യിരെമ്യാപ്രവാചകൻ
പേരിനർത്ഥം — യഹോവ ഉയർത്തും
വലിയ പ്രവാചകന്മാരിൽ രണ്ടാമനായിരുന്നു യിരെമ്യാവ്. എബ്രായ ചരിത്രത്തിൽ കടുത്ത പ്രതിസന്ധിയുടെ കാലത്തായിരുന്നു യിരെമ്യാവിന്റെ പ്രവാചകശുശ്രൂഷ. യെരുശലേമിനു മൂന്നു കി.മീ. വടക്കു കിഴക്കുള്ള അനാഥോത്ത് എന്ന പട്ടണത്തിൽ ബി.സി. 640-ൽ യിരെമ്യാവു ജനിച്ചു. പുരോഹിത കുലത്തിലായിരുന്നു ജനനം. അബ്യാഥാർ പുരോഹിതന്റെ അനന്തരഗാമിയായിരിക്കണം യിരെമ്യാവിന്റെ പിതാവായ ഹില്കീയാവ്. (1രാജാ, 2:26). പ്രവാചകന്റെ ബാല്യകാലത്തെക്കുറിച്ചു വ്യക്തമായ അറിവില്ല. ന്യായപ്രമാണത്തിന്റെ (തോറ) പാരമ്പര്യത്തിൽ വളർന്ന പ്രവാചകനിൽ എട്ടാം നൂറ്റാണ്ടിലെ പ്രവാചകന്മാരുടെ സ്വാധീനം വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്. നാല്പതു വർഷത്ത ദീർഘമായ ശുശ്രുഷ യോശീയാവു, യെഹോവാഹാസ്, യെഹോയാക്കീം, യെഹോയാഖീൻ, സിദെക്കീയാവ് എന്നീ അഞ്ചു രാജാക്കന്മാരുടെ കാലത്തായിരുന്നു.
യോശീയാ രാജാവിന്റെ വാഴ്ചയുടെ 13-ാം വർഷത്തിൽ (626 ബി.സി) യഹോവ യിരെമ്യാവിനെ പ്രവാചകനായി വിളിച്ചു. അശ്ശൂർ രാജാക്കന്മാരിൽ പ്രസിദ്ധനായ അശ്ശൂർ ബനിപ്പാളിന്റെ മരണവർഷമായിരുന്നു അത്. അശ്ശൂർ സാമ്രാജ്യത്തിന്റെ നാശം ബാബിലോണിന്റെയും ഈജിപ്റ്റിന്റെയും പ്രാബല്യത്തിനു വഴിയൊരുക്കുകയും അവർ തമ്മിലുള്ള നേതൃത്വ മത്സരത്തിനും സ്പർദ്ധയ്ക്കും കാരണമാവുകയും ചെയ്തു. നെബുഖദ്നേസർ രാജാവിന്റെ പിതാവായ നബോപൊലാസർ (626-605 ബി.സി) ബാബിലോണിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഈജിപ്റ്റ് പ്സാമ്മെറ്റിക്കസിന്റെ (664-610 ബി.സി) കീഴിൽ പുനർജ്ജീവൻ പ്രാപിച്ചു. ഇവ രണ്ടും യെഹൂദയുടെ ചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി.
പ്രതിസന്ധിനിറഞ്ഞ ഈ കാലത്താണ് യെഹൂദാ ജനത്തെ ഭർത്സിക്കുവാനും താക്കീതു ചെയ്യുവാനും ആശ്വസിപ്പിക്കുവാനും ഗുണദോഷിക്കുവാനും വേണ്ടി യിരെമ്യാവു വിളിക്കപ്പെട്ടത്. ദൈവവിളി ലഭിച്ചപ്പോൾ യിരെമ്യാവു ബാലനായിരുന്നു. വ്യക്തിപരവും ആത്മികവും സാമൂഹികവുമായ തന്റെ അപക്വാവസ്ഥയെ യിരെമ്യാവു ദൈവത്തോടു ഏറ്റുപറഞ്ഞു. “അയ്യോ യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ.” (യിരെ, 1:6). പഴയനിയമകാലത്തു ഇരുപതു വയസ്സിനു മേലോട്ടുള്ളവരാണു ദൈവിക ശുശ്രൂഷയ്ക്കു വിളിക്കപ്പെടുന്നതു. (സംഖ്യാ, 8:24, 1ദിന, 23:24). തന്റെ ശുശ്രൂഷയുടെ ആദ്യഘട്ടത്തിൽ യിരെമ്യാവു സ്വജനത്തിന്റെ മതപരമായ ദോഷങ്ങളെ അപലപിക്കുകയും വടക്കുനിന്നുള്ള ആസന്നമായ ആക്രമണത്തെ വിളിച്ചറിയിക്കുകയും ചെയ്തു. വടക്കുനിന്നുള്ള ആക്രമണം ഏതാണെന്നതു വിവാദ്രഗസ്തമായ വിഷയമാണ്. അവർ സിതിയന്മാരാണെന്നും അലക്സാണ്ടർ ചക്രവർത്തിയാണെന്നും ബി.സി. 612-ൽ നീനെവേ നശിപ്പിച്ച കലയരും മേദ്യരുമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
യോശീയാ രാജാവു തന്റെ വാഴ്ചയുടെ 18-ാം വർഷത്തിൽ (ബി.സി. 621) തികച്ചും വ്യവസ്ഥിതമായ രീതിയിൽ മതനവീകരണം ആരംഭിച്ചു. (2രാജാ, 23:3). അപ്പോഴേക്കും യിരെമ്യാവു പ്രവാചകശുശ്രൂഷ ആരംഭിച്ചു അഞ്ചു വർഷം കഴിഞ്ഞിരുന്നു. ദൈവാലയത്തെ പുതുക്കുന്നതിനിടയിൽ കണ്ടെടുത്ത ഒരു ന്യായപ്രമാണ പുസ്തകമാണ് യോശീയാവിന്റെ നവീകരണത്തിനു പ്രേരകമായത്. ഈ കാലത്തു യിരെമ്യാവു പ്രവാചകനെന്ന നിലയിൽ പൊതു സമ്മതനായിരുന്നുവോ എന്നതു സംശയമാണ്. കാരണം ന്യായപ്രമാണ പുസ്തകത്തെക്കുറിച്ചുള്ള ദൈവിക അരുളപ്പാടിനുവേണ്ടി രാജാവു ദൂതന്മാരെ അയച്ചതു ഹൂൽദാ പ്രവാചികയുടെ അടുക്കലാണ്. (2രാജാ, 22:14). ഏറെത്താമസിയാതെ ഈ നിയമത്തിന്റെ വചനങ്ങൾ യെരുശലേം നിവാസികളോടറിയിക്കുവാൻ യഹോവ യിരെമ്യാവിനോട് ആരുളിച്ചെയ്തു. യോശീയാവിന്റെ നവീകരണത്തിൽ പ്രവാചകൻ സന്തുഷ്ടനായിരുന്നു. (യിരെ, 11:1-8). എന്നാൽ യോശീയാ രാജാവിന്റെ വാഴ്ചയുടെ ഒടുവിലത്തെ ദശകത്തെക്കുറിച്ചു കൂടുതൽ പരാമർശങ്ങളൊന്നും യിരെമ്യാവിന്റെ പ്രവചനത്തിലില്ല. രാജാവിന്റെ മരണത്തിനു എട്ടു വർഷം മുമ്പു ബാബിലോന്യരും മേദ്യരും അശ്ശൂരിനെ നശിപ്പിച്ചു തുടങ്ങി. ബി.സി. 612-ൽ നീനെവേ തകർന്നു. അശ്ശൂരിന്റെ പതനത്തോടു കൂടി പ്സാമ്മെറ്റിക്കസിന്റെ അനന്തരഗാമിയായ ഫറവോൻ നെഖോ (610-594 ബി.സി) പലസ്തീന്റെ തീരപ്രദേശങ്ങളിലേക്കു മുന്നേറി. മെഗിദ്ദോയിൽ വച്ചു നെഖോയെ തടയുന്നതിനു യോശീയാവു ശ്രമിച്ചു. ഈ യുദ്ധത്തിൽ (ബി.സി. 609) യോശീയാവു വധിക്കപ്പെട്ടു. (2രാജാ, 23:29). യോശീയാവിന്റെ അകാലമരണത്തിൽ സ്വാഭാവികമായും യിരെമ്യാവു വിലപിച്ചു. (22:10). യോശീയാവിന്റെ മരണശേഷം പുത്രനായ യെഹോവാഹാസ് രാജാവായി. അദ്ദേഹം മൂന്നുമാസം ഭരിച്ചു; ജനങ്ങളിൽ ഭാരിച്ച നികുതി ചുമത്തി. (2രാജാ, 23:31-33). മൂന്നുമാസത്തിനു ശേഷം ഫറവോൻ നെഖോ യെഹോവാഹാസിനെ സിംഹാസനഭ്രഷ്ടനാക്കി പകരം അവന്റെ ജ്യേഷ്ഠനായ യെഹോയാക്കീമിനെ രാജാവാക്കി. യെഹോവാഹാസ് മിസയീമിലേക്കു ബദ്ധനായി പോകേണ്ടിവന്നതിൽ യിരെമ്യാവു ദു:ഖിച്ചു. (22:10-12).
യെഹോയാക്കീമിന്റെ (609-597 ബി.സി) വാഴ്ചക്കാലത്തു യിരെമ്യാവിന്റെ സ്ഥിതി മോശമായി. (യിരെ, 7:1-8:12). ദൈവാലയത്തെ ദൈവം നശിപ്പിക്കുമെന്നും യെഹൂദാ ജനത്തെ യഹോവ ഉപേക്ഷിക്കുമെന്നും പ്രവചിച്ചതുകൊണ്ടു ജനം ഇളകി പ്രവാചകനെ കൊല്ലാനൊരുങ്ങി. യെഹോയാക്കീമിന്റെ കാലത്തുണ്ടായ പ്രധാന സംഭവമാണു കർക്കെമീശ് യുദ്ധം. ബി.സി. 605-ൽ ഫറവോൻ നെഖോ സൈന്യവുമായി യൂഫ്രട്ടീസ് തീരത്തേക്കു മുന്നേറി. അവനോടു യുദ്ധം ചെയ്യേണ്ടതിനു നബൊപൊലാസർ പുത്രനായ നെബുഖദ്നേസറിനെ നിയോഗിച്ചു. കർക്കെമീശിൽ വച്ചു നടന്ന നിർണ്ണായക യുദ്ധത്തിൽ ഈജിപ്റ്റ് പരാജയപ്പെടുകയും മദ്ധ്യപൗരസ്ത്യദേശത്തിന്റെ നേതൃത്വം ബാബിലോണിന്റെ കൈകളിൽ അമരുകയും ചെയ്തു. ഈജിപ്റ്റിലേക്കുള്ള പാതകളെല്ലാം ബാബിലോണിന്റെ നിയന്ത്രണത്തിലായി. ഈ അന്തർദ്ദേശീയ അധികാര മത്സരത്തിൽ യെഹൂദയുടെ അപകട സാദ്ധ്യതകൾ യിരെമ്യാവു മനസ്സിലാക്കി. യെഹൂദാ ഈജിപ്റ്റിനോടു സഖ്യം ചെയ്യുകയും ഈജിപ്റ്റ് പരാജയപ്പെടുകയും ചെയ്താൽ അതിന്റെ തിക്തഫലം യെഹൂദാ അനുഭവിക്കും. ബാബിലോന്യർ യെഹൂദയെ കീഴടക്കി ഈജിപ്റ്റിനെ ആക്രമിക്കാനുള്ള താവളമാക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. നെബൂഖദ്നേസർ യെഹൂദയെ ശൂന്യമാക്കുമെന്നു യിരെമ്യാവു പ്രവചിച്ചു. (25:9). തന്മൂലം ബാബേലിനു കീഴടങ്ങിയിരിക്കുകയാണു നാശത്തിൽ നിന്നുള്ള ഒരേ ഒരു പോംവഴിയെന്നു അദ്ദേഹം ഉപദേശിച്ചു. യിരെമ്യാവിന്റെ പ്രവചനങ്ങൾക്കെതിരായിരുന്നു യെഹോയാക്കീമിന്റെ നയതന്ത്രം. അവന്റെ സ്വാർത്ഥതയും അഹങ്കാരവും യെഹൂദയെ നാശത്തിലേക്കു നയിച്ചു. (യിരെ, 22:13-19). മൂന്നു വർഷം യെഹോയാക്കീം സാമന്തനായി ഇരുന്നശേഷം നെബുഖദ്നേസറിനോടു മത്സരിച്ചു. (2രാജാ, 24:1). അതു യിരെമ്യാവിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടായിരുന്നു. തൽഫലമായി കസ്ദയസൈന്യം ബി.സി. 597-ൽ യെഹൂദാ ആക്രമിച്ചു. ഇതായിരുന്നു യെരുശലേമിന്റെ മേലുള്ള ഒന്നാമത്തെ ആക്രമണം. പട്ടണം പിടിക്കുന്നതിനു തൊട്ടു മുമ്പായി യെഹോയാക്കീം മരിച്ചു.
രാജാവിനെയും പ്രവാചകന്മാരെയും യിരെമ്യാവു കഠിനമായി ഭർത്സിച്ചു. കല്ദയരോടു ആഭിമുഖ്യമുള്ള കക്ഷിയുടെ വക്താവായിട്ടാണ് യിരെമ്യാവു കാണപ്പെട്ടത്. രക്ഷയ്ക്കുള്ള ഏകമാർഗ്ഗം കല്ദയർക്കു വിധേയപ്പെടുകയാണെന്നു പ്രവാചകൻ വ്യക്തമാക്കി. തന്മൂലം അദ്ദേഹം ദേശദ്രോഹിയായി മുദ്രയടിക്കപ്പെട്ടു. പ്രവാചകന്മാരും പുരോഹിതന്മാരും അദ്ദേഹത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി. യിരെമ്യാവിനെതിരെ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തെ പീഡിപ്പിക്കുകയും തടവിലാക്കുകയും വധശിക്ഷ നല്കാൻ അധികാരികളെ പ്രേരിപ്പിക്കുകയും ചെയ്തു. (12:6, 15:15-18, 20:2, 26 അ). യെഹോയാക്കീമിന്റെ നാലാം വർഷത്തിൽ പ്രവചനങ്ങളെ രേഖപ്പെടുത്തുവാൻ അരുളപ്പാടു ലഭിച്ചു. ബാരൂക്കിനെക്കൊണ്ടു പ്രവചനങ്ങൾ എഴുതിപ്പിച്ച് ഉപവാസദിവസത്തിൽ പരസ്യമായി വായിപ്പിച്ചു. പ്രഭുക്കന്മാരുടെ മുമ്പിൽ ബാരൂക്കിനെ വരുത്തി. തങ്ങൾ ഈ ചുരുൾ രാജാവിനെ വായിച്ചിച്ചു കേൾപ്പിച്ചു അദ്ദേഹത്തെ ബോധ്യപ്പെടുത്താമെന്നു അവർ ഏറ്റു. അതുവരെ ബാരൂക്കിനെയും പ്രവാചകനെയും ഒളിവിൽ കഴിയാൻ അവർ ഉപദേശിച്ചു. എന്നാൽ ചുരുളിന്റെ മൂന്നു നാലു ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ യെഹോയാക്കീം രാജാവു ചുരുളിനെ നശിപ്പിച്ചു കളഞ്ഞു. ബാരുക്കിനെയും യിരെമ്യാവിനെയും പിടിച്ചു ബന്ധിക്കുന്നതിനു രാജാവു കല്പന കൊടുത്തു. എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു. യഹോവയുടെ കല്പനപ്രകാരം ചുരുൾ വീണ്ടും എഴുതുകയും അതു പോലുള്ള പ്രവചനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. (36:22). പശ്ഹൂർ പുരോഹിതൻ യിരെമ്യാവിനെ അടിച്ചതു ഈ കാലത്താണ്. (20:2). ഈ നിരാശാപൂർണ്ണമായ ചുറ്റുപാടുകളിലും യെഹൂദയ്ക്കു വേണ്ടി പക്ഷവാദം ചെയ്യുകയും ദൈവാലയത്തിന്റെയും രാജ്യത്തിന്റെയും നാശത്തെപ്പറ്റി പ്രവചിക്കുകയും സ്വജനത്തിന്റെ വിധിയെപ്പറ്റി വിലപിക്കുകയും ചെയ്തുകൊണ്ടു പ്രവാചകൻ തന്റെ ദൗത്യത്തിൽ ഉറച്ചു നിന്നു. നെബൂഖദ്നേസർ യെഹോയാക്കീമിനെ ചങ്ങലകളാൽ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി. (2ദിന, 36:6).
യെഹോയാക്കീമിനു ശേഷം പുത്രനായ യെഹോയാഖീൻ (ബി.സി. 597) രാജാവായി. 18 വയസ്സുള്ള യുവരാജകുമാരൻ മൂന്നുമാസം രാജ്യം ഭരിച്ചു. (2രാജാ, 24:8). യെഹൂദയിലെ പ്രഭു കുടുംബങ്ങളിൽ പെട്ടവരോടൊപ്പം രാജാവും ബാബേലിലേക്കു നാടുകടത്തപ്പെട്ടു. (2രാജാ, 24:10-18). പ്രസ്തുത സംഭവവും യിരെമ്യാവു പ്രവചിച്ചിരുന്നു. (22:24-30). 36 വർഷത്തിനു ശേഷം നെബുഖദ്നേസറിന്റെ പിൻഗാമിയായ എവീൽ-മെരോദക് അവനെ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ചു. (2രാജാ, 25:27-30). ബി.സി. 597-ലെ ആക്രമണത്തിനു ശേഷം നെബുഖദ്നേസർ യോശീയാവിന്റെ മകനും (യിരെ, 1:3) യെഹോയാഖീന്റെ ചിറ്റപ്പനുമായ സിദെക്കീയാവിനെ രാജാവാക്കി. (2രാജാ, 24:17, 2ദിന, 36:10). ഇദ്ദേഹത്തിന്റെ വാഴ്ചക്കാലത്താണ് (597-587 ബി.സി) യെഹൂദയുടെ അന്ത്യം ഭവിച്ചത്. യെഹൂദയിൽ പ്രബലമായിത്തീർന്ന മിസ്രയീമ്യാഭിമുഖ്യമുള്ള കക്ഷിയുമായി ചേർന്നു സിദെക്കീയാവു ബാബേലിനോടു മത്സരിച്ചു. പ്രവാചകന്റെ താക്കീതുകൾ രാജാവു കൈക്കൊണ്ടില്ല. കള്ളപ്രവാചകന്മാർ യിരെമ്യാവിനെ കൊല്ലുവാൻ അന്വേഷിച്ചു. (28:1-12-29:24-32). ബാബേൽ പ്രവാസകാലം എഴുപതു വർഷമെന്നു യിരെമ്യാവും വെറും രണ്ടുവർഷമെന്നു കള്ളപ്രവാചകന്മാരും പ്രവചിച്ചതായിരുന്നു കാരണം. ബി.സി. 587-ൽ കല്ദയ സൈന്യം പലസ്തീനിൽ ഇരച്ചുകയറി. യിരെമ്യാവു പ്രവചിച്ചതു പോലെ പട്ടണങ്ങൾ അയാളുടെ മുമ്പിൽ താളടിയായി. ബാബേലിനു കീഴടങ്ങുവാൻ യിരെമ്യാവു സിദക്കീയാവിനെ ഉപദേശിച്ചു. രാജാവു അതു നിരസിച്ചപ്പോൾ പ്രവാചകൻ പട്ടണം വിട്ടുപോകുവാൻ ശ്രമിച്ചു. ശ്രതുവിന്റെ മുമ്പിൽ പട്ടണം ഉപേക്ഷിച്ചുപോകുന്നു എന്നു പറഞ്ഞു യിരെമ്യാവിനെ കാരാഗൃഹത്തിലടച്ചു. നെബുഖദ്നേസറിന്റെ സൈന്യം യെരുശലേമിനെ നിരോധിച്ചു; ദൈവാലയം കൊള്ളയടിക്കുകയും യെഹൂദയെ ശൂന്യമാക്കുകയും ചെയ്തു. സിദെക്കീയാവിന്റെ ദൗർബല്യം കാരണം യിരെമ്യാവിന്റെ ശത്രുക്കൾ അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു. എബായ അടിമകൾക്കു വിമോചനം പ്രസിദ്ധമാക്കിയ ശേഷം അതിനു വിപരീതമായി പ്രവർത്തിച്ചവർക്കു ഭയങ്കരമായ ന്യായവിധിയുണ്ടാകുമെന്നു യിരെമ്യാവു മുന്നറിയിച്ചു. (34:8-22). ശത്രുക്കൾ അദ്ദേഹത്തെ തടങ്കലിലാക്കി നിലവറയിൽ പാർപ്പിച്ചു. (37:11-16). പിന്നീടു കാവല്പുരമുറ്റത്തേക്കു മാറ്റിപ്പാർപ്പിച്ചു. (37:17-21). രാജ്യദ്രോഹക്കുറ്റം ചുമത്തി കുഴിയിലിട്ടു കളഞ്ഞു. എന്നാൽ ഏബൈദ്-മേലെക്കിന്റെ ഇടപെടൽ നിമിത്തം കാവൽപ്പുര മുറ്റത്തു പാർത്തു. (38:1-28). അവിടെവച്ചു രാജാവു പ്രവാചകനുമായി രഹസ്യമായി ഇടപെട്ടു. യെരുശലേം ആക്രമണത്തിന്റെ അവസാനഘട്ടത്തിൽ യിരെമ്യാവു അനാഥോത്തിൽ തന്റെ ഇളയപ്പന്റെ മകന്റെ നിലം വാങ്ങി . യെരുശലേമിന്റെ പുന;സ്ഥാപനത്തിന്റെ ഉറപ്പുനല്കുന്ന ഒരു പ്രതീകാത്മക പ്രവൃത്തിയായിരുന്നു അത്. (32:1-15). അപ്പോഴും വീണ്ടെടുപ്പിന്റെ വാഗ്ദാനങ്ങൾ അദ്ദേഹം നല്കി. (32:36-44, 33:1-26). ക്രിസ്തുവിൽ നിറവേറേണ്ടിയിരുന്ന പുതിയ ഉടമ്പടിയെക്കുറിച്ചും യിരെമ്യാവ് മുന്നറിയിച്ചു. (31:31).
നെബൂഖദ്നേസർ യിരെമ്യാവിനോടു കരുണ കാണിച്ചു. യെഹൂദയിലെ ഗവർണ്ണറായി നെബുഖദ്നേസർ ഗെദല്യാവിനെ നിയമിച്ചു. യിരെമ്യാവു മിസ്പയിൽ ചെന്നു ഗെദല്യാവിന്റെ അടുക്കൽ അഭയം തേടി. (40:1-6). ഏറെത്താമസിയാതെ ഗെദല്യാവു വധിക്കപ്പെട്ടു. (41:1). ബാബേൽ രാജാവിന്റെ പ്രതികാരം ഭയന്നു മിസ്പയിൽ ശേഷിച്ചവർ മിസ്രയീമിലേക്കു പലായനം ചെയ്തു. (42:1-43:7). യിരെമ്യാവിനെയും ബാരൂക്കിനെയും അവർ കൂടെ കൊണ്ടുപോയി. ഈജിപ്റ്റിലെ തഹ്പനേസിലും അദ്ദേഹം പ്രവാചകദൗത്യം തുടർന്നു. നെബൂഖദ്നേസർ ഈജിപ്റ്റ് കീഴടക്കുമെന്നു അദ്ദേഹം പ്രവചിച്ചു. (43:8-13). തഹ്പനേസിലെ യെഹൂദന്മാർ യിരെമ്യാവിനെ കല്ലെറിഞ്ഞു കൊന്നു എന്നു ഒരു ക്രൈസ്തവ പാരമ്പര്യമുണ്ട്. അലക്സാണ്ടർ ചക്രവർത്തി യിരെമ്യാവിന്റെ അസ്ഥികളെ അലക്സാണ്ട്രിയയിലേക്കു കൊണ്ടുവന്നു എന്നു മറ്റൊരു പാരമ്പര്യം പറയുന്നു. നെബുഖദ്നേസർ ഈജിപ്റ്റ് ആക്രമിച്ചു കഴിഞ്ഞപ്പോൾ ബാരുക്കിനോടൊപ്പം യിരെമ്യാവു ബാബിലോണിലേക്കു രക്ഷപ്പെട്ടുവെന്നും അവിടെ മരിച്ചു എന്നും യെഹൂദന്മാർ വിശ്വസിക്കുന്നു.
എതിർപ്പുകളുടെയും കഷ്ടതകളുടെയും മദ്ധ്യത്തിൽ തെല്ലും സങ്കോചം കൂടാതെ പ്രവാചകശുശ്രുഷ വിശ്വസ്തതയോടെ നിർവ്വഹിച്ച വ്യക്തിയായിരുന്നു യിരെമ്യാവ്. യെഹൂദയുടെ ചരിത്രത്തിൽ നാശത്തിന്റെ വക്താവായി മാറേണ്ട ദുര്യോഗമാണ് യിരെമ്യാവിനുണ്ടായത്. യോശീയാവിന്റെ നവീകരണശ്രമം താത്ക്കാലികമായിരുന്നു. ആന്തരികമായ മാറ്റം ഉളവാക്കുവാൻ അതിനു കഴിഞ്ഞില്ല. തന്മൂലം തുടർന്നുണ്ടായ മതച്യുതിയിലും രാഷ്ട്രീയമായ അപഭ്രംശത്തിലും യിരെമ്യാവിന്റെ സന്ദേശം നിർമ്മൂലനത്തിന്റേതും നാശത്തിന്റേതുമായി മാറി. (1:10,18). പ്രവാചകന്റെ ദീർഘമായ പ്രവാചക ശുശുഷയിൽ മുഴുവൻ മുഴങ്ങിക്കേട്ടതു ന്യായവിധിയുടെ സന്ദേശമാണ്. ദൈവത്തിന്റെ ദാസന്മാരെയും പ്രവാചകന്മാരെയും ചെവിക്കൊള്ളാത്ത ജനം യിരെമ്യാപ്രവാചകന്റെ വാക്കുകളും കേട്ടില്ല. (7:25, 44:4). വിശ്വാസത്യാഗിയായ ജാതിക്കു യഹോവ ന്യായപ്രമാണത്തിൽ കല്പിച്ചിരുന്നതു സംഭവിച്ചു. (ആവ 28:30). തങ്ങളുടെ ജീവനെ രക്ഷിക്കുവാൻ ബാബേലിനു കീഴടങ്ങുവാനുള്ള പ്രവാചകദൂതു നിരസിക്കപ്പെട്ടു. സ്വന്തം രാജ്യത്തെയും ജനത്തെയും അളവറ്റു സ്നേഹിച്ച പ്രവാചകൻ കുഴപ്പക്കാരനും രാജ്യദ്രോഹിയുമായി മുദ്രയടിക്കപ്പെട്ടു. ജനവും പ്രഭുക്കന്മാരും രാജാക്കന്മാരും അദ്ദേഹത്തെ കൊല്ലുവാൻ ശ്രമിച്ചു. അദ്ദേഹം അനുഭവിച്ച ദു:ഖം അഗാധവും അസഹ്യവുമായിരുന്നു. “ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു. അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലതേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നത്.” (വിലാ, 3:1-2). മാനസിക സംഘർഷങ്ങളുടെയും ബാഹ്യപീഡനങ്ങളുടെയും മദ്ധ്യത്തിൽ ഭാര്യയുടെ പ്രാത്സാഹനവും സ്നേഹവും അദ്ദേഹത്തിനു ആവശ്യമായിരുന്നു. എന്നാൽ പ്രവാചകനു അതു നിഷേധിക്കപ്പെട്ടു. യെരൂശലേമിൽ സാധാരണ ഗതിയിലുള്ള കുടുംബജീവിതം നഷ്ടപ്പെടുവാൻ പോകുന്നു എന്നതിനു അതു അടയാളമായിരുന്നു. (16:1-4). എല്ലാ കഷ്ടതകളിലും യിരെമ്യാവിനു ആശ്രയവും ആശ്വാസവും ദൈവമായിരുന്നു. വിശ്വാസസത്യങ്ങളിൽ അയവു കാണിക്കാതെ ആരുടെയും മുഖം നോക്കാതെ രാഷ്ട്രീയവും മതപരവുമായ ശക്തികളെ ധിക്കരിച്ചുകൊണ്ടു ദൈവത്തിന്റെ അരുളപ്പാടുകൾ വിളംബരം ചെയ്തു. യിരെമ്യാ പ്രവചനത്തിൽ ആത്മകഥാപരമായ ഭാഗങ്ങൾ അനേകമുണ്ട്. അതിലുള്ള ഏറ്റുപറച്ചിലുകളിൽ പ്രവാചകന്റെ വ്യക്തിത്വം വ്യക്തമായി കാണാം. ആത്മകഥാംശം നിറഞ്ഞു നില്ക്കുന്ന പ്രധാന ഭാഗങ്ങൾ ഇവയാണ്. (10:23-24, 11:18-12:6, 15:10-21, 17:9-11, 14-18, 18:18-23, 20:7-18). പഴയനിയമം പരാജയപ്പെട്ടുവെങ്കിലും പുതിയതും മെച്ചവുമായ ഒരു പുതിയനിയമം നല്കുമെന്ന പ്രവചനം യിരെമ്യാവു നല്കി. (31:31-34). (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘യിരെമ്യാവിൻ്റെ പുസ്തകം’).