റിബെക്കാ (Rebekah)
പേരിനർത്ഥം — പാശം
അബ്രാഹാമിന്റെ സഹോദരനായിരുന്ന നാഹോരിന്റെ പുത്രനായ ബെഥൂവേലിന്റെ പുത്രിയും, ലാബാന്റെ സഹോദരിയും യിസഹാക്കിന്റെ ഭാര്യയും. (ഉല്പ, 29:15). യിസ്ഹാക്കിനു ഒരു ഭാര്യയെ എടുക്കുവാൻ അബ്രാഹാം തന്റെ ദാസനായ എല്യേസറിനെ സ്വന്തദേശത്തേക്കു അയച്ചു. അവൻ റിബെക്കായെ കണ്ടുമുട്ടുകയും അവളുടെ ഭവനക്കാരുമായി സംസാരിച്ച് കാര്യങ്ങൾ ഉറപ്പിക്കുകയും ചെയ്തു. എല്യേസറിനോടൊപ്പം അബാഹാമിന്റെ ഭവനത്തിലെത്തിയ റിബെക്കാ യിസ്ഹാക്കിനു ഭാര്യയായി. വിവാഹശേഷം പത്തൊൻപതു വർഷത്തോളം റിബെക്ക മച്ചിയായിരുന്നു. റിബെക്കയ്ക്കു വേണ്ടി യിസ്ഹാക്ക് ദൈവത്തോട് അപേക്ഷിച്ചു. പ്രാർത്ഥനയ്ക്ക് ഉത്തരമായി അവൾക്കു ഒരേ പ്രസവത്തിൽ ഇരട്ട കുഞ്ഞുങ്ങളെ നല്കി. അവരിൽ ഏശാവ് മൂത്തവനും യാക്കോബ് ഇളയവനുമായിരുന്നു. മൂത്തവൻ ഇളയവനെ സേവിക്കാമെന്നു ദൈവം റിബെക്കായാടു അരുളിച്ചെയ്തു. (ഉല്പ, 29:21-26). ഈ പ്രവചനത്തിന്റെ പ്രേരണകൊണ്ടാണോ എന്നറിയില്ല റിബെക്കാ യാക്കോബിനെ കൂടുതൽ സ്നേഹിച്ചു. കാഴ്ച നഷ്ടപ്പെട്ടുപോയ പിതാവിൽ നിന്നു ജ്യേഷ്ഠനുള്ള അനുഗ്രഹം തട്ടിയെടുക്കുവാൻ ഏശാവിന്റെ വേഷത്തിൽ യിസ്ഹാക്കിന്റെ അടുക്കൽ ചെല്ലുവാൻ യാക്കോബിനെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തതു റിബെക്കായാണ്. (ഉല്പ, 21:1-30). ഇത് ഏശാവിനു യാക്കോബിനോടുള്ള വൈരത്തിനു കാരണമായി. ഇരുവർക്കും ഒരേവീട്ടിൽ ഒരുമിച്ചു പാർക്കാൻ കഴിയാത്ത സ്ഥിതിയിലായി. റിബെക്കായുടെ നിർദ്ദേശമനുസരിച്ചു യാക്കോബ് പദൻ-അരാമിൽ പോയി പാർത്തു. (ഉല്പ, 27:42-46). അതിനുശേഷം റിബെക്കാ യാക്കോബിനെ കണ്ടിട്ടില്ല. റിബെക്കാ മരിച്ചപ്പോൾ അവളെ മക്പേല ഗുഹയിൽ അടക്കി. (ഉല്പ, 49:31).