പൊന്തൊസ് (Pontus)
പേരിനർത്ഥം — കടൽ
ഏഷ്യാമൈനറിന്റെ ഉത്തരഭാഗത്തുള്ള കരിങ്കടൽ തീരപ്രദേശം. പടിഞ്ഞാറു ബിഥുന്യ മുതൽ കിഴക്കു അർമീനിയവരെ വ്യാപിച്ചു കിടക്കുന്നു. അല്പകാലം പേർഷ്യൻ അധീനത്തിലിരുന്നശേഷം ബി.സി. നാലാം നൂറ്റാണ്ടിൽ പൊന്തൊസ് ഒരു സ്വതന്ത്ര രാഷ്ട്രമായി. തുടർന്നു മിത്രിദാത്തസ് (Mithridates) എന്നറിയപ്പെടുന്ന രാജാക്കന്മാരാണ് പൊന്തൊസ് ഭരിച്ചത്. റോമും ആയി അടുത്തബന്ധം ഇവർക്കുണ്ടായിരുന്നു. ഒടുവിൽ മിത്രിദാത്തസ് യുപ്പറ്റോർ (Mithridates Eupator) റോമിനെ വെല്ലുവിളിച്ചുകൊണ്ട് രാജ്യം വികസിപ്പിച്ചു. പോംപിയുടെ നേതൃത്വത്തിലുള്ള റോമൻ സൈന്യം അദ്ദേഹത്തെ പരാജയപ്പെടുത്തുകയും പൊന്തൊസിൻ്റെ കിഴക്കുഭാഗം ഗലാത്യയോടും പടിഞ്ഞാറുഭാഗം ബിഥുന്യയോടും ചേർക്കുകയും ചെയ്തു.
പൊന്താസിൽ ധാരാളം യെഹൂദന്മാർ ഉണ്ടായിരുന്നു. പെന്തെക്കൊസ്തു നാളിൽ പൊന്തൊസിലെ യെഹൂദന്മാർ യെരുശലേമിൽ എത്തി. (പ്രവൃ, 2:9). അക്വിലാവ് പൊന്തൊസുകാരനായിരുന്നു. (പ്രവൃ, 18:2). പൊന്തൊസിലും ഉത്തര പ്രവിശ്യകളിലും പൗലൊസ് സുവിശേഷം അറിയിച്ചതായി യാതൊരു സൂചനയുമില്ല. ബിഥുന്യയിൽ പ്രസംഗിക്കുന്നതിനെ യേശുവിന്റെ ആത്മാവു് വിലക്കി. (പ്രവൃ, 16:7). പത്രൊസ് അപ്പൊസ്തലന്റെ ഒന്നാം ലേഖനം പൊന്തൊസിൽ ചിതറിപ്പാർത്തിരുന്ന യെഹൂദാ ക്രിസ്ത്യാനികളെയും ഉദ്ദേശിച്ചായിരുന്നു.