യിസ്രായേൽ രാജാവായ ഒമ്രി രണ്ടു താലന്തു വെള്ളി കൊടുത്തു ശെമെറിന്റെ കൈയിൽനിന്നും വിലയ്ക്കുവാങ്ങിയ മലയാണ് ശമര്യാമല. വടക്കേ രാജ്യമായ യിസ്രായേലിൻ്റെ തലസ്ഥാന നഗരമായ ശമര്യാപട്ടണം ഈ മലയുടെ മുകളിലാണ് പണിതത്. “പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു.” (രാജാ, 16:24). യിസ്രായേലിൻ്റെ അതിക്രമം നിമിത്തം വരുവാനുള്ള ദൈവത്തിൻ്റെ ശിക്ഷയെക്കുറിച്ചുള്ള ആമോസിൻ്റെ മൂന്നു പ്രഭാഷണങ്ങളിലും (3:1-5; 4:1-13; 5:1-6:14) ശമര്യാ പർവ്വതത്തെക്കുറിച്ച് പരാമർശമുണ്ട്. (3:9; 4:1; 6:1). (നോക്കുക: ‘ബൈബിൾ സ്ഥലങ്ങൾ’).
ഏഷ്യാമൈനറിലെ ടോറസ് (Taurus) പർവ്വതനിരയുടെ തുടർച്ചയായ ലെബാനോൻ പർവ്വതം ഏതാണ്ട് സമാന്തരമായ രണ്ടു പർവ്വതനിരകളാണ്; പടിഞ്ഞാറ് ലെബാനോനും കിഴക്കു ആന്റി ലെബാനോനും. ഈ പർവ്വതനിരയുടെ പ്രാന്തപ്രദേശങ്ങളെയും ലെബാനോൻ എന്നു വിളിച്ചിരുന്നു. (യോശു, 13:5). ഇന്ന് ലെബാനോൻ ഒരു റിപ്പബ്ലിക്കിന്റെയും പേരാണ്. ബി.സി. 18-ാം നൂറ്റാണ്ടു മുതലുള്ള പ്രാചീന രേഖകളിൽ ലെബാനോൻ പർവ്വതം സ്ഥാനം പിടിച്ചിട്ടുണ്ട്. അസ്സീറിയർ ഇതിനെ ‘ലാബ്നാനു’ എന്നും, ഹിത്യർ ‘നിബ്ലാനി’ എന്നും, മിസ്രയീമ്യർ (ഈജിപ്ത്) ‘റ്മ്ന്ന്’ എന്നും വിളിച്ചു വരുന്നു. വെളുത്തത് എന്നാണ് പേരിന്നർത്ഥം. വെളുത്ത ചുണ്ണാമ്പു കല്ലുകളോടുകൂടിയ ഉയരമേറിയ പർവ്വതനിരയും, വർഷത്തിൽ ആറുമാസം കൊടുമുടികളെ മൂടിക്കിടക്കുന്ന മഞ്ഞുമാണ് (യിരെ, 18:14) പേരിന്നടിസ്ഥാനം. ഗലീലയുടെ ഉത്തരഭാഗത്തു നിന്നാണു ലെബാനോൻ പർവ്വതം ആരംഭിക്കുന്നത്. ചെറിയ കുന്നുകളായിട്ടാണ് തുടക്കം. ക്രമേണ പൊക്കം കൂടി തെക്കു പടിഞ്ഞാറായി 160 കി.മീറ്റർ നീളത്തിൽ സിറിയായിലും പലസ്തീനിലുമായി വ്യാപിച്ചു കിടക്കുന്നു. ഏകദേശം 32 കി.മീറ്റർ വീതിയുണ്ട്. പലസ്തീൻ പർവ്വതനിരയുമായി ചേരുന്ന ലെബാനോൻ സൂയസ് ഉൾക്കടലിൽ അവസാനിക്കുന്നു. പർവ്വതത്തിന്റെ ശരാശരി ഉയരം 2550 മീറ്ററാണ്.
ലെബാനോൻ പർവ്വതത്തിൽ അനേകം കൊടുമുടികളുണ്ട്. തെക്കു നിന്ന് വടക്കോട്ടുള്ള പ്രധാന കൊടുമുടികൾ ഇവയാണ്: സീദോനു പുറകിൽ ജെബൽറിഹാൻ, തോമത്, ജെബൽ നിഹാ (1630 മുതൽ 1900 മീറ്റർ വരെ ഉയരം), ബേറുട്ടിനു പിന്നിൽ ജെബൽ ബാറൂക്ക് (2200 മീറ്റർ),, ജെബൽ കുനൈയിസെ (2100 മീറ്റർ), ജെബൽ സന്നിൻ (2600 മീറ്റർ), ട്രിപ്പോളിക്കു തെക്കു കിഴക്കുള്ള ക്വെർനെറ്റ് എസ്-സൗദാ (3000 മീറ്റർ). ഒടുവിൽ പറഞ്ഞ കൊടുമുടിയാണ് ഏറ്റവും ഉയരം കൂടിയത്. പർവ്വതനിരകളിലെ ഉയർന്ന സ്ഥാനങ്ങളിലും തീരപ്രദേശത്തും നല്ല മഴ ലഭിക്കുന്നു. മഴ നിഴൽ പ്രദേശമായ ദമസ്ക്കൊസിലും ബിഖാ താഴ്വരയുടെ ഉത്തരാർദ്ധത്തിലും ലഭിക്കുന്ന മഴ 25 സെന്റിമീറ്ററിൽ കുറവാണ്. ലെബാനോൻ പർവ്വതത്തിന്റെ പശ്ചിമഭാഗം ചരിഞ്ഞ് മെഡിറ്ററേനിയനിൽ അവസാനിക്കുന്നു. അവിടെ അതു ബേറൂട്ടിനു വടക്കായി കനാന്യ താഴ്വരയ്ക്കു രൂപം നല്കുന്നു.
ലെബാനോൻ, ആന്റിലെബാനോൻ പർവ്വതനിരകളെ പരസ്പരം വേർതിരിക്കുന്ന ഫലഭൂയിഷ്ഠമായ താഴ്വരയാണ് ലെബാനോൻ താഴ്വര അഥവാ ബിഖാത്ത്-ഹാ ലബ്നാൻ. (യോശു, 11:17; 12:7). ഈ താഴ്വരയുടെ വീതി 10 മുതൽ 16 വരെ കി.മീറ്റർ ആണ്. പ്രസ്തുത താഴ്വരയിലുടെ ഓറന്റീസ് നദി വടക്കോട്ടും ലിറ്റാനി നദി തെക്കോട്ടും ഒഴുകുന്നു. ആന്റിലെബാനോൻ പർവ്വതം തെക്കു പടിഞ്ഞാറു നിന്നു വടക്കു കിഴക്കായി ഏകദേശം 105 കി.മീറ്റർ നീണ്ടുകിടക്കുന്നു. ആന്റിലെബാനോൻ പർവ്വതത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയാണ് 2750 മീറ്റർ ഉയരമുള്ള ഹെർമ്മോൻ.
ഇടതൂർന്നു വളരുന്ന കാനനങ്ങൾക്കു പ്രസിദ്ധമാണ് ലെബാനോൻ. നവംബർ മുതൽ മാർച്ചു വരെ പെയ്യുന്ന സമൃദ്ധിയായ മഴയും ചുണ്ണാമ്പുകല്ലുകളോടു കൂടിയ കുന്നുകളും അനേകം അരുവികൾക്കും ഉറവകൾക്കും ജന്മം നല്കുന്നു. (ഉത്ത, 4:15; യിരെ, 18:14). ഒലിവു, മുന്തിരി, അത്തി, മൾബറി, ആപ്പിൾ എന്നിവ ബിഖാതാഴ്വരയിലും ഉയരം കുറഞ്ഞ ചരിവുകളിലും വളരുന്നു. കുറേക്കൂടി ഉയർന്ന പ്രദേശങ്ങളിൽ കൊഴുന്തും കോണിഫർ മരങ്ങളും പ്രസിദ്ധമായ ദേവദാരുവൃക്ഷങ്ങളും വളരുന്നു. വനനശീകരണം മൂലം ഇപ്പോൾ ഒന്നോ രണ്ടോ ദേവദാരു തോപ്പുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ലെബാനോന്റെ ഫലപുഷ്ടിയും (സങ്കീ, 72:16; ഉത്ത, 4:11; ഹോശേ, 14:5-7), വന്യമൃഗങ്ങളും (2രാജാ, 14:9; ഉത്ത, 4:8) തിരുവെഴുത്തുകളിൽ പ്രസ്തുതമാണ്.
യിസ്രായേലിനു വാഗ്ദത്തം ചെയ്ത ഭൂമിയുടെ ഒരതിരായാണ് തിരുവെഴുത്തുകളിൽ ആദ്യമായി ലെബാനോൻ പറയപ്പെടുന്നത്. (ആവ, 1:7; 11:24). “നിങ്ങളുടെ അതിർ മരുഭൂമിയിൽ ലെബാനോൻ വരെയും ഫ്രാത്ത് നദി മുതൽ പടിഞ്ഞാറെ കടൽ വരെയും ആകും.” (ആവ, 11:24). ഈ പ്രദേശത്ത് യുദ്ധപ്രിയരായ ചില ജാതികൾ പാർത്തിരുന്നു. അവരെ മേരോം തടാകത്തിന്നരികെവച്ച് യോശുവ തോല്പിച്ചു. (യോശു, 11:2-18). ലെബാനോനിലെ ദേവദാരു വൃക്ഷങ്ങൾ പ്രസിദ്ധമാണ്. ശലോമോന്റെ ദൈവാലയം പണിയുന്നതിനാവശ്യമായ ദേവദാരു ഈ കാടുകളിൽ നിന്നു വെട്ടിയാണ് ഹീരാം കൊടുത്തയച്ചത്. (1രാജാ, 5:9). എസ്രായുടെ കാലത്തു നിർമ്മിച്ച രണ്ടാം ദൈവാലയത്തിന്നാവശ്യമായ തടിയും ഇവിടെനിന്നു തന്നെയായിരുന്നു ലഭിച്ചത്. (എസ്രാ, 3:7). സോരിലെ കപ്പലുകൾക്ക് ആവശ്യമായ സരളമരവും ലെബാനോനിൽ നിന്നും ആന്റിലെബാനോനിൽ (സെനീർ) നിന്നും ആണ് കൊണ്ടുവന്നിരുന്നത്. (യെഹെ, 26:5).
യെഹൂദയുടെ ഉത്തര അതിർത്തിയിലുള്ള ഒരു മല. കെസാലോൻ എന്നും പേരുണ്ട്. ആധുനിക നാമം കെസ്ല (Kesla) എന്നാണ്. യെരുശലേമിനു 17 കി.മീറ്റർ പടിഞ്ഞാറാണ് കെസ്ല. “പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.” (യോശു, 15:10).
യിസ്ഹാക്കിനെ മോരിയാ ദേശത്തുള്ള മലയിൽ കൊണ്ടുപോയി ഹോമയാഗം കഴിക്കുവാൻ ദൈവം അബ്രാഹാമിനോടു കല്പിച്ചു. (ഉല്പ, 22:2). അബ്രാഹാം അന്നു പാർത്തിരുന്ന ബേർ-ശേബയിൽ നിന്നും മൂന്നുദിവസത്തെ വഴിയുണ്ടായിരുന്നു മോരിയാ ദേശത്തേക്ക്. യെഹൂദ്യ പാരമ്പര്യം അനുസരിച്ചു മോരിയ യെരുശലേമും ശമര്യൻ പാരമ്പര്യമനുസരിച്ച് ഗെരിസീം മലയുമാണ്. ശലോമോൻ ദൈവാലയം പണിതത് മോരിയാമലയിലത്രേ. (2ദിന, 3:1). ഇവിടെവെച്ച് ദാവീദിനു ദൈവം പ്രത്യക്ഷപ്പെട്ടു. (1ദിന, 23:15-22:1).
തന്റെ വിഷാദാവസ്ഥയിൽ സങ്കീർത്തനക്കാരൻ യോർദ്ദാൻ പ്രദേശത്തും ഹെർമ്മോൻ പർവ്വതങ്ങളിലും മിസാർമലയിലും വച്ച് ദൈവത്തെ ഓർക്കുന്നു. (സങ്കീ . 42:6). മിസാർമല (മിറ്റ്സാർ) ഏതാണെന്നു വ്യക്തമല്ല. ഹെർമ്മോൻ പർവ്വതം ഏറ്റവും വലിയ മലയാണ്. അതിനാൽ മിസാർമല എന്നത് ചെറിയ മലയെ കുറിക്കുന്നതാകണം. വലിയ മലയിലും ചെറിയ മലയിലും ദൈവത്തെ ഓർക്കും എന്നതാണ് ആശയം.
ബൈബിളിൽ യെരൂശലേം കഴിഞ്ഞാൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ടിട്ടുള്ളത് ബേഥേലാണ്. യെരുശലേമിനു 19 കി.മീ. വടക്കുള്ള ആധുനിക ഗ്രാമമായ ബെയ്ത്തിൻ (Beitin) ആണ് സ്ഥാനം. എഫ്രയീം മലമ്പ്രദേശത്തിന്റെ തെക്കെ അറ്റത്തു സമുദ്ര നിരപ്പിൽ നിന്നു ഏകദേശം 914 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഒരിടത്തു മാത്രമാണ് ‘മല’ എന്നു കാണുനത്. “ശൌൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൌലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.” (1ശമൂ, 13:2). (നോക്കുക: ബൈബിൾ സ്ഥലങ്ങൾ)
ട്രാൻസ് യോർദ്ദാൻ്റെ ഉത്തരഭാഗത്തു സ്ഥിതിചെയ്യുന്ന പർവ്വത പ്രദേശം. ബാശാനെക്കുറിച്ച് ഉല്പത്തി മുതൽ അനേക പരാമർശങ്ങളുണ്ട്. ഒരിടത്ത് മാത്രമാണ് പർവ്വതം എന്നു കാണുന്നത്. “ബാശാൻ പർവ്വതം ദൈവത്തിന്റെ പർവ്വതം ആകുന്നു. ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.” (സങ്കീ, 68:15). ഗിലെയാദിനു വടക്കു കിടക്കുന്ന ബാശാൻ കിഴക്കു ജബൽ ഹൗറാൻ (Jebel Hauran) മലമ്പ്രദേശത്താലും പടിഞ്ഞാറു ഗലീലാക്കടലിന്റെ കിഴക്കുകിടക്കുന്ന കുന്നുകളാലും ചുറ്റപ്പെട്ടിരിക്കുന്നു. (ആവ, 3:3-14; യോശു, 12:4,5). ബാശാന്റെ അധികഭാഗവും ശരാശരി 610 മീ. പൊക്കമുള്ള പീഠഭൂമിയാണ്. പൊതുവെ ഭൂമി നിരന്നതാണ്; ഇടയ്ക്കിടെ ചില കുന്നുകൾ ഉണ്ട്. (നോക്കുക: ‘ബൈബിൾ സ്ഥലങ്ങൾ’)
ലെബാനോനു കിഴക്കുള്ള ഒരു പർവ്വതം. (ന്യായാ, 3:3). ഇവിടെനിന്നും ഹിവ്യരെ ബഹിഷ്ക്കരിക്കുവാൻ യിസ്രായേല്യർക്കു കഴിഞ്ഞില്ല. “ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാൽ ഹെർമ്മോൻ പർവ്വതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോൻ പർവ്വതത്തിൽ പാർത്തിരുന്ന ഹിവ്യരും തന്നേ.” ന്യായാ, 3:3).
യെഹൂദയുടെ വടക്കുപടിഞ്ഞാറെ അതിരിലുള്ള ഒരു മല. (യോശു, 15:11). ശിക്രോനും യബ്നേലിനും ഇടയ്ക്കു സ്ഥിതിചെയ്യുന്നു. “പിന്നെ ആ അതിർ വടക്കോട്ടു എക്രോന്റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.” (യോശു, 15:11).
മോവാബിലെ ഒരു മല. യിസ്രായേലിനെ ശപിക്കുവാൻ വേണ്ടി ബാലാക്ക് ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർ മലയുടെ മുകളിൽ കൊണ്ടുപോയി. “അങ്ങനെ ബാലാൿ ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി. “ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു. “ബിലെയാം പറഞ്ഞതുപോലെ ബാലാൿ ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.” (സംഖ്യാ, 23:28-30). കൃത്യമായ – സ്ഥാനം നിർണ്ണയിക്കപ്പെട്ടിട്ടില്ല .