പാട്ടെഴുതി പഠിപ്പിക്കുന്ന ദൈവം
ക്രൈസ്തവ ആരാധനകളിൽ ഗാനാലാപനത്തിന് മഹത്തായ സ്ഥാനമാണുള്ളത്. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും നീർച്ചുഴിയിൽ താണുകൊണ്ടിരിക്കുന്ന മനുഷ്യമനസ്സുകൾക്ക്, കരുണാസമ്പന്നനായ ദൈവത്തിനുമാത്രം നൽകുവാൻ കഴിയുന്ന സ്വർഗ്ഗീയ സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കൊടുമുടികളിലേക്ക് ഉയർത്തുവാൻ ആത്മീയഗീതങ്ങൾക്കു കഴിയുന്നു. എന്തെന്നാൽ അവയോരോന്നും ദൈവത്തിന്റെ സ്നേഹവും അത്ഭുതങ്ങളും അനുഗ്രഹങ്ങളും വാഴ്ത്തിപ്പാടുന്നവയാണ്. പാടുന്നവരിലുളവാക്കുന്ന ആനന്ദാനുഭൂതിയോടൊപ്പം, അവ വരുംതലമുറകൾക്ക് തന്നെക്കുറിച്ചുള്ള സാക്ഷ്യം കൂടിയായിരിക്കുമെന്ന് ദൈവം മോശെയോട് അരുളിച്ചെയ്തു. മോശെയുടെ മരണസമയം അടുത്തിരിക്കുന്നുവെന്നും യിസ്രായേൽ മക്കൾ കനാനിൽ താമസം തുടങ്ങുമ്പോൾ, അവർ അവിടെയുള്ള അന്യദൈവങ്ങളെ ആരാധിക്കുമെന്നും തന്റെ കോപത്തിൽ താൻ അവരെ കഠിനമായി ശിക്ഷിക്കുമെന്നും, അപ്പോൾ അവർ ദൈവം അവരെ ഉപേക്ഷിച്ചുകളഞ്ഞതായി പറയുമെന്നും 120 വയസ്സുള്ളവനായ മോശെയോട് ദൈവം അരുളിച്ചെയ്തു. “ആകയാൽ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവർക്കു വായ്പാഠമാക്കിക്കൊടുക്കുക” (ആവ, 31:19) എന്ന് ദൈവം മോശെയോടു കല്പിക്കുന്നു. മാത്രമല്ല, ദൈവത്തെ മറന്നു പ്രവർത്തിക്കുന്നതിന്റെ ഫലമായി, ഭാവിയിൽ കഷ്ടതകളും അനർത്ഥങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ട് അവർക്കെതിരേ സാക്ഷ്യം പറയും (ആവ, 31:21) എന്ന് അരുളിചെയ്ത ദൈവം, അനുഗ്രഹങ്ങളുടെയും അത്ഭുതങ്ങളുടെയും സാക്ഷ്യമായ ഗാനാലാപനത്തെ തലമുറകൾക്കുകൂടി മാർഗ്ഗദീപമാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്നു നമുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങളും അത്ഭുതങ്ങളും വാഴ്ത്തുവാനും പാടി സ്തുതിക്കുവാനും സ്നേഹവാനായ ദൈവത്തിന്റെ സാക്ഷ്യങ്ങളായ അവയെ ഭാവിതലമുറകൾക്കു പകരുവാനും കഴിയണം.