കരുണ കാണിക്കൽ
‘കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ’ (റോമ, 12:8). അനുകമ്പയുടെ ബാഹ്യപ്രകടനമാണ് കരുണ. കരുണ ലഭിക്കേണ്ടവന് ആവശ്യബോധവും, കരുണ കാണിക്കുന്ന വ്യക്തിക്ക് പ്രസ്തുത ആവശ്യം സാധിപ്പിച്ചുകൊടുക്കാൻ മതിയായ വിഭവവും ഉണ്ടായിരിക്കണം. ദൈവം കരുണാസമ്പന്നനാണ്. (എഫെ, 2:4). എല്ലാവർക്കും അവൻ രക്ഷ കരുതി. (തീത്താ, 3:5). യെഹൂദന്മാരോടും (ലൂക്കൊ, 1:72), ജാതികളോടും (റോമ, 15:9) ദൈവം കരുണ കാണിച്ചു. ദൈവത്തെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമും തലമുറയോളം ഇരിക്കുന്നു. (ലൂക്കൊ, 1:50). നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കുവാൻ കർത്താവിനു മാത്രമേ കഴിയു. “അതുകൊണ്ടു കരുണ ലഭിക്കുവാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിക്കുവാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.” (എബ്രാ, 4:16). യേശുക്രിസ്തു കരുണയുടെ മൂർത്തിഭാവമായിരുന്നു. (മത്താ, 9:13, 27; 12:7; 17:15; ലൂക്കൊ, 3:29). കർത്താവ് മഹാകരുണയും മനസ്സലിവുള്ളവനുമാകകൊണ്ട് ക്രിസ്ത്വാനുരൂപരായി സൃഷ്ടിക്കപ്പെട്ട നാമും സഹജീവികളോട് കരുണയുള്ളവരായിരിക്കണം എന്ന് അവൻ ആഗ്രഹിക്കുന്നു. (മത്താ, 5:7; യൂദാ, 2). യേശുവിലുള്ള ഭാവം വിശ്വാസികൾക്കും ഉണ്ടാകാൻ അപ്പൊസ്തലൻ ഉദ്ബോധിപ്പിക്കുന്നു: “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.” (ഫിലി, 2:5). അല്ലെങ്കിൽ, കരുണ കൂടാതെയുള്ള ന്യായവിധിയുണ്ടാകും എന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. (യാക്കൊ, 2:13).