ഭാഗ്യവാനായ മനുഷ്യൻ
പണവും പ്രതാപവും സ്ഥാനമാനങ്ങളും ഉന്നതമായ സാമൂഹിക ബന്ധങ്ങളുമെല്ലാം അനുഗ്രഹത്തിന്റെ അടയാളങ്ങളായിട്ടാണ് ലോകം കാണുന്നത്. എന്നാൽ ഇവയിൽനിന്നു വിഭിന്നമായ മാനദണ്ഡങ്ങളാണ് ദൈവത്താൽ അനുഗ്രഹിക്കപ്പെടേണ്ട മനുഷ്യന് അഥവാ ഭാഗ്യവാനായ മനുഷ്യന് ഉണ്ടായിരിക്കേണ്ടതെന്ന് ദാവീദ് ഒന്നാം സങ്കീർത്തനത്തിന്റെ ഒന്നാം വാക്യത്തിൽത്തന്നെ ചൂണ്ടിക്കാണിക്കുന്നു. ഒന്നാമതായി, അവൻ ദൈവമില്ലാത്തവരുടെ ഉപദേശ പ്രകാരം നടക്കുന്നവനാകരുത്. നമ്മുടെ ഉപദേഷ്ടാക്കൾ ആയിരിക്കുന്നവർ സമൂഹത്തിൽ ആദരണീയരായിരിക്കാം. പക്ഷേ അവർ ദൈവമില്ലാത്തവരാണെങ്കിൽ ഒരു ദൈവപൈതൽ അവരെ തന്റെ ഉപദേശകരോ ആലോചനക്കാരോ ആയി സ്വികരിക്കരുത്. രണ്ടാമതായി, അനുഗ്രഹിക്കപ്പെടേണ്ട വ്യക്തി പാപികളുടെ വഴിയിൽ നിൽക്കരുതെന്ന് ദാവീദ് നിർദ്ദേശിക്കുന്നതിൽനിന്ന് ദൈവത്തെ മറന്ന് പരസ്യമായ രഹസ്യപാപങ്ങളിൽ ജിവിക്കുന്നവരുമായും, പരസ്യമായി പാപത്തിൽ മുഴുകിയിരിക്കുന്നവരുമായും ഒരു ദൈവപൈതലിനു സംസർഗ്ഗം അരുതെന്ന് ദാവീദ് വ്യക്തമാക്കുന്നു. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ ‘ദൈവ’മക്കളെന്ന് അവകാശപ്പെടുന്നവരിൽ പലരും സോദോമ്യപാപം ചെയ്യുന്നവരെയും, വിവാഹിതരായിരിക്കുമ്പോൾത്തന്നെ അനേകം വെപ്പാട്ടിമാരുള്ളവരെയും, മദ്യപന്മാരെയും, കള്ളവാറ്റുകാരെയും, കരിഞ്ചന്തക്കാരെയുമെല്ലാം ലാഘവത്തോടു കൂടെ വീക്ഷിക്കുന്നവരും, ആധുനിക സംസ്കാരത്തിന്റെ മറവിൽ ഇത്തരക്കാരുമായി സൗഹൃദം പുലർത്തുന്നവരുമാണ്. ഇങ്ങനെ ദൈവത്തിന്റെ കല്പനകൾ പരസ്യമായി ലംഘിക്കുന്നവർ ദൈവത്തെ പരസ്യമായി അവഹേളിക്കുന്നവരാണ്. സമൂഹത്തിലെ വമ്പന്മാരും കേമന്മാരുമായവർ, അവർ നേടുന്ന മറ്റു പലതിനെയുംപോലെ ദൈവികാനുഗ്രഹങ്ങളും കുറുക്കുവഴികളിലൂടെ സമ്പാദിക്കുവാനായി തങ്ങളുടെ സൽക്കാരാദികളിൽ ദൈവത്തിൻ്റെ പ്രതിനിധികളെയും ദൈവജനത്തെയും ക്ഷണിക്കുമ്പോൾ അവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കരുതെന്ന് ദാവീദ് മുന്നറിയിപ്പു നൽകുന്നു. എന്തെന്നാൽ, ആ ഇരിപ്പിടങ്ങളിൽ ഇരുന്ന് അവരുടെ ആതിഥേയത്വം സ്വീകരിക്കുന്നവരൊക്കെയും ദൈവമില്ലാത്ത അവരുടെ ജീവിതത്തെ മൗനമായി അംഗീകരിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ടാണ് ദാവീദ് തൻ്റെ ജീവിതത്തിൽ ദുഷ്പ്രവൃത്തിക്കാരോടു ചേർന്ന് തിന്മ പ്രവർത്തിക്കുവാൻ തൻ്റെ ഹൃദയത്തെ ചായ്ക്കരുതേ എന്നും, അവരുടെ വിശിഷ്ടഭോജനം ഭക്ഷിക്കുവാൻ തനിക്ക് ഇടവരുത്തരുതേ എന്നും ദൈവത്തോട് അപേക്ഷിക്കുന്നത്. (സങ്കീ, 141:1). ഒരു ദൈവപൈതൽ ജീവിതത്തിൽ ഇപ്രകാരം ഒന്നാം സങ്കീർത്തന പ്രമാണങ്ങൾ പ്രാവർത്തികമാക്കുമ്പോൾ ലൗകികലാഭങ്ങൾക്കും മാനങ്ങൾക്കും കുറവു വരുമെങ്കിലും അവൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ ആയിത്തീരും.