നല്ല ഇടയൻ
സ്നേഹവാനായ ദൈവം തന്റെ ജനവുമായുള്ള ബന്ധത്തെ ഇടയനും ആടുകളും തമ്മിലുള്ള ബന്ധംപോലെയാണ് തിരുവചനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ ജനത്തെ നയിക്കുവാൻ താൻ നിയോഗിച്ചിരിക്കുന്ന വ്യക്തികളെ ഇടയന്മാരെന്നാണ് ദൈവം അഭിസംബോധന ചെയ്യുന്നത്. യിസായേൽമക്കളെ മിസയീമ്യ, അടിമത്തത്തിൽനിന്നു വിമോചിപ്പിച്ച് കനാനിലേക്കു നയിക്കുന്നതിനുമുമ്പ്, മോശെയെ നീണ്ട നാല്പതു വർഷം മിദ്യാന്യമരുഭൂമിയിൽ ഒരു ഇടയനാക്കിയതും, യിസ്രായേലിന്റെ രണ്ടാമത്തെ രാജാവായി ഒരു ഇടയച്ചെറുക്കനായ ദാവീദിനെ തിരഞ്ഞെടുത്തതും, ദൈവം ഒരിടയനു നൽകുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നു. സർവ്വശക്തനായ ദൈവം തന്റെ ആടുകളെ മേയ്ക്കുവാൻ നിയമിച്ചിരിക്കുന്ന ഇടയന്മാരുടെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ആടുകളെ ശരിയായി മേയ്ക്കാതെ തങ്ങളെത്തന്നെ മേയ്ക്കുകയും, അവയെ കൊന്ന് അവയുടെ മേദസ്സു ഭക്ഷിക്കുകയും, അവയുടെ രോമംകൊണ്ട് വസ്ത്രമുണ്ടാക്കുകയും ചെയ്യുന്ന ഇടയന്മാർ, ബലഹീനമായതിനെ ശക്തീകരിക്കുകയോ, രോഗം ബാധിച്ചതിനെ ചികിത്സിക്കുകയോ, ഒടിഞ്ഞതിന മുറിവു കെട്ടുകയോ, ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ, കാണാതെപോയതിനെ തിരയുകയോ ചെയ്യാത്തതിനാൽ, താൻ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്യുന്നു. അതോടൊപ്പം “ഞാൻതന്നെ എന്റെ ആടുകളെ മേയ്ക്കുകയും കിടത്തുകയും ചെയ്യും” എന്ന് അരുളിച്ചെയ്യുന്ന ദൈവം, കാണാതെ പോയതിനെ അന്വേഷിക്കുകയും അലഞ്ഞുനടക്കുന്നതിനെ തിരികെ വരുത്തുകയും ഒടിഞ്ഞതിനെ വച്ചുകെട്ടുകയും രോഗം ബാധിച്ചതിനെ ശക്തീകരിക്കുകയും ചെയ്യുമെന്ന് വാഗ്ദത്തം ചെയ്യുന്നു. (യെഹ, 34:11-17). “ഞാൻ നല്ല ഇടയനാകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു ……. ഞാൻ എനിക്കുള്ളവയെ അറിയുകയും എനിക്കുള്ളവ എന്നെ അറിയുകയും ചെയ്യുന്നു. പിതാവ് എന്നെ അറിയുകയും ഞാൻ പിതാവിനെ അറിയുകയും ചെയ്യുന്ന തപോലെതന്നെ” (യോഹ, 10:11-15) എന്നരുളിച്ചെയ്ത യേശുക്രിസ്തു നല്ല ഇടയന്റെ അതിശ്രഷ്ഠമായ മാതൃകയാണ്. ആ നല്ല ഇടയനായ യേശുക്രിസ്തുവിന്റെ ഭാവം എത്രമാത്രം തങ്ങളിലുണ്ടെന്ന്, ഭൂമുഖത്ത് അവന്റെ ആടുകളെ മേയ്ക്കുവാൻ നിയോഗിച്ചിരിക്കുന്ന ഇടയന്മാർ സദാ ശ്രദ്ധയോടെ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. എന്തെന്നാൽ അവൻ്റെ ആടുകളെ നയിക്കുവാൻ നിയമിക്കപ്പെട്ടിരിക്കുന്നവരായ ഇടയന്മാർ തന്റെ നിരന്തരമായ നിരീക്ഷണത്തിലാണെന്ന് സർവ്വശക്തനായ ദൈവം വെളിപ്പെടുത്തുന്നു. (വേദഭാഗം: യെഹെസ്കേൽ 34-ാം അദ്ധ്യായം).