ശമുവേൽ

ശമുവേൽ (Samuel)

പേരിനർത്ഥം – ദൈവം കേട്ടു

യിസ്രായേലിലെ ഒടുവിലത്തെ ന്യായാധിപനും (പ്രവൃ, 13:20), ആദ്യത്തെ പ്രവാചകനും (പ്രവൃ, 3:24), പൗരോഹിത്യത്തിൽ ഏലിയുടെ പിൻഗാമിയായിരുന്നു ശമൂവേൽ. ലേവി ഗോത്രജനായിരുന്നു: (1ദിന, 6:1-28, 33-38). പഴയനിയമകാലത്ത് മോശയ്ക്കു ശേഷം ജനിച്ചവരിൽ മഹാനായി കരുതപ്പെട്ടു വന്നു: (യിരെ, 15:1).  

എഫ്രയീം മലനാട്ടിൽ രാമാഥയീം സോഫീമിൽ എല്ക്കാനായുടെയും ഹന്നയുടെയും പുത്രനായി ജനിച്ചു. മക്കളില്ലാതിരുന്നതിനാൽ ഹന്ന മനോവ്യസനത്തോടുകൂടി പ്രാർത്ഥിച്ചു വന്നു. ഒരു പുരുഷസന്താനം ലഭിച്ചാൽ അവനെ ജീവപര്യന്തം യഹോവയ്ക്ക് സമർപ്പിക്കും എന്നു അവൾ നിശ്ചയിച്ചു. അവൾക്ക് ഒരു മകൻ ജനിച്ചു. ‘ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചു വാങ്ങി’ എന്നു പറഞ്ഞ് ശമുവേൽ എന്നു പേരിട്ടു: (1ശമൂ, 1:1-20). അവനു മുലകുടി മാറിയശേഷം മാതാപിതാക്കന്മാർ അവനെ ശീലോവിൽ യഹോവയുടെ ആലയത്തിൽ പ്രതിഷ്ഠിച്ചു: (1:28). 

കുഞ്ഞായിരുന്നപ്പോൾ തന്നെ ശമൂവേൽ ദൈവത്തിന്റെ സന്നിധിയിൽ ഏഫോദ് ധരിച്ചു ശുശ്രൂഷ ചെയ്തു. ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി അമ്മ ശമുവേലിനു നല്കിയിരുന്നു: (1ശമൂ, 2;11,18,19). ആ കാലത്ത് യഹോവയുടെ വചനം ദുർല്ലഭമായിരുന്നു. എന്നാൽ ശമുവേൽ ദൈവാലയത്തിൽ കിടന്നപ്പോൾ യഹോവ വിളിച്ചു അവനോടു സംസാരിച്ചു. ദീർഘനാളുകൾക്കു ശേഷം യഹോവ തന്റെ അരുളപ്പാട് അറിയിക്കുകയായിരുന്നു. ഏലിയുടെ കുടുംബത്തിന്റെ നാശത്തെക്കുറിച്ചുള്ള അരുളപ്പാട് വിമനസ്സോടെ ഏലിയെ അറിയിച്ചു. ശമുവേൽ വളർന്നു; യഹോവ അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമായില്ല. യിസ്രായേല്യരൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്ത പ്രവാചകൻ എന്നു മനസ്സിലാക്കി: (1ശമൂ, 3:1-20). 

യിസ്രായേൽ ഫെലിസ്ത്യരോടു ദാരുണമായി പരാജയപ്പെടുകയും യഹോവയുടെ പെട്ടകം പിടിക്കപ്പെടുകയും ചെയ്തു. അധികകാലവും യഹോവയുടെ നിയമപെട്ടകം കിര്യത്ത്-യെയാരീമിൽ ആയിരുന്നു. യിസ്രായേൽ ജനം വിലപിച്ചു: (1ശമൂ, 7:1,2(. തങ്ങളുടെ പാപവഴികളെ ഉപേക്ഷിക്കുവാനും അന്യദൈവങ്ങളെ മാറ്റിക്കളയുവാനും ശമൂവേൽ ജനത്തെ ഉപദേശിച്ചു. ജനത്തെയെല്ലാം മിസ്പയിൽ കൂട്ടിവരുത്തി. അവർ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഈ സഭയിൽ വച്ച് ശമൂവേൽ തിരഞെഞ്ഞെടുക്കപ്പെട്ടതായി അഥവാ ജനം ശമുവേലിനെ ന്യായാധിപനായി അംഗീകരിച്ചതായി കരുതപ്പെടുന്നു: (1ശമൂ, 7:3-6). യിസ്രായേൽ മിസ്പയിൽ ഒന്നിച്ചുകൂടി എന്നറിഞ്ഞു ഫെലിസ്ത്യർ അവരോടു യുദ്ധത്തിനു വന്നു. ശമൂവേൽ യിസ്രായേലിനു വേണ്ടി യാഗം കഴിച്ച് പ്രാർത്ഥിച്ചു. യഹോവ ഇടിമുഴക്കി ഫെലിസ്ത്യരെ ഭയപ്പെടുത്തി. അവർ തോറ്റോടുകയും യിസ്രായേൽ അവരെ സംഹരിക്കുകയും ചെയ്തു. വർഷത്തിലെ പ്രസ്തുത ഋതുവിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത പ്രകൃതി പ്രതിഭാസമായിരുന്നു അത്. യിസ്രായേലിന്റെ ശത്രുക്കൾ പരാജയപ്പെട്ടു. യിസ്രായേൽ അവരെ ബേത്കാർ വരെ പിന്തുടർന്നു അവരെ സംഹരിച്ചു: (1ശമൂ, 7:11). ശമൂവേൽ ഒരു കല്ലെടുത്തു മിസ്പെക്കും ശേനിനും മദ്ധ്യേ നാട്ടി, ‘ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു’ എന്നു പറഞ്ഞ് അതിനു ഏബെൻ-ഏസെർ എന്നു പേരിട്ടു: (7:12). ഫെലിസ്ത്യർ കീഴടക്കിയിരുന്ന പട്ടണങ്ങൾ യിസ്രായേലിനു തിരികെക്കിട്ടി. യിസ്രായേലും അമോര്യരും തമ്മിലും സമാധാനമായിരുന്നു: (7:14). ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റി സഞ്ചരിച്ചു ന്യായപാലനം ചെയ്തു വന്നു: (7:16,17). രാമയിൽ താമസിച്ചു യിസ്രായേലിനു ന്യായപാലനം ചെയ്യുകയും അവിടെ ഒരു യാഗപീഠം പണിയുകയും ചെയ്തു. ശമൂവേൽ ജീവപര്യന്തം യിസ്രായേലിനു ന്യായപാലനം ചെയ്തു: (1ശമൂ, 7:15). 

ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരായ യോവേൽ, അബീയാവു എന്നിവരെ ന്യായാധിപന്മാരാക്കി. എന്നാൽ അവർ ശമൂവേലിന്റെ വഴിയിൽ നടക്കാതെ കൈക്കൂലി വാങ്ങി ന്യായം മറിച്ചുകളഞ്ഞു. ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ യിസ്രായേലിനു ഒരു രാജാവിനെ നിയമിക്കണമെന്നു അവർ ശമൂവേലിനോടാവശ്യപ്പെട്ടു: (1ശമൂ, 8:1-5). ശമൂവേൽ പ്രാർത്ഥിച്ചു. യഹോവ കല്പിച്ചതനുസരിച്ച് രാജനീതി എന്തായിരിക്കുമെന്നു അവരോടു പറഞ്ഞു. എങ്കിലും അവർ രാജാവിനു വേണ്ടി അപേക്ഷിക്കുകയാൽ അവർക്കൊരു രാജാവിനെ വാഴിച്ചു കൊടുക്കുന്നതിനുള്ള ദൈവകല്പന അവരെ അറിയിച്ചു: (1ശമൂ, 8:6-19). ബെന്യാമീൻ ഗോത്രത്തിൽ ധനികനായ കീശിന് ശൗൽ എന്നു പേരായ ഒരു പുത്രൻ ഉണ്ടായിരുന്നു. അവൻ കോമളനും എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനും ആയിരുന്നു. അപ്പൻ്റെ കാണാതെപോയ കഴുതകളെ അന്വേഷിച്ചൂപോയ വഴിയിൽ ശൗൽ ശമൂവേലിന്റെ അടുക്കൽ വന്നു. ശമൂവേൽ അവനെ അവനെ സ്വീകരിക്കുകയും, അവന്റെ തലയിൽ തൈലം ഒഴിച്ചു “യഹോവ തന്റെ അവകാശത്തിന് പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു” എന്നു പറയുകയും ചെയ്തു: (1ശമൂ, 10:1). ശമൂവേൽ ജനത്തെ മിസ്പയിൽ ഒന്നിച്ചുകൂട്ടി. അവിടെവച്ചു രാജാവിനായി ചീട്ടിടുകയും ചിട്ട് ശൗലിനു വീഴുകയും ചെയ്തു: (1ശമൂ, 10:17-25). ഇങ്ങനെ ശൗലിനെ ഔപചാരികമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു: (1ശമൂ, 10:17-25). അമ്മോന്യനായ നാഹോശ് യാബേശ് നിവാസികൾക്കെതിരെ യുദ്ധത്തിനൊരുങ്ങി. ഇതറിഞ്ഞ് ശൗൽ ജനത്തെ കൂട്ടി അവർക്കെതിരെ ചെന്നു, അവരെ നിശ്ശേഷം തോല്പിച്ചു. ശൗലിന്റെ രാജത്വം ഉറപ്പിക്കുകയും (11:14-15), ശമൂവേൽ ദീർഘമായ ഒരു വിടവാങ്ങൽ പ്രസംഗം നടത്തുകയും ചെയ്തു. തന്റെ ന്യായപാലന കാലത്തെക്കുറിച്ചു വളരെ വ്യക്തമായ അവകാശവാദങ്ങൾ അദ്ദേഹം നിരത്തി. എന്നാൽ പ്രവാചകനെതിരെ ഒരു വാക്കുപോലും പറയുവാൻ ആർക്കും ഇല്ലായിരുന്നു: (1ശമൂ, 12). 

ശൗൽ രാജാവായി വാണുതുടങ്ങി എങ്കിലും ശമൂവേൽ ന്യായാധിപനും പ്രവാചകനും ആയി പ്രവർത്തിച്ചു വന്നു. ശൗൽ ഫെലിസ്ത്യർക്കെതിരെ യുദ്ധത്തിലായിരുന്നു. യാഗം നടത്തുവാൻ ഗില്ഗാലിൽ ശമുവേലിനെ കാത്തിരുന്നു. എന്നാൽ ശമൂവേൽ നിശ്ചിതസമയത്തിനു വരാതിരുന്നതുകൊണ്ട് ശൗൽ ഹോമയാഗം കഴിച്ചു. അതു രാജാവിനു വിഹിതമല്ലായിരുന്നു. യാഗാർപ്പണം അവസാനിക്കും മുമ്പു തന്നെ ശമൂവേൽ വരികയും അവനെ ശാസിക്കുകയും ചെയ്തു. അവന്റെ രാജത്വം നിലനില്ക്കുകയില്ല എന്നും അതു തനിക്കു ബോധിച്ച ഒരു പുരുഷനു യഹോവ നല്കുമെന്നും ശമൂവേൽ പറഞ്ഞു: (1ശമൂ,13:1-15). ശമൂവേൽ അവനെ വിട്ടു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. അമാലേക്യരെ പൂർണ്ണമായി നശിപ്പിക്കണം എന്ന കല്പന ശൗൽ അനുസരിക്കാതെ രാജാവായ ആഗാഗിനെ രക്ഷിക്കുകയും തടിച്ച മൃഗങ്ങളെ ജീവനോടെ സൂക്ഷിക്കുകയും ചെയ്തു. ശമൂവേൽ ഇതിനു ശൗലിനെ ശാസിച്ചു. അനുസരണക്കേടു നിമിത്തം യഹോവ ശൗലിനെ ഉപേക്ഷിച്ചു എന്നു ശമൂവേൽ ശൗലിനെ അറിയിച്ചു. മടങ്ങിപ്പോകുവാൻ ഭാവിക്കുമ്പോൾ ശൗൽ ശമൂവേലിനെ അവിടെ തന്നോടു കൂടി ആരാധിക്കുവാൻ നിർബന്ധിച്ചു. ശമൂവേൽ കൂട്ടാക്കിയില്ല. ശൗൽ ബലം പ്രയോഗിച്ചു പ്രവാചകനെ പിടിച്ചു നിറുത്തുവാനൊരുങ്ങി. അതിൽ ശമൂവേലിന്റെ അങ്കി കീറിപ്പോയി. യിസ്രായേലിന്റെ രാജത്വം ഇന്നു നിങ്കൽ നിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരനു കൊടുത്തിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. പിന്നെ ആഗാഗിനെ വരുത്തി കൊന്നുകളഞ്ഞു. അവിടെ നിന്നും ശമൂവേൽ രാമയിലേക്കു പോയി. പിന്നെ ശമൂവേൽ ശൗലിനെ ജീവപര്യന്തം കണ്ടിട്ടില്ല: (1ശമൂ, 15:35). 

അനന്തരം യഹോവയുടെ കല്പനപ്രകാരം ശമൂവേൽ ബേത്ലേഹെമിൽ ചെന്നു യിശ്ശായിയുടെ ഇളയ പുത്രനായ ദാവീദിനെ രാജാവായി അഭിഷേകം ചെയ്തു: (1ശമൂ,16:1-13). ശൗൽ ക്രോധത്തിൽ ദാവീദിനെ കൊല്ലാനൊരുങ്ങി. ദാവീദ് ഓടി രാമയിൽ ചെന്നു ശമുവേലിനോടു എല്ലാം പറഞ്ഞു. പിന്നെ ദാവീദും ശമൂവേലും പുറപ്പെട്ടു നയ്യോത്തിൽ ചെന്നു പാർത്തു. ഇതറിഞ്ഞ ശൗൽ ദാവീദിനെ പിടിക്കാൻ ദൂതന്മാരെ അയച്ചു. ഒടുവിൽ ശൗൽ തന്നെ നയ്യോത്തിൽ ചെന്നു. ശൗലിന്റെ മേലും ആത്മാവു വന്നു; ശൗൽ തന്റെ കൃത്യത്തിൽ നിന്നും പിന്മാറി: (1ശമൂ, 19:18-24). ശമൂവേൽ മരിച്ചു. യിസ്രായേൽ അവനെക്കുറിച്ചു വിലപിച്ചു. രാമയിൽ അവന്റെ വീട്ടിനരികിൽ അവനെ അടക്കി: (1ശമൂ, 25:1). 

ശമൂവേൽ പ്രവാചകന്റെ സ്വഭാവത്തിൽ സവിശേഷ ശ്രദ്ധയ്ക്ക് പാത്രമാകുന്നത് അദ്ദേഹത്തിന്റെ ഭക്തിയാണ്. മാതാവ് യഹോവയുടെ ശുശ്രൂഷയ്ക്കായി ശമുവേലിനെ സമർപ്പിച്ചു. ആജീവനാന്തം അദ്ദേഹം ദൈവത്തെ സേവിച്ചു. പ്രതിസന്ധികളിലെല്ലാം യഹോവയിങ്കലേക്കു തിരിയുകയും ഉപദേശം പ്രാപിക്കുകയും ചെയ്തു. പ്രവൃത്തികളും തീരുമാനങ്ങളും എല്ലാം യഹോവയുടെ വചനത്തെ അധിഷ്ഠാനമാക്കിയായിരുന്നു. ജനക്ഷേമമായിരുന്നു തന്റെ ഭരണത്തിന്റെ ലക്ഷ്യം. സ്ഥാനവും മാനവും അധികാരവും അദ്ദേഹത്തിന്റെ പിന്നാലെ ചെല്ലുകയായിരുന്നു. തന്റെ ഉപദേശവും ശുശ്രൂഷയും ഗണിക്കാതെ ഒരു രാജാവിനെ തിരഞ്ഞെടുത്തിട്ടും പ്രവാചകൻ ജനത്തോട് ഒരതൃപ്തിയും പ്രകടിപ്പിച്ചില്ല. ഏകാധിപത്യ സ്ഥാപനത്തിൽ ഉണ്ടാകാവുന്ന ദോഷങ്ങളെക്കുറിച്ചു ജനത്തിനു മുന്നറിയിപ്പു നല്കി. തന്റെ പിൻഗാമിയായി ശൗലിനെ തിരഞ്ഞെടുത്തപ്പോൾ യാതൊരു വിദ്വേഷവും കാണിക്കാതെ വളരെ സ്നേഹത്തോടും പൈതൃകമായ വാത്സല്യത്തോടുമാണ് അദ്ദേഹം പെരുമാറിയത്. ഇത്രയും വലിയ ഹൃദയവിശാലതയ്ക്ക് ചരിത്രത്തിൽ മറ്റൊരു ദൃഷ്ടാന്തമില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ ചോദ്യം ചെയ്യപ്പെടാവുന്നതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗം ശ്രദ്ധിക്കുക: “ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു. ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാൻ വല്ലവന്റെയും കയ്യിൽ നിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിൻ; ഞാൻ അതു മടക്കിത്തരാം:” (1ശമൂ, 12:3)

ഏലി

ഏലി (Eli)

പേരിനർത്ഥം – ഉന്നതൻ

യിസ്രായേലിൻ്റെ പതിനാലാമത്തെ ന്യായാധിപനും (1ശമൂ, 4:18), അഹരോന്റെ പുത്രനായ ഈഥാമാരിൻ്റെ വംശാവലിയിൽപ്പെട്ട മഹാപുരോഹിതനും: (ലേവ്യ, 10:1,2). ഏലിയുടെ വംശപരമ്പരയിൽ പെട്ടവനാണ് അബ്യാഥാർ. അബ്യാഥാരിന്റെ പുത്രനായ അഹീമേലെക് ഈഥാമാരിന്റെ സന്തതി എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (1ദിന, 24:3; 2ശമൂ, 8:17). ഈഥാമാരിന്റെ പാരമ്പര്യത്തിൽ ആദ്യം മഹാപുരോഹിതനാകുന്നത് ഏലിയാണെന്ന് കരുതപ്പെടുന്നു. അഹരോന്റെ ഗൃഹത്തിൽ ഇളയ സന്തതിയിലൂടെ മഹാപൗരോഹിത്യക്രമം വന്നതു എങ്ങനെയെന്നു വ്യക്തമല്ല: (1ശമൂ, 2:27-30). ഏലി യിസ്രായേലിന്റെ ന്യായാധിപനും ആയിരുന്നു. പുരോഹിത ഗോത്രത്തിൽ നിന്ന് ന്യായാധിപനാകുന്ന ആദ്യത്തെ വ്യക്തിയും ഏലിയായിരുന്നു. ഏലി 40 വർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു. (1ശമൂ, 4;18).

ഏലി ശീലോവിൽ മഹാപുരോഹിതനായിരിക്കുമ്പോൾ എല്ക്കാനായുടെ ഭാര്യയായ ഹന്ന ദൈവാലയത്തിൽ ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുകയും അങ്ങനെ ലഭിച്ച ശമൂവേലിനെ ദൈവാലയ ശുശ്രൂഷയ്ക്കായി സമർപ്പിക്കുകയും ചെയ്തു: (1ശമൂ, 1:28). ഏലി പുരോഹിതനായിരിക്കുമ്പോൾ തന്നെ ദൈവം ശമൂവേലിനോടു സംസാരിച്ചു. ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവഭയം ഇല്ലാത്തവരും ദൈവമന്ദിരത്തെയും യാഗത്തെയും മാനിക്കാത്തവരും ആയിരുന്നു. ജനം അവരെ വെറുത്തു. പിതാവിന് അവരെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല: (1ശമൂ, 2:12-24). ദൈവം ഒരു പ്രവാചകനെ അയച്ചു ഏലിയുടെ കുടുംബത്തിൻ്റെ നാശം മുന്നറിയിച്ചു. ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരു ദിവസം തന്നെ മരിക്കും എന്ന മുന്നറിയിപ്പ് ഏലിക്കു നല്കി: (1ശമൂ, 2:27-36). ശമൂവേൽ പ്രവാചകനിലൂടെ മറ്റൊരു മുന്നറിയിപ്പും ദൈവം ഏലിക്കു നല്കി: (1ശമൂ, 3:11-18). യിസ്രായേല്യർ ഫെലിസ്ത്യരോടു യുദ്ധത്തിനു പുറപ്പെട്ടു. ഏബെൻ-ഏസെറിനു അരികെവച്ച് അവർ പരാജയപ്പെട്ടു. ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം പിടിച്ചെടുത്തു തങ്ങളുടെ പാളയത്തിൽ കൊണ്ടുപോയി. തുടർന്നുണ്ടായ യുദ്ധത്തിൽ യിസ്രായേല്യർ ദയനീയമായി പരാജയപ്പെടുകയും ഏലിയുടെ പുത്രന്മാർ ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടു എന്നും പുത്രന്മാർ വധിക്കപ്പെട്ടു എന്നും കേട്ടപ്പോൾ ഏലി ആസനത്തിൽ നിന്നു പുറകോട്ടു വീണ് കഴുത്തൊടിഞ്ഞു മരിച്ചു: (1ശമൂ, 4). മരിക്കുമ്പോൾ ഏലിക്ക് 98 വയസ്സ് ഉണ്ടായിരുന്നു. 

മഹാപുരോഹിതനായ ഏലിയുടെ സ്വഭാവത്തിൽ ചില നല്ല ഗുണങ്ങൾ ഉണ്ട്. ശുശ്രൂഷകളിൽ അർപ്പണ സ്വഭാവമുള്ളവനായിരുന്നു. ഹന്നയുടെ സങ്കടം എന്താണെന്നു മനസ്സിലാക്കിയപ്പോൾ അവളിൽ പ്രത്യേക താൽപര്യം കാണിക്കുകയും അവളെ അനുഗ്രഹിക്കുകയും ചെയ്തു: (1ശമൂ, 1:17; 2:20). ദൈവിക സന്ദേശത്തിന് അർഹിക്കുന്ന ആദരവു നല്കുകയും തന്റെ വീഴ്ചയുടെ പ്രവചനത്തിന്റെ മുമ്പിൽ സ്വയം താഴ്ത്തുകയും ചെയ്തു; (1ശമൂ, 3:8,18). പെട്ടകം പിടിക്കപ്പെട്ടു എന്നു കേട്ടപ്പോൾ പുരോഹിതൻ പെട്ടെന്നു വീണു മരിച്ചു. ദൈവത്തെക്കുറിച്ചും ദൈവത്തിൻ്റെ പെട്ടകത്തെക്കുറിച്ചും എത്രത്തോളം ചിന്തയും ഉത്കണ്ഠയും ഏലിക്കുണ്ടായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. വളരെ ശ്രദ്ധയോടും നീതിയോടും കൂടെ ഏലി ന്യായപാലനം നടത്തി. എന്നാൽ പുത്രന്മാരുടെ കാര്യത്തിൽ മുഖപക്ഷം കാണിച്ചു. ഒരു പിതാവെന്ന നിലയിൽ പുരോഹിതപദവിക്കു യോഗ്യമല്ലാത്ത രീതിയിൽ പുത്രന്മാരെ സ്നേഹിക്കുകയും അവരുടെ തെറ്റുകളെ അവഗണിക്കുകയും ചെയ്തു. മക്കളെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല. അതിന്റെ ഫലമായിരുന്നു ഏലിക്കു നേരിട്ട ദുരന്തം. അതായിരുന്നു ഏലിയുടെ സ്വഭാവത്തിലെ ഏററവും ഇരുളടഞ്ഞ അംശം. 

ഏലിയുടെ മരണശേഷം അല്പകാലത്തേയ്ക്ക് അനന്തരഗാമികൾ നോബിൽ പുരോഹിതന്മാരായിരുന്നു: (1ശമൂ, 14:3; 22:9-11) ദൈവപുരുഷന്റെ ശാപം രണ്ടുഘട്ടമായി നിറവേറി. ഒന്നാമതായി നോബിലെ പുരോഹിതന്മാരുടെ കൂട്ടക്കൊല നടന്നു: (1ശമൂ, 22:9-20). രണ്ടാമതായി ആ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട അബ്യാഥാരിനെ ശലോമോൻ സ്ഥാനഭ്രഷ്ടനാക്കി. അങ്ങനെ ഏലിയുടെ വംശം നാമാവശേഷമായി.

ശിംശോൻ

ശിംശോൻ (Samson)

പേരിനർത്ഥം – ചെറുസുര്യൻ

യിസ്രായേലിലെ പതിമൂന്നാമത്തെ ന്യായാധിപൻ. ദാൻ ഗോത്രജനാണ്. ഏലിക്ക് മുമ്പുള്ള അവസാനത്തെ ന്യായാധിപൻ. മധ്യധരണ്യാഴിക്കും യെരുശലേമിനും ഇടയ്ക്കുള്ള സോരായിലാണ് ശിംശോൻ ജനിച്ചത്. ശിംശോന്റെ ജനനത്തെക്കുറിച്ചു വന്ധ്യയായിരുന്ന അമ്മയോട് യഹോവയുടെ ദൂതൻ മുൻകൂട്ടി അറിയിച്ചു. അവൾക്കൊരു മകൻ ജനിക്കുമെന്നും അവൻ ജനനം മുതൽ യഹോവയ്ക്ക് നാസീർ ആയിരിക്കണമെന്നും, അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽ നിന്ന് രക്ഷിക്കുമെന്നും ദൂതൻ അറിയിച്ചു. ദൈവാത്മാവ് ശിംശോന്റെ മേൽ വന്നതുകൊണ്ടാണ് അമാനുഷമായ പ്രവൃത്തികൾ ചെയ്യുവാൻ ശിംശോൻ ശക്തനായത്. 

ശിംശോൻ ജനിച്ച കാലത്ത് നാല്പതു വർഷമായി യിസ്രായേൽ ഫെലിസ്ത്യരുടെ പീഡനം അനുഭവിക്കുകയായിരുന്നു. “ബാലൻ വളർന്നു, യഹോവ അവനെ അനുഗ്രഹിച്ചു. സോരെക്കും എസ്തായോലിനും മധ്യേയുള്ള മഹനേ-ദാനിൽ വച്ചു യഹോവയുടെ ആത്മാവ് അവനെ ഉദ്യമിപ്പിച്ചു തുടങ്ങി:” (ന്യായാ, 13:24,25). ശിംശോൻ വികാരത്തിനടിമയായിരുന്നു. മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് തിമ്നയിലെ ഫെലിസ്ത്യ കന്യകയെ വിവാഹം കഴിച്ചു. വിവാഹ വിരുന്നിൽ, വിരുന്നു നീണ്ടു നില്ക്കുന്ന ഏഴു ദിവസത്തിനുള്ളിൽ ഒരു കടങ്കഥയ്ക്ക മറുപടി പറയുമെങ്കിൽ മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും കൊടുക്കാമെന്നു ശിംശോൻ പറഞ്ഞു. ഫെലിസ്ത്യർ ശിംശോന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി അവളിൽ നിന്നു കടങ്കഥയുടെ ഉത്തരം മനസ്സിലാക്കി. താൻ കബളിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ പ്രതികാരമായി അസ്കലോനിലെ മുപ്പതു ഫെലിസ്ത്യരെ കൊന്നു, അവരുടെ വസ്ത്രം കൊണ്ടുവന്നു കടം വീട്ടിയവർക്ക് കൊടുത്തു. ഭാര്യയെ കൂടാതെ ശിംശോൻ വീട്ടിലേക്കു മടങ്ങി. വീണ്ടും മടങ്ങിവന്നപ്പോൾ പിതാവ് മകളെ മറ്റാർക്കോ വിവാഹം ചെയ്തു കൊടുത്തതായി കണ്ടു. പകരം അവളുടെ സഹോദരിയെ ശിംശോനു ഭാര്യയായി കൊടുക്കാമെന്നു പറഞ്ഞു. ക്രോധാവേശത്തിൽ ശിംശോൻ മുന്നൂറ് കുറുക്കന്മാരെ പിടിച്ച് വാലോടുവാൽ ചേർത്തു പന്തംവച്ചു കെട്ടി, പന്തത്തിൽ തീ കൊളുത്തി കുറുക്കന്മാരെ ഫെലിസ്ത്യരുടെ വിളവിനിടയിൽ വിട്ടു അവയൊക്കെയും നശിപ്പിച്ചു. ഫെലിസ്ത്യർ ശിംശോന്റെ ഭാര്യയെയും അവളുടെ അപ്പനെയും തീയിൽ ഇട്ടു ചുട്ട് പ്രതികാരം ചെയ്തു. കുപിതനായ ശിംശോൻ ഫെലിസ്ത്യരെ അടിച്ചു നശിപ്പിച്ച ശേഷം ഏതാം പാറയുടെ ഗഹ്വരത്തിൽ പോയി പാർത്തു. 

ഫെലിസ്ത്യർ യെഹൂദ ആക്രമിച്ചു. ശിംശോനെ വിട്ടു കൊടുക്കുവാൻ അവർ ആവശ്യപ്പെട്ടു. ഫെലിസ്ത്യരെ ഏല്പിക്കുവാൻ വേണ്ടി യെഹൂദാ പുരുഷന്മാർ ശിംശോനെ പിടിച്ചു കെട്ടി കൊണ്ടുപോയി. ഇതു കണ്ടപ്പോൾ ഫെലിസ്ത്യർ ആർത്തു. ഉടൻ യഹോവയുടെ ആത്മാവു ശിംശോന്റെ മേൽവന്നു തന്നെ ബന്ധിച്ചിരുന്ന കയർ ശിംശോൻ പൊട്ടിച്ചു. ഒരു കഴുതയുടെ പച്ചത്താടിയെല്ലു കൊണ്ടു ആയിരം ഫെലിസ്ത്യരെ കൊന്നു: (ന്യായാ, 15:15). പിന്നീടു ശിംശോൻ ഗസ്സയ്ക്കു ചെന്നു ദെലീല എന്ന വേശ്യയെ സ്നേഹിച്ചു. ഫെലിസ്ത്യർ അവളെ വശത്താക്കി, ശിംശോന്റെ ശക്തിയുടെ രഹസ്യം മനസ്സിലാക്കി. ദലീലയുടെ മടിയിൽ ഉറങ്ങിയപ്പോൾ അവൾ അവന്റെ ജട കളയുകയും നാസീർ വ്രതസ്ഥനായ അവന്റെ ശക്തി നഷ്ടപ്പെടുകയും ചെയ്തു: (ന്യായാ, 16:19). ഫെലിസ്ത്യർ ശിംശോനെ ബന്ധിച്ചു കണ്ണ് പൊട്ടിച്ച് ഗസ്സയിലേക്കു കൊണ്ടുപോയി. അവിടെ ശിംശോനെ കാരാഗൃഹത്തിൽ ആക്കി മാവു പൊടിക്കുവാൻ ഏല്പ്പിച്ചു. 

ശിംശോൻ എത്രകാലം ബന്ധനത്തിലായിരുന്നു എന്നു അറിയില്ല. ദാഗോന്റെ ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ പുരുഷാരത്തിന്റെ മുമ്പിൽ ശിംശോനെ കൊണ്ടു കളിപ്പിക്കുവാൻ ഫെലിസ്ത്യർ തീരുമാനിച്ചു. ക്ഷേത്രം പുരുഷാരം കൊണ്ടു നിറഞ്ഞു. കളി കാണുന്നതിനു മൂവായിരം പേർ മാളികയിൽ ഉണ്ടായിരുന്നു. തന്റെ കണ്ണിനു വേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്യുവാൻ ശക്തി നല്കണമെന്നു ശിംശോൻ ദൈവത്തോടു അപേക്ഷിച്ചു: (ന്യായാ, 16:28). ആ മന്ദിരത്ത താങ്ങിനിർത്തിയിരുന്ന രണ്ടു തൂണുകൾക്കു മദ്ധ്യ വിശ്രമിക്കുവാൻ അനുവദിക്കുന്നതിനു ബാല്യക്കാരനോടു ആവശ്യപ്പെട്ടു. രണ്ടു തൂണുകളെയും കൈകൾ കൊണ്ടു പിടിച്ചു ശിംശോൻ കുനിഞ്ഞു. ക്ഷേത്രം വീണു ശിംശോനോടൊപ്പം ക്ഷേത്രത്തിലുണ്ടായിരുന്നവർ എല്ലാം മരിച്ചു. ഇങ്ങനെ ജീവിച്ചിരുന്നപ്പോൾ കൊന്നതിനെക്കാൾ കൂടുതലായിരുന്നു മരിച്ചപ്പോൾ കൊന്നത്. ആത്മസംയമനം ഇല്ലാത്ത ഒരു വ്യക്തിയായിരുന്നു ശിംശോൻ. തന്മൂലം യിസ്രായേലിനു ഒരു സ്ഥിരമായ മോചനം നല്കുവാൻ ശിംശോനു കഴിഞ്ഞില്ല. ദൗർബ്ബല്യങ്ങൾ കണക്കാക്കാതെ ശിംശോനെ വിശ്വാസവീരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്: (എബ്രാ, 11:32).

അബ്ദോൻ

അബ്ദോൻ (Abdon)

പേരിനർത്ഥം – പാദസേവ ചെയ്യുന്നവൻ

യിസ്രായേലിലെ പന്ത്രണ്ടാമത്തെ ന്യായാധിപൻ. എഫ്രയീമിലെ പിരാഥോന്യനായ അബ്ദോൻ ഹില്ലേലിന്റെ മകനായിരുന്നു. എട്ടുവർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു. 70 കഴുതപ്പുറത്തു കയറി ഓടിക്കുന്ന 40 പുത്രന്മാരും 30 പൗത്രന്മാരും അവനുണ്ടായിരുന്നു: (ന്യായാ, 12:13-15). എഫ്രയീമിലെ പിരാഥോനിൽ അബ്ദോനെ അടക്കം ചെയ്തു. അബ്ദോന്റെ ഭണകാലം സമാധാനപൂർണ്ണമായിരുന്നു എന്നു ജൊസീഫസ് പറയുന്നു.

ഏലോൻ

ഏലോൻ (Elon)

പേരിനർത്ഥം – കരുവേലകം

യിസ്രായേലിൻ്റെ പതിനൊന്നാമത്തെ ന്യായാധിപൻ. ഏലോൻ യിസ്രായേലിൽ പത്ത് സംവത്സരം ന്യായപാലനം ചെയ്തു. അതിൻ്റെശേഷം ഏലോൻ മരിച്ചു. സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ ഇയാളെ അടക്കം ചെയ്തു: (ന്യായാ, 12:11,12).

ഇബ്സാൻ

ഇബ്സാൻ (Ibzan)

പേരിനർത്ഥം – ഗംഭീരം

യിസ്രായേലിലെ പത്താമത്തെ ന്യായാധിപൻ: (ന്യായാ, 12:8-10). യിഫ്താഹിനുശേഷം യിസ്രായേലിന് ഏഴു വർഷം ന്യായപാലനം ചെയ്തു. ഇബ്സാൻ വലിയ സമ്പന്നനായിരുന്നു. അവന് മുപ്പതു പുത്രന്മാരും മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു. ഇബ്സാൻ ബേത്ലേഹെമ്യനായിരുന്നു. ഈ ബേത്ലേഹെം സെബൂലുനിലെ ബേത്ലേഹെമാണ്; യെഹൂദ്യയിലെ ബേത്ലേഹെം അല്ല.

യിഫ്താഹ്

യിഫ്താഹ് (Jephthah)

പേരിനർത്ഥം – അവൻ തുറക്കും

യിസ്രായേലിലെ ഒമ്പതാമത്തെ ന്യായാധിപൻ. ഗിലെയാദ് ദേശത്തിലെ ഗിലെയാദിനു ഒരു വേശ്യയിൽ ജനിച്ച പുത്രനാണ് യിഫ്താഹ്. അവിഹിതജനനം നിമിത്തം കുടുംബഭ്രഷ്ടനും ദേശഭ്രഷ്ടനും ആയിത്തീർന്നു. തോബ് ദേശത്തു ചെന്നു തന്നെപ്പോലെ നിസ്സാരന്മാരായ ആളുകളെ സംഘടിപ്പിച്ചു അവരുടെ നായകനായി: (ന്യായാ, 11:1-3). അമ്മോന്യരും യിസ്രായേല്യരുമായി യുദ്ധം ഉണ്ടായപ്പോൾ തങ്ങൾക്കു സ്വീകാര്യനായ നേതാവായി യിസ്രായേല്യർ യിഫ്താഹിനെ വിളിച്ചു. തന്നോടു മോശമായി പെരുമാറിയതിനാൽ ഈ ക്ഷണം യിഫ്താഹ് ആദ്യം നിരസിച്ചു. യുദ്ധം തീർന്നതിനു ശേഷവും തന്നെ നേതാവായി സ്വീകരിക്കുമെന്നു ഉറപ്പു വാങ്ങിയ ശേഷം യിഫ്താഹ് യിസ്രായേല്യരുടെ നേതൃത്വം ഏറ്റെടുത്തു. അമ്മോന്യരുമായി സമാധാനമായി കഴിയുവാനുള്ള ശ്രമം പരാജയപ്പെട്ടതിനു ശേഷമാണ് യിഫ്താഹ് യുദ്ധത്തിനൊരുമ്പെട്ടത്. യഹോവയുടെ ആത്മാവ് യിഫ്താഹിന്റെ മേൽ വന്നു. അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ വീട്ടിന്റെ വാതില്ക്കൽ നിന്നു തന്നെ എതിരേറ്റു വരുന്നതിനെ യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കും എന്നു യിഫ്താഹ് പ്രതിജ്ഞ ചെയ്തു. അമ്മോന്യരെ ജയിച്ചു മടങ്ങിവന്നപ്പോൾ യിഫ്താഹിനെ എതിരേറ്റു വന്നത് തന്റെ ഏകമകൾ ആയിരുന്നു: (ന്യായാ, 11:4-33). 

തുടർന്നു എഫ്രയീമ്യരുമായി കലഹമുണ്ടായി. തങ്ങളുടെ അനുവാദം കൂടാതെ യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്യാൻ പോയതിനെ എഫ്രയീമ്യർ ചോദ്യം ചെയ്തു. “ഞങ്ങൾ നിന്നെ വീട്ടിനകത്തിട്ടു ചുട്ടുകളയും” എന്നു അവർ ഭീഷണി മുഴക്കി. ഗിലെയാദ്യരെ കൂട്ടിച്ചേർത്തു യിഫ്താഹ് എഫ്രയീമ്യരോടു യുദ്ധം ചെയ്ത അവരെ തോല്പിച്ചു. എഫ്രയീം ഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ ഗിലെയാദ്യർ പിടിച്ചു. എഫ്രയീമ്യരിൽ 42,000 പേർ വീണു. യിഫ്താഹ് ആറു വർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു. ഗിലെയാദ്യ പട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കം ചെയ്തു: (ന്യായാ, 12:1-7). എബ്രായ ലേഖനത്തിലെ വിശ്വാസ വീരന്മാരുടെ പട്ടികയിൽ യിഫ്താഹും ഉണ്ട്: (എബ്രാ, 11:32). 

യിഫ്താഹ് തന്റെ മകളെ യാഗം കഴിച്ചുവോ ഇല്ലയോ എന്നതു വിവാദഗ്രസ്തമായ വിഷയമാണ്. താൻ നേർന്നതുപോലെ യിഫ്താഹ് മകളെ ഹോമയാഗം കഴിച്ചു എന്നു പലരും കരുതുന്നു: (ന്യായാ, 11:3-39). എന്നാൽ ലേവ്യപുസ്തകത്തിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ പണം കൊടുത്തു അവളെ വീണ്ടെടുത്തു ജീവപര്യന്തം കന്യകയായിരിക്കുവാൻ സമർപ്പിച്ചു എന്നു മറ്റു ചിലർ കരുതുന്നു.

1. എന്റെ വീട്ടുവാതില്ക്കൽ നിന്നു എന്നെ എതിരേറ്റു വരുന്നതിനെ ഞാൻ ഹോമയാഗമായി അർപ്പിക്കും എന്നു യിഫ്താഹ് നേരുകയും അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്യുകയും ചെയ്തു: (11:31, 39). 

2. നരബലി പരിചിതമായിരുന്ന പുറജാതികളുടെ ഇടയിൽ അവരെപ്പോലെയാണ് യിഫ്താഹ് ജീവിച്ചിരുന്നത്. 

3. ആണ്ടുതോറും കന്യകമാർ യിഫ്താഹിന്റെ മകൾക്കു വേണ്ടി നാലു ദിവസം കീർത്തിപ്പാൻ പോകുന്നതു അവൾ യാഗമായതുകൊണ്ടാണ്. 

4. യിഫ്താഹിന്റെ പ്രവൃത്തിയെ ദൈവം അംഗീകരിച്ചതായി പറഞ്ഞിട്ടുമില്ല. ഇവയാണ് യിഫ്താഹ് മകളെ യാഗം കഴിച്ചു എന്ന വാദത്തിനനുകൂലമായ പ്രധാന തെളിവുകൾ. 

ഈ വാദത്തെ നിരാകരിക്കുന്നവർ താഴെപ്പറയുന്ന ന്യായങ്ങൾ ചൂണ്ടിക്കാണിക്കുന്നു: 

1. കുഞ്ഞുങ്ങളെ ബലി കഴിക്കുന്നത് ന്യായപ്രമാണം വിലക്കിയിട്ടുണ്ട്. അത് യഹോവയ്ക്ക് അറെപ്പാണ്: (ലേവ്യ, 18:21; 20:2-5; ആവ, 12:31; 18:10). 

2. ഇപ്രകാരമുള്ള ബലിക്കു ഒരു മുൻമാതൃകയുമില്ല. ആഹാസ് രാജാവിന്റെ കാലത്തിനു മുമ്പു ഏതെങ്കിലും യിസ്രായേല്യൻ നരബലിയർപ്പിച്ചതായി ഒരു രേഖയുമില്ല. 

3. കുറ്റം ചെയ്യുന്ന കുഞ്ഞിനെപ്പോലും ഒരു പിതാവു മരണശിക്ഷയ്ക്കു ഏല്പിക്കുകയില്ല. യിഫ്താഹിന്റെ മകളാകട്ടെ നിഷ്ക്കളങ്കയും: (ആവ, 21:18-21; 1ശമൂ, 14:24-45). 

4. അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു എന്നു പറഞ്ഞശേഷം അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല എന്നു പറയുന്നു. അവളെ മരണത്തിനേല്പിച്ചിരുന്നുവെങ്കിൽ ഈ പ്രസ്താവന നിരർത്ഥകമാണ്. കന്യാത്വത്തിന് അവളുടെ ജീവിതം സമർപ്പിക്കപ്പെട്ടു എന്നാണ് അതു ചൂണ്ടിക്കാണിക്കുന്നത്. ദൈവാലയ ശുശ്രൂഷയ്ക്കുവേണ്ടി തങ്ങളെത്തന്നെ സമർപ്പിച്ചിരുന്ന സ്ത്രീകളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്: (പുറ, 38:8; 1ശമൂ, 2:22; ലൂക്കൊ, 2:37). ഈ സമർപ്പിതകളോടൊപ്പം യിഫ്താഹിന്റെ പുത്രിയും വേർതിരിക്കപ്പെട്ടു. യിസ്രായേലിലെ കന്യകകൾ വർഷംതോറും അവളുടെ കന്യാത്വത്തെ പ്രകീർത്തിക്കുവാൻ പോയി എന്നതു അവളെ ബലിയർപ്പിച്ചില്ല എന്നതിനു തെളിവാണ്. 

5. തന്റെ മകൾക്കു സംഭവിപ്പാൻ പോകുന്ന മരണത്തെക്കുറിച്ചല്ല അവളുടെ കന്യാത്വത്തെക്കുറിച്ചു വിലപിക്കുവാനാണ് രണ്ടു മാസം നല്കിയത്: (ന്യായാ, 11:37,38).

യായീർ

യായീർ (Jair)

പേരിനർത്ഥം – പ്രബുദ്ധൻ

യിസ്രായേലിലെ എട്ടാമത്തെ ന്യായാധിപൻ; ഇരുപത്തിരണ്ടു വർഷം ന്യായപാലനം ചെയ്തു: (ന്യായാ, 10:3-5). യായീരിനു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു. അവരുടെ അവകാശത്തിൽ മുപ്പതു ഊരുകളും ഉണ്ടായിരുന്നു. അവയ്ക്ക് ഹവ്വോത്ത്–യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ് ദേശത്തു ആകുന്നു. യായീർ മരിച്ചപ്പോൾ അവനെ കാമോനിൽ അടക്കി. 

തോലാ

തോലാ (Tola)

പേരിനർത്ഥം – പുഴു

യിസ്സാഖാർ ഗോത്രജനായ പൂവാവിന്റെ മകൻ: (ന്യായാ, 10:1,2). ഗിദെയോനു വെപ്പാട്ടിയിൽ ജനിച്ച പുത്രനായ അബീമേലെക്കിനുശേഷം തോലാ യിസ്രായേലിൻ്റെ രക്ഷകനായി എഴുന്നേറ്റു. എഫ്രയീം നാട്ടിലെ ശാരീരിൽ പാർത്തിരുന്നു. യിസ്രായേലിന് 23 വർഷം ന്യായപാലനം ചെയ്തശേഷം മരിച്ചു. ശാരീരിൽ അവനെ അടക്കി.

ഗിദെയോൻ

ഗിദെയോൻ (Gideon)

പേരിനർത്ഥം – വെട്ടുകാരൻ

യിസ്രായേലിന്റെ ആറാമത്തെ ന്യായാധിപൻ. മനശ്ശെ ഗോത്രത്തിൽ അബിയേസ്ര്യ കുടുംബത്തിൽ യോവാശിൻറ മകൻ: (ന്യായാ, 6:11). യോർദ്ദാനക്കരെ ഗിലെയാദിലെ ഒഫ്രയിൽ പാർത്തിരുന്നു. യിസ്രായേൽ മക്കൾ യഹോവയ്ക്ക് അനിഷ്ടമായതു പ്രവർത്തിച്ചതുകൊണ്ടു യഹോവ അവരെ ഏഴുവർഷം മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചു. മിദ്യാന്യർ നിമിത്തം യിസ്രായേല്യർ പർവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ശരണമാക്കി. മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും വന്ന് യിസ്രായേല്യരുടെ വിള നശിപ്പിക്കുകയും ആട് കാള കഴുത എന്നിവയെ കൊണ്ടുപോകുകയും ചെയ്തു: (ന്യായാ, 6:1-6). ഇങ്ങനെ യിസ്രായേൽ ഏറ്റവും ക്ഷയിച്ചിരുന്ന കാലത്ത് ഗിദെയോൻ മുന്തിരിച്ചക്കിന്നരികെ വച്ച് കോതമ്പ് മെതിക്കുകയായിരുന്നു: (ന്യായാ, 6:11). യഹോവയുടെ ദൂതൻ ഗിദെയോനു പ്രത്യക്ഷപ്പെട്ട് “അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടു കൂടെ ഉണ്ട്” എന്നറിയിച്ചു. അതിനു ഗിദയോൻ; “അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു” എന്നു നിരാശാപൂർണ്ണമായ മറുപടി നല്കി. യഹോവ അവനെ യിസ്രായേലിനെ രക്ഷിക്കുവാൻ നിയോഗിച്ചു. എന്നാൽ അത് അസാദ്ധ്യമാകയാൽ യഹോവയുടെ സഹായം ഉണ്ടെന്നതിൻ്റെ ഉറപ്പിനായി സ്വർഗ്ഗത്തിൽ നിന്നൊരടയാളം ഗിദെയോൻ ആവശ്യപ്പെട്ടു. അവനടയാളം ലഭിച്ചു. ഗിദെയോൻ അർപ്പിച്ച കോലാട്ടിൻ കുട്ടിയുടെ മാംസത്തെയും പുളിപ്പില്ലാത്ത വടയെയും യഹോവയുടെ ദൂതൻ വടിയുടെ അറ്റം കൊണ്ടു തൊട്ടപ്പോൾ പാറയിൽ നിന്നു അഗ്നി പുറപ്പെട്ടു അതിനെ ദഹിപ്പിച്ചു. ഗിദെയോൻ പരിഭ്രമിച്ചു എങ്കിലും യഹോവ അവനെ ആശ്വസിപ്പിച്ചു. ഗിദെയോൻ ഒരു യാഗപീഠം നിർമ്മിച്ച് അതിനു “യഹോവ ശലോം” എന്നു പേരിട്ടു: (ന്യായാ, 6:1-24). 

അനന്തരം ഗിദെയോൻ പിതൃഭവനത്തെ ശുദ്ധീകരിച്ചു. ബാലിന്റെ ബലിപീഠം ഇടിക്കുകയും അശേരാപ്രതിഷ്ഠ വെട്ടിക്കളകയും ചെയ്തു. തുടർന്നു യഹോവയ്ക്ക് യാഗപീഠം പണിതു. അപ്പൻ്റെ ഏഴുവയസ്സു പ്രായമുള്ള രണ്ടാമത്തെ കാളയെ യഹോവയ്ക്ക് യാഗം കഴിച്ചു. പട്ടണവാസികൾ ഗിദെയോനെതിരെ തിരിഞ്ഞ് അവനെ കല്ലെറിയാനൊരുങ്ങി. ബാൽതന്നെ ഇവൻറ നേരെ വ്യവഹരിക്കട്ടെ എന്ന് പിതാവായ യോവാശ് പറഞ്ഞു. അങ്ങനെ അവനു യെരൂബ്ബാൽ എന്നു പേരായി: (ന്യായാ, 6:32). മിദ്യാന്യരും കൂട്ടരും ഒരിക്കൽ കൂടി യിസ്രായേലിനെ ആക്രമിച്ചു. യഹോവയുടെ ആത്മാവ് ഗിദയോൻ മേൽവന്നു. മനശ്ശെ, ആശേർ, സെബൂലൂൻ, നഫ്താലി എന്നീ ഗോത്രങ്ങളിൽ നിന്നും ഒരു സൈന്യം ശേഖരിച്ചു. വിജയസൂചകമായി ഒരടയാളം ഗിദെയോൻ ദൈവത്തോടു ചോദിച്ചു. താൻ നിലത്തിടുന്ന ആട്ടിൻതോൽ മഞ്ഞിനാൽ നിറഞ്ഞിരിക്കണമെന്നും ചുറ്റുമുള്ള നിലം ഉണങ്ങിയിരിക്കണമെന്നും ഗിദെയോൻ ആവശ്യപ്പെട്ടു. പിറ്റേദിവസം രാവിലെ തോൽ പിഴിഞ്ഞപ്പോൾ ഒരുകിണ്ടി മഞ്ഞു വെളളം ലഭിച്ചു. പിറ്റേ ദിവസം ഈ അത്ഭുതം മറിച്ചു സംഭവിക്കണമെന്നു ഗിദെയോൻ അപേക്ഷിച്ചു. അതനുസരിച്ചു മണ്ണു നനഞ്ഞും ആട്ടിൻതോൽ ഉണങ്ങിയും ഇരുന്നു: (ന്യായാ, 6:36-40). 

വിജയനിശ്ചയത്തോടുകൂടി ഗിദെയോൻ മിദ്യാന്യർക്കെതിരെ പുറപ്പെട്ടു, ജെസ്രീൽ താഴ്വരയിൽ ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി. ശത്രുക്കൾ 135000 ഉണ്ടായിരുന്നു; യിസ്രായേൽ സൈന്യമാകട്ടെ 32000-ഉം. ഈ സൈന്യത്തിൽനിന്നും ഭീരുക്കൾ പിന്മാറുവാൻ ഗിദെയോൻ ആവശ്യപ്പെട്ടു. അതനുസരിച്ച് 22000 പേർ പിൻവാങ്ങി. പതിനായിരം പേർ ശേഷിച്ചു. എന്നാൽ അതും കൂടുതലാകയാൽ അവരെ വെള്ളത്തിലിറക്കി പരിശോധിക്കുവാൻ യഹോവ ആവശ്യപ്പെട്ടു. പട്ടിയെപ്പോലെ മുട്ടുകുത്തി വെള്ളം നക്കിക്കുടിച്ചവരെ ഉപേക്ഷിച്ചു. കൈ വായ്ക്കുവച്ചു നക്കിക്കുടിച്ചവരെ സ്വീകരിച്ചു. അവർ മുന്നൂറു പേർ ആയിരുന്നു. യഹോവയുടെ കല്പന അനുസരിച്ച് ഗിദെയോനും ബാല്യക്കാരനായ പൂരയും കൂടി രാത്രി പാളയത്തിലേക്കിറങ്ങിച്ചെന്നു. അപ്പോൾ ഒരുവൻ ഒരുവനോടു തന്റെ സ്വപ്നം പറയുന്നതു ഗിദെയോൻ കേട്ടു. ഒരു യവത്തപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു ചെന്നു കൂടാരത്തെ തള്ളിയിട്ടു എന്നായിരുന്നു സ്വപ്നം. ഈ സ്വപ്നവും ഗിദെയോനു ധൈര്യം നല്കി. മുന്നൂറു പേരെയും മൂന്നു ഗണമായി തിരിച്ചു. ഓരോരുത്തർക്കും കാഹളവും ഒഴിഞ്ഞ കുടവും കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു. സൈന്യം മുന്നേറുമ്പോൾ ജ്വലിക്കുന്ന പന്തത്തെ മറയ്ക്കുവാനായിരുന്നു കുടം. അവർ കാഹളം ഊതി കുടം ഉടച്ചു. ശബ്ദവും പന്തത്തിൻ്റെ പെട്ടെന്നുള്ള പ്രകാശവും ഗിദെയോൻ സൈന്യത്തിന്റെ എണ്ണം തെറ്റിദ്ധരിക്കാൻ കാരണമായി. മിദ്യാന്യരെ അവർ പൂർണ്ണമായി പരാജയപ്പെടുത്തി. യിസ്രായേല്യർ അവരെ പിന്തുടർന്നു നശിപ്പിച്ചു; രണ്ടുപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും കൊന്നു, അവരുടെ തലകളെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു. ഈ പ്രവൃത്തി ഗിദെയോന്റെ നേതൃത്വം അവർ അംഗീകരിച്ചതിന്റെ അടയാളമാണ്. മിദ്യാന്യരെ പിന്തുടരുമ്പോൾ സുക്കോത്തിലെയും പെനുവേലിലെയും ആളുകൾ യിസ്രായേല്യർക്കു സഹായം നിരസിച്ചു. മടങ്ങിവന്നപ്പോൾ ഗിദെയോൻ രണ്ടു സ്ഥലങ്ങളെയും നശിപ്പിച്ചു: (ന്യായാ, 8:4-17). സേബഹിനോടും സൽമുന്നയോടും ‘നിങ്ങൾ താബോരിൽ വച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു” എന്നു ഗിദെയോൻ ചോദിച്ചു. നിന്നെപ്പോലെ ഓരോരുത്തൻ രാജകുമാരനു തുല്യൻ ആയിരുന്നു എന്നു ഉത്തരം പറഞ്ഞു. സ്വന്തം സഹോദരന്മാരായ അവരെ കൊന്നതു കൊണ്ടു ഗിദയോൻ ഇരുവരെയും കൊന്നു: (8:18-21). 

മിദ്യാന്യരുടെ കയ്യിൽനിന്നും തങ്ങളെ രക്ഷിച്ചതുകൊണ്ട് ഗിദെയോൻ തങ്ങൾക്കു രാജാവായിരിക്കണമെന്നു യിസ്രായേല്യർ ഗിദയോനോടപേക്ഷിച്ചു. ഇവിടെ യിസ്രായേല്യർ 6:35-ൽ പറഞ്ഞിട്ടുള്ള ഉത്തരഗോത്രങ്ങൾ മാത്രമാണ്. ഗിദെയോൻ ആ അപേക്ഷ തിരസ്കരിച്ചു: (8:23). ഗിദെയോൻ ആളുകളുടെ കയ്യിൽനിന്നും സ്വർണ്ണത്തിലുളള കർണ്ണാഭരണങ്ങൾ വാങ്ങി. അത് ഉദ്ദേശം 1700 ശേക്കെൽ ഉണ്ടായിരുന്നു. ഈ സ്വർണ്ണം കൊണ്ട് ഒരു ഏഫോദുണ്ടാക്കി ഒഫ്രയിൽ പ്രതിഷ്ഠിച്ചു. അതു ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കണിയായിത്തീർന്നു: (8:27). അവർ അതിനെ പൂജാവസ്തുവാക്കി മാറ്റി. ഗിദെയോൻ്റെ കാലത്തു ദേശത്തിന് നാല്പതു വർഷം സ്വസ്ഥത ലഭിച്ചു. ഗിദെയോനു പല ഭാര്യമാരിലായി എഴുപതു പുത്രന്മാരും വെപ്പാട്ടിയിൽ അബീമേലെക്ക് എന്നൊരുവനും ജനിച്ചു. ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു. ഒഫ്രയിൽ പിതാവിന്റെ കല്ലറയിൽ അവനെ അടക്കി. മശീഹായിലൂടെ ലഭിക്കുന്ന വിടുതലിന്റെ ഉദാഹരണമായി യെശയ്യാപ്രവാചകൻ ഗിദെയോൻ്റെ മിദ്യാന്യവിജയം ചൂണ്ടിക്കാണിച്ചു: (യെശ, 9:4). എബായലേഖനത്തിലെ വിശ്വാസവീരന്മാരുടെ പട്ടികയിൽ ഗിദെയോനും സ്ഥാനം പിടിച്ചു: (എബ്രാ, 11:32).