ഗിൽബോവ പർവ്വതം (Mountain of Gilboa)
പേരിനർത്ഥം – വലിയ കുന്ന്
യിസ്സാഖാർ ഗോത്രപ്രദേശത്ത് എസ്ദ്രലെയോൻ സമതലത്തിനു കിഴക്കായി സ്ഥിതിചെയ്യുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുളള പർവ്വതനിര. ഇന്നത്തെ പേര് ജെബെൽ ഫുക്കുവാ (Jebel Fuqua). ഏറ്റവും ഉയരം കൂടിയ ചെങ്കുത്തായ വടക്കുഭാഗത്തിന് 518 മീറ്റർ പൊക്കമുണ്ട്. പടിഞ്ഞാറെ ചരിവിൽ ഗോതമ്പും ബാർലിയും കൃഷിചെയ്യുന്നു. പുൽമേടുകളും അത്തി, ഒലിവ് എന്നീ വൃക്ഷങ്ങളും അവിടവിടെയായി ഉണ്ട്. യോർദ്ദാൻ താഴ്വരയുടെയും കീശോൻ നദിയുടെയും മദ്ധ്യേ യുദ്ധതന്ത്രപ്രധാനമായ സ്ഥാനത്ത് കിടക്കുക മൂലം ഗിൽബോവ പ്രധാന യുദ്ധങ്ങൾക്കു രംഗഭൂമിയായി. ഗിൽബോവയുടെ വടക്കുപടിഞ്ഞാറുള്ള ഹരോദ് ഉറവിന്നരികയായിരുന്നു ഗിദെയോനും സൈന്യവും പാളയമിറങ്ങിയത്. (ന്യായാ, 7:1). ശൗൽ രാജാവിന്റെ പുത്രന്മാർ ഫെലിസ്ത്യരോടു തോറ്റു മരിച്ചു വീണതും, ശൌൽ രാജാവ് ആത്മഹത്യ ചെയ്തതും ഗിൽബോവ പർവ്വതത്തിലായിരുന്നു: (1ശമൂ, 28:4; 31:1-8; 2ശമൂ, 1;4-10, 21; 1ദിന, 10:21).