പെർഗ്ഗ (Perga)
പംഫുല്യയിലെ തലസ്ഥാന നഗരം. കടൽക്കൊള്ളക്കാർ ധാരാളം ഉണ്ടായിരുന്ന ആ മേഖലയിലെ മിക്ക നഗരങ്ങളെയും പോലെ പെർഗ്ഗയും 25-30 കി.മീറ്റർ ഉള്ളിലോട്ട് മാറിയാണ് സ്ഥിതി ചെയ്തിരുന്നത്. കെസ്ത്രോസ് നദിയുടെ തീരത്ത്, പംഫുല്യയുടെ ഭാഗമായി സ്ഥിതിചെയ്തിരുന്ന പെർഗ്ഗ, ട്രോജൻ യുദ്ധത്തിലെ വീരനായകന്മാർ സ്ഥാപിച്ചതാണ് എന്ന് അന്നാട്ടുകാർ കരുതിയിരുന്നതായി തെളിയിക്കുന്ന ഒരു ലിഖിതം കണ്ടുകിട്ടിയിട്ടുണ്ട്. എഫേസോസ് പോലെ പെർഗ്ഗയും അർത്തെമിസ് ദേവിയുടെ നഗരം ആയി കരുതപ്പെട്ടിരുന്നു. ബി.സി. രണ്ടാം നൂറ്റാണ്ടിൽ പെർഗ്ഗയിൽ അടിച്ച നാണയങ്ങളിൽ ”പെർഗയിലെ അർത്തേമീസ്” രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു. തന്റെ ആദ്യ മിഷണറിയാത്രയിൽ പൗലൊസ് പെർഗ്ഗ സന്ദർശിച്ചു. (അപ്പൊ, 13:13,14). മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ പൗലൊസിനെയും ബർന്നബാസിനെയും വിട്ടുപിരിഞ്ഞത് പെർഗയിൽ വെച്ചായിരുന്നു. (പ്രവൃ, 13:13). ആധുനികനാമം എസ്കി-കലേശി.