വിശ്വാസം (Faith)
“ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമർ 10:17)
വിശ്വാസത്തെക്കുറിക്കുന്ന എബ്രായപദം എമുനാ (אֱמוּנָה – emuwnah) ആണ്. ദൈവത്തിന്റെ വിശ്വസ്തതയെ കുറിക്കുവാനാണീ പദം പ്രായേണ പ്രയോഗിക്കുന്നത്. “യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.” (പുറ, 34:6. ഒ.നോ: ഉല്പ, 24:27, 49). ‘നീതിമാൻ വിശ്വാസത്താൽ ജീവിക്കും.’ (ഹബ, 2:4). ഇവിടെ വിശ്വാസം എന്നതിലേറെ വിശ്വസ്തതയാണ് വിവക്ഷിതമെന്ന അഭിപ്രായമുണ്ട്. പഴയനിയമത്തിൽ വിശ്വാസം എന്ന പദം വിരളമാണെങ്കിലും പ്രസ്തുത ആശയം ഉണ്ട്. വിശ്വാസത്തിനു തത്തുല്യമായാണ് ആശ്രയം എന്ന പ്രയോഗം പലസ്ഥാനങ്ങളിലും കാണുന്നത്. “യഹോവേ എനിക്കു ന്യായം പാലിച്ചുതരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു. ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.” (സങ്കീ, 26:1). ള്ളകാതെ യഹോവയിൽ ആശ്രയിക്കുന്നതു വിശ്വാസത്തെ കാണിക്കുന്നു. പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്തവിവേകത്തിൽ ഊന്നരുത് (സദൃ, 3:5) തുടങ്ങി അനേകം പഴയനിയമ ഭാഗങ്ങൾ വിശ്വാസത്തിന്റെ ആശയം വ്യഞ്ജിപ്പിക്കുന്നു. പുതിയനിയമത്തിൽ വിശ്വാസം പ്രമുഖമായി കാണപ്പെടുന്നു. വിശ്വാസത്തെക്കുറിക്കുന്ന ഗ്രീക്കുപദങ്ങളായ പിസ്റ്റിസ് (πίστις – pistis) 244 പ്രാവശ്യവും, ക്രിയാപദമായ വിശ്വസിക്കുക പിസ്റ്റുവോ (πιστεύω – pisteuo) 248 പ്രവശ്യവും, പിസ്റ്റോസ് (πιστός – pistos) എന്ന നാമവിശേഷണം 67 പ്രാവശ്യവും പുതിയനിയമത്തിൽ കാണപ്പെടുന്നു. ദൈവം ക്രിസ്തുയേശുവിൽ നിറവേറ്റിയ രക്ഷണ്യപ്രവൃത്തിയുടെ പശ്ചാത്തലത്തിലാണ് വിശ്വാസം പുതിയനിയമത്തിൽ പരമപ്രധാനമായി മാറിയത്. ക്രിസ്തു സ്വന്തമരണത്താൽ മനുഷ്യന്റെ രക്ഷ പൂർത്തിയാക്കി. സ്വന്തപവൃത്തികളിൽ ആശ്രയിക്കാതെ രക്ഷയ്ക്കുവേണ്ടി ക്രിസ്തുവിൽ പൂർണ്ണമായി ആശ്രയിക്കുന്ന മനോഭാവമാണ് വിശ്വാസം.
ദൈവികസാക്ഷ്യം സ്വീകരിച്ച് അംഗീകരിക്കുന്നവർ സ്വർഗ്ഗീയ ജ്ഞാനത്തിന് പങ്കാളികളാകുന്നു. അവരുടെ ജ്ഞാനം വിശ്വാസത്തിൽ നിന്നുവരുന്നു. യുക്തിക്കു വിരുദ്ധമല്ലെങ്കിൽ തന്നെയും ദൈവികവെളിപ്പാടിലെ സത്യങ്ങൾ യുക്തിക്കതീതമാണ്. യുക്തിക്കു കണ്ടെത്താനാവാത്തതു കൊണ്ടാണ് ദൈവം ഈ സത്യങ്ങളെ വെളിപ്പെടുത്തുന്നത്. തന്മൂലം യുക്തികൊണ്ട് തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നാം അവയെ സ്വീകരിക്കേണ്ടതാണ്. വെളിപ്പാടിന്റെ തെളിവുകളെ പരിശോധിക്കാൻ യുക്തി ആവശ്യമാണ്. പരിശോധനയിലൂടെ വെളിപ്പാടിന്റെ ആശയവും സത്യതയും തെളിയിച്ചു കഴിയുന്നതോടെ തന്റെ കർത്തവ്യം പൂർത്തിയാക്കി യുക്തി പിൻവാങ്ങുന്നു. തുടർന്ന് വിശ്വാസമാണ് വെളിപ്പാടിനെ സ്വീകരിക്കുന്നത്. ക്രിസ്തുവിലൂടെ മനുഷ്യവർഗ്ഗത്തിനു ലഭിച്ച രക്ഷയുടെ യുക്തി സാധാരണ ബുദ്ധിക്ക് അപ്രാപ്യമാകയാൽ പരിശുദ്ധാത്മാവിന്റെ പ്രത്യക്ഷ സാക്ഷിയിലൂടെയാണ് വ്യക്തി അതു സ്വായത്തമാക്കുന്നത്. ഇങ്ങനെ രക്ഷയുടെ അനുഭവത്തിൽ ദൈവികവെളിപ്പാടിന്റെ സത്യതയുടെ അസന്ദിഗ്ദ്ധമായ തെളിവ് ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി കൈക്കൊള്ളുന്ന വ്യക്തിക്കു ലഭിക്കുന്നു. ഇവിടെയെല്ലാം വിശ്വാസത്തിനു വിധേയമാണ് യുക്തി. “നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ. ദൈവപുത്രനിൽ വിശ്വസിക്കുന്നവനു ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു; ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു . എന്നുള്ളതു തന്നേ.” (1യോഹ, 5:9-11) “ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല നാം ‘അബ്ബാ പിതാവേ’ എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും തന്നേ.” (റോമ, 8:14-17). രക്ഷയുടെ നിബന്ധനയാണ് വിശ്വാസം. വിശ്വാസം രക്ഷയ്ക്കു കാരണമല്ല; കരണം മാത്രമാണ്. നാം വിശ്വസിക്കുന്നതു പോലും ദൈവത്തിന്റെ ബലത്തിന്റെ വല്ലഭത്വത്തിന്റെ വ്യാപാരത്താലാണ്. നീതിമാൻ ജീവിക്കുന്നത് വിശ്വാസത്താലാണ്. (എബ്രാ, 10:38). വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നതല്ല. (എബ്രാ, 11:6). എബ്രായർ 11-ൽ വിശ്വാസവീരന്മാരുടെ ഒരു പട്ടിക ഉണ്ട്. യഥാർത്ഥ മാനസാന്തരത്തിന്റെ ലക്ഷണമാണ് വിശ്വാസം. വീണ്ടും ജനനത്തിന്റെ മാനുഷിക വശമാണത്. മാനസാന്തരത്തിൽ പാപി പാപത്തിൽ നിന്നു തിരിയുന്നു; വിശ്വാസത്തിലവൻ ദൈവത്തിങ്കലേയ്ക്കും. മാനസാന്തരം കൂടാതെ വിശ്വാസത്തിനും വിശ്വാസം കൂടാതെ മാനസാന്തരത്തിനും നിലനില്പില്ല.
പലപ്പോഴും പര്യായംപോലെ പ്രയോഗിക്കുന്ന പദങ്ങളാണ് വിശ്വാസവും പ്രത്യാശയും. എന്നാൽ അവ വിഭിന്നങ്ങളാണ്. പ്രത്യാശ ഭാവികമാണ്. എന്നാൽ വിശ്വാസത്തിന് കാലവ്യത്യാസമില്ല, അത് ഭൂതവർത്തമാനഭാവികളെ ഉൾക്കൊള്ളുന്നു. പൊതുവെ പ്രതീക്ഷയും അഭിലാഷവും ചേർന്നതാണ് പ്രത്യാശ. എന്നാൽ തിരുവെഴുത്തുകളിൽ പ്രത്യാശയ്ക്ക് അറിവ്, ഉറപ്പ് എന്നീ ഘടകങ്ങൾ കൂടിയുണ്ട്. വിശ്വാസം എന്നത് തിരുവെഴുത്തുകൾ ഉൾക്കൊള്ളുന്ന ക്രിസ്തീയ ഉപദേശത്തിന്റെ ആകെത്തുകയാണ്. (ലൂക്കൊ, 18:8; പ്രവൃ, 6:7; 1തിമൊ, 4:1; 6;10; യൂദാ, 3). പുതിയനിയമത്തിലെ വിശ്വാസത്തിന് സമാന്തരമായി പഴയനിയമത്തിൽ കാണുന്ന പ്രയോഗമാണ് ആശ്രയം. (സങ്കീ, 26:1; സദൃ, 3:5).
വിശ്വാസം ഹൃദയത്തിന്റെ പ്രവൃത്തിയാണ്. അതിനാൽ അത് ബൗദ്ധികവും വൈകാരികവും ഇച്ഛാപരവും അത്രേ. വിശ്വാസത്തിന്റെ ബൗദ്ധികാംശത്തെ വെളിപ്പെടുത്തുന്ന ഭാഗങ്ങളാണ് സങ്കീർത്തനം 9:10; യോഹന്നാൻ 2:23; റോമർ 10:14. യേശുവിന്റെ അടുക്കൽ വന്നപ്പോൾ നിക്കൊദെമൊസിന് ഈ വിശ്വാസം ഉണ്ടായിരുന്നു. (യോഹ, 3:2). പിശാചുക്കൾക്ക് ദൈവത്തെക്കുറിച്ചുള്ളത് ബൗദ്ധികമായ അറിവാണ്. “ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.” (യാക്കോ, 2:19). ആഭിചാരകനായ ശിമോനും ഇതേ വിശ്വാസമുണ്ടായിരുന്നു. (പ്രവൃ, 18:13). പ്രകൃതിയിലൂടെയുള്ള ദൈവത്തിന്റെ വെളിപ്പാടും തിരുവെഴുത്തുകളിലൂടെയുള്ള ദൈവത്തിന്റെ വെളിപ്പാടും വിശ്വസിക്കുന്നതാണ് വിശ്വാസത്തിന്റെ ബൗദ്ധികാംശം. “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” റോമ, 10:17). ദൈവമുണ്ടെന്ന് അറിയുന്നതുകൊണ്ട് നാം അവന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നു. (റോമ, 1:19). ക്രിസ്തുവിൽ വിശ്വസിക്കുന്നതിന് നാം സുവിശേഷം അറിയേണ്ടതാണ്. “എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” (റോമ, 10:14).
“അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതി പാടുകയും ചെയ്തു.” (സങ്കീ, 106:12). വൈകാരികമായ വിശ്വാസം വളരെ വേഗം ഇല്ലാതെ പോകുന്നതാണ്. ഭാഗികമായും താൽക്കാലികമായും മാത്രമേ ദൈവികസത്യം അംഗീകരിക്കുന്നുള്ളൂ. (മത്താ, 13:20; മർക്കൊ, 12:32,34; യോഹ, 5:35). ബൗദ്ധികവും വൈകാരികവുമായ വിശ്വാസത്തിൽ നിന്നാണ് ഇച്ഛാപരമായ വിശ്വാസം ഉളവാകുന്നത്. വിശ്വാസത്തിന്റെ ഈ മൂന്ന് അംശങ്ങളും ഇല്ലെങ്കിൽ ഒരു മനുഷ്യന് രക്ഷ നേടാൻ കഴിയുകയില്ല. ക്രിസ്തുവിനെ സ്വമേധയാ സ്വന്തമാക്കിയില്ലെങ്കിൽ ആരും രക്ഷിക്കപ്പെടുകയില്ല. ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുകയും ഹൃദയം ദൈവത്തിന് വിധേയപ്പെടുത്തുകയും ചെയ്യുന്നതാണ് ഇച്ഛാപരമായ വിശ്വാസം. “മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്ന് ഇമ്പമായിരിക്കട്ടെ.” (സദൃ, 23:26. ഒ.നോ: മത്താ, 11:28; ലൂക്കൊ, 14:26; യോഹ, 2:24; റോമ, 3:2; ഗലാ, 2:7). ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നതിനെക്കുറിക്കുന്ന അനേകം ഭാഗങ്ങളുണ്ട്. (ഉദാ: യോഹ, 1:12; 4:14; 6:53; വെളി, 3:20).
വിശ്വാസത്തിൽ ദൈവികവും മാനുഷികവുമായ അംശങ്ങൾ ഉണ്ടെങ്കിലും വിശ്വാസത്തിന്റെ ഉറവിടം ദൈവമാണ്. ദൈവകൃപയാലാണ് ഒരു വ്യക്തിക്ക് വിശ്വാസം ലഭിക്കുന്നത്. “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). “ഭാവിക്കേണ്ടതിനുമീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.” (റോമ, 12:3). നമ്മുടെ വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും ക്രിസ്തുവാണ്. (എബ്രാ, 12:2). ആത്മീയ വരങ്ങളിലൊന്നും ആത്മാവിന്റെ ഫലങ്ങളിൽ ഒന്നുമായ വിശ്വാസം പ്രദാനം ചെയ്യുന്നത് പരിശുദ്ധാത്മാവത്രേ. (1കൊരി, 12;4,8,9; ഗലാ, 5:22,23). വിശ്വാസത്തിൻ്റെ ഉറവിടം ദൈവമാണെങ്കിലും മാനുഷിക പക്ഷത്തിൽ രണ്ടു മാദ്ധ്യമങ്ങളുണ്ട് വിശ്വാസം ലഭിക്കുന്നതിന്; ദൈവവചന ശ്രവണവും പ്രാർത്ഥനയും. “ആകയാൽ വിശ്വാസം കേൾവിയാലും കേൾവിയാലും ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമ, 10:17). “എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു.” (പ്രവൃ, 4:4). വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കുന്നതിന് അപ്പൊസ്തലന്മാർ ക്രിസ്തുവിനോടപേക്ഷിച്ചു. (ലൂക്കൊ, 17:5). അതിനോടുള്ള ബന്ധത്തിലാണ് കടുകുമണിയോളം വിശ്വാസത്തെക്കുറിച്ച് ക്രിസ്തു പറഞ്ഞത്. പരിച്ഛദസമന്വിതമായ വിശ്വാസവിശേഷങ്ങളാണ് അല്പവിശ്വാസം (മത്താ, 6:30; 8:26; 14:31; 16:8; 17:20; ലൂക്കൊ, 12:28), ഇത്രവലിയ വിശ്വാസം (മത്താ, 8:10, രക്ഷിക്കുന്ന വിശ്വാസം (മത്താ, 9:22, മർക്കൊ, 5:34; ലൂക്കൊ, 7:50), വലിയ വിശ്വാസം (മത്താ, 12:28), കടുകുമണിയോളം വിശ്വാസം (മത്താ, 17:21; ലൂകൊ, 17:6), സംശയിക്കാത്ത വിശ്വാസം (മത്താ, 21:21; റോമ, 4:20), നിറഞ്ഞ വിശ്വാസം (പ്രവൃ, 6:5), നിലനില്ക്കുന്ന വിശ്വാസം (പ്രവൃ, 14:22; 1കൊരി, 13:12; 16:13), ഉറച്ച വിശ്വാസം (പ്രവൃ, 16:5; 2കൊരി, 1:24; കൊലൊ, 2:7), അനുസരണമുള്ള വിശ്വാസം (റോമ, 1:6), ഒത്തൊരുമിച്ചുള്ള വിശ്വാസം (1:12), ശക്തിയുള്ള വിശ്വാസം (റോമ, 4:20), സ്നേഹത്തിൽ വ്യാപരിക്കുന്ന വിശ്വാസം (ഗലാ, 5:6), സ്ഥിരതയുള്ള വിശ്വാസം (കൊലൊ, 2:5;1പത്രൊ, 2:5), വർദ്ധിക്കുന്ന വിശ്വാസം (2തെസ്സ, 1:3), പ്രവർത്തിക്കുന്ന വിശ്വാസം (2തെസ്സ, 1:12), സത്യത്തിൻ്റെ വിശ്വാസം (2തെസ്സ, 2:13), നിർവ്യാജവിശ്വാസം (2തിമൊ, 1:4), പൊതുവിശ്വാസം (തീത്തൊ, 1:4), പൂർണ്ണനിശ്ചയമുള്ള വിശ്വാസം (എബ്രാ, 10:22), നിർജ്ജീവ വിശ്വാസം (യാക്കോ, 2:17,26), വിലയേറിയ വിശ്വാസം (2പത്രൊ, 1:1), അതിവിശുദ്ധ വിശ്വാസം (യൂദാ, 20), എന്നിവ.
വ്യാപകമായ അനേകം ഫലങ്ങൾ വിശ്വാസത്തിനുണ്ട്. പുതുജനനത്തെയും പുതിയ സൃഷ്ടിയുടെ ജീവിതത്തെയും നിയന്ത്രിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്.
1. വിശ്വാസത്തിലൂടെ ദൈവപ്രസാദം ലഭിക്കുന്നു: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രാ, 11:6). ദൈവപ്രസാദം നഷ്ടപ്പെട്ടത് അവിശ്വാസത്താലാണ്. അതിനാൽ അതു നേടേണ്ടത് വിശ്വാസത്താൽ തന്നെയാണ്. “അവർ അവനോടു ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യണം എന്നു ചോദിച്ചു . യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 6:28,29).
2. വിശ്വാസത്താൽ നിത്യജീവൻ ലഭിക്കുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). “പുതനിൽ വിശ്വസിക്കുന്ന വന്നു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ: (യോഹ, 3:36). രക്ഷ (പ്രവൃ, 16:31; എഫെ, 2:8; മർക്കൊ, 16:16), പാപമോചനം (പ്രവൃ 10:43), നീതീകരണം (റോമ, 6:1), പുത്രത്വം (യോഹ, 1:12; ഗലാ, 3:26), പരിശുദ്ധാത്മാവ് എന്ന ദാനം (എഫെ, 1:13) എല്ലാം വിശ്വാസത്താലാണ് ലഭിക്കുന്നത്. ക്രിസ്തു വിശ്വാസത്താൽ ഹൃദയത്തിൽ വസിക്കുന്നു (എഫെ, 3:17). വിശ്വസിക്കുന്നവരാണ് സ്വസ്ഥതയിൽ പ്രവേശിക്കുന്നത്. (എബ്രാ, 4:3).
3. ക്രിസ്തീയ ജീവിതം വിശ്വാസജീവിതമാണ്: നീതിമാൻ വിശ്വാസത്താൽ ജീവിക്കും. (ഹബ, 2:4). ഒരു ദൈവപൈതൽ ജഡത്തിൽ ജീവിക്കുന്നത് അവനെ സ്നേഹിച്ചു അവനുവേണ്ടി തന്നെത്താൻ ഏല്പ്പിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാണ്. (ഗലാ, 2:20). “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്. (2കൊരി, 5:7). വിജയകരമായ ജീവിതത്തിന് അടിസ്ഥാനമായിരിക്കുന്നത് വിശ്വാസമാണ്. “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്ത ജയിക്കുന്നവൻ? (1യോഹ, 5:4,5). വിശ്വാസത്താൽ വിശുദ്ധീകരണം പ്രാപിക്കുന്നു (പ്രവൃ, 26:18), സ്വസ്ഥതയും സമാധാനവും അനുഭവിക്കുന്നു (മത്താ, 11:28; യെശ, 26:3; യോഹ, 14:1; ഫിലി, 4:6,7), ദൈവശക്തിയിൽ കാക്കപ്പെടുന്നു (1പത്രൊ, 1:4), സന്തോഷം അനുഭവിക്കുന്നു (1പത്രൊ, 1:8), ശാരീരികസൗഖ്യം പ്രാപിക്കുന്നു (മത്താ, 9:22,29; യാക്കൊ, 5:14,15), പ്രാർത്ഥനയ്ക്കുത്തരം ലഭിക്കുന്നു (മത്താ, 21:21; മർക്കൊ, 11:24; ലൂക്കൊ, 1:45; എബ്രാ, 6:12; യാക്കൊ, 1:5-7; 1യോഹ, 5:14,15), അത്ഭുതം പ്രവർത്തിക്കുന്നു (മത്താ, 21:21; 17:19,20; യോഹ, 11:40; 14:12; എബ്രാ, 11:32-34), സർവ്വവും സാധിക്കുന്നു (മർക്കൊ, 9:23; മത്താ 19:26; ഫിലി, 4:13).