ബേഥേൽ

ബേഥേൽ (Bethel)

പേരിനർത്ഥം — ദൈവഭവനം

യെരൂശലേം കഴിഞ്ഞാൽ ബൈബിളിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന ഒരു പട്ടണം. യെരുശലേമിനു 19 കി.മീറ്റർ വടക്കുള്ള ആധുനിക ഗ്രാമമായ ബെയ്ത്തിൻ (Beitin) ആണ് സ്ഥാനം. എഫ്രയീം മലമ്പ്രദേശത്തിന്റെ തെക്കെ അറ്റത്തു സമുദ്രനിരപ്പിൽ നിന്നു ഏകദേശം 914 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ചുറ്റുമുള്ള പ്രദേശം വരണ്ടതും കല്ലുനിറഞ്ഞതുമായ പീഠഭൂമിയാണ്. ഇവിടെ നാലു അരുവികൾ ഉണ്ട്. അബ്രാഹാം കനാനിൽ പ്രവേശിച്ചശേഷം ശെഖേമിൽ താമസിക്കുകയും അവിടെനിന്നു ബേഥേലിനു കിഴക്കുള്ള മലയ്ക്കു പുറപ്പെടുകയും ചെയ്തു. ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി അബ്രാഹാം കൂടാരം അടിച്ചു. (ഉല്പ, 12:8). ഈ പട്ടണത്തിന്റെ പഴയപേര് ലൂസ് എന്നായിരുന്നു. (ഉല്പ, 28:10-12). ബേഥേലിൽ വച്ചു ദൈവം യാക്കോബിനെ കാണുകയും അബ്രാഹാമിനോടുള്ള ഉടമ്പടി സ്ഥിരീകരിക്കുകയും ചെയ്തു. ദൈവകല്പനയനുസരിച്ച് പദ്ദൻ-അരാമിൽ നിന്നും മടങ്ങിവന്നപ്പോൾ യാക്കോബ് ഈ പട്ടണം വീണ്ടും സന്ദർശിച്ചു. (ഉല്പ, 35:1). അവിടെ അവൻ ഒരു യാഗപീഠം പണിത് യഹോവയെ ആരാധിച്ചു ആ സ്ഥലത്തിനു ഏൽ-ബേഥേൽ എന്നു പേരിട്ടു. (ഉല്പ, 35:7). റിബെക്കയുടെ ധാത്രിയായ ദെബോരാ മരിച്ചപ്പോൾ യാക്കോബ് അവളെ ബേഥേലിനു താഴെയുള്ള കരുവേലകത്തിൻ കീഴിൽ അടക്കി. (ഉല്പ, 35:8).

കനാൻ ആക്രമണത്തിനുശേഷം ബേഥേൽ ബെന്യാമീൻ ഗോത്രത്തിനു അവകാശമായി കൊടുത്തു. (യോശു, 18:21,22). യോസേഫിന്റെ സന്തതികൾ ദൈവനിയോഗത്താൽ ബേഥേലിനെതിരെ ചെന്നു അതിനെ പിടിച്ചടക്കി. (ന്യായാ, 1:22-26). ന്യായാധിപന്മാരുടെ കാലത്ത് എഫ്രയീം ഗോത്രത്തിന്റെ ദുഷ്ടത കാരണമായി യിസ്രായേല്യർ അവർക്കെതിരെ നീങ്ങി. ദൈവഹിതം അറിയുന്നതിനു അവർ ബേഥേലിൽ ചെന്നു. (ന്യായാ, 20:18). ഇക്കാലത്ത് ദൈവത്തിന്റെ പെട്ടകം ബേഥേലിൽ ആയിരുന്നു. ന്യായപാലനം ചെയ്യുന്നതിനും ആരാധന കഴിക്കുന്നതിനുമായി ശമുവേൽ പ്രവാചകൻ ഇടയ്ക്കിടെ ബേഥേലിലേക്കു പോയിരുന്നു. (1ശമൂ, 7:16; 10:3). അതിനുശേഷം രാജ്യത്തിന്റെ വിഭജനംവരെ ഫെലിസ്ത്യരോടുള്ള യുദ്ധത്തിനുവേണ്ടി ശൗൽ സൈന്യത്തെ പാർപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ മാത്രമേ ബേഥേൽ പറയപ്പെട്ടിട്ടുള്ളൂ. യൊരോബെയാമിന്റെ കീഴിൽ വടക്കെ രാജ്യത്തിലെ ഒരു പമുഖപട്ടണമെന്ന നിലയ്ക്കു ബേഥേൽ ഉയർന്നു. സാക്ഷാൽ ദൈവിക വെളിപ്പാടിനു ഖ്യാതിനേടിയ ബേഥേൽ വിഗ്രഹാരാധനയുടെ വിളനിലമായി മാറി. ബേഥേലിലും ദാനിലും യൊരോബെയാം രണ്ടു സ്വർണ്ണ കാളക്കുട്ടികളെ പ്രതിഷ്ഠിച്ചു. തന്റെ രാജ്യത്തിലെ പ്രജകൾ ആരാധനയ്ക്കുവേണ്ടി യെരുശലേം ദൈവാലയത്തിലേക്കു പോകുന്നതു തടയാൻ വേണ്ടിയായിരുന്നു ഇത്. (1രാജാ, 12:26-30). ദൈവം ഒരു ദൈവപുരുഷനെ അയച്ചു വരാൻപോകുന്ന നാശത്തെക്കുറിച്ച് ഓർപ്പിച്ചു. (1രാജാ, 13:1-32). യെഹൂദയിലെ അബീയാ രാജാവ് ബേഥേലും മറ്റു പട്ടണങ്ങളും യൊരോബെയാമിന്റെ കൈയിൽ നിന്നും പിടിച്ചെടുത്തു. (2ദിന, 13:19,20). യേഹു ബാലിനെ യിസ്രായേലിൽ നിന്നു നശിപ്പിച്ചുകളഞ്ഞുവെങ്കിലും ദാനിലെയും ബേഥേലിലെയും പൊൻകാളക്കുട്ടികളെ നശിപ്പിച്ചില്ല. (2രാജാ, 10:28,29). 

ആമോസും ഹോശേയയും ബേഥേലിന്മേൽ വരുന്ന ന്യായവിധിയെക്കുറിച്ചു പ്രവചിച്ചു: (ആമോ, 3:14; 4:4-6; ഹോശേ, 4:15). ഏലീയാവിന്റെയും എലീശയുടെയും കാലത്ത് ബേഥേലിൽ ഒരു പ്രവാചകഗണം ഉണ്ടായിരുന്നു. എലീശയെ പരിഹസിച്ചു ദാരുണമായ അന്ത്യത്തിനു വിധേയരായ 42 കുട്ടികളും ബേഥേലിലുള്ളവരാണ്. (2രാജാ, 2:23,24). അശ്ശൂര്യർ ഇവിടെ ആക്കിയിരുന്ന ഒരു പുരോഹിതൻ അശ്ശൂര്യ കുടിപാർപ്പുകാരെ ആരാധനാരീതി പഠിപ്പിച്ചു. (2രാജാ, 17:27,28). യോശീയാവു രാജാവായ ശേഷമാണ് വിഗ്രഹാരാധന ബേഥേലിൽ നിന്നും ഒഴിഞ്ഞത്. (2രാജാ, 23:15-23). ബാബിലോന്യ പ്രവാസത്തിൽ നിന്നും മടങ്ങിവന്ന യെഹൂദരിൽ ചിലർ ബേഥേലിലേക്കു ചെന്നു. (എസ്രാ, 2:28; നെഹെ, 7:32). ഇവരെ ബെന്യാമീന്യരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. (നെഹെ, 11:31). മക്കാബ്യകാലത്തു അരാം (Syria) സൈന്യാധിപനായ ബാക്കിഡസ് (Bacchides) ബേഥേലിനെ പണിതു. (1മക്കാ, 9:50). അനന്തരം ചക്രവർത്തിയായിത്തീർന്ന വെസ്പേഷ്യൻ പട്ടണം പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *