മാതാപിതാക്കളോടുള്ള കടപ്പാടുകൾ മറന്നാൽ
മാതാപിതാക്കളും മക്കളും തമ്മിലുള്ള പവിത്രവും പരിപാവനവുമായ ബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്ന ദയനീയ അവസ്ഥ ഇന്നു സർവ്വസാധാരണമാണ്. സ്വന്തം മാതാപിതാക്കളോടുള്ള കടപ്പാടുകളും ഉത്തരവാദിത്വങ്ങളും വിസ്മരിച്ചുകളയുന്ന ആർക്കും താൻ ഒരു ദൈവപൈതലാണെന്ന് അവകാശപ്പെടുവാൻ കഴിയുകയില്ല. എന്തെന്നാൽ, തന്റെ ജനം അനുസരിക്കുവാനും അനുഷ്ഠിക്കുവാനും ദൈവം നൽകിയ പത്തു കല്പനകളിൽ അഞ്ചാമത്തേത്, ഓരോരുത്തനും തനിക്കു ദീർഘായുസ്സുണ്ടാകുവാൻ തന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം എന്നുള്ളതായിരുന്നു. ദൈവത്തിന്റെ ഈ കല്പന അടിസ്ഥാനമാക്കിക്കൊണ്ടാണ് മക്കൾക്ക് മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് സദൃശവാക്യങ്ങൾ വിശദീകരിക്കുന്നത്. ബാഹ്യമായ അംഗവിക്ഷേപങ്ങളോ വാക്കുകളോ കൊണ്ടുള്ള ബഹുമാനത്തെക്കാളുപരി മാതാപിതാക്കളുടെ സംരക്ഷണം സമ്പൂർണ്ണമായി ഏറ്റെടുക്കുമ്പോഴാണ് അവരോടുള്ള ബഹുമാനം പൂർത്തീകരിക്കപ്പെടുന്നത്. കാരണം, സ്വന്തം മാതാപിതാക്കളെ ബഹുമാനിക്കുന്നവരാരും അവർ കഷ്ടത്തിൽ നട്ടംതിരിയുന്നതു കാണുവാൻ ആഗ്രഹിക്കുന്നവരല്ല. അനുദിനം അറിവിന്റെ അഗാധങ്ങളിലേക്കു പൊയ്ക്കൊണ്ടിരിക്കുന്ന യുവതലമുറ പലപ്പോഴും തങ്ങളെപ്പോലെ പരിജ്ഞാനമോ വിദ്യാഭ്യാസമോ സാമ്പത്തിക നേട്ടങ്ങളോ ഇല്ലാത്ത മാതാപിതാക്കളെ പുച്ഛത്തോടും പരിഹാസത്താടുമാണ് വീക്ഷിക്കുന്നത്. എന്നാൽ “അപ്പനെ പരിഹസിക്കുകയും അമ്മയെ അനുസരിക്കുന്നതിൽ നിന്ദ കാണിക്കുകയും ചെയ്യുന്ന കണ്ണിനെ താഴ്വരയിലെ കാക്കകൾ കൊത്തി പറിക്കുകയും കഴുകൻകുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും” (സദൃ, 30:17) എന്ന മുന്നറിയിപ്പ് ഇന്നത്തെ തലമുറയുടെ കണ്ണു തുറപ്പിക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കളെ കവർച്ച ചെയ്തിട്ട് അത് അക്രമമല്ല എന്നു പറയുന്നവനെ ‘നാശത്തിന്റെ സഖി’യായിട്ടാണ് സദൃശവാക്യങ്ങളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. (28:24). മാതാപിതാക്കളെ അനുസരിക്കുവാനും അവർ വാർദ്ധക്യത്തിലെത്തുമ്പോൾ അവരെ നിന്ദിക്കാതിരിക്കുവാനും ഉദ്ബോധിപ്പിക്കുന്നതോടൊപ്പം, മാതാപിതാക്കളെ ശപിക്കുന്നവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകുമെന്നും അഥവാ, അവൻ പരിപൂർണ്ണ അന്ധകാരത്തിലാകുമെന്നും (സദൃ, 20:20), അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്ന മക്കൾ അപമാനവും ലജ്ജയും വരുത്തുമെന്നും സദ്യശവാക്യങ്ങൾ പ്രബോധിപ്പിക്കുന്നു. (19:26). മൂഢനായ മകൻ അപ്പനു വ്യസനവം തന്റെ മാതാവിനു കയ്പുമാകുന്നു എന്നു പറയുന്ന ശലോമോൻ, ജ്ഞാനമുള്ള മക്കൾ അപ്പനെ സന്തോഷിപ്പിക്കുമെന്നും അറിയിക്കുന്നു. (10:1). മാതാപിതാക്കളോടുള്ള കടപ്പാടുകൾ വിസ്മരിക്കുന്നവർ, ഭാവിയിൽ തങ്ങളും മാതാപിതാക്കൾ ആകുമെന്നുള്ളത് വിസ്മരിക്കരുത്.