കർമ്മേൽ പർവ്വതം (Mountain of Carmel)
പേരിനർത്ഥം – തോട്ടം, ഉദ്യാനഭൂമി
ആക്കർ ഉൾക്കടലിന്റെ തെക്കെ തീരത്ത് മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്നും വടക്കു പടിഞ്ഞാറു മുതൽ തെക്കു കിഴക്കോട്ട് ദോഥാൻ സമഭൂമിവരെ ഏകദേശം 50 കി.മീ. നീണ്ടുകിടക്കുന്ന പർവ്വതമാണിത്. ഇന്ന് കർമ്മേൽമല എന്നറിയപ്പെടുന്നത് വടക്കു പടിഞ്ഞാറെ അറ്റത്തുകിടക്കുന്ന 530 മീറ്ററോളം ഉയരമുള്ള കുന്നിനെയാണ്. സമുദ്രത്തിൽ നിന്നും ഏകദേശം 19 കി.മീ. ഉള്ളിൽ സ്ഥിതിചെയ്യുന്നു. ആശർ ഗോത്രത്തിന്റെ അവകാശത്തിന്റെ പടിഞ്ഞാറെ അതിരാണ് കർമ്മേൽ. (യോശു, 19:26). കർമ്മേൽ പർവ്വതത്തിൽ രണ്ടു മലകളുണ്ട്. ഇവയിൽ ഒന്നിലൂടെയാണ് ദോഥാൻ സമഭൂമിയിൽ നിന്നും കർമ്മേലിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മെഗിദ്ദോ താഴ്വരയിലേക്കുള്ള പാത കടന്നു പോകുന്നത്. യിസ്രായേൽ രാജാവായ ആഹാബിന്റെ കാലത്തു ഏലീയാ പ്രവാചകൻ ബാലിന്റെ പ്രവാചകന്മാരുമായി ഏറ്റുമുട്ടിയത് ഈ പർവ്വതത്തിൽ വച്ചായിരുന്നു. ഏലീയാ പ്രവാചകനെ പിടിക്കുവാൻ അഹസ്യാ രാജാവയച്ച അമ്പതുപേരടങ്ങുന്ന രണ്ടുഗണം സൈന്യത്തെ ആകാശത്തുനിന്നു തീ ഇറക്കി നശിപ്പിച്ചതും ഈ മലയിൽ വച്ചായിരിക്കണം. (2രാജാ, 1:9-15).
ഫലസമൃദ്ധിക്ക് ലെബാനോൻ, ശാരോൻ, ബാശാൻ തുടങ്ങിയ പ്രദേശങ്ങളോടൊപ്പം കർമ്മേലും സ്ഥാനം പിടിച്ചു: (യെശ, 35:2; യിരെ, 50:19). യഹോവയുടെ ശിക്ഷാവിധിയുടെ ദോഷഫലമായി ഉണ്ടാകുന്ന നാശത്തെ പ്രവാചകന്മാർ സാദൃശ്യപ്പെടുത്തിയത് കർമ്മേലിലെ സസ്യങ്ങൾ വാടിപ്പോകുന്നതിനോടാണ്: (യെശ, 33:9; ആമോ, 11:2; നഹും, 1:4). ശുലേംകാരിയുടെ തലയുടെ ഉപമാനം കർമ്മേലാണ്. (ഉത്ത, 7:6). അവളുടെ തലമുടിയുടെ സമൃദ്ധിയോ തലയുടെ ആകാരഭംഗിയോ ആകണം വിവക്ഷ. മിസ്രയീം ദേശത്തെ കീഴടക്കുന്നതിനായുള്ള നെബുഖദ്നേസറിന്റെ വരവിനും ഉപമാനം കർമ്മേൽ തന്നെ. അഭയത്തിനായി ശമര്യയിലെ ആളുകൾ ഓടിപ്പോയിരുന്ന സ്ഥലമായിരുന്നു കർമ്മേൽ. വളരെ ഉയരമുള്ളതല്ലെങ്കിലും ജനവാസത്തിന്റെ അഭാവവും നിബിഡമായ സസ്യവിതാനവും പാറക്കെട്ടുകളോടുകൂടിയ ചരിവുകളിലെ ഗുഹകളും അഭയാർത്ഥികൾക്കു സുരക്ഷ നല്കിയിരുന്നു. എന്നാൽ യഹോവയുടെ ന്യായവിധിയിൽ നിന്ന് കർമ്മേലും അഭയം കൊടുക്കുകയില്ലെന്നു ആമോസ് പ്രവചിച്ചു. (ആമോ, 9:3).