ബെർന്നീക്ക

ബെർന്നീക്ക (Bernice)

പേരിനർത്ഥം — വിജയിനി

ഹെരോദാ അഗ്രിപ്പാ ഒന്നാമന്റെ മൂത്തമകൾ. ജനനം എ.ഡി. 28-ൽ. ഇവളുടെ സഹോദരിയാണ് ദ്രുസില്ല. അലക്സാണ്ട്രിയയിലെ ഒരു ഉദ്യോഗസ്ഥനായ അലക്സാണ്ടറുടെ പുത്രനായ മാർക്കസ് ആയിരുന്നു ഇവളുടെ ആദ്യഭർത്താവ്. അയാൾ മരിച്ചപ്പോൾ ബവന്നീക്കയെ പിതൃസഹോദരനായ ഖല്ക്കീസിലെ ഹെരോദാവ് വിവാഹം ചെയ്തു. ഈ ബന്ധത്തിൽ അവർക്ക് രണ്ടു പുത്രന്മാർ ജനിച്ചു. എ.ഡി. 48-ൽ ഹെരോദാവ് മരിച്ചു. അതിനുശേഷം സ്വന്തം സഹോദരനായ അഗ്രിപ്പാ രണ്ടാമനോടൊത്തു അപമാനകരമായ ജീവിതം നയിച്ചു. ഈ ദുഷ്കീർത്തി ഒഴിവാക്കാനായി തന്റെ സമ്പത്തിന്റെ പ്രതാപത്തിൽ കിലിക്യയിലെ രാജാവായ പൊലെമോനെ അവൾ വിവാഹം കഴിച്ചു. ഏറെ താമസിയാതെ പൊലെമോനെയും ഉപേക്ഷിച്ചു സ്വന്ത സഹോദരനോടൊത്തുള്ള ജീവിതം വീണ്ടും തുടർന്നു. യെഹൂദ്യയിലെ ദേശാധിപതിയായി ഫെസ്തൊസിനെ നിയമിച്ചപ്പോൾ അഗ്രിപ്പാ രണ്ടാമനോടുകൂടി അവൾ ഫെസ്തൊസിനെ സന്ദർശിച്ചു. (പ്രവൃ, 25:13-26). അനന്തരം വെസ്പേഷ്യൻ്റെയും അവന്റെ പുത്രനായ തീത്തൊസിൻ്റെയും വെപ്പാട്ടിയായി തുടർന്നു. 

ആകെ സൂചനകൾ (3) — 25:13, 25:23, 25:30.

ബത്ത്-ശേബ

ബത്ത്-ശേബ (Beth-Shua)

പേരിനർത്ഥം — ശപഥത്തിന്റെ പുത്രി

ദാവീദിന്റെ ഭടനായിരുന്ന ഊരീയാവിൻ്റെ ഭാര്യയും, യിസ്രായേലിന്റെ മൂന്നാമത്തെ രാജാവായ ശലോമോൻ്റെ അമ്മയും. ഇവൾ അഹീഥോഫെലിൻ്റെ പൗത്രിയും (2ശമൂ, 23:34), എല്യാമിൻ്റെ പുത്രിയുമാണ്. (2ശമൂ, 11:3). ബത്ത്-ശേബയെ അമ്മീയേലിൻ്റെ മകൾ എന്നും പറഞ്ഞിട്ടുണ്ട്. (1ദിന, 3:5). രണ്ടു പേരിനും അർത്ഥം ഒന്നാണ്. ‘അമ്മീ, ഏൽ’ എന്നീ ഘടകപദങ്ങളെ വിരുദ്ധ ക്രമത്തിൽ യോജിപ്പിച്ചു എന്നേയുള്ളു. ഊരിയാവ് യുദ്ധസ്ഥലത്തായിരുന്നപ്പോൾ അവന്റെ ഭാര്യയായ ബത്ത്-ശേബയുമായി ദാവീദ് അവിഹിത ബന്ധത്തിലേർപ്പെട്ടു. ഊരീയാവിനെ ചതിപ്രയോഗത്താൽ വകവരുത്തുകയും, വിലാപകാലം കഴിഞ്ഞശേഷം ബത്ത്-ശേബയെ ദാവീദ് ഭാര്യയാക്കുകയും ചേയ്തു. (2ശമൂ, 11:3-27). അവിഹിത ബന്ധത്തിൽ ജനിച്ച പുത്രൻ മരിച്ചുപോയി. (2ശമൂ, 12:14-20). പിന്നീട് നാലു പുത്രന്മാർ ബത്ത്-ശേബയ്ക്ക് ജനിച്ചു. ശലോമോൻ, ശിമെയാ (ശമ്മൂവാ) ശോബാബ്, നാഥാൻ. (2ശമൂ, 5:14, 1ദിന, 3:5). ഇവരിൽ ശലോമോനും നാഥാനും യേശുവിന്റെ വംശാവലിയിൽ ഉൾപ്പെട്ടിട്ടുണ്ട്. (മത്താ, 1:6, ലൂക്കോ, 3:31). പേർ പറഞ്ഞിട്ടില്ലെങ്കിലും യേശുവിൻ്റെ വംശാവലിയിൽ ഉൾപ്പെട്ടിട്ടുള്ള അഞ്ച് സ്ത്രീകളിൽ ഒരുവളാണ് ബത്ത്-ശേബ. (മത്താ, 1:6).

ആകെ സൂചനകൾ (13) — 2ശമൂ, 11:3, 12:24, 1രാജാ, 1:11, 1:15, 1:16, 1:28, 1:31, 2:13, 2:18, 2:19, 1ദിന, 2:3, 3:5, സങ്കീ, 51:1.

ഫേബ

ഫേബ (Phebe, Phoebe)

പേരിനർത്ഥം — പ്രഭ, തേജസ്വിനി

കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തി. കർത്താവിൻ്റെ നാമത്തിൽ വിശുദ്ധന്മാർ ക്കു യോഗ്യമാംവണ്ണം ഫേബയെ സ്വീകരിക്കുവാൻ പൗലൊസ് എഴുതിയിരിക്കുന്നു. (റോമ, 16:1-2). അവൾ പലർക്കും വിശേഷാൽ പൗലൊസിനും സഹായമായിരുന്നു. ഇവിടെ പ്രയോഗിച്ചിരിക്കുന്ന പ്രൊസ്റ്റാറ്റിസ് (prostatis) എന്ന ഗ്രീക്കു പദത്തിനു സംരക്ഷക എന്നാണർത്ഥം. സമ്പന്ന ആയിരുന്നതുകൊണ്ടു പ്രയാസത്തിലുള്ളവരെ അവൾ സഹായിച്ചിരുന്നു എന്നുവേണം കരുതാൻ. അവൾ റോമിലേക്കു പോയപ്പോൾ റോമാലേഖനം അവളുടെ കയ്യിൽ കൊടുത്തയച്ചു എന്നു കരുതപ്പെടുന്നു. കാരണം, KJV, Geneva, RWebster തുടങ്ങിയ ബൈബിളുകളിൽ പതിനാറാം അദ്ധ്യായത്തിൻ്റെ അവസാനം വാക്യം ഇങ്ങനെയാണ് കാണുന്നത്; “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. കൊരിന്തിൽനിന്ന് റോമാക്കാർക്ക് എഴുതിയതും, കെംക്രെയസഭയിലെ ഫേബ മുഖന്തരം കൊടുത്തയച്ചതും.”

പ്രിസ്ക, പ്രിസ്കില്ല

പ്രിസ്ക, പ്രിസ്കില്ല (Prisca, Priscila)

 പേരിനർത്ഥം — കൊച്ചുകിഴവി

അക്വിലാവിൻ്റെ ഭാര്യ. സത്യവേദപുസ്തകത്തിൽ മൂന്നിടത്ത് പ്രിസ്ക എന്നും, മൂന്നിടത്ത് പ്രിസ്കില്ല എന്നും കാണുന്നു. പ്രിസ്ക എന്ന ലത്തീൻ പദത്തിനു വൃദ്ധ എന്നർത്ഥം. അക്വിലാവിൻ്റെ പേരിനോടു ചേർത്താണ് പ്രിസ്കില്ലയുടെ പേരും പറഞ്ഞുകാണുന്നത്. (പ്രവൃ, 18:2, റോമ, 16:3). യെഹൂദാ ക്രിസ്ത്യാനികളായ ഇവർ കൂടാരപ്പണിക്കാരായിരുന്നു. (പ്രവൃ, 18:3). ഇവരുടെ ഭവനത്തിൽ ഒരു സഭ ഉണ്ടായിരുന്നു. (1കൊരി, 16:19). ഇരുവരും പൗലൊസിനെ സഹായിച്ചു. (പ്രവൃ, 18:18). അപ്പല്ലോസിനെ ഉപദേശിച്ചു. (പ്രവൃ, 18:26). റോമാലേഖനത്തിലും തിമൊഥെയൊസിള്ള ലേഖനത്തിലും പൗലൊസ് ഇവരെ വന്ദനം ചെയ്യുന്നുണ്ട്. (റോമ, 16:3, 2തിമൊ, 4:19).

പെർസിസ്

പെർസിസ് (Persis)

റോമായിൽ പാർത്തിരുന്ന ഒരു ക്രൈസ്തവ വനിത. ‘കർത്താവിൽ വളരെ അദ്ധ്വാനിച്ചവൾ’ എന്നാണ് അപ്പൊസ്തലൻ അവളെ വിശേഷിപ്പിച്ചിരിക്കുന്നത്. (റോമ, 16:12). 

നുംഫാ

നുംഫാ (Nympha)

ലവുദിക്യ പട്ടണത്തിലെ ഒരു വിശ്വാസിനി. അവളുടെ ഭവനത്തിലാണ് സഭ കൂടി വന്നിരുന്നത്. (കൊലൊ, 4:15). നുംഫാ സ്തീയോ പുരുഷനോ എന്നത് സംശയവിഷയമാണ്. സ്ത്രീയാണെങ്കിൽ നുംഫായും, പുരുഷനാണെങ്കിൽ നുംഫാസും ആണ് ശരിയായ രൂപം. ‘അവളുടെ വീട്ടിലെ സഭ’ എന്നാണ് സത്യവേദപുസ്തകം, പി.ഒ.സി. ഓശാന, NIV, RSV തുടങ്ങിയവയിൽ കാണുന്നത്. ‘അവന്റെ വീട്ടിലെ സഭ’ എന്നു ACV, GNV, KJV വിശുദ്ധഗ്രന്ഥം തുടങ്ങിയവയിലും, ‘അവരുടെ വീട്ടിലെ സഭ’ എന്നു ASV, BBE, GodBay തുടങ്ങിയവയിലും കാണുന്നു. 

ദ്രുസില്ല

ദ്രുസില്ല (Drusilla) 

റോമൻ ദേശാധിപതിയായ ഫേലിക്സിൻ്റെ ഭാര്യയായ യെഹൂദസ്ത്രീ. (പ്രവൃ, 24:24). ഹെരോദാ അഗ്രിപ്പാവു ഒന്നാമന്റെ ഇളയ പുത്രിയായി ദ്രുസില്ല എ.ഡി. 38-ൽ ജനിച്ചു. ആറാമത്തെ വയസ്സിൽ (എ.ഡി. 44) പിതാവു മരിച്ചു. എഡെസ്സയിലെ രാജാവായ അസിസസിന് ദ്രുസില്ലയെ വിവാഹം ചെയ്തുകൊടുത്തു. അവൻ അയാളെ ഉപേക്ഷിച്ചു ഫേലിക്സിൻ്റെ ഭാര്യയായി. എ.ഡി. 57-ൽ പൗലൊസിനെ വിസ്തരിച്ചപ്പോൾ ഫേലിക്സിനോടുകൂടി ദ്രുസില്ലയും ഉണ്ടായിരുന്നു.

ദമരീസ്

ദമരീസ് (Damaris)

പേരിനർത്ഥം — സൗമ്യ

പൗലൊസിൻ്റെ പ്രസംഗം കേട്ടു ക്രിസ്ത്യാനിയായിത്തീർന്ന ഒരു ആഥേനക്കാരി. (അപ്പൊ, 17:34). ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന അരയോപഗസ്ഥാനിയായ ദിയൊനുസ്യോസിൻ്റെ ഭാര്യയായിരിക്കാം ദമരീസ് എന്നും ചിലർ അഭിപ്രായപ്പെടുന്നു.

ത്രുഫോസ

ത്രുഫോസ (Tryphosa)

റോമിൽ പാർത്തിരുന്ന ഒരു ക്രിസ്തീയ വനിത. “കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവാൻ” പൗലൊസ് റോമിലെ വിശ്വാസികൾക്ക് എഴുതി. (റോമ, 16:12). അവരുടെ ബന്ധമെന്താണെന്ന് കൃത്യമായറിയില്ല. ഒരുപക്ഷെ ത്രുഫൈനയും ത്രുഫോസയും സഹോദരിമാർ ആയിരുന്നിരിക്കാം. രണ്ടു പേരുകളുടെയും ധാതു ഒന്നാകയാൽ അവർ ഇരട്ട സഹോദരിമാർ ആയിരുന്നെന്നും കരുതപ്പെടുന്നു.

ത്രുഫൈന

ത്രുഫൈന (Tryphena)

പേരിനർത്ഥം — മൃദുല

റോമിൽ പാർത്തിരുന്ന ഒരു ക്രിസ്തീയ വനിത. “കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവാൻ” പൗലൊസ് റോമിലെ വിശ്വാസികൾക്ക് എഴുതി. (റോമ, 16:12). അവരുടെ ബന്ധമെന്താണെന്ന് കൃത്യമായറിയില്ല. ഒരുപക്ഷെ ത്രുഫൈനയും ത്രുഫോസയും സഹോദരിമാർ ആയിരുന്നിരിക്കാം. രണ്ടു പേരുകളുടെയും ധാതു ഒന്നാകയാൽ അവർ ഇരട്ട സഹോദരിമാർ ആയിരുന്നെന്നും കരുതപ്പെടുന്നു.