പത്തര (Patara)
ലൂക്യയിലെ ഒരു പ്രാചീന നഗരം. ക്സാന്തൂസ് നദീമുഖത്തിന് ഏകദേശം 10 കി.മീറ്റർ കിഴക്കാണ് സ്ഥാനം. അപൊള്ളൊയുടെ (Apollo) പുത്രനായ പറ്ററുസിനെ നഗരസ്ഥാപകനായി കണക്കാക്കുന്നു. അപൊള്ളൊയുടെ വെളിച്ചപ്പാട് പത്തരയെ ഏറെ പ്രസിദ്ധമാക്കി. ക്രിസ്തുവിനും ആയിരം വർഷം മുൻപ് മുതൽ പത്തരയുടെ ചരിത്രം തുടങ്ങുന്നു. ബി.സി. 440 മുതൽ സ്വന്തം നാണയം അച്ചടിച്ച് തുടങ്ങി. ടോളമി ഫിലാഡൽഫസിന്റെ ഭരണകാലത്ത് നഗരത്തിന് രാജ്ഞിയുടെ പേര് നൽകി: ആർസിനോ. പത്തരയ്ക്ക് മിസ്രയീമുമായി വാണിജ്യബന്ധം ഉണ്ടായിരുന്നു. ക്രിസ്തുവിൻ്റെ കാലത്ത് പ്രമുഖമായ തുറമുഖം ആയിരുന്നു പത്തര. പൗലൊസ് യെരൂശലേമിലേക്കു പത്തര വഴി യാത്ര ചെയ്തു. (പ്രവൃ, 21:1-3). ഇപ്പോൾ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ ആധുനിക ഗെലെമിഷ് (Gelemish) ഗ്രാമത്തിൽ കാണാം.