ദൈവത്തിന് ശ്രഷ്ഠമായതു നൽകുക
സർവ്വശക്തനായ ദൈവത്തിന് നേർച്ചകാഴ്ചകൾ അർപ്പിക്കുമ്പോൾ ദൈവം നമുക്കു നല്കിയിരിക്കുന്ന സാഹചര്യങ്ങൾക്കനുസൃതമായി അതിശ്രഷ്ഠമായതും അതിവിശിഷ്ടമായതും നൽകുവാൻ പലരും ശ്രദ്ധിക്കാറില്ല. അനുദിന ജീവിതത്തിൽ നമുക്ക് ആവശ്യമായിരിക്കുന്നത് ഒക്കെയും ശ്രേഷ്ഠമായിരിക്കണമെന്നുള്ള നിർബന്ധത്താൽ അവ അതീവശദ്ധയോടെ തിരഞ്ഞെടുക്കുന്ന നാം, ദൈവത്തിന് എന്തെങ്കിലും നൽകുമ്പോൾ അതേ ശുഷ്കാന്തിയും ശ്രദ്ധയും പ്രകടമാക്കാറില്ല. തന്റെ ജനം ഹോമയാഗമായും സ്വമേധയാ ഉള്ള അർപ്പണങ്ങളായും നേർച്ചകാഴ്ചകളായും സമർപ്പിക്കുന്ന ആടുമാടുകൾ ന്യൂനതയിലാത്തത് (കുറ്റമറ്റത്) ആയിരിക്കണമെന്നും ന്യൂനതയുള്ള നേർചകാഴ്ചകളിൽ താൻ പ്രസാദിക്കുകയില്ലെന്നും ദൈവം മോശെയോടു കല്പ്പിക്കുന്നു. (ലേവ്യ, 22:20-25). “എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.” (മലാ, 1:13). എന്ന് തന്റെ ജനത്തോടു ചോദിക്കുന്ന അത്യുന്നതനായ ദൈവം, തന്റെ സന്നിധിയിൽ നാം അർപ്പിക്കുന്ന ചെറുതും വലുതുമായ സ്വമേധാദാനങ്ങൾ ഓരോന്നും സസൂക്ഷ്മം ശ്രദ്ധിക്കുന്നുവെന്ന കാര്യം നാം ചിന്തിക്കാറുണ്ടോ? സർവ്വശക്തനും സമ്പൂർണ്ണനും പരിശുദ്ധനുമായ ദൈവം നമുക്കു നൽകിയിരിക്കുന്ന സാഹചര്യങ്ങൾക്കനുസൃതമായി അതിശ്രേഷ്ഠവും അതിവിശിഷ്ടവുമായ നേർച്ചകാഴ്ചകൾ നമുക്ക് അവനായി അർപ്പിക്കാം. അവന്റെ പ്രസാദവർഷത്താൽ അനുഗ്രഹീതരാകാം.