ആരുടെ പക്ഷക്കാരൻ?
ഇന്ന് മതങ്ങളിലും രാഷ്ട്രീയത്തിലും സാമൂഹ്യസംഘടനകളിലുമെല്ലാം അധികാരക്കസേരകൾക്കായി ‘വിവിധ പക്ഷക്കാർ’ വാശിയോടെ പൊരുതുന്നത് നിത്യകാഴ്ചയായി മാറിയിരിക്കുന്നു. തന്റെ അനുയായികളെ ലോകം തിരിച്ചറിയേണ്ടത് അവർക്കു പരസ്പരമുള്ള സ്നേഹം കൊണ്ടായിരിക്കണമെന്ന് കർത്താവ് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. എന്നാൽ ഇന്നത്തെ ക്രൈസ്തവ സമൂഹങ്ങളിലും സഭകളിലും വിവിധ പക്ഷക്കാരുടെ അതിപ്രസരം സൃഷ്ടിച്ചിരിക്കുന്ന വടംവലികളും വ്യവഹാരങ്ങളും വൈരാഗ്യങ്ങളും യേശുവിന്റെ സ്നേഹത്തെ ലോകത്തിന് അനുഭവമാക്കിക്കൊടുക്കുവാൻ കഴിയാതെ, ക്രിസ്തുവിന്റെ അനുയായികളെ അവഹേളന പാത്രങ്ങളാക്കി തീർത്തുകൊണ്ടിരിക്കുന്നു. ദൈവകൃപയിൽ വളർന്നുകൊണ്ടിരുന്ന കൊരിന്തിലെ സഭയിൽ ഉടലെടുത്ത വിവിധ പക്ഷക്കാരുടെ പ്രവർത്തനങ്ങളെയാണ് പൗലൊസ് അതിനിശിതമായി ശാസിക്കുന്നത്. “ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ” (1കൊരി, 1:12) എന്നിങ്ങനെ കൊരിന്ത്യസഭയിലുള്ള വേർതിരിവും, അവർ തമ്മിലുള്ള കലഹങ്ങളും കാരണം, അവർ “ജഡികരും, വെറും മനുഷ്യരും’ മാത്രമാണെന്ന് അപ്പൊസ്തലൻ ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. അസൂയയും കലഹവും നിറഞ്ഞ അവരെ നയിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവ് അല്ലെന്നും ദൈവജനമെന്ന് വിളിക്കപ്പെടുവാനുള്ള യോഗ്യത അവർ നഷ്ടപ്പെടുത്തിയെന്നും, “നിങ്ങൾ ജഡികരും വെറും മനുഷ്യരും അല്ലയോ?” (1കൊരി, 3:3) എന്ന് അവരോടു ചോദിക്കുന്നതിലൂടെ അപ്പൊസ്തലൻ വ്യക്തമാക്കുന്നു. “അപ്പൊലോസ് ആര്? പൗലൊസ് ആര്? തങ്ങൾക്ക് കർത്താവ് നൽകിയതുപോലെ നിങ്ങൾ വിശ്വസിക്കുവാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ” (1കൊരി, 3:5) എന്നു പറയുന്നതിലൂടെ തന്റെ സ്വന്തം പക്ഷക്കാരുടെ മാത്രമല്ല, മറ്റെല്ലാ പക്ഷക്കാരുടെയും നട്ടെല്ലു തകർക്കുന്ന പൗലൊസ്, യേശുവിന്റെ അനുയായികളെ തെരുവിലിറക്കി തമ്മിലടിപ്പിക്കുകയും ദൈവാലയങ്ങൾ തല്ലിത്തകർക്കുവാൻ തള്ളിവിടുകയും ചെയ്യുന്ന ഇന്നത്തെ കർത്താവിന്റെ ശിഷ്യന്മാർ എന്ന് അഭിമാനിക്കുന്നവർക്കു മാതൃകയാകണം. കൊരിന്ത്യസഭയിലുണ്ടായിട്ടുള്ള വ്യവഹാരങ്ങൾ തന്നെ അവരുടെ പരാജയമാകുന്നുവെന്ന് വ്യക്തമാക്കുന്നതോടൊപ്പം, വ്യവഹാരം തീർക്കുവാനായി അവിശ്വാസികളുടെ മുമ്പിൽ നിൽക്കുന്നത് അതിലും അപലപനീയമാണെന്നു (1കൊരി, 6:1-8) പ്രഖ്യാപിക്കുന്ന പൗലൊസ്, നീതിന്യായകോടതികളെ വിമർശിക്കുകയല്ല പിന്നെയോ, യേശുവിന്റെ സ്നേഹവും സഹിഷ്ണുതയും സൗമ്യതയും ലോകത്തിനു വെളിപ്പെടുത്തുവാൻ വിളിക്കപ്പെട്ടിരിക്കുന്നവർ, നീതിന്യായകോടതികളിൽ തലതല്ലിക്കീറുമ്പോൾ യേശുവിനെ വീണ്ടും വീണ്ടും ക്രൂശിക്കുകയാണെന്ന് ക്രിസ്തുവിന്റെ അനുഗാമികളെ ഉദ്ബോധിപ്പിക്കുകയാണ് ചെയ്യുന്നത്.