ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു
ഒന്നുമില്ലായ്മയിൽ ദൈവത്തെ മാത്രം നോക്കി ദൈവത്തിൽനിന്ന് അനുഗ്രഹങ്ങളും കൃപകളും പ്രാപിച്ച്, ദൈവികകൃപയുടെ പ്രശോഭയിൽ ഔന്നത്യത്തിന്റെ പടവുകൾ കയറി പ്രശസ്തിയുടെയും പെരുമയുടെയും സിംഹാസനങ്ങളിൽ വിരാജിക്കുമ്പോൾ അനേകർ ‘ദൈവകൃപ’ എന്ന വാക്ക് ഉപയോഗിക്കുവാനും ഉച്ചരിക്കുവാനും മറന്നുപോകുന്നു. സാമുഹ്യനീതിയെക്കുറിച്ചും പാവപ്പെട്ടവരോട് അനുകമ്പ കാണിക്കണമെന്നതിനെക്കുറിച്ചും മറ്റും പ്രസംഗിച്ച് കൈയടി വാങ്ങുന്ന ഇക്കൂട്ടർ ഒരിക്കൽപ്പോലും “ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു” എന്ന് മറ്റുള്ളവരോടു പ്രസംഗിക്കുകയോ പറയുകയോ ചെയ്യാറില്ല. കാരണം അങ്ങനെ പറഞ്ഞാൽ തങ്ങളുടെ സ്ഥാനമാനമഹിമകൾ നിലനിർത്തുവാനായി അവർക്ക് യഥോചിതം വളയുവാനും കുനിയുവാനും ചരിയുവാനും ചായുവാനും കഴിയുകയില്ല. ഇങ്ങനെയുള്ള സഹോദരങ്ങൾക്ക് അപ്പൊസ്തലനായ പൗലൊസ് മാതൃകയാകണം. പരീശൻ, റോമാപൗരൻ, ഗമാലീയേലിന്റെ പാദപീഠത്തിൽ ഇരുന്നു പഠിച്ചവൻ, അനേകം കൃപകളും കൃപാവരങ്ങളും പ്രാപിച്ചവൻ എന്നിങ്ങനെ അനവധി യോഗ്യതകൾ വിളംബരം ചെയ്യുവാനുണ്ടായിട്ടും പൗലൊസിനു പറയുവാനുള്ളത്; “ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാൽ ആകുന്നു” (1കൊരി, 15:10) എന്നാണ്. താൻ അത്യന്തം അദ്ധ്വാനിച്ചിട്ടുണ്ടെങ്കിലും അത് താനല്ല തന്നോടൊപ്പമുള്ള ദൈവകൃപയാണെന്നു പ്രഖ്യാപിക്കുന്ന അപ്പൊസ്തലൻ നമുക്കു മാതൃകയാകണം. ദൈവം തന്നിരിക്കുന്ന കൃപകളെ അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ അവഗണിക്കുകയോ ചെയ്താൽ അവ നഷ്ടപ്പെട്ടുപോകുമെന്ന മുന്നറിയിപ്പും പൗലൊസ് നൽകുന്നു. എന്തെന്നാൽ ദൈവത്തിന്റെ ദാനമായ ഈ നിക്ഷേപങ്ങൾ മൺപാത്രങ്ങളിലാകുന്നു തങ്ങൾക്കുള്ളതെന്ന് പൗലൊസ് വ്യക്തമാക്കുന്നു. (2കൊരി, 4:7). സർവ്വശക്തനായ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനായി വിവിധ മേഖലകളിൽ വ്യത്യസ്ത സ്ഥാപനങ്ങളിൽ ദൈവം വിവിധ അധികാരങ്ങൾ നൽകി നിയമിക്കുമ്പോൾ, തങ്ങൾ അവിടെ ആയിരിക്കുന്നത് ദൈവകൃപയാലാകുന്നുവെന്നു മറക്കുമ്പോൾ അവരെക്കുറിച്ചുള്ള ദൈവത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാനുള്ള ദൗത്യങ്ങളിൽ അവർ പരാജയമായിത്തീരും. അവർ മണ്ണോടു ചേരുമ്പോൾ ഭൂമിയിലെ അവരുടെ മഹിമയും മഹത്ത്വവും എന്നെന്നേക്കുമായി അവസാനിക്കും. ആയതിനാൽ ദൈവത്തിന്റെ പരിശുദ്ധാത്മനിറവും പ്രാപിച്ച് വിവിധ തലങ്ങളിൽ ദൈവത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഓരോരുത്തരും പൗലൊസിനെപ്പോലെ തങ്ങൾ ആയിരിക്കുന്നത് ദൈവകൃപയാലാകുന്നു എന്ന ബോധ്യത്തോടെ ലാഭമായതു ചേതമെന്നെണ്ണിക്കൊണ്ടു പ്രവർത്തിക്കുമ്പോഴാണ്, ദൈവം അവരെ പുതിയ കൃപകളാൽ വീണ്ടും വീണ്ടും നിറച്ച് തന്റെ സമുന്നതമായ ദൗത്യങ്ങൾക്കായി ഉപയുക്തമാക്കുന്നത്.