ദൈവത്തോടുള്ള ഒഴികഴിവുകൾ
മിസ്രയീമ്യ അടിമത്തത്തിൽനിന്ന് തന്റെ ജനത്തെ വിടുവിക്കുന്നതിന് ഫറവോന്റെ അടുത്തേക്ക് അയയ്ക്കുന്നതിനായി എൺപതു വയസ്സുകാരനായ മോശെയെ അത്യുന്നതനായ ദൈവം എരിയുന്ന മുൾപ്പടർപ്പിന്റെ നടുവിൽനിന്ന് ‘മോശെ, മോശെ’ എന്നു പേർചൊല്ലി വിളിച്ചു. അവന്റെ ദൗത്യം വിശദീകരിച്ച യഹോവയാം ദൈവം മോശെയെ ‘ആകയാൽ ഇപ്പോൾ വരുക’ (പുറ, 3:10) എന്നു വിളിക്കുമ്പോൾ മോശെ പല ഒഴികഴിവുകൾ നിരത്തിവച്ച് ദൈവവിളിയിൽനിന്നു രക്ഷപ്പെടുവാൻ ശ്രമിച്ചു. തനിക്ക് ഫറവോന്റെ അടുക്കൽ പോകുവാനോ യിസ്രായേൽമക്കളെ വിടുവിച്ചുകൊണ്ടുവരുവാനോ ഉള്ള യോഗ്യതയില്ല എന്ന മറുപടിയാണ് മോശെ ആദ്യം നൽകിയത്. “തീർച്ചയായും ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും” എന്ന് ദൈവം അവനോട് അരുളിച്ചെയ്തപ്പോൾ “അവന്റെ നാമം എന്ത്?” എന്നു ചോദിച്ചാൽ താനെന്ത് മറുപടി പറയണം എന്നാണ് മോശെ വീണ്ടും ദൈവത്തോടു ചോദിച്ചത്. “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു” എന്ന് യിസ്രായേൽ മക്കളോടു പറയുവാൻ യഹോവ കല്പ്പിക്കുമ്പോൾ ആ ദൗത്യം സ്വീകരിക്കുവാനുള്ള വൈമനസ്യത്താൽ മോശെ, യിസ്രായേൽ മക്കൾ തന്നെ വിശ്വസിക്കുകയോ തന്റെ വാക്കുകൾ കേൾക്കുകയോ ചെയ്യാതെ, “യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും” എന്നു പറഞ്ഞു. തദനന്തരം യിസ്രായേൽ മക്കൾ വിശ്വസിക്കേണ്ടതിനായി അവരുടെ മുമ്പിൽ മൂന്ന് അടയാളങ്ങൾ പ്രവർത്തിക്കുവാൻ ദൈവം മോശെയെ അധികാരപ്പെടുത്തിയപ്പോൾ മോശെ വീണ്ടും “ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞ് ദൈവത്തിന്റെ വിളിയിൽനിന്നു രക്ഷപ്പെടുവാൻ ശ്രമിച്ചു. “ഞാൻ നിന്റെ വായോടുകൂടെ ഉണ്ടായിരിക്കും; നീ പറയേണ്ടതെന്തെന്നു ഞാൻ നിനക്ക് ഉപദേശിച്ചുതരും” എന്ന് ദൈവം മറുപടി നൽകിയപ്പോൾ മറ്റൊഴികഴിവുകൾ ഒന്നും പറയുവാനില്ലാതെ മോശെ, “അയ്യോ, യഹോവേ, ദയവുണ്ടായി മറ്റാരെയെങ്കിലും അയയ്ക്കണമേ’ എന്ന് ദൈവത്തോട് അപേക്ഷിച്ചു. അപ്പോൾ ദൈവത്തിന്റെ കോപം മോശെയ്ക്കുനേരേ ജ്വലിച്ചതായി തിരുവചനം രേഖപ്പെടുത്തിയിരിക്കുന്നു. മോശയെപ്പോലെ ഒഴികഴിവുകൾ പറഞ്ഞ് പലപ്പോഴും ദൈവത്തിന്റെ വിളി തിരസ്കരിക്കുന്നവർ അനേകരാണ്. ഓരോരുത്തരുടെയും പരിമിതികളും ബലഹീനതകളും യഥാർത്ഥമായി അറിയുന്ന ദൈവമാണ് തന്നെ വിളിക്കുന്നതെന്നു ബോദ്ധ്യമുള്ള ഒരുവനും ആ വിളി നിരസിക്കുവാൻ കഴിയുകയില്ല. ആകയാൽ ഇപ്പോൾ വരുക! ദൈവവിളി അനുസരിക്കുക! (വേദഭാഗം: പുറപ്പാട് 3:1-4:18).
One thought on “ദൈവത്തോടുള്ള ഒഴികഴിവുകൾ”