യോവാബ്

യോവാബ് (Joab)

പേരിനർത്ഥം – യഹോവ പിതാവ്

ദാവീദിന്റെ സഹോദരിയായ സെരൂയയുടെ പുത്രന്മാരാണ് യോവാബ്, അബീശായി, അസാഹേൽ എന്നിവർ. (2ശമൂ, 2:18). പിതാവിന്റെ പേർ രേഖപ്പെടുത്തിയിട്ടില്ല. ദാവീദ് രാജാവായപ്പോൾ യോവാബിനെ സൈന്യാധിപനാക്കി. (2ശമൂ, 5:8; 1ദിന, 11:6, 8). ഈശ്-ബോശെത്തിനു വേണ്ടി അബ്നേരും സൈന്യവും യുദ്ധം ചെയ്യുകയായിരുന്നു. ഗിബെയോനിലെ കുളത്തിനരികിൽ വച്ചു യോവാബിന്റെ കീഴിലുള്ള സൈന്യവും അബ്നേരിന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടി. അബ്നേർ തോറ്റോടിയപ്പോൾ അസാഹേൽ അബ്നേരിനെ പിന്തുടർന്നു. ഗത്യന്തരമില്ലാതെ അബ്നേർ അസാഹേലിനെ വധിച്ചു. (2ശമൂ, 2:13-32). ഈശ്-ബോശെത്തുമായി ഇടഞ്ഞ അബ്നേർ ദാവീദുമായി ഉടമ്പടി ചെയ്യുവാൻ വന്നിരുന്നു എന്നറിഞ്ഞു യോവാബ് അവനെ തിരികെ വിളിപ്പിച്ചു ഹെബ്രാനിൽ വച്ചു വധിച്ചു. അങ്ങനെ യോവാബ് തന്റെ സഹോദരന്റെ വധത്തിനു പകരം വീട്ടി. (2ശമൂ, 3:27, 30). ഈ സംഭവം ദാവീദിനെ വല്ലാതെ വേദനിപ്പിച്ചു. അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലുകയും ശവക്കുഴിക്കൽ ഉറക്കെ കരയുകയും ചെയ്തു. (2ശമൂ, 3:8-39).

യെബൂസ്യരെ തോല്പിച്ചു സീയോൻ കോട്ട പിടിക്കുന്നതിൽ യോവാബിനു പ്രധാന പങ്കുണ്ടായിരുന്നു. യെബൂസ്യരെ ആദ്യം തോല്പിക്കുന്നവൻ തലവനും സേനാധിപതിയും ആയിരിക്കുമെന്നു ദാവീദ് പറഞ്ഞു. യോവാബ് സീയോൻ കോട്ടയിൽ ആദ്യം കയറിച്ചെന്നു. അങ്ങനെ സൈന്യാധിപനായിത്തീർന്നു. (2ശമൂ, 5:6-10; 1ദിന, 11:5-8). നഗരത്തെ പണിതുറപ്പിക്കുന്നതിനും യോവാബ് ദാവീദിനെ സഹായിച്ചു. (2ശമൂ, 5:9; 1ദിന, 11:8). ബെരോത്യനായ നഹ്രായിയായിരുന്നു യോവാബിന്റെ പ്രധാന ആയുധവാഹകൻ. (1ദിന, 11:39). ബെരോത്യൻ നഹരായി എന്നാണ് 2ശമൂവേൽ 23:37-ൽ. യോവാബിനു ആയുധവാഹകന്മാരായ 10 ബാല്യക്കാർ ഉണ്ടായിരുന്നു. (2ശമൂ, 18:15). സൈന്യത്തിന്റെ മുന്നേറ്റത്തിനും പിൻമടക്കത്തിനും കാഹളമൂതി അടയാളം നല്കിയിരുന്നതു യോവാബായിരുന്നു. (2ശമൂ, 18:16). യോവാബ് യെരൂശലേമിൽ പാർത്തിരുന്നു. നാട്ടിൻപുറത്തു അവനു വീടും നിലവുമുണ്ടായിരുന്നു. (2ശമൂ, 14:30).

അരാമ്യരുടെയും അമ്മോന്യരുടെയും സഖ്യസൈന്യത്തോടുള്ള യുദ്ധത്തിൽ യോവാബ് അരാമ്യരെയും തന്റെ സഹോദരനായ അബീശായി അമ്മോന്യരെയും തോല്പിച്ചു. (2ശമൂ, 10:1-14). ഏദോമ്യരെ ഉപ്പുതാഴ്വരയിൽ വച്ചു ദാവീദ് പരാജയപ്പെടുത്തി. അതിൽ യോവാബിനു പങ്കുണ്ടായിരുന്നു. ദാവീദ് ഏദോമ്യരെ നിഗ്രഹിച്ചപ്പോൾ പട്ടുപോയവരെ അടക്കം ചെയ്യുവാൻ യോവാബ് ചെന്നു. ഏദോമിലെ പുരുഷപ്രജയെ മുഴുവൻ നിഗ്രഹിക്കുവോളം യോവാബും കൂട്ടരും ആറുമാസം അവിടെ പാർത്തു. (1രാജാ, 11:15,16). പിന്നീടൊരിക്കൽ യോവാബും സൈന്യവും അമ്മോന്യദേശം ശൂന്യമാക്കി രബ്ബാ പട്ടണം നിരോധിച്ചു. യോവാബ് അമ്മോന്യരുടെ രബ്ബയോടു യുദ്ധംചെയ്ത് ജലനഗരം പിടിച്ചു. തുടർന്നു പ്രധാനകോട്ട ദാവീദു വന്നു കൈവശപ്പെടുത്തി. (2ശമൂ, 12:26-28).

യോവാബ് ദാവീദിനെ വിശ്വസ്തതയോടെ സേവിച്ചു. അമ്മോന്യരോടുള്ള യുദ്ധത്തിൽ ദാവീദിനു വേണ്ടി ഹിത്യനായ ഊരീയാവിനെ പടയുടെ മുമ്പിൽ നിറുത്തി കൊല്ലുവാൻ വേണ്ട ക്രമീകരണം ചെയ്തതു യോവാബാണ്. (2ശമൂ, 11:16). അമ്നോന്റെ വധത്തിനു ശേഷം ദാവീദിന്റെ മുഖം കാണാതെ ഒളിച്ചുപാർത്ത അബ്ശാലോമിനെയും ദാവീദിനെയും തമ്മിൽ നിരപ്പിക്കുവാൻ മദ്ധ്യസ്ഥനായി യോവാബ് വർത്തിച്ചു. ദാവീദിനെ എതിർത്തപ്പോൾ അബ്ശാലോമിനെ വധിച്ചു. (2ശമൂ, 18:14-33). ജനത്തെ എണ്ണുന്നതിൽ നിന്നു രാജാവിനെ പിന്തിരിപ്പിക്കുവാൻ യോവാബ് ശ്രമിച്ചു; പക്ഷേ ഫലമുണ്ടായില്ല. (2ശമൂ, 24:1-4). ശേബയെ പിന്തുടർന്ന വഴിയിൽ യോവാബ് ചതിയിൽ അമാസയെ കൊന്നു. (2ശമൂ, 20:10). ബിക്രിയുടെ മകനായ ശേബയുടെ തലയുമായിട്ടാണ് മടങ്ങിപ്പോയത്. (2ശമൂ, 20:22). അബ്നേരിനെയും അമാസയെയും യോവാബ് വധിച്ചതു ദാവീദിനു ഇഷ്ടമായില്ല. അതുകൊണ്ടു അവന്റെ നരയെ സമാധാനത്തോടെ പാതാളത്തിൽ ഇറങ്ങുവാൻ സമ്മതിക്കരുതു എന്നു ദാവീദ് ശലോമോനോടു കല്പിച്ചു. (1രാജാ, 2:5). ദാവീദിന്റെ മരണത്തിനു തൊട്ടുമുമ്പു യോവാബ് അദോനീയാവിന്റെ പക്ഷം ചേർന്നു. രാജാവാകാനുള്ള അദോനീയാവിന്റെ ശ്രമം തകർന്നു. അദോനീയാവിന്റെ മരണത്തെക്കുറിച്ചു കേട്ട യോവാബ് ഓടിച്ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു. എന്നാൽ ശലോമോൻ ബൈനായാവിനെ അയച്ചു യോവാബിനെ വെട്ടിക്കൊന്നു. (1രാജാ, 2:34). അതിസമർത്ഥനായ സൈന്യാധിപനായിരുന്നു യോവാബ്. അടങ്ങാത്ത പ്രതികാരവാഞ്ഛ ഏതു ചതിപ്രയോഗം ചെയ്യുന്നതിനും യോവാബിനെ പ്രേരിപ്പിച്ചു. യജമാനന്റെ നല്ലതും തീയതുമായ അഭിലാഷങ്ങളെ പൂർത്തിയാക്കിക്കൊടുക്കാൻ ഒരു മടിയും കാണിച്ചിരുന്നില്ല. യിസ്രായേൽ ചരിത്രത്തിലെ മഹാപരാക്രമിയും ഒപ്പം ഒട്ടും തത്ത്വദീക്ഷയില്ലാത്തവനും ആയ യോദ്ധാവായിരുന്നു യോവാബ്.

Leave a Reply

Your email address will not be published. Required fields are marked *