ബേത്ത്ലേഹെം (Bethlehem)
ആധുനിക ബേത്ത്ലേഹെം
പേരിനർത്ഥം — അപ്പത്തിന്റെ ഭവനം
യെരൂശലേമിനു 8 കി.മീറ്റർ തെക്കു പടിഞ്ഞാറായി കിടക്കുന്ന പട്ടണം. ഈജിപ്റ്റിലേക്കും ഹെബ്രാനിലേക്കും ഉള്ള പ്രധാന പാതയിൽ യെഹൂദാ മലമ്പ്രദേശത്തു സമുദ്രനിരപ്പിൽ നിന്നും 777 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. യെരൂശലേമിനെക്കാളും ഉയരെയാണ് ബേത്ത്ലേഹെമിന്റെ സ്ഥാനം. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമാണെങ്കിലും ഒലിവു, മുന്തിരി, പയറുവർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യുന്നു. (രൂത്ത്, 1:22). ബേത്ത്ലേഹെമിനെ കുറിച്ചുള്ള ആദ്യത്തെ ചരിത്രരേഖ ലഭിക്കുന്നത് അമർണാ എഴുത്തുകളിൽ നിന്നാണ്. (നോക്കുക: അമർണാ ലിഖിതങ്ങൾ) ബേത്ത്ലേഹെമിന്റെ ആദ്യപേര് എഫ്രാത്ത എന്നായിരിക്കണം. റാഹേലിനെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു. (ഉല്പ, 35:19; 48:7). യിസ്രായേൽമക്കൾ കനാൻ കീഴടക്കിയ ശേഷം സെബുലൂനിലെ ബേത്ത്ലേഹെമിൽ നിന്നും തിരിച്ചറിയുവാൻ വേണ്ടി ഇതിനെ യെഹൂദയിലെ ബേത്ത്ലേഹെം എന്നു വിളിച്ചു. (രൂത്ത്, 1:1).
മീഖാവിന്റെയും തുടർന്നു ദാന്യരുടെയും പുരോഹിതനായിത്തീർന്ന ലേവ്യൻ യെഹൂദയിലെ ബേത്ത്ലേഹെമ്യൻ ആയിരുന്നു. (ന്യായാ, 17:7). യിസ്രായേലിനും ബെന്യാമീൻ ഗോത്രത്തിനും തമ്മിൽ വലിയ യുദ്ധത്തിനു കാരണമായിയിത്തീർന്നതു ഒരു ലേവ്യന്റെ വെപ്പാട്ടിയുടെ മരണമായിരുന്നു. ലേവ്യൻ ഈ വെപ്പാട്ടിയെ പരിഗ്രഹിച്ചതു യെഹൂദയിലെ ബേത്ത്ലേഹെമിൽ നിന്നായിരുന്നു. (ന്യായാ, 19:1). രുത്തിന്റെ പുസ്തകത്തിലെ അധിക സംഭവങ്ങളുടെയും പശ്ചാത്തലം ബേത്ത്ലേഹെം ആണ്. (രൂത്ത്, 1:1,2, 19, 22; 4:11).
പഴയനിയമത്തിൽ ബേത്ത്ലേഹെം പ്രാധാന്യമർഹിക്കുന്നതു അതിനു ദാവീദിനോടുണ്ടായിരുന്ന ബന്ധം കൊണ്ടാണ്. ദാവീദ് ബേത്ത്ലേഹെമ്യനാണ്. (1ശമൂ, 17:12, 15; 20:6, 28). ശമുവേൽ പ്രവാചകൻ ബേത്ത്ലേഹെമിൽ വച്ചു ദാവീദിനെ രാജാവായി അഭിഷേകം ചെയ്തു. (1ശമൂ, 16:1-13). ബേത്ത്ലേഹെം ദാവീദിൻ പട്ടണം എന്നറിയപ്പെട്ടു. (ലൂക്കൊ, 2:5, 15). ഫെലിസ്ത്യർക്കു ബേത്ത്ലേഹെമിൽ കാവൽപട്ടാളം ഉണ്ടായിരുന്നു. (2ശമൂ, 23:14-16; 1ദിന, 11:16-18). ദാവീദിന്റെ വീരന്മാരിലൊരാളായ എൽഹാനാൻ ബേത്ത്ലേഹെമ്യനായ ദോദാവിന്റെ മകൻ ആയിരുന്നു. (2ശമൂ, 23:24; 1ദിന, 11:26). അസാഹേലിനെ അടക്കം ചെയ്തതു ബേത്ത്ലേഹെമിൽ അത്രേ. (2ശമൂ, 2:32). രെഹബെയാം ബേത്ത്ലേഹെമിനെ പണിതുറപ്പിച്ചു. (2ദിന, 11:6). ഗെദല്യാവിന്റെ വധത്തിനു ശേഷം ഒളിച്ചോടിയ യിസ്രായേല്യർ മിസ്രയീമിലേക്കുള്ള പ്രയാണത്തിൽ ബേത്ത്ലേഹെമിനു സമീപത്തുള്ള ഗേരൂത്ത് കിംഹാമിൽ ചെന്നു താമസിച്ചു. (യിരെ, 41:17). ബേത്ത്ലേഹെമിലെ പ്രധാന പൗരന്മാരെല്ലാം പ്രവാസത്തിൽ പോയി. എസ്രായും (2:21), നെഹെമ്യാവും (7:26) പ്രവാസത്തിൽ നിന്നു മടങ്ങിവന്ന നൂറിലധികം ബേത്ത്ലേഹെമ്യരുടെ പേരുകൾ നല്കുന്നു.
മശീഹയുടെ ജന്മസ്ഥലം ബേത്ത്ലേഹെം ആയിരിക്കുമെന്നു മീഖാ പ്രവചിച്ചു. യേശുവിന്റെ ജനനത്തോടു കൂടി യെഹുദാ സഹസ്രങ്ങളിൽ ചെറുതായിരുന്ന ബേത്ത്ലേഹേം കീർത്തിയുടെ പരമകോടിയിൽ എത്തി. (മീഖാ, 5:2). യെഹൂദന്മാരുടെ രാജാവിനെ കൊല്ലാനുള്ള ശ്രമത്തിൽ ഹെരോദാരാജാവ് ബേത്ത്ലേഹെമിലെ രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ കൊല്ലിച്ചു. (മത്താ, 2:16). ഈ ഗ്രാമത്തിനടുത്തുള്ള ഗുഹയിലാണ് യേശു ജനിച്ചതെന്നു ജസ്റ്റിൻ മാർട്ടിയർ പറയുന്നു. പശുത്തൊട്ടിയുടെ സ്ഥാനത്ത് കാൺസ്റ്റന്റയിൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ അമ്മ ഹെലീനയും (Helena) കൂടി ഒരു പള്ളി സ്ഥാപിച്ചു (എ.ഡി. 330). ഈ മന്ദിരം നശിച്ചപ്പോൾ ജസ്റ്റീനിയൻ ഒന്നാമൻ (എ.ഡി. 527-565) ഒരു പുതിയ പള്ളി സ്ഥാപിച്ചു. പതിനായിരത്തിനു താഴെ നിവാസികളുള്ള ഒരു ഗ്രാമം മാത്രമാണ് ആധുനിക ബേത്ത്ലേഹം.
സെബുലൂനിലെ ഒരു പട്ടണത്തിൻ്റെ പേരും ബേത്ത്ലേഹെം എന്നാണ്. (യോശു, 19:15). പത്തോമത്തെ ന്യായാധിപനായിരുന്ന ഇബ്സാൻ ജനിച്ചതും മരിച്ചശേഷം അടക്കപ്പെട്ടതും ഇവിടെയാണ്. (ന്യായാ, 12:8, 10). നസറേത്തിനു 11 കി.മീറ്റർ പടിഞ്ഞാറു-വടക്കു പടിഞ്ഞാറുള്ള ബയ്ത്ത് ലഹ്മ ആണെന്നു കരുതപ്പെടുന്നു.