യെരൂശലേം

യെരൂശലേം (Jerusalem)

മൂന്നു വിശ്വമതങ്ങളുടെ (യെഹൂദ, ക്രൈസ്തവ, മുസ്ലീം) വിശുദ്ധ നഗരമാണ് യെരൂശലേം. ഈ പട്ടണത്തിന്റെ അധീശത്വത്തിനു വേണ്ടി യെഹൂദരും ക്രൈസ്തവരും മുസ്ലീങ്ങളും നടത്തിയ യുദ്ധങ്ങൾ അസംഖ്യമത്രേ. യെരൂശലേമിനു വേണ്ടി യെഹൂദന്മാർ ഒഴുക്കിയിട്ടുള്ള കണ്ണുനീർ ചരിത്രത്തിനു മറക്കാൻ കഴിയുന്നതല്ല. ഒരു നഗരം എന്ന നിലയ്ക്കു യെരൂശലേമിനെക്കുറിച്ചുള്ള ആദ്യ ബൈബിൾ പരാമർശം; “യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു” എന്നാണ്. (ന്യായാ, 1:8). യെരൂശലേമിന്റെ ചരിത്രത്തിന്റെ ഏറ്റവും സംക്ഷിപ്തമായ രൂപരേഖ ഇതാണ്. യെരുശലേമിന്റെ ഇതഃപര്യന്തമുള്ള ചരിത്രം ഉപര്യുക്ത പ്രസ്താവനയുടെ വിശദീകരണം മാത്രം.

യെരൂശലേമിനെപ്പോലെ ഉന്നതപദവിയും പ്രകീർത്തനവും തിരുവെഴുത്തുകളിൽ ലഭിച്ചിട്ടുള്ള മറ്റൊരു നഗരവുമില്ല. ശാശ്വത സമാധാനവും അന്തിമ മഹത്വവും അവകാശമായി വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള നഗരമാണിത്. ദൈവത്തിന്റെ സാന്നിദ്ധ്യവും സ്നേഹവും അമിതമായി അനുഭവിച്ചിട്ടുള്ള യെരുശലേമിനു കിടനില്ക്കുവാൻ ലോകത്തിലൊരു നഗരവുമില്ല. ദൈവത്തിന്റെ രക്ഷാകരപ്രവൃത്തി പൂർത്തിയിലെത്തിയതു ഈ പട്ടണത്തിലാണ്. മനുഷ്യരുടെയിടയിൽ ദൈവം സ്ഥാപിച്ച ഏക രാജ്യത്തിന്റെയും രാജത്വത്തിന്റെയും രാജനഗരം യെരൂശലേമാണ്. പ്രവാചകന്മാരുടെയും ക്രിസ്തുവിന്റെയും ഭർത്സനത്തിനു വിധേയമായ യെരുശലേമിന്റെ ഭാവി മഹത്വം പ്രവചനത്തിലെ പ്രമുഖ വിഷയമാണ്. യിസ്രായേലിന്റെ മഹത്വവും സകല ജാതികളുടെയും രക്ഷയുമായ (ലൂക്കൊ, 2:30,31) യേശുക്രിസ്തുവിന്റെ ജനനം, മരണം, ഉയിർത്തെഴുന്നേല്പ്, സ്വർഗ്ഗാരോഹണം എന്നിവയാൽ അനുഗൃഹീതമായ പുണ്യ നഗരമാണിത്. കൃപായുഗത്തിലെ ദൈവിക നിർണ്ണയമായ സഭയെ രൂപീകരിക്കുവാൻ പെന്തെകൊസ്തുനാളിൽ പരിശുദ്ധാത്മാവ് അവരോഹണം ചെയ്തതും, സഭയ്ക്കും മിഷണറി പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചതും ഇവിടെയാണ്. സഭയുടെ ആദ്യത്തെ മഹാസമ്മേളനം കൂടിയത് യെരുശലേമിലത്രേ. (പ്രവൃ, 15). യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലാ യിസ്രായേൽ ഗോത്രങ്ങളിൽ നിന്നു തിരഞ്ഞെടുത്ത നഗരമാണ് യെരുശലേം. (1രാജാ, 14:21). ജാതികളുടെയും രാജ്യങ്ങളുടെയും മദ്ധ്യേ (യെഹ, 5:5) യെരുശലേമിനെ വയ്ക്കുക മാത്രമല്ല, ചുറ്റുമുള്ള സകലജാതികൾക്കും പരിഭ്രമപാത്രവും ഭാരമുള്ള കല്ലും ആക്കി തീർത്തിരിക്കുകയുമാണ്. (സെഖ, 12:2,3). സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാർ അന്ത്യയുദ്ധത്തിനു കൂടിച്ചേരുന്നതും നശിക്കുന്നതും ഇവിടെതന്നെയാണ്. സാത്താനെ ബന്ധിച്ചശേഷം ദാവീദ് പുത്രനായ യേശുക്രിസ്തു രാജാധിരാജാവും കർത്താധികർത്താവുമായി ദാവീദിന്റെ സിംഹാസനത്തിലിരുന്നു സർവ്വഭൂമിയെയും നീതിയിൽ വാഴുന്നതും യെരുശലേം കേന്ദ്രമാക്കിയാണ്. 

പേരിന്റെ നിഷ്പത്തി: യെരൂശലേം എന്ന പേര് സെമിറ്റിക്ക് ആണെങ്കിലും പട്ടണത്തിനു ആ പേർ ആദ്യം നല്കിയത് എബ്രായർ അല്ല. ഈജിപ്റ്റിലെ ശാപഗ്രന്ഥങ്ങളിൽ (ബി.സി. 19-18 നൂറ്റാണ്ടുകൾ) റുഷലിമും എന്നു യെരുശലേമിനെ രേഖപ്പെടുത്തിയിട്ടുണ്ട്. തേൽ-എൽ-അമർണാ എഴുത്തുകളിൽ (ബി.സി. 1400) ഇതിനെ ഉറുസാലിം (സാലിമിന്റെ ഊര് അഥവാ പട്ടണം) എന്നു വിളിച്ചിട്ടുണ്ട്. സമാധാനത്തിന്റെ പട്ടണമെന്നാണു പൊതുവെ അർത്ഥം പറയുന്നത്. യോശുവ 10:1-ലാണ് എബ്രായ ബൈബിളിലാദ്യമായി യെരൂശലേമിന്റെ പേർ പറഞ്ഞിട്ടുള്ളത്. അവിടെ യെറൂഷലായീം എന്നാണു രൂപം. അയീം ദ്വിവചന പ്രത്യയമാണ്; മിസ്രയീം എന്നപോലെ. അരാമ്യഭാഷയിൽ (എസ്രാ, 4:8, 20, 24, 51) യെറുഷ്ലേം ആണ്. സൻഹേരീബിന്റെ (Sennacherib) രേഖകളിൽ ഉർസാലിമു എന്നും, സിറിയക്കിൽ ഉറിഷ്ലേം എന്നും, ഗ്രീക്കു സെപ്റ്റ്വജിന്റെ ബൈബിളിൽ ഹൈറോസാലെം എന്നുമാണു രൂപങ്ങൾ. എ.ഡി. 135-ൽ റോമാക്കാർ യെരുശലേമിന്റെ പേർ ഐലിയ കാപ്പിത്തോളിനാ (Aelia Capitolina) എന്നാക്കി. അറബികൾ ഇതിനെ അൽ-കുദ്സ് അൽഷറീഫ് (വിശുദ്ധനഗരം) എന്നു വിളിച്ചുവരുന്നു. യെരുശലേമിന്റെ ആദ്യപേര് ഇറുസാലേം എന്നു കരുതുന്നവരുണ്ട്. സ്ഥാപിക്കുക എന്നർത്ഥമുള്ള ‘യാറാ’യും പശ്ചിമശേമ്യദേവന്റെ പേരായ പുൽമനു അഥവാ ഷാലിമും ചേർന്നുള്ള സംയുക്ത പദമാണ് ഇറുസാലേം. മിദ്രാഷിൽ യെരൂശലേമിനു കൊടുക്കുന്ന അർത്ഥം സമാധാനത്തിന്റെ അടിസ്ഥാനം എന്നാണ്. ശാലേം എന്നായിരിക്കണം പട്ടണത്തിന്റെ ആദ്യപേര്. അബ്രാഹാമിനെ എതിരേറ്റു വന്ന മല്ക്കീസേദെക് ശാലേം രാജാവായിരുന്നു. (ഉല്പ, 14:18; സങ്കീ, 76:2). പട്ടണത്തിന്റെ പേരു തന്നെ സമാധാനം വിവക്ഷിക്കുക കൊണ്ടു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു “ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും.” (ഹഗ്ഗാ, 2:9). യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിക്കേണ്ടതാണ്. (സങ്കീ, 122:6). നിങ്ങൾക്കു കുടിപ്പാൻ വേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനം നീട്ടിക്കൊടുക്കും (യെശ, 66:12) എന്നാണ് യഹോവയുടെ വാഗ്ദത്തം. അറബികൾ സലാം എന്നും, യെഹൂദർ ഷാലോം എന്നുമാണ് അഭിവന്ദനം ചെയ്യുന്നത്. ഇവയുടെ അർത്ഥം സമാധാനം നിന്നോടു കൂടെ ഇരിക്കുമാറാകട്ടെ എന്നത്രേ.

യെരൂശലേമിന്റെ പേരുകൾ: യെരൂശലേമിനു അറുപതു വിഭിന്ന നാമങ്ങളുണ്ടെന്നാണ് റബ്ബിമാർ പറയുന്നത്. ബൈബിളിൽ എണ്ണൂറിലധികം തവണ യെരൂശലേം പരാമർശിക്കപ്പെടുന്നു. പഴയനിയമത്തിൽ ഇയ്യോബ്, ഹോശേയ, യോനാ, നഹും, ഹബക്കൂക്ക്, ഹഗ്ഗായി എന്നീ പുസ്തകങ്ങളിൽ യെരൂശലേം എന്ന പേരില്ല. പുതിയ നിയമത്തിൽ റോമാലേഖനം മുതൽ വിരളമായേ ഈ നാമം കാണപ്പെടുന്നുള്ളൂ. റോമാ ലേഖനത്തിൽ 15:17, 25,26, 31-ലും 1കൊരി, 16:3-ലും, ഗലാ, 1:17,18; 2:1-ലും കാണാം. 1. സീയോൻ (Zion): യെരൂശലേം കഴിഞ്ഞാൽ ഏറ്റവുമധികം പ്രയോഗിച്ചിട്ടുള്ള പേരാണ് സീയോൻ. പഴയനിയമത്തിൽ നൂറിലധികം സ്ഥാനങ്ങളിൽ സീയോൻ പറയപ്പെടുന്നുണ്ട്. ആദ്യ പരാമർശം 2രാജാ, 19:21-ലാണ്. സീയോൻ കൂടുതലായി കാണപ്പെടുന്നത് സങ്കീർത്തനങ്ങളിലാണ്. പുതിയനിയമത്തിൽ ക്രിസ്തു രണ്ടുപ്രാവശ്യം സീയോനെക്കുറിച്ചു പറഞ്ഞു. ഇവ രണ്ടും പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണിയാണ്. (മത്താ, 21:5; യോഹ, 12:15). ആത്മീയാർത്ഥത്തിൽ റോമലേഖനത്തിൽ (9:33; 1:27) രണ്ടു പ്രാവശ്യവും, പത്രോസിന്റെ ഒന്നാം ലേഖനത്തിൽ ഒരു പ്രാവശ്യവും (2:6), വെളിപ്പാടിൽ (14:1) ഒരു പ്രാവശ്യവും, സീയോൻ പരാമൃഷ്ടമാവുന്നു. 2. ദാവീദിന്റെ നഗരം (The city of David): ചരിത്ര പുസ്തകങ്ങളിൽ ഇടയ്ക്കിടെ ദാവീദിന്റെ നഗരമെന്നു യെരൂശലേമിനെ വിളിക്കുന്നു: (2ശമൂ, 5:7, 9; 6:10-16; നെഹ, 3:15; 12:37). പ്രവചന പുസ്തകങ്ങളിൽ ഒരിടത്തും. (യെശ, 22:9). പുതിയനിയമത്തിൽ യേശുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ ബേത്ത്ലേഹെമിനു മാത്രമായി ദാവീദിന്റെ പട്ടണം എന്ന പേർ നല്കിയിരിക്കുന്നു. (ലൂക്കൊ, 2:5, 11). 3. ദൈവനഗരം: സങ്കീർത്തനങ്ങളിൽ യെരുശലേമിനെ ദൈവത്തിന്റെ നഗരമായി പറഞ്ഞിട്ടുണ്ട്. (സങ്കീ, 46:4; 48:1, 8; 87:3). പുതിയനിയമത്തിൽ പുതിയ യെരൂശലേമിനെയാണ് ദൈവത്തിന്റെ നഗരം എന്നു വിശേഷിപ്പിച്ചിട്ടുള്ളത്. (എബ്രാ, 12:22; വെളി, 3:12). 4. യഹോവയുടെ നഗരം: (യെശ, 60:14). 5. യഹോവയുടെ പർവ്വതം: (യെശ, 2:3; 30:29). 6. സൈന്യങ്ങളുടെ യഹോവയുടെ പർവ്വതം: (സെഖ, 8:3) 7. യഹോവയുടെ വിശുദ്ധ പർവ്വതം: (യെശ, 27:13; 66:20). 8. യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ: (യെശ, 60:14). 9. എന്റെ നഗരം: യെരൂശലേമിനെക്കുറിച്ചു ദൈവമായ കർത്താവു തന്നെ പറയുകയാണ്; ‘എന്റെ നഗരം.’ (യെശ, 45:13). 10. എന്റെ വിശുദ്ധ പർവ്വതം: (യെശ, 11:9; 56:7; 57:13; 65:11; 66:20). യെശയ്യാവിൽ 66:20-ൽ എന്റെ വിശുദ്ധപർവ്വതമായ യെരൂശലേം എന്നു വ്യാവർത്തിച്ചു പറഞ്ഞിരിക്കുന്നു. 11. വിശുദ്ധ നഗരം: യഹോവ തന്റെ നാമം സ്ഥാപിച്ചിരിക്കുന്ന നഗരമാകയാൽ യെരൂശലേം വിശുദ്ധ നഗരമാണ്. (യെശ, 48:2; 52:1; നെഹ, 1:18). മത്തായി സുവിശേഷത്തിൽ ഈ പേരു രണ്ടു പ്രാവശ്യം ഉണ്ട്. (4:5; 27:53). മഹാപീഡനത്തിന്റെ പൂർവ്വാർദ്ധത്തിൽ ജാതികൾ 42 മാസം ചവിട്ടുന്നതു വിശുദ്ധ നഗരത്തെയാണ്. (വെളി, 11:2). പുതിയ യെരൂശലേമിനെ വിശുദ്ധനഗരം എന്നു രണ്ടു പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (വെളി, 21:2; 22:19). 12. ഹെഫ്സീബാ (എന്റെ പ്രമോദം അവളിൽ). (യെശ, 62:2) 13. പ്രിയനഗരം: (വെളി, 20:9). മശീഹയുടെ വാഴ്ചയുടെ ഒടുവിൽ കടല്പുറത്തെ മണൽപോലെയുള്ള സൈന്യം വളയുന്നതു ദൈവത്തിന്റെ പ്രിയനഗരത്തെയാണ്. 14. ഉല്ലസിത നഗരം: (യെശ, 32:13). 15. നീതിപുരം: (യെശ, 1:26). 16. വിശ്വസ്ത നഗരം: (യെശ, 1:21, 26). 17. സത്യനഗരം: മശീഹയുടെ വാഴ്ചയിൽ യെരൂശലേം സത്യനഗരം എന്നു വിളിക്കപ്പെടും. അന്നു ദൈവമായ കർത്താവു യെരുശലേമിൽ വസിക്കും. (സെഖ, 8:3). 18. അരീയേൽ: യെശയ്യാ പ്രവാചകൻ യെരൂശലേമിനു നല്കുന്ന പേരാണിത്. ഈ പേരിന്റെ അർത്ഥം ദൈവത്തിന്റെ സിംഹം എന്നത്രേ. (യെശ, 29:1). 

യെരൂശലേമിന്റെ ഭൂമിശാസ്ത്രം: യെരുശലേമിന്റെ പ്രാധാന്യവും മഹത്വവും സ്ഥിതിചെയ്യുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടല്ല. ഒരു തുറമുഖ നഗരമോ വാണിജ്യകേന്ദ്രമോ നദീതട നഗരമോ അല്ല യെരുശലേം. അന്തർദ്ദേശീയ വാണിജ്യപാതകൾ ഒന്നും ഈ പട്ടണത്തിനടുത്തുകൂടി കടന്നു പോകുന്നില്ല. ചുറ്റുമുള്ള പ്രദേശത്തിന്റെ ഫലപുഷ്ടിയും യെരൂശലേമിന്റെ മഹത്ത്വത്തിനു നിദാനമായിരുന്നില്ല. യെഹൂദാ മരുഭൂമിയുടെ അറ്റത്തു കിടക്കുന്ന യെരുശലേമിൽ ജലവിതരണം പോലും പരിമിതമാണ്. എന്നാൽ വലിയ ചരിത്ര സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുള്ള പട്ടണങ്ങളെക്കാൾ ഒരു മേന്മ യെരൂശലേമിനുണ്ട്. നൂറ്റാണ്ടുകൾക്കിടയിൽ വലിയ പട്ടണങ്ങളുടെ എല്ലാം സ്ഥാനം മാറിയിട്ടുണ്ട്. എന്നാൽ യെരൂശലേം അതിന്റെ പൗരാണിക സ്ഥാനത്തു ഇന്നും നിലകൊള്ളുന്നു. “ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിനു ചുറ്റും രാജ്യങ്ങൾ ഉണ്ട്.” (യെഹെ, 5:5). ഉത്തര അക്ഷാംശം 31 ഡിഗ്രിയിലും പൂർവ്വ രേഖാംശം 35 ഡിഗ്രിയിലുമാണ് യെരൂശലേം സ്ഥിതി ചെയ്യുന്നത്. മെഡിറ്ററേനിയൻ സമുദ്രത്തിനു 53 കി.മീറ്റർ കിഴക്കും ചാവുകടലിനു 23 കി.മീറ്റർ പടിഞ്ഞാറുമായി കിടക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 777 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന യെരൂശലേം ലോകത്തിലെ ഉന്നതതലസ്ഥാന നഗരികളിൽ പ്രമുഖമാണ്. യെരൂശലേമിന്റെ ഉന്നതിയെക്കുറിച്ചു തിരുവെഴുത്തുകൾ ഏറെ പറയുന്നുണ്ട്. “മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻ പർവ്വതം ഉയരം കൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.” (സങ്കീ, 48:2; ഒനോ: സങ്കീ, 122:3,4; യെശ, 2:1-3). ഇവിടത്തെ കാലാവസ്ഥ പൊതുവെ സുഖപ്രദമാണ്. ശരാശരി ഊഷ്മാവ് 63° F ആണ്. ശരാശരി വർഷപാതം 0.6 m ആണ്. രണ്ട് അന്തർദ്ദേശീയ വാണിജ്യപാതകൾ പട്ടണത്തിന് വളരെയകലെയല്ലാതെ കടന്നുപോകുന്നുണ്ട്. വാഗ്ദത്തനാടിന്റെ കേന്ദ്രസ്ഥാനത്താണ് യെരൂശലേം. 

മൂന്നു കുന്നുകളുടെ നടുവിലാണ് യെരൂശലേം സ്ഥിതി ചെയ്യുന്നത്. യെബൂസ്യരുടെ കൈയിൽ നിന്നും ദാവീദ് പിടിച്ചെടുത്ത തെക്കുകിഴക്കുള്ള കുന്നാണ് പില്ക്കാലത്തു് സീയോൻ ആയി മാറിയത്. ഈ കുന്ന് ഒരു ഭീമാകാരമായ പാദമുദ്രപോലെയാണ്. അതിനു 375 മീറ്റർ നീളവും 120 മീറ്റർ വീതിയും ഉണ്ട്. 8-10 ഏക്കർ വിസ്തീർണ്ണമേ അതിനുള്ളൂ. മെഗിദ്ദോയ്ക്ക് 30 ഏക്കർ വ്യാപിയുണ്ട്. ശലോമോൻ ദൈവാലയവും ഓഫേൽ എന്ന പേരോടുകൂടിയ തന്റെ കൊട്ടാരവും പണിതത് വടക്കെ കുന്നിലാണ്. ഓഫേലിലേക്കുള്ള പ്രവേശനത്തെ സംരക്ഷിക്കുവാൻ നിർമ്മിച്ച കോട്ടയായിരിക്കണം മില്ലോ. (2ശമൂ, 5:9; 1രാജാ, 9:15). ഈ രണ്ടു കുന്നുകൾക്കും കിഴക്കാണ് കിദ്രോൻ താഴ്വര. പട്ടണത്തിന്റെ തെക്കുള്ള അഗാധമായ താഴ്വരയാണാ ഹിന്നോം. പട്ടണത്തിന്റെ മദ്ധ്യത്തിലൂടെ വടക്കുനിന്നു തെക്കോട്ടു കിടക്കുന്ന താഴ്വരയാണ് ടൈറോപ്പിയൻ താഴ്വര (Tyropoeon). പടിഞ്ഞാറെ കുന്നിന്റെ അറ്റത്തായി കിടക്കുകയാണ് ഹിന്നോം താഴ്വരയുടെ തുടർച്ചയായ ഗീഹെന്ന. ഈ താഴ്വരകളുടെ താഴ്ച കണക്കാക്കുക ഇന്നു പ്രയാസമാണ്. അവ ചപ്പും ചവറും വീണ് 15-18 മീറ്റർ ആഴത്തിൽ മൂടിക്കിടക്കുന്നു. പട്ടണം ഒരിക്കലും ഒരു വിശാലമായ പ്രദേശം ഉൾക്കൊണ്ടിരുന്നില്ല. മഹാനായ ഹെരോദാവിന്റെ കാലത്തു പോലും കോട്ടയ്ക്കകത്തുള്ള പ്രദേശത്തിനു ഒരു മെലിൽ കൂടുതൽ നീളവും 5/8 മൈലിൽ കൂടുതൽ വീതിയും ഉണ്ടായിരുന്നില്ല. ഉയരത്തിൽ സ്ഥിതി ചെയ്യുകയാണെങ്കിലും വളരെ അടുത്തെത്തിയാൽ മാത്രമേ പട്ടണം ദൃശ്യമാകുകയുള്ളു. ഇതു മുൻകാലത്തു സഞ്ചാരിമാരെ വിസ്മയിപ്പിച്ചിരുന്നു. പട്ടണത്തിന്റെ കിഴക്കു 805 മീറ്റർ പൊക്കമുള്ള ഒലിവു മലയും വടക്കുഭാഗത്തു 827 മീറ്റർ പൊക്കമുള്ള കൊപ്പസ്സ് പർവ്വതവും (Scopus) സ്ഥിതിചെയ്യുന്നു. തെക്കും പടിഞ്ഞാറും ചുറ്റിക്കിടക്കുന്ന കുന്നുകൾക്കു 8-10 മീറ്റർ വരെ ഉയരമുണ്ട്. യെരൂശലേം സ്ഥിതിചെയ്യുന്ന ആ ചെറിയ പീഠഭൂമിയിൽ നിന്നു കുറഞ്ഞതു 30 മീറ്റർ എങ്കിലും ഉയരം കൂടുതലാണ് ചുറ്റുമുള്ള ഈ പ്രദേശങ്ങൾക്ക്. 

മതിലുകളും വാതിലുകളും: യെരൂശലേമിന്റെ മതിലുകളും വാതിലുകളും വിവരിക്കുക എളുപ്പമല്ല. കിഴക്കും തെക്കും പടിഞ്ഞാറും അഗാധമായ താഴ്വരകൾ ഉള്ളതുകൊണ്ടു ശത്രു സൈന്യത്തിനു പ്രയാസം കൂടാതെ കടക്കാവുന്ന ഒരേ ഒരു മാർഗ്ഗം വടക്കാണ്. കിഴക്കും പടിഞ്ഞാറുമുള്ള മതിലുകൾ താഴ്വരകളുടെ തുക്കായ പാറക്കെട്ടുകളിലാണ്. ഇന്നത്തെ തെക്കെ മതിലിന് വളരെ താഴെയായി ഒരു തെക്കെ മതിൽ പണ്ടു ഉണ്ടായിരുന്നിരിക്കണം. ആദ്യത്തെ വടക്കെ മതിൽ യാഫാ വാതിലിൽ നിന്നും ദൈവാലയ പ്രദേശത്തിന്റെ മധ്യം വരെ നീണ്ടു കിടന്നു. രണ്ടാമത്തെ വടക്കെ മതിൽ യാഫാ വാതിലിൽ നിന്നും തുടങ്ങി വടക്കോട്ടു നീളുകയും തുടർന്നു കിഴക്കോട്ടു വളഞ്ഞു അന്റോണിയാ ഗോപുരത്തിന്റെ കിഴക്കെത്തുകയും ചെയ്യുന്നു. ആധുനിക മതിൽ വടക്കോട്ടു നീണ്ടു തുടർന്നു കിഴക്കോട്ടു തിരിയുന്നു. മൂന്നാമതൊരു വടക്കെ വാതിലിനെക്കുറിച്ചു നാം അറിയുന്നത് ആധുനിക ഉത്ഖനനങ്ങൾ നടന്നപ്പോൾ മാത്രമാണ്. പട്ടണത്തിന്റെ മതിലുകളെക്കുറിച്ചു വിശദമായി വിവരിക്കുന്നതു നെഹെമ്യാവിന്റെ പുസ്തകത്തിൽ മാത്രമാണ്. പ്രാചീന മതിലിന്റെ തെക്കു കിഴക്കെ അറ്റത്താണ് കുപ്പ വാതിൽ (Dung gate): (നെഹെ, 3:13). അല്പംകൂടി വടക്കോട്ടു മാറിയാണ് ഉറവുവാതിൽ (Fountain gate): (നെഹെ, 3:15). പഴയ ദൈവാലയ പ്രദേശത്തിന്റെ ഏകദേശം മദ്ധ്യത്തിലാണ് പ്രസിദ്ധമായ സ്വർണ്ണവാതിൽ (Golden gate). ഈ വാതിൽ ഇപ്പോൾ അടച്ചിരിക്കുകയാണ്. മുകളിലായിട്ടാണ് സ്തെഫാനൊസ് വാതിൽ (Stephon’s gate). സുവർണ്ണ വാതിലിനെയാണ് കിഴക്കെവാതിൽ എന്നു വിളിക്കുന്നത്. (നെഹെ, 3:29). സ്തെഫാനൊസ് വാതിൽ ബേഥെസ്താ കുളത്തിനടുത്താണ്. ഇന്നത്തെ വടക്കെ മതിലിൽ പടിഞ്ഞാറാണ് ഹെരോദാവിന്റെ വാതിൽ (Herod’s gate). അതിനപ്പുറത്താണ് ദമസ്ക്കൊസ് വാതിൽ (Damascus gate). വടക്കെ മതിലിന്റെ അറ്റത്തായി പുതിയ വാതിൽ (New gate) കാണാം. പടിഞ്ഞാറെ മതിലിൽ ഇടത്തോട്ടു തിരിയുമ്പോഴാണ് യാഫാ വാതിൽ (Jaffa gate). യാഫാ വാതിലിലൂടെ മെഡിറ്ററേനിയനിലേക്കുള്ള പാത നീണ്ടുകിടക്കുന്നു. ഇന്നത്തെ മതിലിന്റെ ഏറിയഭാഗവും 1540-ൽ സൊലിമൻ രണ്ടാമൻ നിർമ്മിച്ചതാണ്. അതിനു 4 കി.മീറ്റർ നീളവും ശരാശരി 11.4 മീറ്റർ പൊക്കവുമുണ്ട്. 

ജലവിതരണം: ശത്രുക്കൾ പട്ടണം വളയുമ്പോൾ യെരൂശലേം നിവാസികൾക്കു ഭക്ഷ്യക്ഷാമം നേരിട്ടിരുന്നു. എന്നാൽ ജല ദൗർലഭ്യം വലിയ തോതിൽ അവർ അനുഭവിച്ചിരുന്നില്ല. യെഹൂദ്യ മരുഭൂമിക്കടുത്തായിരുന്നു യെരുശലേമിന്റെ കിടപ്പ്. എങ്കിലും അവർക്കു നിരന്തരമായ ശുദ്ധജല വിതരണസംവിധാനം ഉണ്ടായിരുന്നു. നഗരമതിലുകൾക്കകത്തു തന്നെ ജലം സംഭരിക്കുവാൻ അവർക്കു കഴിഞ്ഞു. എൻ-റോഗെൽ, ഗീഹോൻ എന്നീ രണ്ടു ഉറവകളും പട്ടണത്തിനടുത്താണ്. കിദ്രോൻ, ഹിന്നോം എന്നീ താഴ്വരകൾ ചേരുന്നതിനു അല്പം തെക്കാണ് എൻ-റോഗെൽ. അതിന്റെ സ്ഥാനം ആക്രമണകാലത്ത് അതിനെ അപ്രാപ്യമാക്കി തീർത്തിരുന്നു. ഗീഹോൻ ഉറവ കിദ്രോൻ താഴ്വരയുടെ പടിഞ്ഞാറു ഭാഗത്താണ്. ഇതു നഗരമതിലിനു വെളിയിലാണെങ്കിൽ തന്നെയും വളരെ അടുത്താകയാൽ തുരങ്കം വഴി വെള്ളം നഗരത്തിനകത്തു കൊണ്ടു പോകാവുന്നതേയുള്ളു. യെബൂസ്യരുടെ കാലത്തുതന്നെ തുരങ്കം നിർമ്മിച്ചിരുന്നതായി തെളിവുകളുണ്ട്. തുരങ്കങ്ങളും തോടുകളും നിർമ്മിച്ചു ഗീഹോനിലെ വെള്ളം പട്ടണത്തിലേക്കു കൊണ്ടുപോയിരുന്നു. യെരൂശലേമിനകത്തുള്ള വീടുകളിൽ നീർത്തൊട്ടികൾ ഉണ്ടായിരുന്നു. പുരമുകളിൽ നിന്നും വീഴുന്ന മഴവെള്ളം ശേഖരിച്ചു അവർ ശുദ്ധമായി സൂക്ഷിച്ചു. ദൈവാലയ പ്രദേശത്തു വലിയ നീർത്തൊട്ടികൾ ഉണ്ടായിരുന്നു. ജല സംഭരണികളെ പൊതുവെ ശലോമോന്റെ കുളങ്ങൾ (pools of Solomon) എന്നാണ് വിളിച്ചിരുന്നത്. (സഭാ, 2:6). ഇവ ബേത്ലേഹെമിന് അടുത്തായിരുന്നു. അവയിൽ നിന്നും രണ്ടു നീർപ്പാത്തികൾ വഴിയാണ് ജലവിതരണം നടത്തിയിരുന്നത്. ഇവയുടെ നേരിട്ടുള്ള ദൂരം വെറും 19 കി.മീറ്ററേ ഉള്ളു എങ്കിലും താഴെയുള്ള നീർപ്പാത്തി 64 കി.മീറ്റർ തരണം ചെയ്താണ് യെരൂശലേമിൽ എത്തുന്നത്. ഉയരെയുള്ള നീർപ്പാത്തി കുറെക്കുടെ നേരെയാണ് പോകുന്നത്. കുന്നിന്റെ പാർശ്വങ്ങളിലുടെ തുരങ്കം വഴി അതു പട്ടണത്തിൽ എത്തുന്നു. ഇതു ഒരുപക്ഷേ പില്ക്കാലത്ത് (ഹെരോദാവിന്റെ കാലത്ത്) നിർമ്മിച്ചതായിരിക്കണം. 

ചരിതം: യെരൂശലേമിനെക്കുറിച്ചുള്ള ആദ്യ ബാഹ്യരേഖ ബി.സി. 14-ാം നൂറ്റാണ്ടിലെ അമർണാ എഴുത്തുകളാണ്. ഈ പട്ടണത്തിന്റെ ദേശാധിപതി ഈജിപ്റ്റിലെ ഫറവോനെഴുതിയ രസകരമായ എഴുത്തിൽ പട്ടണം ഭീഷണിക്കു വിധേയമായിട്ടും തനിക്കു ആവശ്യമായ സഹായം ഈജിപ്റ്റിൽ നിന്നും ലഭിച്ചില്ലെന്നു പരാതിപ്പെട്ടിരുന്നു. യെബൂസ്യനെ കുറിച്ചുള്ള ഒരു പരാമർശം ഉല്പത്തി 10:15-19-ൽ ഉണ്ട്. യെരൂശലേം എന്ന നിലയിൽ ആദ്യ പ്രസ്താവന അബ്രാഹാമും ശാലേം രാജാവായ മല്ക്കീസേദെക്കും തമ്മിലുള്ള കുടിക്കാഴ്ചയിലാണ് (ഉല്പ, 14:17-24) നമുക്കു ലഭിക്കുന്നത്. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു മല്ക്കീസേദെക്ക്. മോരിയാമലയിൽ അബ്രാഹാം യിസ്ഹാക്കിനെ യാഗം കഴിക്കുവാനൊരുങ്ങിയ സ്ഥലത്തു (ഉല്പ, 22:2; 2ദിന, 3:1) ആയിരുന്നു ശലോമോൻ ദൈവാലയം പണിതതെന്നു പാരമ്പര്യങ്ങൾ ഉറപ്പിച്ചു പറയുന്നു. അബ്രാഹാമിന്റെ കാലത്തു യെരൂശലേം ഉണ്ടായിരുന്നുവെന്നു യെഹൂദാപ്പഴമകളിൽ ജൊസീഫസും സ്ഥിരീകരിക്കുന്നുണ്ട്. യെരൂശലേം രാജാവു യോശുവയെ തോല്പിക്കുവാൻ മറ്റു നാലു രാജാക്കന്മാരോടു കൂട്ടുചേർന്നു. (യോശു, 10:5). എന്നാൽ അവന്റെ ശ്രമം വിഫലമായി. യെബൂസ്യരെ ഓടിക്കുന്നതിനു യിസ്രായേൽ മക്കൾക്കു കഴിഞ്ഞില്ല. (യോശു, 15:8, 63; 18:28). തുടർന്നു യിസ്രായേൽ മക്കൾ അദോനീബേസെക്കിനോടൊപ്പം ഒരു വലിയ സൈന്യത്തെ പരാജയപ്പെടുത്തി. അദോനീബേസെക്കിനെ പിടിച്ചു യെരുശലേമിലേക്കു കൊണ്ടുവന്നു. അവിടെവച്ചു അവൻ മരിച്ചു. (ന്യായാ, 1:7). ബെന്യാമീന്യർ യെരൂശലേമിൽ വസിച്ചിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല. അവർ ബെന്യാമീന്യരോടൊപ്പം യെരുശലേമിൽ പാർത്തു. (ന്യായാ, 1:21). യോശുവയുടെ മരണശേഷം ദാവീദ് യെരുശലേം പിടിക്കുന്നതു വരെ യെരുശലേമിനെക്കുറിച്ചു ഒറിവും നമുക്കു ലഭ്യമല്ല. യെബൂസ്യരുടെ കൈയിൽ നിന്നും ദാവീദ് പിടിച്ചെടുത്തതു പില്ക്കാലത്തു സീയോൻ എന്നു വിളിക്കപ്പെട്ട കോട്ടയാണ്. ഇതു തെക്കു കിഴക്കുള്ള കുന്നിലാണ്. യെബൂസ്യനായ അരവനയുടെ കളം ദാവീദ് വിലയ്ക്ക് വാങ്ങി. (2ശമൂ, 24:18; 1ദിന, 21:18-28). ശലോമോൻ പില്ക്കാലത്തു ദൈവാലയം പണിതതിവിടെയാണ്. ദൈവാലയം പണിതശേഷം അതിനു വടക്കായി ഒരു മനോഹരമായ കൊട്ടാരം പണിതു. അതിന്റെ ഒരു ഭാഗവും ഇന്നവശേഷിക്കുന്നില്ല. 

ശലോമോന്റെ മരണത്തോടുകൂടി യിസ്രായേലിന്റെ പ്രതാപം അവസാനിച്ചു; യെരൂശലേമിന്റെ മഹത്ത്വം മങ്ങിത്തുടങ്ങി. രെഹബെയാം രാജാവിന്റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ ഈജിപ്റ്റിലെ ശീശക് രാജാവ് വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും എല്ലാം കവർന്നു. (1രാജാ, 14:26; 2ദിന, 12:9). ഏകദേശം 300 വർഷത്തിനുള്ളിൽ എട്ടു പ്രാവശ്യം യെരൂശലേം ദൈവാലയം കൊള്ളയടിക്കപ്പെട്ടതിൽ ഒന്നാമത്തതാണിത്. ആസാ രാജാവ് (ബി.സി. 911-870) അരാം രാജാവായ ബെൻ-ഹദദിനു കൈക്കൂലിയായി ദൈവാലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിലുള്ള വെള്ളിയും പൊന്നും കൊടുത്തയച്ചു. (1രാജാ, 15:18). തുടർന്നു രണ്ടു പ്രാവശ്യം യെഹൂദയിലെ രാജാക്കന്മാർ ദൈവാലയഭണ്ഡാരത്തിലെ നിക്ഷേപങ്ങൾ എടുത്തു കൊടുത്താണ് ശത്രുക്കളെ യെരുശലേം ആക്രമണത്തിൽ നിന്നും പിന്തിരിപ്പിച്ചത്. യെഹോരാമിന്റെ വാഴ്ചക്കാലത്തു ഫെലിസ്ത്യരും കൂശ്യരും അറബികളും രാജധാനിയിൽ കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി. (2ദിന, 21:16,17). യെഹൂദാരാജാവായ യെഹോവാശ് രാജധാനിയിലെയും ദൈവാലയത്തിലെയും നിക്ഷേപങ്ങളെടുത്ത് അരാംരാജാവായ ഹസായേലിനു യെരൂശലം വിട്ടുപോകുന്നതിനു വേണ്ടി കൊടുത്തു. (2രാജാ, 12:18). യിസ്രായേൽ രാജാവായ യെഹോവാശ് യെരൂശലേമിൽ വന്നു നാനൂറു മുഴം മതിൽ ഇടിച്ചു, യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകല ഉപകരണങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്യയിലേക്കു മടങ്ങിപ്പോയി. (2രാജാ, 14:13,14; 2ദിന, 25:23). അരാം രാജാവായ രെസീനും യിസ്രായേൽ രാജാവായ പേക്കഹും ദൈവാലയം പിടിക്കുവാൻ നടത്തിയ ശ്രമത്തെ (2രാജാ, 16:5) യെഹൂദാ രാജാവായ ആഹാസ് പരാജയപ്പെടുത്തി. അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മുന്നാമന് (ബി.സി. 745-737) ദൈവാലയത്തിൽ നിന്നും നിക്ഷേപം എടുത്തുകൊടുത്തെങ്കിലും പ്രതീക്ഷിച്ച സഹായം അവനിൽ നിന്നും കിട്ടിയില്ല. (2ദിന, 28:20,21).;ബി.സി. 701-ൽ ഉണ്ടായ സൻഹേരീബിന്റെ ഭീഷണിയിൽ നിന്നും ഹിസ്കീയാ രാജാവ് (ബി.സി. 715-687) രക്ഷപ്പെട്ടത് ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടൽ മൂലമായിരുന്നു. ബാധയാൽ സൈന്യം മുഴുവൻ നശിച്ചു. ഭീഷണി നിറവേറ്റാതെ അവൻ അശ്ശൂരിലേക്കു മടങ്ങി. (2രാജാ, 18,19 അ; 2ദിന, 32; യെശ, 36 അ). ബി.സി. 605-ൽ ബാബേൽ രാജാവായ നെബൂഖദ്നേസർ യെഹൂദാ രാജാവായ യെഹോയാക്കീമിനെ ബലം പ്രയോഗിച്ചു വിധേയപ്പെടുത്തി. മൂന്നു വർഷത്തിനു ശേഷം യെഹൂദാ രാജാവ് നെബുഖദ്നേസറിനോടു മത്സരിച്ചു. ബി.സി. 587-ൽ നെബൂഖദ്നേസർ പട്ടണവും ദൈവാലയവും നശിപ്പിച്ചു. അറുപതിനായിരത്തോളം പേരെ ബന്ദികളാക്കി ബാബേലിലേക്കു കൊണ്ടുപോയി. ദൈവാലയത്തിൽ ശേഷിച്ചിരുന്ന നിക്ഷേപങ്ങൾ ഒക്കെയും കൊണ്ടുപോയി. എസ്രായുടെ കാലത്താണ് അവ വീണ്ടുകിട്ടിയത്. (2രാജാ, 24:1-25:21; 2ദിന, 36:1-21; യിരെ, 52). “വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്തു കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല” (വിലാ, 4:12) എന്നു യിരെമ്യാവ് നെബുഖദ്നേസറിന്റെ ആക്രമണം വർണ്ണിക്കുന്നുണ്ട്.

ബാബേൽ പ്രവാസത്തിനു ശേഷം സെരുബ്ബാബേലിന്റെ നേതൃത്വത്തിൽ ദൈവാലയത്തിന്റെ പണി ബി.സി. 538-ൽ ആരംഭിച്ചു. എന്നാൽ പല വിധത്തിലുള്ള എതിർപ്പുകൾ മൂലം ബി.സി. 516 വരെ പണി പൂർത്തിയായില്ല. ഏകദേശം 60 വർഷത്തിനു ശേഷം അർത്ഥഹ്ശഷ്ടാവ് ഒന്നാമന്റെ പാനപാത്രവാഹകനായിരുന്ന നെഹെമ്യാവ് പട്ടണമതിലുകളെ പുതുക്കിപ്പണിഞ്ഞു. (നെഹ, 1:6). തുടർന്നു എസ്രായുടെ കീഴിൽ ഒരു നവോത്ഥാനം നടന്നു. യെരൂശലേമിന്റെ മതിലുകളെക്കുറിച്ചും ചില പ്രത്യേക സ്ഥാനങ്ങളെക്കുറിച്ചും മുന്നു വിവരണങ്ങൾ നെഹെമ്യാവിന്റെ പുസ്തകത്തിലുണ്ട്: 1. രാത്രിയിലെ പരിശോധന: (നെഹെ, 2:12-15); 2. മതിൽ പുതുക്കിപ്പണിയുടെ വിവരണം: (3 അ); 3. മതിൽ പ്രതിഷ്ഠയുടെ വിവരണം. (12:31-41). എസ്രായുടെ വേലയെക്കുറിച്ചുള്ള വിവരണത്തിലും ചില സൂചനകളുണ്ട്. മേല്പറഞ്ഞ വിവരണങ്ങളിൽ നിന്നു ലഭിക്കുന്ന കാര്യങ്ങൾ പിൻചേർക്കുന്നു: 1. കോൺവാതിൽ, കോൺപടിവാതിൽ: 2ദിന, 25:23; 26:9; യിരെ, 31:38). 2. എഫ്രയീം വാതിൽ: (നെഹ, 8:16; 12:39). 3. പഴയവാതിൽ: (നെഹെ, 3:6; 12:39). 4. വിശാലമതിൽ: (നെഹെ, 12:38 3:8) 5. ചുളഗോപുരം: (നെഹെ, 3:11; 12:38). 6. താഴ്വര വാതിൽ: (2ദിന, 26:9; നെഹെ, 2:13, 15; 3:13). 7. കുപ്പവാതിൽ: (നെഹെ, 2:13; 3:13, 14; 12:31). 8. ഉറവുവാതിൽ: നെഹെ, 2:14; 3:15; 12:37). 9. രാജാവിന്റെ കുളം: (നെഹെ, 2:14). (10. രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിൽ: (നെഹെ, 3:15). 11. ദാവീദിന്റെ നഗരത്തിൽ നിന്നു ഇറങ്ങുന്ന കല്പടി: (നെഹെ, 3:15; 12:37). 12. ദാവീദിന്റെ കല്ലറകൾ: (നെഹെ, 3:16). 13. കോൺ: (നെഹെ, 3:19,20, 24,25). 14. നീർവാതിൽ: (നെഹ, 3:26; 12:37). 15. കുതിരവാതിൽ: (നെഹെ, 3:28; 2ദിന, 23:15; യിരെ, 31:40; 2രാജാ, 11:16). 16. കിഴക്കെവാതിൽ: (നെഹ, 3:29). 17. ഹമ്മിഫ്ഖാദ് വാതിൽ: (നെഹെ, 3:31). 18. ആട്ടിൻവാതിൽ: (നെഹെ, 3:1, 32; 12:39). 19. ഹമ്മേയാ ഗോപുരം: (നെഹെ, 3:1; 12:39). 20. ഹനനയേൽ ഗോപുരം: (നെഹെ, 3:1; 12:39). 21. മീൻവാതിൽ: (നെഹെ, 3:3; 12:39). 

എസ്രായും നെഹെമ്യാവും കോൺവാതിലിനെക്കുറിച്ചു പറയുന്നില്ല. നെഹെമ്യാവ് പുതുക്കിപ്പണിത മതിലിൽ ഈ വാതിൽ ഉൾപ്പെട്ടിരുന്നുവെങ്കിൽ അന്നു മറ്റേതെങ്കിലും പേരിൽ അറിയപ്പെട്ടിരിക്കണം. മതിൽ പ്രതിഷ്ഠയിൽ പറഞ്ഞിട്ടുള്ള എഫ്രയീം വാതിലിനെക്കുറിച്ചു പുതുക്കിപ്പണിയുടെ വിവരണത്തിൽ പറയുന്നില്ല. പഴയവാതിലും എഫ്രയീംവാതിലും ഒന്നായിരിക്കണം. ചൂള ഗോപുരം ഉസ്സീയാരാജാവ് കോൺവാതിലിൽ പണിത ഗോപുരമായിരിക്കണം. എങ്കിൽ കോൺവാതിൽ നെഹെമ്യാവിൽ പറഞ്ഞിട്ടുള്ള ഒരു വാതിലും ആയിരിക്കാനിടയില്ല. താഴ്വരവാതിലിനും കുപ്പവാതിലിനും ഇടയ്ക്കാണ് പെരുമ്പാമ്പുറവ. (നെഹെ, 2:13). ചിലരുടെ അഭിപ്രായിത്തിൽ പെരുമ്പാമ്പുറവ എൻ-റോഗെലാണ്. രാജാവിന്റെ കുളവും നീർപ്പാത്തിക്കരികെയുള്ള കുളവും രണ്ടായിരിക്കാനിടയില്ല. 

നെഹെമ്യാവിന്റെ കാലശേഷമുള്ള നൂറു വർഷത്തെ ചരിത്രം അവ്യക്തമാണ്. അലക്സാണ്ടറുടെ മരണശേഷം യെരൂശലേം ടോളമി ഒന്നാമന്റെ ഭരണത്തിനു വിധേയമായി. ഒരു നൂറ്റാണ്ടിനു ശേഷം സൈലുക്യ ഭരണത്തിലമർന്ന യെരുശലേം ബി.സി. 199-ൽ ഈജിപ്റ്റിന്റെ പിടിയിലായി. ബി.സി. 198-ൽ അന്ത്യൊക്കസ് മൂന്നാമൻ യെരൂശലേം പിടിച്ചു. യെഹൂദന്മാരുടെ ശുഭപ്രതീക്ഷയെല്ലാം തകിടം മറിച്ചുകൊണ്ടു എതിർക്രിസ്തുവിന്റെ പ്രതിരൂപമായ അന്ത്യൊക്കസ് എപ്പിഫാനസ് (ബി.സി. 169-168) പ്രത്യക്ഷപ്പെട്ടു. യാഗപീഠത്തിൽ അവൻ പന്നിയെ അർപ്പിച്ചു, ദൈവാലയം അശുദ്ധമാക്കി, യെഹൂദന്മാരുടെ യാഗങ്ങളും പരിച്ഛേദനയും, ശബ്ബത്താചരണവും വിലക്കി. തിരുവെഴുത്തുകൾ കൈയിൽ സൂക്ഷിച്ചിരുന്ന യെഹൂദന്മാരെയെല്ലാം കൊന്നൊടുക്കി. മക്കാബ്യരുടെ ഒന്നാം പുസ്തകത്തിന്റെ തുടക്കത്തിൽ ഇതിന്റെ വിശദവിവരണമുണ്ട്.. ബി.സി. 165-ൽ യൂദാ മക്കാബിയൂസ് യെരുശലേം മോചിപ്പിച്ചു. യെഹൂദന്മാർ ഇന്നും ഇതിനെ ഹനൂക്ക  (ദീപോത്സവം) ആയി ആചരിക്കുന്നു.

യെരൂശലേമിന്റെ ചരിത്രത്തിൽ റോം രംഗപ്രവേശം ചെയ്യുന്നത് ബി.സി. 65-ലാണ്. ബി.സി. 64-ൽ പോംപി യെരൂശലേമിന്റെ മതിലുകളെ നശിപ്പിച്ചു. 55-ൽ ക്രാസ്സസ് ദൈവാലയം കൊള്ളയടിച്ചു; 40-ൽ പാർത്ഥിയർ പട്ടണം കീഴടക്കി. ബി.സി. 40-ൽ അഗസ്റ്റസ് സീസർ മഹാനായ ഹെരോദാവിനെ യെഹൂദന്മാരുടെ രാജാവാക്കിയെങ്കിലും 37-ൽ മാത്രമേ യെരൂശലേം കൈവശമാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. വിശാലമായ മന്ദിരങ്ങൾ നിർമ്മിക്കുവാൻ ഹെരോദാവിനുണ്ടായിരുന്ന അഭിലാഷത്തിന്റെ ഫലമായി ദൈവാലയത്തിന്റെ പണി 20-ൽ ആരംഭിച്ചു. ഹെരോദാവു ബി.സി. 4-ൽ മരിച്ചു. എ.ഡി. 62-ലാണ് ദൈവാലയത്തിന്റെ പണി പൂർത്തിയായത്. 

യേശുക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കെല്ലാം രംഗഭൂമി യെരൂശലേമാണ്. ക്രിസ്തുവിന്റെ ഭൗമിക ജീവിതത്തിലെ ഒടുവിലത്തെ ആഴ്ച മുഴുവൻ നഗരത്തിന്നടുത്താണ് ചെലവഴിച്ചത്. ഉയിർത്തെഴുന്നേറ്റ ക്രിസ്തു യെരൂശലേമിൽ എല്ലാ ശിഷ്യന്മാർക്കും പ്രത്യക്ഷനായി. (പ്രവൃ, 1:1-8; ലൂക്കൊ, 24:49). അടുത്തുള്ള ഒലിവു മലയിൽ നിന്നാണ് ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തത്. (ലൂക്കൊ, 24:50-53). യെരൂശലേമിനെക്കുറിച്ചു ക്രിസ്തു നാലു പ്രസ്താവനകൾ ചെയ്തു. അവ നാലും വിഷാദാത്മകങ്ങളാണ്. (ലൂക്കൊ, 13:33; മത്താ, 23:37; ലൂക്കൊ, 19:42; 21:24). യെരൂശലേമിലെ മാളികമുറിയിൽ ശിഷ്യന്മാർ കാത്തിരിക്കുമ്പോഴായിരുന്നു പരിശുദ്ധാത്മാവ് അവരോഹണം ചെയ്തത്. സഭയുടെ ആരംഭബിന്ദു യെരൂശലേമാണ്. സഭയ്ക്കുനേരെ പീഡനം ആരംഭിച്ചതും യെരുശലേമിൽ തന്നെ. 

നൂറ്റിനാല്പത്തിമൂന്നു ദിവസത്തെ നിരോധനത്തിനു ശേഷം എ.ഡി. 70-ൽ തീത്തൂസിന്റെ നേതൃത്വത്തിൽ റോമൻ സൈന്യം യെരൂശലേം നശിപ്പിച്ചു. ഏകദേശം ആറുലക്ഷം യെഹൂദന്മാർ കൊല്ലപ്പെട്ടു. റോമിൽ നിന്നും മോചനം നേടാനായി ബാർകൊക്ക്ബെയുടെ നേതൃത്വത്തിൽ 134-ൽ നടന്ന വിപ്ലവം അടിച്ചമർത്തപ്പെട്ടു. പട്ടണത്തിൽ ശേഷിച്ചിരുന്നവയെ ഇടിച്ചു നിലം പരിചാക്കി. പട്ടണത്തിന്റെ അടിസ്ഥാനങ്ങളെ ഉഴുതു മറിച്ചു. 135-ൽ യെരൂശലേമിന്റെ പേർ ഐലിയ കാപ്പിത്തോളിനാ എന്നാക്കി മാറ്റി. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലം വരെ രണ്ടു നൂറ്റാണ്ടു കാലം യെഹൂദന്മാരെ യെരൂശലേമിൽ പ്രവേശിക്കുവാൻ അനുവദിച്ചില്ല. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ ഹെലെനയുടെ പ്രേരണമൂലം അനസ്റ്റാസിസ് (ഉയിർത്തെഴുന്നേല്പ്) എന്ന പേരിലൊരു ദൈവാലയം പണിതു. തുടർന്നു യെരുശലേം ഒരു തീർത്ഥാടനകേന്ദ്രമായി മാറി. 

ഖുസ്രു രാജാവിന്റെ കീഴിൽ ഒരു പേർഷ്യൻ സൈന്യാധിപൻ 614-ൽ യെരൂശലേം പട്ടണം കീഴടക്കി. 60,000 ക്രിസ്ത്യാനികളെ കൊല്ലുകയും 35,000 പേരെ അടിമകളാക്കുകയും ചെയ്തു. ഇതു ക്രിസ്തീയ യെരൂശലേമിന്റെ മരണമണിയായിരുന്നു. ഹെരാക്ലിയസ് ഖുസ്രുവിന്റെ പുത്രനുമായി 628-ൽ ഉടമ്പടി ചെയ്ത് സ്വർണ്ണ കവാടം വഴി യെരൂശലേമിൽ പ്രവേശിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ കാലിഫ് ഓമർ 637-ൽ യെരൂശലേമിൽ പ്രവേശിച്ചു. ഈജിപ്റ്റിലെ കാലിഫായ ഷിയ 969-ൽ പട്ടണം കൈവശമാക്കി. 1077-ൽ സെൽജൂക് തുർക്കികളിലെ ഒരു പട്ടാളമേധാവി ഈജിപ്റ്റകാരെ പുറത്താക്കി പട്ടണത്തിനകത്തു പാർത്തിരുന്ന മൂവായിരത്തോളം പേരെ വധിച്ചു. ഒന്നാം കുരിശു യുദ്ധസേന 1099 ജൂലായ് 14-നു യെരൂശലേം പിടിച്ചു. അത്യന്തം ദാരുണമായ കൂട്ടക്കൊലയാണ് ക്രിസ്ത്യാനികൾ നടത്തിയത്. കുരിശുയുദ്ധ സൈന്യത്തെ പരാജയപ്പെടുത്തിയ സലാദീന്റെ സൈന്യം 1187 ഒക്ടോബർ 2-നു ഒരു തുള്ളി രക്തം പോലും ചൊരിയിക്കാതെ പട്ടണത്തിൽ കടന്നു. 

ഓട്ടോമൻ തുർക്കികളായിരുന്നു 1517 മുതൽ 400 വർഷം യെരൂശലേം ഭരിച്ചത്. 1917 ഡിസംബർ 9-ന് അല്ലൻബിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുസൈന്യം യെരുശലേമിൽ പ്രവേശിച്ചു. 1918 ഒക്ടോബർ 31-ന് ഒപ്പിട്ട താൽക്കാലിക യുദ്ധവിരാമ സന്ധിയനുസരിച്ചു തുർക്കികളുടെ ഭരണം അവസാനിച്ചു. 1920 ഏപ്രിൽ 24-നു പലസ്തീനും ട്രാൻസ് യോർദ്ദാനും ബ്രിട്ടീഷ് മാൻഡേറ്റായിത്തീർന്നു. 1948 മെയ് 14-നു യിസ്രായേൽ രാഷ്ട്രം രൂപം കൊണ്ടു. 1967 ജൂണിലെ ആറു ദിവസത്തെ യുദ്ധത്തിനു മുമ്പു യെഹൂദന്മാർക്കു യെരൂശലേമിൽ പാർക്കാൻ അനുവാദം നല്കിയിരുന്നില്ല. യുദ്ധത്തിനു ശേഷം യിസ്രായേലിന്റെ അവിഭാജ്യവും ശാശ്വതവും ആയ തലസ്ഥാനമായി യെരുശലേം പ്രഖ്യാപിക്കപ്പെട്ടു.

One thought on “യെരൂശലേം”

Leave a Reply

Your email address will not be published. Required fields are marked *