ദൈവവിളി അനുസരിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ?
സർവ്വശക്തനായ ദൈവം തന്റെ രാജ്യത്തിന്റെ കെട്ടുപണിക്കായി കാലാകാലങ്ങളിൽ മനുഷ്യനെ വിളിക്കാറുണ്ട്. വിവിധ തലങ്ങളിൽ വ്യത്യസ്തങ്ങളായ ജോലികൾ ചെയ്യുവാൻ തന്റെ ദൂതഗണങ്ങളോടു കല്പിക്കുകയോ മറ്റു ശ്രഷ്ഠമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ ചെയ്യാമെന്നിരിക്കെ, എന്തിനാണ് അത്യുന്നതനായ ദൈവം മനുഷ്യനെ വിളിക്കുന്നത്? താൻ മെനഞ്ഞുണ്ടാക്കിയ മനുഷ്യനോടുള്ള ദൈവത്തിന്റെ അദമ്യമായ സ്നേഹമാണ് ഇന്നും മനുഷ്യഹൃദയത്തിന്റെ വാതിലിൽ മുട്ടിവിളിക്കുവാനുള്ള കാരണം. ആ അവർണ്ണ്യമായ ദൈവസ്നേഹമാണ് മനുഷ്യൻ നിത്യരാജ്യത്തിൽ പ്രവേശിക്കുന്നതിനും തന്റെ നിത്യസ്നേഹത്തിന്റെ അവകാശിയായി തീരുന്നതിനുമായി തന്റെ ഓമനപ്പുതനെപ്പോലും യാഗമായി അർപ്പിക്കുവാൻ ദൈവത്തെ നിർബ്ബന്ധിച്ചത്. എന്നാൽ വെറും മണ്ണായ മനുഷ്യൻ പല കാരണങ്ങളും പറഞ്ഞ് ദൈവത്തിന്റെ വിളി തിരസ്കരിക്കാറുണ്ട്. ദൈവത്തിന്റെ വേല ചെയ്യുവാൻ തനിക്കു പഠിപ്പില്ല, പരിജ്ഞാനമില്ല, പാരമ്പര്യമില്ല, പണമില്ല തുടങ്ങി അനേകം ഒഴികഴിവുകൾ ദൈവത്തിന്റെ വിളി നിരസിക്കുവാൻ ബുദ്ധിമാനായ മനുഷ്യൻ നിരത്തിവയ്ക്കുന്നു. എന്നാൽ യാതൊരു ഒഴികഴിവുകളും പറയാതെ തങ്ങളായിരുന്ന സ്ഥാനങ്ങളിലും സാഹചര്യങ്ങളിലും ദൈവവിളി കേട്ടനുസരിച്ച വിശ്വാസവീരന്മാരുടെ നീളുന്ന പട്ടികയിൽ സ്ഥാനം പിടിച്ച വ്യക്തിയാണ് ആമോസ്. ദൈവം തന്നെ വിളിച്ചപ്പോൾ താൻ ആയിരുന്ന അവസ്ഥയും താൻ ആ വിളി സമ്പൂർണ്ണമായി അനുസരിച്ച വിധവും ദൈവവിളി കാര്യമില്ലാക്കാരണങ്ങൾ പറഞ്ഞ് തിരസ്കരിക്കുന്ന ഓരോരുത്തർക്കും മാതൃകയാകണം. “ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രെ. ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു. നീ ചെന്ന് എന്റെ ജനമായ യിസായേലിനോടു പ്രവചിക്കുക എന്ന് യഹോവ എന്നോടു കല്പ്പിച്ചു.” (ആമോ, 7:14,15).. കേവലം ഒരു ഇടയനും കാട്ടത്തിപ്പഴം പെറുക്കി നടന്നിരുന്നവനുമായ ആമോസ് പ്രവാചകനോ പ്രവാചകശിഷ്യനോ ആയിരുന്നില്ല. പക്ഷേ അവൻ ദൈവത്തിന്റെ വിളി അനുസരിച്ചു. താൻ ഒരിടയൻ മാത്രമാണെന്നു പറഞ്ഞാഴിയാതെ യിസ്രായേൽ രാജാവായ യാരോബെയാമിനും ബേഥേലിലെ പുരോഹിതനായ അമസ്യാവിനും എതിരായി ദൈവം നൽകിയ അരുളപ്പാടുകൾ പ്രവചിച്ച് ആമോസ് ദൈവത്തിന്റെ തിരുവചനത്തിൽ സ്ഥാനംപിടിച്ചു. നമ്മുടെ കഴിവുകളെക്കുറിച്ച് നന്നായി അറിയാവുന്ന ദൈവമാണ് തന്റെ ദൗത്യത്തിനായി നമ്മെ വിളിക്കുന്നതെന്നു ബോദ്ധ്യമുണ്ടെങ്കിൽ ആ വിളി അനുസരിക്കുവാൻ നമുക്ക് കഴിയും. അപ്പോൾ “ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിൽ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു” (1കൊരി, 1:27) എന്ന ദൈവവചനം നമ്മുടെ ജീവിതത്തിൽ അന്വർത്ഥമാകും.