ഒരു ഉപവാസം നിയമിപ്പിൻ!
സർവ്വശക്തനായ ദൈവത്തിന്റെ കഠിനശിക്ഷയുടെ ഫലമായുണ്ടായ കടുത്ത വരൾച്ച സൃഷ്ടിച്ച ക്ഷാമത്തിലൂടെ കടന്നുപോയ ദൈവജനത്തിന്റെ അവശേഷിച്ചിരുന്ന കാർഷിക വിളകൾ മുഴുവൻ വെട്ടുക്കിളികൾ തിന്നുമുടിച്ച് (യോവേ, 1:4) അവരെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു തള്ളിക്കളഞ്ഞു. ‘യഹോവയുടെ ദിവസം’ അഥവാ തന്റെ ഉഗ്രകോപം അവരെ നശിപ്പിക്കാതിരിക്കുവാൻ “ഒരു ഉപവാസം നിയമിപ്പിൻ” എന്ന് ദൈവം അവരോടു മൂന്നു പ്രാവശ്യം ഉദ്ബോധിപ്പിക്കുന്നു. (യോവേ, 1:14; 2:12, 15). തന്റെ ജനത്തെ അവരുടെ കഷ്ടതകളിൽനിന്നും യാതനകളിൽനിന്നും കരകയറ്റുവാനും അവരെ അനുഗ്രഹിക്കുവാനുമായി ഒരു ഉപവാസം പ്രഖ്യാപിച്ച് തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് തന്റെ അടുക്കലേക്കു മടങ്ങിവരണമെന്നുള്ള അത്യുന്നതനായ ദൈവത്തിന്റെ കല്പന ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ തേടുന്ന ഓരോരുത്തരും ശ്രദ്ധിക്കണം. കടുത്ത ക്ഷാമം നിമിത്തം ദാരിദ്ര്യത്തിലും പട്ടിണിയിലുമായിരുന്ന അവരുടെ ഉപവാസം എങ്ങനെയായിരിക്കണമെന്നും ദൈവം അവരോടു കല്പിക്കുന്നു: “എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു. വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.” (യോവേ, 2:12,13). ഉപവാസമെന്നത് ഒരു നിശ്ചിത സമയത്തേക്കുള്ള കേവലം ഭക്ഷണവർജ്ജനം മാത്രമല്ല, പിന്നെയോ കഴിഞ്ഞകാല ജീവിതത്തിലെ പാപങ്ങളെക്കുറിച്ച് കണ്ണുനീരോടെ അനുതപിച്ച് പുതിയ സൃഷ്ടിയായി, പൂർണ്ണഹൃദയത്തോടെ തന്റെ അടുക്കലേക്കു മടങ്ങിവരുന്ന പ്രക്രിയ ആയിരിക്കണമെന്ന് ദൈവം കല്പിക്കുന്നു. വസ്ത്രങ്ങൾ കീറിയും ചാക്കുപോലെയുള്ള പരുക്കൻ വസ്ത്രങ്ങൾ ധരിച്ചും ശരീരമാസകലം ചാരം വാരിയിട്ടും നടത്തുന്ന ഉപവാസത്തിന്റെ ബാഹ്യപ്രകടനങ്ങളെക്കാൾ ഓരോരുത്തനും അവനവൻ ഹ്യദയത്തെ കീറി അഥവാ, പരമാർത്ഥമായി അനുതപിച്ച് പുതുക്കപ്പെട്ട അനുഭവത്തോടെ ഉപവസിക്കുന്നതാണ് പ്രസാദകരം എന്ന സ്നേഹവാനായ ദൈവത്തിന്റെ ആഹ്വാനം, ഭക്ഷണവർജ്ജനം കൊണ്ടുമാത്രം ഉപവസിക്കുന്നുവെന്ന് അഭിമാനിക്കുന്ന ആധുനിക ഉപവാസികൾ കേട്ടനുസരിക്കണം. അങ്ങനെ ഉപവസിക്കുമ്പോൾ താൻ അവർക്കു നൽകുന്ന സമൃദ്ധമായ അനുഗ്രഹങ്ങളെക്കുറിച്ചും സ്നേഹനിധിയായ ദൈവം അവർക്കു വ്യക്തമാക്കിക്കൊടുക്കുന്നു. “ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നൽകും; നിങ്ങൾക്ക് അതിനാൽ തൃപ്തിവരും; ഞാൻ ഇനിയും നിങ്ങളെ ജനതകളുടെ ഇടയിൽ നിന്ദയാക്കകയുമില്ല.” (യോവേ, 2:19). അതോടൊപ്പം അവരുടെ ശത്രുവിന്റെ മുൻപടയെ കിഴക്കേകടലിലും അവന്റെ പിൻപടയെ പടിഞ്ഞാറേകടലിലും ഇട്ടുകളയുമെന്നും ദൈവം അരുളിച്ചെയ്യുന്നു. (യോവേ, 2:20). തന്റെ സ്നേഹത്തിലേക്കു കടന്നുവന്ന് കാരുണ്യമാർജ്ജിച്ച് സമൃദ്ധമായ അനുഗ്രഹങ്ങൾ നേടുവാൻ സ്നേഹവാനായ ദൈവം തന്റെ ജനത്തിനു നൽകിയിരിക്കുന്ന ഉപവാസം എന്ന ഈ അതിമഹത്തായ ആയുധം യഥായോഗ്യം ഉപയുക്തമാക്കുവാൻ നമുക്കു കഴിയണം.