശബ്ബത്തുനാളിൽ വേല ചെയ്യുവാനും ചുങ്കക്കാരൻ നിർബന്ധിതനാണ്. ചുങ്കക്കാരനോടൊപ്പം ഭക്ഷിക്കരുതെന്ന് ശിഷ്യന്മാരോട് റബ്ബിമാർ ഉപദേശിച്ചിരുന്നു. ചുങ്കക്കാരോടും പാപികളോടും ഒപ്പം കർത്താവു ഭക്ഷണത്തിനു ഇരുന്നു: (മത്താ, 9:10; 11:19; മർക്കൊ, 2:15; ലൂക്കൊ, 5:30; 7:34; 15:1,2). ചുങ്കക്കാരെയും വേശ്യമാരെയും (മത്താ, 21:31) ഒരുമിച്ചു പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. സഭയെയും കൂട്ടാക്കാഞ്ഞാൽ പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ അവൻ നിനക്കു ഇരിക്കട്ടെ (മത്താ, 18:17) എന്ന കല്പനയുടെ ഉദ്ദേശ്യവും ഗൗരവവും വ്യക്തമാണ്. യോഹന്നാൻ സ്നാപകന്റെയും യേശുവിന്റെയും ആദ്യകാലശിഷ്യന്മാരിൽ ചിലർ ചുങ്കക്കാരായിരുന്നു; സക്കായി ചുങ്കക്കാരിൽ പ്രമാണിയും. തല്മൂദ് രണ്ടു വിഭാഗത്തെക്കുറിച്ചു പറയുന്നുണ്ട്: നികുതി പിരിവുകാരും ചുങ്കം പിരിവുകാരും. ഇരുവിഭാഗങ്ങളും ഒന്നുപോലെ നിഷിദ്ധരാണെങ്കിലും ചുങ്കക്കാർ കൂടുതൽ നിഷിദ്ധരായിരുന്നു. മത്തായി (ലേവി) ഇപ്രകാരമുള്ള ചുങ്കക്കാരൻ ആയിരുന്നു. നികുതി പിരിവുകാർ ക്രമമനുസരിച്ചുളള തുക, നിലം, വരവ്, തലവരി എന്നിവയിൽ നിന്നും പിരിച്ചെടുത്തിരുന്നു. ചുങ്കക്കാർ പാവപ്പെട്ടവരുടെ മേൽ അധികം ചുങ്കം ചുമത്തുകയും നിർദ്ദാക്ഷിണ്യം പിരിച്ചെടുക്കുകയും ചെയ്തു. കൊള്ളക്കാർക്കു സമമായി ചുങ്കക്കാർ ഗണിക്കപ്പെട്ടു. തങ്ങളുടെ അധീശരായ ശ്രതുക്കളെ സേവിക്കുകയും സ്വജനത്തെ പീഡിപ്പിക്കുകയും ചെയ്യുന്നവരാണ് ചുങ്കക്കാർ. ചുങ്കക്കാരുടെ അഴിമതിയെയും കൊള്ളരുതായ്മയെയും ക്രിസ്തു എതിർത്തു; എങ്കിലും അശുദ്ധരായി കരുതി അവരെ അകറ്റി നിറുത്തിയില്ല. സ്വന്തം അവസ്ഥ ഏററുപറഞ്ഞ ചുങ്കക്കാരനെ ക്രിസ്തു ശ്ലാഘിച്ചു. (ലൂക്കൊ, 18:10-14).

ചാവുകടൽ ചുരുളുകൾ

ചാവുകടൽ ചുരുളുകൾ  (Dead Sea Scrolls)

പഴയനിയമ പാഠചരിത്രത്തിലും പുരാവസ്തു വിജ്ഞാനീയത്തിലും ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ചാവുകടൽ ചുരുളുകളുടെ കണ്ടുപിടിത്തം. തികച്ചും ആകസ്മികമായാണ് ഈ ചുരുളുകൾ കണ്ടുപിടിക്കപ്പെട്ടത്. 1947 ഫെബ്രുവരിയിലോ മാർച്ചിലോ മുഹമ്മദ് അദ്-ദിബ് (Muhammad adh-Dhib) എന്ന ഇടയയുവാവ് നഷ്ടപ്പെട്ടുപോയ ആടിനെതേടി യെരീഹോവിനു 14 കി.മീ. തെക്കു ചാവുകടലിന്റെ പടിഞ്ഞാറെ തീരത്തുള്ള ഒരു കുന്നിലെ ഗുഹയിൽ പ്രവേശിച്ചു. അതിനകത്ത് പല ഭരണികൾ ഇരിക്കുന്നതായി അവൻ കണ്ടു. ലിനൻ തുണിയിൽ പൊതിഞ്ഞ തോൽ ചുരുളുകളായിരുന്നു അവകളിൽ. ഈ ചുരുളുകൾ വില്ക്കുവാൻ ശ്രമിച്ചു എങ്കിലും ആദ്യം സാധിച്ചില്ല. ഒടുവിൽ പല കൈകൾ മാറി അവ എബ്രായ സർവ്വകലാശാലയിൽ വന്നെത്തി. 

ചാവുകടൽ ചുരുളുകൾ കണ്ടുപിടിക്കുന്നതുവരെ നമുക്കു ലഭിച്ചിരുന്ന പഴയനിയമത്തിന്റെ ഏറ്റവും പുരാതനമായ കയ്യെഴുത്തു പ്രതികളുടെ കാലം ഒമ്പതാം ശതകത്തിന്റെ അന്ത്യപാദമായിരുന്നു. പഴയനിയമത്തിന്റെ പുരാതന കൈയെഴുത്തു പ്രതിയെക്കാൾ എട്ടു നൂറ്റാണ്ടു കൂടുതൽ പഴക്കമുള്ളവയായിരുന്നു പുതിയനിയമത്തിൻ്റെ കൈയെഴുത്തു പ്രതികൾ. ചാവുകടലിനടുത്തുള്ള കുമ്രാൻ ഗുഹകളിൽനിന്നും കണ്ടെടുത്ത ചുരുളുകൾ ഈ ധാരണയെ പാടേ മറിച്ചുകളഞ്ഞു. ക്രിസ്തുവിനു മുമ്പു തന്നെയുള്ള കൈയെഴുത്തു പ്രതികൾ നമുക്കു ലഭ്യമായി. എസ്ഥറിന്റെ പുസ്തകം ഒഴികെയുള്ള എല്ലാ പഴയനിയമ പുസ്തകങ്ങളുടെയും ചുരുളുകൾ കണ്ടെടുത്തു. ഈ ചുരുളുകൾ നാം ഉപയോഗിച്ചു വന്ന പഴയനിയമപാഠത്തെ സ്ഥിരീകരിക്കുന്ന ഒരു വലിയ സാക്ഷ്യമാണ്. പരസ്പരബന്ധമില്ലാത്ത മൂന്നു ഗണങ്ങളിലുൾപ്പെടുന്നവയാണ് ചാവുകടൽച്ചുരുളുകൾ. (കുമ്രാനിലെ ഒന്നാം ഗുഹയിൽ കണ്ടുകിട്ടിയ യെശയ്യാ പ്രവചനത്തിന്റെ ഒരു ഭാഗം:;യെശ, 57:17-59:9, ചിത്രം 1).

1947-നും 1956-നും ഇടക്ക്, പശ്ചിമേഷ്യയിൽ ചാവുകടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തെ പുരാതന ജനവാസകേന്ദ്രമായ ഖിർബത് കുമ്രാനോടു ചേർന്നുള്ള കുമ്രാൻ താഴ്വരയിലെ പതിനൊന്നു ഗുഹകളിൽ നിന്ന് കണ്ടുകിട്ടിയ തൊള്ളായിരത്തോളം ലിഖിതരേഖകളാണ് ചാവുകടൽ ചുരുളുകൾ. ഇവയിൽ ഒരു പ്രധാനഭാഗം എബ്രായ ബൈബിളിലെ ഗ്രന്ഥങ്ങളും ഗ്രന്ഥഭാഗങ്ങളുമാണ്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിനപ്പുറത്തുനിന്ന് ഇന്നു ലഭ്യമായ ചുരുക്കം ബൈബിൾ രേഖകളിൽ ഉൾപ്പെടുന്ന ഇവ, മതപരവും ചരിത്രപരവുമായി വലിയ പ്രാധാന്യമുള്ള രേഖകളാണ്. യെരുശലേമിലെ രണ്ടാം ദേവാലയത്തിന്റെ അവസാനകാലത്തെ യഹൂദ മതത്തിനുള്ളിൽ, വിശ്വാസങ്ങളിലും ആചാരങ്ങളിലും നിലവിലിരുന്ന ഗണ്യമായ വൈവിദ്ധ്യത്തിലേക്ക് ഇവ വെളിച്ചം വീശുന്നു. എബ്രായ, അരമായ ഭാഷകളിലും ഗ്രീക്കു ഭാഷയുടെ കൊയ്നെ വകഭേദത്തിലും ആണ് അവ എഴുതപ്പെട്ടിരിക്കുന്നത്. മിക്കവയും മൃഗചർമ്മത്തിൽ ഉള്ളവയാണെങ്കിലും പാപ്പിറസിൽ എഴുതപ്പെട്ടിരിക്കുന്നവയും ഉണ്ട്. ഈ കൈയെഴുത്തു പ്രതികൾ ക്രിസ്തുവിനുമുൻപ് 250-നും ക്രിസ്തുവർഷം 70-നും ഇടക്കുള്ളവയാണെന്ന് കാർബൺ-14 പരീക്ഷണത്തിലും പുരാതനരചനാ പഠനത്തിൽ നിന്നും തെളിഞ്ഞിട്ടുണ്ട്.

ബെദുവിൻ ബാലൻ: ചാവുകടലിന്റെ വടക്കുപടിഞ്ഞാറെ തീരത്തെഴഒരു കിലോമീറ്റർ പരപ്പിലാണ് കുമ്രാനിലെ അധിവാസസ്ഥാനം. ചുരുളുകൾ കിട്ടിയ പതിനൊന്നു ഗുഹകൾ അധിവാസകേന്ദ്രത്തിൽ നിന്ന് 125 മീറ്റർ (നാലാമത്തെ ഗുഹ) മുതൽ ഒരു കിലോമീറ്റർ (ഒന്നാം ഗുഹ) വരെ ദൂരെയാണ്. യെരീഹൊ നഗരത്തിൽ നിന്ന് പതിമൂന്നു കിലോമീറ്റർ തെക്കോട്ടു മാറിയാണിത്. 1947-ൽ, ബെദൂവിനുകളുടെ താമിരാ ഗോത്രത്തിൽ പെട്ട മുഹമ്മദ് ആദ്ദിബ്ബ് എന്ന പതിനഞ്ചു വയസ്സുകാരൻ ബാലൻ ആദ്യത്തെ ചാവുകടൽ ചുരുളുകൾ കണ്ടെത്തിയെന്നാണ് പൊതുവേ കരുതപ്പെടുന്നത്.(കുമ്രാനിൽ നിന്നു കണ്ടെടുത്ത സങ്കീർത്തനച്ചുരുൾ: ചിത്രം 2).

ഒരു കഥയനുസരിച്ച് കാണാതെപോയ ഒരാടിനെ അന്വേഷിച്ചുപോയ അദ്ദീബ്, ഗുഹകളിലൊന്നിലേക്ക് കല്ലെറിഞ്ഞപ്പോൾ മൺപാത്രം പൊട്ടുന്ന ശബ്ദം കേട്ടു. തുടർന്ന് ഗുഹയിൽ പ്രവേശിച്ച അവൻ, തുണിയിൽ പൊതിഞ്ഞ് തോൽച്ചുരുളുകൾ സൂക്ഷിച്ചിരിക്കുന്ന മൺഭരണികൾ കണ്ടെത്തി. ചുരുളുകളുടെ മൂല്യം മനസ്സിലാക്കിയ ഒരു ബെത്‌ലഹേംകാരൻ പുരാവസ്തു വ്യാപാരി ‘ഇബ്രാഹിം ഇജാ’ അവ വാങ്ങാൻ തയ്യാറാകുന്നതിന് മുൻപ്, അനേകം ചുരുളുകൾ വീട്ടമ്മമാർ അടുപ്പെരിക്കാൻ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു. ചുരുളുകൾ ഏതെങ്കിലും സിനഗോഗിൽ നിന്ന് മോഷ്ടിച്ചവയായിരിക്കുമെന്ന് മുന്നറിയിപ്പുകിട്ടിയ ‘ഇജാ’ അവ തിരികെകൊടുത്തു. ‘കാൻഡൊ’ ഏന്നും പേരുള്ള ഖലീൽ എസ്കന്ദർ ഷാഹിന്റെ കൈവശമാണ് പിന്നീട് അവ എത്തിയത്. ചെരുപ്പു കുത്തിയായിരുന്ന അയാൾ പുരാവസ്തു വ്യാപാരത്തിലും ഏർപ്പെട്ടിരുന്നു. മിക്കവരും നൽകുന്ന വിവരം അനുസരിച്ച്, ആദ്യത്തെ കണ്ടെത്തലിനുശേഷം അദ്ദീബ് ഗുഹയിൽ നിന്ന് എടുത്തുമാറ്റിയത് മൂന്നു ചുരുളുകൾ മാത്രമായിരുന്നു. അയാൾ കൂടുതൽ ചുരുളുകൾക്കായി വീണ്ടും സ്ഥലം സന്ദർശിച്ചുവെന്നും അതൊരുപക്ഷേ ‘കാൻഡോ’യുടെ പ്രേരണമൂലം ആയിരുന്നിരിക്കാം എന്നും പറയപ്പെടുന്നു. ‘കാൻഡോ’ തന്നെ ഒരു രഹസ്യപര്യവേഷണം നടത്തിയെന്നാണ് മറ്റൊരു കഥ. മൂന്നു ചുരുളുകളെങ്കിലും അയാളുടെ കൈവശം ഉണ്ടായിരുന്നു. (ചുരുളുകൾ കണ്ടുകിട്ടിയ ഗുഹകളുടെ ഒരു ചിത്രം: ചിത്രം 3).

കൈമാറ്റങ്ങൾ: അതിനിടെ കൂടുതൽ വിലക്ക് വിൽക്കാൻ അവസരമുണ്ടാകുവോളം ചുരുളുകൾ ‘ജോർജ്ജ് ഇശയാ’ എന്ന ഇടനിലക്കാരന്റെ കൈവശമിരിക്കട്ടെ എന്നു ബെദൂവിനുകൾക്കിടയിൽ തീരുമാനമായി. സുറിയാനി ഓർത്തോഡോക്സ് സഭാവിശ്വാസിയായിരുന്ന ഇശയാ, ചുരുളുകളുടെ മൂല്യത്തെക്കുറിച്ച് മനസ്സിലാക്കാനായി, യെരുശലേമിലെ വിശുദ്ധ മർക്കോസിന്റെ സന്ന്യാസാശ്രമവുമായി ബന്ധപ്പെട്ടു. കണ്ടെത്തലിന്റെ വാർത്ത, മാർ സാമുവൽ എന്നറിയപ്പെടുന്ന മെത്രാപ്പോലീത്താ ‘അത്താനാസിയസ് യേശു സാമുവലിന്റെ’ അടുത്തെത്താൻ ഇത് കാരണമായി.

പരിശോധനക്കുശേഷം ചുരുളുകൾ പുരാതനമായിരി‍ക്കാമെന്ന് സംശയിച്ച മാർ സാമുവൽ അവ വിലയ്ക്കുവാങ്ങാൻ തയ്യാറായി. നാലുചുരുളുകൾ അങ്ങനെ അദ്ദേഹത്തിന്റെ കൈവശമെത്തി: ഇപ്പോൾ ഏറെ പ്രശസ്തമായ യെശയ്യാ ചുരുൾ, സഭാനിയം, ഹബക്കുക്ക് പെഷെർ എന്ന പേരിൽ ഹബക്കുകിന്റെ പുസ്തകത്തിന്റെ വ്യാഖ്യാനം, ഉല്പത്തി-വെളിപാട് എന്നീ ചുരുളുകളായിരുന്നു അവ. 24 പൗണ്ട് ആണ് അദ്ദേഹം ഈ അമൂല്യരേഖകൾക്ക് വിലയായി കൊടുത്തത് എന്നു പറയപ്പെടുന്നു. പുരാവസ്തുച്ചന്തയിൽ താമസിയാതെ കൂടുതൽ ചുരുളുകൾ എത്തി. അവയിൽ കാൻഡോയുടെ കൈവശമുണ്ടായിരുന്ന മൂന്നെണ്ണം ഇസ്രായേലിലെ പുരാവസ്തു വിജ്ഞാനിയും എബ്രായ സർവകലാശാലയിലെ പണ്ഡിതനുമായിരുന്ന എലയാസർ സുകേനിക് 1947 നവംബർ 29-ന് വാങ്ങി. യുദ്ധച്ചുരുൾ, കൃതജ്ഞതാ സ്തോത്രങ്ങളുടെ ചുരുൾ, കൂടുതൽ ശിഥിലമായിരുന്ന മറ്റൊരു ഏശയ്യാ ചുരുൾ എന്നിവയായിരുന്നു അവ.

1947 അവസാനത്തോടെ മാർ സാമുവേലിന്റെ കൈവശമുള്ള ചുരുളുകളുടെ കാര്യം അറിഞ്ഞ സുകേനിക് അവ വാങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതേസമയം ചുരുളുകൾ, യെരുശലേമിലെ അമേരിക്കൻ പൗരസ്ത്യഗവേഷണ വിദ്യാലയത്തിലെ ജോൺ സി.ട്രെവറിന്റെ ശ്രദ്ധയിൽ പെട്ടു. ബൈബിളിന്റെ അന്ന് അറിയപ്പെട്ടിരുന്നവയിൽ ഏറ്റവും പഴയ കൈയെഴുത്തു പ്രതിയായ നാഷ് പാപ്പിറസിലെ ലിപികളെ ചുരുളുകളിലെ ലിപിയുമായി താരതമ്യം ചെയ്ത അദ്ദേഹം പല സമാനതകളും കണ്ടെത്തി.

1948 ഫെബ്രുവരി 28-ന് മാർ സാമുവെലുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ, ഛായാഗ്രഹണത്തിൽ ഏറെ തല്പരനായിരുന്ന ട്രെവർ ചുരുളുകളുടെ ചിത്രമെടുത്തു. തുണിപ്പൊതിയിൽ നിന്ന് വെളിയിലെടുത്തപ്പോൾ തുടങ്ങിയ രാസപ്പകർച്ച മൂലം ചുരുളുകളിലെ ലിഖിതങ്ങളുടെ ചായം മങ്ങാൻ തുടങ്ങിയതിനാൽ, കാലം കടന്നപ്പോൾ ട്രെവർ ൾ അന്നെടുത്ത ചിത്രങ്ങൾ ചുരുളുകളിലെ മൂലലിഖിതങ്ങളേക്കാൾ വ്യക്തതയുണ്ടെന്നായി. 1948-ൽ അറേബ്യൻ നാടുകളും ഇസ്രായേലും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, സുരക്ഷക്കായി ചുരുളുകൾ ഇസ്രായേലിൽ നിന്ന് ലെബനനിലെ ബെയ്റൂത്തിലേക്ക് മാറ്റപ്പെട്ടു.

1948 സെപ്റ്റംബർ ആദ്യം, മാർ സാമുവേൽ, പൗരസ്ത്യഗവേഷണ വിദ്യാലയത്തിന്റെ പുതിയ ഡയറക്ടറായിരുന്ന പ്രൊഫസർ ഓവിഡ് ആർ സെല്ലേഴ്സിനടുത്ത്, തനിക്ക് ആയിടെ കിട്ടിയ ചില ചുരുൾശകലങ്ങൾ കൊണ്ടുചെന്നു. എന്നാൽ ആദ്യത്തെ കണ്ടെത്തലിന് രണ്ടുവർഷത്തിനു ശേഷം 1948-ന്നൊടുവിൽപ്പോലും പണ്ഡിതന്മാർ ചുരുളുകൾ കിട്ടിയ ഗുഹ കണ്ടെത്തിയിട്ടില്ലായിരുന്നു. യുദ്ധസാഹചര്യങ്ങൾ മൂലം വൻതോതിലുള്ള പര്യവേഷണങ്ങളൊന്നും സാധ്യമായിരുന്നില്ല. ഗുഹ കണ്ടെത്താൻ തന്നെ സഹായിക്കാൻ സെല്ലേഴ്സ് സിറിയയോട് അഭ്യർഥിച്ചുവെന്നും അവർ ആവശ്യപ്പെട്ട പ്രതിഫലം അദ്ദേഹത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും പറയപ്പെടുന്നു. ഒടുവിൽ 1949 ജനുവരി 29-ന് ഒന്നാം ഗുഹ കണ്ടെത്താൻ കഴിഞ്ഞത് ഒരു ഐക്യരാഷ്ട്രസഭാ നിരീക്ഷകനാണ്.

വില്പന: അതിനിടെ തന്റെ കൈവശമുണ്ടായിരുന്ന ചുരുളുകൾ മാർ സാമുവേൽ അമേരിക്കയിലേക്ക് കൊണ്ടുപോയി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നു. അവയെ സംബന്ധിച്ച ഒരു പരസ്യം 1954 ജൂൺ ഒന്നാം തിയതി അമേരിക്കയിലെ വാൾ സ്ട്രീറ്റ് പത്രികയിൽ പ്രത്യക്ഷപ്പെട്ടു. പലവക പരസ്യങ്ങളുടെ വിഭാഗത്തിലെ ‘വില്പനക്ക്’ എന്ന ഉപവിഭാഗത്തിൽ പ്രത്യക്ഷപ്പെട്ട പരസ്യം ഇതായിരുന്നു:- നാലു ചാവു കടൽ ചുരുളുകൾ; “ക്രിസ്തുവിന് മുൻപ് 200-ാം ആണ്ട് വരെയെങ്കിലും പഴക്കമുള്ള ബൈബിൾ കൈയെഴുത്തു പ്രതികൾ വില്കാനുണ്ട്. വ്യക്തിയുടെയോ സംഘടനയുടെതോ വകയായി, ഏതെങ്കിലും മതസ്ഥാപനത്തിനോ വിദ്യാഭ്യാസ സ്ഥാപനത്തിനോ ഉപഹാരമായി നൽകാൻ എറ്റവും അനുയോജ്യം.” ബോക്സ് എഫ് 206 വാൾ സ്ട്രീറ്റ് പത്രിക.’ 

ദീർഘമായ ചർച്ചകൾക്കൊടുവിൽ ജൂലൈ ഒന്നാം തിയതി, മാർ സാമുവേൽ ഉൾപ്പെടെ മൂന്നുപേർ ചുരുളുകൾ ‍ന്യൂയോർക്കിലെ വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിൽ  കൊണ്ടുവന്നു. ചുരുളുകൾ വാങ്ങിയത് നേരത്തേ കാൻഡോയുടെ മൂന്നു ചുരുളുകൾ വാങ്ങിയ എബ്രായ സർവകലാശാലയിലെ പുരാവസ്തു വിജ്ഞാനി എലയാസർ സുകേനികിന്റെ മകനും പുരാവസ്തു വിജ്ഞാനിതന്നെയും ആയ ‘യിഗാൽ യാദിൻ’ ആയിരുന്നു. (സുകേനിക് നേരത്തേ മരിച്ചിരുന്നു). രണ്ടുലക്ഷത്തി അൻപതിനായിരം ഡോളറിനാണ് അവയുടെ കൈമാറ്റം നടന്നത്. അതിൽ പകുതിയേ മാർ സാമുവേലിന് ലഭിച്ചുള്ളു എന്ന് പറയപ്പെടുന്നു. കടലാസുകളിലെ തിരിമറിമൂലം, ഒരു പ്രധാനപങ്ക് നികുതിയായി അമേരിക്കൻ സർക്കാരിന് തന്നെ കിട്ടി. സുകേനിക്കും മകനുമായി വാങ്ങിയ ഏഴു ചുരുളുകളും ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് യെരുശലേമിലെ ഗ്രന്ഥക്ഷേത്രത്തിലാണ് (Shrine of the Book) സൂക്ഷിച്ചിരിക്കുന്നത്. (ചാവുകടൽ ചുരുളുകളിൽ പലതും സൂക്ഷിച്ചിരിക്കുന്ന യെരുശലേം മ്യൂസിയത്തിലെ ഗ്രന്ഥക്ഷേത്രം. ചുരുളുകൾ സൂക്ഷിച്ചിരുന്ന മൺഭരണികളുടെ ആകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്: ചിത്രം 4).

മറ്റു കണ്ടെത്തലുകൾ: ആദ്യം കണ്ടെത്തിയ ചുരുളുകളുടെ ഉറവിടമായ ഒന്നാം ഗുഹയുടെ സ്ഥാനം പുറം ലോകത്തിന്റെ അറിവിൽ വന്നതോടെ ഖിർബത് കുമ്രാനടുത്തുള്ള പ്രദേശമാകെ പണ്ഡിതന്മാരുടേയും ധനകാക്ഷികളുടേയും അന്വേഷണത്തിനു വിധേയമായി. വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന വേറെ പത്തു ഗുഹകൾ കൂടി കണ്ടെത്താൻ ഇത് ഇടയാക്കി.

രണ്ടാം ഗുഹ: രണ്ടാം ഗുഹയിൽ ബെദുവിനുകൾ മുന്നൂറോളം ചുരുളുകളുടെ ശകലങ്ങൾ കണ്ടെത്തി. പഴയ നിയമത്തിന്റെ സാർവത്രിക അംഗീകാരമുള്ള കാനോനിൽ പെടാത്തതും ഗ്രീക്ക് പരിഭാഷയിൽ മാത്രം നേരത്തേ ലഭ്യമായിരുന്നതുമായ ജൂബിലികൾ, സിറാക്ക് എന്നീ ഗ്രന്ഥങ്ങളുടെ എബ്രായ മൂലവും ഇവയിൽ പെടുന്നു.

മൂന്നാം ഗുഹ: ചുരുളുകളിൽ ഏറെ കൗതുകമുണർത്തിയ ചെമ്പുചുരുൾ മൂന്നാം ഗുഹയിൽ നിന്ന് 1952-ലാണ് കണ്ടുകിട്ടിയത്. യെഹൂദാ പ്രദേശത്ത് പലയിടങ്ങളിലായി ചിതറി കിടക്കുന്ന 67 ഭൂഗർഭരഹസ്യ നിക്ഷേപസ്ഥാനങ്ങളുടെ ഒരു പട്ടിക ഇതിലുണ്ട്. വളരെ വലിയ അളവിൽ സ്വർണ്ണവും, വെള്ളിയും, ചെമ്പും, സുഗന്ധദ്രവ്യങ്ങളും, കൈയെഴുത്തു ഗ്രന്ഥങ്ങളും ആ നിക്ഷേപസ്ഥാനങ്ങളിൽ ഒളിച്ചുവച്ചിരിക്കുന്നതായാണ് ചുരുളിൽ പറയുന്നത്. സുരക്ഷക്കായി മാറ്റപ്പെട്ട യെരുശലേം ദേവാലയത്തിലെ ധനം ആയിരിക്കണം ഇവ എന്ന് വിശ്വസിക്കപ്പെടുന്നു. ചെമ്പുചുരുളിന്റെ ലിപ്യന്തരീകരണം ഇനിയും പൂർത്തിയായിട്ടില്ല. ആദ്യഭാഗം, സ്വർണ്ണ-വെള്ളിക്കട്ടികളുടെ നിക്ഷേപ സ്ഥാനങ്ങളെയാണ് പരാമർശിക്കുന്നത്. അവയുടെ ഭാരം ശെക്കൽ എന്ന അളവിലാണ് കൊടുത്തിരിക്കുന്നത്. ചെമ്പുചുരുളിലെ എഴുത്തിൽ കുമ്രാന്റെ സെക്കാഖ എന്ന പഴയപേരിന്റെ സൂചനയുണ്ടെന്നും അത് ശെക്കലുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. കുമ്രാനിൽ ചെന്നു ചേരുന്ന നീർച്ചാലിന്റെ പേരും സെക്കാഖ എന്നാണ്.

നാലാം ഗുഹ: ആകെ കണ്ടെത്താനായ ചുരുളുകളിൽ തൊണ്ണൂറു ശതമാനവും നാലാം ഗുഹയിൽ നിന്നായിരുന്നു. അവയിൽ എഴുപതു ശതമാനത്തിന്റേയും ഉള്ളടക്കം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഞ്ഞൂറോളം വ്യത്യസ്ത ചുരുളുകളിൽ നിന്നായി പതിനയ്യായിരത്തോളം ശകലങ്ങൾ ഇവിടെനിന്ന് കണ്ടെത്തി.

അഞ്ചും ആറും ഗുഹകൾ: നാലാം ഗുഹക്ക് തൊട്ടുപിന്നാലെയാണ് ഇവ കണ്ടെത്തിയത്. വളരെ കുറച്ച് രേഖകളേ ഈ ഗുഹകളിൽ ഉണ്ടായിരുന്നുള്ളു.

ഏഴുമുതൽ പത്തുവരെ ഗുഹകൾ: പുരാവസ്തു വിജ്ഞാനികൾ ഈ ഗുഹകൾ പരിശോധിച്ചത് 1957-ലാണ്. ഏറെ രേഖകളൊന്നും അവയിൽ നിന്ന് കിട്ടിയില്ല. ഏഴാം ഗുഹയിൽ പതിനേഴ് ഗ്രീക്ക്ശകലങ്ങൾ കിട്ടി. തുടർന്നുവന്ന പതിറ്റാണ്ടുകളിൽ ഏറെ വിവാദമുയർത്തിയ അഞ്ചാം ശകലം (7Q5) അതിലൊന്നായിരുന്നു. ആ ശകലത്തിലെ ലിഖിതം മർക്കോസിന്റെ സുവിശേഷത്തിൽ നിന്നാണെന്ന വാദമായിരുന്നു വിവാദത്തിനു പിന്നിൽ. ഇന്ന് ഈ വാദം മിക്കവാറും തിരസ്കരിക്കപ്പെട്ടിരിക്കുകയാണ്. എട്ടാം ഗുഹയിൽ നിന്ന് അഞ്ചുശകലങ്ങളും ഒൻപതാം ഗുഹയിൽനിന്ന് ഏഴുശകലങ്ങളും കിട്ടി. പത്താം ഗുഹയിൽ ആകെ ഉണ്ടായിരുന്നത് ഒരു മൺപാത്രശകലമായിരുന്നു. (വിവാദ ഗ്രീക്ക്ലിഖിതം: ചിത്രം 5).

പതിനൊന്നാം ഗുഹ: യെരുശലേം ദൈവാലയത്തിന്റെ നിർമ്മാണവിധികൾ രേഖപ്പെടുത്തിയിരിക്കുന്ന ‘ദേവാലയച്ചുരുൾ’ ഈ ഗുഹയിൽ നിന്നാണ് കണ്ടുകിട്ടിയത്. ചാവുകടൽ ചുരുളുകളിൽ ഏറ്റവും വലുത് ഇതാണ്. ഇപ്പോൾ അതിന് 8.15 മീറ്റർ നീളമുണ്ട്. അതിന്റെ മൂലദൈർഘ്യം 8.75 മീറ്റർ ആയിരുന്നു എന്ന് കരുതപ്പെടുന്നു. ‘ദേവാലയച്ചുരുൾ,’ കുമ്രാനിൽ കണ്ടുകിട്ടിയ ഗ്രന്ഥശേഖരത്തിന്റെ സ്രഷ്ടാക്കളായി കണക്കാക്കപ്പെടുന്ന എസ്സേനുകൾ എന്ന യഹൂദവിഭാഗത്തിന്റെ നിയമഗ്രന്ഥം (തോറ) ആയിരുന്നുവെന്ന് ‘യിഗാൽ യാദിൻ’ അഭിപ്രായപ്പെട്ടിട്ടുണ്ട്. യാദിന്റെ സുഹൃത്തായിരുന്ന ‘ഹാർട്ട്‌മാൻ സ്റ്റെഗേമാന്റെ’ അഭിപ്രായത്തിൽ, അത്തരത്തിളുള്ള പ്രാധാന്യമൊന്നും കല്പിക്കാനില്ലാത്ത ഗ്രന്ഥമാണ് ദേവാലയച്ചുരുൾ. എസ്സേനുകളുടെ അറിയപ്പെടുന്ന മറ്റു രചനകളിലൊന്നും ആ ഗ്രന്ഥം പരാമർശിക്കപ്പെടുന്നില്ല എന്നും സ്റ്റെഗേമാൻ ചൂണ്ടിക്കാട്ടി. മെൽക്കിസദേക്കിനെ പരാമർശിക്കുന്ന, ഒരു അന്ത്യകാല പ്രതീക്ഷാശകലം (Escatological fragment), ഒരു സങ്കീർത്തനച്ചുരുൾ, ഇയോബിന്റെ പുസ്തകത്തിന്റെ തർജ്ജമ എന്നിവയായിരുന്നു പതിനൊന്നാം ഗുഹയിൽ നിന്ന് ഇതിനുപുറമേ കണ്ടെത്തിയത്.

പ്രസിദ്ധീകരണം: ചാവുകടൽ ശേഖരത്തിലെ ലിഖിതങ്ങളുടെയെല്ലാം പ്രസിദ്ധീകരണം ഒരുമിച്ചല്ല നടന്നത്. ഒന്നാം ഗുഹയിലെ രേഖകളെല്ലാം 1950-നും 1956-നും ഇടക്കും, എട്ടാം ഗുഹയിലേത് 1963-ലും, പതിനൊന്നാം ഗുഹയിൽ നിന്നുകിട്ടിയ സങ്കീര്ത്തനച്ചുരുൾ 1965-ലും പ്രസിദ്ധീകരിക്കപ്പെട്ടു. അവയുടെയൊക്ക ഇംഗ്ലീഷ് പരിഭാഷകളും താമസിയാതെ പ്രസിദ്ധീകരിക്കപ്പെട്ടു. ശേഖരത്തിലെ നാല്പതു ശതമാനത്തോളം വരുന്ന നാലാം ഗുഹയിലെ രേഖകളുടെ പ്രസിദ്ധീകരണചരിത്രം വ്യത്യസ്തമാണ്. അവയുടെ പ്രസിദ്ധീകരണത്തിന്റെ ചുമതല ഏറ്റെടുത്തത് യെരുശലേമിലെ ഡോമിനിക്കൻ സംന്യസവിഭാഗത്തിൽ നിന്നുള്ള റോളൻഡ് ഡി വോക്സിന്റെ നേതൃത്വത്തിലുള്ള ഒരു രാജ്യാന്തര സംഘമാണ്. ആ സംഘം അതിന്റെ ചുമതലയിൽ പെട്ട രേഖകളുടെ ആദ്യവാല്യം 1968-ൽ പ്രസിദ്ധീകരിച്ചെങ്കിലും അവശേഷിച്ചവയുടെ പ്രസിദ്ധീകരണം അവയുടെ ള്ളടക്കത്തെ സംബന്ധിച്ച തർക്കങ്ങളിൽ പെട്ട് വൈകി (യെരുശലേമിലെൽയിസ്രായേൽ സംഗ്രഹാലയത്തിലെ പുസ്തക ക്ഷേത്രത്തിൽ ചാവുകടൽ ചുരുളുകൾ വീക്ഷിക്കുന്ന ഒരു സന്ദർശക: ചിത്രം 6). അങ്ങനെ നാലാം ഗുഹയിലെ രേഖകളിൽ ഒരു വലിയ ഭാഗം വർഷങ്ങളോളം പ്രസിദ്ധീകരിക്കപ്പെടാതെയിരുന്നു ഗോപനീയതാ നിയമത്തിന്റെ സം‌രക്ഷണത്തിലിരുന്ന ചുരുളുകളുടെ മൂലം അവയുമായി ബന്ധപ്പെട്ട രാഷ്ട്രാന്ത്രര സംഘത്തിനും അവർ നിർദ്ദേശിക്കുന്ന മറ്റുള്ളവർക്കും മാത്രമേ പ്രാപ്യമായിരുന്നുള്ളു. 1971-ൽ ഡി വോക്സിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർ ഈ രേഖകളുടെ ചിത്രങ്ങളുടെപോലും പ്രസിദ്ധീകരണം അനുവദിക്കാതെയിരുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടായത് ബെൻ സിയോൺ വക്കോൾഡർ, രാജ്യാന്തര സംഘത്തിനു പുറത്ത് ലഭ്യമായിരുന്ന കുറിപ്പുകളുടെ അടിസ്ഥാനത്തിൽ 17 രേഖകൾ 1991-ൽ പ്രസിദ്ധീകരിച്ചതോടെയാണ്. അതേവർഷം തന്നെ, നാലാം ഗുഹയിലെ രേഖകളുടെ, ഗോപനീയതാ നിയമത്തിന്റെ പരിധിയിൽ പെടാതിരുന്ന ഒരു കൂട്ടം ഛായാചിത്രങ്ങൾ കാലിഫോർണിയയിൽ സാൻ മരീനോയിലെ ഹണ്ടിൺഗ്ടൻ ഗ്രന്ഥശാലയിൽ നിന്ന് കണ്ടുകിട്ടിയതും സഹായകമായി. കുറെക്കൂടി കാലതാമസത്തിനുശേഷം ഈ ഛായാചിത്രങ്ങൾ റോബർട്ട് ഐസ്മാനും ജെയിംസ് റോബിൻസനും ചേർന്ന്, ‘ചാവുകടൽ ചുരുളുകളുടെ ഛായചിത്രപ്പതിപ്പു’ എന്നപേരിൽ പ്രസിദ്ധീകരിച്ചു. അതോടെ ഗോപനീയതാ നിയമത്തിന് അവസാനമായി. പരക്കെ ബഹുമാനിക്കപ്പെട്ടിരുന്ന ഡച്ച്-ഇസ്രായേലി പണ്ഡിതൻ എമ്മാനുവേൽ ടോവിനെ 1990-ൽ മുഖ്യസംശോധകനായി നിയമിച്ചത് പ്രസിദ്ധീകരണത്തിന് വേഗതകൂട്ടി. നാലാം ഗുഹയിലെ രേഖകളുടെ പ്രസിദ്ധീകരണം താമസിയാതെ പുനരാരംഭിച്ച്, 1995 ആയപ്പോൽ അഞ്ചുവാല്യങ്ങൾ പൂർത്തിയായി 2007-ൽ ബാക്കിനിന്നിരുന്ന രണ്ടുവാല്യങ്ങളും കൂടി പ്രസിദ്ധീകരിച്ചുകഴിയുമ്പോൾ, യെഹൂദാ മരുഭൂമിയിലെ കണ്ടെത്തലുകളുടെ പരമ്പരയിൽ ആകെ 39 വാല്യങ്ങളാകും.

2007 ഡിസംബറിൽ ചാവുകടൽ ചുരുൾ സംസ്ഥാപനം മൂന്നുചുരുളുകളുടെ തനിച്ഛായാചിത്രങ്ങൾ ചേർന്ന ഒരു പതിപ്പിറക്കാൻ ലണ്ടണിലെ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തെ നിയോഗിച്ചു. യെശയ്യാവിൻ്റെ ബൃഹദ്ചുരുൾ(1QIsa), സഭാനിയമച്ചുരുൾ (1QS), ഹബക്കൂക്ക് വ്യാഖ്യാനച്ചുരുൾ (1QpHab) എന്നിവയായിരുന്നു ആ രേഖകൾ. ഛായാചിത്രപ്പതിപ്പിന്റെ മൂന്നുപ്രതികളിൽ ഒന്ന് തെക്കൻ കൊറിയയിലെ സോളിൽ “ആദിമ ക്രിസ്തുമതവും ചാവുകടൽ ചുരുളുകളും” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. രണ്ടാം പ്രതി ലണ്ടണിലെ ബ്രിട്ടീഷ് സംഗ്രഹാലയ ഗ്രന്ഥശാല വിലക്കുവാങ്ങി.

പശ്ചാത്തലം: ഈ വലിയ ഗ്രന്ഥശേഖരത്തിന്റെ ഉല്പത്തിയെ സംബന്ധിച്ച് നടന്ന ചർച്ചകളിൽ ഏറെക്കുറെ സമ്മതമായിട്ടുള്ളത് അവ, പല പുരാതനരേഖകളിലും പരാമർശിക്കപ്പെടുന്ന എസ്സീനുകൾ എന്ന യഹൂദവിഭാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. പരീശ വിഭാഗത്തെ ചുറ്റിപ്പറ്റി കാലക്രമേണ വികസിച്ചുവന്ന റാബൈനിക യഹൂദ മതത്തിൽ നിന്ന് വിട്ടുപോയ ശമര്യർ, സദ്ദൂസിയർ, ആദ്യകാല ക്രിസ്ത്യാനികൾ എന്നിവരെപ്പോലെ ഒരു വിമത വിഭാഗമായിരുന്നു എസീനുകളും. ഒന്നാം നൂറ്റാണ്ടിലെ യഹൂദ ലേഖകന്മാരായിരുന്ന അലക്സാണ്ഡ്രിയയിലെ ഫിലോ, ഫ്ലാവിയസ് ജോസീഫസ് എന്നിവർ എസ്സീനുകളെ പരാമർശിക്കുന്നുണ്ട്. എസ്സീനുകളെക്കുറിച്ച് ആ ലേഖകന്മാർ നൽകുന്ന വിവരങ്ങളുമായി ചേർന്നു പോകുന്നവയാണ് ചാവുകടൽ ചുരുളുകളിൽ പ്രതിഫലിക്കുന്ന വിശ്വാസ സംഹിതകൾ. മുഖ്യധാരാ യഹൂദമതത്തിൽ നിന്ന് മാറിക്കഴിയാൻ ആഗ്രഹിച്ച എസ്സീനുകളുടെ ഒരു വിഭാഗമായിരിക്കണം കുമ്രാനിൽ ഉണ്ടായിരുന്നത്. ഖിർബത് കുമ്രാനിലെ പര്യവേഷണത്തിൽ, മതിൽ കെട്ടി സം‌രക്ഷിക്കപ്പെട്ട താരതമ്യേന സ്വയം‌പര്യാപ്തമായ ഒരു ആവാസസ്ഥാനത്തോടൊപ്പം ബേക്കറിയും, മൺപാത്ര നിർമ്മാണശാലയും, ഭോജനാലയവും, പുസ്തകനിർമ്മാണ ശാലയും (scriptorium) എല്ലാം കണ്ടെത്തിയിട്ടുണ്ട്.

ചുരുളുകളിൽ ഏറെയും വിശകലനത്തിനു വിധേയമാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ഗ്രന്ഥസമുച്ചയം എന്തായിരുന്നുവെന്ന് തീരുമാനിക്കാനായിട്ടില്ല. ചിലർ അതിനെ കുമ്രാനിലെ എസ്സീൻ സമൂഹത്തിന്റെ ഗ്രന്ഥശാല (Library) ആയി കണക്കാക്കുന്നു. ക്രി.വ 67-70-ൽ റോമൻ ഭരണാധികാരികൾ യെരുശലേം ദേവാലയം നശിപ്പിച്ചതിനെ തുടർന്നു വന്ന കഷ്ടതയുടെ നാളുകളിൽ ഭാവിയിൽ ആരെങ്കിലും കണ്ടെടുക്കട്ടെ എന്നുകരുതി ഗോപ്യമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥങ്ങളാണിവ എന്നു കരുതുന്നവരും ഉണ്ട്.

ഗ്രന്ഥസമുച്ചയത്തിന്റെ സ്വഭാവം നിശ്ചയമില്ലാത്തതിനാൽ, അപ്രമാണികമെന്ന് ഇന്ന് കരുതപ്പെടുന്നവ അടക്കമുള്ള ബൈബിൾ ഗ്രന്ഥങ്ങളും വിഭാഗീയരചനകളും എല്ലാം ചേർന്ന ആ ശേഖരത്തിന്റെ വിസ്മയകരമായ വൈവിദ്ധ്യത്തിന്റെ അർത്ഥമെന്തെന്നും വ്യക്തമല്ല. കുമ്രാൻ സമൂഹത്തിന്റെ സങ്കല്പത്തിലുള്ള വിശുദ്ധലിഖിത സമുച്ചയം പിന്നീട് അംഗീകരിക്കപ്പെട്ട മുഖ്യധാരാ യഹൂദ കാനോനേക്കാൾ ഏറെ വിപുലമായിരുന്നുവെന്ന സൂചന അത് നൽകുന്നുവെന്ന് കരുതുന്ന പണ്ഡിതന്മാരുണ്ട്.

പ്രാധാന്യവും പ്രസക്തിയും: പഴയനിയമത്തിലെ എസ്തേറിന്റെ പുസ്തകം ഒഴിച്ചുള്ള എല്ലാ ഗ്രന്ഥങ്ങളുടേയും ശകലങ്ങളെങ്കിലും ഉൾപ്പെടുന്ന കുമ്രാനിലെ ബൈബിൾ രേഖാസമുച്ചയവും, നേരത്തെ ലഭ്യമായിരുന്നവയെക്കാൾ ഏറെ പഴക്കമുള്ള ഒരു ബൈബിൾ പാരമ്പര്യപരിച്ഛേദം പണ്ഡിത ലോകത്തിന് സമ്മാനിച്ചുവെന്ന് ഓക്സ്ഫോർഡ് പുരാവസ്തു വിജ്ഞാനസഹായി പറയുന്നു. കുമ്രാനിലെ ബൈബിൾ കൈയെഴുത്തു പ്രതികളിൽ മിക്കവയും എബ്രായ ഭാഷയിലുള്ള, പഴയനിയമത്തിന്റെ പരക്കെ സ്വീകാര്യതകിട്ടിയ മസോറെട്ടിക്ക് പ്രതിയെ പിന്തുടരുന്നവയാണ്. എന്നാൽ നാലാമത്തെ ഗുഹയിൽ നിന്നുകിട്ടിയ പുറപ്പാടിന്റേയും ശമൂവേലിന്റേയും ഗ്രന്ഥങ്ങൾ ഭാഷയിലും ഉള്ളടക്കത്തിലും നാടകീയമായ വ്യത്യസ്തത പുലർത്തുന്നു. എബ്രായയിലെ മസോറട്ടിക്ക് പ്രതി, ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിന്റെ മൂലമായിരുന്ന ഭാഷ്യം, ശമര്യരുടെ പഞ്ചഗ്രന്ഥം എന്നിവ പിന്തുടർന്ന മൂന്നു ഗ്രന്ഥപാരമ്പര്യങ്ങളിൽ നിന്ന് വികസിച്ചുണ്ടായതാണ് പഴയനിയമത്തിന്റെ ആധുനികഭാഷ്യം എന്നായിരുന്നു അതുവരെ പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. ഈ വിശ്വാസത്തെ പുന:പരിശോധിക്കാൻ കുമ്രാൻ കണ്ടെത്തലുകളിൽ ചിലതിലെ അമ്പരപ്പിക്കുന്ന പാഠഭേദങ്ങൾ ബൈബിൾ പണ്ഡിതലോകത്തെ പ്രേരിപ്പിച്ചു. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടവസാനത്തു നടന്ന അതിന്റെ കാനോനീകരണം വരെ പഴയനിയമത്തിന്റെ ഉള്ളടക്കം ഒട്ടും ഉറച്ചിരുന്നില്ലെന്ന് ഇന്ന് ഏറെക്കുറെ സമ്മതിക്കപ്പെട്ടിട്ടുണ്ട്. (കുമ്രാനിലെ ഗുഹകളുടെ മറ്റൊരു ചിത്രം: ചിത്രം 7).

ചുരുളുകളുടെ പ്രാധാന്യം പ്രധാനമായ പാഠനിരൂപണത്തിന്റെ (textual criticism) മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. എബ്രായ ബൈബിൾ പാഠത്തിന്റെ പഠനത്തിൽ കുമ്രാനിലെ കണ്ടെത്തലുകൾ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുവെന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹായി (Oxford Companion to the Bible) പറയുന്നു. ചാവുകടൽ ചുരുളുകളുടെ കണ്ടെത്തലിനു മുൻപ്, പഴയനിയമത്തിന്റെ എബ്രായഭാഷാ മൂലത്തിന്റെ ലഭ്യമായ കൈയെഴുത്തു പ്രതികളിൽ ഏറ്റവും പഴയത് 9-ാംനൂറ്റാണ്ടിലെ മസോറട്ടിക് പാഠം (Masoretic Text) ആയിരുന്നു. ചുരുളുകളിലുൾ ഉപ്പെട്ടിരുന്ന ബൈബിൾ കൈയെഴുത്തു പ്രതികൾ ആ കാലപ്പഴക്കത്തെ ക്രിസ്തുവർഷാരംഭത്തിനു മുൻപ് രണ്ടാം നൂറ്റാണ്ടുവരെ എത്തിച്ചു. ഈ കണ്ടുപിടിത്തത്തിനു മുൻപ്, പഴയനിയമത്തിന്റെ ലഭ്യമായതിൽ ഏറ്റവും പഴയ പകർപ്പുകൾ ഗ്രീക്ക് കൈയെഴുത്തു പ്രതികളായ വത്തിക്കാൻ പുസ്തകവും (Codex Vaticanus) സിനായ് പുസ്തകവും (Codex Sinaiticus) ആയിരുന്നു. കുമ്രാനിൽ കണ്ടുകിട്ടിയ ബൈബിൾ കൈയെഴുത്തു പ്രതികളിൽ ഏതാനുമെണ്ണം മാത്രമാണ് മസോറെട്ടിക് പാഠത്തിൽ നിന്ന് കാര്യമായ വ്യത്യാസം പ്രകടിപ്പിക്കുന്നത്. അത്തരം പാഠഭേദങ്ങൾ താരതമ്യപഠനത്തെ സഹായിച്ച് പഴയനിയമത്തിന്റെ പാഠനിരൂപണ മേഖലയെ എളുപ്പമാക്കുന്നു. പല ചുരുളുകളിലേയും പാഠം മസോറെട്ടിക്ക് പാഠവും പഴയ ഗ്രീക്ക് പ്രതികളും ആയി ഒത്തുപോകുന്നുവെന്നത്ംപഴയ പാഠങ്ങളെ കൂടുതൽ ആത്മവിശ്വാസത്തോടെ സമീപിക്കാൻ കഴിയുമെന്നാക്കി.

ചാവുകടൽ ചുരുളുകളിൽ പെടുന്നവയും നേരത്തേ അറിയപ്പെടാതിരുന്നവയുമായ വിഭാഗീയ രചനകൾ (Sectarian Texts) യെരുശലേമിലെ രണ്ടാം ദേവാലയകാലത്തെ യഹൂദ മതവിശ്വാസത്തിന്റെ രൂപഭേദങ്ങളിൽ ഒന്നിന്റെ സ്വഭാവത്തിലേക്ക് വിലയേറിയ വെളിച്ചം വീശുന്നു.

പ്രധാന ഗ്രന്ഥങ്ങൾ: പ്രധാന പുസ്തകങ്ങൾ അവയുടെ പകർപ്പുകളുടെ എണ്ണം എന്നിവയനുസരിച്ചുള്ള പട്ടിക താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ്.

1. സങ്കീർത്തനങ്ങൾ 39 പകർപ്പുകൾ

2. ആവർത്തനം 33 പകർപ്പുകൾ

3. ഈനോക്ക് 25 പകർപ്പുകൾ

4. ഉല്പത്തി 24 പകർപ്പുകൾ

5. യെശയ്യാ 22 പകർപ്പുകൾ

6. ജൂബിലികൾ 21 പകർപ്പുകൾ

7. പുറപ്പാട് 18 പകർപ്പുകൾ

8. ലേവ്യർ 17 പകർപ്പുകൾ

9. സംഖ്യാ 11 പകർപ്പുകൾ

10. ചെറിയ പ്രവാചകന്മാർ 10 പകർപ്പുകൾ

11. ദാനിയേൽ 8 പകർപ്പുകൾ

12. യിരെമ്യാ 6 പകർപ്പുകൾ

13. യെഹെസ്കേൽ 6 പകർപ്പുകൾ

14. ഇയ്യോബ് 6 പകർപ്പുകൾ

15. 1,2 ശമൂവേൽ 4 പകർപ്പുകൾ

ചമ്മട്ടി

ചമ്മട്ടി (scourge, whip)

ഷോത് എന്ന എബ്രായപദത്തെ ‘ചമ്മട്ടി’ എന്നും (ലേവ്യ, 23:13; 1രാജാ, 12:11, 14; 2ദിന, 10:11, 14; ഇയ്യോ, 5:21; സദൃ, 26:3; യെശ, 10:26; നഹൂം, 3:2), ‘ബാധ’ എന്നും (ഇയ്യോ, 9:23; യെശ, 28:15, 18) വിവർത്തനം ചെയ്തിരിക്കുന്നു. ദൈവാലയം ശുദ്ധിയാക്കുന്നതിന് ക്രിസ്തു ഉപയോഗിച്ച ചെറിയ കയറു കൊണ്ടുള്ള ചമ്മട്ടിയാണ് ‘ഫ്രാഗെല്ലിയൊൻ.’ (യോഹ, 2:15). അതിന്റെ ക്രിയാരൂപമാണു ‘ഫ്രാഗെല്ലൊവോ’ അഥവാ ചമ്മട്ടികൊണ്ടടിക്കുക. പിലാത്തോസിന്റെ കല്പനയാൽ യേശുവിനെ ചമ്മട്ടി കൊണ്ടടിച്ചു: (മത്താ, 27:26; മർക്കൊ, 15:15). റോമൻ രീതിയനുസരിച്ചു ഒരു വ്യക്തിയെ കുനിച്ചു തൂണിനോടു ബന്ധിച്ചാണു് ചമ്മട്ടി കൊണ്ടടിക്കുന്നത്. കൂർത്ത എല്ലിൻ കഷണങ്ങളോ ഈയമോ ചേർത്തു ബന്ധിച്ച തോൽവാറാണ് ചമ്മട്ടി. അടിയേറ്റു മാംസം മുതുകിൽ നിന്നും നെഞ്ചിൽ നിന്നും കീറി വേർപെടും. ”എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം.” (സങ്കീ, 22:17). ചമ്മട്ടികൊണ്ട് അടിക്കുന്നതിനെ കുറിക്കുന്ന മറ്റൊരു ഗ്രീക്കു പദമാണ് ‘മസ്റ്റിഗൊവോ’ യെഹൂദന്മാർ ചമ്മട്ടികൊണ്ട് അടിക്കുന്നതിനെയും (മത്താ, 10:17; 23:34), കർത്താവു സ്നേഹത്തിൽ നല്കുന്ന ബാലശിക്ഷയെയും (എബ്രാ, 12:6) കുറിക്കുന്നതിനു ഈ ധാതുവാണ് പ്രയോഗിച്ചിട്ടുള്ളത്. യെഹൂദന്മാരുടെ ചമ്മട്ടിയടിയെക്കുറിച്ചു വ്യക്തമായ വിവരണം മിഷ്ണായിലുണ്ട്. ചമ്മട്ടിക്ക് മൂന്നുതോൽ വാറുകൾ ഉണ്ടായിരിക്കും. കുറ്റക്കാരൻ്റെ നഗ്നമായ നെഞ്ചിൽ 13 അടിയും ഓരോ തോളിലും 13 അടി വീതവും നല്കും. പൗലൊസ് ഒന്നു കുറയ നാല്പതടി (മുപ്പത്തൊമ്പത്) അഞ്ചു പ്രാവശ്യം അനുഭവിച്ചു. (2കൊരി, 11:24). യെഹൂദാ രാജാവായ രെഹബെയാം ജനത്തെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നു പറഞ്ഞു. (1രാജാ, 12:11, 14; 2ദിന, 10:11, 14). ഇവിടെ തേൾ എന്നത് തേളിന്റെ കൊമ്പിന്റെ (sting) ആകൃതിയിൽ കുരുക്കിട്ടിട്ടുള്ള ചമ്മട്ടിയാണ്.

ഘടികാരം

ഘടികാരം (Clock)

സമയം അളക്കാൻ മനുഷ്യർ കണ്ടെത്തിയ ഉപാധിയാണ് ഘടികാരം. അളന്നു ചിട്ടപ്പെടുത്തിയ സമയഖണ്ഡങ്ങളെ സൂചിപ്പിക്കുവാനും അല്ലെങ്കിൽ സമയത്തിലുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുവാനും നിത്യജീവിതത്തിൽ അവ നമുക്ക് ഉപയോഗപ്പെടുന്നു. ആഹാസ് രാജാവിൻ്റെ സൂര്യഘടികാരത്തെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. (2രാജാ, 20:11; യെശ, 38:8). സമയം അക്കുന്നതിനു ആഹാസ് രാജാവ് നിർമ്മിച്ചതാണ് ഈ ഘടികാരം. ഇതിനെ ആഹാസിന്റെ പടികൾ എന്നു വിളിക്കുന്നു. മഅലാഹ് എന്ന എബ്രായപദത്തിനു പടികൾ എന്നർത്ഥം. സൂര്യന്റെ നിഴൽ മടങ്ങുന്ന അടയാളം നല്കുന്നതിനു ആഹാസിന്റെ ഘടികാരത്തെയാണ് യെശയ്യാ പ്രവാചകൻ ഉപയോഗിച്ചത്. പ്രാചീനകാലത്ത് പല തരത്തിലുള്ള സൂര്യഘടികാരങ്ങൾ ഉപയോഗത്തിൽ ഉണ്ടായിരുന്നു. പന്ത്രണ്ടു മണിക്കുർ തിരിച്ചിട്ടുള്ള ഒരു ഉപകരണം ബാബിലോന്യർ ഉപയോഗിച്ചിരുന്നതായി ഹെരഡോട്ടസ് പ്രസ്താവിച്ചിട്ടുണ്ട്. ആഹാസ് ഉപയോഗിച്ചത് ഏതു തരത്തിലുള്ളതാണെന്നു വ്യക്തമല്ല. തർഗും, വുൾഗാത്ത എന്നീ പാഠങ്ങൾ അനുസരിച്ചു ആഹാസിന്റെ ഘടികാരം ബാബിലോന്യ മാതൃകയിലുള്ള ഉപകരണമാണെന്നും അതിൽ സൂചിയും മണിക്കൂർ വിഭജനവും ഉള്ളതാണെന്നും കരുതപ്പെടുന്നു. സെപ്റ്റജിന്റ്, യെഹൂദപ്പഴമകൾ, സിറിയക്കു ഭാഷാന്തരം എന്നിവയും ആധുനിക പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതു ഇതൊരു ഗോവണി എന്നാണ്. അടുത്തുള്ള ഒരു വസ്തുവിന്റെ നിഴൽ ഗോവണിയുടെ പടികളിലൂടെ കടന്നു പോകുമ്പോൾ ആ പടികൾ പകലിന്റെ സമയം അളക്കും. ഉച്ചസമയത്തുള്ള നിഴൽ ഉയർന്ന പടികളിലും രാവിലെയും വൈകിട്ടും ഉള്ള നിഴലുകൾ താണപടികളിലും പതിക്കും. ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇരുപതോ അതിൽ അധികമോ പടികളുണ്ടായിരിക്കണം. അവ ഓരോന്നും അരമണിക്കൂർ എന്ന ക്രമത്തിൽ സമയം സൂചിപ്പിക്കും. സൂര്യൻ തിരിഞ്ഞുപോന്നു എന്നതു ആകാശത്തിലെ സൂര്യൻ മടങ്ങിവന്നു എന്നല്ല, ഘടികാരത്തിലെ സൂര്യൻ തിരിഞ്ഞു എന്നാണ് സൂചിപ്പിക്കുന്നത്.

ഗിരിപ്രഭാഷണം

ഗിരിപ്രഭാഷണം

കർത്താവായ യേശുക്രിസ്തുവിന്റെ ദീർഘമായ ആറു പ്രഭാഷണങ്ങൾ മത്തായി സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ പ്രഥമവും ദീർഘതമവുമാണ് ഗിരിപ്രഭാഷണം. (മത്താ, 5-7 അ). മറ്റുപ്രഭാഷണങ്ങൾ: ഒന്ന്; പന്ത്രണ്ട് ശിഷ്യന്മാരുടെ ദൌത്യം. (9:35-11:1). രണ്ട്; സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകൾ. (13:1-52). മൂന്ന്; വിനയം. 18:1-35). നാല്; കപടഭക്തിയുടെ ഭർത്സനം. 23:136). അഞ്ച്; യുഗാന്ത്യം. (24-25 അ). ഗിരിപ്രഭാഷണത്തിനു സമാന്തരമായി ലൂക്കൊസ് സുവിശേഷത്തിൽ 6:20-49-ൽ കാണുന്ന ഭാഗത്തെ പൊതുവെ സമഭൂമിപ്രഭാഷണം എന്നു വിളിക്കുന്നു. സമഭൂമിയിൽവച്ചു സംസാരിച്ചുവെന്ന് ലുക്കോസിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘മല’യും ‘സമഭൂമി’യും ഒരേ സ്ഥലത്തെ വിവക്ഷിക്കുന്നു. 

പശ്ചാത്തലം: യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയുടെ ആദ്യവർഷത്തിലാണ് ഗിരിപ്രഭാഷണം ചെയ്തത്. പന്ത്രണ്ടു ശിഷ്യന്മാരെയും തിരഞ്ഞെടുത്ത ഉടനെ എന്ന് ലൂക്കൊസ് രേഖപ്പെടുത്തുന്നു. ഒരു പ്രതിഷ്ഠാപ്രസംഗത്തിന്റെ ചായ്വ് ഇതിനുണ്ട്. യെഹൂദാപ്രമാണിമാർ തങ്ങളുടെ എതിർപ്പ് പരസ്യമാക്കുന്നതിനു മുമ്പാണു ക്രിസ്തു ഈ സന്ദേശം നല്കിയത്. ഗലീലയിലെ ശുശുഷയുടെ ആദ്യമാസങ്ങളിൽ യേശു അധികവും യെഹൂദമാരുടെ പള്ളികളിൽ പ്രസംഗിക്കുകയായിരുന്നു. എന്നാൽ ഏറെ കഴിയുന്നതിനു മുമ്പ് പുരുഷാരത്തിന്റെ താത്പര്യം ഹേതുവായി ക്രിസ്തു പരസ്യസ്ഥലങ്ങളിൽ പ്രസംഗിച്ചു തുടങ്ങി. ശുശ്രൂഷയുടെ ആരംഭത്തിൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നാണ് യേശു പ്രസംഗിച്ചത്. അനന്തരം ദൈവരാജ്യത്തെക്കുറിച്ച് ക്രിസ്തു വിശദമായ വിവരണം നല്കിത്തുടങ്ങി. യേശുവിൻ്റെ ഗലീലയിലെ ശുശ്രുഷയോടു ബന്ധപ്പെട്ടതാണ് ഗിരിപ്രഭാഷണം. ഉത്തരസമഭൂമിക്കു ചറ്റുമുള്ള മലയുടെ അടിവാരങ്ങളിലൊന്നാണ് പ്രഭാഷണരംഗം. പ്രഭാഷണത്തിനുശേഷം ഉടൻതന്നെ യേശു കഫർന്നഹൂമിൽ എത്തി എന്നു കാണുന്നു. (മത്താ, 8:5). ലത്തീൻ പാരമ്പര്യമനുസരിച്ച് ‘കെരെൻ ഹത്തീം’ എന്ന പേരോടുകൂടിയ ഇരട്ടശൃങ്ഗങ്ങളുളള കുന്നാണ് ഭാഗ്യവചനങ്ങളുടെ മല.

ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള യോഗ്യതയല്ല ഗിരിപ്രഭാഷണത്തിലെ പ്രമേയം. ഈ ഗുണങ്ങൾ ഉളളവർക്കു മാത്രമേ ദൈവരാജ്യത്തിൽ പ്രവേശിക്കാനാവൂ എന്ന് തെറ്റിദ്ധാരണയുണ്ട്. പരീശന്മാരുടെയും ശാസ്ത്രിമാരുടെയും നീതിയെ കവിയുന്ന ഒന്നാണ് ഗിരിപ്രഭാഷണത്തിൽ വെളിപ്പെടുത്തുന്നത്. ക്രിസ്തുവും പരിശുദ്ധാത്മാവിന്റെ ഉൾവാസവും കൂടാതെ ഒരു വ്യക്തിക്കും ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ അതിക്രമിക്കുവാൻ കഴിയുകയില്ല. തന്മൂലം ദൈവരാജ്യത്തിൽ പ്രവേശിക്കുവാനുള്ള യോഗ്യതയല്ല പ്രത്യുത, ദൈവരാജ്യത്തിൽ പ്രവേശിച്ചു കഴിഞ്ഞവരുടെ സ്വഭാവചിത്രണമാണ് ഈ പ്രഭാഷണത്തിലുള്ളത്. പശ്ചാത്തലം ഇതു വ്യക്തമാക്കുന്നു; ഈ സന്ദേശം ശിഷ്യന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്. (മത്താ, 5:2, ലൂക്കൊ, 6:20). ഭാഗ്യവചനങ്ങളിൽ ലൂക്കൊസ് നിങ്ങൾ എന്ന് മധ്യമ പുരുഷസർവ്വനാമം ഉപയോഗിക്കുന്നു. ഇതേ പ്രയോഗം മത്തായിയിലും കാണാം. നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. (5:13-14). 

സംവിധാനം: പ്രാചീനകാലത്ത് ഗിരിപ്രഭാഷണം മുഴുവൻ ഒരു പ്രത്യേക സന്ദർഭത്തിൽ ക്രിസ്തു ചെയ്ത ഏക പ്രഭാഷണമായി കരുതപ്പെട്ടിരുന്നു. മത്തായി സുവിശേഷത്തിലെ സംവിധാനം അതു വ്യക്തമാക്കുന്നു. പുരുഷാരത്തെ കണ്ടപ്പോൾ യേശു മലമേൽ കയറി: ശിഷ്യന്മാർ അടുക്കൽ വന്നു; അപ്പോൾ യേശു അവരോടു ഉപദേശിച്ചു. (മത്താ, 5:2). പ്രഭാഷണം അവസാനിച്ചപ്പോൾ പുരുഷാരം അവൻ്റെ ഉപദേശത്തിൽ വിസ്മയിച്ചു എന്നിങ്ങനെയാണ് ഗിരിപ്രഭാഷണം അവസാനിക്കുന്നത്. (മത്താ, 7:28-29). ഒരടിസ്ഥാനപ്രമേയം ക്രമാനുഗതമായി വികസിപ്പിച്ച് അവതരിപ്പിക്കുന്ന രീതിയാണ് പ്രഭാഷണത്തിന്റെ സംവിധാനം. എന്നാൽ ഇതിനെ കർത്താവിന്റെ ഉപദേശങ്ങളുടെ സമാഹാരമായി കണക്കാക്കുന്നവരുണ്ട്. അതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കുന്ന വാദമുഖങ്ങൾ ഇവയാണ്. ഒന്ന്; ഒരു പ്രഭാഷണത്തിൽ ഉൾക്കൊള്ളിക്കാവുന്നതിലേറെ കാര്യങ്ങൾ ഇതിൽ ഉണ്ട്. ഇത്രയും ശ്രേഷ്ഠമായ ധാർമ്മികോപദേശങ്ങൾ ഒരുമിച്ചു് ഉൾക്കൊള്ളാൻ കഴിവുള്ള ബുദ്ധിരാക്ഷസന്മാരായിരുന്നില്ല ശിഷ്യന്മാർ. രണ്ട്; ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ, വിവാഹമോചനം, വ്യാകുലത, എന്നിങ്ങനെ വിശാലവും വിഭിന്നവുമാണ് ഇതിലെ വിഷയങ്ങൾ. മൂന്ന്; ചില വിഷയങ്ങൾ പൊടുന്നനെ പരസ്പരബന്ധമില്ലാത്ത മട്ടിൽ പ്രത്യക്ഷപ്പെടുന്നു. ഉദാ: പ്രാർത്ഥനയെക്കുറിച്ചുള്ള പഠിപ്പിക്കൽ. (മത്താ, 6:1-11). നാല്; ഗിരിപ്രഭാഷണത്തിലെ 34 വാക്യങ്ങൾ കുറേക്കൂടെ പൊരുത്തമായ ചുറ്റുപാടുകളിൽ ലൂക്കൊസ് സുവിശേഷത്തിൽ കാണാം. ഒരു ശിഷ്യന്റെ അപേക്ഷയ്ക്ക് ഉത്തരമായിട്ടാണ് ലൂക്കൊസിൽ യേശു പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്. (11:1). രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് കർത്താവ് ഇടുക്കു വാതിലിനെക്കുറിച്ചു പറഞ്ഞത്. (ലൂക്കൊ, 13:23-24). മത്തായി സുവിശേഷത്തിലും ലൂക്കൊസ് സുവിശേഷത്തിലും ചേർത്തിട്ടുള്ള പ്രഭാഷണത്തിന്റെ സാമ്യം ഇവ രണ്ടിനും പൊതുവായ മറ്റൊരു സ്രോതസ്സ് ഉണ്ടായിരുന്നുവെന്ന നിഗമനത്തിലേക്ക് നയിക്കുന്നു 

വിഷയാപഗ്രഥനം: ഒന്ന്; രാജ്യത്തിൽ പ്രവേശിക്കുന്നവരുടെ ഭാഗ്യാവസ്ഥ. (5:3-16). എട്ടു വിധത്തിലുള്ള ഭാഗ്യവാന്മാരെക്കുറിച്ചു പറഞ്ഞ ശേഷം ഒടുവിലത്തെ ഭാഗ്യവചനത്തെ വിശദമാക്കുകയും അവിശ്വാസികളുടെ ലോകത്ത് ശിഷ്യന്റെ കർത്തവ്യം വ്യക്തമാക്കുകയും ചെയ്യുന്നു. രണ്ട്; ക്രിസ്തുവിന്റെ ഉപദേശവും ന്യായപ്രമാണവും. (5:17-48). ക്രിസ്തു ന്യായപ്രമാണം നിവർത്തിക്കുന്നു. (5:17). കൊലപാതകവും കോപവും (5:21-26), വ്യഭിചാരവും മോഹവും (5:27-32), സത്യം ചെയ്യൽ (5:33-37), പ്രതികാരം ചെയ്യാതിരിക്കൽ (5:38-42), ശത്രുസ്നേഹം (5:43-48) എന്നിങ്ങനെ അക്ഷരത്തെ അതിക്രമിച്ച് ന്യായപ്രമാണത്തിന്റെ അടിസ്ഥാനതത്വങ്ങൾ വിശദമാക്കുന്നു. ന്യായമാണത്തിന്റെ മാതൃകാപരമായ പൂർത്തീകരണമാണ് ലക്ഷ്യം. മൂന്ന്; പ്രായോഗിക പ്രബോധനങ്ങൾ. (6:7:12). കപടഭക്തിയെ സൂക്ഷിക്കേണ്ടതാണ്: ഭിക്ഷ കൊടുക്കുന്നതിൽ (6:1-4); പ്രാർത്ഥനയിൽ (6:5-15); ഉപവാസത്തിൽ (6:16-18). ദൈവത്തിലാശ്രയിച്ച് വ്യാകുലപ്പെടാതിരിക്കുകയും (6:19-34) സ്നേഹത്തിൽ ജീവിക്കുകയും (7:1-12) ചെയ്യണം. നാല്; സമർപ്പണജീവിതം: (7:13-29). വഴി ഇടുങ്ങിയതാണ് (7:13-14); കളളപ്രവാചകന്മാരെ അവരുടെ ഫലങ്ങളാൽ തിരിച്ചറിയാം (7:15-20). കേട്ടനുസരിക്കുന്നവർക്കുളളതാണ് സ്വർഗ്ഗരാജ്യം. (7:21-27). 

ഗിരിപ്രഭാഷണത്തിലെ ഭാഷണങ്ങളോടു വാച്യമായി സാമ്യമുള്ള വാക്യങ്ങൾ ലേഖനങ്ങളിലുണ്ട്. “നീതിനിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാലും നിങ്ങൾ ഭാഗ്യവാന്മാർ” (1പതൊ, 3:14) എന്നത് മത്തായി 5:10-ൻ്റെ പ്രതിധ്വനിയാണ്. “ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവൻറ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും; ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ (1പത്രൊ, 4:13-14) എന്ന ഭാഗത്തിന് മത്തായി 5:11-12-നോടുള്ള സാമ്യം വെറും ഉപരിപ്ലവമല്ല. 1പത്രൊസ് 2:12-നും മത്തായി 5:16-നും തമ്മിലുള്ള ബന്ധവും ചിന്താർഹമാണ്. “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗഹിപ്പിൻ” (റോമ,12:14) എന്ന പൌലൊസപ്പൊസ്തലൻ്റെ വാക്കുകൾ മത്തായി 5:44, ലൂക്കൊസ് 6:28 എന്നീ വാക്യങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്. പീഡനത്തിലും കഷ്ടതയിലും ഗിരിപ്രഭാഷണത്തിലെ വാക്യങ്ങൾ ആദിമ ക്രൈസ്തവരെ എത്രത്തോളം ആശ്വസിപ്പിച്ചിരുന്നു എന്നതിനു തെളിവാണിത്. വാചികമായ സാമ്യം കൂടാതെ ആശയസാമ്യമുള്ള ഭാഗങ്ങളും കാണാം. മത്തായി 5:34-37-ന്റെ സംക്ഷിപ്ത രൂപമാണ് യാക്കോബ് 5:12. വ്യാകുലത്തിനെതിരെയുള്ള ഉപദേശത്തിന്റെ (മത്താ, 6:25-34, ലൂക്കൊ, 12:22-31) സാമാന്യീകരണമാണ് ഫിലിപ്പിയർ 4:6. ഗിരിപ്രഭാഷണത്തിൻ്റെ സമാപനഭാഗത്തെ (മത്താ, 7:2-27) സംക്ഷേപിച്ചിരിക്കുകയാണ് യാക്കോബ് 1:22. യാക്കോബ് 5:13-നു മത്തായി 6:19-20-നോടു ശബ്ദ സാമ്യമുണ്ട്. 

ഭാഷണങ്ങളുടെ സ്വരൂപം: ഭാഷണങ്ങളിലധികവും ലളിതമായ വിധികളാണ്. വക്താവിന്റെ അധികാരമാണ് വിധികളുടെ ഗൗരവത്തിനടിസ്ഥാനം. “കുല ചെയ്യരുത് എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു സഹോദരനോടു കോപി ക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.” (മത്താ, 5:21-22). ഭാഗ്യവചനങ്ങൾ ചില സങ്കീർത്തന ഭാഷണങ്ങളെ പ്രതിധ്വനിപ്പിക്കുന്നുണ്ട്. (സങ്കീ, 40:4, 112:1-2). ഗിരിപ്രഭാഷണങ്ങളുടെ കാവ്യാത്മകത ശ്രദ്ധേയമാണ്. എബായ കവിതകളുടെ സവിശേഷത ഇതിൽ വ്യക്തമായി നിഴലിക്കുന്നുണ്ട്. കർത്താവിന്റെ കവിതയായി ഗിരിപ്രഭാഷണത്തെ കരുതുന്നവരുമുണ്ട്. മത്തായി 7:7-11 പര്യായസമാന്തരതയ്ക്ക് ഉത്തമോദാഹരണമാണ്. അതിൽ ഒരു ഭാഗം മറ്റൊരു ഭാഗത്തെ ആവർത്തിക്കുകയും ഒരു സമാന്തരഭാഷണം വ്യതിരേക സമാന്തരതയിൽ അവസാനിക്കുകയും ചെയ്യുന്നു. 

യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും. മകൻ അപ്പം ചോദിച്ചാൽ അവനു കല്ലുകൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളു? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! 

കർത്താവു പഠിപ്പിച്ച പ്രാർത്ഥന തന്നെ നാലുഗണങ്ങൾ ഉൾക്കൊളളുന്ന മൂന്നുവരി വീതമുള്ള രണ്ടു ശ്ലോകങ്ങളുള്ള ഒരു കവിതയാണ്. സദൃശവാക്യങ്ങൾക്ക് ഒപ്പമാണ് ഗിരിപ്രഭാഷണത്തിലെ പല സൂക്തങ്ങളും. കവിതയ്ക്കു സഹജമായ അതിശയോക്തി പല ഭാഷണങ്ങളിലും കാണാം. വലംകണ്ണു ചൂഴ്ന്നെടുത്തു എറിഞ്ഞുകളക, വലങ്കൈ വെട്ടി എറിഞ്ഞുകളക എന്നിവ ഉദാഹരണങ്ങൾ. 

വ്യാഖ്യാനം: തലമുറകളെ സ്വാധീനിച്ചിട്ടുള്ള ഒന്നാണ് ഗിരിപ്രഭാഷണം. ക്രൈസ്തവരെയും അക്രൈസ്തവരെയും സാർവ്വത്രികമായും സാർവ്വകാലികമായും സ്വാധീനിച്ചിട്ടുളള ഉപദേശങ്ങളാണ് ഗിരിപ്രഭാഷണത്തിലുളളത്. ക്രിസ്തീയജീവിതത്തിന്റെ സമ്പൂർണ്ണ മാതൃകയായിട്ടാണ് ഹിപ്പോയിലെ ബിഷപ്പായിരുന്ന അഗസ്റ്റിൻ ഗിരിപ്രഭാഷണത്തെ കണ്ടത്. സകലരെയും ബാധിക്കുന്ന ഒഴികഴിവില്ലാത്ത ദൈവിക നീതിയുടെ പ്രകാശനമാണ് ഗിരിപ്രഭാഷണം എന്ന് നവീകരണ നായകന്മാർ കരുതി. വിശ്വോത്തര സാഹിത്യകാരനായ ടോൾസ്റ്റോയി ഗിരിപ്രഭാഷണത്തെ അഞ്ചുകല്പനകളിൽ സംക്ഷേപിച്ചു. 1.കോപദമനം, 2.ബ്രഹ്മചര്യം, 3.സത്യം ചെയ്യാതിരിക്കൽ, 4.അക്രമരാഹിത്യം, 5.പരിമിതിയില്ലാത്ത ശത്രുനേഹം. ഈ കല്പനകൾ പാലിക്കുകയാണെങ്കിൽ എല്ലാ ദുഷ്ടതകളും ഒഴിഞ്ഞ് സൗവർണ്ണയുഗം ഭൂമിയിൽ സംജാതമാകും. മഹാപീഡനത്തിനു ശേഷം ഭൂമിയിൽ സ്ഥാപിക്കപ്പെടുന്ന ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയിൽ നിറവേറുന്ന ഒന്നായി യുഗപരവാദികൾ ഗിരിപ്രഭാഷണത്തെ വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനമനുസരിച്ച് രാജ്യം സഹസ്രബ്ദരാജ്യമാണ്. പ്രഭാഷണത്തിന്റെ നിവൃത്തി ഭാവികമാകും. എന്നാൽ ഇതിൻ്റെ വർത്തമാനകാല പ്രസക്തിയും പ്രാധാന്യവും ഒപ്പം അതിൻറ സാർവ്വകാലികത്വവും നിഷേധിക്കാനാവുകയില്ല. ലോകത്തെ പരിഷ്ക്കരിക്കുവാനുള്ള ഒരു പദ്ധതിയല്ല ഗിരിപ്രഭാഷണം. ദൈവരാജ്യത്തിനുവേണ്ടി ലോകം ത്യജിച്ചവർ അനുഷ്ഠിക്കുവാനുള്ള നിയമങ്ങളാണിത്.

ഏകനായ ദൈവം ഏകനല്ലാത്ത ക്രിസ്തു

“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16)

ദൈവം ഏകനാണ് അഥവാ, ഒരുത്തൻ മാത്രമാണ് എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. അപ്പോൾത്തന്നെ, ദൈവത്തിൻ്റെ ക്രിസ്തു, താൻ ഏകനല്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നതായി കാണാം. അതിനാൽ, ദൈവത്തിനു ബഹുത്വമുണ്ട് അഥവാ, ദൈവത്തിൽ ഒന്നിലേറെ വ്യക്തികൾ ഉണ്ടെന്ന് അനേകർ വിശ്വസിക്കുന്നു. എന്നാൽ, ദൈവം ഏകനാണ് എന്നല്ലാതെ, ദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. ഏകദൈവത്തിനു വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ ആണ് ഉള്ളത്.

ആദ്യം നമുക്ക് ഏക ദൈവത്തെക്കുറിച്ച് നോക്കാം: ഒന്നാം കല്പന തുടങ്ങി, താൻ ഒരുത്തൻ മാത്രമാണ് ദൈവം എന്ന് യഹോവ ആവർത്തിച്ച് പറയുന്നതായി കാണാം. യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. (പുറ, 20:2,3; ആവ, 5:6,7). ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ല, ഞാനല്ലാതെ ഒരു ദൈവവും ഇല്ല, എനിക്ക് സമനായും സദൃശനായും ആരുമില്ല, എനിക്ക് മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല, ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവയായ ഏകദൈവം പറയുന്നത്. (യെശ, 40:25; 43:10; 44:6,8; 45:5,6). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ” എന്നാണ് യഹോവ അരുളിച്ചെയ്യുന്നത്. (യെശ, 45:22). പഴയനിയമഭക്തന്മാരുടെ സാക്ഷ്യം: യഹോവ ഒരുത്തൻ മാത്രമാണ് ദൈവം, യഹോവയ്ക്ക് സമനും സദൃശനുമായി മറ്റൊരുത്തനുമില്ല എന്നാണ് പഴയനിയമ ഭക്തന്മാർ പറയുന്നത്. (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 86:10; 35:10; 40:5). “ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല, നീ അല്ലാതെ ഒരു ദൈവവുമില്ല” എന്നാണ് ദാവീദ് പറയുന്നത്. (1ദിന, 17:20). ക്രിസ്തുവിൻ്റെ സാക്ഷ്യം: ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5: 21; യോഹ, 8:41;1കൊരി, 8:6; എഫെ, 4:6; യൂദാ, 1:24). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല; എന്ന് നീ ഇന്ന് അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക” എന്നാണ് ദൈവത്തിൻ്റെ വചനം പറയുന്നത്. (ആവ, 4:39). അതായത്, യഹോവയായ ദൈവവും പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും ദൈവം ഒരുത്തൻ മാത്രമാണെന്ന് ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.

മോണോസ് തെയൊസ്: ദൈവം ഒരുത്തൻ മാത്രമാണ് എന്നതിന് മേല്പറഞ്ഞതിലും സ്ട്രോങായ തെളിവുകൾ വേറയുമുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ്, ദൈവത്തെ കുറിക്കാൻ 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6). ദൈവം മോണോസ് ആണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; റോമ, 16:26. പഴയനിയമത്തിലെ യാഖീദിനു തത്തുല്യമായ ഗ്രീക്കുപദമാണ് മോണോസ്. അതായത്, ദൈവം മോണോസ് ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ഇരുപത് പ്രാവശ്യവും, ദൈവം മോണോസ് ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായകൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. അത്രയ്ക്കും സ്ഫടിക സ്ഫുടമായാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ദൈവാത്മാവ് രേഖപ്പെടുത്തി വെച്ചിരിക്കുന്നത്.

ഞാൻ ഏകനല്ല: എന്നാൽ, ക്രിസ്തു താൻ ഏകനല്ലെന്ന് പറയുന്ന രണ്ട് വാക്യങ്ങൾ കാണാൻ കഴിയും. “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല; ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). അടുത്തവാക്യം: “നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു, വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല താനും.” (യോഹ, 16:32). ഈ വേദഭാഗങ്ങളിൽ ക്രിസ്തു പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ, പ്രധാനമായും രണ്ട് കാര്യങ്ങളറിയണം. താൻ ഏകനല്ലെന്ന് പറയുന്ന ആൾ ആരാണ് അഥവാ, അവൻ്റെ അസ്ഥിത്വം എന്താണെന്ന് ആദ്യം അറിയണം. അതായത്, യേശു എന്ന ക്രിസ്തു അഥവാ, നമ്മുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിൽ ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ച് ഉയിർത്തെഴുന്നേറ്റത് ദൈവമാണോ, മനുഷ്യനാണോ എന്നാണ് ആദ്യം അറിയേണ്ടത്. ദൈവത്തിനു ജനിക്കാനോ, മരിക്കാനോ കഴിയില്ല. എന്നത് ശിശു സഹജമായ ഒരു അറിവാണ്. മാത്രമല്ല, ദൈവം അമർത്യനാണ് അഥവാ, മരണമില്ലാത്തവൻ ആണെന്നും, ക്രൂശിൽ മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണെന്നും അക്ഷരംപ്രതി ബൈബിളിൽ എഴുതിവെച്ചിട്ടുമുണ്ട്. (1തിമൊ, 2:6; 6:16; എബ്രാ, 2:9). എങ്കിലും, ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചത് ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. അവരുടെ അറിവിലേക്കായി ക്രിസ്തുവിനെക്കുറിച്ച് അല്പമായി ചിന്തിക്കാം:

ഏകമനുഷ്യനായ യേശുക്രിസ്തു: കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന് പേരുള്ള പാപമറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ സ്നാനാനന്തരം ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ, ക്രിസ്തു ദൈവത്തിനില്ലായിരുന്നു. അനന്തരം, ഇവൻ എൻ്റെ പ്രിയപുത്രൻ, എന്ന് പിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. അതായത്, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ, വിശേഷാൽ മറിയയുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; ലൂക്കോ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ച കുഞ്ഞിനെ, എല്ലാ യെഹൂദാ പുരുഷപ്രജയെയും പോലെ, എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും, ദൈവകല്പനപോലെ യേശു എന്ന് പേർ വിളിക്കുകയും ചെയ്തു. (ലൂക്കോ, 2:21). യേശു മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനാകകൊണ്ട്, അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങളും ചെയ്തു. (ലേവ്യാ, 12:2 6; ലൂക്കോ, 2:22-24). അനന്തരം, ആത്മാവിൽ ബലപ്പെട്ട് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ ഏകദേശം മുപ്പത് വയസ്സായപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കോ, 2:40,52; 3:22; പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ദൈവപിതാവിനാൽ ഇവൻ എൻ്റെ പ്രിയപുത്രൻ, എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്. (ലൂക്കൊ, 1:32,35; 3:22). ദൂതൻ്റെ ഒന്നാമത്തെ പ്രവചനം: “നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും, അവനു യേശു എന്ന് പേർ വിളിക്കേണം. അവൻ വലിയവൻ ആകും, അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും.” (ലൂക്കൊ, 1:31,32). മറിയയോട് ദൂതൻ പറഞ്ഞത്, നീ ദൈവപുത്രനെ പ്രസവിക്കുമെന്നല്ല പ്രത്യുത, നീ ഒരു മകനെ പ്രസവിക്കും എന്നാണ്. ലൂക്കൊസ് 2:7-ൽ പറയുന്നത്, അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു എന്നാണ്. അതായത്, പരിശുദ്ധാത്മാവിനാൽ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവപുത്രനെയോ അല്ല. അവളുടെ മൂത്തമകനെയാണ്. അടുത്തഭാഗം: അവൻ വലിയവനാകും, അത്യുന്നതന്റെ അഥവാ, ദൈവത്തിൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും. ലൂക്കൊസ് 2:52-ൽ പറയുന്നത്, “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു” എന്നാണ്. അതായത്, കന്യകയായ മറിയയുടെ മകനായി ജനിച്ച യേശുവെന്ന പാപമറിയാത്ത ശിശു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നു വലുതായി ഏകദേശം 30 വയസ്സായപ്പോഴാണ് ദൈവപുത്രൻ എന്ന് വിളിക്കപ്പെട്ടത്. ദൂതൻ്റെ രണ്ടാമത്തെ പ്രവചനം: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും, ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). ഇവിടെയും, മറിയയിൽ നിന്ന് ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും എന്നാണ് പ്രവചനം. അതായത്, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന രണ്ടു പ്രവചനങ്ങളാണ്, അവൻ ജനിച്ച് ഏകദേശം 30 വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് നിവൃത്തിയായത്. ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ് പ്രവചനം. (സംഖ്യാ, 24:14). ഒരു പ്രവചനം നിവൃത്തിയായി കഴിയുമ്പോഴാണ് അത് ചരിത്രം ആകുന്നത്. അതായത്, യഥാർത്ഥത്തിൽ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത് നിഖ്യാ വിശ്വാസപ്രമാണം പറയുംപോലെ, സർവ്വലോകങ്ങൾക്കു മുമ്പേയുമല്ല, കന്യകയുടെ ഉദരത്തിൽ നിന്നുമല്ല, യോർദ്ദാനിൽ വെച്ചാണ്. കാലസമ്പൂർണ്ണതയിൽ കന്യകയിൽനിന്ന് ജനിച്ച് 30 വർഷങ്ങൾക്കുശേഷം പ്രവചന നിവൃത്തിയായിട്ടാണ് അവൻ ദൈവപുത്രനായത്. ഇത് ആരുടെയും വ്യാഖ്യാനമല്ല. ഏകദേശം രണ്ടായിരം വർഷമായി പുതിയനിയമത്തിൻ്റെ തുടക്കത്തിൽത്തന്നെ ദൈവാത്മാവ് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്ന വസ്തുതകളാണ്.

ക്രിസ്തു തന്നെക്കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കാം: ഏകദൈവം അഥവാ, ദൈവം ഒരുത്തൻ മാത്രമാണ്. (യോഹ, 5:24). പിതാവാണ് ഏക സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം. (യോഹ, 17:3). അവനെമാത്രം ആരാധിക്കണം. (മത്താ, 4:10; ലൂക്കൊ, 4:8). പിതാവ് മാത്രമാണ് സകലവും അറിയുന്നത്. (മത്താ, 24:36). ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവ് മാത്രമാണെന്നും അവനെ മാത്രം ആരാധിക്കണമെന്നും അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ക്രിസ്തു പറഞ്ഞത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം കൊണ്ടാണ്. അതായത്, താൻ ദൈവമല്ല, പിതാവ് മാത്രമാണ് ദൈവം എന്നാണ് ക്രിസ്തു പറഞ്ഞതും പഠിപ്പിച്ചതും. താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). തനിക്കൊരു ദൈവമുണ്ട് അഥവാ, പിതാവ് തൻ്റെ ദൈവമാണെന്നും അവൻ പറഞ്ഞു: “യേശു അവളോട്, എന്നെ തൊടരുത്, ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല. എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്, എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക എന്ന് പറഞ്ഞു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കോ, 15:34). പിതാവ് എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്നും അവൻ പറഞ്ഞു. (യോഹ, 10:29; 14:28). ക്രിസ്തു താൻ ദൈവമായിരുന്നെങ്കിൽ, ഇങ്ങനൊക്കെ പറയുമായിരുന്നോ?

അപ്പൊസ്തലന്മാരുടെ പഠിപ്പിക്കൽ നോക്കാം: ദൈവം ഒരുവൻ അഥവാ, ഒരുത്തൻ മാത്രം (ലൂക്കൊ, 5:21), ഏകജ്ഞാനിയായ ദൈവം:(റോമ, 16:26), അക്ഷയനും അദൃശ്യനുമായ ഏകദൈവം (1തിമൊ, 1:17), ധന്യനായ ഏകാധിപതി (1തിമൊ, 6:15), താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16) ഏകനാഥൻ (യൂദാ, 1:4), രക്ഷിതാവായ ഏകദൈവം (യൂദാ, 1:24), നീയല്ലോ ഏകപരിശുദ്ധൻ (വെളി, 15:4). എന്നൊക്കെ അപ്പൊസ്തലന്മാർ പഠിപ്പിച്ചതും ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അടുത്തത്: പിതാവായ ഏകദൈവമേ നമുക്കുള്ളു. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവും ദൈവമായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവാണെന്നും അപ്പൊസ്തലന്മാർ ഖണ്ഡിതമായി പറയുമായിരുന്നോ?ക്രിസ്തുവിന് ഒരു ദൈവമുണ്ടെന്ന് അപ്പൊസ്തലന്മാരും സാക്ഷ്യപ്പെടുത്തുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; 1:17). ക്രിസ്തു മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായ നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ട്, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. (പ്രവൃ, 2:23). “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമർ 5:15). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ ഉള്ളെന്നും ക്രിസ്തുവിനൊരു ദൈവമുണ്ടെന്നും അവൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ പറയുമായിരുന്നോ? ക്രിസ്തു മനുഷ്യനാണെന്ന് താൻ തന്നെയും തന്നോടുകൂടെ മൂന്നരവർഷം സഹ വസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ തന്നെ കണ്ട യോഹന്നാൻ സ്നാപകനും, യെഹൂദന്മാരും, ശമര്യാസ്ത്രീയും, പിറവിക്കുരുടനും, പരീശന്മാരും, മഹാപുരോഹിതന്മാരും, കയ്യാഫാവും, പീലാത്തോസും,, ശതാധിപനും ന്യായാധിപസംഘവും ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യോഹ, 1:30; 4:29; 8:40; 9:11,16; 10:33; 11:50; ലൂക്കോ, 23:4; മർക്കോ, 15:39; പ്രവ, 2:23; 5:28). നമ്മുടെ പാപപരിഹാരാർത്ഥം ജനിച്ചുജീവിച്ചു ക്രൂശിൽ മരിച്ചത് മനുഷ്യനാണെന്ന് 36 പ്രാവശ്യം ബൈബിളിലുണ്ട്. 2,000 വർഷമായിട്ട് ഇക്കാര്യങ്ങളെല്ലാം ബൈബിളിൽത്തന്നെ ഉണ്ടായിട്ടും, ദൈവമാണ് മരിച്ചതെന്നാണ് അനേകരും വിശ്വസിക്കുന്നത്. അതായത്, നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ച് രക്ഷയൊരുക്കിയ ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നില്ല. ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണ മനുഷ്യൻ ആയിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിനു ഏല്പിച്ചത്. (ലൂക്കൊ 23:46; എബ്രാ ,9:14). ദൈവമാണ് മൂന്നാം ദിവസം അവനെ ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത്: ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്ന് യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36; 10:40). അപ്പോൾ, ഒന്നാമത്തെ ചോദ്യത്തിൻ്റെ ഉത്തരം നമുക്കു കിട്ടി. അതായത്, ഞാൻ ഏകനല്ല എന്ന് പറഞ്ഞത് ദൈവമല്ല. പാപമറിയാത്ത മനുഷ്യനാണ്.

രണ്ടാമത് അറിയേണ്ടത്, ഏകനല്ല എന്ന് പറഞ്ഞാൽ, അതിൻ്റെ അർത്ഥമെന്താണ്? തനിക്ക് ബഹുത്വമുണ്ടെന്നാണോ? അല്ല. എന്തെന്നാൽ, ഏകനായ ദൈവത്തിനോ, ഏകമനുഷ്യനായ ക്രിസ്തുവിനോ തന്നിൽത്തന്നെ ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല. യഥാർത്ഥത്തിൽ, അവിടെ ക്രിസ്തു താൻ ഏകനല്ല എന്നല്ല പറയുന്നത്, ഞാൻ തനിച്ചല്ല, അഥവാ, ഒറ്റയ്ക്കല്ല എന്നാണ് പറയുന്നത്. ഇംഗ്ലീഷിൽ, I am not alone എന്നാണ്. ഇത്, സത്യവേദപുസ്തകം പരിഭാഷയുടെ പ്രശ്നമാണ്. വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു. “എന്നാല്‍ ഞാന്‍ വിധിച്ചാല്‍ എന്‍റെ വിധി സത്യമായിരിക്കും. എന്തെന്നാല്‍ ഞാന്‍ തനിച്ചല്ല, പിന്നെയോ, ഞാനും എന്നെ അയച്ച എന്‍റെ പിതാവും കൂടിയാണ്.” (യോഹ, 8:16). ഇആർവി പരിഭാഷയും, പിഒസി പരിഭാഷയും നോക്കുക. ഒരാൾ ഞാൻ തനിച്ചല്ല അഥവാ, ഒറ്റയ്ക്കല്ല എന്ന് പറഞ്ഞാൽ എന്താണർത്ഥം, തനിക്ക് ബഹുത്വമുണ്ടെന്നാണോ? അല്ല. തന്റെകൂടെ മറ്റൊരാൾ ഉണ്ടെന്നാണ്. യേശുവിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ ആരാണ്? ക്രിസ്തുതന്നെ അതിൻ്റെ ഉത്തരം കൃത്യമായി പറഞ്ഞിട്ടുണ്ട്: “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്, ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി അഥവാ, ഒറ്റയ്ക്ക് വിട്ടിട്ടില്ല.” (യോഹ, 8:29). നമ്മൾ ചിന്തിക്കുന്ന വാക്യത്തിലും അതിൻ്റെ ഉത്തരമുണ്ട്: “പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല താനും.” (യോഹ, 16:32). അപ്പോൾ, ദൈവപിതാവ് അദൃശ്യനായി ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല എന്ന് പറഞ്ഞത്. “ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല” എന്ന് നിക്കോദേമൊസ് യേശുവിനോടു പറയുന്നതായി കാണാം. (യോഹ, 3:2). അപ്പോൾ, താൻ ഏകനല്ല എന്ന് പറഞ്ഞതിൻ്റെ കാര്യം മനസ്സിലായല്ലോ? ദൈവം യേശുവെന്ന മനുഷ്യൻ്റെകൂടെ ഇരുന്നതുകൊണ്ടാണ് താൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ലെന്ന് അവൻ പറഞ്ഞത്. സുവിശേഷങ്ങൾ മുഴുവനും ദൈവവും അഭിഷിക്തനായ മനുഷ്യനുമെന്ന രണ്ടുപേരക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഉദാ: (മത്താ, 7:21; 10:32; 11:27; 12:50; 15:13; 16:17; 17:5);തുടങ്ങി നൂറോളം വാക്യങ്ങളുണ്ട്. ക്രിസ്തു സ്ഫടികസ്ഫുടം അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്: പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32,37). പിതാവിനെയും ചേർത്ത്, ഞങ്ങൾ എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (യോഹ, 17:3). താനും പിതാവും ശിഷ്യന്മാരും ഐക്യത്തിൽ ഒന്നാണെന്നും അവൻ പറഞ്ഞു. (യോഹ, 17:23).

അപ്പോൾ ഒരു ചോദ്യംവരും: എപ്പോൾ മുതലാണ് ദൈവം യേശുവെന്ന മനുഷ്യനോടുകൂടി മറ്റൊരാളായി ഉണ്ടായിരുന്നത്. അതിൻ്റെ ഉത്തരം അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് പറയും: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട്, അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ട്, സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ഇവിടെ പത്രോസ് പറയുന്നത് ശ്രദ്ധിക്കുക. പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തിട്ട്, ദൈവം അവനോടുകൂടെ ഇരുന്നു എന്നാണ് പറയുന്നത്. യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവം അവനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തത്. (മത്താ, 3:16. ഒ.നോ: ലൂക്കൊ, 4:18-21). അതായത്, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ജനിച്ച് 30 വർഷങ്ങൾക്കുശേഷം, യോർദ്ദാൻ മുതലാണ് ഏകദൈവം ഏകമനുഷ്യനായ ക്രിസ്തുവിനോടുകൂടെ ഇരിക്കാൻ തുടങ്ങിയത്. അപ്പോൾ, ഒരു ചോദ്യം കൂടിവരും: യോർദ്ദാൻ മുതലാണ് ദൈവം യേശുവിനോടുകൂടെ ഇരുന്നതെങ്കിൽ, എപ്പോൾവരെ അവനോടുകൂടെ ഉണ്ടായിരുന്നു? ആദ്യരണ്ട് സുവിശേഷകന്മാരും അതിൻ്റെ ഉത്തരം പറഞ്ഞിട്ടുണ്ട്: “ഏകദേശം ഒമ്പതാംമണി നേരത്ത് യേശു, ഏലീ, ഏലീ, ലമ്മാ ശബക്താനി എന്ന് ഉറക്കെ നിലവിളിച്ചു, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം.” (മത്താ, 27:46; മർക്കൊ, 15:33). ദൈവം യേശുവെന്ന ക്രിസ്തുവിനെ വിട്ടുമാറിയ ശേഷമാണ് അവൻ ക്രൂശിൽമരിച്ചത്. കൃത്യമായ സമയം സമവീക്ഷണ സുവിശേഷകന്മാർ പറഞ്ഞിട്ടുണ്ട്: “എന്റെ ഉള്ളം മരണവേദനപോലെ അതി ദുഃഖിതമായിരിക്കുന്നു, ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോട് പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു. കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു.” (മർക്കൊ, 14:34,35; മത്താ, 36:38,39). അടുത്തഭാഗം ലൂക്കൊസ് പറയും: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ, എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്ന് പ്രാർത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവനു പ്രത്യക്ഷനായി. പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കോ, 22:42-44). മർക്കൊസ് പറയുന്നത് ക്രിസ്തു മുമ്പോട്ടുചെന്ന് നിലത്തുവീണു എന്നാണ്. ഗത്ത്ശെമന എന്ന തോട്ടത്തിൽ വെച്ചാണ് മനുഷ്യരുടെ പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് താൻ പരിക്ഷീണനായി നിലത്തുവീണത്. അടുത്ത് പറയുന്നത്: അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി എന്നാണ്. അവൻ അത്രമാത്രം ബലഹീനൻ ആയതുകൊണ്ടാണ് അവനെ ബലപ്പെടുത്താൻ ദൂതൻ വന്നത്. യേശു നമ്മുടെ പാപം വഹിച്ചുകൊണ്ട് അതിയായി ക്ഷീണിച്ചു എന്നതിൻ്റെ തെളിവാണ്, അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയത്. അപ്പോൾ, ഗത്ത്ശെമനയിൽ വെച്ചാണ്, ആദാം മുഖാന്തരം ഉണ്ടായ മാനവകുലത്തിൻ്റെ സകല പാപവും ദൈവം അവൻ്റെമേൽ ചുമത്തിയത്. (1കൊരി, 15:3; 1പത്രോ, 2:24; 1യോഹ, 2:2). അതിനാൽ, ഗത്ത്ശെമനയിൽ വെച്ചാണ് ഏകദൈവം ഏകമനുഷ്യനായ ക്രിസ്തുവിനെ വിട്ടുമാറിയതെന്ന് മനസ്സിലാക്കാം. അപ്പോൾ, ഏകദൈവം അദൃശ്യനായി തൻ്റെകൂടെ വസിച്ചിരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് മനുഷ്യനായ ക്രിസ്തുയേശു പറഞ്ഞതെന്ന് വ്യക്തമാണല്ലോ? അല്ലാതെ, യേശുവെന്ന മനുഷ്യനോ, ഏകസത്യദൈവത്തിനോ ബഹുത്വമില്ല. ഞാൻ ഏകനല്ലെന്ന് ക്രിസ്തു പറഞ്ഞപോലെ, ദൈവം കൂടെയുണ്ടെന്ന് ഉറപ്പുള്ള ആർക്കുവെണമെങ്കിലും പറയാം. എന്തെന്നാൽ, ദൈവം നമ്മെ വീണ്ടുംജനിപ്പിച്ചിട്ട് നമ്മുടെ ഹൃദയത്തെ തൻ്റെ മന്ദിരമാക്കി നമ്മോടൊപ്പം വസിക്കുകയാണ് ചെയ്യുന്നത്. (1കൊരി, 3:16; 6:19; ഗലാ, 3:2; എഫെ, 1:13,14). അതിനാൽ, ദൈവം തൻ്റെ കൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരാൾക്കും പറയാവുന്ന പ്രസ്താവനയാണ്, ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല എന്നത്. അതുകൊണ്ട്, ദൈവത്തിനോ, പറയുന്ന ആൾക്കോ തന്നിൽത്തന്നെ ബഹുത്വമുണ്ടാകുന്നില്ല.

എന്നാൽ, ഒരുചോദ്യം ഇനിയും അവശേഷിക്കുന്നു. ക്രിസ്തു കേവലം മനുഷ്യനായിരുന്നോ? അല്ല. യേശുവെന്ന മനൂഷ്യന് ഒരു പൂർവ്വാസ്തിത്വം ഉള്ളതായി താൻതന്നെയും മറ്റുള്ളവരും പറയുന്നതായി കാണാം. യോഹന്നാൻ സ്നാപകനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കോ ,1:26,36). എന്നാൽ, അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ സ്നാപകൻ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത്. (യോഹ, 1:15). അവൻ മേലിൽ നിന്നു വരുന്നവൻ, എല്ലാവർക്കും മീതെയുള്ളവൻ, സ്വർഗ്ഗത്തിൽനിന്നു വന്നവൻ എന്നൊക്കെയാണ് യോഹന്നാൻ അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തുന്നത്. (യോഹ, 3:31). നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ, നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല എന്ന് ക്രിസ്തു പറയുന്നു. (യോഹ, 8:23). ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ, രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ എന്നാണ് പൗലോസ് പറയുന്നത്.” (1കൊരി, 15:47). രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്കു വന്നു എന്നല്ല; മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുക്രിസ്തു ജഡത്തിൽ അഥവാ, മനുഷ്യനായി വന്നു എന്ന് സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. എതിർ ക്രിസ്തുവിന്റെ ആത്മാവാണെന്ന് യോഹന്നാൻ വീണ്ടും പറയുന്നു. (1യോഹ, 4:3). മനുഷ്യനായി വരണമെങ്കിൽ, അവൻ വേറൊരു അസ്തിത്വത്തിൽ മുമ്പേ ഉണ്ടാകണമല്ലോ? അവൻ അന്ത്യകാലത്ത് വെളിപ്പെട്ടവൻ അഥവാ, മാനിഫെസ്റ്റ് ചെയ്തവനാണെന്ന് പത്രോസ് അപ്പൊസ്തലൻ പറയുന്നു. “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). അതിനാൽ, മുമ്പെ ഉണ്ടായിരുന്ന ഒരുവനാണ് അന്ത്യകാലത്ത് പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടതെന്ന് വ്യക്തമാണ്. അതായത്, ക്രിസ്തുവിനൊരു പൂർവ്വാസ്തിത്വം ഉണ്ടെന്നും, അന്ത്യകാലത്താണ് അവൻ മനുഷ്യനായി വെളിപ്പെട്ടതെന്നും വളരെ വ്യക്തമായാണ് പറഞ്ഞിരിക്കുന്നത്.

ദൈവഭക്തിയുടെ മർമ്മം: അപ്പോൾ, കാലസമ്പൂർണ്ണത വന്നപ്പോൾ മനുഷ്യരുടെ പാപപരിഹാരാർത്ഥം മറിയ യിലൂടെ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടവൻ ആരായിരുന്നു എന്നാണ് ഇനി അറിയേണ്ടത്. അതിൻ്റെ ഉത്തരമാണ്, പൗലൊസിലൂടെ ദൈവം വെളിപ്പെടുത്തിയ ദൈവഭക്തിയുടെ മർമ്മം അഥവാ, ദൈവികരഹസ്യം. (1തിമൊ, 3:14-16). അവിടെ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ, അവൻ എന്ന സർവ്വനാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും ഏകദൈവമായ യഹോവയാണ്. (യിരെ, 10:10). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട്, മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6-8), 1തിമൊ, 3:14-16; എബ്രാ, 2:14-16). അതായത്, ജീവനുള്ള ദൈവമായ യഹോവ തന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായി മാനിഫെസ്റ്റ് ചെയ്തത്. അതിനാൽ, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, ജഡത്തിൽ പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ, ആ പ്രത്യക്ഷ ശരീരം അഥവാ, ആ മനുഷ്യവ്യക്തി പിന്നെയുണ്ടാകില്ല,. അതുകൊണ്ടാണ്, ഞാൻ തന്നെ അവൻ അഥവാ പിതാവെന്നും, ഞാനും പിതാവും ഒന്നാകുന്നു എന്നും, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ ക്രിസ്തു പറഞ്ഞത്. യോഹന്നാൻ 8ൻ്റെ24,28, 10ൻ്റെ30, 14ൻ്റെ9.

യഹോവയായ ഏകദൈവം തന്നെയാണ് പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് എന്ന് ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ വേറെയുമുണ്ട്. ഉദാ: യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യെശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു. “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1: 68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (എബ്രാ, 2:14-15). ജഡത്തിൽ പ്രത്യക്ഷനാകാൻ മറ്റൊരു ദൈവമില്ല. ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10;44:8; 45:5). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

ക്രൂശും, ക്രശീകരണവും

ക്രൂശും, ക്രൂശീകരണവും

ക്രൂശിനെക്കുറിക്കുന്ന ഗ്രീക്കുപദം സ്റ്റൗറൊസ് (stauros) 28 പ്രാവശ്യവും, ക്രൂശിക്കുക എന്ന ക്രിയാപദം സ്റ്റൗറോ (stauroo) 46 പ്രാവശ്യവും പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ക്രൂശ് എന്ന പദത്തിന്റെ പ്രാഥമിക അർത്ഥം നിവർന്നതടി അഥവാ മരം എന്നത്രേ. വധശിക്ഷയുടെ ഉപകരണമായി ഉപയോഗിക്കുന്ന കുറ്റി എന്നത് അപ്രധാനാർത്ഥമാണ്. എന്നാൽ ഈ അർത്ഥമാണ് പുതിയനിയമ പ്രയോഗങ്ങൾക്കെല്ലാം ഉളളത്. ക്രൂശീകരണത്തെ വ്യഞ്ജിപ്പിക്കുന്ന രണ്ടു എബ്രായ പദങ്ങൾ ‘യാഖാ’യും (yaqa) (സംഖ്യാ, 25:4), ‘താലാഹും’ (talah) (ഉല്പത്തി, 40;49) ആണ്. തുക്കുക എന്നാണ് ഈ പദങ്ങളെ പരിഭാഷപ്പെടുത്തിയിട്ടുളളത്. കുറ്റക്കാരെ ജീവനോടെ ക്രൂശിച്ചതിനു തെളിവ് പഴയനിയമത്തിലില്ല. വധിച്ച ശേഷം മരത്തിൽ തൂക്കുന്നതിനെക്കുറിച്ചാണ് ഈ വിവരണങ്ങളിൽ കാണുന്നത് പഴയനിയമത്തിലെ വധദണ്ഡനം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. എന്നാൽ മറ്റുള്ളവർക്കു താക്കീതായി ശവത്തെ മരത്തിൽ തൂക്കിയിരുന്നു: (ആവ, 21:22,23; യോശു, 10:26). മരത്തിന്മേൽ തൂങ്ങുന്നവൻ ശപിക്കപ്പെട്ടവനാണ്: (ഗലാ, 3:13). തന്മൂലം രാത്രിയാകുന്നതിനു മുമ്പ് ശവം മരത്തിൽ നിന്നിറക്കി കുഴിച്ചിടും: (യോഹ, 19:31). ക്രിസ്തുവിന്റെ ക്രൂശിനെ അപമാനസൂചകമായി മരം എന്നു പറഞ്ഞിട്ടുള്ളത് ഈ പശ്ചാത്തലത്തിലാണ്. (പ്രവൃ, 5:30; 10:39; 13:29). 

ഈജിപ്റ്റിലും (ഉല്പ, 40:19), കാർത്തേജിലും, പാർസ്യയിലും (എസ്ഥേ, 7:10 കഴുമരത്തിന്മേൽ തൂക്കുക), അശ്ശൂരിലും ഗ്രീസിലും റോമിലും ക്രൂശിൽ തറച്ചുകൊല്ലുന്ന സമ്പ്രദായം നിലവിലിരുന്നു. സോർ കീഴടക്കിയശേഷം പട്ടണത്തെ പ്രതിരോധിച്ച രണ്ടായിരം പേരെ കൂശിക്കുന്നതിനു അലക്സാണ്ടർ ചക്രവർത്തി കല്പന കൊടുത്തു. അടിമകളെയും അധമകുറ്റവാളികളെയും അല്ലാതെ റോമാപൗരന്മാരെ ക്രൂശിച്ചിരുന്നില്ല. പാരമ്പര്യമനുസരിച്ച് പത്രൊസിനെ ക്രൂശിക്കുകയും പൗലൊസിനെ ശിരശ്ച്ഛേദം ചെയ്യുകയും ചെയ്തു. പൗലൊസിന്റെ റോമാപൗരത്വമാണ് ഇതിനു കാരണം. ക്രൂശീകരണം നിർത്തലാക്കിയത് കോൺസ്റ്റന്റയിൻ ചക്രവർത്തി ആയിരുന്നു. 

കുശിന്റെ രൂപം: ഒരു നെടും തടിയാണ് കുശ്. ഈ തടിയോടു ചേർത്ത് കുറ്റക്കാരനെ ബന്ധിക്കുകയും കൈകൾ തലയ്ക്കു മുകളിൽ ക്രൂശിനോടു ചേർത്തു കെട്ടുകയോ കൈകളിൽ ആണികൾ തറയ്ക്കുകയോ ചെയ്യുകയും ചെയ്യും. ചിലപ്പോൾ നെടുംതടിക്കു കുറുകെ മറ്റൊരു തടി വച്ച് കുറ്റക്കാരൻ്റെ കൈകളെ നീട്ടി അതിനോടു ബന്ധിക്കും. നാലുതരത്തിലുള്ള ക്രൂശുകളാണ് പ്രധാനപ്പെട്ടവ: 1. സാധാരണ ക്രൂശ്; ഒറ്റത്തടി; 2. വിശുദ്ധ അന്ത്രയാസിന്റെ ക്രൂശ്; ഇംഗ്ലീഷിലെ X പോലെ; 3. വിശുദ്ധ അന്തോണിയുടെ ക്രൂശ്; T പോലെ; 4. ലത്തീൻ കൂശ്; ചരിഞ്ഞ ക്രോസ്. മറ്റുവിധത്തിലുള്ള ചില ക്രൂശുകളും കണ്ടെടുത്തിട്ടുണ്ട്: നാലുഭുജങ്ങളും തുല്യ ദൈർഘ്യമുളളതാണ് ഗ്രീക്കു കൂശ്. കൂടാതെ ഇരട്ടക്കുരിശും, മുക്കുരിശും ഉണ്ടായിരുന്നു. വിശുദ്ധ അന്തോണിയുടെ ക്രൂശിൻ രൂപം (T) തമ്മൂസ് ദേവന്റെ അടയാളത്തിൽ (തൗ) നിന്നും വന്നതാണെന്നു കരുതപ്പെടുന്നു. ക്രിസ്തുവിനു മുമ്പും ക്രൂശ് പ്രതീകമായി ഉപയോഗിച്ചിരുന്നു . ഈജിപ്റ്റിലെ പ്രകാശദേവനായ ഹോറെസിൻ്റെ പുരോഹിതന്മാരുടെ വേഷത്തിൽ ക്രൂശിന്റെ അടയാളമുണ്ടായിരുന്നു. വളരെ മുമ്പുതന്നെ ഫിനിഷ്യയിലെ സ്മാരകങ്ങളിൽ ക്രൂശിന്റെ ചിഹ്നം ഉണ്ടായിരുന്നു.

ക്രൂശീകരണം: ക്രൂശിക്കുന്നതിനു മുമ്പ് ചമ്മട്ടി കൊണ്ടടിക്കുക പതിവായിരുന്നു. അധികം വേദനിപ്പിക്കുന്നതിനുവേണ്ടി അസ്ഥിഖണ്ഡങ്ങളും ആണികളും ചാട്ടയോടു ബന്ധിച്ചിരുന്നു. ക്രിസ്തുവിനെ അടിപ്പിച്ചത് വിധി പ്രസ്താവിച്ചതിനു ശേഷം നിയമപരമായി ആയിരുന്നില്ല: (ലൂക്കൊ, 23:23; യോഹ, 19:1). കുറ്റക്കാരൻ സ്വന്തം ക്രൂശ് ചുമക്കേണ്ടതാണ്. അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമെങ്കിലും (കുറുംതടി) ചുമക്കേണ്ടതാണ്. മറ്റൊരാൾക്ക് കുറ്റക്കാരനുവേണ്ടി കൂശ് ചുമക്കാം: (ലൂക്കൊ, 23:26). വധശിക്ഷ നടത്തിയിരുന്നത് പട്ടണത്തിനു വെളിയിൽവച്ചായിരുന്നു: (1രാജാ, 21:13; പ്രവൃ, 7:58; എബ്രാ, 13:12). അവിടെ എത്തിക്കഴിഞ്ഞാലുടൻ കുറ്റക്കാരൻ വസ്ത്രം മാറ്റും. ഈ വസ്ത്രം പടയാളികളുടെ അവകാശമാണ്: (മത്താ, 27:35). ക്രൂശ് നിവർത്തി നിർത്തിയശേഷം കുറ്റവാളിയെ ചരടുകൊണ്ടു ബന്ധിക്കുകയോ ആണി തറയ്ക്കകയോ ചെയ്യും. ചിലപ്പോൾ കുറ്റക്കാരനെ ബന്ധിച്ചശേഷമായിരിക്കും ക്രൂശ് നിറുത്തുന്നത്. ക്രൂശോടു ചേർത്തു ബന്ധിക്കുന്നതിനു മുമ്പ് വേദന കുറയ്ക്കുന്നതിനും ഇന്ദ്രിയങ്ങളെ മരവിപ്പിക്കുന്നതിനുമായി കൈപ്പു കലക്കിയ വീഞ്ഞു കൊടുക്കും. ക്രിസ്തു അതു നിരസിച്ചു: (മത്താ, 27:34; മർക്കൊ, 15:23). 

ആണി അടിക്കുന്നതു വേദനയ്ക്കു കാരണമാണ്. എന്നാൽ അത് മരണത്തെ ത്വരിപ്പിക്കും. ഒമ്പതു ദിവസം വരെ ക്രൂശിൽ കിടന്നശേഷം മരിച്ചവരെക്കുറിച്ചുള്ള രേഖകളുണ്ട്. മരണകാലം ദീർഘിക്കുന്നതുകൊണ്ടാണ് പതിവനുസരിച്ചു ക്രിസ്തുവിനെ സൂക്ഷിക്കുവാൻ നാലു പടയാളികൾ അടങ്ങുന്ന ഒരു ഗണത്തെയും (യോഹ, 19:23) അവരുടെ ശതാധിപനെയും നിയമിച്ചത്: (മത്താ, 27:66). മരണത്തെ ത്വരിപ്പിക്കുവാൻ വേണ്ടി യെഹൂദന്മാർ കാലുകൾ ഒടിക്കും: (യോഹ, 19:31). രണ്ടു കളളന്മാരുടെയും കാൽ ഒടിച്ചു എങ്കിലും ക്രിസ്തു മരിച്ചു കഴിഞ്ഞിരുന്നതിനാൽ കാലുകൾ ഒടിച്ചില്ല: (യോഹ, 19:32-34). മുമ്പെ അനുഭവിച്ച പീഡകളാണ് ക്രിസ്തുവിന്റെ ശീഘ്രമരണത്തിനു കാരണമായത്. 

ക്രൂശ് ഏറ്റവും നിന്ദ്യമായിരുന്നെങ്കിലും വിശ്വാസികളുടെ ദൃഷ്ടിയിൽ അത് അമൂല്യവും വിശുദ്ധവുമായിത്തീർന്നു. രക്ഷയുടെ ശക്തി അനുഭവിക്കുന്നവർ ക്രൂശിൽ പ്രശംസിക്കും. എപ്പോൾ മുതലാണ് ക്രൂശ് ക്രിസ്ത്യാനികളുടെ അടയാളമായിത്തീർന്നതു എന്നു പറവാൻ നിവൃത്തിയില്ല. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലത്തിനു മുമ്പുതന്നെ ക്രൂശിനെ അടയാളമായി സ്വീകരിച്ചു. ആദിമ ക്രിസ്ത്യാനികളുടെ ശവക്കല്ലറകളിൽ ക്രൂശിന്റെ അടയാളമുണ്ടായിരുന്നു. 

ക്രൂശിന്റെ പ്രാധാന്യം: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെ ഒരിക്കലെന്നേക്കുമായി പൂർത്തിയാക്കിയ നിത്യരക്ഷയാണ് ക്രൂശിന്റെ പ്രാധാന്യത്തിനു ഹേതു. രക്ഷയുടെ സുവിശേഷത്തിന്റെ പ്രതീകമാണ് ക്രൂശ്. യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു; അതുകൊണ്ട് സുവിശേഷപ്രസംഗം കൂശിൻ്റെ വചനമാണ്. “ക്രൂശിൻ്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവ ശക്തിയും ആകുന്നു:” (1കൊരി, 1:18). സുവിശേഷത്തെ എതിർക്കുന്നവർ ക്രൂശിൻ്റെ ശ്രത്രുക്കളാണ്: (ഫിലി, 3:18). അങ്ങനെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശ് പ്രശംസാവിഷയമായി. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനുശേഷം യേശുവിന്റെ ജനനം മുതൽ മരണം വരെയുളള കഷ്ടതയുടെ പ്രതിരൂപമായി കൂശ് മാറി; (എബ്രാ, 12:2). ക്രൂശിന്റെ വചനം നിരപ്പിന്റെ വചനമാണ്; (2കൊരി, 5:19). ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശ്രത്രുത്വം നീക്കി വേർപാടിന്റെ നടുക്കുവർ ഇടിച്ചുകളഞ്ഞ് യെഹൂദന്മാരെയും ജാതികളെയും ദൈവം നിരപ്പിച്ചതു് ക്രൂശിലൂടെയാണ്: (എഫെ, 2:14-16). ദൈവം പ്രപഞ്ചത്തിലുള്ള സകലത്തെയും തന്നോടു നിരപ്പിച്ച് സമാധാനം ഉണ്ടാക്കിയത് ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്തിലൂടെയായിരുന്ന്: (കൊലൊ, 1:20). ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തുമായിച്ച് ക്രൂശിൽ തറച്ചു: (കൊലൊ, 2:14). വേദനാപൂർണ്ണമായ ആത്മത്യാഗത്തെ കൂശ് ചൂണ്ടിക്കാണിക്കുന്നു: (മത്താ, 16:24). ക്രൂശ് യെഹൂദന്മാർക്കു ഇടർച്ചയും ജ്ഞാനികളായ ജാതികൾക്കു ഭോഷത്വവും വിശ്വാസികൾക്കു ദൈവജ്ഞാനവും ആകുന്നു: (1കൊരി, 1:18,23,24). 

അപമാനത്തിന്റെയും താഴ്ചയുടെയും പ്രതിബിംബമാണ് ക്രൂശ്. യെഹൂദന്മാർക്കു അത് ശാപത്തിന്റെ അടയാളമാണ്: (ആവ, 21:23; ഗലാ, 3:13). ക്രിസ്തു അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു (എബ്രാ, 12:2), കൂശിലെ മരണത്തോളം (ഫിലി, 2:8) ക്രിസ്തു താഴ്ച അനുഭവിച്ചു. കുറ്റക്കാരൻ ക്രൂശും ചുമന്നുകൊണ്ടു നടക്കുന്ന ഹീനമായ കാഴ്ച റോമൻ ഭരണകാലത്ത് ഒരു സാധാരണ ദൃശ്യമായിരുന്നു. അതുകൊണ്ടാണ് ശിഷ്യത്വത്തിന്റെ പാതയെ ക്രൂശു ചുമക്കലായി ക്രിസ്തു പറഞ്ഞത്: (മത്താ, 10:38; മർക്കൊ, 8:34; ലൂക്കൊ, 14:27). എല്ലാറ്റിലും ഉപരിയായി ക്രിസ്തുവിനോടുള്ള നമ്മുടെ ഐക്യത്തിന്റെ അടയാളമാണ് കൂശ്: (2കൊരി, 5:14). ക്രിസ്തുവിന്റെ പ്രായശ്ചിത്തമരണം നമുക്കുവേണ്ടി ആകയാൽ ക്രൂശിൽ നാം അവനിൽ മരിച്ചിരിക്കുകയാണ്. നമ്മുടെ പഴയമനുഷ്യൻ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടു. അതിനാൽ നാം ജീവൻ്റെ പുതുക്കത്തിൽ നടക്കുന്നു: (റോമ, 6:4-6).

ക്രൂശിലെ മൊഴികൾ

ക്രൂശിലെ മൊഴികൾ (The words of the cross)

ക്രൂശിൽ കിടന്ന സമയത്ത് യേശു പറഞ്ഞ ഏഴു വാക്യങ്ങളാണ് ഇവ. ഇവയിൽ ഒന്നു മാത്രമാണ് രണ്ടു സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു സുവിശേഷത്തിലും മൂന്നിലധികം മൊഴികൾ രേഖപ്പെടുത്തിയിട്ടില്ല. ക്രൂശും ചുമന്നുകൊണ്ട് യേശു എബ്രായഭാഷയിൽ ഗൊൽഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കുപോയി. അവിടെ അവർ അവനെ ക്രൂശിച്ചു. (യോഹ, 19:17,18). ലോകത്തിന്റെ പാപം വഹിച്ചുകൊണ്ട് രണ്ടു കളളന്മാർക്കു മദ്ധ്യേ യേശുവെന്ന ദൈവപുത്രൻ നിന്ദാപാത്രമായിത്തീർന്നു. ലജ്ജാകരമായ ക്രൂശുമരണം വരിച്ചു. രാവിലെ ഒമ്പതു മണിമുതൽ വൈകുന്നേരം മൂന്നു മണിവരെ ആറു മണിക്കൂർ സമയം ക്രിസ്തു നിസ്സീമമായ വേദനയ്ക്കു വിധേയനായി. ഈ ആറു മണിക്കൂറിനുള്ളിലാണ് ഏഴുമൊഴികളും ഉച്ചരിച്ചത്. 

സൃഷ്ടി പുതുസൃഷ്ടിയുടെ നിഴലാണ്. ആറുദിവസം കൊണ്ട് ദൈവം സകലവും സൃഷ്ടിച്ചു; ഏഴാം ദിവസം സകല പ്രവൃത്തികളിൽ നിന്നും നിവൃത്തനായി. സൃഷ്ടിക്കു സമാന്തരമായി പുതുസൃഷ്ടിയുടെ വേലയാണ് ക്രൂശിന്മേൽ നടന്നത്. ആറുദിവസം കൊണ്ട് ദൈവം സൃഷ്ടി പൂർത്തിയാക്കിയതിനെ അനുസ്മരിച്ചുകൊണ്ട് ക്രിസ്തു ആറാമത്തെ വാക്യമായി നിവൃത്തിയായി എന്നു പറഞ്ഞു. പുതിയ സൃഷ്ടിക്കുവേണ്ടി ചെയ്യേണ്ടതു മുഴുവൻ ചെയ്തുകഴിഞ്ഞു എന്നും വീണ്ടടുപ്പിന്റെ വേല പൂർത്തിയായി എന്നും അതു വെളിപ്പെടുത്തി. തുടർന്നു ഏഴാം ദിവസം ദൈവം സ്വസ്ഥമായിതിനു സമാന്തരമായി തന്റെ പ്രയത്നം പൂർത്തിയാക്കി കൃതകൃത്യതയോടെ ക്രിസ്തു ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ ഭരമേല്പിച്ചു. കുശിൽ കിടന്ന സമയത്തു ക്രിസ്തു ഉച്ചരിച്ച ഏഴുമൊഴികളും ഏഴു പ്രവചനങ്ങളുടെ നിവൃത്തിയാണ്. ക്രിസ്തു മൂന്നുപ്രാവശ്യം തിരുവെഴുത്തുകളെ പ്രത്യക്ഷമായി ഉദ്ധരിക്കുകയും, മറ്റുളളിടത്ത് അവയെ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. 

1. പിതാവേ, ഇവർ ചെയ്യുന്നതു ഇന്നത് എന്നു അറിയായ്കകൊണ്ട് ഇവരോടു ക്ഷമിക്കേണമേ. (ലൂക്കൊ, 23:33,34) — അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ. (യെശ, 53:12).

2. ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു. (ലൂക്കൊ, 23:43) — അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം. (മത്താ, 1:21). 

3. സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോട് ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. (യോഹ, 19:26,27) — നിന്റെ സ്വന്ത്രപാണനിൽ കൂടിയും ഒരു വാൾ കടക്കും. (ലൂക്കൊ, 2:35).

4. എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈ വിട്ടതെന്ത്? (മർക്കൊ, 15:34) — എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്? (സങ്കീ, 22:1).

5. എനിക്കു ദാഹിക്കുന്നു. (യോഹ, 19:28) — എന്റെ ദാഹത്തിനു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു. (സങ്കീ, 69:21).

6. നിവൃത്തിയായി. (യോഹ, 19:30) — അവൻ നിവർത്തിച്ചിരിക്കുന്നു. (സങ്കീ, 22:31).

7. പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു. (ലൂക്കൊ, 23:46) — നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു. (സങ്കീ, 31:5). 

ക്രിസ്തുവിന്റെ ആദ്യത്തമൊഴി ആരും അർഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ സ്നേഹത്തെ വെളിപ്പെടുത്തുന്നു. (ലൂക്കൊ, 23:34). റോമൻ പടയാളികൾക്കും യെഹൂദാ മത്രപ്രമാണികൾക്കും വേണ്ടി (പ്രവൃ, 3:17) ക്രിസ്തു പ്രാർത്ഥിച്ചു. ക്രൂശിനപ്പുറത്തു ക്രിസ്തുവിനു ലഭിക്കാൻ പോകുന്ന കീരിടവും മഹത്വവും കണ്ടു ‘യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളണമേ’ (ലൂക്കൊ, 23:42) എന്നനുതപിച്ചു പറഞ്ഞ കള്ളനോടു പറഞ്ഞതാണ് രണ്ടാമത്തെ മൊഴി. പാപക്ഷമയ്ക്കുവേണ്ടിയുള്ള അപേക്ഷയായിരുന്നു ഒന്നാമത്തെ മൊഴിയെങ്കിൽ പാപക്ഷമ നല്കുന്നതായിരുന്നു രണ്ടാമത്തെ മൊഴി. രാജത്വം പ്രാപിച്ചുവരുമ്പോൾ തന്നെയും ഓർക്കേണമേ എന്നായിരുന്നു അവന്റെ അപേക്ഷ. എന്നാൽ ആ നാൾ അവസാനിക്കുന്നതിനു മുമ്പുതന്നെ തന്നോടൊപ്പം അവൻ പറുദീസയിൽ ഇരിക്കും എന്നാണ് ക്രിസ്തു അവനു നല്കിയ ഉറപ്പ്. ‘ഓർക്കേണമേ’ എന്ന അപേക്ഷയ്ക്ക് തന്നോടുകൂടെ ആയിരിക്കുമെന്നായിരുന്നു ക്രിസ്തുവിന്റെ കൃപാപൂർണ്ണമായ മറുപടി. ക്രിസ്തുവിന്റെ പൗരോഹിത്യ പ്രാർത്ഥന ഇതിൽ പ്രതിദ്ധ്വനിക്കുന്നുണ്ട്. “പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പെ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടുകൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.” (യോഹ, 17:24). 

അമ്മയെയും പ്രിയശിഷ്യനെയും അഭിസംബോധന ചെയ്തു പറഞ്ഞ രണ്ടു വാക്യാംശങ്ങൾ ചേർന്നതാണ് മൂന്നാമത്തെ മൊഴി. ഏതവസ്ഥയിലും മററുളളവരോടു സഹതപിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യേണ്ടതാണ് എന്നതിന്റെ മാതൃകയാണിത്. ശാരീരികപീഡയും പ്രാണവേദനയും അതിഭയങ്കരമായി അനുഭവിക്കുന്ന സമയത്തും യേശു സ്വന്തം അമ്മയെ ഓർക്കുകയും അവരുടെ ഭാവിക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. ശിമോന്റെ പ്രവചനം പോലെ ആ അമ്മയുടെ പ്രാണനിൽ കൂടി ഒരു വാൾ കടക്കുകയായിരുന്നു. (ലൂക്കൊ, 2:34,35). ശിഷ്യന്മാർ വിട്ടോടിയതും സുഹൃത്തുക്കൾ ഉപേക്ഷിച്ചതും സ്വന്തജനം ത്യജിച്ചതും പുരുഷാരം പരിഹസിച്ചതും ദുഷ്പ്രവൃത്തിക്കാർ ആക്ഷേപിച്ചതും പടയാളികൾ ക്രൂരമായി ഉപദ്രവിച്ചതും മുൾക്കിരീടത്തിലെ മുള്ളുകളേറ്റു രക്തം വാർന്നൊഴുകിയതും എല്ലാം നേരിൽ കണ്ടു ദുഃഖം ഹൃദയത്തിലൊതുക്കിനിന്ന മറിയയ്ക്ക് യേശുവിന്റെ വാക്കുകൾ ആശ്വാസം നല്കിയിരിക്കണം. 

ക്രൂശിൽ നിന്നുയർന്ന ഏഴുമൊഴികളിൽ ആദ്യത്തെ മുന്നും അന്ധകാരം ഭൂമിയെ ആവരണം ചെയ്യുന്നതിനു മുമ്പായിരുന്നു; അവസാനത്തെ മൂന്നുമൊഴികളും അന്ധകാരം മാറിയശേഷവും. എന്നാൽ നാലാം മൊഴി അന്ധകാരം അവസാനിക്കാറായ സമയം പറഞ്ഞതായിരുന്നു. ദൈവത്തിന്റെ ക്രോധാഗ്നിയിൽ തൻ്റെ ഏകജാതനായ പുത്രൻ എരിയുന്ന സമയമായിരുന്നു അത്. ഒന്നാമത്തേതും ഒടുവിലത്തേതും പോലെ ഇതും ദൈവത്തോടുള്ള ഭാഷണമാണ്. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കെവിട്ടതെന്ത്?” (മത്താ, 27:46; മർക്കൊ, 15:34) എന്ന് അരാമ്യ ഭാഷയിലായിരുന്നു അത്. യേശുവിൻ്റെ നിലവിളി ദൈവക്രോധത്തിൻ്റെ തീവ്രത നമുക്ക് വെളിപ്പെടുത്തിത്തരുന്നു. നാലാമത്തെ മൊഴിയെ തുടർന്നു ക്രിസ്തു പ്രസ്താവിച്ചു ‘എനിക്കു ദാഹിക്കുന്നു.’ (യോഹ, 19:28). ഇത് സങ്കീർത്തനം 69:21-ൻ്റെ നിറവേറലായി യോഹന്നാൻ രേഖപ്പെടുത്തുന്നു. ഈ മൊഴിയിൽ മാത്രമാണ് യേശുക്രിസ്തുവിൻ്റെ ശാരീരികവേദനയെക്കുറിച്ചു സൂചനയുള്ളത്. മണിക്കൂറുകൾക്കു മുമ്പ് ഗൊല്ഗോഥായിൽ എത്തിയപ്പോൾ യേശുവിനു അവർ കൈപ്പുകലർത്തിയ വീഞ്ഞു കുടിപ്പാൻ കൊടുത്തതായിരുന്നു. പക്ഷേ ക്രിസ്തു അതു നിരസിച്ചു. (മത്താ, 27:33,34; മർക്കൊ, 15:23). ഇപ്പോഴാകട്ടെ ഒരുവൻ ഒരു സ്പോഞ്ച് എടുത്ത് പുളിച്ച വീഞ്ഞു നിറച്ചു ഓടത്തണ്ടിന്മേൽ ആക്കി അവനു കുടിപ്പാൻ കൊടുത്തു. (മത്താ, 27:48; യോഹ, 19:29). യേശു അതു കുടിച്ചു. 

ആറാമത്തെ മൊഴി ഗ്രീക്കിൽ ടെടെലെസ്റ്റയ് എന്ന് ഏകപദമാണ്. (യോഹ, 19:30). നിവൃത്തിയായി എന്നത് ജേതാവിന്റെ വിജയധ്വനിയാണ്; അല്ലാതെ, പരാജിതൻ്റെ ദീനാലാപനമല്ല. പ്രവൃത്തി വിജയകരമായി പരിസമാപിച്ചതിന്റെ പ്രതിധ്വനിയാണ്; അല്ലാതെ, വേദനയ്ക്കറുതി വന്നു എന്ന ആശ്വാസനിശ്വാസമല്ല. (യോഹ, 17:4). പിതാവായ ദൈവം തന്നെ ഏല്പിച്ച പ്രവൃത്തി നിവൃത്തിയായി, പഴയനിയമപ്രവചനങ്ങളും പ്രതിരൂപങ്ങളും നിവൃത്തിയായി. പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചു (എബ്രാ, 10:12,13) എന്നേക്കുമുള്ളാരു വീണ്ടെടുപ്പ് സാധിപ്പിച്ചു. (എബ്രാ, 9:22). പ്രാണത്യാഗത്തിനു മുമ്പ് തന്റെ ഒടുവിലത്തെ പ്രവൃത്തിയെ സൂചിപ്പിച്ചുകൊണ്ട് ക്രിസ്തു ഉറക്കെ നിലവിളിച്ചു പറഞ്ഞതാണ് ഏഴാംമൊഴി. (ലൂക്കൊ, 23:46). തന്റെ ഏറ്റവും ശ്രേഷ്ഠമായ ഉപനിധി സൂക്ഷിക്കാൻ ക്രിസ്തു ഏല്പിച്ചത് ആത്മാക്കൾക്കു ഉടയവനായ ദൈവത്തെയാണ്. (സംഖ്യാ, 16:22). ക്രൂശിൽ നിന്നുള്ള ക്രിസ്തുവിന്റെ മൊഴികൾ ആരംഭിച്ചതും അവസാനിച്ചതും ‘പിതാവേ’ എന്ന സംബോധനയിൽ ആയിരുന്നു.

ക്രിസ്തുശിഷ്യന്മാരുടെ മരണം

ക്രിസ്തുശിഷ്യൻമാരുടെ മരണം

പീഡനങ്ങളും അസഹിഷ്ണുതയും വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തു ശിഷ്യന്മാരുടെ മരണം എങ്ങനെയായിരുന്നു എന്നറിയുന്നത് നന്നായിരിക്കും.

1. മത്തായി: എത്യോപ്യയിൽ വെച്ച് വാൾകൊണ്ടു വെട്ടി, രക്തസാക്ഷിത്വം വഹിച്ചു.

2. മർക്കോസ്: ഈജിപ്തിലെ അലക്സാണ്ട്രിയായിൽ കുതിരകളിൽ കെട്ടി, തെരുവീഥികളിൽ കൂടി മരണം വരെ വലിച്ചിഴച്ചു.

3. ലൂക്കോസ്: ഗ്രീസിൽ വെച്ച് ക്രിസ്തുവിനെ പ്രസംഗിച്ചതിന്റെ ശിക്ഷയായി തൂക്കിക്കൊന്നു.

4. യോഹന്നാൻ: ഡൊമീഷ്യൻ്റെ (എ.ഡി. 80-96) കാലത്ത് ‘നമ്മുടെ കർത്താവും ദൈവവും’ എന്നു എന്നു സംബോധന ചെയ്തുകൊണ്ട് ചക്രവർത്തിയെ ആരാധിക്കാത്ത കാരണത്താൽ അവൻ ക്രിസ്തുവിശ്വാസികളെ ഭൂമിയിൽനിന്ന് തുടച്ചുനീക്കും എന്ന പ്രഖ്യാപനത്തോടെ വിശ്വാസികൾക്കെതിരെ ക്രൂരമായ പീഡകൾ അഴിച്ചുവിട്ടിരുന്നു. എ.ഡി. 95-ൽ അപ്പൊസ്തലനെ തിളച്ച എണ്ണയിൽ ഇട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പത്മൊസ് എന്ന ദ്വീപിലേക്ക് നാടുകടത്തി. മുമ്പ് നാടുകടത്തിയ കുറ്റവാളികളുടെ എല്ലുകളും തലയോട്ടികളും കൊണ്ടു നിറഞ്ഞ ദ്വീപിൽ വെച്ച് അപ്പോസ്തലൻ, പുതിയനിയമത്തിലെ പ്രവചന ഗ്രന്ഥമായ വെളിപാട് പുസ്തകം രചിച്ചു. പിന്നീട് സ്വതന്ത്രനാക്കപ്പെട്ട യോഹന്നാൻ എഫെസോസിലേക്ക് മടങ്ങി അവിടെ സഭകളുടെ നേത്യത്വം ഏറ്റെടുത്തു. അപ്പോസ്തലൻമാരിൽ സമാധാനത്തോടെ മരിച്ച ഏക വ്യക്തിയും യോഹന്നാനാണെന്ന് ചരിത്രം പറയുന്നു.

5. പത്രൊസ്: തല കീഴായി ക്രൂശിക്കപ്പെട്ടു. തന്നെ ക്രൂശിക്കുവാൻ കൊണ്ടുപോയവരോട് ക്രിസ്തു മരിച്ചതിനു തുല്യമായി മരിക്കുവാൻ താൻ യോഗ്യനല്ലെന്നും, അതിനാൽ തലകീഴായി ക്രൂശിക്കണമെന്നും അഭ്യർത്ഥിച്ചതിനാൽ അങ്ങനെ ചെയ്തതായി സഭാചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു.

6. യാക്കോബ് (സെബദിയുടെ മകൻ): അപ്പൊസ്തല പ്രവൃത്തികൾ 12:2-ൽ യാക്കോബ് വാളുകൊണ്ടു കൊല്ലപ്പെട്ടതായി കാണുന്നു. പുതുതായി ഭരണത്തിലേറിയ ഹെരോദ അഗ്രിപ്പാവ്, റോമാക്കാരെ പ്രസാദിപ്പിക്കുവാൻ പുതിയതായി രൂപമെടുത്ത വിശ്വാസ വൃന്ദത്തിന്റെ നേതാക്കളെ പീഡിപ്പിക്കുവാൻ ആരംഭിച്ചു. യാക്കോബിനെ പിടിച്ച് കൊല്ലുവാനുള്ള സ്ഥലത്തെത്തിയപ്പോൾ, യാക്കോബിനെതിരെ ആക്ഷേപമുന്നയിച്ച മനുഷ്യൻ ദൈവഭക്തന്റെ പെരുമാറ്റം കണ്ട് ആകൃഷ്ടനായി അവിടെ വെച്ചു തന്നെ യേശുവിനെ സ്വീകരിച്ചു, യാക്കോബിനൊപ്പം തന്നെയും വധിക്കണമെന്നാവശ്യപ്പെട്ട് മരണത്തെ വരിച്ചതായി പറയപ്പെടുന്നു.

7. അന്ത്രെയാസ്: പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്രകാരൻ ഡോർമൻ ന്യൂമാൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്; AD 69-ൽ അന്ത്രെയാസ് പടിഞ്ഞാറൻ ഗ്രീസിലുള്ള പെട്രാസിലേക്ക് പോയി. അവിടുത്തെ റോമൻ പ്രൊ-കോൺസലായ ഈജറ്റസുമായി വിശ്വാസ സംവാദത്തിലേർപ്പെട്ടു. അവസാനം, ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ പീഡിപ്പിച്ചു കൊല്ലുമെന്നു പറഞ്ഞു. പക്ഷെ അന്ത്രെയാസ് വിശ്വാസം ഉപേക്ഷിക്കുവാൻ തയ്യാറല്ലായിരുന്നു. തുടർന്ന് ഈജിറ്റസ് അന്ത്രെയാസിനെ പൂർണ്ണ പീഡനത്തിനും ക്രൂശുമരണത്തിനും വിധിച്ചു. ശാരീരിക പീഡനത്തിന് ശേഷം കൂടുതൽ സമയം കഷ്ടത അനുഭവിക്കുവാനായി ആണികൾ അടിക്കാതെ കുരിശിൽ കെട്ടിയിടുകയാണുണ്ടായത്. രണ്ടു ദിവസം കുരിശിൽ കിടന്ന അന്ത്രെയാസ് വഴിപോക്കരോടു പോലും ആ കഷ്ടതയിലും സുവിശേഷം പ്രസംഗിച്ചു.

8. ഫിലിപ്പോസ്: യേശുവിന്റെ ആദ്യത്തെ ശിഷ്യനായ ഫിലിപ്പോസ് പിന്നീട് ഏഷ്യയിൽ മിഷണറിയായി മാറി. ഈജിപ്ഷ്യൻ പട്ടണമായ ഹെയ്റാപൊലിസിൽ വെച്ച് പിടിക്കപ്പെട്ട ഫിലിപ്പോസിനെ പീഡിപ്പിച്ച് ജയിലിലടക്കുകയും, പിന്നീട് AD 54-ൽ തൂക്കിക്കൊല്ലുകയും ചെയ്തു.

9. ബർത്തൊലൊമായി: ബർത്തൊലൊമായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചു സുവിശേഷം പ്രസംഗിച്ചു. അക്ഷമരായ വിഗ്രഹാരാധികൾ ബർത്തൊലൊമായിയെ ഉപദ്രവിച്ചതിനു ശേഷം ക്രൂശിച്ചു എന്ന് ഒരിടത്തു കാണുമ്പോൾ, ജീവനോടെ തൊലിയുരിച്ച ശേഷം തല വെട്ടിക്കളഞ്ഞു എന്ന് മറ്റൊരിടത്തും കാണുന്നു.

10. തോമസ്: തോമസ് ഗ്രീസിലും, ഇന്ത്യയിലും സഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ചു. കേരളത്തിലും, പഞ്ചാബിലുമായി രണ്ട് തോമാശ്ലീഹാ പാരമ്പര്യങ്ങൾ നിലവിലുണ്ട്. സുവിശേഷ പ്രസംഗങ്ങൾ നിമിത്തം പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ച തോമസിനെ കുന്തംകൊണ്ടു കുത്തിക്കൊന്നു എന്നതാണ് പാരമ്പര്യം.

11. മത്തായി: ക്രിസ്തു ശിഷ്യനായി മാറിയ ചുങ്കക്കാരൻ മത്തായി, എത്യോപ്യയിൽ സുവിശേഷം അറിയിക്കവെ, രാജാവിന്റെ അധാർമ്മിക ജീവിതത്തെ ചോദ്യം ചെയ്യുക നിമിത്തം, രാജാവായ ഹെർട്ടാക്കസിന്റെ വാൾക്കാരൻ പുറകിൽ നിന്ന് കുത്തിക്കൊന്നുവെന്നാണ് ഐതിഹ്യം.

12. അൽഫായുടെ മകനായ യാക്കോബ്: ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത് യാക്കോബായിരിക്കും, ഒരു പക്ഷെ യോഹന്നാൻ മാത്രമേ അദ്ദേഹത്തെക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്നിട്ടുണ്ടാവൂ. 94-ാം വയസിൽ അദ്ദേഹത്തെ അടിച്ചും, കല്ലുകൊണ്ടെറിഞ്ഞും പീഡിപ്പിച്ചതിനു ശേഷം മരത്തിന്റെ ശിഖരം കൊണ്ട് തലക്കടിച്ചു കൊന്നെന്ന് ചരിത്രകാരനായ ഫോക്സ് രേഖപ്പെടുത്തുന്നു.

13. തദ്ദായി (യൂദായെന്നും അറിയപ്പെടുന്നു): AD 72 ൽ എഡേസ എന്ന പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു.

14. എരിവുകാരനായ ശിമോൻ: ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരമായ മൗറിറ്റാനിയ എന്ന പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച ശേഷം ഇംഗ്ലണ്ടിലേക്കു പോയ ശിമോൻ, AD 74-ൽ അവിടെ വെച്ചു ക്രൂശിക്കപ്പെട്ടു.

15. പൗലൊസ്: നീറോയുടെ (54-68) ഭരണകാലത്ത് എ.ഡി. 67 ജൂൺ 29-ന് റോമിൽ വെച്ച് പൗലോസിനെ ശിരച്ഛേദം ചെയ്തതായിട്ടാണ് പാരമ്പര്യം. താൻ റോമാ പൗരനായതുകൊണ്ട് ക്രൂശീകരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

കർത്താവിനെ തന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത് യോഹന്നാനായിരുന്നു. “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു?” (യോഹ, 21:22) എന്ന യേശുവിന്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു പത്മോസിലെ ദർശനവും വെളിപ്പാടു പുസ്തകവും. യോഹന്നാനൊഴികെ കർത്താവിന്റെ എല്ലാ ശിഷ്യൻമാരും രക്തസാക്ഷിത്വമാണ് വരിച്ചതെന്നുള്ളത് സുവിശേഷവേലയുടെ മാഹാത്മ്യം വിളിച്ചറിയിക്കുന്നു. രക്ഷിക്കപ്പെട്ടിട്ടും രക്ഷയുടെ സന്തോഷം അഥവാ സുവിശേഷം മറ്റുള്ളവരോട് അറിയിക്കാത്തവർ എന്തിനാണ് അപ്പൊസ്തലന്മാർ ജീവൻ തൃണവത്കരിച്ചതെന്ന് ഇടയ്ക്കെങ്കിലും ഓർക്കുന്നത് നല്ലതാണ്. മഹത്വധാരിയായ മഹാദൈവം ജഡത്തിൽ വന്നതും, കഷ്ടമേറ്റ്  ക്രൂശിൽ മരിച്ചതും നമ്മുടെ രക്ഷയ്ക്കു വേണ്ടി; ക്രിസ്തുശിഷ്യന്മാർ ജീവിച്ചതും മരിച്ചതും ആ രക്ഷയുടെ സുവിശേഷം ലോകംമുഴുവൻ പ്രസിദ്ധമാക്കാൻ വേണ്ടിയും. ദൈവമക്കളായ നമ്മൾ ജീവിക്കുന്നത് ആർക്കുവേണ്ടി, എന്തിനുവേണ്ടി?????

ക്രിസ്തുവിന്റെ ന്യായാസനം

ക്രിസ്തുവിന്റെ ന്യായാസനം (The Judgement Seat of Christ)

‘ബീമ’ എന്ന ഗ്രീക്കു പദത്തെയാണ് ന്യായാസനം എന്നു തർജ്ജമ ചെയ്തിട്ടുള്ളത്. ഒരു നീതിന്യായ കോടതിയിലെ ന്യായാധിപനു നീതിസഭാമണ്ഡപത്തിലോ, സേനയെ അഭിസംബോധന ചെയ്യുന്നതിനും ശിക്ഷണം നടത്തുന്നതിനും പടനായകനു പാളയത്തിലോ ഉള്ള പീഠമാണ് ബീമ. പുരാതന ഗ്രീസിൽ ഒളിമ്പിക് മത്സരങ്ങളിൽ കളരിയിൽ പൊക്കമുള്ള കല്ലോ, മരമോ കൊണ്ടു നിർമ്മിച്ച പീഠവും ഉണ്ടായിരുന്നു. ഈ പീഠത്തിലിരുന്നു വിധികർത്താവു വിജയികൾക്കു സമ്മാനം നല്കിവന്നു. പ്രസ്തുത പീഠം ‘ബീമ’ അഥവാ പ്രതിഫലം നല്കുന്ന പീഠം എന്നറിയപ്പെട്ടു. തന്മൂലം പ്രതിഫലം എന്ന ആശയമാണ് ന്യായാസനത്തിനു പിന്നിലുള്ളത്. ദൈവത്തിന്റെ ന്യായാസനവും (റോമ, 14:10), ക്രിസ്തുവിന്റെ ന്യായാസനവും (2കൊരി, 5:10) ഒന്നു തന്നെ.

വിശ്വാസികളുടെ ജീവിതവും പ്രവൃത്തികളും ശോധന ചെയ്യപ്പെടുന്ന രംഗമാണ് ക്രിസ്തുവിന്റെ ന്യായാസനം. വിശ്വാസിയുടെ പാപങ്ങൾ ഇവിടെ വിധിക്കപ്പെടുന്നില്ല. അവ കൂശിൽ എന്നേക്കുമായി വിധിക്കപ്പെട്ടു കഴിഞ്ഞു. “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല.” (എബ്രാ, 10:17). എന്നാൽ അവരുടെ ജീവിതവും പ്രവൃത്തികളും പരിശോധിക്കപ്പെടേണ്ടതാണ്. അതു ദൈവത്തിന്റെ നീതിക്കു ചേർന്നതാണ്. (മത്താ, 16:36; റോമ, 14:10; ഗലാ, 6:7; എഫെ, 6:8; കൊലൊ, 3:24,25). അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കി: “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.” (2കൊരി, 5:10). വിശ്വാസിക്ക് തന്റെ പ്രവൃത്തിക്കനുസരണമായി പ്രതിഫലം ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യും. പ്രതിഫലം ലഭിച്ചാലും ഇല്ലെങ്കിലും വാസ്തവമായി വീണ്ടും ജനിച്ച ഒരു ദൈവപൈതൽ രക്ഷിക്കപ്പെടും. “ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവനു പ്രതിഫലം കിട്ടും. ഒരുത്തന്റെ പ്രവൃത്തി വെന്തു പോയെങ്കിൽ അവനു ചേതം വരും; താനോ രക്ഷിക്കപ്പെടും. എന്നാൽ തീയിൽ കൂടി എന്ന പോലെ അതേ.” (1കൊരി, 3:14,15). ക്രിസ്തു സഹസ്രാബ്ദ വാഴ്ചയ്ക്കുവേണ്ടി ഭൂമിയിലേക്കു വരുന്നതിനു മുമ്പു സ്വർഗ്ഗത്തിൽ വച്ചാണീ ന്യായവിധി നടക്കുന്നത്. സഭയുടെ ഉൽപാപണശേഷം സ്വർഗ്ഗത്തിൽ നടക്കുന്ന രണ്ടു സംഭവങ്ങളിൽ ആദ്യത്തേതാണിത്.