മറിയ (യാക്കോബിൻ്റെയും യോസെയുടെയും അമ്മ)
പന്ത്രണ്ട് അപ്പെസ്തലന്മാരിൽപ്പെട്ട ചെറിയ യാക്കോബിൻ്റെ അമ്മയും, അല്ഫായിയുടെ ഭാര്യയുമാണ് ഈ മറിയ. യോസെ എന്ന മറ്റൊരു മകനും ഇവർക്കുണ്ട്. (മത്താ, 10:3, 27:56, മർക്കൊ, 15:40, ലൂക്കോ, 6:15,16). യേശുവിന്റെ ക്രൂശീകരണത്തിനു ശേഷമാണ് ഈ മറിയയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 27:56). അവനെ കല്ലറയിൽ വെയ്ക്കുമ്പോഴും (മത്താ, 27:60-61, മർക്കൊ, 15:47), പുനരുത്ഥാന ദിവസം കല്ലറയിൽ ചെല്ലുന്ന സ്ത്രീകളുടെ കുട്ടത്തിലും (മത്താ, 28:1), ദൂതനുമായി സംസാരിച്ചവരുടെ കൂട്ടത്തിലും (ലൂക്കോ, 24:10), യേശുവിനെ കാൽ പിടിച്ചു നമസ്കരിച്ചവരുടെ കൂട്ടത്തിലും ഈ മറിയ ഉണ്ടായിരുന്നു. (മത്താ, 28:8-9). യേശുവിന്റെ അമ്മയായ മറിയയുടെ സഹോദരിയും, ക്ലെയോപ്പാവിൻ്റെ ഭാര്യയായ മറിയയും ഇതുതന്നെയാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ യോഹന്നാൻ; യേശുവിൻ്റെ അമ്മയായ മറിയയുടെ സഹോദരിയെയും ക്ലെയോപ്പാവിൻ്റെ ഭാര്യയായ മറിയെയും വേർതിരിച്ചു പറഞ്ഞിട്ടുണ്ട്: “യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.” (19:25). ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം അങ്കുശം അഥവാ, കോമായിട്ട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു:”യേശുവിന്റെ ക്രൂശിന്റെ അടുക്കല് തന്റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ലേയോപ്പായുടെ മറിയാമും, മറിയം മാഗ്ദലൈത്തായും നിന്നിരുന്നു.” (19:25). ഇവിടെ, യേശുവിന്റെ അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിൻ്റെ ഭാര്യയും വ്യതിരിക്തരാണെന്ന് മനസ്സിലാക്കാം. ഈ വേദഭാഗത്തിൻ്റെ സമാന്തര ഭാഗങ്ങളും ചേർത്ത് പരിശോധിച്ചാൽ ചില കാര്യങ്ങൾ വ്യക്തമാകും. “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.” (മത്താ, 27:56). അടുത്ത വാക്യം: “സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.” (മർക്കൊ, 15:40). ഒന്നാമത്, യോഹന്നാനിൽ പറയുന്ന ക്ലെയോപ്പാവിൻ്റെ ഭാര്യ മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ഒന്നാണെന്ന് മനസ്സിലാക്കാം. രണ്ടാമത്, ശലോമ എന്നത് സെബദിപുത്രന്മാരുടെ അമ്മയാണെന്നും മനസ്സിലാക്കാം.
ചെറിയ യാക്കോബിൻ്റെയും യോസെയുടെയും അമ്മയായ മറിയയെ മരണശേഷമാണ് ബൈബിളിൽ കാണുന്നത്; പുനരുത്ഥാന ശേഷവും അവിടെ ഉണ്ടായിരുന്നു. (മത്താ, 27:61, 28:1, മർക്കൊ, 15:47, ലൂക്കോ, 24:10).
ആകെ സൂചനകൾ (7) — മത്താ, 27:56, 27:61, 28:1, മർക്കൊ, 15:40, 15:47, 16:1, ലൂക്കോ, 24:10.